വടകര; എം.പി. അനസിന്റെ കവിത

ടകരയിൽ,
സിനിമ കാണാൻ പോകും
വെള്ളിയാഴ്ചതൻ
പുതു റിലീസ് ദിനങ്ങളിൽ.
കീർത്തിയിൽ,
മുദ്രയിലശോകിൽ
കേരളാക്വൊയറിൽ, ജയഭാരതിൽ.

ബസ്സുകയറും,
മേപ്പയ്യൂരിൽ നിന്നിരുപതു കിലോമീറ്ററുകൾക്കപ്പുറം.
ഇഷ്ടതാരങ്ങൾ തൻ
പുതു പടങ്ങൾ
റിലീസ്ദിനത്തിലാദ്യ ഷോ തന്നെ കാണുവാൻ.

കണ്ടതെല്ലാം കാണാൻ
പുറപ്പെട്ടതിൻ തിക്തഫലം പോലെ
നിന്ന നിൽപിലെട്ടുനിലയിൽ
പൊട്ടും പടങ്ങളെത്രകണ്ടാദ്യനാളുകൾ.
പണം പോയ് സമയവും തഥാ.

തിക്കിയും തിരക്കിയും,
തലയിലൂടെ കയറിപ്പോകുവോനോടെതിർത്തും
ശ്വാസം പിടിച്ചും വിയർത്തും ഞരങ്ങിയും
തീരില്ല റിലീസ് സിനിമയ്ക്കു
ടിക്കറ്റെടുക്കാനുള്ള വേവലാതികൾ.

വേവലാതികൾ
കണ്ടു ചിരിക്കുന്നെന്ന പോൽ
പോസ്റ്ററിൽ നിൽക്കുന്നൂ
സൂപ്പർ സ്റ്റാറുകൾ.

താര രാജാക്കൻമാൻ
ടിക്കറ്റെടുക്കാതെ കാണുന്നൂ
കാണികൾ തിക്കിയും തിരക്കിയും
കിതച്ചുവീഴും ലോംഗ് ഷോട്ടുകൾ.

ടിക്കറ്റു കിട്ടീടുവാൻ,
ഇടുങ്ങി നീണ്ടൊരിടനാഴിയിലാദ്യം
കയറിക്കിട്ടിയെന്നാലതാണാശ്വാസം.
സിഗരറ്റും തുപ്പലും
ബീഡിപ്പുകയും കലർന്ന
മനുഷ്യമണം വിങ്ങി നിൽക്കുമെങ്കിലും.

തിയേറ്ററിന്നിരുട്ടിൽ
മോഹങ്ങൾ കാട്ടിത്തെളിയുന്നു വെളിച്ചം
മുൻ വെളിച്ചമല്ലല്ലോ പിൻവെളിച്ചം.

ഇരുട്ടിലിരിക്കും കാണികൾ നമ്മൾ
വെളിച്ചത്തിൻ വൈരുദ്ധ്യമെന്തറിഞ്ഞു.

ഇഷ്ടതാരങ്ങൾ
കഥാപാത്രങ്ങളായ് വന്നു പോകുമ്പോൾ
പ്രണയം, തമാശകൾ, പാട്ടുകൾ,
മരം മറഞ്ഞു ചുംബിക്കും സീനുകൾ.

എവിടെ നിന്നെന്നറിയാതെ,
വന്നെത്തും വില്ലനെ
നിലംപരിശാക്കി വീഴ്ത്തി
വരുന്നു സ്ലോമോഷനിൽ നായകൻ.
ഇഷ്ടമേറുമടിപ്പടങ്ങളിൽ.

നായകതാരകങ്ങൾ
ക്ലോസ്സപ്പിൽ നിറഞ്ഞാടീടവേ
നായികയില്ല, വില്ലനില്ല, സഹതാരങ്ങളില്ല,
വിദൂരമാമൊരു ദൃശ്യത്തിലെങ്കിലും.

ഉന്മാദമാവേശമുച്ഛൃഖലത്വം
സന്തോഷമാശ്ചര്യമാശ്വാസവും ഷോട്ടുകൾ നൽകുമേ പല ഭാവങ്ങളിൽ.

ചില സങ്കടങ്ങളിൽ
തൂവിപ്പോകുമേയറിയാതെ കണ്ണുകൾ.
ഇനിയെന്താണെന്നറിയാനൊടുക്കം വരെ
ത്രില്ലടിച്ചു ചലിക്കുമേ മനസ്സും.

ആദ്യ ഷോ തീരുമ്പോൾ
മണിയൊന്നു കഴിയും.
വെള്ളിയാഴ്ചയിലെ പള്ളിപോകും
വെള്ളിത്തിരയിലെ സ്വപ്നദൃശ്യങ്ങളിൽ.
വീട്ടിലറിഞ്ഞെന്നാലവിടെയും സ്റ്റണ്ടായിടും.
പിന്നെയാദിനം ഡാർക്കു സീനായിടും.

ന്യൂ ഇന്ത്യ ഹോട്ടലിൽ നിന്നും
പൊറാട്ടയും ബീഫും തിന്നിറങ്ങി
ബസ്സു വരുവാൻ
കാത്തിരിക്കുമ്പോൾ കേൾക്കാം
പഴയ കെട്ടിടത്തിലെ വരാന്തയിൽ
കാസറ്റു കടതൻ
സ്റ്റീരിയോ സ്പീക്കറിൽ
മധുമഴയിലെ പാട്ടു പാടുന്നൂ
വടകരയിലെ പ്രിയഗായകർ വിഷാദമായ്.

ബസ്സുപുറപ്പെടും മുമ്പായ്
‘അമ്മക്കിളിയേയെന്നു' പാടിയൊരു
ചേച്ചിയും കുഞ്ഞനുജത്തിയും
കൈ നീട്ടി നിൽക്കുന്നൂ സീറ്റിന്നരികിൽ.

ജീവിതമേ
നിന്നിലേക്കു കൈ നീട്ടി നിൽക്കയല്ലോ
മനുഷ്യജീവികളെന്നുമേ.
ആളെക്കയറ്റിയുമിറക്കിയും
പോകുന്നൊരു ബസ്സു പോൽ നീയും.

സിനിമാക്കളിയിൽ
ചലിക്കുന്നൂ മോഹജീവിതം
തിരശ്ശീലയില്ലാതെ
തുടരുമല്ലോ ജീവിതസിനിമ പിന്നെയും.

വീട്ടിലേക്കു തിരിക്കുമ്പോൾ
സിനിമയിലില്ലാത്തൊരാൾ
പഴയസ്റ്റാൻഡിൽ നിന്നും ബസ്സുകയറി
എടോടി വഴി പുതിയസ്റ്റാൻഡ്,
മൂരാട്, ഇരിങ്ങപ്പാറ, അയനിക്കാട്, പയ്യോളി, തച്ചൻകുന്നും കടന്ന്
മേപ്പയ്യൂരിൽ വന്നെന്നോടൊപ്പമിറങ്ങും.

ഫ്‌ളാഷ്ബാക്കിൽ
കഥ പറഞ്ഞുതുടങ്ങയാണയാളിപ്പോൾ.

Comments