.... അങ്ങനെയുള്ള നേരത്തിങ്കൽ, അയ്യങ്കാളി അയ്യങ്കാളീന്നു പേരുള്ളോരു മ്ലേച്ഛൻ, ഊണും വെടിവട്ടോം കളിയോഗോം നേരമ്പോക്കും തരാക്കാൻ കഴിയാത്ത മട്ടില്, നെലോം പുരയിടോം തരിശാക്കീട്ട്; പതം കൂലി വിഷയത്തിൽ പദ്മനാഭസ്വാമീടെ ദമ്പിടി ക്രമപ്പെടുത്ത്യാലേ,
ദേഹണ്ഡനേരം ക്ലിപ്തപ്പെടുത്ത്യാലേ,
അവറ്റോള് വിസർജ്ജിച്ച കൊരങ്ങുകളെ: കൊരങ്ങേയ്.., കൊരങ്ങൻ; അതന്നെ: അവിടിരിക്കുന്ന പെരുവയറൻ നമ്പൂരാർക്കു വ്യുൽപത്തി തെരിഞ്ഞില്യാന്നുണ്ടോ?! കൊരങ്ങനേയ്, ആഞ്ജനേയസ്വാമീടെ രൂപത്തിലൊള്ള വാനരൻ...
ഈ വാനരന്മാർക്കു വേദ- ശാസ്ത്ര- കാവ്യ-നാടകാദികൾ വശാക്കാൻ, പാഠശാല കെട്ടി ഓതിക്കനെ ഏർപ്പാടാക്കണമെന്നുമൊക്കെയത്രേ അയ്യങ്കാളീന്നു പേരുള്ള ഏഭ്യൻ പുലമ്പുന്നതേയ്...
നടന്നന്നെ.
പുലമ്പലു മാത്രല്ലാട്ടോ. പള്ളിക്കൂടം നിർമിക്ക്ണ്ടായി.
ടിയാനൊരു വാഹനം വ്യാപാരമുറപ്പിച്ചതിലേറിയങ്ങനെ...
അഴകിയ ദശാനൻ പുഷ്പകവിമാനത്തിൽ ശർർർന്നു ത്രിലോകത്തിലും വായുമണ്ഡലത്തിലും സഞ്ചാരം നടത്തിയില്ലേ... പറക്കൽ!
ഹയ്യ്. ഇതിന്നിടയ്ക്ക് അതിനു പറക്കമുറ്റിയോ.
ശിവ ശിവ! മ്ലേച്ഛൻ ചാലിയാർ തെരുവിലൂടങ്ങനെ പോകുമ്പോ:
കലികാലം ന്നല്ലാതെ എന്താ പറയ്ക.
വഴി ചോദിച്ചു മേടിക്യല്ല; നടന്നെടുക്കണന്നത്രേ അവറ്റോൾടെ നിശ്ചയോം തീർപ്പും.
ന്നട്ടോ. നമ്മുടെ നമ്പൂരാരാരാ മൊതല്! മുക്കിക്കളഞ്ഞില്യേ കാളീനെ ഗ്രന്ഥത്തീന്ന്.
ഈ കാണായ ഭൂമീടെ പൊന്നുടയതാരാ: ദേവസ്വം. ല്ലേ? ബ്രഹ്മസ്വം. ല്ലേ? ഈ മണ്ണിനു വേണ്ടീട്ടാത്രേ കാർഷിക സമരമെന്നൊക്കെപ്പറഞ്ഞ് കൊറേ ശുംഭന്മാര് വാരിക്കുന്തോം അരിവാളും പിടിച്ചോണ്ട് പൊയ്ത്തിനെറങ്ങ്യേ.
ന്നട്ടോ. പുറപ്പെട്ടു; അമ്മാത്തെത്തില്യ. അടികലശലങ്ങട് അസ്തമിച്ചൊടുക്യേൻ്റെ കാരണം നമ്പൂരാര് വെടിപ്പായി സുന്ദരയ്യാ സ്വാമികൾക്ക് ദൂതയച്ചു. മ്മ്ടെ കാളിദാസൻ്റെ യക്ഷൻ മേഘം വശം കൊടുത്തയച്ചില്ല്യേ; കൊടുങ്ങല്ലൂർ തമ്പ്രാൻ മയൂരത്തിൻ്റെ പക്കൽ കൊടുത്തില്യേ, ദൂതൊരെണ്ണം. അദ്ന്നെ. ന്താ ദ്ല് പറഞ്ഞെ.
കേൾക്ക്കാ.
മാടനേം മറുതാനേം പൂജിച്ചോണ്ട് നടന്നിട്ടിപ്പോ, പുത്തങ്കൂറ്റ് നസ്രാണിയായ അവശക്രൈസ്തവന്മാര് സമരം നയിച്ചിട്ടാത്രേ. പുന്നപ്രേലും വയലാറ്റിലും തീക്കളി പടരുമ്പോ മ്മ്ടെ നമ്പൂരാര് യോഗക്ഷേമം സംഘടിപ്പിക്യാരുന്നേ. ഭാർഗ്ഗവരാമൻ്റെ മണ്ണിൽ മുഖ്യസചിവനായി നമ്പൂരാരിരിക്കുമ്പോ പിന്ന്യേം വരുന്നൂട്ടോ ദേവസ്വം - ബ്രഹ്മസ്വം മൊതലുമ്മേല് മാരണം. ഭൂപരിഷ്ക്കരണാത്രേ. തെങ്ങു ചെത്തുന്നോനും നെലമുഴുന്നോനും ഭൂമീടെ പ്രജാപതിയാവ്കേ!
കൊടുത്തില്യേ പണി, പാലും വെള്ളത്തിൽ നമ്മുടെ നമ്പൂരാര്...
അങ്ങനെയുള്ള കാലത്തിങ്കൽ
രാഷ്ട്രപുനർനിർമാണത്തിൽ പങ്കെടുക്കാൻ
'ഭാഗ്യം സിദ്ധിച്ച,'
മെറ്റൽ അട്ടിയിടാനറിയുന്ന
കുറിച്ചിക്കാര് സഞ്ചാരികളായി.
അവർക്കു ചക്രങ്ങളേക്കാൾ വേഗം.
കിളികൾക്കു മുമ്പേ പറക്കും.
ഒഴുക്കിൽ തോല്പിക്കാനായില്ല
പുഴയ്ക്കവരെ.
വൈകിയസ്തമിച്ച അവരുടെ സൂര്യൻ
കൊച്ചുവെളുപ്പാങ്കാലത്ത്
ചായപ്പീടികേടെ തട്ടീൽ മുട്ടും.
നെടുമ്പാതകളുടെ രണ്ടറ്റം
കണ്ടു; ദാർശനികർ,
അറ്റങ്ങൾ ചേർത്തിണക്കും
പ്രയത്നമുനിമാർ.
അവർ കണ്ട കുന്നുകൾക്കെന്തു ഔന്നത്യം
അവർ കുടിച്ച മുലകളെത്രയാനന്ദിച്ചിരിക്കാം!
അവർ കണ്ട കടലുകൾക്കെന്താഴം
തിരകളവരെ ഉന്മത്തരാക്കിയിരിക്കാം!
തിരിഞ്ഞതില്ല എല്ലാ പൂവും നിറങ്ങളും
കളഞ്ഞതില്ല എല്ലാ മൊഴിയും വഴക്കവും.
വേലകേറി, പറ്റുതീർത്ത്
മൽമൽജൂബയും പോളിസ്റ്റർ മുണ്ടും ചുറ്റിയ
സിമ്പളന്മാരുടെ തോളിലേറി
എല്ലാ ഗന്ധവും സ്വാദും
പിന്നെ, പലതുകൾ
കുറിച്ചിയിലെത്തും ശനിയാഴ്ച.
അച്ഛനെയാദ്യം തൊടാൻ കാത്തു,റങ്ങിയ
ചിണുങ്ങൻ്റെ ചിറിയിലെ കടവാക്കഞ്ഞി തൊടച്ച്,
വയറുഴിഞ്ഞ് കൈപ്പടത്താൽ
വിശപ്പിൻ കുഴിയളക്കും വഴിപ്പണിക്കാർ.
പള്ളിമണിക്കൊപ്പം
പാരിൽ പരക്കും ഷേവിങ്ങ് ക്രീമിൻ്റെ സൗരഭ്യം.
-പകർന്ന തൈലം പോലെ
മേൽച്ചുണ്ടിൽ നസീറും
കൃതാവിൽ ശിവാജി ഗണേശനും
നിറുകയിൽ ജെമിനി ഗണേശൻ്റെ കുരുവിക്കൂടും
വെളിപ്പെടുത്തുന്നു.
ചെറ്റയിൽ തിരുകിയ കണ്ണാടി.
എറച്ചിക്കടയോളം അനുഗമിക്കാൻ
വാലാട്ടി, മുരണ്ടും മൂളിയും
പുഷ്പയും പാണ്ടനും.
നാടുവിട്ടു സഞ്ചരിക്കാത്ത കടത്തിണ്ണ
ഉദ്വേഗപൂരിതമാകുന്നു.
വഴിപ്പണിക്കാരവർ വൈദേശികാനുഭവത്തിനു മേൽ
കെണ്ടേച്ചര(1)ത്തിൻ്റെ മേമ്പൊടി തൂകുന്നു....
പീരുമേട് ലക്ഷ്മീകോവിലിലെ
തോട്ടംപണി മതിയാക്കി
നാട്ടിൽ ബസിറങ്ങിയ പ്രവാസി
വീട്ടിലേക്കുള്ള വഴിയറിയാതെ കുഴങ്ങി:
മലയാളം മറന്ന നിഷ്ക്കളങ്കൻ
തമിഴരശ് ചോദിച്ചു,
അണ്ണേ ഇത് ഏത് ഊര്,
എന്ന വാർത്തെ,
പന്തുകളം പോന പാതയെങ്കേ?
(പ്രിയപ്പെട്ട സുഹൃത്തുക്കളേ, ഞാൻ സൂത്രധാരനോ വിദൂഷകനോ അല്ല. എങ്കിലും ഈ സന്ദർഭത്തിൽ അജിത് എം. പച്ചനാടൻ എന്ന വിനീതചരിത്രകാരന് ഇടപെടാതിരിക്കാനാവില്ല. പി. കുഞ്ഞിരാമൻ നായരുടെ ‘ഘോഷയാത്ര’യിലെ
' ... നഷ്ടരാജ്യസ്മൃതി പുതുക്കി
സ്വപ്രഭാവത്തിൻ കരുത്തുകാട്ടും
സുപ്രഭാതാർക്ക കിരണങ്ങളേ
ഐക്യപ്രഭാവപ്പൊലിമപോറ്റും
തൃക്കാക്കരയ്ക്കു പോം പാതയേതോ... '
വരികളുടെ ദയനീയപാരഡി പ്രയോഗിച്ചതാണെന്നു വിവേകശാലിയായ വായനക്കാർ കരുതിയേക്കാം. അല്ലെങ്കിൽ ക്രാന്തദർശികൾ ഒരേപോലെ ചിന്തിക്കുമെന്നും; രണ്ടുമല്ല. തൃക്കാക്കരയ്ക്കുള്ള പാത എൻ്റെ വിഷയമേയല്ല. അക്കരെ മിച്ചഭൂമിയിലേക്കൊരു കടത്തുവള്ളം എപ്പോഴെങ്കിലും കിട്ടുമോന്നു കാത്തു നിൽപ്പാണു ഞാൻ.)
അനുഭവങ്ങളുടെ അക്ഷയഖനിതേടി
വീണ്ടുമവർ യാത്രികരാകുന്നു.
പഞ്ചവത്സരപദ്ധതി തിടം വയ്ക്കുന്നു.
പീക്കിങ്ങ് റേഡിയോ ട്യൂൺ ചെയ്താൽ
മുക്കലും മൂളലും കേൾക്കാമെന്നായി.
വസന്തത്തിൻ്റെ മൊരങ്ങൽ
മൊഴക്കം കേട്ടു കാടുകേറിയോൻ്റെ
പെലക്കളിക്കിട്ടു
കണ്ടവൻ കേറി കൊണച്ചേച്ചു പോയി.
തമ്പ്രാ വിളി കേൾക്കാനും
പാളേക്കഞ്ഞി കുടിപ്പിക്കാനും
ചാത്തനെപ്പായിച്ച്
ചാക്കോയെ ഭരിപ്പിക്കാനും
കുറുവടി ചുഴറ്റിയ മേലത്താന്മാര്
വീടണഞ്ഞിട്ടില്ല; അങ്ങാടീലൊണ്ട്
അരൂക്കുറ്റീ, ലന്തിനേരം
നിപ്പനടിച്ച കുറിച്ചീക്കാർ
''ഏനും പണിക്കരും
പണ്ണിക്കെടന്നപ്പം
കുണ്ണക്കൊളക്കോഴി
നെല്ലു തിന്നേ '' ന്നു പാടി വരുമ്പോ
മുന്നിൽ
ഹേഡദ്യേം
ആരാടാ പുണ്ട പൊലയാടി മക്കളേ നീയൊക്കെ?അടിയങ്ങള് വഴിപ്പണിക്കാരാന്നേ
മെറ്റല് ചതുരിക്കാൻ വന്നതാ
ഉം. കഴുവേറി മക്കളേ
നീയൊക്കെ നക്സലൈറ്റാന്നോടാ?
അല്ലേമ്മാനേ,
അടിയങ്ങള് കുറിച്ചീലെ പെലേരാ.
ഫ്ഭ! വെവരം കെട്ട വഹകള്,
പോടാ..., പോ
അങ്ങനെയുള്ള കാലത്തിങ്കൽ
പണിക്കിറങ്ങിയ നാട്ടിൽ
കുറിച്ചിക്കാർ കണ്ടു
അങ്ങാടിയിലേക്കു വരുന്ന പുല്ലുങ്കെട്ടുകൾ
വേച്ചുവേച്ചാണവയുടെ നടത്ത
അരയിൽ കൊരുത്ത അരുവ
പുല്ലു പടർന്ന ശിരസ്സ്.
അങ്ങാടിയിൽ
ചെള്ളുപെരുത്ത പട്ടി
തുടലിൽ കുതറുമ്പോലെ
രക്തപതാക പാറും കൊടിമരച്ചോട്ടിൽ
മുങ്ങിച്ചാകുന്നവൻ
അവസാനശ്വാസത്തിൻ്റെ തുമ്പിൽ പിടിച്ച്
കരയ്ക്കു കേറാൻ ശ്രമിക്കുമ്പോലെ
പുല്ലുങ്കെട്ടുകൾ തലയടിച്ചു വീഴും;
ആശ്രയം തേടി,
ആ മരത്തിൻ പൂന്തണലിൽ
വാടിക്കിടക്കും.
കാക്കപെരുമാറ്റി
ശൂന്യമാക്കിയ എച്ചിൽപ്പാത്തറം പോലെ കിടന്ന
മാടി (2) ചുരുട്ടി സഞ്ചിയിലാക്കി
മൂത്തതുങ്ങള് വരുന്നൊണ്ട്:
വെളിച്ചംകെട്ട മണ്ണെണ്ണക്കുപ്പിയും.
തീറ്റ കാത്ത് കുടീല് എളേത്തുങ്ങള്
തീറ്റ കാത്ത് എരുത്തിലിൽ ഉരുക്കള്
കൊള്ളിക്കുറുവൻ കരയുന്നു.
രാവ് തലചായ്ക്കുന്നു
ന്ലാവ് തെളിയുന്നു
പുല്ലുങ്കെട്ടിൻ്റെ നോക്കിലാധി കനക്കുന്നു.
ചായപ്പീടിക സമോവറടയ്ക്കുമ്പോൾ
എണ്ണപ്പലഹാരം മൊളയന്മാരെ(3) വേട്ടയാടുന്നു.
-- തിന്നോണ്ടിരുന്നിട്ടും കൊതിത്തീയണയാത്ത
ചുടലക്കളം പോലെ വിശപ്പിൻ കൊലച്ചൂളം
ചാപ്ര(4) യിൽ പഞ്ഞവല കെട്ടും
അലഞ്ഞ കണ്ണിലെ ചിലന്തികൾ
പുല്ലരിഞ്ഞ നടുവേദനകളുടെ
അനന്തവിലാപത്തിൻ്റെ നെഞ്ചിൽ
ലാഭതൃപ്തിയുടെ നിറയൊഴിച്ചു പണിക്കേന്മാര്
അവർ മേഞ്ഞ മേടുകളിൽ
കൊച്ചുമത്തായി ഇടയനായി.
എന്നാടീ കൊച്ചുങ്ങളേ രാത്രി വൈകീട്ടും
വീട്ടിപ്പോകാത്തെ?
ഇതു വിറ്റിട്ടു വേണമച്ചായാ
ഉപ്പും മൊളകും അരീം മേടിക്കാൻ.
നീയൊക്കെ ഒരു കാര്യം ചെയ്യടീ
മുഴുവൻ പുല്ലുങ്കെട്ടും
എനിക്കു തന്നേരെ.
നാളെ മൊതല് എല്ലാ ദെവസീം.
അച്ചായന് പയ്യില്ലല്ലോ?!
നെൻ്റെയൊക്കെ പൈ മാറാൻ
പുല്ലെനിക്ക് തന്നേര്
കേട്ടോടീ പുളിരുകളേ.
പയ്യില്ലാ വരത്തൻ മത്തായീടെ
വാടകവീട്ടിൻ മുറ്റത്ത്
പുല്ലുങ്കെട്ടുകൾ നെരന്നു ചിരിച്ചു.
അരൂക്കുറ്റീലെ തൊഴുത്തുകളി-
ലസ്വാസ്ഥ്യം കുതറി,
വെകിളി ചുരത്തിയമറി.
പഴങ്കൂറ പോലെ ദരിദ്രം അകിടുകൾ.
ലക്ഷംവീടു പുതുവലിൽ
മൂത്തതുങ്ങളും എളേത്തുങ്ങളും
ബോണ്ട തിന്നേച്ചും
മെഴുക്കു തേച്ച് കാൽമിനുക്കി.
കെഴക്കുദിക്കണ തേവരാണെന്നു തോ-
ന്നുമിപ്പോളവരുടെ ചിരി.
കൂന്തങ്ങ(5) തിന്നുമ്പോളുപമിക്കാറുള്ള
'സുഖിയൻ' നാളെ വാങ്ങുമ്പോൾ
ഭൂഗോളത്തിൻ്റെ മുഴുപ്പും ചൊവേമൊണ്ടാരിക്കും!
വായ്ത്തല മടക്കി
പണിക്കേന്മാരുടെ ആയുധം സമരസപ്പെട്ടു:
എന്തിനു മത്തായീ ഉപദ്രവം
ഞങ്ങടെ എരുതുകൾ പട്ടിണിയാ.
കായലു കടന്ന്,
ഞങ്ങടെ പെണ്ണുങ്ങ കൊണ്ട്വരും പുല്ല്
നെനക്കൊക്കെ ചുളുവില് വേണംല്ലേ?
കൊച്ചുമത്തായി ചിരിച്ചു,
അങ്ങാടിയിലെ കൊടിമരത്തിനുമുയരേ
ആ ചിരി പാറി...
രക്തത്തേക്കാൾ ചുവന്ന്.
▮
1.പൊങ്ങച്ചം.
2. അടുക്കള.
3. പുലയക്കുട്ടികളെ അമ്മൂമ്മമാർ വിളിക്കുന്ന പദം.
4. കുടിൽ.
5.ആമ്പലിൻ്റെ ഭക്ഷ്യയോഗ്യമായ ഭാഗം.