തോടു മുറിച്ചുകടന്ന രാത്രി,
വീടിന്റെ തെക്കേ മുറ്റത്ത് പന്തലിട്ട്
തുറന്നുകിടന്ന ജനാലവഴി കയറെറിഞ്ഞ് വലിച്ചുകെട്ടി.
അഴിച്ചെടുത്ത മരിപ്പുപന്തൽ
മുറ്റത്തേക്ക് ചുരുട്ടിയെറിഞ്ഞു.
ഇന്നലകളിലെ നിശ്ശബ്ദതകളൊക്കെയും
തല കുനിച്ച് റോഡിലേക്കിറങ്ങി.
പകരം വാതിലുകളടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന
ഒറ്റമുറിയിലേക്ക് ശബ്ദങ്ങൾ ഒഴുകിയെത്തി.
എത്രയോടിയിട്ടും കൈകാട്ടിയിട്ടും
നിർത്താതെപോയ ബസുകളുടെ അസ്വാരസ്യം
ഇരുപത്തിരണ്ടുവർഷത്തെ ഞെരിച്ചുകളഞ്ഞു.
പേറ്റുവയറൊഴിഞ്ഞ വീട്
കെട്ടുപോയ വിളക്കിന്
അപ്പോഴും തീപ്പെട്ടി തിരഞ്ഞുകൊണ്ടിരുന്നു.
ആരുടെ വീടാണിത്?
മരിച്ചുപോയ സുഹൃത്തിന്റെ വീട്
അതോ തന്റേത് തന്നെയോ?.
സങ്കല്പിക്കാനാകാത്തവിധം
വെളിച്ചം നിറഞ്ഞ സ്വപ്നം,
കളി കഴിഞ്ഞ മൈതാനം.
മുടന്തനായ കുട്ടി കൈകളിലെടുത്ത പന്തുപോലെ
ദിവസങ്ങൾ,
നിസ്സഹായത പോറ്റിയ വളർത്തുമൃഗങ്ങൾ,
അതിന്റെ ഉടമസ്ഥനെ വേർപിരിഞ്ഞു പോകുന്നതുപോലെ
ഒരാൾ മരിച്ചു.
അലമുറയില്ലാതെ മാവിൻ ചുവട്ടിൽ അടക്കം ചെയ്തു.
കാല്പനികത തൊട്ടുതീണ്ടാത്ത വിശപ്പിൽ
ഉപ്പും പുളിയും എരിവും മധുരവും വിളമ്പിയ
രുചിയുടെ വിദ്യ ഒരിക്കലും വശപ്പെടുത്താനായില്ല.
ഒന്നും തേടിപ്പോയതേയില്ല
എന്നിട്ടും തേനീച്ചകൾ വാശിയിൽ ചുറ്റും പറന്നു,
ഒരു പാത്രം കറി കൈതട്ടി മറിയുന്നതുപോലെ കഴിഞ്ഞു,കഥ.
ബലിക്കാക്കകൾ ദിനങ്ങൾ,
വറ്റുകൾ ജീവിതത്തിന്റെ കണികകൾ.
തോടു മുറിച്ചുകടന്ന് രാത്രി തിരിച്ചുപോയി.
രാത്രി അഴിച്ചെടുത്ത കയറിൽ തൂങ്ങിനിന്നതാരെന്ന്
എനിക്ക് മനസ്സിലായതേയില്ല.
വീടോ,സുഹൃത്തോ അതോ ഞാനോ.
