രാപ്രസാദ്

വേഗം

പിശ്ശാങ്കത്തിപോലെ
തുളയ്ക്കുന്ന
തിളയ്ക്കുന്ന വെയിലിൽ
റെയിൽവെ പ്ലാറ്റ്ഫോമിൽ ഞാൻ നിന്നു.
മേൽക്കൂര അകലെ കാണുമ്പോൾ
എൻ്റെ കണ്ണിലേക്ക് വിയർപ്പ്
വീഴുന്നുണ്ടായിരുന്നു.

ചൂടിലുരുകിയുരുകി നിന്ന്
ഒരു ഘട്ടത്തിൽ ഞാൻ
തണുപ്പറിയാൻ തുടങ്ങി.
അതു മാത്രമാണ് പോംവഴി
എന്ന അറിവ്
എന്നെ ഉണർത്തി നിർത്തി.

പാളത്തിനങ്ങേയറ്റം
കാനൽജലമിളകിയത്
കണ്ടു.

പാളങ്ങൾ തിടുക്കപ്പെട്ട്
സ്പന്ദിക്കാൻ തുടങ്ങി
രതി കാക്കും പോലത്തെ
നെടുവീർപ്പുകൾ ഞാൻ കേട്ടു.

താനാരെയും കാത്തിരിക്കുകയല്ലെന്ന്
മറ്റുള്ളവരെ
വൃഥാ ധരിപ്പിക്കാൻ യത്നിക്കുന്ന
സ്റ്റേഷൻനായ
(അതൊരിക്കലും
തെരുവുനായ അല്ലായിരുന്നു എന്ന വസ്തുത ഓർക്കുക)
എണീറ്റ് നിന്നു.

പാളത്തിന്റെ കിതപ്പുകൾ
ദീർഘശ്വാസങ്ങളായി മാറി.
അതിതീവ്രമായ ഒരു പ്രണയത്തിനായി
അതിന്റെ നീളനുടൽ പനിച്ചു.

മധ്യാഹ്നം കഴിഞ്ഞുള്ള
വേലിയേറ്റത്തിലെ
ശക്തമായ തിരകൾക്കായി കാക്കുന്ന
പാറക്കെട്ടുകളെന്നോണം
അത് കവച്ചു കിടന്നു.
കാലുകളകറ്റി മലർന്നു .

ആരുടെയോ സാന്നിദ്ധ്യമറിഞ്ഞ്
നായ ഒന്നു മൂളി.
പാളത്തിൽ നിന്ന്
ചെറിയ സീൽക്കാരങ്ങൾ തെറിക്കാനാരംഭിച്ചു.

മഞ്ഞവെയിൽ ഒരു മറയാണ്.
തന്നെ പ്രാപിക്കാനൊരുങ്ങുന്ന
ഒരാൾക്കായി
പാളം ഏറെ നഗ്നമാണ്.

എൻ്റെ വിയർപ്പ്
വെയിലിനാൽ നക്കിയെടുക്കപ്പെട്ടു.
ഇപ്പോഴെനിക്കും
വെയിലിലാരുടെയോ
സാന്നിധ്യമറിയാനാവുന്നുണ്ട്.

ത്രസിക്കുന്ന പാളത്തിലേയ്ക്ക്
വലിയ ഒച്ചകൾ ഇരമ്പിയെത്തി.

കാനൽജലമിളകിത്തെറിച്ചു.
പാളത്തിൻ്റെ
അങ്ങേയറ്റം
ഒടുങ്ങാത്ത വിശപ്പിൻ്റെ
കേന്ദ്രബിന്ദുവായിക്കുതിർന്നു .

സുതാര്യമായ ഒരു തീവണ്ടി
അലറിപ്പാഞ്ഞടുക്കുന്നു.
ആർക്കും കാണാനാകാത്ത
ഒരു തീവണ്ടി

അദൃശ്യ എഞ്ചിൻ
അദൃശ്യ ബോഗികൾ
അദൃശ്യ ചക്രങ്ങൾ
അദൃശ്യ മനുഷ്യർ
അദൃശ്യ ശബ്ദങ്ങൾ
അദൃശ്യ ജംഗമങ്ങൾ

കാറ്റുപോലെ
എന്നാൽ എല്ലാ ഒച്ചകളോടുകൂടിയും
ആ കണ്ണാടിവണ്ടി
സ്റ്റേഷനെ സമീപിച്ചു.

പാളം തന്റെ ശരീരമിളക്കിത്തിളച്ചു.
കിതച്ചു.
അതിന്റെ ശ്വാസവേഗം
പരമാവധിയെത്തിയിരുന്നു.

തീവണ്ടിയുടെ
അസംഖ്യം ചക്രങ്ങളുരസി
സീൽക്കാരമുയർന്നു.
ക്രമവേഗത്തിലുള്ള താളം
ഉച്ചസ്ഥായി കഴിഞ്ഞ്
തീവണ്ടി അതിന്റെ അദൃശ്യതയിൽ
സംഗമമൂർച്ഛ കഴിഞ്ഞ്
പാഞ്ഞു പോയി.

നായ വെറുതെ ഒരുവട്ടം മോങ്ങി.
അത് ക്ഷീണിതനായി കിടന്ന്
തൻ്റെ ഗുഹ്യഭാഗം മണത്തു.

അങ്ങു ദൂരെ
പാളങ്ങൾ സംഗമിക്കുന്ന
അദൃശ്യബിന്ദുവിൽ
മോഹങ്ങൾ അടയിരിക്കുന്നുണ്ടോ ?

തിരിച്ചെത്തിയ
ഓറഞ്ചു നിറമുള്ള വെയിൽ
എൻ്റെ ചെവിയിൽ
സംശയത്തോടെ തൊട്ടു.

എൻ്റെ നാസികയിൽ
വെയിലിൻ്റെ
മണം തൊട്ടു.

വിയർപ്പിൻ്റെ നാവ്
കഴുത്തിലിഴഞ്ഞു.
കാലുകൾ നീണ്ടുപോയി.
നീണ്ട്
നീണ്ട്.


Summary: Vegam- A Malayalam poem written by Raprasad


രാപ്രസാദ്

കവി, സിനിമാ സംവിധായകൻ. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നു രാവും പകലും, അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകളും ആവാർഗി, പടുക്ക എന്നീ ഡോക്യുമെൻ്ററികളും സംവിധാനം ചെയ്തു.

Comments