വെയിൽ കണ്ട സ്വകാര്യങ്ങൾ

ന്ധ്യയ്ക്ക്
പോകാനിറങ്ങിയപ്പോൾ
ആരും കേൾക്കാതെ
വെയിൽ
അവളുടെ കാതിലൊരു
സ്വകാര്യം പറഞ്ഞു.

വെളുപ്പിനെ
വെളിച്ചത്തിന്റെ
ഈർക്കിലിച്ചൂലുമായി
മുറ്റത്തെ ഇരുട്ടിനെ
കാപ്പിപ്പൊന്തകൾക്കടിയിലേക്ക്
അടിച്ചുവാരിക്കൂട്ടിയപ്പോൾ
ആരും കാണാതെയവൾ
അവിടെയൊളിപ്പിച്ച
ചിലതൊക്കെ കണ്ടുവത്രേ.

ഇരുട്ടിന്റെ 'കറുപ്പ'ടിച്ച്
മദിച്ചു പൂത്ത കാപ്പിപ്പൊന്തയും
അവളും ഞെട്ടി.

വെളുക്കെച്ചിരിച്ച്,
തൊണ്ടിപ്പഴം പോലെ
ചുവന്നുതുടുത്തൊരു
മേഘത്തിന്റെയൊപ്പം
തിടുക്കപ്പെട്ട്
വെയിലങ്ങു പോയി.

‘വല്ലാത്ത നെഗളിപ്പ് തന്നെ,
നാളെയിങ്ങോട്ട് വരട്ടെ’
അവൾ മുറുമുറുത്തു

കാപ്പിപ്പൊന്തയ്ക്കടിയിൽ നിന്ന്
ഇരുട്ടിറങ്ങി
കവാത്തു തുടങ്ങിയപ്പോൾ
മുല്ലപ്പൂവിറുക്കാനെന്ന വ്യാജേന
അവൾ മുറ്റത്തിറങ്ങി.

ഇരുട്ടിൽ നിന്ന്
രഹസ്യക്കുഞ്ഞുങ്ങളെ
വാരിയെടുത്ത്
വെയിലിന്റെ
സൂചിക്കണ്ണിറങ്ങാത്ത
പൊട്ടക്കിണറ്റിൻ
കരയിലേക്കു നടന്നു.

ഏഷണിപ്പൂതം നാത്തൂന്റെ
'കാണാതെ പോയ'
നക്ഷത്രക്കമ്മൽത്തിളക്കം.

‘ആൺ കോലം കണ്ടാ മതി,
അവളപ്പോ തൊടങ്ങും ശൃംഗാര'മെന്ന്
വിടാതെ കൂടുന്ന
അമ്മായിയമ്മയുടെ
'ആക്രിക്കാരൻ അടിച്ചു മാറ്റിയ'
വെറ്റിലച്ചെല്ലം.

കലി വരുമ്പോഴൊക്കെ
കരണമടിച്ചു പൊട്ടിക്കുന്ന
കെട്ടിയവനോടുള്ള
വെറുപ്പിന്റെ വിത്തുകൾ.

ടിപ്പറിടിച്ച്
അനങ്ങാൻ വയ്യാണ്ട്
കിടന്നപ്പഴും
കണ്ണിൽ
വഷളത്തം നിറച്ച
രണ്ടാനപ്പനെ
മുഖത്തൊരു
തലയണയമർത്തി
തീർക്കാൻ
കഴിയാഞ്ഞതിലെ
വിമ്മിട്ടം.

ആറ്റുവഞ്ചിക്കാടിനുള്ളിൽ
പ്രേമം പ്രേമമെന്ന് നൂറുവട്ടം
പറഞ്ഞു കൊതിപ്പിച്ച്
ഒടുക്കം പറ്റിച്ചു പോയവനോട്
ശ്രമിച്ചിട്ടും
സാധിക്കാതെ പോയ അനിഷ്ടം.

മീൻകാരൻ ചെക്കന്റെ
ഒന്ന് രണ്ട്... ഒന്ന് രണ്ട് മൂന്ന്...
എന്ന് അവൾക്കുള്ള
സ്പെഷ്യൽ ഹോണടി.

കണ്ണുകളിലെ
കൊതിത്തിളക്കം
ഒളിച്ചുമ്മകൾ
അടിമുടി വിരിയുന്ന
നൂറു നൂറു നീല
വെളിച്ചത്തരികൾ.

അതു മാത്രം
നെഞ്ചിലൊളിപ്പിച്ച്,
കരിമുടിക്കാട് വിരിച്ചു മൂടി,
‘ഓ, ഇനിയിപ്പോ വെയിലിതു കണ്ടുപിടിച്ചാലും
എനിക്കൊരു ചുക്കുമില്ലെ’ന്ന്
അലസലാസ്യമവൾ തിരികെനടന്നു...


Summary: veyil kanda swakaryangal malayalam poem by seena joseph


സീന ജോസഫ്​

കവി. ഡെൻറിസ്റ്റ്​, ഇപ്പോൾ യു.എസിലെ മാസാച്യുസെറ്റ്സിൽ താമസം.

Comments