വെയിലിൽ നിന്ന് ഒരു വേനൽ
ഇറങ്ങിപ്പോകുന്നതിനു മുമ്പ്,
അയാൾക്ക് തന്റെ പൂരക്കോപ്പുകളെ മൈതാനത്തിനപ്പുറത്തെ
ചുവന്ന പാതയിലൂടെ കടത്തിക്കൊണ്ടുപോകണമായിരുന്നു.
മൈതാനത്തിൽ
പന്തു തട്ടുന്ന കുട്ടികൾക്ക്
മലഞ്ചെരുവിലെ മാങ്കൊമ്പിലെ
മധുരച്ചൂര് കട്ടെടുത്ത് ഓടിക്കളയണമായിരുന്നു.
മാങ്കൊമ്പിലെ അണ്ണാൻകൂട്ടത്തിന്
കൊതിയിൽ പൊതിഞ്ഞ രുചികളെ
പുതിയ രുചിക്കാലത്തിലേക്ക്
ഉണക്കിയെടുത്തുവെക്കണമായിരുന്നു.
മലഞ്ചെരുവിൽ നിന്ന്
ഒരാൾക്ക് കാലിക്കൂട്ടവുമായി
വെയിലറിയാതെ
ആളൊഴിഞ്ഞ പൂരപ്പറമ്പ്
താണ്ടണമായിരുന്നു.
പൂരപ്പറമ്പിലെ ആനകൾക്ക്
വെന്ത് നീരുവച്ച ഉരുണ്ട കാലടികളെ പിഴിഞ്ഞുണക്കി
സസൂക്ഷ്മം ലോറികളിൽ കയറ്റണമായിരുന്നു.
അന്നേരം ദൂരെ ബീച്ചുകളിലെ ഒട്ടകങ്ങൾക്കും കുതിരകൾക്കും
കെട്ടുസവാരി കഴിഞ്ഞ്
മേലുടുപ്പുകൾ അഴിച്ചുവച്ച്
നീരുവച്ച നടുവൊതുക്കി കിടക്കണമായിരുന്നു.
എനിക്കോ
ഉപ്പുനീറുന്ന കണ്ണുകളുമായി
തിരത്തള്ളലിന്റെ ബാക്ക്ഗ്രൗണ്ടിൽ,
ഇൻസ്റ്റഗ്രാമത്തിലിരുന്ന്
മുറിവുകളിൽ വസന്തം പൂക്കുന്ന കാലം വരുമെന്ന ഉണർത്തുപാട്ട്
പാടിരസിക്കണമായിരുന്നു ...
വേനലിനെ വെയിലിൽ നിന്ന്
ഇങ്ങനെ ഇറക്കിവെക്കണമായിരുന്നു.