ഒന്ന്
പെയ്തുതീരാൻ ഇനി
ബാക്കിയില്ലെന്ന്
അവസാന ദേഹവും
പൊഴിച്ചിട്ടശേഷം,
മുറിവുകളിലെ പുഴു പോലെ
രണ്ടറ്റവും വേദനകൊണ്ട്
ചുംബിച്ച് തീർക്കുന്നു.
ഒറ്റയായി വന്ന
രണ്ട് കാർമേഘങ്ങൾ.
താഴേക്ക് നൂർന്നിറങ്ങുന്ന തുള്ളികൾ
വേദനയുടെ ശരീരമാണ്.
പെയ്ത്ത്,
എല്ലാ മുറിവുകളിലേക്കുമുള്ള ഇറക്കമാണ്.
നനവ്,
ദാഹങ്ങളുടെ തണുത്ത
നിശ്വാസമാണ്.
പെയ്ത് തീരാൻ ഇനി ബാക്കിയില്ലെന്ന്,
ഓരോ പെയ്ത്തിനുശേഷവും മഴ വിളിച്ചുപറയുന്നു.
അവസാനം, തുന്നിചേർക്കാത്ത ഉടലുകളെ പോലെ
നേർത്ത് മഴ.
രണ്ട്
ഭൂമിയുടെ
ഒരറ്റത്തുനിന്ന്
മറ്റേ അറ്റത്തേക്ക്.
ഉടലുകളെയും
പാതി തളർന്ന
ആവി ശരീരങ്ങളെയും
കൂട്ടിച്ചേർത്ത്.
ഇടയ്ക്കെപ്പോഴോ
ഒരു കൊടുങ്കാറ്റ്.
പാതിവഴിയേ.
അവ ഒരു കൂസലുമില്ലാതെ
ഇറങ്ങിപ്പോകുന്നു.
ദേഹം മുഴുവനും
ചുംബിച്ചു തീർന്നതിന്റെ
ക്ഷീണം.
കടലിന്റെ ഉപ്പുരസം
യാത്ര വഴിതെറ്റുന്നു.
ദൂരെയകലെ,
മഹാ സമുദ്രങ്ങളുടെ
പിള്ള തൊട്ടിലുകളിലൊന്നിൽ
മഴ ചെന്നുചേരുന്നു.
ഒരു നീണ്ട ഉറക്കത്തിലേക്ക്.
വെയിൽപ്പൂവുകളായി
ദേഹം പാറിക്കളിക്കുന്നു.
വെയിലിന്റെ നീണ്ട നടപ്പാത.
വിരലുകൾ കാണാത്ത
വെളിച്ചത്തിന്റെ നീണ്ട കൈ.
എത്തിപ്പിടിക്കാനാകുന്നില്ല.
അതിവേഗം
ലക്ഷ്യമില്ലാത്ത ഒരു യാത്രയുടെ
അപകടമായ വേഗതയിൽ.
ഉറക്കമുണരുമ്പോഴേക്കും
യാത്ര തുടങ്ങിയിടത്തു തന്നെ.
നെഞ്ചത്ത്
മുലകണ്ണികളുടെ സ്ഥാനത്ത്.
നീണ്ട രണ്ട്
വേദനയുടെ കാർമേഘം വീണ്ടും.
മൂന്ന്
വെയിലിൽ
തളർന്നുവീണ
രണ്ട് കരിയിലകൾ
ഇടയ്ക്ക് സമയങ്ങളെ
അളന്നു മുറിച്ച് പാറിയെത്തുന്നു.
വെയിലിനപ്പുറം,
ശബ്ദങ്ങൾ കേൾക്കാനാകുന്നില്ല.
അവിടെ,
ഓരോ മഴയുടെയും
ഹൃദയങ്ങൾ
പാകമാകുന്ന സ്ഥലം.
കൊടുങ്കാറ്റുകളിൽ കിതക്കാത്ത
മഴയുടെ ഹൃദയങ്ങൾ
അവിടെ ജന്മം കൊള്ളട്ടെ.
പതിയെ
തുന്നിച്ചേർത്ത ഉടലുമായി
വീണ്ടും നടന്നുപോകുന്നു.
ആത്മാവിനെ പറിച്ചുകൊണ്ട്
ചെവിക്കുടയിൽ
ആയിരം വെയിൽപ്പൂവുകൾ
തീ കായുന്നു…
