വിമീഷ് മണിയൂർ

​പ്രസവത്തെക്കുറിച്ച് മൂന്ന് കവിതകൾ

​ഒന്ന്: മറ്റെന്തെല്ലാം വഴികളുണ്ട്

രാളെ ഉപേക്ഷിക്കാൻ
പ്രസവിക്കുകയല്ലാതെ
മറ്റെന്തെല്ലാം വഴികളുണ്ട്.

ശത്രുക്കൾക്ക് പോലും
ഇങ്ങനെയൊരു ആപത്ത്
വരുത്തരുത്

പുറത്തു പോയവരെല്ലാം
ഒരിക്കലും തിരിച്ചു കേറാനാവാതെ
ഭൂമി മുഴുവനും
അലഞ്ഞു നടക്കുന്നത്
കാണുന്നില്ലേ

ഇത്രമാത്രം മാറ്റിനിർത്താൻ
അവരെന്ത് തെറ്റാണ് ചെയ്തത്?

കൂടെ ജീവിക്കുന്നവരെ
ഒറ്റപ്പെടുത്തുന്നതിനോളം
വലിയ തിരസ്‌കാരം
ഇല്ല തന്നെ മരണത്തിൽ.

രണ്ട്:​ ദയ കെട്ടവർ

സ്​ത്രീകളോളം കഠിനഹൃദയർ
ആരുമില്ല

എഴുന്നേറ്റിരിക്കാൻ പോലുമാവാത്ത
അവസ്ഥയിലും
മനുഷ്യരെ ഉന്തി മാറ്റുന്നല്ലോ

അവളവളെ തന്നെ മുറിച്ചിട്ട്
ഒരു കൂസലുമില്ലാതെ
എന്തെളുപ്പത്തിൽ എഴുന്നേൽക്കുന്നു

കരയുകയല്ലാതെ
പ്രതീക്ഷിക്കാതുള്ള കുടിയിറക്കത്തിൽ
വേറെന്ത് ചെയ്യും
കുട്ടികൾ?

പരിചയമില്ലാത്തവരെ ചുറ്റും കണ്ട്
പേടിക്കുകയല്ലാതെ
മറ്റെന്തിന് സാധിക്കും?

ഒരു ലോകം മുഴുവൻ
കരഞ്ഞു വിളിച്ച്
കൈകാലിട്ടടിക്കുന്നത്
ദയകെട്ടവർ കാണട്ടേ...

മൂന്ന്: മുട്ടയിടൽ

പ്രസവിക്കാൻ
ഒട്ടും താൽപ്പര്യമില്ലായിരുന്നു,
പകരം ഞാൻ മുട്ടയിട്ടു കൊള്ളാം
എന്നിടയ്ക്കിടെ ഓർമപ്പെടുത്തി
അവൾ.

ഉച്ചയുറക്കത്തിനിടെ
കോഴിമുട്ടകളെ
ബനിയനിൽ ഒളിപ്പിച്ചു വെച്ച്
എഴുന്നേൽക്കുമ്പോഴേക്കും
കോഴിക്കുട്ടിയുടെ ഒച്ചയിൽ
ചെവി ചേർത്തു കിടന്നു.

മുട്ടയിടാൻ
പ്രസവിക്കുന്നതിലും ധൈര്യം വേണം
വിരുയുന്നതു വരെ
പ്രസവകാലം നീട്ടികിട്ടുന്നുണ്ട്
തന്നെത്തന്നെ പൊട്ടിച്ച്
പുറത്തു വരാനുള്ള ഉശിര്
തന്റെ മക്കൾക്കെങ്കിലും
കിട്ടട്ടെയെന്ന് ആഗ്രഹിക്കുന്നുണ്ട്.

അവൾ പറയുന്നു;
ഉമ്മവെയ്ക്കുന്ന ശ്രദ്ധ വേണം
മുട്ടയെ പതിയെ താഴ്ത്തിവെയ്ക്കാൻ
ഒന്നിച്ചുറങ്ങിയതിന്റെ കൊതിയാൽ
മുട്ടയെ ഒഴുകിപ്പോകാതെ കാക്കണം
അറിഞ്ഞ ആനന്ദത്തിന്റെ ശ്വാസങ്ങൾ
മുട്ടയിൽ തുളുമ്പാതിരിക്കുന്നുണ്ട്
അതിനിടയിൽ വിയർപ്പുകൾ
"വരും വരാതിരിക്കില്ല' എന്നൊരു വാക്ക്
മുട്ടയിൽ ചേർത്ത് വെച്ച് കെട്ടുന്നുമുണ്ട്
മുട്ട വിരിഞ്ഞുണ്ടാവുന്നതിനോളം
മനോഹരമായ പിറവി
വേറൊന്നില്ല.

അവസാന ദിവസം
അവൾ പ്രസവിച്ചു;
പ്രസവിക്കുന്നതാണ് എപ്പോഴും സൗകര്യം
വിരിയുന്നത് വരെ
സ്വന്തം മുട്ടകളെ
അടുക്കളയിൽ നിന്ന് മറച്ച്
എങ്ങനെ സൂക്ഷിക്കും നമ്മൾ ?​▮


വിമീഷ്‌ മണിയൂർ

നോവലിസ്​റ്റ്​, കവി. റേഷൻ കാർഡ്, ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ, എന്റെ നാമത്തിൽ ദൈവം, ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി, യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു (കവിത സമാഹാരങ്ങൾ), സാധാരണം (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. കവിതകൾ തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments