വിമീഷ്‌ മണിയൂർ

മേൽമുറി

നഗരത്തിൽ
ആ പഴയ പാർട്ടിയിൽ
ജീവിച്ചിരിക്കുന്ന
അവസാനത്തെ പാർട്ടിയംഗം
ഒരു പാർട്ടിയാപ്പീസായിരുന്നു.

മേൽവാടകയ്ക്ക്
മറിച്ചു കൊടുക്കാനിരുന്നപ്പോഴൊക്കെ
പുറത്തേ ചുമരിലെഴുതിയ മുദ്രവാക്യം
നല്ല സാമ്പത്തികനിലയുള്ള
തൊട്ടപ്പുറത്തെ സൂപ്പർമാർക്കറ്റിലേക്ക് ചാഞ്ഞ
തെങ്ങിന്റെ ചെവിയിൽ
ഊറ്റത്തോടെ പറഞ്ഞുനോക്കും
അപ്പപ്പോൾ തന്നെ തെങ്ങ്
അതത്രയും കഴുകിത്തുടച്ചു വൃത്തിയാക്കും.

അകത്തേ ചുമരിൽ ഗൗരവത്തിലിരിക്കുന്ന
തുരുമ്പിച്ച ഒരു നേതാവിന്റെ
കണ്ണടയിലൂടെ തൂങ്ങുന്ന ഒരാളൽ കണ്ട് മടുത്ത്
അടുത്ത വണ്ടിക്ക് കയറിയാലോ എന്ന് വെച്ച്
പതിറ്റാണ്ടുകളെങ്കിലും കഴിഞ്ഞുകാണും.

ചോർച്ചയിൽ നനഞ്ഞ് കുതിർന്ന്
മര്യാദക്കൊന്ന് ഉറങ്ങാനാവാതെ
ഒരു പതാക നിലത്ത് എഴുന്നേറ്റിരിക്കുന്നു.
അവസ്ഥ എത്ര പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചിട്ടും
സാധിക്കാത്തതിന്റെ ചൊറിച്ചിൽ
മരിച്ചെഴുന്നേറ്റവരുടെ വാട പോലെ
അതിന്റെ കാലിൽ ചങ്ങലയായ് പുറ്റെടുത്തിരുന്നു.

മഴയത്ത് കയറിനിൽക്കാൻ
ഒരു പാറാടനെങ്കിലും വരുന്നതിന്റെ
നേരിയ സാധ്യതയെക്കുറിച്ച്
അതിന്റെയുള്ളിലിന്നും ചർച്ച നടക്കുന്നു.

താൻ ഇടിഞ്ഞു വീഴുന്നതോടെ
ഒരു ഭാഷ ഇല്ലാതാവുമെന്ന്
ആ പാർട്ടിയാപ്പീസ് വിശ്വസിച്ചിരിക്കില്ല
സംഭവിക്കുന്നത് അങ്ങനെയാണെങ്കിലും.


Summary: Malayalam poem Melmuri written by Vimeesh Maniyur published in Truecopy Webzine.


വിമീഷ്‌ മണിയൂർ

നോവലിസ്​റ്റ്​, കവി. റേഷൻ കാർഡ്, ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ, എന്റെ നാമത്തിൽ ദൈവം, ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി, യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു (കവിത സമാഹാരങ്ങൾ), സാധാരണം (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. കവിതകൾ തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments