മഠത്തിലെ കന്യാസ്ത്രീ അമ്മമാരുടെ
മുഷിഞ്ഞ
വെള്ള വസ്ത്രങ്ങൾ
അലക്കി വെളുപ്പിക്കുന്ന
ജോലിയായിരുന്നു മേരി ചേടത്തിക്ക്.
വെളുപ്പിനെ കലഹിക്കുന്ന
അടുക്കളയിൽ നിന്നും നേരെ
മഠത്തിലെ അലക്കുപുരയിലെ
സോപ്പു വെള്ളത്തിലേക്ക്
പതഞ്ഞു പതഞ്ഞു തീരുന്ന ചേടത്തി.
പതിനൊന്ന് മണിക്ക്
ഉപ്പിട്ടു കിട്ടുന്ന കഞ്ഞി വെള്ളവും
കുടിച്ച് നീണ്ട ഒരു ഏമ്പക്കവും വിട്ട്
ചേടത്തി ചൂടു വെള്ളത്തിൽ
മുക്കി വച്ചിരിക്കുന്ന
വെള്ള മോറിസും വെയിലുമൊക്കെ എടുത്ത്
കല്ലിലിട്ട് ഉരയ്ക്കും.
ചേടത്തി അലക്കി വെളുപ്പിച്ച്
പശയും നീലവും മുക്കി വിരിച്ചിടുന്ന
വെള്ളയുടുപ്പുകൾ ഇട്ടിട്ടാണ്
അമ്മമാര് കുട്ടികളെ പഠിപ്പിച്ചിരുന്നത്.
ഓരോ തുണി തിരുമ്മാൻ
എടുക്കുമ്പോഴും ചേടത്തി
എത്രയും ദയയുള്ള മാതാവേ എന്ന് ജപിച്ചു.
മേരി ചേടത്തി പണിക്ക്
കൊണ്ടു വരുന്ന കവറിൽ
അലക്കുപുരയുടെ അടുത്തുള്ള
ചാമ്പക്ക മരത്തിൽ
നിന്നും വീഴുന്ന
വെള്ള ചാമ്പക്കകളും
ബസ് കാശുമെല്ലാം
സോപ്പ് മണത്തു കിടന്നിരുന്നു.
മുടി പിന്നിക്കെട്ടാനറിയാത്ത
മേരിച്ചേടത്തീടെ കറുത്തമകൾ
മഞ്ഞ റിബണുമായി വന്ന് നിക്കുമ്പോൾ
മുയലിനെ വളർത്തുന്ന
സിസ്റ്റർ വന്ന് മുടി പിന്നി
റിബൺ കെട്ടി കൊടുക്കും.
സോപ്പ് മണമുള്ള ചാമ്പക്കകൾ
തിന്നാണ് ചേടത്തീടെ
മകൾക്ക് ആ മഠത്തീ തന്നെ
ചേരാൻ ദൈവവിളി ഉണ്ടായത്..
കാശുള്ള പെമ്പിള്ളേരുടെ കൂട്ടത്തിൽ
അലക്കണ മേരീടെ മോളും
കന്യാസ്ത്രീയാവാൻ ചേർന്നു.
അലക്കണ മേരീടെ മോളാണോ
എന്ന ചോദ്യത്തിലെ
കുത്തും
കോമായും
മേരീടെ മോൾക്കു മനസിലായില്ല.
മേരീടെ മോള് വരയ്ക്കും
മേരീടെ മോള് എഴുതും
മേരീടെ മോള് പാടും
മേരീടെ മോള് കുർബാനയ്ക്കു ഉറങ്ങും
മേരീടെ മോളെന്ന ടാഗിൽ
മഠത്തീന്ന് തിരിച്ചു വന്നപ്പോഴും
ചേടത്തി അലക്കിക്കൊണ്ടിരുന്നു.
ചേടത്തീടെ പണി കവറിൽ
സോപ്പ് മണക്കുന്ന
ചാമ്പക്കകൾ ഇപ്പോൾ ഇല്ല.
ഇപ്പോഴും മേരി ചേടത്തീ അലക്കി
വിരിച്ചിടുന്ന ഉടുപ്പിട്ടാണ്
അമ്മമാർ വിശുദ്ധ വെളുപ്പിൽ
ജീവിക്കുന്നത്.
അലക്കണ മേരീടെ മോള്
സോപ്പ് മണമുള്ള
ചാമ്പക്ക
തിന്നുന്ന
കണക്കിനും ഹിന്ദിക്കും
സ്ഥിരമായി തോൽക്കുന്ന
കണക്കിലെ
ഫോർമുലകൾ മാറി പോകുന്ന
വലിയ കണ്ണുകളും നിറയെ മുടിയുമുള്ള
പെണ്ണ്
ഇപ്പോഴും
അലക്കുപുരയിലെ
സോപ്പ് വെള്ളത്തിൽ
കളിച്ചു കൊണ്ട്
നിൽക്കുന്നു.▮