മരിപ്പ് കഴിഞ്ഞു
മടങ്ങുമ്പോഴാണ്…
പുലർച്ചയ്ക്ക്
പിടഞ്ഞെഴുന്നേറ്റു
പാഞ്ഞതാണ്
അടക്കം കഴിയും വരെ
നിന്നതാണ്
ആളില്ലാത്ത
പ്രൈവറ്റ് ബസിന്റെ
സൈഡ് സീറ്റിലാണിരിപ്പ്
ആളുന്ന വിശപ്പ്!
"മരിച്ചത് നിന്റെ ആരായിരുന്നു
എന്നെങ്കിലും ഓർക്ക്.."
ശാസനയോടെ
ഞാനെന്റെ
വയറ്റിൽ നുള്ളി.
കുണ്ടും കുഴിയും നിറഞ്ഞ
വളഞ്ഞുപുളഞ്ഞ
ഇടറോഡിന്റെ വക്കിൽ
കുന്തിച്ചിരുന്ന്
വിജനത പുകച്ചുകേറ്റുന്നു
വെയില്
ഡ്രൈവർക്ക് പിന്നിലുള്ള
കണ്ണാടിച്ചില്ലിൽ കണ്ട
കുഴിഞ്ഞ കണ്ണിൽ
ഒരു
മെലിഞ്ഞ നിഴല്.
ഉച്ചയിലൂടെ ഒഴുകിവരുന്ന
പൊരിച്ച മീൻമണം
ഒടുക്കത്തെ വിശപ്പിനെ
മുറുക്കെ
കെട്ടിപ്പിടിക്കുന്നു.
അടക്കിയ ഉടലിനെ
പുഴുക്കൾ
ആഴത്തിലാഴത്തിലുമ്മവെക്കുന്നു.
പെട്ടെന്ന്,
മറവുചെയ്ത മണ്ണിൽ നട്ട
വിത്തിന്
മുളപൊട്ടുന്നു.
ശ്രമിക്കുന്നുണ്ട്…
പക്ഷെ
ഉള്ളെത്തുന്നില്ല.
ആരാണ് മരിച്ചത്?
എനിക്കിറങ്ങാനുള്ള സ്റ്റോപ്പേതാണ്?
എന്റെ
വീടെവിടെയാണ്?