ബാൽക്കണിയിലേക്ക് വീശുന്ന
കാറ്റിന്റെ പിറകിൽ
മഴ പെയ്യുന്നു.
അകലം പാലിച്ചു നിൽക്കുന്ന
ഏതോ ഓർമ്മയുടെ നിഴലിൽ.
മരിച്ചവരുടെതാകുമെന്ന് തോന്നി.
മറന്നവരുടെതാകുമെന്ന് തോന്നി.
ഒരു സമയം കവിയെ ഓർമ്മ വന്നു.
വിഷാദമേ പുരളാത്ത സന്ധ്യ,
വീട്ടുതിണ്ണയിലിരുന്ന് അവൾ കവിത വായിക്കുന്നു,
അവളെ കേട്ട് ഞാൻ മുഖാമുഖമിരിക്കുന്നു.
അകലം പാലിക്കുന്ന ഓർമ്മയിൽ, മഴ
ബാൽക്കണിയിലേക്ക് തൂവാതെ.
തൊടിയിലെ മാവിന്റെ കൊമ്പിൽ
ഒറ്റക്കിരിക്കുന്ന
കാക്ക
ഇപ്പോൾ ഒരു പ്രാവശ്യം കരയുന്നു.
അവിടെത്തന്നെ ഇരിക്കുന്നു.
പിന്നെ പറന്നു പോകുന്നു.
പുഴയുടെ മീതെ പറക്കുമ്പോൾ
പുഴയുടെ ആഴത്തിലേക്ക് തുഴയുന്ന
അതിന്റെ നിഴൽ
പ്രിയപ്പെട്ടതെന്തോ
നഷ്ടപ്പെട്ടതെന്തോ ഓർക്കുമെന്ന്
ഞാൻ വിചാരിക്കുന്നു.
പ്രണയമാവില്ല.
മുടങ്ങിയ യാത്രകളാവില്ല.
മഴക്കോളുമായി മേഘങ്ങൾ,
ഉറക്കത്തിൽ നിന്നും എഴുന്നേറ്റ മൃഗങ്ങളെ പോലെ
വന്ന് നിൽക്കുന്നു.
ഉയരത്തിൽ, വളരെ ഉയരത്തിൽ,
ഒരു ചെറിയ പക്ഷി
മാനത്ത് മായുകയായിരുന്നു,
ആ സമയം
വെറും നിലത്ത് ആരോ
കസേര നിരക്കിവെച്ചതിന്നൊച്ച കേൾക്കുന്നു.
കവിയെ ഞാൻ വീണ്ടും ഓർക്കുന്നു.
തോട്ടത്തിലെ മരങ്ങൾക്കിടയിലൂടെ
അവൾ നടക്കുന്നു,
മഴയത്ത്.
അകലം പാലിച്ചു നിൽക്കുന്ന ഏതോ
ഓർമ്മയുടെ നിഴലിൽ.
