അലീന

വിശ്വാസം

അലീന

കുഞ്ഞിലേ ഞങ്ങൾ,
കണ്ണൻചിരട്ടയിൽ കഞ്ഞിവെച്ചു വിളമ്പി.

മുരിങ്ങയില ബ്ലേഡുകൊണ്ട് അരിഞ്ഞ്,
വെള്ളിലത്താളിയുടെ വെള്ള കൊണ്ട്
തേങ്ങ ചിരകി,
തോരൻ വെച്ചു.

പച്ച വെള്ളം മോരായി,
ചള്ള പരിപ്പുകറിയായി
ഞങ്ങളുടെ കുത്തരിച്ചോറ് കുതിർന്നു.

ഓരോ ഉരുളയിലും
അമ്മ വാരിത്തരുന്നതിലും സ്വാദ്.

ഓണത്തുമ്പികളുടെ നിഴൽ
മാറി മാറി കുത്തും കോമയുമിടുന്ന
മണ്ണിൽ,
ഞങ്ങൾ ഇലയിട്ടു പായസം വിളമ്പുമ്പോൾ
ഒരു വല്യമ്മച്ചി,
‘മുക്കൂട്ടുതറക്ക് ഏതുവഴി പോണം'ന്ന്
നിസ്സംഗതയോടെ ചോദിക്കുന്നു.

‘ആ തോടിനപ്രം കടന്നാൽ ജീപ്പു കിട്ടും'ന്ന്
ഞങ്ങൾ ആവേശം കൊണ്ടു.

തോട്ടുംകരയിലെ നനഞ്ഞ മണ്ണിൽ
ചെരുപ്പു കയ്യിലെടുത്ത് അവർ
മറ്റേ കൈ കൊണ്ട് നേരിയതഴിച്ച്,
രണ്ടായി മടക്കി,
ചുരുട്ടിയ ചാട്ട കൊണ്ട്
തോട്ടിലെ വെള്ളത്തിലടിച്ചു.

യാഥാർഥ്യങ്ങളും അയാഥാർഥ്യങ്ങളും
സംഭവിക്കാനിടയുള്ളതും സങ്കല്പങ്ങളും
തിരിച്ചറിയാൻ പാകമായിട്ടില്ലെങ്കിലും,
വിടർന്ന അനേകം ജോഡി കുഞ്ഞുകണ്ണുകൾക്കു മുന്നിൽ,
തോട്ടുവെള്ളം രണ്ടു വശത്തും ചിറ കെട്ടി.

നടുവിലെ ഉണങ്ങിയ മണ്ണിലൂടെ
നേരിയതു കുടഞ്ഞുടുത്ത്
വല്യമ്മച്ചി നടന്നുപോയി.
‘അവിടെ പാലമുണ്ടല്ലോ'ന്ന്
ഇപ്പോഴീ കഥ ആരും വിശ്വസിക്കാറില്ല.
കണ്ണൻ ചിരട്ടയിൽ ഞങ്ങളുടെ കുത്തരിച്ചോറ് ചുമ്മാ
ചള്ളയിൽ കുഴഞ്ഞ് മണ്ണായി കിടന്നു.
​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


അലീന

കവി, മോഡൽ. സിൽക്ക്​ റൂട്ട്​ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments