വിസ്മൃതി ലോഡ്ജ്

ഉച്ച പന്ത്രണ്ടിന് മുറിയൊഴിഞ്ഞു പോയയാൾ
ഒരു കൂട്ടം കടലാസുകൾ അവിടം വെച്ച് മറന്നുപോയി.
ഏതോ ധൃതിയിൽ പെട്ടെന്ന് പുറത്തേക്കോടി ഒരു ഓട്ടോ പിടിച്ച്
സ്റ്റേഷനിൽ ഒഴുകിക്കൊണ്ടിരുന്ന ഒരു വണ്ടിയിൽ
ഒരു തുണിക്കഷ്ണം പോലെ ഞാന്ന് കിടന്ന്
അപ്രത്യക്ഷനായി,
യാത്രാവിവരണങ്ങളിലൊന്നിലും പറയപ്പെടാതെ.

മുറിയിൽ പകരം വന്നയാൾ ഒരു ധൃതിയുമില്ലാത്തവിധം
ഇനിയെന്തെന്ന് ഉലാത്തവേ
മൂലധനത്തിന്റെ മറന്ന പകർപ്പുകൾ കണ്ടു.
കടലാസുകൾ ദ്രവിച്ചുപഴകിയതായിരുന്നു
എന്തൊക്കെയോ കണക്കുകൾ ഗ്രാഫുകൾ വരകൾ വാക്കുകൾ
സ്ഥലകാലചിത്രങ്ങൾ വിധികൾ വിഭ്രാന്തികൾ
മാഞ്ഞുപോകാൻ വെമ്പിനിൽക്കുന്ന ജീവിതമുദ്രകൾ
അഹോ കഷ്ടമായല്ലോ,
ഇനി രേഖകളില്ലാതെ എങ്ങനെ ഈ ഭൂമിയിൽ അയാൾ…

തിരിച്ചുവരുംവരുമെന്ന് കാത്തിരുന്ന്
പകൽ കഴിഞ്ഞ് രാത്രിയിൽ ഏകാന്തവിളക്ക് തെളിച്ച്
വാതായനങ്ങൾ തുറന്നുവെച്ച് വീണ്ടും വീണ്ടും…
കടലാസുകളിൽ പേരോ പെരുമായോ തെളിഞ്ഞുകണ്ടില്ല
ഊര് കുലം കവിത രാഷ്ട്രീയം കാപട്യം ഒന്നും രേഖപ്പെടുത്തിയില്ല.
എല്ലാ വരികളും കാലം പഴക്കപ്പെടുത്തിയിരുന്നു.

ഒരുനാൾ റൂം ബോയ് വന്ന് എല്ലാമെടുത്തു കുട്ടയിലിട്ട്
താഴേക്ക് സ്റ്റെപ്പുകൾ ഇറങ്ങിപ്പോയി.
താഴേക്കുതാഴെ ഭൗമാന്തർഭാഗത്ത്
കെട്ടിടത്തിന്റെ വേരുകൾ ഇറങ്ങിയ
ഒരു ഇരുൾമുറിയിൽ എത്രയോ കാലങ്ങളുടെ
നഷ്ടങ്ങൾക്കുമേൽ ഭസ്മധൂളികൾ പോലെ പറത്തിവിട്ടു
അപ്പോൾ അവൻ ഒരു നാടൻപാട്ട് പാടുന്നുണ്ടായിരുന്നു
എത്രയെത്ര വിരുന്നുകാർ വരുന്നു പോകുന്നു…
ഓരോ തിരക്കുകൾ മറവികൾ
മൗനങ്ങൾ നഷ്ടങ്ങൾ എത്രയെത്ര!
ഇത് മറവിയുടെ ലോഡ്ജ് അല്ലേ?
പ്രസിദ്ധമാണെന്നറിയില്ലേ?
ഇത് മറവിയുടെ തെരുവാണെന്നുപോലും അറിയില്ലേ?
പാതയിലേക്ക് തിരിയുന്നിടത്ത് ബോർഡ് കണ്ടില്ലേ?
മറവിയുടെ കെട്ടിടം മറവിയുടെ മുറികൾ
ഞാനും നിങ്ങളും മറവിയുടെ യാത്രക്കാർ
മറന്നേക്കൂ വെറുതെ മറന്നേ തീരൂ
ഒരാളും വന്നിട്ടില്ല ഒന്നും മറന്നുപോയിട്ടില്ല
നിങ്ങളും വന്നിട്ടില്ല ഒന്നും കണ്ടിട്ടുമില്ല
ഞാൻ പിന്നെ ഇവിടെ ഇല്ലേയില്ലല്ലോ…. അല്ലേ?

ശേഷം അവൻ വേരുകളിൽ തൂങ്ങി മുകളിലേക്ക് പോയി
നിത്യവ്യഥകളിൽ വ്യാപൃതനായി
പട്ടണം വിട്ട് പോകുന്ന വണ്ടിയുടെ തുരങ്കകൂജനങ്ങൾ
താഴെ മണ്ണിൽ താളം പിടിച്ചു.


Summary: Vismriti Lodge Malayalam poem by O K Thyagarajan published in Truecopy webzine packet 288.


ഒ.കെ. ത്യാഗരാജൻ

കവി, കഥാകൃത്ത്. ‘ശരീരമേ’ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാനഡയിലെ വാൻകൂവറിൽ താമസം.

Comments