ആത്മഹത്യയ്ക്കും മുൻപ്
ഞാനെൻ്റെ വളർത്തു പൂച്ചയെ
തെരുവിലുപേക്ഷിച്ചു.
അവളിപ്പോൾ തെരുവിനെതിർവശത്തെ
ഇരുമ്പുബഞ്ചിലിരിക്കുന്ന
ഒരു വൃദ്ധയുടെ കാൽച്ചോട്ടിലായിരിക്കാം.
അവളുടെ മൃദുലമായ രോമങ്ങളുരഞ്ഞ്
ആ വൃദ്ധ അവളെ
കൗതുകത്തോടെ കയ്യിലെടുത്തു കാണും.
ഉപേക്ഷിക്കപ്പെട്ടവർക്ക് മുകളിൽ
ഒരു നഗരം ചെയ്യുന്നതെന്തായിരിക്കുമെന്ന്
ഒരിക്കൽ ഞാനൊരു കവിതയിലെഴുതിയിരുന്നു.
പിഞ്ഞിയ വലക്കണ്ണികൾ പോലെ
കഴിഞ്ഞ കാലങ്ങൾ ആ നഗരത്തെ
മൂടുന്നുണ്ടാവാം.
വൃദ്ധയും പൂച്ചയും
കഴിഞ്ഞ ജൻമത്തിൽ നിന്നെന്ന പോലെ
പരസ്പരം ഇറങ്ങിനടക്കുന്നുണ്ടാവും.
അവർക്കിപ്പോൾ എല്ലാം
സുപരിചിതമായിക്കാണും
കൊടും മഞ്ഞ്
മഴ
വേനൽ
തകർന്ന വിമാനച്ചിറകുകൾ പോലുള്ള
അവരുടെ രാത്രികൾ
തെരുവുകളിൽ നിന്ന്
തെരുവുകളിലേയ്ക്കുള്ള വഴികൾ,
നീളൻ കാത്തിരിപ്പുകൾ
ഉറഞ്ഞുറഞ്ഞ് കല്ലുകളായിപ്പോയ നിരത്തുകൾ
അങ്ങനെയെല്ലാം.
ഇനി എന്നിലേയ്ക്ക് വന്നാൽ
ഞാനിപ്പോൾ മരണത്തിനും ജീവിതത്തിനുമിടയിലെ
അവസാനത്തെ
പിടച്ചിലിലാണ്,
കാരണം
വൃദ്ധയുടെ മുഖമുള്ള എൻ്റെ വീട്ടിലെ
ഒടുവിലത്തെ പൂച്ചയാണ് ഞാൻ.