വൃക്ഷം

ദ്ധൃതലിംഗമാം ശില്പ, മതിൻ പേര്
വൃക്ഷം, തണൽ നൽകുമെന്നാവണം ധ്വനി
ലിംഗപ്രതീകമതിൻ പേരതല്ലാത്തൊ-
രന്യ, മതിൽ നിന്ന് ശാഖോപശാഖകൾ
തിങ്ങിനിറഞ്ഞ യിലകളും പൂക്കളും
പക്ഷികൾ കൂടുകൂട്ടുന്നയിരുട്ടുകൾ
കുക്ഷി നിറയ്ക്കാൻ ഫലങ്ങൾ സമൃദ്ധിയിൽ
വട്ടത്തിൽ താഴത്തിരിപ്പൂ യുവതികൾ
പുഷ്പങ്ങളാൽ കോർത്തമാല മുടിക്കെട്ടിൽ
ചുറ്റിയും പൊട്ടിച്ചിരിച്ചും സ്വതന്ത്രരായ്
സർപ്പഫണം വിരി *ച്ചച്ചം പരത്തിയ
ദർപ്പിത ലിംഗ പരിണാമമീമരം
നിർദ്ദയമാമൊരു തോക്കായിരുന്നിത്
ചുട്ടുപഴുപ്പിച്ച ചുംബനം, യോനിയെ
കുത്തിത്തുളയ്ക്കുന്ന കമ്പി, നിലവിളി
കല്ലാലടച്ചു മൂടും കൊടും ക്രൂരത.

പച്ചതൻ സ്തംഭിത ശക്തിയാണീ മരം
നിർഘൃണതയ്ക്കൊരു നിത്യമാം സ്മാരകം.

* അച്ചം - പേടി.
(പോൾ മക് കാർത്നിയുടെ ( Paul McCartney, അമേരിക്കൻ ആർട്ടിസ്റ്റ്) പുരുഷലിംഗത്തോട് സാദൃശ്യം വഹിക്കുന്ന Tree (മരം) എന്ന പബ്ലിക് ശില്പത്തിൻ്റെ വിദൂര സ്വാധീനം ഈ കവിതയ്ക്കു പിന്നിലുണ്ട്).


Summary: Vriksham malayalam poem by renowned poet S Joseph.


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ്, ഓർഫ്യൂസ്, കണ്ണാടിയിൽ തുടങ്ങിയവ പ്രധാന കവിതാ സമാഹാരങ്ങൾ. പുതുകവിതയുടെ സഞ്ചാരങ്ങള്‍ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments