ഈ കാലത്ത്​ മഹാരാജാസിന്​ പറയാനുള്ള രാഷ്​ട്രീയം ഇതാണ്​...

നങ്ങേലി, തെഭാഗ, കുടി അരസ്, പഞ്ചമി, 1921, നീൽ ദർപ്പൺ, ഗ്വർണിക്ക, പൂമത്തെയ്- മഹാരാജാസിൽ നടക്കുന്ന എം.ജി. സർവകലാശാലാ കലോത്സവമായ "അനേക’യുടെ സ്​റ്റേജുകൾക്കിട്ട പേരുകളാണിത്​. നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതിയോടുള്ള പ്രതിഷേധത്തിന്റെയും പോരാട്ടത്തിന്റെയും സമരവീര്യത്തിന്റെയും കഥകൾ അടയാളപ്പെടുത്തുന്ന പ്രതീകങ്ങളിലൂടെ, ശക്തമായൊരു രാഷ്​ട്രീയ പ്രതികരണം നടത്തുകയാണ്​ വിദ്യാർഥികൾ.

ഹാരാജാസ് കോളേജ്​, ലോ കോളേജ് എന്നിവിടങ്ങളിലായി നടക്കുന്ന എം.ജി. സർവകലാശാലാ കലോത്സവമായ "അനേക'യ്ക്ക് കൊടിയേറി. ഫെബ്രുവരി 12 വരെ നീണ്ടുനിൽക്കുന്ന അത്യുജ്ജ്വലമായ ആവേശാരവത്തിലാണ് ഓരോരുത്തരും. പ്രത്യേകിച്ച്​, മഹാരാജാസുകാർ.

എറണാകുളം ആതിഥേയത്വം വഹിക്കുന്ന പത്താമത് കലോത്സവം..

കലോത്സവത്തെക്കുറിച്ച് കേട്ടപ്പോൾ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന ഒരു കാര്യമായിരുന്നു സ്റ്റേജുകളുടെ പേര്. മഹാരാജാസിന്റെ പൂർവ്വകാല ചരിത്രത്തിലേക്ക് എത്തിനോക്കുമ്പോൾ ഓരോ കാര്യത്തിലും സൂക്ഷ്​മമായ രാഷ്ട്രീയ അടയാളപ്പെടുത്തലുകൾ കാണാം. അതുകൊണ്ടുതന്നെ വ്യക്തമായ രാഷ്ട്രീയം പറയുന്ന പേരുകൾ തന്നെയായിരിക്കും ഇത്തവണയും ഉണ്ടാവുകയെന്ന് ഉറപ്പായിരുന്നു. സമകാലിക ഇന്ത്യയെ വരച്ചിടുന്ന മഹാരാജാസ് കോളേജ് മാഗസിനുകളായ ‘പട്ടട’യ്ക്കും ‘ഒറ്റാടലി’നും ‘തണ്ടേറി’നുമെല്ലാം വ്യക്തമായ രാഷ്ട്രീയമുണ്ട്. അതിരുകളെ ഭേദിക്കുന്ന മഹാരാജാസിന്റെ കലയാട്ടമായിരുന്നു "പുലയാട്ടം'. ആർട്ട് ഫെസ്റ്റിന് ഇങ്ങനെയൊരു പേരിടാമോയെന്ന് പലരും ചോദിച്ചു. ഇങ്ങനെയൊരു പേരിടാമെന്ന് മഹാരാജാസ് മറുപടിയും നൽകി.

അതുപോലെ മറ്റൊരു ശക്തമായ അടയാളപ്പെടുത്തലാണ് "അനേക'.
നമ്മുടെ സ്റ്റേജുകളിലേക്കൊന്ന് എത്തിനോക്കിയാലോ?

നങ്ങേലി, തെഭാഗ, കുടി അരസ്, പഞ്ചമി, 1921, നീൽ ദർപ്പൺ, ഗ്വർണിക്ക, പൂമത്തെയ്.

ഇവ ഓരോന്നിനും കരുത്തുറ്റ രാഷ്ട്രീയകഥ പറയാനുണ്ട്. നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതിയോടുള്ള പ്രതിഷേധത്തിന്റെയും പോരാട്ടത്തിന്റെയും സമരവീര്യത്തിന്റെയും കഥകൾ അടയാളപ്പെടുത്താനുണ്ട്.

നങ്ങേലി

തിരുവിതാംകൂറിലെ ഭരണകൂട ഭീകരതയ്ക്കെതിരെ പോരാടി വീരമൃത്യുവരിച്ച ധീരയാണ് നങ്ങേലി. പണ്ട് തിരുവിതാംകൂറിൽ ശാരീരികശേഷിയുള്ള യുവതികൾ നൽകേണ്ട നികുതിയായിരുന്നു മുലക്കരം. നങ്ങേലി മുലക്കരം കൊടുക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് പ്രവർത്യാർ നികുതി പിരിക്കാനായെത്തുന്നു. പ്രവർത്യാരെത്തുന്നതിനുമുൻപ് നങ്ങേലി കുളിച്ച് ഭക്ഷണം കഴിച്ച് തയ്യാറായി, കരം കൊടുക്കൽ ചടങ്ങിനായി മുറ്റത്ത് തൂശനില വെട്ടി വിളക്ക് കത്തിച്ചുവയ്ക്കുന്നു. പ്രവർത്യാർ വന്നശേഷം കരമെടുക്കാനായി നങ്ങേലി വീടിനുള്ളിലേക്ക് കയറിപ്പോയി. പിന്നിലേക്കു മടക്കിവച്ച കൈയുമായിട്ടായിരുന്നു മടങ്ങിവരവ്. കരം ചോദിച്ച പ്രവർത്യാർമാർക്കു മുന്നിൽവെച്ച് ആ കൈയിൽ സൂക്ഷിച്ചിരുന്ന അരിവാളുകൊണ്ട്​ സ്വന്തം മുല അറുത്തുമാറ്റി. ഭയചകിതരായ പ്രവർത്യാർ ഓടിരക്ഷപ്പെടുകയും നങ്ങേലി രക്തം വാർന്ന് മരിക്കുകയും ചെയ്തുവെന്നാണ് കഥ.

സ്വന്തം അവയവത്തിനുപോലും നികുതി നൽകേണ്ടിയിരുന്ന ഒരുകാലത്ത്, മാറുമറയ്ക്കാൻ അനുവാദമില്ലാതിരുന്ന കാലത്ത്, കീഴാള ശബ്ദം അടിച്ചമർത്തപ്പെട്ടിരുന്ന കാലത്ത്, സവർണമേധാവിത്വത്തോടും ജീർണിച്ച അധികാര വ്യവസ്ഥിതിയോടും നടത്തിയ പ്രതിഷേധത്തിന്റെ പ്രതീകമാണ് നങ്ങേലി. സ്ത്രീയവകാശ പോരാട്ടത്തിന്റെ ഒരേടെന്നു തന്നെ പറയാം..

തെഭാഗ

ഇന്ത്യൻ കർഷക സമര ചരിത്രത്തിലെ അത്യുജ്ജ്വലമായ ഒരേടാണ് 1946-47 ലെ തെഭാഗ സമരം. പ്രായഭേദമന്യേ, ലിംഗഭേദമില്ലാതെ എല്ലാവരും അണിനിരന്ന സമര പോരാട്ടം. തെഭാഗയെന്നാൽ മൂന്നു ഭാഗമെന്നാണ് അർഥം. ഭൂവുടമകൾ പരമ്പരാഗതമായി കുടിയാന്മാരിൽ നിന്ന് ഈടാക്കിയിരുന്ന രണ്ടിലൊന്ന് പാട്ടം മൂന്നിലൊന്നായി കുറയ്ക്കണമെന്ന് കർഷകരാവശ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധവും അതിനെത്തുടർന്നുണ്ടായ വിലക്കയറ്റവും മൂലമുണ്ടായ പട്ടിണിയെത്തുടർന്ന് 35 ലക്ഷത്തോളം പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനെതിരെ ബംഗാളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെകൂടി പങ്കാളിത്തത്തോടെ നടന്ന അതിശക്തമായ പോരാട്ടമാണ് തെഭാഗ കർഷകസമരം. പ്രത്യക്ഷത്തിൽ ജന്മി സമ്പ്രദായത്തോടുള്ള പോരാട്ടമായി തോന്നാമെങ്കിലും, ബ്രിട്ടീഷ് വിരുദ്ധ സമരം കൂടിയാണിത്. അടിസ്ഥാനവർഗ തൊഴിലാളികളുടെ ശക്തമായ ചുവടുവെപ്പ്.

കുടി അരസ്

തമിഴ്നാട്ടിലെ ബ്രാഹ്മണ മേധാവിത്വത്തിനും ജാതി മത വർണ ലിംഗ വ്യത്യാസങ്ങൾക്കും എതിരെ പോരാടിയ പെരിയാർ ഇ.വി. രാമസാമിയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച തമിഴ് മാഗസിനാണ് കുടി അരസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും ബ്രാഹ്മണേതരർക്ക് സംവരണം കൊണ്ടുവരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ 1925 നവംബറിൽ പെരിയാർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് പുറത്തിറങ്ങുന്നു. അങ്ങനെ 1921 -ൽ എസ്. രാമനാഥൻ സ്ഥാപിച്ച സ്വഭിമാന പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നു. ആ പ്രസ്ഥാനത്തിന്റെ മുഖപത്രമായി കുടി അരസ് കണക്കാക്കപ്പെടുന്നു. സ്ത്രീഅവകാശങ്ങൾ, നിരീശ്വരവാദം, സോഷ്യലിസം, ജാതിവ്യവസ്ഥ തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ അതിൽ ചർച്ച ചെയ്യപ്പെട്ടു. 1939 സെപ്റ്റംബർ മൂന്നിലെ "വീഴ്​ക ഹിന്ദി' യെന്ന ഹിന്ദിവിരുദ്ധ ലേഖനം തമിഴ്നാട്ടിലെ ഭാഷാവകാശ പോരാട്ടങ്ങളിലെ ശക്തമായ അടയാളപ്പെടുത്തലുകളിലൊന്നാണ്. ഭാഷാ ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കപ്പെടുന്ന കാലഘട്ടത്തിലത് വീണ്ടും ചർച്ച ചെയ്യപ്പെടുന്നു.

പഞ്ചമി

ഒരുകാലത്ത് കേരളത്തിലെ ഒരുകൂട്ടം മനുഷ്യർ ജാതിയുടെയും മതത്തിന്റെയും സാമൂഹിക സ്ഥിതിയുടെയും അടിസ്ഥാനത്തിൽ നിരന്തരം ചൂഷണങ്ങൾക്ക് വിധേയമായിരുന്നു. 1911 -ൽ ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അയ്യങ്കാളി നിരന്തരം സഭയിൽ അധഃകൃതരുടെ വിദ്യാഭ്യാസത്തിനായി ശബ്ദമുയർത്തി. അങ്ങനെ 1914 -ൽ എല്ലാവർക്കും സ്കൂൾ പ്രവേശനമെന്ന സർക്കാർ ഉത്തരവ് വരികയും ഒതന്നൂർക്കോണോത്ത് പരമേശ്വരന്റെ മകൾ എട്ടുവയസ്സുകാരി പഞ്ചമിയെയും ഏഴു വയസ്സുകാരൻ സഹോദരൻ കൊച്ചുകുട്ടിയെയും കൂട്ടി അയ്യങ്കാളി നെയ്യാറ്റിൻകര ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിലെത്തി പ്രവേശനമാവശ്യപ്പെട്ടെങ്കിലും സ്കൂൾ ഹെഡ്മാസ്റ്റർ അത് നിഷേധിച്ചു. തുടർന്ന് അയ്യങ്കാളി പഞ്ചമിയെ ക്ലാസിൽ കൊണ്ടുപോവുകയും, തുടർന്ന് സവർണ കുട്ടികൾ ക്ലാസ് വിട്ട് ഓടിപ്പോവുകയും ചെയ്തു. തുടർന്ന് വൻ പ്രതിഷേധങ്ങളുണ്ടായി. പഞ്ചമിയിരുന്ന ബെഞ്ചും സ്കൂളും അഗ്നിയ്ക്കിരയാക്കപ്പെട്ടു. എന്നാൽ ദലിത് വിദ്യാഭ്യാസ രംഗത്തുള്ള ശക്തമായ തുടക്കമായിരുന്നു അവിടം.

1921

ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ ശ്രദ്ധേയമായ വർഷമാണ് 1921. ഗാന്ധിജിയുടെ നേതൃത്വത്തിൽ നിസ്സഹകരണ പ്രസ്ഥാനം ശക്തി പ്രാപിച്ച കാലഘട്ടം. വെയിൽസ് രാജകുമാരൻ (എഡ്വേർഡ് എട്ടാമൻ) ഇന്ത്യ സന്ദർശിക്കുന്ന വേളയിലത് ബഹിഷ്കരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനിച്ചു.. ഗാന്ധിജിയുടെ നേതൃത്വത്തിൽ പലഭാഗങ്ങളിലും വിദേശനിർമ്മിത ഇറക്കുമതിയെ ചോദ്യം ചെയ്​ത്​, പ്രതീകാത്മകമായി വിദേശനിർമിത തുണിത്തരങ്ങൾ അഗ്നിക്കിരയാക്കി. ബ്രിട്ടീഷുകാരോട് കൂറുള്ളവർ രാജകുമാരനെ കാണാൻ ഒത്തുകൂടിയപ്പോൾ, ജനങ്ങൾ ബ്രിട്ടീഷ് വിരുദ്ധ നിലപാടുമായി തെരുവിലേക്കിറങ്ങി.

ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്വത്തിനുമെതിരെ 1921 ആഗസ്​റ്റ്​​ ​ 20 മുതൽ 1922 ജനുവരി അവസാനം വരെ നീണ്ടുനിന്ന ശക്തമായ ചെറുത്തുനിൽപ്പിന്റെ കഥയാണ് മലബാർ കലാപത്തിനു പറയാനുള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ നിഷ്ഠൂരമായ കൂട്ടക്കൊലകളിലൊന്ന്. രക്തരൂക്ഷിതമായ കലാപത്തിൽ അനേകം പേർ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് രേഖകൾ പ്രകാരം 2339 പേർ കൊല്ലപ്പെട്ടെന്നു പറയപ്പെടുന്നു. (യഥാർത്ഥത്തിൽ അതിലുമധികം). ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന സർ മാൽകം ഹെയ്‌ലിയുടെ അഭിപ്രായത്തിൽ 38 പേരെ വെടിവെച്ചും 308 പേരെ തൂക്കിക്കൊന്നുവെന്നുമാണ്. ധാരാളം പേരെ ആൻഡമാനിലേക്കും മറ്റും നാടുകടത്തുകയും 30,000- 40,000 ആളുകളെ തടവറയിലടയ്ക്കുകയും ചെയ്തു. മലബാർ കലാപത്തിന്റെ മുന്നണി പോരാളികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ തുടങ്ങി 387 സമരനേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള നിക്ഷിപ്ത താല്പര്യത്തിന്റെ പശ്ചാത്തലത്തിൽ വേണം ഇതിനെ നോക്കിക്കാണേണ്ടത്.

ചരിത്രത്തെ മായ്ച്ചുകളയാനുള്ള, ചരിത്രത്തിൽ വെള്ളം ചേർക്കുന്ന, ചരിത്രത്തെ വളച്ചൊടിക്കുന്ന ഭരണകൂട ഇടപെടലുകൾ തീർച്ചയായും ചെറുക്കപ്പെടണം. ചരിത്രത്തിൽ കൈകടത്താനുള്ള കറപുരണ്ട ശ്രമങ്ങൾ രാഷ്ട്രത്തെ ഭയാനകമായ സ്ഥിതിയിലേക്ക് നയിക്കും. അതിനെതിരെ പോരാടേണ്ടത് ഓരോരുത്തരുടെയും കടമ കൂടിയാണെന്ന ഓർമപ്പെടുത്തലാണ്, 1921 മുന്നോട്ടുവെക്കുന്നത്.

നീൽദർപ്പൺ

1858-1859 കാലയളവിൽ ദീനബന്ധു മിത്ര രചിച്ച ബംഗാളി നാടകമാണ് നീൽ ദർപ്പൺ. ബ്രിട്ടീഷ് ഗവൺമെന്റിന്റെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെയുള്ള ശക്തമായ പോരാട്ടമാണ് നീലം കർഷക സമരം. അമിതലാഭത്തിനായി നീലം കൃഷിചെയ്യാൻ ബ്രിട്ടീഷുകാർ നിർബന്ധിച്ചപ്പോൾ ഭൂമിയുടെ ഫലഭൂയിഷ്​ഠത കുറയുകയും കൃഷി ചെയ്യാൻ അമിത വായ്പയെടുക്കേണ്ടിയും വന്നത് ജനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇതിനെ കർഷകർ ശക്തമായി പ്രതിരോധിച്ചു. അതിന്റെ അടയാളപ്പെടുത്തലാണ് നീൽദർപ്പൺ.

ഗ്വർണിക്ക

പാബ്ലോ പിക്കാസോ വരച്ച യുദ്ധവിരുദ്ധ ചിത്രമാണ് ഗ്വർണിക്ക. യുദ്ധത്തിന്റെ ദൂഷ്യഫലങ്ങളും യുദ്ധം പൗരന്മാരെ ഏതുവിധത്തിൽ ബാധിക്കുന്നുവെന്നും അടയാളപ്പെടുത്തുന്ന ചിത്രമാണിത്. സ്പാനിഷ് ദേശീയവാദികളുടെ അഭ്യർത്ഥനപ്രകാരം നാസി ജർമനിയും ഫാഷിസ്റ്റ് ഇറ്റലിയും ബോംബെറിഞ്ഞ വടക്കൻ സ്പെയിനിലെ ബാസ്കിലുള്ള ചെറു നഗരമാണ് ഗ്വർണിക്ക. അതിന്റെ പശ്ചാത്തലത്തിൽ , യുദ്ധത്തിന്റെ ഭവിഷ്യത്തുകൾ വരച്ചു കാട്ടുന്ന, യുദ്ധവിരുദ്ധ സന്ദേശമാണ് ഗ്വർണിക്ക മുന്നോട്ടുവയ്ക്കുന്നത്.

പൂമത്തെയ്

വടക്കൻപാട്ടിലെ വീരനായികയാണ് പൂമാതൈ പൊന്നമ്മ. പുലയ യുവതിയായ പൂമാതൈ പൊന്നമ്മയെ കടലുംകര നാടുവാഴി ലൈംഗിക ബന്ധത്തിനായി ക്ഷണിക്കുന്നു. അതിനവൾ വഴങ്ങാതായതോടെ ആയിത്തിരയെന്ന സ്ത്രീ വഴി, കാലിമേയ്ക്കാൻ വരുന്ന യുവാക്കളുമായവൾ അവിഹിതബന്ധത്തിലേർപ്പെടുന്നുവെന്ന കെട്ടുകഥ നാട്ടിലാകെ പാട്ടാക്കി.. തുടർന്ന് അവളുടെ ഗോത്രം മുക്കണ്ണൻ പന്തം കൊണ്ട് പൂമാതൈയുടെ തലയും മുലയും കരിക്കാനായി വിധിക്കുന്നു. മരണാസന്നയായ അവൾ ആയിത്തിരയെ നോക്കി മരണാനന്തരം ആത്മാവായി വന്ന് പ്രതികാരം തീർക്കുമെന്ന് പറഞ്ഞശേഷം മരണം വരിക്കുന്നു. ഭയചകിതയായ ആയിത്തിര എല്ലാവരോടും സത്യം തുറന്നു പറയുന്നു, അപ്പോഴേക്കും തിരുത്താൻ പറ്റാത്ത ഒരു വലിയ തെറ്റായി അത് മാറിയിരുന്നു. പിന്നീട് നാടുവാഴിയുടെ വീട് അഗ്നിയാക്കപ്പെട്ട നിലയിൽ കാണപ്പെട്ടു. തന്റെ നിലപാടിൽ ഉറച്ചുനിന്നതിന്റെ പേരിൽ, ഭരണാധികാരിയെ എതിർത്തതിന്റെ പേരിൽ, ക്രൂരപീഡനങ്ങൾക്ക് വിധേയമായിട്ടും തളരാതെ ഉറച്ചു നിന്ന ധീര യുവതിയാണ് പൂമത്തെയ്. പൂമത്തെയെ പോലുള്ള എത്രയോ പേർ നമുക്ക് ചുറ്റുമുണ്ട്.

ഇത്തരത്തിൽ വൈവിധ്യവും വ്യത്യസ്തവുമായ കാലഘട്ടത്തിന്റെ രാഷ്ട്രീയം പറയുന്ന, ഒറ്റപ്പെട്ട ശബ്ദങ്ങളെ ഏറ്റുപാടുന്ന, സാമൂഹികമായ മതിൽക്കെട്ടുകളെ ഭേദിക്കുന്ന, നിലനിൽക്കുന്ന വ്യവസ്ഥിതിയെ എതിർക്കുന്ന, സമഭാവനയുടെ രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത്. എല്ലാവരും ഒരുപോലെ പരിഗണിക്കപ്പെടുമോ എന്നതൊരു ചോദ്യമാണ്. എന്നാൽ, പരിഗണിക്കപ്പെടാനുള്ള, അവസരം എല്ലാവർക്കും ഒരുപോലെ ലഭ്യമാവണം.
വ്യത്യസ്ത ശബ്ദങ്ങൾ ഒരുപോലെ പരിഗണിക്കപ്പെടണം. അതിൽ നിന്ന് വിമർശനാത്മകമായി വേണ്ടവ ഉൾക്കൊള്ളാനും തള്ളിക്കളയാനുമുള്ള ശേഷി നാം ഓരോരുത്തരും ആർജിക്കണം.

Comments