സാജോ പനയംകോട്

വാച്ച്

നേരം കെട്ട നേരമ്പോക്കുകൾ
പെരുപ്പിച്ചെടുക്കുന്ന
ടിക് ടിക് ടിക്

ഒരു വന്യമൃഗത്തിൻ്റെ
തുറന്നിരിക്കുന്ന കണ്ണ് കൈത്തണ്ടയിയിൽ,
തുറിച്ചുനോട്ടത്തിൽ ചോരക്കൊതി.

വിരൂപമായ നേരത്ത്
പിറന്നതുകൊണ്ടാണിങ്ങനെ
ഞാനെന്ന്, ഞങ്ങളെന്ന്....

ശ്വാസം പൊള്ളിക്കുന്ന ചട്ടിയിൽ
ഒരു പഴയ ക്ലോക്ക് പുളിച്ച് പൊങ്ങുന്ന
കഥയാണിക്കവിതയിലെന്ന്
വച്ച് വാങ്ങുമ്പോൾ
മാളിലെ ഷോപ്പിലെ വാച്ച്മാൻ.

അതിലില്ല
ആരും ജനിച്ച നേരമോ
മരിച്ച നേരമോ...

കണ്ണേറുകിട്ടിയ നേരം
തലേച്ചുറ്റി തുപ്പി ഉപ്പുമുളക്
അടുപ്പില് പൊട്ടിത്തെറിച്ച് ചുമയ്ക്കുന്നു

ലിഫ്റ്റിൽ താഴേയ്ക്കിറങ്ങുമ്പോേ...
അവിടെ സമയം
ഇവിടെ സമയം
മരണം വന്ന് ചിന്നിത്തെറിക്കുന്ന നേരം

അതവനും അവളും നടക്കാനിറങ്ങുമ്പോ നാലുമണിപ്പൂവ് കൊഴിയുന്ന നേരമേ ചെല്ലൂ... എന്നാ പാട്ടെഴുത്തുകാരൻ്റെ അറ്റകൈ.

സമയത്തിന് സമയത്തിൻ്റേതായ
ഒരു സമയമുണ്ടെന്ന് പോലും,
അല്ലാതെ തരമില്ലാന്ന് അവരലറുന്നു.

സൂചികൾ
വേലമുണ്ടു പൊതിഞ്ഞ് നടക്കവെ
ഊളിയിട്ടുവരുന്നുണ്ടൊരു
ക കറുത്ത കാമുകി.

ഒന്ന് പേരോ നാടോ ഓർക്കാൻ പോലും
നേരം തരാത്ത വിശപ്പ് മണപ്പിച്ച്...

തട്ടുകടയിലെ മൊരിഞ്ഞ ദോശക്കും
തേങ്ങാ ചമ്മന്തിക്കും അമ്മച്ചിയുടെ
അരകല്ല് ചുരത്തുന്ന അരപ്പ്, എരി.
പട്ടാളവണ്ടികൾ പരക്കം പായുന്ന റോഡ്
അടുപ്പിലേക്ക് തെറിക്കും മാംസക്കഷ്ണങ്ങൾ
ചേറൂറ്റികുനിച്ചിടുമ്പോൾ.

മഞ്ഞ ഛർദ്ദിച്ച് ഏങ്ങലടിച്ച്
എന്താന്ന് അവൾ കെട്ടിപ്പിടിക്കുന്നു.
ഒരു കൈയ്യോ കവിളോയില്ല
കയ്പ് വായിൽ കവി, യുന്നുണ്ട്.

മക്കളുടെ കരച്ചിലവളും കേൾക്കുന്നതാണോ
ചെവി തപ്പി നോക്കാനെങ്ങനെയീ നേരം.

മനക്കരുത്തുള്ള ഒരു സമയം വരുമോ,
തിരിഞ്ഞുനിൽക്കണം
കറുത്ത കാലല്ലേ
ആകാശത്തേക്ക് ചുരുട്ടി
ഉയർത്തിപ്പിടിക്കണം...

കാലം സമയത്തിന് കീ കൊടുക്കും
തീ കൊണ്ട് തീറ്റ കൊടുക്കും.

പെട്ടെന്നവൾ പ്രേമം
തറയിലിട്ട് കടലായി ചോരയായി
ആഞ്ഞടിച്ചു..

ഇതാ ഞാൻ വന്നിറങ്ങിക്കോ.

അവൻ
നേരം നോക്കാതെ വാച്ചിലേക്കിറങ്ങി
ഇതാരുമറിയില്ലായിരിക്കും.
അറിഞ്ഞിട്ടുമെന്തിന്
യുദ്ധത്തെ വെടിക്കെട്ടു പോലെ
കാണും കാണിക്കും കണ്ണാടിയിലാണ്
ആ സമയം തുറിച്ചുനോക്കുന്നത്.


സാജോ പനയംകോട്

കവി, തിരക്കഥാകൃത്ത്, ചിത്രകാരൻ. പിമ്പുകളുടെ നഗരത്തിൽ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments