ഒന്ന്
നാലുമണി നേരത്ത്
മകളെ സ്കൂളിൽനിന്ന്
കൂട്ടാൻ പോയതായിരുന്നു.
സ്കൂൾ തന്നെ
അവിടെയുണ്ടായിരുന്നില്ല.
രണ്ട്
ആദ്യം അസ്ഥിയൊടിഞ്ഞത്
ആകാശത്തിന്റേതാണ്.
പിന്നീട് ഞങ്ങൾ
ദേശത്തിന്റെ കശേരുക്കൾ
തിന്നു തുടങ്ങി.
മൂന്ന്
പട്ടാളക്കാരെ കുറ്റം പറയരുത്.
മനുഷ്യരോട് എങ്ങനെയെന്നതല്ല,
വളർത്തുപിറാവുകളെ, മീനുകളെ
അവർ താലോലിക്കുന്നത്
നിങ്ങൾ കാണുന്നേയില്ല.
നാല്
കുടിവെള്ളത്തിനുപോലും
അനർഹർ.
ഞങ്ങൾ കുഴിമാടങ്ങളിൽ
കരവെള്ളം കുടിച്ചു വളരുന്നുണ്ട്.
അഞ്ച്
ശവങ്ങളെ ആഹരിച്ച്
കഴുകുകൾ നടത്തുന്ന
മയിൽനൃത്തത്തിലാണ്
എന്റെ കണ്ണ്.
ആറ്
‘വി ദ പീപ്പിൾ ഓഫ് വാർ’
പുതിയ ഭരണഘടനയുടെ
ആദ്യ വരി കുറിക്കപ്പെട്ടു.
ഏഴ്
മുട്ടിലിഴഞ്ഞ് വളരാൻ
തുടങ്ങുന്ന കാലത്തേ
കണി വീട്ടുപടിക്കലെ
കവചിത ടാങ്കായിരുന്നു.
എട്ട്
മറന്നതല്ല
തലച്ചോർ
പിളർന്നതാണ്.
ഒമ്പത്
ഞങ്ങളുടെ ചക്രവാളത്തിന്
ഇപ്പോൾ വില
ഒരു നയാപൈസ മാത്രം.
പത്ത്
കുട്ടികൾ അങ്ങനെയാണ്.
തകർന്നുകിടക്കുന്ന
കെട്ടിടക്കൂനകളിൽ
അവർ ലാമിൻ
യമാലിനെ
വരക്കുന്നു.
