പി.എൻ. ഗോപീകൃഷ്​ണൻ

കവിത, എന്തുകൊണ്ട്?

ഇന്നത്തെ ലോകം പലനിലയ്ക്കും കവിതയ്ക്ക് എതിരാണ്. അതിനാൽ സെലിബ്രിറ്റി സ്റ്റാറ്റസ് കൊതിച്ച് നിൽക്കാവുന്ന ഒരിടമല്ല കവിത. അതേസമയം, കവിതയെപ്പറ്റിയുള്ള മുൻവിധികളിൽനിന്ന് മോചിതരായവർക്ക് ഇന്നത്തെ കവിത കൂടുതൽ നന്നായി മനസ്സിലാക്കാൻ കഴിയും.

ടി.പി. വിനോദ്: പുതിയ സമാഹാരം വരുന്ന കാര്യം അറിയിച്ച് എഫ് ബിയിൽ ഇട്ട പോസ്റ്റിൽ, 40 കവിതകളുള്ള, ‘കവിത മാംസഭോജിയാണ്​’ എന്ന ഈ പുസ്തകത്തിന്റെ വില വെച്ച് നോക്കിയാൽ ഒരു കവിതയ്ക്ക് 5.75 രൂപയാണ് വില വരികയെന്നും, നമ്മുടെ കാലത്ത് ഒരു ചായക്ക് ഇതിന്റെ ഇരട്ടിയോളം വിലയുണ്ടെന്നും, ഒരു ചായ ഉണ്ടാക്കുന്നതിലും അദ്ധ്വാനം ഒരു കവിതയ്ക്ക് പുറകിലുണ്ടെന്നും പറയുന്നുണ്ട്. വ്യാവഹാരിക ലോകത്തിന്റെ സാമാന്യബുദ്ധിയിൽ നിന്നുപോലും കവിതയിലേക്ക് വഴികളും വെളിച്ചങ്ങളുമുണ്ടെന്ന് ഗോപീകൃഷ്ണനിലെ കവി ഉറച്ചുവിശ്വസിക്കുന്നതായി തോന്നിയിട്ടുണ്ട്. ഇത് നമ്മുടെ ഭാഷയിലെ കവിതകളുടെ പൊതുവായ ചില പ്രത്യേകതകളുടെ, ഒരുപക്ഷേ കവിതയിൽ നിന്ന് മലയാളി പ്രതീക്ഷിക്കുന്ന ചില പതിവുകളുടെ വിപരീത ധ്രുവത്തിലുള്ള നിൽപ്പ് കൂടിയാണ്. അല്ലേ?

പി.എൻ. ഗോപീകൃഷ്ണൻ: കുറച്ച് വിശദമായി പറയേണ്ടതാണ്. കോവിഡ്- 19 ഉം വകഭേദങ്ങളും തളച്ചിട്ട കാലക്രമത്തിന്റെ ഒരു പരിവൃത്തത്തിനുശേഷമാണ് ഈ പുസ്തകം പുറത്തിറങ്ങുന്നത്. കോവിഡ് നമ്മുടെ ആരോഗ്യ ഭൂപടത്തെ മാത്രമല്ല തകർത്തത്. സാമ്പത്തികാവസ്ഥയെ കൂടിയാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സാമ്പത്തികാവസ്ഥകളെ ആശ്രയിച്ച് ജീവിക്കുന്നവരെയാണ് സാമ്പത്തികമായി ഈ രോഗം നട്ടെല്ലൊടിച്ചിട്ടുള്ളത്. കേരളത്തിന്റെ സാംസ്‌കാരികാവസ്ഥയ്ക്ക് ചലനാത്മകത പകരുന്നത് മദ്ധ്യവർഗവും അതിൽ താഴെയുള്ളവരുമാണ്​. ഒരു പുസ്തകം അങ്ങാടിയിൽ വില്പനയ്ക്ക് വരുമ്പോൾ ഈ സവിശേഷസന്ദർഭത്തിൽ, ഞെരുക്കത്തിന്റെ സാമ്പത്തികാവസ്ഥയിൽ, അത് മുതൽമുടക്കിനെ ന്യായീകരിക്കുന്ന ഒന്നാണെന്ന്, കോസ്റ്റ് എഫക്റ്റീവ് ആണെന്ന്, അവരെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം കവിയുടെ അദ്ധ്വാനത്തിന്റേതായ ഒരു സാമ്പത്തികമൂല്യം കവിതക്കുണ്ടെന്നും. ഒരു സാംസ്‌കാരിക സമ്മേളനത്തിൽ നമുക്ക് ഇത് പറയേണ്ട കാര്യമില്ല. പക്ഷെ, ഒരു പുസ്തകം അങ്ങാടിയിൽ വില്പനയ്‌ക്കെത്തുമ്പോൾ ഉണ്ട്.

പുസ്തകത്തിന്, കലാവസ്തുവിന് അതിന്റെ ഉള്ളടക്കത്തേയോ, അതുണ്ടായ പരിസ്ഥിതിയേയോ മാനിച്ചുള്ള ഒരു പരിവേഷമല്ല കമ്പോളം നൽകുക. പെരുപ്പിച്ച ഒരു പരിവേഷമാണ്.

രണ്ടാമത്, കുറേക്കൂടി വിശാലമായ സാമ്പത്തിക പരിസരമാണ്​. ആഗോള കമ്പോളം രൂപം കൊണ്ടതോടെ നമ്മുടേതുപോലെയുള്ള രാജ്യങ്ങളുടെ നിർവ്വചനം തന്നെ മാറിയിട്ടുണ്ട്. പണ്ടുകാലത്ത് നമ്മൾ മൂന്നാംലോകരാജ്യവും ചേരിചേരാരാജ്യവും വികസ്വരരാജ്യവും ഒക്കെയായിരുന്നു. ഇന്ന് ഇതൊന്നുമല്ല. ആഗോള ഭാഷയിൽ നാം ഒരു ഉണരുന്ന കമ്പോളം (Emerging Market) ആണ്. ബാക്കിയെല്ലാം അതിന്റെ താഴെ വരുന്ന കാര്യങ്ങൾ മാത്രം. സാംസ്‌കാരിക വ്യവസായം എന്നത് ഈ ആഗോള കമ്പോളത്തിന്റെ ഭാഗമാണുതാനും. പുസ്തകത്തിന്, കലാവസ്തുവിന് അതിന്റെ ഉള്ളടക്കത്തേയോ, അതുണ്ടായ പരിസ്ഥിതിയേയോ മാനിച്ചുള്ള ഒരു പരിവേഷമല്ല കമ്പോളം നൽകുക. പെരുപ്പിച്ച ഒരു പരിവേഷമാണ്. അത് ഏതെങ്കിലും സാംസ്‌കാരികാവശ്യങ്ങൾക്കോ രാഷ്ട്രീയാവശ്യങ്ങൾക്കോ അല്ല താനും. മറിച്ച് സാമ്പത്തിക പ്രയോജനത്തിന് മാത്രമാണ്.

എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ബന്ധം ഉല്പാദകരും ഉപഭോക്താക്കളും തമ്മിൽ ഇന്ന് നിലനിൽക്കുന്ന തരത്തിലുള്ള നിഗൂഢതകൾക്കും വ്യാജങ്ങൾക്കും മുകളിലെ ‘നീതിയുക്തത' ആകരുത് എന്നാണ് ഞാൻ വിചാരിക്കുന്നത്. കൂടെ നടത്തമാണ് അത്. അതിനാൽ മിച്ചമൂല്യം വർദ്ധിപ്പിക്കാനല്ല, ഈ പുസ്തകവും അതിലെ കവിതകളും ശ്രമിക്കുന്നത് എന്ന് ബോധ്യപ്പെടുത്താനുള്ള ബാധ്യതയും നിറവേറ്റാനാണ് "കവിത മാംസഭോജിയാണ്' എന്ന പുസ്തകത്തെ ആ തരത്തിൽ സ്ഥാനീകരിക്കാൻ ശ്രമിച്ചത്.

കവിതകൾ ആഗോള സമ്പദ്​വ്യവസ്ഥയ്ക്ക് പുറത്തുനിൽക്കുന്ന ഒന്നല്ല എന്ന് നമുക്കറിയാം. എന്നാൽ സമ്പദ്​വ്യവസ്ഥയോട് കവിതയ്ക്കും പറയാനുണ്ട്. രാഷ്ട്രീയത്തോടും അധികാരത്തോടും കവിതയ്ക്ക് പറയാനുണ്ട്. ഇവയെല്ലാം ചേർന്നുണ്ടാക്കുന്ന സാമാന്യബോധം അതിനാൽ കവിതയെ പഴയ കുപ്പത്തൊട്ടിയിൽ കൊണ്ടിടാൻ എക്കാലത്തും ശ്രമിക്കും. ഒരു കവിയും അതിന് പിടികൊടുക്കരുത്.

എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ബന്ധം എന്നത് ഒരു കവിതാ സമാഹാരത്തിന്റെ കാര്യത്തിൽ സവിശേഷമായ ഒന്നാണ്. ഒരു സമാഹാരത്തിലേക്കുള്ള കവിതകൾ ഒന്നിച്ചെഴുതുകയല്ലല്ലോ ഒരു കവി ചെയ്യുക. പല കാലങ്ങളിൽ, പലതിൽ നിന്നും, പലതിലേക്ക്, പലതു കൊണ്ടുമുള്ള കവിതകൾ ഒരു പുസ്തകമായി സമാഹരിക്കുകയാണല്ലോ. ഇങ്ങനെ പുസ്തകത്തിൽ ഒന്നിച്ചിരിക്കുന്ന കവിതകൾ കാണുമ്പോൾ, കവിതകളിലൂടെയും കാലത്തിലൂടെയുമുള്ള ഒരാളിന്റെ സഞ്ചാരങ്ങൾ പ്രതിഫലിക്കുന്ന വിധത്തിൽ ഒരു Synergy കവിതകളുടെ ചേർപ്പിൽ നിന്ന് ഉരുത്തുയർന്ന് വരുന്നതും നമുക്ക് അനുഭവിക്കാം. കവിയുടെ കാവ്യവീക്ഷണത്തിന്റെയും ലോകവീക്ഷണത്തിന്റെയും സമഗ്രതയെ (അങ്ങനെയൊന്ന് ഉണ്ടെങ്കിൽ) നമ്മൾ കാണുന്നത് (ഒരു പരിധി വരെ യാദൃച്ഛികമായി) ഒരേയിടത്ത് എത്തിപ്പെട്ട ഈ കവിതകളാൽ പൂരിപ്പിക്കപ്പെട്ട വിധത്തിലാണ്. കഥയ്‌ക്കോ നോവലിനോ ഒന്നും ഇങ്ങനെയൊരു കാര്യം ഇതേവിധത്തിൽ ബാധകമല്ലെന്നും തോന്നുന്നു.

അതെ. ഒരു കവിതാസമാഹാരം എന്നാൽ കാലസമാഹാരം കൂടിയാണ്. പലകാലങ്ങളെ ഒന്നിച്ചുകൂട്ടുന്നത്. ആ അർത്ഥത്തിൽ വ്യത്യസ്തമായ ഒരു ഘടികാരം ആണത്. മുഖ്യധാരാകാലത്തിനെതിരെ പണിയുന്ന സമയത്തിന്റെ ഒരു ബദൽ പദ്ധതി. അതേസമയം, ഒരു കവിതാ സമാഹാരം എന്നാൽ പത്രം പോലെയുള്ള ഒന്നല്ല താനും. പത്രത്തിൽ ആദ്യപേജിൽ നമ്മുടെ ഇരിപ്പിനെ അസ്വസ്ഥപ്പെടുത്തുന്ന തരം വാർത്തകളാകും ഉണ്ടാകുക. അസ്വസ്ഥപ്പെടുത്തുക എന്ന് ഞാൻ ഉദ്ദേശിച്ചത് നെഗറ്റീവ് ആയ അർത്ഥത്തിൽ ആല്ല. ഇന്ത്യയ്ക്ക് ഒളിമ്പിക്‌സ് സ്വർണം കിട്ടുന്നതും സ്റ്റാറ്റസ് ക്വോ തകർക്കുന്ന ഒന്നാണ്. രണ്ടാമത്തെ പേജ് പ്രാദേശിക വാർത്തകൾ ആണ്. അത് താത്പര്യമുള്ളവർക്കുമാത്രം നോക്കാനുള്ള ഒന്നാണ്. കൊച്ചി എഡീഷന്റെ രണ്ടാം പേജ് കോഴിക്കോട്ടുകാർ അലസമായേ നോക്കൂ, നോക്കേണ്ട കാര്യം ഉള്ളൂ. അതുപോലെ സ്‌പോർട്‌സ് പേജ്, ചരമപേജ് എന്നിങ്ങനെയുള്ള വർഗ്ഗീകരണങ്ങൾ ഒരു തരം ഫിൽട്ടറിങ്ങ് നിർവ്വഹിക്കുന്നുണ്ട്.

കവിതയെ സംബന്ധിച്ച് എക്കാലത്തേക്കുമുള്ള ഒരു നിർവ്വചനം സാധ്യമല്ല. ഇക്കാലത്ത് കവിത ഏതുവിധേന മനുഷ്യർക്കൊപ്പം നില്ക്കും എന്നാണ് അന്വേഷിക്കേണ്ടത്

അതായത് പത്രം എന്നത് 24 മണിക്കൂറിന്റെ, ഏറ്റവും ചുരുങ്ങിയത് 12 മണിക്കൂറിന്റെ വർഗ്ഗീകരണമാണ് നടത്തുന്നത്. കവിതാസമാഹാരം വർഷങ്ങളുടെ സംഗ്രഹവും. രണ്ടുതരം സമയബോധമാണ്​ അവിടെ പ്രവർത്തിക്കുന്നത്. വായനയുടെ നിമിഷത്തിലേയ്ക്ക് അനേകവർഷങ്ങളെ സംഗ്രഹിക്കുന്ന ഒന്നും, വർഗ്ഗീകരണത്തിന്റെ ചരിത്രത്തിലേയ്ക്ക് ഒരു നിശ്ചിതചരിത്രത്തെ വിവൃതമാക്കുന്ന ഒന്നും. സമയത്തിന്റെ രണ്ടു വ്യത്യസ്ത സിംഫണികൾ. കവിത ഉൾക്കൊള്ളുന്ന ചരിത്രപദാർത്ഥം പത്രം ഉൾക്കൊള്ളുന്ന ദൈനംദിന ചരിത്ര പദാർത്ഥത്തിന് എതിർ നിൽക്കുന്നത് അങ്ങനെയാണ്. കവിത പത്രത്തിനെതിരാണ്.

നോവൽ പത്രത്തിനെതിരാണെന്ന്, മേൽവിവരിച്ച സമയമാപനപ്രകാരം പറയാൻ കഴിയില്ല. അനുസ്യൂതമായ ഒരു സമയക്രമം അത് പേറുന്നുണ്ട്. ആഖ്യാന കവിതയും കഥയും നോവലും ഒക്കെത്തമ്മിലുള്ള വ്യത്യാസം കിടക്കുന്ന ഒരു തലം ഇതാണ് . സമയമാപനത്തിലുള്ള വ്യത്യാസം. ഒക്കെ വ്യത്യസ്തമായ ഗ്രഹങ്ങൾ ആണ്. ഭൂമിയിൽ തന്നെ ഒരു ഘടികാരം വെച്ച് എല്ലായിടത്തേയും സമയക്രമം അളക്കാൻ വയ്യാതിരിക്കേ വ്യത്യസ്ത ഗ്രഹങ്ങളിൽ ഒരേ ഘടികാരവുമായിപ്പോയാലുള്ള സ്ഥിതി എന്തായിരിക്കും?

നീതിബോധത്തിന്റെ, സൗന്ദര്യബോധത്തിന്റെ, ചരിത്രബോധത്തിന്റെയും സ്വാഭാവികമായ ഒരു Extension എന്ന നിലയിൽ കവിതയെ പരിചരിക്കുന്നതായി തോന്നിയിട്ടുണ്ട്. കവിത ഗോപിയേട്ടന് ഒരു ‘അതിബോധ'മാണോ?

കവിതയെ സംബന്ധിച്ച് എക്കാലത്തേക്കുമുള്ള ഒരു നിർവ്വചനം സാധ്യമല്ല. ഇക്കാലത്ത് കവിത ഏതുവിധേന മനുഷ്യർക്കൊപ്പം നില്ക്കും എന്നാണ് അന്വേഷിക്കേണ്ടത്. അത് ഒരു ആഡംബരമായാണോ? അല്ലെങ്കിൽ അധികാരരൂപങ്ങൾ കരുതുംപോലെ അടിച്ചേല്പിക്കുന്ന ഒരു സംസ്‌കാരരൂപമായാണോ? അതുമല്ലെങ്കിൽ പഴമയിൽനിന്ന്​ കണ്ടെടുക്കുന്ന ഒരു അഭിമാനബോധമാണോ? ഇതൊന്നുമല്ല എന്നാണ് എന്റെ ഉത്തരം. ജീവിതം എന്ന കള്ളിയിൽ ഏറിയും കുറഞ്ഞും നീതിക്കുവേണ്ടിയുള്ള സമരം നിരന്തരം നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഒന്ന്, ഒന്നര നൂറ്റാണ്ടായി ലോകജീവിതം അതാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് ഒരു തുടർപ്രക്രിയയാണ്. അതിൽ കവിതയും പല തരത്തിൽ പങ്കെടുക്കുന്നുണ്ട്. പരിക്കുകൾ അടയാളപ്പെടുത്തി, നിശ്ശബ്ദതകൾക്ക് സ്വരം നൽകി, ദൈനംദിനതകളെ ദാർശനികവല്ക്കരിച്ച്, അടിച്ചേല്പിക്കപ്പെടുന്ന ധാരണകളെ ചോദ്യം ചെയ്ത്. ഇവിടെ ഇതാണ് ജീവിതം എന്ന് അധികാരരൂപങ്ങളും ബിൽബോർഡുകളും അന്നന്നത്തെ മാധ്യമങ്ങളും സൃഷ്ടിക്കുന്ന പൊതുബോധത്തോട് കവിതയ്ക്ക് നിരന്തരം ഇടയേണ്ടി വരുന്ന ഒരു കാലത്താണ് നാം. ഇത് അതിബോധം എന്നതിനേക്കാൾ ഒരു അവബോധ നിർമാണമാണ്. സാമ്പത്തികശാസ്ത്രത്തിന്റെ കടാക്ഷം അവിടേയ്ക്ക് ഏല്ക്കാത്തതുകൊണ്ട് അത് നിസ്സാരമല്ല. ജീവികൾ ഭാവനയുടെ ഉറവിടങ്ങൾ ആണ്. ഭാവന സ്വപ്നം മാത്രമല്ല. അതിന് സമകാലികതയെ അപഗ്രഥിക്കാനുള്ള ശക്തമായ കഴിവുകൾ ഉണ്ട്. ഭാവിയെക്കുറിച്ചുള്ള ആസൂത്രണബോധം ഉണ്ട്. അതിനുമുന്നിലും പിന്നിലും വശങ്ങളിലും ജ്ഞാനേന്ദ്രിയങ്ങളുണ്ട്. നമ്മെ ഇന്നത്തെ പ്രത്യക്ഷലോകം, ഭൂരിപക്ഷലോകം എന്ന് നടിക്കുന്ന ലോകപ്രതിരൂപം, നിരന്തരം എഡിറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ തിരിച്ച് നാം അതിനെയും എഡിറ്റ് ചെയ്യാൻ ശ്രമിക്കുന്നു. ഇതിനിടയിൽ നിന്നാണ് കവിത ഉണ്ടാകുന്നത്.

സമകാലികതയെ അപഗ്രഥിക്കാൻ ഭാവനയ്ക്കുള്ള ശേഷിയെപ്പറ്റി പറഞ്ഞുവല്ലോ. നമ്മുടെ സമകാലികതയെ നിർണയിക്കുന്നത് നമ്മുടെ ഭാവനകൂടി ചേർന്നായിരിക്കണം. ഭാവന ആവശ്യമില്ലാത്ത ഒന്നാണ് സമകാലികത എന്ന് വരുത്തിത്തീർക്കുന്ന പദ്ധതികളോട് നമുക്ക് ചെറുത്ത് നിന്നേ പറ്റൂ. ഒരു വിധത്തിൽ യാഥാർത്ഥ്യത്തിന്റെ ഏറ്റവും കലാപരമായ (കലാപപരവുമായ?) Calibration ആണ് ഭാവന. നാസികൾ ആധുനിക ചിത്രകലയെ Degenerate art എന്ന് പേരിട്ട് നിരോധിക്കുകയും തച്ചമർത്തുകയും ചെയ്ത കാര്യം നമുക്ക് ഓർമ്മയുണ്ടല്ലോ. യാഥാർത്ഥ്യത്തെ വേറൊരു വിധത്തിൽ സ്വാംശീകരിക്കാനും സാക്ഷാത്കരിക്കാനും മറ്റുള്ളവർക്ക് സാധിക്കുന്നുണ്ട് എന്നത് മൗലികവാദികൾക്കും റേസിസ്റ്റുകൾക്കുമൊക്കെ സഹിക്കാൻപറ്റാത്ത വേവലാതി ഉണ്ടാക്കുന്ന കാര്യമാണ്.

കലയെപ്പറ്റി, ഭാവനയെപ്പറ്റി സംസാരിക്കുമ്പോഴുള്ള ഏറ്റവും വലിയ പ്രശ്‌നം ഏതു കല, ഏതു ഭാവന എന്നത് തുടക്കത്തിലേ വ്യവച്ഛേദിക്കണം എന്നതാണ്. കല ലോകത്തിൽ ഒന്നും ചെയ്യുന്നില്ല എന്നത് ഒരു പ്രസ്താവനയായി അംഗീകരിക്കാൻ പ്രയാസമില്ലാത്ത കാലത്തുതന്നെ, കലയ്ക്ക് പൊതുവേ ശക്തി കുറഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്ന കാലത്തു തന്നെയാണ് ജെഫ് ബെസോസും സുക്കർ ബെർഗും അടങ്ങുന്ന ലോകത്തിലെ ആ വെണ്ണപ്പാളിവർഗ്ഗം കല ഉപയോഗിച്ച് അവരുടെ ഓഹരിവില ഉയർത്തിക്കൊണ്ടിരിക്കുന്നത്. പരസ്യം ഇല്ലാത്ത ഒരു ലോകം സങ്കൽപ്പിക്കാൻ പറ്റുക എന്നതുതന്നെ അസാധ്യമായ ലോകത്താണ് നാം ജീവിക്കുന്നത്. എത്ര വലിയ രാഷ്ട്രീയചർച്ചയ്ക്കും ഇടയ്ക്ക് ഒരു ബ്രേയ്ക്ക് വേണം. കാണികളും ചർച്ച ചെയ്യുന്നവരും അവതാരകരും ഒക്കെ ഐക്യത്തോടെ സമ്മതിക്കുന്ന ഇടവേളയാണത്. അവിടെ ഓടുന്നത് പരസ്യം ആണ്. പ്രതിബദ്ധതയുള്ള കല . സോപ്പ് വിൽക്കുക, കാറ് വിൽക്കുക, ഡയപ്പർ വിൽക്കുക, എന്നിങ്ങനെ ലക്ഷ്യവേധിയായ ആ കലയ്ക്ക് എല്ലാവരും സമ്മതി തരുന്നു. അമ്പലത്തിൽ മണിമുട്ടുന്ന സമയത്ത്, അല്ലെങ്കിൽ പള്ളിയിൽ ബാങ്കുകൊടുക്കുന്ന സമയത്ത്, അപ്പുറത്തെ സാംസ്‌കാരിക സമ്മേളനത്തിന്റെ മൈക്ക് ഓഫ് ചെയ്യണോ വേണ്ടയോ എന്നത് നമുക്ക് തർക്കവിഷയമാക്കാം. പക്ഷേ, നവലിബറലിസത്തിന്റെ ബാങ്കുവിളിയോ മണിമുട്ടലോ ആയ പരസ്യത്തിന്റെ നേരത്ത് ചർച്ച നിർത്തണോ എന്ന കാര്യത്തിൽ നമുക്ക് സംശയമില്ല.

ഒരുതരം പ്രതിഭാവനയെയാണ് യഥാർത്ഥത്തിൽ നാം ഭാവന എന്ന് വിളിക്കുന്നത്, അത് പ്രയോഗിക്കുന്നതിലാണ് ജൈവബുദ്ധിജീവിതം നിലകൊള്ളുന്നത്. ജൈവം എന്നുപറയാമെങ്കിലും അത് വിത്ത് മുളക്കുന്ന പോലെയുള്ള ഒരു സ്വാഭാവിക ജൈവികപ്രവൃത്തി മാത്രമല്ല.

അതിനാൽ ഏതു ഭാവന എന്നു ചോദിച്ചേ, ഇതിന്റെ പ്രതികരണത്തിലേയ്ക്ക് പോകാനാകൂ. ഫാസിസം ഭാവനയ്‌ക്കെതിരായിരുന്നില്ല. എന്നാൽ അത് ഫാസിസ്റ്റ് വിരുദ്ധഭാവനയ്ക്ക് എതിരായിരുന്നു. എല്ലാ സമഗ്രാധിപത്യവ്യവസ്ഥകളും അവർക്ക് വിരുദ്ധമായ ഭാവനയ്ക്ക് എതിരായിരുന്നു. അതായത് ഒരുതരം പ്രതിഭാവനയെയാണ് യഥാർത്ഥത്തിൽ നാം ഭാവന എന്ന് വിളിക്കുന്നത്, അത് പ്രയോഗിക്കുന്നതിലാണ് ജൈവബുദ്ധിജീവിതം നിലകൊള്ളുന്നത്. ജൈവം എന്നുപറയാമെങ്കിലും അത് വിത്ത് മുളക്കുന്ന പോലെയുള്ള ഒരു സ്വാഭാവിക ജൈവികപ്രവൃത്തി മാത്രമല്ല. ഏത് മാനുഷികപ്രവൃത്തി പോലെയും അത് ഒരു നിർമ്മാണക്രിയ കൂടിയാണ്. ഈ പ്രതിഭാവനയാണ് യഥാർത്ഥത്തിൽ ലോകത്തെ ചലിപ്പിക്കുന്നത്. അധികാരകേന്ദ്രീകരണത്തിന്റെ മുന്നിലെ കടങ്കഥയും കീറാമുട്ടിയും അനിശ്ചിതത്വവും ആണത്. അധികാരക്കൊതിയുടെ പ്രച്ഛന്നരൂപങ്ങളെ കണ്ടുപിടിക്കുക എന്നത് അതിന്റെ ഡി എൻ എ യിൽ രേഖപ്പെടുത്തിയ ഒന്നാണ്. അതുകൊണ്ട് അതിനെ മെരുക്കുക, പ്രചരണത്തിന്റെ വേദപുസ്തകം ആൾക്കൂട്ടത്തെ പഠിപ്പിക്കുകവഴി അതിനെ നിർവ്വീര്യമാക്കുക, അതിന്റെ പ്രയോക്താക്കളൂടെ ജീവിതം വധശിക്ഷയേക്കാളും ആഴമുള്ള ഭീതിയിലേയ്ക്ക് മുതൽക്കൂട്ടുക എന്നിങ്ങനെ നിരന്തരം വേട്ടയാടപ്പെട്ടാലും ഈ വിസ്മയകരമായ പ്രതിഭാവന നിലകൊള്ളും.. ഏച്ചുകൂട്ടൽ അല്ലാതെ സ്വാഭാവികമായി തന്നെ

വിനോദ് പറഞ്ഞത് ശരിയാണ്, അവർ പ്രതിഭാവനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. സൈബറിടം പോലെയുള്ള ഇടത്തെ സർവൈലൻസ് ഇടം എന്ന് കേൾക്കുന്നതും വ്യാഖാനിക്കുന്നതും അതുകൊണ്ട് തന്നെ.

ശാസ്ത്രീയത എന്നത് ഒരു കൊളോണിയൽ മൂശയിലൂടെ നമ്മുടെ അടുത്തെത്തുമ്പോൾ കവി എന്ന നിലയിൽ ശാസ്ത്രത്തെ പാശ്ചാത്യ മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രത്തിൽ നിന്ന്​ വേർപെടുത്തുക അത്യാവശ്യമാണ്.

പ്രകാശഭൗതിക (Optics) ത്തിലെ ഒരു അടിസ്ഥാനപ്രമാണമനുസരിച്ച് ഒരു വസ്തുവിനെ ഒരു പ്രത്യേക വെളിച്ചമുപയോഗിച്ച് കാണാൻ സാധിക്കണമെങ്കിൽ ആ വെളിച്ചത്തിന്റെ തരംഗദൈർഘ്യം വസ്തുവിന്റെ വലിപ്പത്തേക്കാൾ ചെറുതായിരിക്കണമെന്നുണ്ട്. ചെറിയ തരംഗദൈർഘ്യം എന്നതിന് ഒരു നിശ്ചിത അകലത്തിനുള്ളിൽ കുറെയധികം തരംഗങ്ങൾ എന്നുകൂടി അർത്ഥമുണ്ട്. ഒരു നിശ്ചിത അകലത്തിൽ ആവശ്യത്തിൽ കൂടുതലായുള്ള സഞ്ചാരവും ജീവിതവും എന്ന് ഇതിനെ വേണമെങ്കിൽ വ്യാഖ്യാനിക്കാം. കാഴ്ചയുടെ കാര്യത്തിൽ ചെറിയ തരംഗദൈർഘ്യം സാധ്യമാക്കുന്ന സൂക്ഷ്മ ദൃശ്യങ്ങൾ നമ്മുടെ യാഥാർത്ഥ്യത്തെ സൂക്ഷ്മതയിലേക്ക് വിപുലീകരിക്കുന്നു. കവിതയുടെ സഞ്ചാരത്തിൽ ഇതുപോലൊരു സംഗതിയില്ലേ? കവിതയുടെ കാഴ്ചപ്പാട് തരംഗദൈർഘ്യങ്ങളുടെ തെരഞ്ഞെടുപ്പിനാൽ modulate ചെയ്യാവുന്ന ഒന്നല്ലേ? ഒരു നിമിഷത്തിൽ ആ നിമിഷത്തിലും കൂടുതൽ താമസിക്കുന്നതിനെപ്പറ്റി ആദ്യ സമാഹാരത്തിൽ പറയുന്നുണ്ട്. ആ ‘മടി' ഇപ്പോഴുമുണ്ടോ?

കിഴക്കൻ പ്രദേശങ്ങളിലെ ജീവിതത്തെപ്പറ്റിയുള്ള കൊളോണിയൽ വീക്ഷണങ്ങളിലൊക്കെ അവരുടെ മടിയും കാത്തിരിപ്പിനുള്ള സന്നദ്ധതയും ഉത്ക്കർഷേച്ഛയ്ക്കുള്ള വിമുഖതയും വിവരിക്കുന്നതായി കാണാം. അതിന്റെ ചുവട് പിടിച്ചു വന്നിട്ടുള്ള ആഖ്യാനങ്ങളിലൊക്കെ ഇത് പല മട്ടിൽ പ്രതിഫലിക്കുന്നുണ്ട്. കൊളോണിയൽ വിദ്യാഭ്യാസത്തിലൂടെ കടന്നുപോയി തങ്ങളുടെ സ്വത്വത്തെ അതിവിചിത്രമായ ഒരിടത്ത് സ്ഥാനീകരിച്ചവരും ഇമ്മട്ടിലുള്ള സമീപനങ്ങൾ സ്വീകരിച്ചുവരുന്നതായി കാണാം. ശാസ്ത്രീയത എന്നത് ഒരു കൊളോണിയൽ മൂശയിലൂടെ നമ്മുടെ അടുത്തെത്തുമ്പോൾ കവി എന്ന നിലയിൽ ശാസ്ത്രത്തെ പാശ്ചാത്യ മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രത്തിൽ നിന്ന്​ വേർപെടുത്തുക അത്യാവശ്യമാണ്. മനുഷ്യർ പാർക്കുന്ന പലപല ലോകങ്ങൾക്കനുസൃതമായി വസ്തുതകളെ സൂക്ഷ്മമായി വിഭജിക്കേണ്ടി വരും. കവിതയുടെ തരംഗദൈർഘ്യത്തെ കുറയ്ക്കുകയും കൂട്ടുകയും ചെയ്യേണ്ടി വരും. പൗരസ്ത്യതയെ ആദർശവല്ക്കരിക്കുമ്പോഴും നമുക്ക് ഇതുതന്നെ ചെയ്യേണ്ടി വരും. ധ്യാനം എന്നൊക്കെ അതിഭൗതികമായി തൊടാൻ പറ്റാത്ത അകലത്ത് കൊണ്ടുവയ്ക്കുമ്പോൾ അതിനെ ആധുനികമായി വ്യാഖ്യാനിച്ച് നിർമിത്തീകരിക്കേണ്ടി വരും. ചിന്തയുടെ ഒരവസ്ഥയാണ് സമയത്തിന്റെ അളവുകോലുകൾക്കപ്പുറം പോകാൻ കഴിയും എന്നത്.

വിനോദ്​, ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് പറയുന്ന കാര്യങ്ങളെ മറ്റൊരു തരത്തിലും എടുക്കാം. ഭാഷാസ്വാധീനമാണ് കവിത എന്ന് നിലനിൽക്കുന്ന ഒരു തോന്നലുണ്ട്. മലയാളത്തിൽ അങ്ങനെയൊരു രീതിയ്ക്ക് പലപല ആവിഷ്‌ക്കാരചരിത്രവും ഉണ്ട്. ഉദാഹരണത്തിന് നിമിഷകവിത, സമസ്യാപൂരണം തുടങ്ങി പല ഇടപാടുകളും ഇതിന് ചുറ്റും തിടം വെച്ചിട്ടുമുണ്ട്. ഇന്നത്തെ കവിതയുടെ പ്രത്യക്ഷതയിൽ ഇതൊന്നും കാണില്ല. പക്ഷെ, പൊതുസ്മരണയിൽ കവിതയും ഭാഷയും ഇതൊക്കെയാണ്. ഭാഷാസ്വാധീനം എന്നത് ഇത്തരം നൈപുണികളിലേയ്ക്ക് നയിക്കുന്ന ഒന്നല്ല എന്ന തിരിച്ചറിവിനെ പ്രകാശിപ്പിക്കുക അത്യാവശ്യമാണ്. അതുകൊണ്ട് ഭാഷയെ വളരെ സമീപസ്ഥമായി നിരീക്ഷിക്കേണ്ടിവരുന്നുണ്ട്. കവിയുടെ ലോകം ഭാഷയാണ്. ഉദാഹരണത്തിന് പക്ഷെ, എന്ന പദം നോക്കുക. എന്തൊരു ശക്തിയുള്ള പദമാണത്. അത് ക്രിക്കറ്റിന്റെ ഭാഷയിൽ പറയുകയാണെങ്കിൽ ഒരു സ്പിൻ ആണ്. ഭാഷ പോയ്‌ക്കൊണ്ടിരിക്കുന്ന ദിശയെ പെട്ടെന്ന് അത് മാറ്റുന്നു. ഇങ്ങനെ വാക്കുകളുടെ ചലനങ്ങൾ തിരിച്ചറിയണം. അതോടൊപ്പം അത് ദർശനത്തിൽ ഉണ്ടാക്കുന്ന മാറ്റത്തെ സമഗ്രമായി കാണാൻ പറ്റണം. അങ്ങനെയാണ് കവിതാ ഭാഷ ഉണ്ടാകുന്നത്. ശാസ്ത്രം പോലെ ഒരു കൃത്യത അതിനാൽ കവിതാ ഭാഷയിൽ ഉണ്ടെന്ന് കാണാം.

പാശ്ചാത്യം, പൗരസ്ത്യം തുടങ്ങിയ ഒരു കാലത്തെ ബൗദ്ധികമായ ചില വർഗീകരണങ്ങൾ പോലും അധിനിവേശക/അധിനിവേശിത സങ്കല്പനത്തേക്കാൾ ഭാഷാഘടനയുടെ യുക്തി വെച്ചാണ് നിലനിന്നിരുന്നതെന്ന് തോന്നിയിട്ടുണ്ട്.

യുക്തി ഭാഷയിൽ പ്രവർത്തിക്കുന്നതിന് ഓരോ ഭാഷയ്ക്കും അതിന്റേതായ ചലനനിയമങ്ങളും സ്വാഭാവികതകളും പ്രത്യേകമായി ഉണ്ട് എന്ന് തോന്നിയിട്ടുണ്ട്. ‘ഏറ്റവും ഇഷ്ടം? / എന്നെത്തന്നെ / അത് കഴിഞ്ഞാൽ? / അത് കഴിയുന്നില്ലല്ലോ' - എന്ന കെ. ജി. എസ് കവിത ഇതിനൊരു ഉദാഹരണമായി എപ്പോഴും തോന്നുന്ന ഒന്നാണ്. ഈ കവിതയെ വേറൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ ശ്രമിച്ചാൽ അത് ബോധ്യമാവും.

യുക്തിക്കുതന്നെ ഭാഷക്കുപുറത്ത് നിലനിൽപ്പുണ്ടോ? ഭാഷ സൃഷ്ടിച്ച ഒരു വിന്യാസത്തിന്റെ പേരല്ലേ യുക്തി എന്നത്? പാശ്ചാത്യം, പൗരസ്ത്യം തുടങ്ങിയ ഒരു കാലത്തെ ബൗദ്ധികമായ ചില വർഗീകരണങ്ങൾ പോലും അധിനിവേശക/അധിനിവേശിത സങ്കല്പനത്തേക്കാൾ ഭാഷാഘടനയുടെ യുക്തി വെച്ചാണ് നിലനിന്നിരുന്നതെന്ന് തോന്നിയിട്ടുണ്ട്. നമ്മുടെ നാട്ടുരാജ്യങ്ങളിൽ രാജകുടുംബാംഗങ്ങൾ തിരുവയർ ഒഴിയുകയായിരുന്നു പതിവ്. കൊട്ടാരത്തിന് പുറത്തുള്ള സാധാരണക്കാർ പെറുകയും. തിരുമേനിയും അടിയനും തമ്മിലുള്ള അകലം ചെറുതായിരുന്നില്ല. നാം പല്ലുതേയ്ക്കുമ്പോൾ അവർ മണിമുത്തു വിളക്കി. എന്നു പറഞ്ഞാൽ കൊട്ടാരത്തിനകത്തും പുറത്തും രണ്ടു ഭാഷകളായിരുന്നു. രണ്ടു യുക്തി പ്രവർത്തിക്കുന്ന ഭാഷകൾ. അതായത്, ഒരു ഭാഷ എന്ന് നാം വിവക്ഷിക്കുന്നതിൽ തന്നെ രണ്ടു തരം യുക്തികളെ പ്രകാശിപ്പിക്കുന്ന ഘടനാപരമായ പിളർപ്പ് കണ്ടെത്താനാകും. ഒരു പക്ഷേ, ഭാഷയുടെ യുക്തിയെ മാറ്റുന്നതിലൂടെയാണ് കവിത പുതുക്കപ്പെടുന്നതിന്റെ ഒരു തലം എന്നുകാണാം.

വിനോദ് ചൂണ്ടിക്കാട്ടിയ പോലെ വിവർത്തനം എന്നാൽ പദങ്ങളെ ഒരു ഭാഷയുടെ പ്രതലത്തിൽ നിന്ന്​ മറ്റൊരു ഭാഷയുടെ പ്രതലത്തിലേയ്ക്ക് വെറുതേ മാറ്റിവെയ്ക്കുന്ന പണിയല്ല. സമാനപദങ്ങളുടെ ഒരു വാസ്തുവിദ്യയുമല്ല. അത് ഒരു ഭാഷയുടെ യുക്തിയെ മറ്റൊരു ഭാഷയുടെ യുക്തിയുമായി നേർക്കുനേർ നിർത്തുന്നതു കൂടിയാണ്.

ടി.പി. വിനോദ്

ഭാഷാഘടനയുണ്ടാക്കുന്ന യുക്തി വിവർത്തനങ്ങളിൽ എങ്ങനെ ഇടപെടുന്നു എന്നറിയാൻ എ. കെ. രാമാനുജന്റെ വിവർത്തനങ്ങൾ നോക്കിയാൽ മതി. പ്രത്യേകിച്ചും നമ്മുടെ പഴയ പ്രാദേശിക കൃതികൾ, പ്രാദേശിക ഭാവനയുടെയും ധൈഷണികതയുടേയും വൈദ്യുതനിലയങ്ങൾ, ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്യുമ്പോൾ രാമനുജൻ ചെയ്തത് ഈ ഭാഷായുക്തികളെ നേർക്കുനേർ നിർത്തുകയാണ്. എ.ഡി ഏഴാം നൂറ്റാണ്ടോളം പഴക്കമുള്ള വചന കവിതകൾ, സ്പീക്കിങ്ങ് ഓഫ് ശിവ ആയി തർജ്ജമ ചെയ്യപ്പെട്ടപ്പോഴും അതിലും പഴക്കമുള്ള സംഘം കവിതകൾ പോയംസ് ഓഫ് ലവ് ആൻഡ് വാർ ആയി മാറിയപ്പോഴും അതിന്റെ ആധുനികമാനത്തെ പ്രകാശിപ്പിക്കാൻ, അതും ഇംഗ്ലീഷിന്റെ ആധുനിക യുക്തി ഉപയോഗിച്ച് പ്രകാശിപ്പിക്കാനാണ് രാമാനുജൻ ശ്രമിച്ചത്. അതുകൊണ്ട് യാഥാസ്ഥിതികർ, ഒരു പക്ഷേ ഏതുഭാഷയും ഒരേ ഭാഷയുടെ വ്യത്യസ്ത പകർപ്പുകളാണെന്ന് കരുതുന്നവർ, രാമാനുജന്റെ തർജ്ജമയോട് കലഹിച്ചു. അവ വിശ്വസ്തമല്ലെന്ന് വാദിച്ചു.

രാംകിങ്കർ ബൈജ് ഉണ്ടാക്കിയ ടാഗോർ ശില്പം ടാഗോറേ അല്ലെന്ന് പറഞ്ഞവർ ടാഗോർ എന്ന ബാഹ്യരൂപത്തെ മനസ്സിൽ പ്രതിഷ്ഠിച്ച വിഗ്രഹാരാധകർ മാത്രമായിരുന്നു. ഭാഷയിലെ വിഗ്രഹാരാധകരാണ്​ കവിതയുടെ യുക്തി എന്നാൽ വൃത്തം, അലങ്കാരം, സംഗീതത്തെ ഉൾക്കൊള്ളാനുമുള്ള ശേഷി എന്നിവയുടെ ചേർന്നിരിപ്പായി കരുതുന്നത്.

നൊസ്റ്റാൾജിയ നമ്മുടെ സാഹിത്യത്തോട്, പ്രത്യേകിച്ച് കവിതയോട് ചെയ്തതെന്താണ്? ഉംബെർട്ടോ എക്കോ ഫാസിസത്തിന്റെ 14 ലക്ഷണങ്ങൾ പറയുന്നവയിൽ മിക്കവയും നമുക്ക് പരിചയമുള്ള നൊസ്റ്റാൾജിയയ്ക്ക് ചേരുന്നവയാണെന്ന് കാണാം. കവിതയിൽ ഇടപെടുന്ന മനുഷ്യരിൽ ഒരു സുവർണ ഭൂതകാലത്തിന്റെയും, നഷ്ടസ്വർഗത്തിന്റെയും, വ്യാജനന്മകളുടെയുമൊക്കെ മുൻകാല പ്രാബല്യങ്ങൾ കെട്ടിപ്പൊക്കി നിർത്താൻ നൊസ്റ്റാൾജിയയുടെ താങ്ങുകൾ നന്നായി ഉപയോഗിക്കപ്പെട്ടിട്ടില്ലേ?

നൊസ്റ്റാൾജിയ പലപ്പോഴും ഒരു വ്യാജപ്രതല നിർമാണമാണ്. അത് എളുപ്പം ചെയ്യാൻ പറ്റുന്നത് ഓർമകളെ പ്രത്യേകതരത്തിൽ ഉപയോഗിച്ചുകൊണ്ടാണ്. ഒന്ന് പണിപ്പെട്ടാൽ ഭൂതകാലത്തെ ഏത് അനീതിയേയും നൊസ്റ്റാൾജിയയാക്കി സ്വാദിഷ്ഠമാക്കാം. കേരളം പോലെ മനോഹരമായ ഭൂപ്രകൃതിയുള്ള സ്ഥലത്ത് പ്രത്യേകിച്ചും. ഞാൻ നൊസ്റ്റാൾജിയയെ ഭൂതകാലം മാത്രമായി പരിമിതപ്പെടുത്തുന്നില്ല. അതിനെ ഭാവിയിലേയ്ക്ക് പ്രൊജക്റ്റ് ചെയ്യാനും നമുക്കറിയാം. നല്ല നാളെയെക്കുറിച്ചാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്. എങ്ങനെ അത് വരും എന്ന് ചോദിച്ചാൽ ഉത്തരമില്ല. മഴക്കാലത്ത് മഴ പെയ്യും പോലെ സ്വാഭാവികമായ ഒന്നാണ് സംസ്‌കാരത്തിന്റേയും സമൂഹത്തിന്റേയും വികാസം എന്ന് എല്ലാവരും കരുതുന്നു. അങ്ങനെ ആരെങ്കിലും കരുതിയാൽ അവിടെ ഫാസിസത്തിന് ധൈര്യപൂർവ്വം ഒരു കാലുവെയ്ക്കാം.

നൊസ്റ്റാൾജിയ പോലുള്ള അപകടകരമായ വ്യാജ സംതൃപ്തികളെ മറികടക്കണമെങ്കിൽ ആന്തരിക വിമർശനത്തിന്റേതായ കാതൽ കവിതക്കുണ്ടായിരിക്കണം.

നല്ല കവിത ഇത്തരം വ്യാമോഹങ്ങളെ തള്ളിക്കളയുന്നു. ഒരു മോട്ടിവേഷൻ ക്ലാസിലിരുന്ന് പുറത്തുവരുന്ന വ്യാജസംതൃപ്തിയല്ല നല്ല കവിത നൽകേണ്ടത്. മറിച്ച് ആന്തരവിമർശനമാണ് കവിതയ്ക്ക് കരുത്ത് നൽകുന്നത്. നമ്മൾ ഏത് അക്ഷങ്ങൾക്കിടയ്ക്കാണ് കുടുങ്ങിക്കിടക്കുന്നത് എങ്കിൽ ആ മണ്ഡലത്തെ വിമർശിക്കുക. നിങ്ങൾ ഹിന്ദുവാണ് എന്ന് വ്യവസ്ഥ പറയുന്നുണ്ടെങ്കിൽ അതിനെ വിമർശിക്കുക. നിങ്ങൾ ഗ്രാമത്തിലാണെങ്കിൽ, ഗ്രാമീണവിശുദ്ധിയുടെ ഒരു പാഠം നിങ്ങൾക്കുമേൽ അടിച്ചേല്പിക്കപ്പെടുന്നുവെങ്കിൽ, അതിനെ വിമർശിച്ചുകൊണ്ടേ നിങ്ങളുടെ കവിതയുടെ ആദ്യവരി വീഴുകയുള്ളൂ. നിങ്ങൾ നാഗരികനെങ്കിൽ നഗരത്തെപ്പറ്റിയുള്ള മിത്ത് തകർക്കുന്നതായിരിക്കും നിങ്ങളുടെ കവിത. ഉംബെർട്ടോ എക്കോ, വിനോദ് സൂചിപ്പിച്ച പ്രബന്ധത്തിൽ, ഉർ ഫാസിസം എന്ന കേൾവികേട്ട പ്രബന്ധത്തിൽ പറയുന്നതും ഇതുതന്നെയാണ്.

ശാശ്വതീകരിക്കപ്പെടാനുള്ള പ്രവണത അധികാരത്തിന്റെ ഏതുവ്യവസ്ഥയ്ക്കും ഉണ്ട്. നിരന്തരവിമർശനം ഇല്ലെങ്കിൽ വിശ്വാസത്തിന്റേതായ രീതി പ്രവർത്തിച്ച് എല്ലാ മുന്നോട്ടുപോകലുകളേയും തടഞ്ഞുവെയ്ക്കും. ലോകചരിത്രത്തിൽ നാം കാണുന്ന എല്ലാത്തരം വ്യവസ്ഥകളും വിമർശനത്തിന്റെ കേന്ദ്രം ദുർബലപ്പെടുമ്പോൾ ഉറഞ്ഞ് കട്ടിയാകുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് നൊസ്റ്റാൾജിയ പോലുള്ള അപകടകരമായ വ്യാജ സംതൃപ്തികളെ മറികടക്കണമെങ്കിൽ ആന്തരിക വിമർശനത്തിന്റേതായ കാതൽ കവിതക്കുണ്ടായിരിക്കണം.

അതോടൊപ്പം ഭൂതകാലം എന്നത് ഇല്ലാക്കഥയല്ല. അതിന്റെ ചുട്ടുപൊള്ളലുകളും സാന്ത്വനങ്ങളും ചരിത്രവല്ക്കരിക്കേണ്ടതുണ്ട്. പണ്ട് എല്ലാം നന്നായിരുന്നു എന്നുപറയുന്ന വിഡ്ഢിത്തം തന്നെയാണ് എല്ലാം ചീത്തയായിരുന്നു എന്ന ഉദാസീനതയിലും പ്രവർത്തിക്കുന്നത്.

ഏതെങ്കിലും കാര്യത്തെ ആഴത്തിലും സമഗ്രതയിലും മനസ്സിലാക്കുന്നതിനുള്ള വിമുഖതയെ സർഗാത്മകതയായി തെറ്റിദ്ധരിക്കുന്ന ഒരു പരിപാടി കവികൾക്കുള്ളതായി എനിക്ക് പരാതിയുണ്ട്. ഇത് സാധുതയുള്ള ഒരു പരാതിയാണോ?

കാല്പനിക കവിതയുടെ ആധിക്യം ഉണ്ടാക്കിയ അവസ്ഥയാണത്. ലോകത്തെല്ലായിടത്തും അങ്ങനെ ഒരവസ്ഥയുണ്ടായപ്പോൾ വിവേകമുള്ള ഒരു കവിത ഉരുത്തിരിഞ്ഞ് അതിനെ മറികടന്നിട്ടുണ്ട്. മലയാളത്തിലും എല്ലാക്കാലത്തും ഈ ഉപരിപ്ലവക്കവിതയെ മറികടക്കാൻ ഉള്ള നിരന്തര ശ്രമം നടന്നിട്ടുണ്ട്. അതേ സമയം, വിദ്യാഭ്യാസവും കൂടുതൽ മെച്ചപ്പെട്ട ജീവിതവും കിട്ടിയപ്പോൾ സവർണതയും വർഗ്ഗീയതയുമൊക്കെ പുഷ്‌ക്കലമായ പോലെ കവിതയിൽ വലിയ തിരിച്ചുപോക്കുകളുണ്ടായിട്ടുണ്ട്. നനുത്ത പരിസര നിർമാണം ഭാഷ കൊണ്ട് നിർമിച്ചാൽ കവിതയായി എന്ന തെറ്റിദ്ധാരണ അതുകൊണ്ട് കേരളത്തിൽ നീക്കപ്പെട്ടിട്ടില്ല. കവിതയെപ്പറ്റിയുള്ള പൊതുബോധവും ഏതാണ്ട് അമ്മട്ടിൽ തുടരുന്നുണ്ട്. കവിതയിലും കവിതാവിചാരങ്ങളിലും കുറേക്കൂടി ചടുലമായ ഇടപെടലുകൾ നടത്തിയാൽ മാത്രമേ, പുതിയൊരു അവബോധ നിർമ്മാണത്തിലൂടെ മാത്രമേ ഈ അവസ്ഥയെ മറികടക്കാൻ സാധിക്കൂ.

കവിതയിൽ മാത്രമല്ല, ജീവിതത്തിൽ ഉടനീളം ഈ അവസ്ഥീകരണങ്ങൾ (Conditioning) അതിന്റെ ദ്രവസ്വഭാവത്തെ തടസ്സപ്പെടുത്തുന്നുണ്ട്. സ്ഥാവരങ്ങളെയാണ് നമുക്കിഷ്ടം. അത് ഫോട്ടോയ്ക്ക് നിന്നുതരും. കൊല്ലാനും നിന്നു തരും.

കവിത ഒരു ഭാവനാഭൂമികയാണ് എന്നുപറയുമ്പോൾ അതിനർത്ഥം കാല്പനികം ആണെന്നല്ല.

എന്റെ അഭിപ്രായത്തിൽ ഒരു കാര്യത്തെ സംബന്ധിച്ച വിശദവിവരങ്ങൾ ആ കാര്യവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കാൽപ്പനികതയ്ക്ക് വിഘാതമാവുന്നുണ്ടെങ്കിൽ ആ കാര്യം കൂടുതൽ മെച്ചപ്പെട്ട കാൽപ്പനികത അർഹിക്കുന്നു എന്നാണ് നമ്മൾ വിചാരിക്കേണ്ടത്.

ശരിയായിരിക്കാം. അതിലെ ഒരു പ്രശ്‌നം കാൽപ്പനികത,ആധുനികത തുടങ്ങിയ പദങ്ങൾ പലമട്ടിൽ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നതാണ്. അവ, ഒരേസമയം ചില പ്രവണതകളാണ്, സാഹിത്യപ്രസ്ഥാനങ്ങളാണ്, ദർശനരീതിയാണ്. ഞാൻ ഇക്കാര്യത്തെപ്പറ്റി പ്രതികരിക്കുമ്പോൾ പ്രാഥമികമായി എടുക്കുന്നത് ഒരു പ്രത്യേക സാഹിത്യ പ്രസ്ഥാനം മലയാളത്തിൽ ആഗിരണം ചെയ്യപ്പെട്ട രീതിയേയും ചരിത്രപരമായ അതിന്റെ പടർച്ചയേയും ആണ്, നാം നേരത്തേ ചർച്ച ചെയ്ത പരസ്യഭാവനയുമായി ചേർന്നുനിൽക്കുന്ന മുഖ്യധാരാഭാവനയായി അത്രമേൽ ചേർന്നലിഞ്ഞ ഒന്നായി നിൽക്കുന്ന കവിതാരീതിയെയാണ്.

ഏറ്റവും മെച്ചപ്പെട്ട (സമഗ്രതയുള്ള, ആഴവും പരപ്പുമുള്ള...) കാൽപ്പനികത സാധ്യമാവുക കവിതയിലാണോ?

കവിത ഒരു ഭാവനാഭൂമികയാണ് എന്നുപറയുമ്പോൾ അതിനർത്ഥം കാല്പനികം ആണെന്നല്ല. മലയാളികൾ പൊതുവേ ഭാവനയുടെ പര്യായമായി കാല്പനികതയെ തെറ്റിദ്ധരിക്കുന്നതുകൊണ്ട് വിനോദിന്റെ ആലോചനയിലെ കാല്പനികതയെ ഭാവന എന്ന് ഞാൻ മാറ്റിപ്പറയട്ടെ. കാരണം കാല്പനികത എന്നത് ഇംഗ്ലീഷിൽ / സാമ്പത്തിക ശാസ്ത്രത്തിൽ ബെസിൾ (Bezzle) എന്നുപറയുന്ന മുഹൂർത്തത്തെ സാംസ്‌കാരികമായി സ്വാംശീകരിക്കുന്ന ഒന്നാണ്. ഉദാഹരണമായി, ഒരാൾ നമുക്ക് ഒരു പെട്ടി തന്ന് അതിനുള്ളിൽ വാച്ചുണ്ടെന്ന് പറയുന്നു. നാം അത് തുറന്നു നോക്കാതെ വീട്ടിൽ കൊണ്ടുവെയ്ക്കുന്നു. നമുക്ക് ഒരു വാച്ച് ആവശ്യമുള്ളപ്പോഴാണ് ഇത് കിട്ടുന്നത്. ആ സന്തോഷത്തിൽ നാം കഴിയുന്നു. അവസാനം തുറന്ന് നോക്കുമ്പോൾ അത് ഒരു കല്ലാണ്!
പക്ഷെ, അത് വാച്ചാണെന്ന് വിചാരിച്ചിരുന്ന നിമിഷങ്ങളിൽ, നാം ഒരു ബെസിളിൽ ആണ്. കാല്പനികത അതിനെ മൂർച്ചയോടെ നേരിട്ടില്ലെങ്കിൽ, ഇങ്ങനെ ബെസിൾ മുഹൂർത്തങ്ങൾ തന്നുകൊണ്ടിരിക്കും. എന്നാൽ ഭാവന അതല്ല. അത് മനുഷ്യരുടെ ഒരു ഞരമ്പാണ്. ആ അർത്ഥത്തിൽ ഭാവനയുടെ ആഴവും പരപ്പും കവിതകളിൽ അനുഭവിച്ചത്ര ഞാൻ മറ്റൊരിടത്തും അനുഭവിച്ചിട്ടില്ല.

ഭാഷയിലെ ഉറച്ചുപോയ വിശ്വാസം മാത്രമാണ് വിചാര, വികാര ദ്വന്ദ്വം. ഭാഷയുടെ തലച്ചോർ ഭൂപടവും നമ്മുടെ തലച്ചോർ ഭൂപടവും തമ്മിൽ ബന്ധങ്ങളുള്ളപോലെത്തന്നെ വ്യത്യാസവും ഉണ്ട്

Intellectual gratification എന്നതും Emotional connection എന്നതും അനുപൂരകമായ വിധത്തിൽ കവിതയിൽ നിന്ന് സാധ്യമല്ലേ?

എല്ലാ വർഗ്ഗീകരണങ്ങളും മനുഷ്യർ കാര്യങ്ങളെ പഠിക്കാൻ, തങ്ങളുടെ മുഷ്ടിക്കടിയിലാക്കാൻ വേണ്ടി നിർമിച്ച ഉപാധികളാണ്. യഥാർത്ഥത്തിൽ പ്രപഞ്ചത്തിൽ അതിർത്തിരേഖകളില്ല. ചിന്തയിലും ഇല്ല. നാം ആവശ്യത്തിനുവേണ്ടി കഷണിച്ചെടുക്കുകയാണ്. ബൗദ്ധികതയും വൈകാരികതയും തമ്മിലും അങ്ങനെത്തന്നെ. ഒരു തുടർച്ചയാണത്. ഇതിൽ ഏതെങ്കിലും ഒരു ഗണത്തിൽ അഭിരമിക്കുക കവിതയുടെ സ്വഭാവമല്ല. ഇപ്പോൾ നൂറുവർഷമെത്തിയ ടി.എസ്. എലിയറ്റിന്റെ വേസ്റ്റ് ലാൻഡിലെ ഒരു വരി ‘ I can show you fear in a handful of dust ' എന്നാണ്. ഭീതിയെ നമുക്ക് നേർക്കുനേർ കാണാം ആ വരിയിൽ. അനുഭവിക്കാം. അതേസമയം അത് ബൗദ്ധികമായ ഒരു അപഗ്രഥനം കൂടിയാണ്. ഒരർത്ഥത്തിൽ കവിത വർഗ്ഗീകരണങ്ങളുടെ രീതിശ്ശാസ്ത്രത്തിന്റെ വിപരീതദിശയിൽ ചലിക്കുന്ന ഒന്നാണ് എന്നുകൂടി വിചാരിക്കാവുന്നതാണ്.

വികാരം/വിചാരം എന്ന വിഭജനത്തിനെതിരെയും കവിതയ്ക്ക് പ്രവർത്തിക്കാനാവും. അല്ലേ?

കവിതയ്‌ക്കേ, സാമാന്യവൽക്കരിച്ചു പറഞ്ഞാൽ കലയ്‌ക്കേ സാധിയ്ക്കൂ. കവിത ഫ്രാഗ്​മെന്റേഷനെ ധാരാളം ഉപയോഗിക്കുന്ന കലയാണ്. ഇപ്പോൾ നൂറ്റാണ്ടു തികച്ച വേസ്റ്റ് ലാൻഡിന്റെ ചർച്ചയിലൊക്കെ അക്കാര്യം സുലഭമായി ചൂണ്ടിക്കാണിക്കുന്നുണ്ടല്ലോ. എന്നാൽ ആ ഫ്രാഗ്​മെന്റേഷനുകളെ തമ്മിൽ സമന്വയിക്കുമ്പോഴാണ് വേസ്റ്റ് ലാൻഡ് ഒറ്റക്കവിത ആയിത്തീരുന്നത്. ഏത് ചിതറലിനേയും പിടിച്ചുവെച്ച് ഒരു ജൈവശരീരത്തിലേയ്ക്ക് സമന്വയിപ്പിക്കാൻ കവിതയ്ക്കു കഴിയും . Centre cannot hold/Things fall apart എന്ന യേറ്റ്‌സിന്റെ വരികൾ നമ്മെ പിടിച്ചുകുലുക്കുന്നത് ഫ്രാഗ്​മെന്റേഷൻ ലോകത്തെ തകർക്കും എന്ന കവിതയുടെ ഉറച്ച വിശ്വാസം കൊണ്ടുകൂടിയാണ്. മാത്രമല്ല, ഭാഷയിലെ ഉറച്ചുപോയ വിശ്വാസം മാത്രമാണ് വിചാര, വികാര ദ്വന്ദ്വം. ഭാഷയുടെ തലച്ചോർ ഭൂപടവും നമ്മുടെ തലച്ചോർ ഭൂപടവും തമ്മിൽ ബന്ധങ്ങളുള്ളപോലെത്തന്നെ വ്യത്യാസവും ഉണ്ട്.

കവിതയ്ക്ക് പുതിയ വായനക്കാർ ഉണ്ടാവുന്നുണ്ടോ? വിവരപ്രളയത്തിന്റെയും വൈകാരിക ധാരാളിത്തത്തിന്റെയും ഈ കാലത്ത് എന്താവും ഒരാൾക്ക് കവിതയിൽ നിന്ന് കിട്ടാനുണ്ടാവുക? അധ്യാപകനും കവിയുമായ ഒരു സുഹൃത്ത് ഈയിടെ ഒരു അനുഭവം പങ്കുവെയ്ക്കുകയുണ്ടായി. ഒരു കവിയരങ്ങിൽ പങ്കെടുത്തതിന്റെ അനുഭവമായിരുന്നു. ഭാഷയുമായി സാഹിത്യത്തിന്റെ വഴിയിൽ അധികം ബന്ധമൊന്നുമില്ലാത്ത ആളുകളായിരുന്നു സദസ്സിൽ അധികവും. വേദിയിൽ അവതരിപ്പിക്കപ്പെട്ട സാമ്പ്രദായിക രീതിയിലുള്ള ചൊൽക്കവിതകളോട് തണുപ്പൻ പ്രതികരണവും ശ്രദ്ധയില്ലായ്മയും കാണിച്ച ആളുകൾ പാടാതെ പറയുന്ന ഗദ്യകവിതകൾ വന്നപ്പോൾ ശ്രദ്ധയോടെ കേൾക്കുന്നുണ്ടായിരുന്നുവത്രേ.

കവിത അതിന്റെ വായനക്കാരുമായി ബന്ധപ്പെടുന്നത് താലികെട്ട് മുഹൂർത്തം പോലെയുള്ള ഒരു നിശ്ചിത മുഹൂർത്തത്തിലാണ് എന്നു കരുതാതിരുന്നാൽ പ്രശ്‌നം ഇല്ല. പതിനൊന്നേ പത്തിന് പൊട്ടുന്ന ബോംബല്ല കവിത. അതിന്റെ സ്‌ഫോടനമുഹൂർത്തം ചിലപ്പോൾ വർഷങ്ങൾ അകലെയായിരിക്കും. ഈ സമയ വ്യത്യാസം കൊണ്ടാണ് പ്രവചന സ്വഭാവം കവിതയ്ക്കുണ്ട് എന്നൊക്കെ പറയാൻ തോന്നുന്നത്. ആ കവിതയെ ഉറവിടത്തിൽ വെച്ച് നാം കണ്ടില്ല എന്നേ അതിനർത്ഥം ഉള്ളൂ.

കവചകുണ്ഡലങ്ങളും മുഖംമൂടിയും ഉരിഞ്ഞുമാറ്റി ദേ, ഇത് നമ്മുടെ വാസന്തിയല്ലേ, കുട്ടപ്പനല്ലേ എന്ന് കണ്ടുപിടിക്കുന്ന വായനക്കാരേക്കാൾ മുൻവിധിയില്ലാത്ത വായനക്കാരാണ് മെച്ചം.

ഇന്നത്തെ ലോകം പലനിലയ്ക്കും കവിതയ്ക്ക് എതിരാണ്. അതിനാൽ സെലിബ്രിറ്റി സ്റ്റാറ്റസ് കൊതിച്ച് നിൽക്കാവുന്ന ഒരിടമല്ല കവിത. അതേസമയം, കവിതയെപ്പറ്റിയുള്ള മുൻവിധികളിൽനിന്ന് മോചിതരായവർക്ക് ഇന്നത്തെ കവിത കൂടുതൽ നന്നായി മനസ്സിലാക്കാൻ കഴിയും. കവചകുണ്ഡലങ്ങളും മുഖംമൂടിയും ഉരിഞ്ഞുമാറ്റി ദേ, ഇത് നമ്മുടെ വാസന്തിയല്ലേ, കുട്ടപ്പനല്ലേ എന്ന് കണ്ടുപിടിക്കുന്ന വായനക്കാരേക്കാൾ മുൻവിധിയില്ലാത്ത വായനക്കാരാണ് മെച്ചം. ചരിത്രത്തിന്റെ നിഗൂഢമായ ഇടനാഴികളുടെ പ്രശ്‌നത്തിൽ വിശ്വസിക്കുന്നവരാണെങ്കിൽ കൂടുതൽ മെച്ചം.

ഒരു മാധ്യമം എന്ന നിലയിൽ കവിതയുടെ agility യെ എങ്ങനെ നോക്കിക്കാണുന്നു? ഇതിന്റെ ഭാവിയെപ്പറ്റി കൃത്യമായ ഒരു അനുമാനം കവിതയുടെ ചരിത്രത്തിന്റെ അടിസ്ഥാനപ്പെടുത്തി സാധ്യമാണോ?

ഒരു തരം ചടുലത കവിതയുടെ സ്വാഭാവികതയാണ്. ഒരുപാട് പ്രായമുള്ള കലാരൂപമാണ് കവിത. എന്നാൽ ഇന്നലെ ഉടലെടുത്ത ഒരു കലാരൂപം പോലെ തോന്നിക്കും വിധം പുതുമയെ ആവാഹിക്കാൻ അതിന് കഴിഞ്ഞിട്ടുണ്ട്. അതു കൊണ്ട് തന്നെ സമപ്രായക്കാരെങ്കിലും, ക്ലാസിക് കലകളേക്കാളും സമകാലത്തെ ആവാഹിക്കുന്ന ഇന്ദ്രിയങ്ങളും മനസ്സും കവിതയ്ക്ക് കൈവന്നിട്ടുണ്ട്

ഭാവിയിൽ കവിത എന്താകും എന്ന് ചോദിച്ചാൽ കെയ്ൻസിനെ ഉദാഹരിച്ച്, ഭാവിയിൽ നമ്മളൊക്കെ മരിക്കും എന്നേ പറയാൻ പറ്റു. പണപ്പെരുപ്പക്കാലത്ത് അധികം കറൻസി അച്ചടിക്കാൻ ഉപദേശം കൊടുത്ത സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന കെയ്ൻസിനോട് ദൂരവ്യാപകമായി അതെന്ത് പ്രത്യാഘാതം ഉണ്ടാക്കും എന്ന് ചർച്ചിൽ ആരാഞ്ഞപ്പോൾ അദ്ദേഹം നൽകിയ മറുപടിയാണത്- ‘ഭാവിയിൽ നമ്മളൊക്കെ മരിച്ചു പോകും.’ ലോകാവസാനം വരെയുള്ള പ്രശ്‌നങ്ങൾ നാം തന്നെ കൈകാര്യം ചെയ്യേണ്ടതില്ല എന്ന് പറയുകയായിരുന്നു. കെയ്ൻസ്.

അതേസമയം, ഭാവിയിൽ മനുഷ്യർക്ക് സ്വയം പുതുക്കാനുള്ള ഒരു ആത്മീയ വ്യവഹാരം ആയിത്തീരാനുള്ള സാധ്യത കവിതയ്ക്കുണ്ട്. ആത്മീയത എന്ന് പറയുന്നത് മതപരമായോ അതിഭൗതികപരമോ അല്ല. ധാർമികതയുമായി ബന്ധപ്പെട്ട ഒന്നാണത്. നൈതികതയുടെ അഭാവം ലോകത്തെ അസംബന്ധങ്ങളിലേയ്ക്ക് കൊണ്ടുപോകുമ്പോൾ കവിത മാത്രമേ ആ അസംബന്ധത്തെ ചൂണ്ടിക്കാട്ടൂ.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാഹിത്യത്തിന്റെ ഗുണങ്ങളെന്ന് ഇറ്റാലോ കാൽവിനോ പറയുന്നത് അഞ്ച് കാര്യങ്ങളാണ്: ഭാരക്കുറവ് (lightness), വേഗത (quickness), കൃത്യത (exactitude), ദൃശ്യത (visibility), ബഹുമുഖത (multiplicity) എന്നിവയാണവ. ഈ പ്രത്യേകതകളെ അവയുടെ സാമ്പ്രദായിക അർത്ഥങ്ങലിലും അല്ലാതെയും കൈവരിക്കാൻ കവിതയ്ക്കുള്ള കെൽപ്പ് വേറെയേതെങ്കിലും മാധ്യമങ്ങൾക്കുണ്ടോ എന്ന് എനിക്ക് സംശയമാണ്.

നമ്മുടെ കവിതാമൗലികവാദം ആണ് അങ്ങനെ പറയിപ്പിക്കുന്നതെങ്കിലും അപ്പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. എന്നാൽ ചിലകാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. കാൽവിനോ പറയുന്ന lightness, light ന്റെ ness കൂടിയാണ്. പ്രകാശത്തിന്റെ ആന്തരികഗുണം. അതേസമയം, ഈ പ്രകാശം തന്നെ വിശ്ലേഷണം ചെയ്‌തെടുക്കുകയാണെങ്കിൽ പല തരംഗദൈർഘ്യങ്ങളിലുള്ള നിറങ്ങൾ കിട്ടും. അതായത് പ്രകാശത്തിന്റെ ബഹുലതയെ ഉൾക്കൊള്ളാനുള്ള കഴിവ് അതിന്റെ ഘനമാനത്തിലല്ല. അവിടെയാണ് ബഹുമുഖത എന്ന് കാൽവിനോ പറയുന്ന ഗുണം പ്രസക്തമാകുന്നത്. കാൽവിനോ പറയുന്ന ഗുണവിശേഷങ്ങളും അതിന് വിനോദ് നൽകുന്ന സമ്മതിയും കൂട്ടിയോജിപ്പിച്ചാൽ കിട്ടുന്ന കവിതയുടെ രൂപം എന്താകും എന്ന് സങ്കൽപ്പിച്ചു നോക്കാം. അത്, പ്രകാശം കൊണ്ടുണ്ടാക്കിയ ഒരു ജ്യാമിതീയ രൂപമാകണം. കാരണം, ഭാരക്കുറവും ദൃശ്യതയും കൃത്യതയും ബഹുമുഖതയും ഒത്തിണങ്ങിയ ഒന്ന്. ഒപ്പം, അത് സഞ്ചരിക്കുന്നതുമാകണം. വേഗത എന്ന ഗുണവിശേഷം അതിൽ ചേരണമെങ്കിൽ. പ്രകാശം കൊണ്ടു നിർമ്മിച്ച ഒരു വാൽനക്ഷത്രം. കൊള്ളാം. ദ്രവ്യം ഇല്ലാത്ത ഊർജ്ജത്തിന്റെ മാനിഫെസ്റ്റോ. രൂപവും ഉള്ളടക്കവും തമ്മിൽ വേർപിരിക്കാനാകത്തത്. എഴുത്തിനെ അപ്പോൾ തന്നെ പ്രവൃത്തിയാക്കി മാറ്റാൻ കെല്പുള്ളത്.

മാർക്കറ്റിൽ ഷോ കേസ് ചെയ്യുക എന്നതാണ് ഇന്നത്തെ ലോകക്രമം നമ്മോട് ആവശ്യപ്പെടുന്നത്. അത് നമ്മെ അടിമുടി മാറ്റിത്തീർത്തിട്ടുണ്ട്.

അവരവരെത്തന്നെ ആവശ്യത്തിലധികം പറഞ്ഞും പ്രദർശിപ്പിച്ചും സ്വയം സഹികെട്ട് നിൽക്കുന്നവരാണ് ഇപ്പോഴത്തെ നമ്മളെല്ലാം എന്നുതോന്നുന്നു. നമ്മുടെ അസഹിഷ്ണുതയ്ക്കും അക്ഷമയ്ക്കുമൊക്കെ ഇതിലേക്കെത്തുന്ന വേരുകളുമുണ്ട്. കവിതയ്ക്ക് (മാത്രം) സാധ്യമാക്കാനാവുന്ന mindfulness ഉം bigger picture ഉം ഉണ്ടോ?

നമ്മളും വസ്തുക്കളും ഒക്കെ ആധിക്യത്തെ ഉണ്ടാക്കുന്നുണ്ട്. ലോകത്തിന്റെ ഉത്പാദനസ്വഭാവമായും കമ്പോളത്തിന്റെ സാംസ്‌ക്കാരികസ്വഭാവമായും ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണത്. മാർക്കറ്റിൽ ഷോ കേസ് ചെയ്യുക എന്നതാണ് ഇന്നത്തെ ലോകക്രമം നമ്മോട് ആവശ്യപ്പെടുന്നത്. അത് നമ്മെ അടിമുടി മാറ്റിത്തീർത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ കവിതയുടെ സ്വഭാവം വെച്ച് അതുമായി ഒരു ഇടച്ചിൽ സാധ്യമാക്കുന്ന ഇടം അത് പണിതുതരുന്നുണ്ട്. ഏതെങ്കിലും പരിഹാരം അത് നിർദ്ദേശിക്കുന്നു എന്നതിനേക്കാൾ അതുതന്നെ ഒരു പരിഹാരം ആണ്. കാരണം ജീവിതത്തിന്റെ എല്ലാ ഗതിവിഗതികളേയും അഴിച്ചു പരിശോധിക്കുന്ന പ്രവർത്തനരീതിയാണ് കവിതയ്ക്കുള്ളത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ.

ടി.പി. വിനോദ്

കവി. ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ കെമിസ്ട്രി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ. നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ, അല്ലാതെന്ത് എന്നീ കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. കവിതകൾ ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments