സീന ജോസഫ്

യന്ത്രമനുഷ്യൻ

നൂലു
കൊരുത്തു
കൊരുത്തറ്റം
വളഞ്ഞ
വിരൽ മെല്ലെ
തൊടുന്നു
തയ്യൽ ചക്രം
നിർത്താതെ
കറങ്ങുന്നു
ഇടത്തോട്ട്
ചെരിഞ്ഞ്
തലയേതോ
താളത്തിൽ
ചലിക്കുന്നു
തയ്യൽ യന്ത്രം
പാദത്തിലൊട്ടുന്നു
മിടിക്കുന്നു

ടക്… ടക്… ടക്…

തുണി
നൂൽ
ചക്രം
ലോകം
ചുരുങ്ങുന്നു
യന്ത്രം
മനുഷ്യൻ
ഏകതാളം

ടക്… ടക്… ടക്…

നനഞ്ഞ
പൂപ്പൽ മണം
ചുവരുകൾ
തുമ്മുന്നു
ചുമച്ചുരുളുകൾ
പുറത്തിറങ്ങുന്നു

"രാമ… രാമ... രാമ"

പഴകിയ ജീവന്റെ
പതിഞ്ഞ ശബ്ദം

കറുപ്പും
കയ്പ്പും
കൈക്കലയും
അടുക്കളക്കോണിൽ
കലമ്പുന്നു

പുക
കുത്തിയ
കണ്ണുകൾ
പുറത്തേക്കുന്തി
നോക്കുന്നു

ആരും
തുറക്കാത്ത
മുറിക്കുള്ളിൽ
മച്ചിലെ
കുരുക്കിൽ
ഞെട്ടൊടിഞ്ഞ
പൂവിന്റെ
നിഴലാടുന്നു

‘അച്ഛാ’ എന്നൊരു
തേങ്ങൽ
കാറ്റിനൊപ്പം
കാതിലെത്തുന്നു
കാഴ്ച്ച
മങ്ങുന്നു
താളം
പിണങ്ങുന്നു
നൂൽ
കുരുങ്ങുന്നു
നാട
പൊട്ടുന്നു

ടക്… ടക്… ടക്...

കാലുകൾ
നെഞ്ചിടിപ്പുകൾ
വേഗമാർജ്ജിക്കുന്നു

ടക്… ടക്... ടക്...

അയാളും
യന്ത്രവും ഒന്നാകുന്നു
അല്ല, അയാളൊരു
കേവല
യന്ത്രമായി
പരിണമിക്കുന്നു.

Comments