യേശുക്കൊച്ചേ
നിൻ്റെ സഹനത്തെ ഞങ്ങൾ അറിയുന്നു.
എന്നാലും
പിള്ളേരുടെ കരച്ചില് കേട്ടാല്
തള്ളമാരുടെ ഉള്ളിലെ പ്രാണൻ
‘ഒന്നനങ്ങും’.
നിനക്കേറ്റ ഓരോ ചാട്ടുളിയും
അവളെയാണ് കൊന്നത്.
അത് നിനക്കറിയാം.
കർത്താവേ
അവളുടെ വേദനയാണ് നിന്നെ
സ്വർഗ്ഗത്തിലേക്ക് ഉയർത്തിയത്.
ആ മടിയിലെ കിടപ്പിനോളം
ലോകത്തെ സങ്കടപ്പെടുത്തിയ മറ്റെന്തുണ്ട്?
പെറ്റോരെ മണ്ണിൽ വയ്ക്കാതെ
തിരിച്ചുപോയതിൽ നിനക്ക് സങ്കടമില്ല
എന്ന് ഞാൻ കരുതുന്നില്ല
എൻ മകനേ എന്ന് അവളും,
എൻ്റെ അമ്മേ എന്ന് നീയും കരഞ്ഞില്ലേ?
യേശുവേ
നിനക്കും മുന്നേ പരമശക്തൻ്റെ
അനുഗ്രഹം അവൾക്കായിരുന്നു
അവളുടെ ഉദരത്തിൻ ഫലമായി
നീ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
നീ ലോകത്തെ രക്ഷിക്കുമെന്ന്
ജലമെന്നവിധംഅവൾവിശ്വസിച്ചു.
അവൾ നിൻ്റെ രക്ഷകയുമാകുന്നു.
