യേശുക്കൊച്ചേ സൗഖ്യമല്ലേ?
ഈ മഴക്കാലത്ത് നീ എന്തുചെയ്യുന്നു?എല്ലാക്കണ്ണീർക്കാലവും കടക്കാൻ
എൻ്റെ മുന്നിലിലവെട്ടിയിടുന്ന -
നിന്നെ ഞാൻ അറിയിയുന്നുണ്ട്.
യേശുക്കൊച്ചിൻ്റെ മറുപടിയുടെ സാരം
ചെറുമഴയുള്ള ഞായറാഴ്ച്ച
രണ്ടാം കുർബാന നേരത്ത്
കർത്താവ്, ഈശോ എന്ന് നാട്ടുകാരും,
യേശുക്കൊച്ച്
എന്ന് ഞാനും വിളിക്കുന്ന ജീസസ്.
കുത്ത്കല്ല് വഴിയിലെ പള്ളിയിലാണ് കയറിയത്.
പഴയ പള്ളിയാണ്
കരിങ്കല്ലിൽ പണി തീർത്തത്.
മലക്കയറിയിറങ്ങി
പാറപ്പരുവം മനുഷ്യർ.
എല്ലാ പാതിരിമാരും ഒരേ പിച്ചിലാണ്
പാടുന്നത് എന്ന് കർത്താവ് തിരിച്ചറിഞ്ഞ്!
ഉറങ്ങുന്നവരെ ഉണർത്താതെ
സിമിത്തേരിയിലും കയറിയിറങ്ങി.
എൻ്റെ കർത്താവേന്ന്
വിളികേട്ട് നോക്കുമ്പോൾ
ത്രേസ്യാകുട്ടിയെ ഇപ്പോ വണ്ടി ഇടിച്ചിട്ടേനെ
എന്ന നിമിഷത്തെ ഒഴുവാക്കി
വള്ളി പൊട്ടിയ ചെരിപ്പും പിടിച്ച്
ഗ്രോട്ടേടെയവിടെയിരുന്ന് കിതക്കുന്നു.
ത്രേസ്യ തന്നോട് തന്നെ പറഞ്ഞത്
മേലാണ്ട് കെടക്കണ അപ്പനെ
കുളിപ്പിച്ച്,
കഞ്ഞീം മരുന്നും കൊടത്ത്,
തീട്ടോം മൂത്രോം മുങ്ങിയ
തുണിയുലക്കി ഞാനും കുളിച്ച്
ഇവിടെ ഓടിവരമ്പോ കുർബാന പകുതിയാകും.
ഈ
പ
ടി
യൊക്കെ കയറി
അതിനെടേല് ചെരിപ്പും പൊട്ടി #@
എനിക്ക് വയ്യൻ്റെ കർത്താവേ.
ഇച്ചരെ കുശലം പറയാന്ന് കരുതി
യേശുക്കൊച്ച് ത്രേസ്യയോട് മിണ്ടി.
‘‘എന്തിനാണിങ്ങനെ ഓടി അലച്ച് വരുന്നത്?
നീ വീട്ടിൽ ചെയ്യുന്നതൊക്കെ
പ്രാർത്ഥനയാണല്ലോ’’.
ഇതെൻ്റെ അപ്പൻ പണ്ട് പറഞ്ഞതാണല്ലോന്ന്
ത്രേസ്യ അത്ഭുതം പൂണ്ടു.
അപ്പനെ ഓർത്തതും
കരച്ചിലിൻ്റെ കടൽ
ത്രേസ്യയെ ചുറ്റി.
ചെരുപ്പും തൂക്കിപ്പിടിച്ച് ത്രേസ്യ
പടിയെല്ലാം കയറി പള്ളിയിലേക്ക് പോയി ...
ചെരുപ്പുപൊട്ടിയതിന്
ത്രേസ്യ തെറി കൂട്ടി തന്നെ വിളിച്ചന്തൊന്ന് ???
ഓർത്തുകൊണ്ട്
യേശുക്കൊച്ച് മൈതാനത്തെ
പന്തുകളികാരുടെ ഇടയിലേക്കിറങ്ങി.
