ഓലിക്കൽ, പോന്നൊരു
പറമ്പുണ്ടായിരുന്നു പണ്ട്.
കാപ്പിക്കാട്ടിനുള്ളിൽ
ഴ പോലൊരു സ്ഥലം.
കാലത്തെ പള്ളിക്കൂടംപിള്ളേരുടെ
ബഹളം കഴിഞ്ഞാൽ,
നീർക്കോലിയും മാക്രികളും
ചെത്തമില്ലാതെ പുളയ്ക്കും.
ഴ, മൊത്തമപ്പോളൊരു
കുളിരു പുതയ്ക്കും.
ചോറും കൂട്ടാനുംവച്ച്,
പണികേറുന്ന കെട്ട്യോന്മാർക്ക്
വിളമ്പീംകൊടുത്ത്,
മിച്ചോം മീൻമുളളും
പട്ടിപ്പാത്രത്തിലും തട്ടിക്കുടഞ്ഞ്,
തുണിക്കെട്ടും ഇഞ്ചയും
നീലപ്പൊതിയുമായ്
ഉച്ചകഴിഞ്ഞാൽ
പെൺപടയിറങ്ങും
പെറ്റെണീറ്റ കഥ തൊട്ട്,
നാട്ടിൽപ്പറഞ്ഞതും
നാട്ടാരു പറഞ്ഞതും
അങ്ങാടീപ്പറഞ്ഞതും;
ഒന്നും പോരാഞ്ഞ്
ശെമ്മാച്ചനക്കിടി പറ്റീതും
പറഞ്ഞുപറഞ്ഞ്,
അലക്കിയലക്കി,
പതച്ചുപതച്ച്,
നീലം മുക്കി,
കുളിച്ചുകേറുമ്പോൾ
നേരമിരുട്ടും.
ബോറടിച്ചു ചാകാറായ
നീർക്കോലിയും മാക്രികളും
ഴ യുടെ വളവിൽ
പച്ചലൈറ്റു കണ്ടപോലേ
നെടുവീർപ്പിടും.
സന്ധ്യ കഴിഞ്ഞാൽ
കുരിശുവരേം തീർത്ത്,
ടോർച്ചുമെടുത്ത്
തോർത്തും തോളത്തിട്ട്
ആണുങ്ങളിറങ്ങുകയായി.
സീതക്കയത്തിൽ
നഞ്ചു കലക്കീതും
മോഴേപ്പേടിച്ച്
തേക്കിൻമണ്ടേൽ
വെളുക്കോളമിരുന്നതുമൊക്കെ
ചിക്കിപ്പറഞ്ഞ്,
കാക്കക്കുളി കഴിച്ച്,
ഴയുടെ പുറത്തെയിരുട്ടിൽ
തോർത്തഴിച്ച്,
കുത്തിയിരുന്നങ്ങു തോർത്തും!
വഴിവക്കിലെ
വെളളി പെറുക്കാൻ
ഞങ്ങൾ ആമ്പിള്ളേരും
കൂടെപ്പോകും.
കുഞ്ഞാഞ്ഞമ്മാർ
പറയുന്നതു കേൾക്കാം
ഫോസ്ഫറസാണെന്ന്.
പാതിരാവായാൽ
വടിവുകൾ നിവർത്തി
ഴ, അ ആകും.
അ പിന്നെ, ആ ആകും.
ആ യുടെ തുമ്പിനീണ്ട് ആനയാകും.
ആന പിന്നെ, ആനമറുതയാകും!
ആനമറുതയെ
എല്ലാർക്കും പേടിയാണ്.
പിന്നാരും അവിടെപ്പോകില്ല!
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.