truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 15 August 2022

truecoppy
Truecopy Logo
Readers are Thinkers

Monday, 15 August 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
1
Image
1
https://truecopythink.media/taxonomy/term/5012
pinarayi vijayan

Human Rights

കേരള
പൊലീസിനെക്കുറിച്ചുതന്നെ,
അത്യന്തം രോഷത്തോടെ...

കേരള പൊലീസിനെക്കുറിച്ചുതന്നെ, അത്യന്തം രോഷത്തോടെ...

ജനങ്ങളുടെ പൗരാവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും ഏറ്റവും സംഘടിതമായ ഭീഷണിയായി മാറുന്ന പൊലീസിനെ നിയന്ത്രിക്കുന്നതിലും അതിനെ ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരാക്കുന്നതിലും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം സര്‍ക്കാരും ഇതുവരേയുള്ള രണ്ടാം സര്‍ക്കാരും തികഞ്ഞ പരാജയമാണ്. അതൊരു വ്യക്തിയുടെ പരാജയമല്ല, ജനാധിപത്യത്തെക്കുറിച്ചുള്ള സാമൂഹ്യ-രാഷ്ട്രീയ ധാരണ അത്രയേറെ ഇടുങ്ങിപ്പോയതിന്റെ രാഷ്ട്രീയ ദുരന്തമാണ്. 

30 Nov 2021, 02:35 PM

പ്രമോദ് പുഴങ്കര

പൗരാവകാശങ്ങള്‍ക്കു മുകളില്‍ സ്വേച്ഛാധികാരം പ്രയോഗിക്കാന്‍ അധികാരമുള്ള ഒരു സംഘമാണ് പൊലീസ് എന്നത് ഭരണകൂടം വളരെ കൃത്യമായി നിരന്തരം കുത്തിവെക്കുന്ന സാമൂഹ്യബോധമാണ്. പൊലീസ് എന്നത് മറ്റേതൊരു ഭരണസംവിധാനം പോലെയും ആകേണ്ട ഒരു ജനാധിപത്യക്രമത്തില്‍ അതങ്ങനെയല്ലാതാകുന്നത് അതങ്ങനെയല്ല എന്ന് നമ്മളെ തോന്നിപ്പിക്കുന്നതുകൊണ്ടാണ്. നിയമവാഴ്ച ഉറപ്പുവരുത്തുന്നതിന് ഒരു സാമൂഹ്യഭരണ ക്രമത്തില്‍ സൃഷ്ടിച്ചിരിക്കുന്ന സംവിധാനങ്ങളില്‍ ഒന്ന് മാത്രമാണ് പൊലീസ്. എന്നാല്‍ പൊലീസിന് ജനങ്ങളുടെ ശാരീരികവും മാനസികവുമായ സ്വാതന്ത്ര്യങ്ങള്‍ക്കു മുകളില്‍ എല്ലാ നിയമവാഴ്ചയെയും ഉല്ലംഘിച്ചുകൊണ്ട് കടന്നുകയറാന്‍ കഴിയുമെന്ന അവസ്ഥയുണ്ടാക്കുന്നത് ഭരണകൂടം ബോധപൂര്‍വ്വം ചെയ്യുന്നതാണ്. അതായത് എല്ലാ സ്വാതന്ത്ര്യങ്ങളും ഞങ്ങള്‍ അനുവദിച്ചുതരുന്നതുവരെ മാത്രമേയുള്ളൂ. അതിനപ്പുറം കടന്നാല്‍ നിങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സംവിധാനം ഇവിടെ ചുരമാന്തി നില്‍ക്കുന്നുണ്ട് എന്നാണ് പൊലീസ് സേനയെ കാണിച്ച്​ ഭരണകൂടം എപ്പോഴും താക്കീത് നല്കിക്കൊണ്ടിരിക്കുന്നത്. 

എന്നാലിത് വെറുതെ പറഞ്ഞാല്‍ മാത്രം പോരാ. അത് ഇടയ്ക്കിടയ്ക്ക് തെളിയിച്ചുകൊണ്ടേയിരിക്കണം. അതുകൊണ്ടുതന്നെ പൊലീസ് സ്റ്റേഷനുകളില്‍ ഇടിമുറികളും കൊലയറകളുമുണ്ടാകും. പരാതിക്കാരനെ വിലങ്ങിട്ട തല്ലും. ആത്മാഭിമാനത്തിന്റെ അവസാനതരിയും  അടക്കം ചെയ്താലേ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങിപ്പോരാന്‍ കഴിയൂ എന്ന അവസ്ഥ വരും. നിങ്ങളുടെ മുകളില്‍ ഒരു തരത്തിലുള്ള അധികാരവുമില്ലാത്ത പൊലീസുകാര്‍ ആജ്ഞകളും ഭീഷണിയുമായി നിങ്ങളെ ഭയപ്പെടുത്തും, അനുസരിപ്പിക്കും. പൊലീസ് സ്റ്റേഷനുകളും പൊലീസുകാരും ഒരു സമാന്തര രാജ്യമാണെന്ന് ഏതൊരു സാധാരണ പൗരനും തോന്നും. 

pinarayi
2018-19-ല്‍ എട്ടു പേർ പോലീസ് കേരളത്തില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു.  2017-18-ല്‍ മൂന്നു പേരും,  2016-17-ല്‍ അഞ്ചു പേരുമാണ് കസ്റ്റഡിയില്‍ മരിച്ചത് / Photo: Wikimedia Commons

കേരളത്തിലെ പൊലീസ് സ്റ്റേഷനുകളും പോലീസുകാരും ഇപ്പറഞ്ഞതിന്റെ ഏറ്റവും ഹീനമായ ഉദാഹരണമായി മാറുകയാണ്. പൊലീസ് ഭീകരതക്കെതിരായ പരാതികള്‍ മുഖ്യമന്ത്രി കൂടിയായ ആഭ്യന്തര മന്ത്രിയുടെ ഗൗരവം എന്ന ഭാവേനയുള്ള പിടിപ്പുകേടില്‍ തട്ടി തിരിച്ചുവരികയാണ്. പോലീസുകാരുടെ മനോവീര്യം കൂട്ടാനുള്ള ആഭ്യന്തര മന്ത്രിയുടെ പദ്ധതി വിജയിച്ചുകൊണ്ടിരിക്കുന്നു എന്ന് കേരളം ആശങ്കയോടെ മനസിലാക്കുന്നുമുണ്ട്. 

പരാതിക്കാരനെ പോലീസ് സ്റ്റേഷനില്‍ വിലങ്ങിട്ട കെട്ടി മര്‍ദിച്ച സംഭവം കേരളത്തിലാണുണ്ടായത്.കേരളത്തില്‍ കസ്റ്റഡി കൊലപാതകങ്ങള്‍ ഏറിവരികയാണ് (2018-19-ല്‍ എട്ടു പേർ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു.  2017-18-ല്‍ മൂന്നു പേരും   2016-17-ല്‍ അഞ്ചു പേരുമാണ് കസ്റ്റഡിയില്‍ മരിച്ചത്). ഒരു മനുഷ്യനെ പൊലീസ് പിടിച്ചുകൊണ്ടുപോയാല്‍ അയാളുടെ മൃതദേഹമാണ് തിരികെകിട്ടുക എന്നൊരു സാധ്യത ഒരു വര്‍ഷം എട്ടു പേരുടെ കാര്യത്തില്‍ സാധ്യമാക്കി കേരളത്തില്‍ എന്നാണ് ഈ കണക്കിന്റെ മലയാളം. എന്നിട്ടും മുഖ്യമന്ത്രി കൂടിയായ ആഭ്യന്തരമന്ത്രി സംസാരിക്കുന്നത് പൊലീസുകാകാരുടെ മനോവീര്യത്തെക്കുറിച്ചാണ്. എട്ടു പേര്‍ പോരാ എന്നാകുമോ അദ്ദേഹം ഉദ്ദേശിച്ചത്? 

പൊലീസ് കസ്റ്റഡിയില്‍ ഒരു കൊലപാതകം നടന്നു എന്ന വാര്‍ത്ത കേട്ടാല്‍ സാമാന്യ ജനാധിപത്യബോധത്തിലേക്ക് കടന്നുകഴിഞ്ഞു എന്ന് ആത്മവിശ്വാസമുള്ള ഒരു സമൂഹം അതില്‍ നീതി നടപ്പാക്കാതെ സ്വസ്ഥമായിരിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്​ സാക്ഷരതയടക്കം മാനവ ജീവിത സൂചികയുടെ മിക്ക തലങ്ങളിലും മുന്നിട്ടു നില്‍ക്കുന്ന കേരളത്തില്‍ കസ്റ്റഡി കൊലപാതകങ്ങള്‍ എല്ലാ വര്‍ഷവും ആചാരാരം പോലെ നടക്കുമ്പോഴും കാര്യമായ അമ്പരപ്പോ ഞെട്ടലോ ഒന്നുമുണ്ടാകുന്നില്ല. പൊലീസ് കസ്റ്റഡിയിലെ കൊലപാതകം മാധ്യമങ്ങള്‍ക്കു പോലും നീണ്ടുനില്‍ക്കുന്ന വാര്‍ത്തയല്ല. കേരളത്തിലെ കസ്റ്റഡി കൊലപാതകങ്ങളെക്കുറിച്ചുള്ള മാധ്യമ ചര്‍ച്ച മാത്രമല്ല പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം പോലും വഴിപാടാണ്. കസ്റ്റഡിയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് മാത്രം ആവലാതിയുള്ള ഒന്നാണ് ഒരു കസ്റ്റഡി കൊലപാതകം എന്നത് ഉള്ള് പൂതലിച്ച ഒരു സമൂഹത്തിന്റെ ലക്ഷണമാണ്.

ALSO READ

പൊലീസ് വംശീയാതിക്രമത്തിന്റെ ക്രൂരാനുഭവം കെ.കെ. സുരേന്ദ്രന്‍ നേരിട്ടുപറയുന്നു

പൊലീസ് അതിക്രങ്ങളെ ന്യായീകരിക്കേണ്ട ബാധ്യത അതാത് കാലത്തെ രാഷ്ട്രീയ കക്ഷികള്‍ ഏറ്റെടുക്കുന്നതോടെ അതിനിടയിലൂടെ പൊലീസ് സേനയുടെ പൗരാവകാശവിരുദ്ധത നിലനിര്‍ത്തപ്പെടുകയാണ്. കേരളത്തിലിപ്പോള്‍ പോലീസിനെയും പൊലീസ് അതിക്രമങ്ങളേയും ഏറ്റവും കൂടുതല്‍ ന്യായീകരിക്കുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പൊലീസിനെ കൂടുതല്‍ ജനാധിപത്യവത്കരിക്കുകയും നിയമവാഴ്ചയോട് കൂടുതലടുപ്പിക്കുകയും ചെയ്യേണ്ടത്തിനു പകരം എന്തൊക്കെ ജനാധിപത്യ വിരുദ്ധ സ്വഭാവവിശേഷങ്ങളാണോ പോലീസിനുള്ളത് അതിനെയെല്ലാം വാഴ്ത്തിക്കൊണ്ട് നടക്കേണ്ട ഗതികേടിലാണ് സാധാരണ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍.  

ഇടതുപക്ഷത്തിന് അധികാരം ലഭിക്കുമ്പോള്‍ ഓരോ ഘട്ടത്തിലും പൊലീസിനെ കൂടുതല്‍ ജനാധിപത്യവത്കരിക്കാൻ ശ്രമം നടത്തും എന്നാണ് സ്വാഭാവികമായും നാം പ്രതീക്ഷിക്കുക. കേരളത്തില്‍ പൊലീസ് ഭീകരതയുടെ ഏറ്റവും വലിയ രാഷ്ട്രീയ ഇരകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി  പ്രവര്‍ത്തകരായിരുന്നു. കേരളത്തിലെ ഏറ്റവും ഹീനമായ പൊലീസ് ഭീകരത നടമാടിയ അടിയന്തരാവസ്ഥയിലും ജനകീയ സമരങ്ങള്‍ക്ക് നേരെ പൊലീസ് നരനായാട്ട് നടത്തിയ കോണ്‍ഗ്രസ് ഭരണകാലങ്ങളിലുമെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ പൊലീസ് ഭീകരതയുടെ എതിര്‍പക്ഷത്തുണ്ടായിരുന്നു. സാമാന്യമായി ഇതിനിടയിലെല്ലാം വന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ പ്രത്യക്ഷത്തില്‍ പൊലീസിനെ ജനങ്ങള്‍ക്കെതിരെ സര്‍വ്വസ്വാതന്ത്ര്യവും നല്‍കി അഴിച്ചുവിടാന്‍ തുനിഞ്ഞില്ല. പൊലീസിനെ ജനാധിപത്യവത്കരിക്കുക എന്ന രാഷ്ട്രീയ കടമയൊന്നും ഏറ്റെടുത്തില്ലെങ്കിലും നിലവിലെ അവസ്ഥയെ കൂടുതല്‍ രൂക്ഷമാക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. 

എന്നാല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും രണ്ടാം സര്‍ക്കാരും ഇക്കാര്യത്തില്‍ വ്യത്യസ്ത നയമാണ് സ്വീകരിച്ചത്. പൊലീസുകാരുടെ മനോവീര്യം തകര്‍ക്കാനാവില്ല എന്ന രക്ഷാധികാരിയുടെ വാക്കുകളോടെയാണ് പിണറായി വിജയന്‍ പൊലീസ് സേനയെ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ക്ക് മുകളില്‍ പ്രതിഷ്ഠിച്ചത്.

ജനങ്ങളുടെ മുകളില്‍ ചോദ്യം ചെയ്യപ്പെടാത്ത അധികാരവകാശങ്ങളോടെ പൊലീസിനെ നിലനിര്‍ത്തിയിരിക്കുന്നത് കേരളത്തില്‍ മാത്രമല്ല എന്നത് വളരെ ലളിതമായ വസ്തുതയാണ്. ഇന്ത്യയിലെ പൊലീസ് സേനയുടെ ഘടനയും അതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും ജനങ്ങളോടും ജനാധിപത്യവകാശങ്ങളോടുമുള്ള അതിന്റെ സമീപനവുമെല്ലാം ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ രൂപപ്പെട്ടതിന്റെ സ്വതന്ത്ര ഇന്ത്യന്‍ രൂപം മാത്രമാണ്. സായിപ്പേ പോയുള്ളു, സായിപ്പിന്റെ പൊലീസ് ഇവിടെത്തന്നെയുണ്ട് എന്നാണ് സ്ഥിതി. 

ATTINGAL
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലില്‍ വെച്ച് എട്ടു വയസ്സുകാരിയേയും അച്ഛനെയും പരസ്യവിചാരണ ചെയ്ത സിവില്‍ പൊലീസ് ഉദ്യോഗസ്ഥ രജിത.

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇന്ത്യയിലെ പൊലീസ് സംവിധാനം കൊളോണിയല്‍ ഭരണത്തിന്റെ സംരക്ഷിക്കാന്‍ ഉതകുംവിധത്തില്‍ ശക്തിപ്പെടുത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന 1861-ലെ പൊലീസ് നിയമമാണ് ഇപ്പോഴും നമ്മുടെ പൊലീസ് ഭരണത്തിന്റെ അടിസ്ഥാന നിയമം. അതായത് എങ്ങനെയാണോ കൊളോണിയല്‍ ഭരണാധികാരികള്‍ പൊലീസ് സേനയെ വിഭാവനം ചെയ്തത് അതേ സമീപനവും കാഴ്ച്ചപ്പാടുമാണ് സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യവാദികളും പിന്തുടര്‍ന്നത്. അതുകൊണ്ടാണ്  പൗരന്മാരുടെ ജനാധിപത്യാവകാശങ്ങളും മനുഷ്യാവകാശങ്ങളും പോലീസ് സ്റ്റേഷനിലെ ഇടിമുറിയില്‍ തല്ലുകൊണ്ട് ചത്താലും സാരമില്ല പോലീസുകാരുടെ മനോവീര്യം ഒട്ടും കുറയാതെ നിലനില്‍ക്കണമെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത്. 

പൊലീസ് സേനയുടെ ആധുനികവത്കരണം, പരിഷ്‌കരണം എന്നിവയെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളെല്ലാം പൊലീസിനെ ജനാധിപത്യവത്കരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളായി പരിണമിക്കുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ സംഗതി. പൊലീസ് സേനയുടെ ജനാധിപത്യവത്കരണം എന്നാല്‍ ജനാധിപത്യപ്രക്രിയയില്‍ സുതാര്യമായി ജനങ്ങളോട് നേരിട്ട് മറുപടി പറയേണ്ട തരത്തില്‍ പ്രവര്‍ത്തിക്കുന്ന നിന്നായി മാറുക എന്നതാണ്. നിലവില്‍ പൊലീസിന് ചുറ്റും ഭരണകൂടം വെച്ചിരിക്കുന്ന ഇരുമ്പു മറ മാറ്റുമ്പോള്‍ മാത്രമാണ് അത് സാധ്യമാകുന്നത്. 

ആദര്‍ശാത്മകവുമായ ഒരു സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് പൊലീസിനെ ഭയപ്പെടേണ്ട കാര്യമേയില്ല. എന്നാല്‍ എല്ലായ്‌പ്പോഴും പൊലീസിനെ ഭയപ്പെട്ടുകൊണ്ടേയിരിക്കുന്നു മനുഷ്യര്‍ എന്നുറപ്പുവരുത്തലാണ് പൊലീസ് ചെയ്യുന്നത്. ആറ്റിങ്ങലില്‍ നടന്ന സംഭവം നോക്കൂ; തന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന് തോന്നിയ ഉടനെ ഒരു പൊലീസുകാരി അവിടെ നിന്ന ഒരാളെയും അയാളുടെ എട്ടു വയസുകാരിയായ കുഞ്ഞിനേയും മോഷ്ടാക്കളാക്കി ചിത്രീകരിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു. അതിലവര്‍ തികച്ചും കുറ്റക്കാരിയാണ് എന്ന് കണ്ടിട്ടും പൊലീസ് വകുപ്പ്​ സൗകര്യപ്രദമായ ഒരു സ്ഥലം മാറ്റത്തില്‍ സംഭവമൊതുക്കാനാണ് ശ്രമിച്ചത്. ഹൈക്കോടതി ഇടപെടലാണ് ഇപ്പോഴും അതില്‍ നീതി ലഭിക്കും എന്ന പ്രതീതി ഉണ്ടാക്കുന്നത്. 

പൊലീസ് സേന പൊതു നിയമങ്ങള്‍ക്ക് പുറത്താവുകയും തങ്ങളുടേത് മാത്രമായ ഒരു സുരക്ഷിത ചട്ടക്കൂടിനുള്ളില്‍ കഴിയുകയും ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ ആര്‍ക്കു നേരെയും പരസ്യമായി എന്തും പറയാനുള്ള ധൈര്യം ഒരു സിവില്‍ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പോലുമുണ്ടാകുന്നത്. "പട്ടിയുണ്ട് കടിക്കും' എന്ന ബോര്‍ഡ് വെച്ച വീട്ടുകാരനെപ്പോലെ ജനത്തിന്റെ ഭയത്തെ ആസ്വദിക്കുകയാണ് സര്‍ക്കാര്‍. 

National  Police  Commission  (1977) നു പിന്നാലെ Gore Committee on Police Training (1971-73), Ribeiro Committee on Police Reforms (1998), Padmanabhaiah Committee on Police Reforms (2000), Group of Ministers on National Security (2000-01), Malimath Committee on Reforms of Criminal Justice System (2001-3) എന്നിവയും പ്രകാശ് സിങ് കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളുമെല്ലാം പോലീസിന്റെ ജനാധിപത്യവത്കരണത്തെക്കാളേറെ പൊലീസിന്റെ സ്വയംഭരണം ഉറപ്പുവരുത്തുന്നതിലായിരുന്നു കൂടുതല്‍ ശ്രദ്ധിച്ചത്. പുറത്തുനിന്നുള്ള ഇടപെടലുകളും രാഷ്ട്രീയ താത്പര്യങ്ങളും സേനയുടെ പ്രൊഫഷണല്‍ സ്വഭാവം നഷ്ടപ്പെടുത്തുന്നു എന്ന പൊതുവിലയിരുത്തലിന്റെ മുകളിലാണ് മിക്ക നിര്‍ദ്ദേശങ്ങളും വരുന്നത്. അത്തരം ഇടപെടലുകളുടെ കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും പൊലീസിന്റെ ജനാധിപത്യവിരുദ്ധ സ്വഭാവത്തിന്റെ ഗുണഭോക്താക്കളാണ് മിക്ക രാഷ്ട്രീയകക്ഷികളും അവര്‍ തന്നെ ഭാഗമായി വരുന്ന സര്‍ക്കാരുകളുമെന്നും ആത്യന്തികമായി ഭരണകൂടത്തിന്റെ വര്‍ഗ്ഗസ്വഭാവത്തെയും വര്‍ഗവിഭജിത സ്വത്തു സമ്പ്രദായത്തെയും സംരക്ഷിക്കാനുള്ള ഒരുപാധിയാണ് പൊലീസ് അടക്കമുള്ള മര്‍ദ്ദക സംവിധാനങ്ങളെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. അപ്പോള്‍ മാത്രമാണ് പൊലീസിനെ ജനാധിപത്യവത്കരിക്കുക എന്നാല്‍ പൊലീസുകാരെ വ്യക്തിപരമായി നന്നാക്കുക എന്ന പഠനക്ലാസ്​ അല്ലെന്നും ഒരു സംവിധാനം എന്ന നിലയില്‍ ജനങ്ങളോട് ഉത്തരവാദിത്തമുള്ളതും മറുപടി പറയേണ്ടതുമായ സംവിധാനമായി ഇതിനെ മാറ്റുക എന്നാണ്​ അർഥമെന്നും നാം തിരിച്ചറിയുക .  

SUDHEER
മൊഫിയ പര്‍വീണിന്റെ മരണത്തില്‍ കുറ്റാരോപിതനായ ആലുവ സി.ഐ. സുധീര്‍

ദേശീയ പോലീസ് കമ്മീഷന്റെ മൂന്നാം റിപ്പോര്‍ട്ട്​ ജോഗീന്ദര്‍ സിങ് കേസില്‍ (Joginder Singh v State of U.P. (1994 ) 4 SCC 260) സുപ്രീം കോടതി എടുത്തു പറയുന്നുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയില്‍ നടക്കുന്ന 60% അറസ്റ്റുകളും അന്യായമോ അനാവശ്യമോ ആണെന്നാണ്. എന്തൊരു ഭീകരമായ പൗരാവകാശ നിഷേധമാണിത്! ഇത്തരത്തില്‍ അറസ്റ്റുകള്‍ നടത്തി പൊലീസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാനാകും എന്ന പ്രതീക്ഷയില്‍ D. K .Basu കേസില്‍ (D.K.Basu v State of West Bengal (1997) 1 SCC 416) സുപ്രീം കോടതി അറസ്റ്റിനു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. പ്രസ്തുത വിധിയില്‍ ജസ്റ്റിസ് എ .എസ്. ആനന്ദ് കസ്റ്റഡി പീഡനത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, "Custodial torture is a naked violation of human dignity and degradation which destroys, to a large extent, the individual personality. It is a calculated assault on human dignity and whenever human dignity is wounded, civilisation takes a step backward- flag of humanity must on each such occasion fly half mast.' 

ALSO READ

പൊലീസ്​ പ്രതിക്കൂട്ടിലാകുമ്പോള്‍ ആഭ്യന്തരമന്ത്രിയും പ്രതിക്കൂട്ടിലാകേണ്ടേ?

വിധിയും കോടതിയും ഒരു വഴിക്കു പോയി, 1997-നും 2016-നും ഇടയ്ക്ക് ഇന്ത്യയില്‍ 790 കസ്റ്റഡി കൊലപാതകങ്ങള്‍ 2019-ല്‍ മാത്രമുണ്ടായി.  125 പേര്‍ കസ്റ്റഡിയില്‍ മരിച്ചു. കസ്റ്റഡി മരണങ്ങളില്‍ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തണം എന്ന നിര്‍ദേശം പല കേസുകളിലും അനുസരിക്കാത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ബിഹാറിനും ഉത്തര്‍പ്രദേശിനും മധ്യപ്രദേശിനുമൊപ്പം കേരളവുമുണ്ട്. കേരളത്തിന്റെ ഇടതുപക്ഷം ഇങ്ങനെയാണ് എന്നാണോ മറുപടി? 

പൊലീസ് സ്റ്റേഷനുകള്‍ ജനാധിപത്യ സമൂഹത്തിന്റെ പരിശോധനയ്ക്ക് വിധേയമാകാത്ത സ്വയംഭരണ റിപ്പബ്ലിക്കുകളാണ് എന്ന അവസ്ഥ നിലനില്‍ക്കുകയാണ്. പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള മര്‍ദ്ദനവും ചീത്തവിളിയുമെല്ലാം മറ്റൊരു ലോകത്തെ സ്വാഭാവിക നിയമങ്ങളാണ് ജനം കണക്കാക്കുന്ന പോലുമുണ്ട്. ആലുവയില്‍ മൊഫിയ എന്ന പെണ്‍കുട്ടി തൂങ്ങിമരിച്ച സംഭവത്തിന്റെ വാര്‍ത്തകള്‍ വന്നപ്പോള്‍ അതില്‍  കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനിലെത്തിയ മൊഫിയയുടെ അച്ഛനോട് മോശമായി സംസാരിച്ചു എന്നത് നമ്മുടെ പൊലീസ് സ്റ്റേഷനുകളിലെ "സ്വാഭാവികതയാണ്.' തെറി വിളിക്കാനും അധികാരഭാവത്തില്‍ സംസാരിക്കാനും സ്‌റ്റേഷനിലെത്തുന്നവരെ അനന്തമായി കാത്തിരുത്താനും മധ്യസ്ഥശ്രമമെന്ന പേരില്‍ കൈക്കൂലി വാങ്ങാനുമൊക്കെ തങ്ങള്‍ക്ക്  അധികാരമുണ്ട് എന്ന് പൊലീസുകാര്‍ തന്നെ ധരിക്കുന്ന ഒരു വ്യവസ്ഥയാണ് ഇവിടെയുള്ളത്. അത്തരത്തിലുള്ള സ്റ്റേഷനുകളിലാണ് പീഡനപര്‍വ്വങ്ങള്‍ ഒരു വാര്‍ത്തയല്ലാതാകുന്നത്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ തന്റെ വിധിപ്രസ്താവത്തില്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ട്, "This Country has no totalitarian territory even within the walled world we call prison. Articles 14, 19 and 21 operate within the prisons... the state must re-educate the constabulary out of their sadistic arts and inculcate a respect for the human person -a process which must begin more by example than by percept if the lower rungs are really to emulate, then '....nothing inflicts a deeper wound on our constitutional culture than a state official running berserk regardless of human rights' (K.S.R.Dev v State of Rajasthan (1981)1 SCC 503)

justice
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ / Photo: Wikimedia Commons

എന്നാല്‍ തടവറകളും പൊലീസ് സ്റ്റേഷനുകളും ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കയറാത്ത കൊലയറകളാക്കി നിലനിര്‍ത്താനാണ് സര്‍ക്കാരുകള്‍ക്ക് താത്പര്യം. കേരളവും ഇതില്‍നിന്നും ഒട്ടും ഭിന്നമല്ല എന്നതാണ് സങ്കടകരമായ വസ്തുത. പൊലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തികളും മര്‍ദ്ദനവും മറ്റും തടയാനുള്ള ഒരു വഴിയെന്ന നിലയില്‍ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും CCTV  സംവിധാനം സ്ഥാപിക്കാന്‍ സുപ്രീം കോടതി PARAMVIR SINGH SAINI vs. BALJIT SINGH [SLP (CRIMINAL) NO.3543 of 2020] കേസില്‍ നിര്‍ദേശം നല്‍കി. എന്നാല്‍ കേരളമടക്കം ഒരു സംസ്ഥാനവും ഇത് ഇന്നേവരേക്കും നടപ്പാക്കിയിട്ടില്ല. പൊലീസ് സ്റ്റേഷനിലെ ശുചിമുറികളൊഴികെയുള്ള എല്ലാ ഭാഗവും CCTCV -യുടെ പരിധിയില്‍ വരണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ ആറു മാസം വരെ സൂക്ഷിക്കണമെന്നും കോടതി പറയുന്നു. ഇവയടക്കം വളരെ കൃത്യമായ നിര്‍ദേശങ്ങളാണ് ജസ്റ്റിസ് നരിമാന്‍ നേതൃത്വത്തിലുള്ള ബഞ്ച് ഈ വിഷയത്തില്‍ നല്‍കിയത്. എന്നാല്‍ ഇതുവരെയും അത് നടപ്പാക്കാത്തത് ആരുടെ താത്പര്യം സംരക്ഷിക്കാനാണ്? (കെ. എം. മാണി സ്മാരകത്തിനും ആര്‍ ബാലകൃഷ്ണപ്പിള്ള സ്മാരകത്തിനും പണം നീക്കിവെക്കാന്‍ സര്‍ക്കാര്‍ മറന്നിട്ടില്ല എന്നുകൂടി നാമോര്‍ക്കണം). 

എന്നാലിത് പൊലീസ് സ്‌റ്റേഷനുള്ളിലെ കാര്യങ്ങള്‍ മാത്രമാണ് സുതാര്യമാക്കുക. പൊലീസ് ജനങ്ങളോട് എങ്ങനെ ഇടപെടണം എന്ന കാര്യത്തില്‍  അന്തിമമായി ഇടപെടേണ്ടതും തീരുമാനങ്ങള്‍ നടപ്പാക്കേണ്ടതും രാഷ്ട്രീയ നേതൃത്വമാണ്. അത്തരത്തിലൊരു രാഷ്ട്രീയ നേതൃത്വത്തെ സമഗ്രാധിപത്യ സ്വഭാവത്തിലേക്കും പൊലീസിന്റെ ഫ്യൂഡല്‍ ഭാഷയിലേക്കും പരകായ പ്രവേശം നടത്തിയതിന്റെ ചിത്രമാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ്. കോവിഡ് ഒന്നാം ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് നേരെ പൊലീസ് ഇന്ത്യയിലെമ്പാടും അതിക്രൂരമായ വേട്ടയാണ് നടത്തിയത്. പൊതുഗതാഗത സംവിധാനങ്ങളടക്കം  നിര്‍ത്തിവെച്ച്, ജനങ്ങളുടെ ഉപജീവന മാര്‍ഗമാണ് ഒറ്റയടിക്ക് അവസാനിപ്പിച്ച്, പൊതുജനാരോഗ്യസംവിധാനങ്ങള്‍ മൊത്തം പരാജയപ്പെട്ട ഘട്ടത്തില്‍ പരാജയപ്പെട്ടത് ഭരണകൂടമാണ്.  ജനങ്ങള്‍ ഈ ഭരണകൂടവീഴ്ച്ചയെ ചോദ്യം ചെയ്യാതിരിക്കാന്‍ അപ്പോഴും പൊലീസിനെ ഉപയോഗിച്ച്  ഭീകരതയുടെ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു സര്‍ക്കാരുകള്‍ ചെയ്തത്. കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 

YATHISH
ഒന്നാം ലോക്ഡൗണ്‍ സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് കണ്ണൂര്‍ അഴീക്കലില്‍ സാധാരണക്കാരെ കൊണ്ട് ഏത്തമിടീക്കുന്ന യതീഷ് ചന്ദ്ര ഐ.പി.എസ്.

പൗരന്മാരെ നിയമപരമായ നടപടിക്രമങ്ങളിലൂടെ സമീപിക്കേണ്ടതിനു പകരം അവരെ കോമാളികളാക്കി ദൃശ്യങ്ങള്‍ ചിത്രീകരിക്കുക, തെറി വിളിക്കുക, ഭീകരമായി പരസ്യമായി മര്‍ദിക്കുക എന്നിങ്ങനെ മനുഷ്യാവകാശ ലംഘനങ്ങളുടെ അയ്യരുകളിയായിരുന്നു കേരളത്തിലും നടന്നത്. എന്നാല്‍ അപ്പോഴൊക്കെയും അച്ഛന്‍ അല്ലെങ്കില്‍ മാഷ് തല്ലുന്നത് നിന്റെ നന്മയ്ക്കല്ലേ എന്ന പാഠം പലതവണ ഉരുവിടാന്‍ സര്‍ക്കാര്‍ ജനങ്ങളെ പഠിപ്പിച്ചു കൊണ്ടിരുന്നു. അത്തരത്തിലൊരു പിതൃ അധികാര വിധേയത്വത്തിലേക്ക് ജനം നൂണ്ടിറങ്ങുന്നതാണ് ഭരണകൂട ഭീകരതയെക്കാള്‍ ഭയപ്പെടുത്തുന്ന കാഴ്ച എന്നത് മറ്റൊരു വിഷയമാണ്. കണ്ണൂരില്‍ ആളുകളെ പരസ്യമായി തെരുവില്‍ ഏത്തമിടുവിച്ച യതീഷ് ചന്ദ്രയെന്ന ഐ.പി.എസ്​ ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയോ അത് ജനങ്ങളെ അറിയിക്കുകയോ ചെയ്തില്ല. പൊലീസിന് മാത്രം വേണ്ട ഒന്നാണ് മനോവീര്യമെന്നു സര്‍ക്കാര്‍ തീരുമാനിച്ചതുകൊണ്ടാണത്. 

ALSO READ

കരുണാകരന്‍ പൊലീസില്‍ നിന്ന് വിജയന്‍ പൊലീസിലേക്ക് ഒട്ടും ദൂരമില്ല

എന്തുകൊണ്ടാണ് പൊലീസ് സ്റ്റേഷനിലെ കൊലപാതകങ്ങള്‍ എന്ന അങ്ങേയറ്റത്തെ മനുഷ്യാവകാശലംഘനവും ഏത്തമിടുവിക്കല്‍ എന്ന മനുഷ്യാഭിമാനത്തെ ഏറ്റവും ഹീനമായി അവഹേളിക്കുന്നതുമടക്കമുള്ള പോലീസ് ഭീകരതയെ ഒളിഞ്ഞും തെളിഞ്ഞും അംഗീകരിച്ചുകൊടുക്കുന്നവാറായി നമ്മുടെ രാഷ്ട്രീയ നേതൃത്വം മാറുന്നത്? അത് തങ്ങള്‍ക്കു വേണ്ടി കടിക്കുന്ന പട്ടികളാണ് പോലീസ് സേന എന്നുറപ്പുവരുത്തുകയാണ് ഭരണാധികാരികളുടെ ലക്ഷ്യം. ജനങ്ങളുടെ പൗരാവകാശങ്ങള്‍ അവരുടെ അജണ്ടയില്‍ വരുന്ന കാര്യമേയല്ല. ഒരിക്കലും കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിലെ ആരെയെങ്കിലും അറിഞ്ഞുകൊണ്ട് പോലീസുകാര്‍ പീഡിപ്പിക്കില്ല. കേരളത്തിലെ ധനിക വര്‍ഗവും പോലീസ് പീഡനങ്ങളുടെ കാഴ്ചവട്ടത്തിലേ വരുന്നില്ല. മധ്യവര്‍ഗ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഒഴിഞ്ഞുമാറി സുരക്ഷിതരായി കഴിഞ്ഞുപോയ്‌ക്കോളും. പിന്നെയാരാണ് ഈ പീഡനത്തിന്റെ ഇരകള്‍? സ്ത്രീകള്‍, ദലിതര്‍, ദരിദ്രര്‍, ന്യൂനപക്ഷ വിഭാഗങ്ങളിലെ ദരിദ്രര്‍, മുഖ്യധാരാ രാഷ്ട്രീയത്തിനു പുറത്തു നില്‍ക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇങ്ങനെ പ്രാന്തവത്കരിക്കപ്പെട്ട മനുഷ്യരുടെ നീണ്ട നിരയാണ് പൊലീസുകാരുടെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളുടെ പട്ടികയില്‍ നിറയുന്നത്.

ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ജനാധിപത്യ രീതികൊണ്ട് പരിഹരിക്കാന്‍ പറ്റുന്ന ഒന്നല്ല എന്നാണ് അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ ഈ ജനാധിപത്യ വിരുദ്ധ സേനയെ പരിപാലിക്കുന്നതിലൂടെ തെളിയുന്നത്. ജനങ്ങള്‍ സാമൂഹ്യ- രാഷ്ട്രീയ മണ്ഡലങ്ങളിലെ അധികാരപ്രക്രിയയില്‍ നേരിട്ടുള്ള ഇടപെടലുകള്‍ നടത്തുന്നതിലൂടെ മാത്രമാണ് ഇതിനെ നേരിടാന്‍ കഴിയുക. രാഷ്ട്രീയകക്ഷികള്‍ക്ക് ഉത്തരം പറയേണ്ടത് ജനങ്ങളോടാണ് എന്നതിനെ ഒരു പ്രത്യേക രീതിയില്‍ വക്രീകരിച്ചു വെച്ചിരിക്കുകയാണ് നമ്മുടെ നാട്ടില്‍. അതുകൊണ്ടാണ്  ‘ഞങ്ങടെ പൊലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങക്കെന്താ കോണ്‍ഗ്രസേ’ എന്ന് പാടുന്ന വിധത്തില്‍ ഇടതുപക്ഷക്കാരില്‍ പലരും മാറുന്നത്. അത് ജനാധിപത്യം എന്നത് വോട്ടു ചെയ്തതിനു ശേഷം നേതാക്കളെ സംരക്ഷിക്കേണ്ട ഒരു ദീര്‍ഘകാല അജണ്ടയാണ് എന്ന് തോന്നുന്നതുകൊണ്ടാണ്. 

പൗരാവകാശങ്ങളെക്കുറിച്ചുള്ള ഉയര്‍ന്ന പൊതുബോധവും അതില്‍ നിന്നുണ്ടാകുന്ന രാഷ്ട്രീയവുമാണ് ഒരു ആധുനിക ജനാധിപത്യ സമൂഹത്തെ സൃഷ്ടിക്കുക. അതിനുവേണ്ടത് ജനങ്ങളുടെ പൗരാവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും ഏറ്റവും സംഘടിതമായ ഭീഷണിയായി മാറുന്ന പൊലീസിനെ നിയന്ത്രിക്കുകയും അതിനെ എത്ര കടുത്ത ചെറുത്തുനില്‍പ്പുകളുണ്ടായാലും ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരാക്കുകയുമാണ്. ഇക്കാര്യത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം സര്‍ക്കാരും ഇതുവരേയുള്ള രണ്ടാം സര്‍ക്കാരും തികഞ്ഞ പരാജയമാണ്. അതൊരു വ്യക്തിയുടെ പരാജയമല്ല, ജനാധിപത്യത്തെക്കുറിച്ചുള്ള സാമൂഹ്യ- രാഷ്ട്രീയ ധാരണ അത്രയേറെ ഇടുങ്ങിപ്പോയതിന്റെ രാഷ്ട്രീയ ദുരന്തമാണ്. 

പൗരാവകാശ ലംഘനം നടത്തുമ്പോള്‍ പൊലീസ് വെറും കുറ്റവാളികളുടെ ഗുണ്ടാ സംഘത്തിന് തുല്യമാണ്. അവരെ എങ്ങനെ നേരിടണമെന്ന് ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്.

  • Tags
  • #Kerala Police
  • #Police Brutality
  • #LDF
  • #Governance
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 veena.jpg

Governance

റിദാ നാസര്‍

‘കരുതൽ’ പദ്ധതി: ട്രൂ കോപ്പി റിപ്പോർട്ടും മന്ത്രിയുടെ ഇടപെടലും നൽകുന്ന പാഠം

Aug 10, 2022

4 minutes Read

Police and Wayanad

Police Brutality

Truecopy Webzine

വയനാട്ടില്‍ നക്‌സലൈറ്റ് വേട്ടയുടെ മറവില്‍ നടന്നത് പൊലീസിന്റെ അതിക്രൂരമായ ലൈംഗികാക്രമണം

Aug 02, 2022

3 Minutes Read

K Fon

Governance

അലി ഹൈദര്‍

കെ- ഫോണിലൂടെ കേരളം അവതരിപ്പിക്കുന്നു, ഒരു ജനപക്ഷ ടെക്​നോളജി

Jul 31, 2022

10 Minutes Read

Vatakara Police

Human Rights

ഷഫീഖ് താമരശ്ശേരി

പൊലീസ് എന്ന കുറ്റവാളി, പ്രതി ആഭ്യന്തര വകുപ്പ്​

Jul 26, 2022

9 Minutes Read

3

Technology and People

ദില്‍ഷ ഡി.

കോഴിക്കോട് കോര്‍പറേഷന്‍ 'സഞ്ചയ' തട്ടിപ്പിന് പിന്നിലാര്‌?

Jun 26, 2022

8 minutes watch

Loka Kerala Sabha

Diaspora

അലി ഹൈദര്‍

പ്രവാസികളുടെ എണ്ണം പോലും കൈവശമില്ലാത്ത സർക്കാറും ലോക കേരള സഭയെക്കുറിച്ചുള്ള സംശയങ്ങളും

Jun 22, 2022

6 Minutes Read

Farmer Issue

Agriculture

ദില്‍ഷ ഡി.

അഞ്ചുവർഷം നടന്നിട്ടും മുഹമ്മദിന്​ മറുപടി കിട്ടിയില്ല, നഷ്​ടപരിഹാരം ഉണ്ടോ ഇല്ലേ?

Jun 21, 2022

5 Minutes Watch

sanjeev

GRAFFITI

ആകാശി ഭട്ട്

അച്ഛാ.., നിങ്ങള്‍ അത്തരമൊരു മനുഷ്യന്റെ നിര്‍വചനമാണ്

Jun 19, 2022

2 Minutes Read

Next Article

കൊച്ചുതോപ്പിലെ 16 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സ്‌കൂള്‍ വാസം ഇനിയും എത്ര കാലം?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster