truecoppy
MORE
Truecopy Home
Readers
are
Thinkers

Tuesday, 17 May 2022

truecoppy
Truecopy Logo
Readers are Thinkers

Tuesday, 17 May 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
parents

Police Brutality

ആനന്ദൻ ചെട്ടിയാരും ഗീതയും

മകളെ കൊന്നവരെന്ന്
പോലീസ് മുദ്രകുത്തിയ
അച്ഛനും അമ്മയും സംസാരിക്കുന്നു...

മകളെ കൊന്നവരെന്ന് പോലീസ് മുദ്രകുത്തിയ അച്ഛനും അമ്മയും സംസാരിക്കുന്നു...

കോവളം ആഴാകുളത്തെ ആനന്ദന്‍ ചെട്ടിയാരും ഭാര്യ ഗീതയും തങ്ങളുടെ മകള്‍ ഗീതുവിന്റെ കൊലപാതകത്തിന്റെ പേരില്‍ ഒരുവര്‍ഷമായി പീഡനമനുഭവിക്കുകയായിരുന്നു. വിഴിഞ്ഞം മുല്ലൂരില്‍ വയോധികയെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന കേസില്‍ റഫീഖ ബിവി (50) മകന്‍ ഷെഫീഖ് (21) എന്നിവര്‍ അറസ്റ്റിലായപ്പോഴാണ് ഗീതുവിന്റെ മരണത്തിന് പിന്നിലെ സത്യവും പുറത്തുവന്നത്. ഒരു വര്‍ഷത്തിന് ശേഷം നീതി കിട്ടിയെങ്കിലും സമൂഹത്തിന് മുന്നില്‍ ഒറ്റപ്പെട്ടും എല്ലാവരുടെയും മുന്നില്‍ മകളുടെ ഘാതകരായും ജീവിക്കേണ്ടി വന്ന വേദനയിലാണ് ക്യാന്‍സര്‍ രോഗിയായ ഗീതയും ഭര്‍ത്താവും. പൊലീസില്‍ നിന്നും സമൂഹത്തില്‍ നിന്നും തങ്ങളനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് ആനന്ദനും ഗീതയും പറയുന്നു.

23 Jan 2022, 11:59 AM

അരുണ്‍ ടി. വിജയന്‍

കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം കോവളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും വന്നത്. ഒരു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട പതിനാലുകാരിയുടെ മരണത്തിന് കാരണം തങ്ങളാണെന്ന് സമ്മതിച്ചതോടെ ഒരു വര്‍ഷമായി വളര്‍ത്തുമകളുടെ ഘാതകരെന്ന് പോലീസും സമൂഹവും മുദ്രകുത്തിയ വൃദ്ധദമ്പതികളുടെ ദുരിതത്തിനാണ് അറുതിയായത്. കോവളം ആഴാകുളത്തെ ആനന്ദന്‍ ചെട്ടിയാരും ഭാര്യ ഗീതയുമാണ് തങ്ങളുടെ മകള്‍ ഗീതുവിന്റെ കൊലപാതകത്തിന്റെ പേരില്‍ ഒരുവര്‍ഷമായി പീഡനമനുഭവിച്ചിരുന്നത്. വിഴിഞ്ഞം മുല്ലൂരില്‍ വയോധികയെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന കേസില്‍ റഫീഖ ബിവി (50) മകന്‍ ഷെഫീഖ് (21) എന്നിവര്‍ അറസ്റ്റിലായപ്പോഴാണ് ഗീതുവിന്റെ മരണത്തിന് പിന്നിലെ സത്യവും പുറത്തുവന്നത്. ഈ കേസില്‍ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഒരു വര്‍ഷം മുമ്പ് ആഴാകുളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയതും തങ്ങളാണെന്ന സത്യം ഇവര്‍ തുറന്നുപറഞ്ഞത്. കുട്ടിയെ ഷഫീഖ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞതാണ് നാല് വര്‍ഷമായി ഇവരുടെ അയല്‍പക്കത്ത് വാടകയ്ക്ക് താമസിക്കുന്ന റഫീഖയെയും ഷഫീഖിനെയും പ്രകോപിതരാക്കിയത്. കഴിഞ്ഞവര്‍ഷം ജനുവരി 14നായിരുന്നു സംഭവം. അന്ന് വൈകിട്ട് ഗീതു വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മരിച്ചു.

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

കുട്ടിയുടെ രക്ഷിതാക്കള്‍ക്കും ബന്ധുവിനുമെതിരെയായിരുന്നു പോലീസ് അന്വേഷണം. കുട്ടി മരിച്ചതിന്റെ തലേദിവസം ഈ വീട്ടില്‍ ബഹളം നടന്നുവെന്ന ഇപ്പോള്‍ പിടിയിലായ റഫീഖയുടെ മൊഴിയാണ് പോലീസ് കണക്കിലെടുത്തത്. കോവളം പോലീസിന്റെ അന്വേഷണം പരിധിവിട്ട് മൂന്നാം മുറയിലേക്കും നീങ്ങി. പല തവണ ചോദ്യം ചെയ്തു. ആനന്ദന്‍ ചെട്ടിയാരുടെ ഉള്ളംകാലില്‍ ചൂരല്‍കൊണ്ട് അടിച്ചു. വിവസ്ത്രനാക്കി വിരലുകളില്‍ സൂചി കുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവില്‍ ബന്ധുവായ ചെറുപ്പക്കാരനെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം നീതി കിട്ടിയെങ്കിലും ഈ ഒരു വര്‍ഷക്കാലം സമൂഹത്തിന് മുന്നില്‍ ഒറ്റപ്പെട്ടും എല്ലാവരുടെയും മുന്നില്‍ മകളുടെ ഘാതകരായും ജീവിക്കേണ്ടി വന്ന വേദനയിലാണ് ക്യാന്‍സര്‍ രോഗിയായ ഗീതയും ഭര്‍ത്താവും. തങ്ങള്‍ അനുഭവിച്ച ദുരന്ത ജീവിതത്തെക്കുറിച്ച് അവര്‍ ട്രൂ കോപ്പി പ്രതിനിധിയുമായി സംസാരിച്ചതില്‍ നിന്നും.

ഞങ്ങള്‍ ഞങ്ങളുടെ മോളെ കൊന്നുവെന്ന് എല്ലാവരും വിശ്വസിച്ചു

പ്രസവിച്ച് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എന്റെ കയ്യില്‍ കിട്ടിയ കുഞ്ഞിനെ ഞാന്‍ പതിനാല് വയസ്സ് വരെ വളര്‍ത്തിയിട്ട് കൊല്ലുമെന്ന് പറയുമ്പോള്‍ അത് വിശ്വസിക്കുന്നവരും കാണും വിശ്വസിക്കാത്തവരും കാണും. ഞങ്ങളുടെ കാര്യത്തില്‍ അത് വിശ്വസിച്ചവരായിരുന്നു കൂടുതലും. കഴിഞ്ഞ ഒരു വര്‍ഷമായി ഒരാളും നമ്മുടെ വീട്ട് നടയില്‍ പോലും വരാത്ത അവസ്ഥയായിരുന്നു. അത്ര ഭീകരരാണ് ഞങ്ങളെന്നാണ് എല്ലാവരും കരുതിയിരുന്നത്.

house
ആനന്ദൻ ചെട്ടിയാരുടേയും ഗീതയുടെയും ആഴാകുളത്തെ വീട്

ഞങ്ങള്‍ വന്നപ്പോള്‍ ഗീതു മരിച്ചിട്ടില്ല. ഒരു അസുഖവും ഞങ്ങളോട് പറഞ്ഞിട്ടുമില്ല. ആളുകള്‍ ഇല്ലാത്തതാണ് കുറെയൊക്കെ പറഞ്ഞ് നടന്നത്. കുഞ്ഞിനെ വളര്‍ത്തി വലുതാക്കി ഒമ്പതാം ക്ലാസ് വരെയെത്തിച്ചപ്പോള്‍ ഒരു ഈച്ച കടിച്ചു. കാലില്‍ മന്ത് പോലെയുണ്ടായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇരുപത് ദിവസം കിടക്കേണ്ടി വന്നു. വിഴിഞ്ഞത്തെ ആശുപത്രിയിലും രണ്ട് മാസം കിടന്നു. മെഡിക്കല്‍ കോളേജിലായിരുന്നപ്പോള്‍ എവിടെയാണെന്ന് പോലുമറിയാതെ എന്റെ ഭര്‍ത്താവ് ബ്ലഡ്ഡും കൊണ്ട് ഓടിയിട്ടുണ്ട്. കാല് ഡ്രസ്സ് ചെയ്യാന്‍ പോകുമ്പോള്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന ബ്ലെയിഡ് കൊണ്ട് കാലിലെ നീര് ചീകിക്കളയും. അതിന്റെ വേദനയില്‍ മോള് കരയുമ്പോള്‍ അച്ഛന്‍ ആ മുറിക്ക് പുറത്തുനിന്ന് കരയുമായിരുന്നു. അത്രയുമാക്കിയ ഞങ്ങള്‍ ഞങ്ങളുടെ കുഞ്ഞിനെ കൊല്ലുമോ? മെഡിക്കല്‍ കോളേജിലെ ചികിത്സ കൊണ്ട് കാര്യമില്ലാതെ വന്നപ്പോള്‍ തൃശൂരില്‍ ഒരു ഹോമിയോ ഡോക്ടറുടെ ചികിത്സയാണ് മോള്‍ക്ക് ഇപ്പോള്‍ ചെയ്തിരുന്നത്.

പ്രസവിച്ച അമ്മയെക്കാള്‍ ശ്രദ്ധിച്ചാണ് ഞാന്‍ ഞങ്ങളുടെ മോളെ വളര്‍ത്തിയത്. ആ എന്നെയാണ് ഈ സമൂഹം കൊലപാതകിയാക്കി മുദ്രകുത്തിയത്. കോവിഡ് തുടങ്ങിയതിന് ശേഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആക്കിയപ്പോള്‍ മൊബൈല്‍ വാങ്ങാന്‍ കാശില്ലാത്തതിനാല്‍ എന്റെ ആങ്ങളയുടെ മകന്‍ കല്യാണം കഴിച്ച് കൊണ്ടുവന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ ഉപയോഗിച്ചാണ് അവള്‍ പഠിച്ചുകൊണ്ടിരുന്നത്. ഒരു കൊല്ലമായി അവളുടെ കൊലപാതകികളെന്ന വിളി കേട്ട് നരകിക്കുന്നു. സത്യം തെളിയിക്കണേയെന്ന് ദൈവത്തോട് വിളിച്ചുപറയാത്ത ദിവസങ്ങളില്ല.

അന്ന് സംഭവിച്ചത്

കഴിഞ്ഞ വര്‍ഷം ജനുവരി 14ന് സൊസൈറ്റി കമ്മിറ്റി ഉണ്ടായിരുന്നു. വൈകിട്ട് മൂന്നരയായപ്പോഴേക്കുമാണ് ഞാന്‍ മോളോട് പറഞ്ഞിട്ട് കമ്മിറ്റിക്ക് പോയത്. സാധാരണ ആറ് മണി വരെ അവിടെ വര്‍ത്തമാനം പറഞ്ഞിരിക്കാറുള്ള ഞാന്‍ അന്ന് നാലരയായപ്പോഴേക്കും തിരിച്ചെത്തി. അപ്പോള്‍ ഗീതു ഇവിടെയിരുന്ന് പഠിക്കുകയായിരുന്നു. കുളിച്ച് നല്ല വൃത്തിയായാണ് ഇരുന്നത്. അടുത്ത വീട്ടിലെ മാമി അവളെ കണ്ട് "ഇതെന്തൊരു ചന്തം മക്കളേ'യെന്ന് പറയുകയും ചെയ്തു. ഞാന്‍ വന്നപ്പോള്‍ അവള്‍ പറഞ്ഞു :അമ്മ അച്ഛന്‍ കേക്ക് കൊണ്ടുവന്നു. അതില് ഞാന്‍ ഒന്നെടുത്തേ' എന്ന് പറയുകയും ചെയ്തു. ആറ് മണിയായപ്പോഴേക്കും അവള്‍ വന്നിട്ട് പനിക്കുന്നുവെന്ന് പറഞ്ഞു. കാലില്‍ നീര് വന്നതിന് ശേഷം രണ്ട് മൂന്ന് ആഴ്ച ഇടവിട്ട് ഒരു പനി വരുമായിരുന്നു. ഈ പനി വരുമ്പോള്‍ ശരീരം മുഴുവന്‍ വേദനയും വിറയലുമുണ്ടാകും. രണ്ട് മൂന്ന് ഷീറ്റ് കമ്പളിയിട്ട് പുതച്ചാലും വിറയല്‍ മാറില്ല. ഞാന്‍ കെട്ടിപ്പിടിച്ചാണ് ആ വിറയല്‍ മാറ്റിയിരുന്നത്. മരുന്ന് കൊടുത്തു കഴിയുമ്പോള്‍ കുറേശ്ശെയായി അത് മാറുകയും ചെയ്യും. അത്തരമൊരു പനിയായിരിക്കുമെന്ന് കരുതി ഞാന്‍ ആ മരുന്നെടുത്ത് കൊടുത്ത് കമ്പളിയിട്ട് പുതപ്പിച്ചു. അവളായിട്ട് തലയിടിച്ച കാര്യമൊന്നും പറഞ്ഞില്ല. വെളുക്കുവോളം ഞാന്‍ കാത്തിരുന്നു. ഈ പനി വരുമ്പോള്‍ മോള് ശര്‍ദ്ദിക്കും. കൂടാതെ വയറ്റില്‍ നിന്ന് പോകുകയും ചെയ്യും. ഇതത്രയും രാത്രിയിലിരുന്ന് കഴുകി ഞാന്‍ കൂട്ടിരിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിയായിട്ടും വെള്ളം കുടിക്കുന്നതല്ലാതെ എഴുന്നേല്‍ക്കുന്നുണ്ടായിരുന്നില്ല. പതിനൊന്ന് പന്ത്രണ്ട് മണിയായിട്ടും എന്റെ പിള്ള എഴുന്നേല്‍ക്കുന്നില്ലെന്ന് കണ്ടാണ് നിര്‍ബന്ധിപ്പിച്ച് ആശുപത്രിയില്‍ കൊണ്ടുപോയത്.

പതിനാല് വയസ്സേ ഉള്ളൂവെങ്കിലും കുട്ടിക്കാലം മുതല്‍ മരുന്നുകള്‍ കഴിക്കുന്നത് കൊണ്ട് 120 കിലോ ഭാരമുണ്ടായിരുന്നു. അതുകൊണ്ട് ഒരാള്‍ക്ക് ഒറ്റയ്ക്ക് തൂക്കിയെടുക്കാന്‍ പറ്റില്ലായിരുന്നു. 108 വിളിച്ചാണ് വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രണ്ട് മണി കഴിഞ്ഞിരുന്നു. വിഴിഞ്ഞം ആശുപത്രിയിലെ ജസ്റ്റിന്‍ ഡോക്ടറാണ് മോളെ നോക്കിയിരുന്നത്. അവിടെ ചെന്നപ്പോള്‍ ബെഡ്ഡില്ലെന്ന് പറഞ്ഞു. തല്‍ക്കാലം മരുന്നും കൊണ്ട് പോയിട്ട് നാളെ വരാനാണ് ഡോക്ടര്‍ ആദ്യം പറഞ്ഞത്. നമ്മളും വേറെയൊന്നും പറയാത്തത് കൊണ്ട് പതിവായി വരുന്ന പനിയാണെന്നാണ് ഡോക്ടറും കരുതിയിരുന്നത്. തിരിച്ച് പോകാന്‍ തുടങ്ങിയപ്പോഴേക്കും ഒരു ബെഡ്ഡ് ഒഴിഞ്ഞെന്ന് അവര് വന്ന് പറഞ്ഞു. സിസ്റ്റര്‍മാരെല്ലാം ചേര്‍ന്ന് എന്റെ പിള്ളയെ മുറിക്കുള്ളിലാക്കി രണ്ട് ഇന്‍ജക്ഷനും രണ്ട് ട്രിപ്പും കൊടുത്തു. എന്നിട്ട് അവര് പറഞ്ഞു കുറച്ചു നേരം ഉറങ്ങട്ടെ വിളിക്കണ്ട എന്നും പറഞ്ഞു. തലേന്നും ഒന്നും കഴിച്ചിട്ടില്ലെന്ന് ഓര്‍ത്ത് കുറച്ച് വെള്ളം കൊടുക്കാമെന്ന് കരുതി സ്പൂണില്‍ വെള്ളമെടുത്ത് ചുണ്ടിനോട് അടുപ്പിച്ചപ്പോള്‍ പല്ല് കോര്‍ത്ത് കിടക്കുകയായിരുന്നു. ഞാന്‍ ഓടിച്ചെന്ന് ഡോക്ടറെ വിളിച്ചുകൊണ്ട് വന്നു.

uniform
കൊല്ലപ്പെട്ട ഗീതുവിന്റെ സ്‌കൂള്‍ യൂണിഫോം

എന്റെ ആങ്ങളയുടെ മോന്‍ മണികണ്ഠനാണ് ഞങ്ങള്‍ക്കൊപ്പം ആശുപത്രിയില്‍ വന്നിരുന്നത്. അവന്‍ ഞങ്ങളെ അവിടെയാക്കിയിട്ട് തിരിച്ചുപോന്നിരുന്നു. നിങ്ങളുടെ കൂടെ വന്ന പയ്യനെ ഒന്ന് വിളിക്കാന്‍ ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ മണികണ്ഠനെ തിരിച്ചുവിളിച്ചു. അച്ഛന്‍ മോള്‍ക്ക് തലയിണ വാങ്ങാന്‍ വിഴിഞ്ഞത്തേക്ക് പോയിരുന്നു. മണികണ്ഠന്‍ വന്നപ്പോള്‍ അവനോടാണ് കൊച്ച് മരിച്ചുപോയെന്ന് ഡോക്ടര്‍ പറയുന്നത്. ഇവന്‍ അവിടെ കിടന്ന് കരഞ്ഞ് വിളിച്ചു. ഞാന്‍ കരയാന്‍ വാ തുറന്നതും അടുത്ത ബെഡ്ഡിലൊക്കെ ആളുകള്‍ കിടക്കുന്നുണ്ട്, അതുകൊണ്ട് കരയരുത് അമ്മേയെന്ന് സിസ്റ്റര്‍ പറഞ്ഞു. ഏഴ് എട്ട് മണിയായപ്പോള്‍ എല്ലാവരും ചേര്‍ന്ന് എന്നെ വണ്ടി കയറ്റി വിടുകയും ചെയ്തു. കൊറോണ നോക്കാന്‍ വേണ്ടി മോളുടെ ബോഡി മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. രാത്രി ആയതുകൊണ്ട് പിറ്റേന്ന് വരാനാണ് അവിടെ നിന്നും പറഞ്ഞത്. രാവിലെ മണികണ്ഠനും കൂട്ടുകാരുമെല്ലാം അവിടെ ചെന്നു. അവര്‍ അവിടെ നിന്ന് വിളിച്ചാണ് മോള്‍ എവിടെയെങ്കിലും വീണോയെന്ന് ചോദിക്കുന്നത്. അപ്പോഴാണ് അങ്ങനെയൊരു കാര്യം ഞാന്‍ അറിയുന്നത് പോലും. ഇല്ലെന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ തലയുടെ പിറകില്‍ ഒരു പാടുണ്ടെന്ന് പറഞ്ഞു.

ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. അല്ലാതെ ആളുകള്‍ പറയുന്നത് പോലെ ഇവിടെ മരിച്ച് കിടക്കുകയായിരുന്നില്ല. ഞങ്ങള്‍ ആശുപത്രിയില്‍ കൊണ്ട് പോയി ട്രിപ്പ് വരെ കൊടുത്തതാണ്. അതുവരെയും എന്റെ പിള്ളയ്ക്ക് ഉയരൊണ്ട്. പക്ഷെ ഈ അടി എങ്ങനെ സംഭവിച്ചെന്ന് എനിക്കറിയാന്‍ പാടില്ല. അടികൊണ്ടാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ പത്രങ്ങളിലും ചാനലുകളിലുമെല്ലാം ഞങ്ങള്‍ അടിച്ചുകൊന്നെന്ന് വാര്‍ത്ത വന്നു. ഇത്രയും ആത്മാര്‍ത്ഥതയോടെയും സ്നേഹത്തോടെയും വളര്‍ത്തിയ എന്റെ മോളെ ഞങ്ങള്‍ അല്ലെങ്കില്‍ അപ്പുറത്തെ മണികണ്ഠന്‍ അടിച്ചുകൊന്നുവെന്നാണ് വാര്‍ത്തകളില്‍ പറഞ്ഞത്.

കുറ്റവാളികളായി മുദ്രചാര്‍ത്തുന്നു

ഗീതുവിന്റെ മൃതദേഹം വീട്ടില്‍ കൊണ്ടുവരുന്നതിന് മുമ്പ് പോലീസെത്തി. ഇപ്പോള്‍ പിടിയിലായ റഫീഖ പോലീസിനോട് പറഞ്ഞത് രാത്രി ഇവിടെ ബഹളം കേട്ടുവെന്നാണ്. കൊച്ചിനെ അടിക്കുന്നതിന്റെയും തള്ളിയിടുന്നതിന്റെയും ബഹളം കേട്ടുവെന്നാണ് അവര്‍ പറഞ്ഞത്. പോലീസ് അതങ്ങ് വിശ്വസിക്കുകയും ചെയ്തു. മൃതദേഹം ഇവിടെ എത്തിക്കാനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് പോലീസ് വന്ന് എന്റെ ഭര്‍ത്താവിനെ കൊണ്ടുപോകുന്നത്. ബോഡി കൊണ്ടുവന്നപ്പോള്‍ ആള് ഇവിടെയുണ്ടായിരുന്നില്ല. ഞാനിതൊന്നും അറിയുന്നുണ്ടായിരുന്നില്ല. മരണത്തില്‍ വിഷമിച്ച് അകത്ത് തന്നെയിരിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും വെങ്ങാനൂര്‍ പഞ്ചായത്തിന്റെ പ്രസിഡന്റുമായിരുന്ന റൂപ്പസ് ഡാനിയേല്‍ ഇടപെട്ടാണ് എന്റെ ഭര്‍ത്താവിനെ സ്റ്റേഷനില്‍ നിന്ന് കൊണ്ടുവന്നത്. ഗീതുവിന് വയ്യാതിരുന്നപ്പോള്‍ കടയില്‍ നിന്നും ദോശ വാങ്ങിക്കൊടുത്തിരുന്നു. ചടങ്ങുകളൊക്കെ കഴിഞ്ഞതിന്റെ പിറ്റേന്നോ അതിന്റെ പിറ്റേന്നോ വീണ്ടും പോലീസ് വന്ന് അണ്ണനെ കൊണ്ടുപോയി. ദോശ വാങ്ങിയ കടയിലൊക്കെ കൊണ്ടുപോകുകയായിരുന്നു. ഒരു മണി കഴിഞ്ഞപ്പോള്‍ വേറെ രണ്ട് പോലീസുകാര്‍ കൂടി വന്നു. നിങ്ങള്‍ രണ്ട് പേരുമുണ്ടെങ്കിലേ മൊഴിയെടുക്കാന്‍ പറ്റൂവെന്ന് പറഞ്ഞു.

ഇട്ടിരുന്ന നൈറ്റിയില്‍ തന്നെയാണ് എന്നെ കൊണ്ടുപോയത്. ഒരു മുറിയില്‍ എന്നെയിരുത്തി അണ്ണനെ അവിടെയൊക്കെ നോക്കിയെങ്കിലും കണ്ടില്ല. എന്നോട് അവര്‍ ഇനി പറയാനൊന്നുമുണ്ടായില്ല. അടിച്ചില്ലെങ്കിലും അവര് വിളിച്ച ഓരോ പള്ളും എന്റെ ഹൃദയത്തെയാണ് നോവിച്ചത്. നീ നിന്റെ മോളെ വിറ്റതല്ലേ? അത് നിന്റെ മോളല്ലല്ലോടീ എന്നൊക്കെയാണ് അവര്‍ ചോദിച്ചുകൊണ്ടിരുന്നത്. നിന്റെ ഭര്‍ത്താവും കൂടി ചേര്‍ന്നല്ലേടീ വിറ്റത്. ഒരു കുഞ്ഞിനെ അമ്മ വില്‍ക്കുമോ സാറേ എന്ന് ചോദിച്ചപ്പോഴാണ് നിന്റെ മോളല്ലല്ലോടീ എന്ന് ചോദിച്ചത്. വിറ്റവര്‍ക്ക് വഴങ്ങാന്‍ കുഞ്ഞ് സമ്മതിക്കാത്തതുകൊണ്ടല്ലേടീ നീയതിനെ അടിച്ച് കൊന്നത് എന്നൊക്കെയാണ് ചോദിച്ചുകൊണ്ടിരുന്നത്. അടിക്കാനോങ്ങുകയും വിരലുകള്‍ മേശ വലിപ്പിനുള്ളില്‍ വച്ച് അടയ്ക്കാന്‍ പോകുന്നതുപോലെ കാണിച്ച് പേടിപ്പിക്കുകയും ഒക്കെ ചെയ്തു. നഖത്തിനുള്ളില്‍ കയറ്റുമെന്ന് പേടിപ്പിച്ച് മൊട്ടുസൂചിയും എടുത്തു. ഒരു നാല് മണി വരെ ഇത് തുടര്‍ന്നു. കമ്മിഷണറും സി.ഐ.യും എസ്.ഐ.യുമെല്ലാം ഇടയ്ക്കിടെ കോവളം സ്റ്റേഷനില്‍ വന്ന് പോയി.

parents
'ഇട്ടിരുന്ന നൈറ്റിയില്‍ തന്നെയാണ് പൊലീസ് എന്നെ കൊണ്ടുപോയത്. നീ നിന്റെ മോളെ വിറ്റതല്ലേ? അത് നിന്റെ മോളല്ലല്ലോടീ എന്നൊക്കെയാണ് അവര്‍ ചോദിച്ചുകൊണ്ടിരുന്നത്. അടിക്കാനോങ്ങുകയും വിരലുകള്‍ മേശ വലിപ്പിനുള്ളില്‍ വച്ച് അടയ്ക്കാന്‍ പോകുന്നതുപോലെ കാണിച്ച് പേടിപ്പിക്കുകയും ഒക്കെ ചെയ്തു.'

പിന്നെ അവര്‍ ആരോപിച്ചത് ഞാനും ഭര്‍ത്താവും ചേര്‍ന്ന് ആരെയോ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാണ്. ആരെയും രക്ഷിക്കുന്നില്ലെന്നും മക്കളില്ലാത്ത ഞങ്ങള്‍ക്ക് വയസ്സാന്‍കാലത്ത് കിട്ടിയ കുഞ്ഞാണെന്നും ഒക്കെ പറഞ്ഞിട്ടും അവര്‍ ചെവിക്കൊണ്ടില്ല. പന്ത്രണ്ട് വര്‍ഷം മക്കളില്ലാതെ ജീവിച്ചവരാണ് ഞങ്ങള്‍. ഒടുവില്‍ വയസ്സാന്‍കാലത്താണ് ഒരു കുഞ്ഞിനെ ദത്തെടുത്തത്. ഈ പ്രായത്തില്‍ എന്തിനാണ് ഒരു കുഞ്ഞിനെ ദത്തെടുത്തതെന്ന് വരെ ചോദിച്ചവരുണ്ട്. ഒരു പെണ്‍കുട്ടിയല്ലേ? ഞങ്ങള്‍ക്ക് കിടപ്പാടമെങ്കിലുമുണ്ട്. ഞങ്ങളുടെ കാലം കഴിയുമ്പോള്‍ അതിനൊരു ജീവിതമുണ്ടാകുമല്ലോയെന്നൊക്കെയാണ് ചിന്തിച്ചത്. ഇതൊക്കെ പറഞ്ഞിട്ടും അവര്‍ വിശ്വസിച്ചില്ല. ഒടുവില്‍ സഹോദരന്റെ മകന്‍ മണികണ്ഠനായിരിക്കും കുട്ടിയെ കൊന്നതെന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ കുറ്റം സമ്മതിച്ചത്. അവനങ്ങനെ ചെയ്യില്ലെന്നും എന്റെ സഹോദരന്റെ മക്കളെല്ലാം നല്ല കുട്ടികളാണെന്ന് പറഞ്ഞിട്ടും അവര്‍ കേട്ടില്ല. അവര് രണ്ട് പേരും എന്റെ മോളെ പെങ്ങളെപ്പോലെയാണ് നോക്കിയത്. അവന് ഒരു കുട്ടി ജനിച്ചിട്ട് അധികമായിരുന്നില്ല. അവനെ കുറ്റവാളിയാക്കാന്‍ ശ്രമിച്ചപ്പോഴാണ് ഞാന്‍ തന്നെയാണ് ചെയ്തതെന്ന് സമ്മതിക്കേണ്ടി വന്നത്. ഇല്ലെങ്കില്‍ അവന്റെയും ആ കുട്ടിയുടെയും ജീവിതം നശിക്കുമെന്ന് ഞാന്‍ പേടിച്ചു. സാറിന് ഒരു പ്രതിയെയല്ലേ ആവശ്യം ഞാനേറ്റോളാം എന്ന് പോലീസിനോട് പറഞ്ഞാണ് ഞാന്‍ കുറ്റമേറ്റത്. അവര്‍ക്ക് ഈ വീട്ടില്‍ നിന്ന് തന്നെ ഒരു പ്രതിയെയായിരുന്നു ആവശ്യം. ഞങ്ങളെയുമല്ല അവര്‍ ലക്ഷ്യമിട്ടത് മണികണ്ഠനായിരുന്നു അവരുടെ നോട്ടം. എന്നാല്‍ ഞാന്‍ വളര്‍ത്തിയ കുട്ടിയാണ് അതും അതിനെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടാന്‍ ഞാന്‍ അനുവദിക്കില്ല.

പോലീസുകാര്‍ ഉപദ്രവിച്ചിട്ടില്ല. പക്ഷെ, അവര്‍ അടിക്കുമെന്ന പേടിയുണ്ടാക്കി. ഒരു പോലീസുകാരന്‍ വന്ന് അവിടെ കിടന്ന കസേരയെടുത്ത് അടിച്ച് പൊട്ടിക്കുകയൊക്കെ ചെയ്തു. അതൊക്കെ കണ്ടപ്പോള്‍ ഞാന്‍ പേടിച്ച് പോയി. അതിലും വലിയ വേദനയാണ് എന്റെ മോളെ ഞാന്‍ വില്‍ക്കാന്‍ നോക്കിയെന്ന് പറഞ്ഞപ്പോഴും മണികണ്ഠനെ കേസില്‍ പ്രതിയാക്കാന്‍ നോക്കിയപ്പോഴും ഉണ്ടായത്. അതുകൊണ്ടാണ് കുറ്റമേല്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഇതെല്ലാം പോലീസ് സ്റ്റേഷനുകളില്‍ ഇപ്പോഴും നടക്കുന്നുണ്ടെന്ന് പുറംലോകം അറിയണം. ഒരാളെ കസ്റ്റഡിയിലെടുത്താല്‍ സത്യം തെളിയിക്കുകയല്ലേ ആദ്യം വേണ്ടത്? അതിന് ശേഷമല്ലേ ശാരീരികമായും മാനസികമായു ഉപദ്രവിക്കേണ്ടത്? ആ കുഞ്ഞിനെ ഇന്നേവരെ ഞങ്ങള്‍ ഉപദ്രവിച്ചിട്ടില്ല. അവള്‍ അതിനുള്ള അവസരം ഉണ്ടാക്കിയിട്ടുമില്ല. എന്നിട്ടാണ് ഇത് ഞങ്ങള്‍ ചെയ്തുവെന്ന് പോലീസുകാര്‍ പറഞ്ഞുകൊണ്ടിരുന്നത്.

പിന്നീട് എന്തുവച്ചാണ് കുട്ടിയെ അടിച്ചതെന്നായി ചോദ്യം. അടിക്കാത്ത ഞാന്‍ എന്തെടുത്ത് കൊടുക്കാനാണ്. എന്നിട്ടും ഞാന്‍ ഒരു തടിക്കഷണം വച്ച് അടിച്ചുവെന്ന് പറഞ്ഞു. അവര്‍ വീട്ടില്‍ വന്ന് ആ തടിക്കഷണം എടുത്തുകൊണ്ട് പോയി. ഞാന്‍ ചായയുണ്ടാക്കുന്ന പാത്രം വരെ എടുത്തുകൊണ്ട് പോയി. അതുവച്ചായിരിക്കും അടിച്ചതെന്ന് പറഞ്ഞ്. ഇഞ്ചിയും മറ്റും ഇടിച്ചുചതയ്ക്കുന്ന ഒരു ചെറിയ കല്ലുണ്ട്. അതും എടുത്തുകൊണ്ട് പോയി. ഇതൊന്നും പോരാഞ്ഞ് എന്റെ കുട്ടിയുടെ സകല തുണികളും എടുത്തുകൊണ്ട് പോയി. ഇതില്‍ നിന്നൊന്നും കുട്ടിയെ കൊന്നത് ഞങ്ങളാണെന്ന് തെളിയിക്കാന്‍ പറ്റുന്ന യാതൊന്നും കിട്ടിയില്ല.

ആനന്ദന്‍ ചെട്ടിയാര്‍ക്ക് പറയാനുള്ളത്

ഗീതു പനിച്ച് കിടന്നപ്പോള്‍ മെത്തയില്‍ തന്നെയാണ് മലവിസര്‍ജ്ജനം നടത്തിയത്. അതുകൊണ്ട് ബോഡി കൊണ്ടുവരുന്നതിന് മുമ്പ് അത് അടുത്തുള്ള പറമ്പില്‍ കൊണ്ടുപോയി കത്തിച്ചു കളഞ്ഞിരുന്നു. മരണവീട്ടിലേക്ക് ആളുകള്‍ വരുമ്പോള്‍ അത് കാണേണ്ടല്ലോയെന്ന് കരുതി ചെയ്തതാണ്. പോലീസ് ഭീഷണിപ്പെടുത്തി ചോദിച്ചപ്പോള്‍ മണികണ്ഠന്റെ ഭാര്യ രാജിയും മെത്ത പിടിക്കാന്‍ കൂടെയുണ്ടായിരുന്നെന്ന് പറഞ്ഞിരുന്നു. പോലീസ് അടിച്ചപ്പോള്‍ അതിന്റെ ഭവിഷ്യത്ത് ഓര്‍ക്കാതെ പറഞ്ഞുപോയതാണ്. അതോടെ അവളെയും പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും സമ്മതിക്കാതെയാണ് അവളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇരുത്തിയത്. തുടര്‍ച്ചയായി എല്ലാ ദിവസവും ഇത് ആവര്‍ത്തിച്ചു. ഒടുവില്‍ ഗീത പോലീസിനോട് കാല് പിടിച്ചു പറഞ്ഞു. രാജി ഒന്നും ചെയ്തിട്ടില്ല. പൊടിക്കുഞ്ഞുള്ളതാണ് അവളെ ബുദ്ധിമുട്ടിക്കരുതെന്ന്. ഞങ്ങള്‍ കുറ്റം സമ്മതിച്ചുകഴിഞ്ഞ് പിന്നെ രാജിയെ അവര്‍ ബുദ്ധിമുട്ടിച്ചിട്ടില്ല. മാത്രമല്ല, രാത്രിയായപ്പോള്‍ ഞങ്ങളെ രണ്ട് പേരെയും സ്വന്തം ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.

kid
ഗീതു

മോളുടെ ബോഡി വീട്ടില്‍ കൊണ്ടുവരുന്നതിന് മുമ്പ് തന്നെ എന്നെ കൊണ്ടുപോയി. എങ്ങനെയാണ് മരിച്ചതെന്നൊക്കെയാണ് ആദ്യം ചോദിച്ചത്. ആദ്യം മുതല്‍ സംഭവിച്ചത് പറഞ്ഞെങ്കിലും അതൊന്നും അവര്‍ക്ക് കേള്‍ക്കണ്ടായിരുന്നു. മരിച്ചതിന് ശേഷം മോളുടെ ബെഡ്ഡ് കൊണ്ടുപോയി നശിപ്പിച്ചതിനെക്കുറിച്ചാണ് അവര്‍ കൂടുതലും ചോദിച്ചത്. ഞങ്ങളെന്തോ തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് അത് ചെയ്തതെന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. മൂന്ന് നാല് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഇവിടെ നിന്ന് ആരോ വിളിച്ചിട്ടാണ് എന്നെ തിരിച്ചുവിട്ടത്. കൊച്ചിനെ അടക്കം ചെയ്തതിന്റെ പിറ്റേന്ന് വീണ്ടും കൊണ്ടുപോയി. പിന്നീട് എല്ലാ ദിവസവും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തും. രാവിലെ ചെന്നിരുന്നാല്‍ വൈകിട്ട് നാല് മണി അഞ്ച് മണിയാകുമ്പോഴാണ് തിരിച്ചുവിടുന്നത്.

അവരുടെ വിരട്ടലില്‍ പേടിച്ച് വായില്‍ നിന്നും അടുത്ത വീട്ടിലെ രാജിയുടെ പേര് വീണ് പോയതാണ്. നനഞ്ഞ മെത്ത ഒറ്റയ്ക്ക് എടുക്കാനാകില്ലല്ലോയെന്ന് ചോദിച്ചപ്പോള്‍ രാജിയുടെ കൈസഹായമുണ്ടായെന്ന് പറഞ്ഞു. അഞ്ചാറ് ദിവസം കഴിഞ്ഞപ്പോഴാണ് പോലീസുകാര്‍ ഉപദ്രവിച്ചത്. വീട്ടില്‍ ഷര്‍ട്ടൊന്നുമിടാതെ നില്‍ക്കുമ്പോഴാണ് പോലീസ് വന്നത്. ഷര്‍ട്ടെടുത്തിട്ട് വരാന്‍ പറഞ്ഞു. ദോശ വാങ്ങിയ കടയിലേക്കാണ് വണ്ടിയില്‍ കൊണ്ടുപോയത്. കട കാണിച്ചുകൊടുത്തപ്പോള്‍ ഒന്ന് സ്റ്റേഷനില്‍ പോയിട്ട് വരാമെന്ന് പറഞ്ഞു. കോവളം സ്റ്റേഷന്റെ മൂന്നാമത്തെ നിലയില്‍ കൊണ്ടുചെന്നാണ് എന്നെ അടിച്ചത്. ഭിത്തിയില്‍ ചാരിയിരുത്തി കാല് പൊക്കി വയ്പ്പിച്ചിട്ട് കാലിന്റെ വെള്ളയില്‍ ചൂരല് പോലുള്ള എന്തോകൊണ്ട് അടിക്കുകയായിരുന്നു. അടികൊണ്ടപ്പോള്‍ വേദന സഹിക്കാന്‍ വയ്യാതെ എന്തൊക്കെയോ ഞാന്‍ പറഞ്ഞു.

അതിലും വേദനയായിരുന്നു ഞാനെന്റെ മോളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞപ്പോള്‍ ഉണ്ടായത്. മാത്രമല്ല, അവളെ കൂട്ടിക്കൊടുക്കാന്‍ വേണ്ടി ഞാന്‍ ഉപദ്രവിച്ചുവെന്നുമൊക്കെ പറഞ്ഞു. പച്ചവെള്ളം പോലും കുടിക്കാന്‍ സമ്മതിക്കാതെയുള്ള ആ പീഡനങ്ങളാണ് കുറ്റം സമ്മതിക്കാന്‍ കാരണമായത്. ലൈംഗിക പീഡനം നടന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഒന്നും പറയുന്നില്ല. ഫോറന്‍സികില്‍ നിന്നുള്ളവര്‍ ഇവിടെ വന്ന് പരിശോധന നടത്തിയിരുന്നു. അവര്‍ക്കും ഞങ്ങള്‍ക്കെതിരായ യാതൊരു തെളിവുകളും ലഭിച്ചില്ല.

നാട്ടുകാരില്‍ നിന്നും ഒറ്റപ്പെടുന്നു

ജാമ്യത്തില്‍ വിട്ടെങ്കിലും രണ്ട് ദിവസം കൂടുമ്പോള്‍ പോലീസ് വന്ന് ഞങ്ങളെ കൊണ്ടുപോകും. ഞങ്ങള്‍ ആരെയോ രക്ഷിക്കാന്‍ നോക്കുകയാണെന്നാണ് പിന്നീടും അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. അവര്‍ക്ക് ഞങ്ങള്‍ അല്ലെങ്കില്‍ ആ കൊച്ച് ചെറുക്കന്‍ വേണം. അതിനിടയ്ക്ക് നാട്ടുകാരും എതിരായി തുടങ്ങി. ഓരോ തവണയും പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ഇറങ്ങുന്നത് പേടിച്ചാണ്. ആളുകള്‍ കല്ലെറിഞ്ഞ് കൊല്ലുമോയെന്ന പേടിയായിരുന്നു. ചെയ്യാത്ത കുറ്റത്തിന് ഇരുട്ടവെളുക്കെ പീഡിപ്പിക്കുന്നത് തുടര്‍ന്നപ്പോള്‍ ഞങ്ങള്‍ രണ്ടാളും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ അങ്ങനെ ചെയ്താല്‍ മണികണ്ഠനെ പോലീസ് പ്രതിയാക്കുമെന്ന് പോലീസുകാര്‍ തന്നെ പറഞ്ഞു. മാത്രമല്ല, നമ്മടെ പിള്ളേടെ സത്യം നമുക്കറിയണം. ഇപ്പോള്‍ ഞാനൊരു ക്യാന്‍സര്‍ രോഗിയാണ്. ആര്‍.സി.സിയിലെ ചികിത്സ കഴിഞ്ഞ് വന്നിട്ട് പതിനഞ്ച് ദിവസമേ ആയിട്ടുള്ളൂ. ഈ ഒരു വര്‍ഷമായിട്ട് ആരും ഞങ്ങളെ തിരിഞ്ഞ് നോക്കുന്നു പോലുമുണ്ടായില്ല.

നമ്മള്‍ ചെയ്യാതെ എങ്ങനെ മരിച്ചുവെന്നാണ് നാട്ടുകാര്‍ പരസ്പരം ചോദിച്ചിരുന്നത്. റഫീഖ തന്നെ ഇത് പറഞ്ഞുപരത്തുകയും ചെയ്തു. നാട്ടുകാര്‍ ദേഹോപദ്രവമൊന്നും ചെയ്തില്ലെങ്കിലും അവര്‍ നമ്മളെ കാണുമ്പോള്‍ തിരിഞ്ഞ് നടക്കുന്നത് വലിയ വേദനയാണ് തന്നത്. ജോലിക്ക് പോലും ആരും വിളിക്കാതെയായി. ഇതിനിടയിലാണ് ക്യാന്‍സര്‍ ബാധയുണ്ടാകുന്നതും. മകളെ കൊന്നവര്‍ എന്ന രീതിയിലാണ് ഈ സമൂഹം മുഴുവന്‍ ഞങ്ങളെ നോക്കിയത്.

വാണിയ വൈശ്യ സമുദായക്കാരാണ് ഞങ്ങള്‍. കുഞ്ഞിന്റെ ചടങ്ങിന് സമുദായത്തില്‍ നിന്നുള്ളവര്‍ വന്നെങ്കിലും പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ല. ഇപ്പോള്‍ എല്ലാവരും വന്ന് ഞങ്ങളുണ്ട് കൂടെയെന്ന് പറയുന്നുണ്ട്. മാനനഷ്ടത്തിന് കേസ് കൊടുത്താല്‍ ഞങ്ങള്‍ മുന്നില്‍ നില്‍ക്കാമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഇത്രയും നാള്‍ ഇവരൊക്കെ എവിടെയായിരുന്നുവെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. പോലീസ് സ്റ്റേഷനില്‍ ഞങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ ഇവരോടൊക്കെ സഹായം ചോദിച്ചിട്ടുണ്ട്. അന്ന് ഇവര്‍ പറഞ്ഞത് പഴയ കാലമല്ലാത്തതുകൊണ്ട് ഇടപെടാനാകില്ലെന്നാണ്.

ഒടുവില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന ഫോമില്‍ ഒപ്പിട്ട് കൊടുത്തപ്പോഴാണ് ഇനി വീട്ടില്‍ പോലീസ് വരില്ലെന്ന ഉറപ്പ് ലഭിച്ചത്. കഴിഞ്ഞവര്‍ഷത്തെ ലോക്ക്ഡൗണ്‍ കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങളെ വിളിച്ചിട്ട് രണ്ട് പേരും പത്ത് മണിയോടെ ചെല്ലാന്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ കാണണമെന്ന് പറഞ്ഞ് മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ടുപോയത്. മെഡിക്കല്‍ കോളേജിലെ മനശാസ്ത്ര വിഭാഗത്തിലേക്കാണ് കൊണ്ടുപോയത്. മാനസികാരോഗ്യത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് നോക്കാനാണെന്നാണ് അവിടെയുണ്ടായിരുന്ന പെണ്‍കുട്ടി പറഞ്ഞത്. എന്നോട് സംസാരിച്ചു കഴിഞ്ഞ് അണ്ണനോടും സംസാരിച്ചു. അതുകഴിഞ്ഞ് പോലീസുകാര്‍ തന്നെ ജംഗ്ഷനിലെത്തിച്ചു. പിന്നീടൊരിക്കലും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടില്ല. അതിന് ശേഷം എനിക്ക് സുഖമില്ലാതായി സ്ഥിരം ആശുപത്രിയിലും മറ്റുമായി ജീവിതം.

both

ആ സമയത്ത് നാട്ടുകാരോ ബന്ധുക്കളോ പോലും മിണ്ടാതായി. നേരത്തെ പറഞ്ഞതുപോലെ മോളെ കൊന്നവര്‍ എന്ന കണ്ണിലൂടെയാണ് എല്ലാവരും ഞങ്ങളെ നോക്കിക്കൊണ്ടിരുന്നത്. മണികണ്ഠന്റെ കുഞ്ഞിനെ പോലും അവര്‍ ഈ മുറ്റത്തേക്ക് വിടില്ലായിരുന്നു. ബന്ധുക്കള്‍ പോലും അകന്നുപോയി. ചേച്ചിമാര്‍ ആരെങ്കിലുമൊക്കെ ഫോണില്‍ വിളിക്കുന്നത് മാത്രമായിരുന്നു ആകെ ഒരു തുണ. ഇതിനിടയ്ക്കാണ് റഫീഖ വീട് മാറുന്നതിനെക്കുറിച്ച് പറയുന്നത്. നാട്ടുകാര്‍ ആരും മിണ്ടില്ലെങ്കിലും റഫീഖ ഞങ്ങളോട് അപ്പോഴും മിണ്ടുമായിരുന്നു. ഞങ്ങള്‍ക്കെതിരെ നാട്ടുകാരോട് പറഞ്ഞുനടന്നിട്ടും ഞങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ ചീത്തവിളിക്കുമായിരുന്നിട്ടും അവള്‍ ഇങ്ങോട്ട് വലിഞ്ഞുകയറി വരാറുണ്ടായിരുന്നു. ഞാന്‍ പിന്നെ യാതൊന്നിനും പ്രതികരിക്കാനുള്ള ആരോഗ്യമില്ലാത്ത അവസ്ഥയിലായി. അവളെ ആരും സംശയിക്കാതിരിക്കാനായിരുന്നു ഇതെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു.

റഫീഖയും മകനും വീട് മാറുന്നു

ഈ വീടിന്റെ പിന്‍ഭാഗത്താണ് റഫീഖയും മകനും താമസിച്ചിരുന്നത്. 108 ആംബുലന്‍സില്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാനൊരുങ്ങിയപ്പോള്‍ ആദ്യം ചാടിക്കയറിയത് റഫീഖയാണ്. തലേദിവസം ഇവിടെ അടിയും ബഹളവും നടക്കുന്നത് കണ്ടെന്ന് റഫീഖ പോലീസിന്റെ പിന്നാലെ നടന്ന് പറയുകയായിരുന്നു. അവള്‍ക്ക് ഞങ്ങളെ കുറ്റക്കാരാക്കാന്‍ എന്തോ താല്‍പര്യമുണ്ടായിരുന്നത് പോലെ. എന്നിട്ടും ആരും അവളെ സംശയിച്ചില്ല. സംശയിക്കാതിരിക്കാന്‍ വേണ്ടി അവര്‍ എല്ലാക്കാര്യത്തിനും ഞങ്ങള്‍ക്കൊപ്പമുണ്ടാകുകയും ചെയ്തു.

ആ വീട്ടില്‍ എന്നും വഴക്കായിരുന്നു. ഒരു ദിവസം ഞാന്‍ തന്നെ ഇത്തരത്തില്‍ ചീത്തവിളിക്കുന്നതൊന്നും നല്ലതല്ലെന്ന് പറഞ്ഞിട്ടുണ്ട്. പോലീസില്‍ വിളിച്ച് പറയുമെന്ന് പറയുമ്പോള്‍ ഒരിക്കലത്തേക്ക് ക്ഷമിക്കാന്‍ പറഞ്ഞ് പോകും. പിന്നീട് നാട്ടുകാര്‍ തന്നെ അവരുടെ ബന്ധുക്കളെ വിവരം അറിയിച്ചപ്പോള്‍ അവര്‍ വന്നാണ് ഇവരെ ഇവിടെ നിന്നും മാറ്റുന്നത്. അവളുടെ ഫോണ്‍ നമ്പര്‍ കയ്യിലുണ്ടായിരുന്നെങ്കിലും പിന്നീടൊരിക്കലും വിളിച്ചിട്ടില്ല. അപ്പോഴാണ് വിഴിഞ്ഞം മുല്ലൂരില്‍ ഒരുമാസമായി താമസിക്കുന്ന അമ്മയും മകനും ചേര്‍ന്ന് അടുത്ത വീട്ടിലെ സ്ത്രീയെ കൊലപ്പെടുത്തിയ വാര്‍ത്ത പത്രത്തില്‍ വായിക്കുന്നത്. പടമില്ലാത്തതുകൊണ്ട് ഇവരാണെന്ന് മനസ്സിലായില്ലെങ്കിലും റഫീഖയെന്ന പേര് സംശയമുണ്ടാക്കി. ആ ചെറുക്കന്റെ പേര് ഇതാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. പിറ്റേന്നത്തെ പത്രത്തില്‍ ഫോട്ടോ സഹിതം വന്നപ്പോഴാണ് ഇത് ഇവര്‍ തന്നെയാണെന്ന് മനസ്സിലായത്. ആ റിപ്പോര്‍ട്ടില്‍ നിന്നാണ് ഞങ്ങളുടെ മകളെ കൊന്നതും അവരാണെന്ന് അറിഞ്ഞത്.

അമ്മയും മകനും തമ്മില്‍ വഴക്ക് കൂടിയപ്പോള്‍ "നീയല്ലേടാ ഒരു പെങ്കൊച്ചിന്റെ ആയുസ്സിനെ കെടുപ്പിച്ചത്' എന്ന് റഫീഖ മകനോട് ചോദിച്ചത് അവരുടെ ഇപ്പോഴത്തെ വീട്ടുടമ കേട്ടതാണ് ഞങ്ങള്‍ക്ക് ഗുണം ചെയ്തതെന്നും ആ വാര്‍ത്തയില്‍ നിന്നും മനസ്സിലായി. എന്നാല്‍ അവള് പോലീസിനോട് പറഞ്ഞത് എന്റെ മോളും അവളുടെ മോനും തമ്മില്‍ ഇഷ്ടത്തിലായിരുന്നെന്നാണ്. അതെനിക്ക് വിശ്വസിക്കാനാകില്ല. ആ പയ്യന്‍ ഈ വീട്ടില്‍ ഒരിക്കല്‍ പോലും വന്നതായി എനിക്ക് ഓര്‍മ്മയില്ല. അവന്‍ എന്റെ മോളെ കയറിപ്പിടിക്കാന്‍ നോക്കിയപ്പോള്‍ അവള്‍ എതിര്‍ത്തുവെന്നും ഞങ്ങളോട് പറയുമെന്ന് പറഞ്ഞുവെന്നുമാണ് ഞാന്‍ മനസ്സിലാക്കുന്നത്. അവന്‍ അത് റഫീഖയോട് പോയി പറഞ്ഞപ്പോള്‍ അവള്‍ കൊച്ചിനെ പേടിപ്പെടുത്താന്‍ വേണ്ടി തല പിടിച്ച് ഭിത്തിയില്‍ ഇടിക്കുകയായിരുന്നെന്നും പറഞ്ഞുകേള്‍ക്കുന്നു.

ഞങ്ങളുടെ മകള്‍ക്ക് നീതി കിട്ടി; ഇനി ഇതിന്റെ പിന്നാലെ പോകാനില്ല

ഇപ്പോള്‍ സങ്കടമല്ല തോന്നുന്നത്. മനസ്സ് വല്ലാതെ മരവിച്ച് പോയി. എന്റെ കുഞ്ഞ് എങ്ങനെ മരിച്ചെന്നായിരുന്നു ഇത്രയും കാലം ഞാന്‍ ചിന്തിച്ചത്. മോളുടെ മൃതദേഹം ഇവിടെ കിടക്കുമ്പോള്‍ 'എന്റെ രാസാത്തി' എന്നൊക്കെ പറഞ്ഞ് അലറി വിളിച്ചവളാണ് റഫീഖ. പെണ്‍മക്കളില്ലാത്തവരുടെ വേദനയെന്ന് മാത്രമാണ് അന്നൊക്കെ അതിനെ കണ്ടിരുന്നത്.

യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തിയപ്പോള്‍ കമ്മിഷണര്‍ വന്നിരുന്നു. പോലീസിന് വീഴ്ച പറ്റിപ്പോയി ചേച്ചി ക്ഷമിക്കണമെന്നൊക്കെ പറഞ്ഞു. അവര്‍ക്കങ്ങനെ തെറ്റ് പറ്റാന്‍ പാടുണ്ടോ? ഒരു കുഞ്ഞിനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുമ്പോള്‍ പോലീസുകാര്‍ക്കായാലും വേദനയുണ്ടാകില്ലേ? കുറ്റവാളിയെ പിടിക്കുന്നതിന് പകരം പോലീസ് എന്നെയും എന്റെ കുടുംബത്തെയും സഹോദരന്റെ മകനെയും പ്രതികളാക്കാനാണ് അവര്‍ ശ്രമിച്ചത്. എല്ലാവരെയും ഒരു അമ്മ പ്രസവിച്ചതല്ലേ? പോലീസായാല്‍ ഇങ്ങനെ ഹൃദയമില്ലാത്തവരാകരുത്. തമിഴ്നാട്ടിലും പാലോടും മരുതംകുഴിയിലുമൊക്കെ കഴിയുന്ന ഞങ്ങളുടെ ബന്ധുക്കളെയൊക്കെ പോലീസ് ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളി ഈ മുറ്റത്ത് തന്നെയുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. എന്റെ ഒരു ചേച്ചിയുടെ മകന്‍ ഫോറസ്റ്റിലെ ഉദ്യോഗസ്ഥനാണ്. എന്റെ ഫോണിലേക്ക് വിളിച്ചുവെന്ന് പറഞ്ഞ് ആ വീട്ടില്‍ ചെന്ന് മൂന്ന് മണിക്കൂറോളം സുഖമില്ലാതെ കിടക്കുന്ന ചേച്ചിയെ പോലീസ് ചോദ്യം ചെയ്തു. സഹോദരങ്ങളാകുമ്പോള്‍ പരസ്പരം ഫോണ്‍ വിളിക്കുമെന്ന് പോലും അവര്‍ ഓര്‍ത്തില്ല.

പോലീസ് എന്തെങ്കിലുമൊക്കെ ചെയ്യാമെന്ന് പറയുന്നുണ്ട്. അവരെന്ത് ചെയ്താലും എനിക്കെന്റെ മോളെ കിട്ടില്ലല്ലോ? അതുപോലെ ഒരു വര്‍ഷം ഞങ്ങള്‍ രണ്ട് പേരും അനുഭവിച്ച വേദന ആര്‍ക്കെങ്കിലും തിരിച്ചെടുക്കാനാകുമോ? ഞങ്ങളുടെ മാനം പോയി. കുറ്റവാളികളല്ലെന്ന് പത്രത്തില്‍ വന്നതില്‍ പിന്നെയാണ് ഞാന്‍ ആരോടെങ്കിലുമൊക്കെ സംസാരിക്കാന്‍ തുടങ്ങിയത് തന്നെ. ഇത്രയും കാലം മുറ്റമടിക്കാന്‍ പോലും പുറത്തിറങ്ങാന്‍ പേടിയായിരുന്നു. അണ്ണനാണ് എല്ലാം ചെയ്തിരുന്നത്. കുളിക്കാനിറങ്ങാന്‍ പോലും പേടിയായിരുന്നു. അവള് കൊന്നിട്ട് കുളിച്ചൊരുങ്ങി നടക്കുന്നുവെന്ന് നാട്ടുകാര്‍ പറയുമോയെന്നായിരുന്നു പേടി.

അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് മകള്‍ മരിച്ച് കൃത്യം ഒരു വര്‍ഷം കഴിഞ്ഞ ഈ വര്‍ഷം ജനുവരി 14ന് ഈ വാര്‍ത്ത ഞാനറിയുന്നത്. ഞങ്ങള്‍ നന്മ ചെയ്തിട്ടുള്ളതുകൊണ്ടാണ് ഇപ്പോഴെങ്കിലും ഇത് തെളിഞ്ഞതെന്നാണ് ഞാന്‍ കരുതുന്നത്. ഇത്രയും നാള്‍ കുറ്റവാളികളെ പോലെ നാട്ടുകാരുടെ മുന്നില്‍ തലകുനിച്ചാണ് ജീവിച്ച്ത്. ഇനി ഞങ്ങള്‍ക്ക് തല ഉയര്‍ത്തിപ്പിടിച്ച് തന്നെ നടക്കാം. കാരണം, ഞങ്ങളുടെ മോളെ കൊന്നത് ഞങ്ങളല്ലെന്ന് തെളിഞ്ഞു. എന്നാലും മണികണ്ഠന്റെ വീട്ടുകാര്‍ ഇപ്പോഴും സംസാരിക്കാത്തതില്‍ വേദനയുണ്ട്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഞങ്ങള്‍ കാരണം ചെയ്യാത്ത കുറ്റത്തിന് കുറ്റവാളിയാകേണ്ടിയിരുന്ന അനുഭവം കൊണ്ടാകും ആ ദേഷ്യം.

ഞങ്ങളുടെ കുഞ്ഞ് പോയി. ഇനി മാനനഷ്ടക്കേസ് കൊടുത്ത് അതില്‍ നിന്നും ലഭിക്കുന്ന കാശ് ഞങ്ങള്‍ക്കെന്തിനാണ്? അതുകൊണ്ട് തന്നെ ഇനി ഞങ്ങള്‍ അതിന്റെ പുറകേ പോകാന്‍ തയ്യാറല്ല. പോലീസുകാരുടെ പേരൊന്നും അറിയില്ലെങ്കിലും പേപ്പറുകളില്‍ നോക്കിയാല്‍ ആരൊക്കെയാണെന്ന് വ്യക്തമാകും. ഞങ്ങള്‍ ഒരു കേസ് കൊടുത്ത് അവരുടെ ജോലി പോയതുകൊണ്ട് ഞങ്ങളുടെ കുഞ്ഞിനെ തിരികെക്കിട്ടുമോ?

  • Tags
  • #Crime
  • #Police Brutality
  • #Arun T. Vijayan
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
MV Govindan Master

Short Read

അരുണ്‍ ടി. വിജയന്‍

മദ്യനയം: തീരുമാനങ്ങൾ സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളുമായി ചർച്ച ചെയ്​ത​ശേഷം എടുത്തത്​- മന്ത്രി എം.വി. ഗോവിന്ദൻ

Apr 01, 2022

2 Minutes Read

Azmeri Haque.

Interview

അസ്​മരി ഹഖ് ബാധോന്‍

അസ്​മരി: ആക്രമിക്കപ്പെടുന്ന പെണ്ണ്​ സിനിമയിലെ നായികയാകുമ്പോള്‍

Mar 24, 2022

4 Minutes Read

Shafeeq Thamarassery

CITIZEN'S DIARY

ഷഫീഖ് താമരശ്ശേരി

കേരള സര്‍ക്കാരിന്റെ ഒന്നരലക്ഷം തോല്‍വി

Mar 14, 2022

5 Minutes Watch

kochuthopps

Coastal Issues

അരുണ്‍ ടി. വിജയന്‍

വെളുപ്പിന് മൂന്ന് മണിക്ക് അവര്‍ ഞങ്ങളെ അടിച്ചോടിച്ചു; കൊച്ചുതോപ്പില്‍ സ്‌കൂള്‍ വീടാക്കേണ്ടിവന്നവര്‍ പറയുന്നു

Jan 16, 2022

4 Minutes Read

deeraj

Opinion

ടി.എം. ഹര്‍ഷന്‍

ധീരജിന്റെ ചോരയും സുധാകരന്റെ കോണ്‍ഗ്രസ് കത്തിയും

Jan 11, 2022

6 Minutes Read

police-assaults

Police Brutality

പ്രമോദ് പുഴങ്കര

അവർ പൊലീസുകാരല്ല, സായുധരായ ഗുണ്ടകളാണ്

Jan 03, 2022

3 Minutes Read

rajasree

Crime against women

ആര്‍. രാജശ്രീ

പ്രണയക്കൊലപാതകം; ആത്മനിന്ദയോടെ ഉച്ചരിക്കേണ്ട ഒരു വാക്ക്​

Dec 20, 2021

9 Minutes Read

pinarayi vijayan

Human Rights

പ്രമോദ് പുഴങ്കര

കേരള പൊലീസിനെക്കുറിച്ചുതന്നെ, അത്യന്തം രോഷത്തോടെ...

Nov 30, 2021

16 Minutes Read

Next Article

ടിക് നാട്ട് ഹാൻ; നറുമണം പരത്തിയ ഒരു പൂവ്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster