പൊലീസ് എന്ന കുറ്റവാളി,
പ്രതി ആഭ്യന്തര വകുപ്പ്
പൊലീസ് എന്ന കുറ്റവാളി, പ്രതി ആഭ്യന്തര വകുപ്പ്
എത്ര ഗുരുതര തെറ്റ് ചെയ്താലും സേനയുടെ ഭാഗമായി തന്നെ മുന്നോട്ടുപോകാം എന്ന ധൈര്യം പൊലീസുകാര്‍ക്ക് നല്‍കുന്നത് ആഭ്യന്തരവകുപ്പ് തന്നെയാണ്. ക്രിമിനല്‍ സ്വഭാവമുള്ള ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥര്‍ അധികാരപ്പെരുമയില്‍ സേനയില്‍ തഴച്ചുവളരുന്ന സാഹചര്യമാണുള്ളത്. മാതൃകാപരമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഒരു നടപടി പോലും കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത പൊലീസുകാര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് കൈക്കൊണ്ടതായി കണ്ടെത്താനാവില്ല.
26 Jul 2022, 05:22 PM
മദ്യപിച്ച് അപകടരമായ രീതിയില്‍ വാഹനമോടിക്കുകയും മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കുകയും ചെയ്ത കേസിൽ ഒന്നാം പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടറാമിനെ ആലപ്പുഴ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരുന്ന ദിവസങ്ങളിലാണ് കോഴിക്കോട് ജില്ലയിലെ വടകരയില്‍ നിന്ന് മറ്റൊരു സംഭവം പുറത്തുവരുന്നത്. മദ്യപിച്ചതിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച മരപ്പണിക്കാരനായ സജീവന്‍ എന്ന യുവാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചു എന്നായിരുന്നു വാര്‍ത്ത. മദ്യപിച്ച് വാഹനമോടിച്ച് മറ്റൊരാളെ കൊലപ്പെടുത്തിയ ഉന്നതന് ജില്ലാ ഭരണാധികാരിയുടെ പദവി തന്നെ തുടര്‍ന്നും ലഭിച്ചപ്പോള്‍, മദ്യപിച്ച ശേഷം വാക്കുതര്‍ക്കം ഉണ്ടാക്കിയെന്ന നിസ്സാര കുറ്റത്തിന് ഒരു കൂലിപ്പണിക്കാരന് നിയമപാലകരില്‍ നിന്ന് ലഭിച്ച ശിക്ഷ മരണമാണ്.
2022 ജൂലൈ 21 ന് രാത്രി വടകരക്കടുത്തുള്ള കല്ലേരി സ്വദേശികളായ സജീവന്‍, ജുബൈര്‍ എന്നിവര്‍ സഞ്ചരിച്ച വാഹനം വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വെച്ച് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട കാരണം, നഷ്ട
പരിഹാരം എന്നിവയെച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായതോടെ പൊലീസ് സ്ഥലത്തെത്തി. സജീവന്‍ മദ്യപിച്ചിരുന്നു എന്ന കാരണത്താല്‍ പൊലീസ് ഇവരെ വടകര സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വാഹനം ഓടിച്ചിരുന്ന ജുബൈര്‍ മദ്യപിച്ചിരുന്നില്ല. സ്‌റ്റേഷനകത്ത് വെച്ച് സജീവന് പൊലീസിന്റെ മര്‍ദനമേറ്റു. തനിക്ക് നെഞ്ചുവേദനയുണ്ടെന്ന കാര്യം സജീവന്‍ പൊലീസിനെ അറിയിച്ചിട്ടും അവര്‍ അത് പരിഗണിച്ചില്ലെന്നും തുടര്‍ന്നും മര്‍ദിച്ചെന്നുമാണ് ജുബൈര്‍ പറയുന്നത്. ഏതാണ്ട് ഒരു മണിക്കൂറിനുശേഷം ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. സജീവനെ ആശുപത്രിയിലെത്തിക്കാനായി ജുബൈര്‍ പൊലീസുകാരുടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. നിരവധി വാഹനങ്ങള്‍ ഈ സമയത്ത് പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ഉണ്ടായിരുന്നിട്ടും അവയൊന്നും വിട്ടുനല്‍കിയില്ല. ഒടുവില്‍, ഇതുകണ്ട് ഓടിയെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ രൂപേഷിന്റെ സഹായത്തോടെ സജീവനെ വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു.

സംഭവം വിവാദമായതോടെ ഉത്തരമേഖല ഐ.ജി. ടി വിക്രമിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വടകരയിലെത്തി. പ്രാഥമികാന്വേഷണത്തില്‍ തന്നെ വടകര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും തുടര്‍ന്ന് എസ്.ഐ. നിജേഷ്, എ.എസ്.ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. കസ്റ്റഡി മരണമെന്ന പരാതി ഉയര്‍ന്നതിനാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. മാധ്യമ വാര്‍ത്തളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയും ജൂലൈ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ ഐ.ജി. ടി വിക്രം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വടകര പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന 66 പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തു.
എന്നാല്‍, സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റിയ നടപടി തെറ്റാണെന്നാണ് വടകര എം.എല്‍.എ കെ.കെ. രമ പറയുന്നത്. 'ഇപ്പോള്‍ സ്ഥലം മാറ്റപ്പെട്ട 66 പൊലീസുകാരും സംഭവ സമയത്ത് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നവരല്ല. കുറ്റം ചെയ്ത പൊലീസുകാര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുന്നതിന് പകരം എല്ലാവര്‍ക്കുമെതിരെ സ്ഥലം മാറ്റല്‍ പോലുള്ള കേവല നടപടി സ്വീകരിക്കുന്നതിലൂടെ എന്തോ മറച്ചുവെക്കാനാണ് ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നത്. ഇത് യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനായിരിക്കും വഴിയൊരുക്കുക', കെ.കെ. രമ ട്രൂ കോപ്പിയോട് പറഞ്ഞു.

സജീവന് മാനുഷിക പരിഗണന പോലും ലഭിച്ചില്ലെന്നാണ് ഉത്തരമേഖല ഐ.ജി. ടി വിക്രം അന്വേഷണത്തില്‍ കണ്ടെത്തിയത്. പൊലീസ് സജീവനെ മര്‍ദിക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നാണ് സജീവന്റെ കൂടെയുണ്ടായിരുന്ന ജുബൈര്‍ പറയുന്നത്. ‘അടയ്ക്കാത്തെരുവില്‍ വെച്ച് ഞങ്ങളുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുമ്പോള്‍ ഞാനായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. വണ്ടിയിലുണ്ടായിരുന്ന സജീവന്‍ മദ്യപിച്ചിരുന്നുവെങ്കിലും ഞാന്‍ മദ്യപിച്ചിരുന്നില്ല. വണ്ടിയിടിച്ചതിനെച്ചൊല്ലി ഞങ്ങള്‍ മറ്റേ വാഹനത്തിലുണ്ടായിരുന്നവരുമായി ചെറിയ കലഹമുണ്ടായി. അങ്ങനെയാണ് പൊലീസ് എത്തുന്നത്. വിഷയം കേസാക്കാം എന്ന ധാരണയിലാണ് ഞങ്ങള്‍ പൊലീസിനൊപ്പം പോകുന്നത്. അല്ലാതെ നിയമലംഘനമൊന്നും ഞങ്ങള്‍ നടത്തിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ സ്‌റ്റേഷനിലെത്തിയ ഞങ്ങള്‍ക്കുണ്ടായത് വളരെ മോശം അനുഭവമാണ്. ഞങ്ങള്‍ രണ്ടുപേരെയും പൊലീസ് മര്‍ദിച്ചു. സജീവനാണ് കൂടുതല്‍ മര്‍ദനമേറ്റത്. നെഞ്ചുവേദനയുണ്ടെന്ന് അവന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും പൊലീസ് കേട്ടില്ല. ഒടുവില്‍ കുഴഞ്ഞുവീണപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വേണ്ടി വാഹനത്തിനായി ഞാനവരോട് കേണപേക്ഷിച്ചതാണ്. അല്‍പമെങ്കിലും ദയ പൊലീസുകാര്‍ കാണിച്ചിരുന്നെങ്കില്‍ സജീവന് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു', ജുബൈര്‍ ട്രൂ കോപ്പിയോട് പറഞ്ഞു. സംഭവത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് വടകര പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ തങ്ങള്‍ക്കൊന്നും പറയാനില്ലെന്നാണ് വടകര പൊലീസ് സ്റ്റേഷനില്‍ നിന്നും ട്രൂ കോപ്പിക്ക് ലഭിച്ച മറുപടി.

ആശ്രയമറ്റത് രണ്ട് വൃദ്ധസ്ത്രീകളുടെ
വടകരയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയുള്ള കല്ലേരി എന്ന ഗ്രാമത്തിലാണ് സജീവന്റെ വീട്. ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചു. ഏക മകനായിരുന്ന സജീവനെ വളര്‍ത്തിയത് അമ്മയാണ്. അഞ്ച് സെന്റ് സ്ഥലത്ത് പൊളിഞ്ഞു വീഴാറായ ഒരു വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ആ വീട്ടില്‍ ഇനിയും കഴിയുന്നത് സുരക്ഷിതമല്ലാതിരുന്നതിനാല്‍, മകന്റെ മരണ ശേഷം തനിച്ച് കഴിയുകയായിരുന്ന അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് ഇരുവരും താമസം മാറുകയായിരുന്നു. മരം വെട്ടുജോലികള്‍ ചെയ്തിരുന്ന സജീവനെ ആശ്രയിച്ചാണ് അമ്മയും അവരുടെ സഹോദരിയും നിലവില്‍ കഴിഞ്ഞിരുന്നത്. ആ രണ്ട് വൃദ്ധ സ്ത്രീകളുടെയും ഏക ജീവിതാശ്രയമാണ് ഒറ്റ രാത്രികൊണ്ട് പൊലിഞ്ഞുപോയത്.

കേസില്‍ മാതൃകാപരമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കണമെന്നും കുടുംബത്തിന് കൃത്യമായ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. പൊലീസിനെതിരെ നിയമപരമായ എല്ലാ സാധ്യതകളുമുപയോഗിച്ച് നീങ്ങുമെന്ന് സജീവന്റെ ബന്ധുവും പ്രദേശവാസിയുമായ ബാലന്‍ ട്രൂ കോപ്പിയോട് പറഞ്ഞു.
അവസാനിക്കാത്ത കസ്റ്റഡി മര്‍ദനങ്ങള്‍, മരണങ്ങള്‍
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതലിങ്ങോട്ട് കേരളത്തില്‍ കസ്റ്റഡി കൊലപാതകങ്ങള്‍, പൊലീസിന് നേരെ കുറ്റാരോപണമുയരുന്ന മരണങ്ങള്‍ എന്നിവയുടെയെല്ലാം എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇവയിലൊന്നില്‍ പോലും മാതൃകാപരമായ അന്വേഷണങ്ങള്‍ നടക്കാത്തതാണ് സംസ്ഥാനത്ത് പൊലീസ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം. പൊലീസ് മര്‍ദനത്തെത്തുടര്‍ന്ന് ലോക്കപ്പിലും ആശുപത്രിയിലും വെച്ച് മരിച്ചവര്‍, വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടവര്‍, പൊലീസ് കസ്റ്റഡിയിലെടുത്തശേഷം ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയവര്‍, അകാരണമായ മര്‍ദനങ്ങളെയും ഭീഷണികളെയും തുടര്‍ന്ന് ആത്മഹത്യ ചെയ്തവര്‍ തുടങ്ങി പൊലീസ്/ എക്‌സൈസ്/ഫോറസ്റ്റ് എന്നീ സേനകള്‍ക്ക് നേരെ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട നിരവധി സംഭവങ്ങളാണ് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതലിങ്ങോട്ട് ഉണ്ടായിട്ടുള്ളത്.
ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയധികം മരണങ്ങളില്‍ പൊലീസുകാര്‍ പ്രതികളായിട്ടും ഗൗരവവും സ്വതന്ത്രവുമായ അന്വേഷണങ്ങളോ നിയമനടപടികളോ കുറ്റക്കാരായ പൊലീസുകാര്‍ക്കുനേരെ ഉണ്ടാകാത്തത് ഇത്തരം കൃത്യങ്ങള്‍ നടത്തിയാലും വലിയ കുഴപ്പങ്ങളില്ല എന്ന മനോനിലയിലേക്കാണ് പൊലീസുദ്യോഗസ്ഥരെ കൊണ്ടെത്തിക്കുന്നത്. പല കേസുകളിലും കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റങ്ങള്‍ നല്‍കുക വരെ ഈ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഏറെ കോളിളക്കം സൃഷ്ടിച്ച വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണ സംഭവത്തില്‍ പ്രതിയായിരുന്ന അന്നത്തെ എറണാകുളം റൂറല്‍ എസ്.പി എ.വി. ജോര്‍ജിനെ പിന്നീട് കോഴിക്കോട് കമ്മീഷണറായി നിയമിക്കുകയാണുണ്ടായത്.

മിക്ക സംഭവങ്ങളിലും അന്വേഷണത്തിന്റെ ഭാഗമായി കൃത്യം നടന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് മൂന്ന് പൊലീസുകാരെ സസ്‌പെൻറ് ചെയ്യുമെങ്കിലും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ അവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്യും. ജോലിയ്‌ക്കോ ശമ്പളത്തിനോ യാതൊരു ഭംഗവും സംഭവിക്കില്ല. അന്വേഷണം കൃത്യമായി പൂര്‍ത്തീകരിക്കപ്പെടുകയുമില്ല.
പൊലീസിലെ ക്രിമിനലുകള്‍
കേരള ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 2018 ല്‍ ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ കണക്കനുസരിച്ച് സംസ്ഥാന പൊലീസ് വകുപ്പില്‍ 1140 ക്രമിനലുകളുണ്ട്. (കേസുകളില്‍ പ്രതികളായവരുടെ കണക്ക് മാത്രമാണിത്). 10 ഡി.വൈ.എസ്.പി മാരും 46 സി.ഐമാരും എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 230 പേരും ഈ പട്ടികയിലുണ്ട്. ഇവര്‍ക്കെതിരെ പൊലീസ് ആക്ടിലെ 86-ാം വകുപ്പ് പ്രകാരം നടപടി സ്വീകരിക്കണമൊണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്ന് നിര്‍ദേശിച്ചത്.
നടപടിയെടുത്തശേഷം ആഭ്യന്തരവകുപ്പ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും 2018 ഏപ്രില്‍ 12ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. അന്ന് പേരിനൊരു റിപ്പോര്‍ട്ട് നല്‍കിയെന്നതല്ലാതെ പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ സമയബന്ധിതമായ യാതൊരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട് മൂന്നുവര്‍ഷം പിന്നിട്ടിട്ടും അതിന്‍മേല്‍ യാതൊരു പുരോഗതിയും ഉണ്ടായതുമില്ല. പട്ടിക സമര്‍പ്പിക്കപ്പെട്ട് കാലങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടാവാത്തതില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ 2019 ജൂണ്‍ മാസത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും, സ്വീകരിച്ച നടപടികള്‍ ഉടന്‍ അറിയിക്കണമെന്ന് ഡി.ജി.പിക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും ആഭ്യന്തരവകുപ്പിന് യാതൊരു കുലുക്കവുമുണ്ടായില്ല.
ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തി വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി നടപടി എടുക്കണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. എന്നിട്ടും കസ്റ്റഡി കൊലപാതകം, മൂന്നാംമുറയടക്കമുള്ള മര്‍ദനം, മോഷണം, സ്ത്രീധന പീഡനം, മയക്കുമരുന്ന് ഉപയോഗം, കൈക്കൂലി, പരാതിക്കാരെ ഉപദ്രവിക്കല്‍, സ്വത്ത് തട്ടിപ്പ് തുടങ്ങിയ കേസുകളിലെല്ലാം പ്രതികളായ പൊലീസുകാര്‍ ഇപ്പോഴും യൂനിഫോമില്‍ വിലസുകയാണ്.
പൊലീസുകാര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്കെതിരായ പരാതികള്‍ സ്വീകരിച്ചിരുന്ന പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയും നോക്കുകുത്തിയായി മാറി. വര്‍ഷം തോറും ആയിരക്കണക്കിന് പരാതികള്‍ അതോറിറ്റിക്ക് മുന്നിലെത്തുന്നുണ്ട്. ഹൈകോടതി മുന്‍ ജഡ്ജിമാരും മുന്‍ ഡി.ജി.പിമാരും ഉള്‍പ്പെടെ അംഗങ്ങളായ അതോറിറ്റിയുടെ ശുപാര്‍ശകള്‍ക്ക് പുല്ലുവില പോലും ആഭ്യന്തരവകുപ്പില്‍ നിന്ന് ലഭിക്കുന്നില്ല. അന്വേഷേണ ഉദ്യോഗസ്ഥരെ പോലും അതോറിറ്റിക്ക് വേണ്ടി നല്‍കുന്നില്ല എന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. പലപ്പോഴും ഗൗരവമായ കേസുകളില്‍ സ്വന്തം നിലക്ക് തെളിവെടുപ്പ് നടത്തി അതോറിറ്റി തന്നെ തയ്യാറാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ പോലും അവഗണിക്കപ്പെടുകയാണുണ്ടായിട്ടുള്ളത്. ഏതെങ്കിലും കേസുകളില്‍ പൊലീസുകാരെ പ്രതിചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ അവര്‍ രക്ഷപ്പെടാറാണ് പതിവ്. അല്ലാത്ത പക്ഷം വിചാരണ വേളയില്‍ നിര്‍ണായക സാക്ഷികള്‍ കൂറുമാറുന്നതും നിത്യസംഭവമാണ്.
എത്ര ഗുരതര തെറ്റ് ചെയ്താലും സേനയുടെ ഭാഗമായി തന്നെ മുന്നോട്ടുപോകാം എന്ന ധൈര്യം പൊലീസുകാര്‍ക്ക് നല്‍കുന്നത് ആഭ്യന്തരവകുപ്പ് തന്നെയാണ്. ക്രിമിനല്‍ സ്വഭാവമുള്ള ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥര്‍ അധികാരപ്പെരുമയില്‍ സേനയില്‍ തഴച്ചുവളരുന്ന സാഹചര്യമാണുള്ളത്. മാതൃകാപരമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഒരു നടപടി പോലും കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത പൊലീസുകാര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് കൈക്കൊണ്ടതായി കണ്ടെത്താനാവില്ല.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Jan 14, 2023
11 Minutes Watch
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
സല്‍വ ഷെറിന്‍
Jan 03, 2023
6 Minutes Read
പ്രമോദ് പുഴങ്കര
Dec 09, 2022
10 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Dec 08, 2022
5 Minutes Read
എന്‍.സുബ്രഹ്മണ്യന്‍
Dec 05, 2022
15 Minutes Read