വർഗീയതക്കെതിരായ നിലപാട്; എൽ.ഡി.എഫിനെ പോലെ മറ്റു മുന്നണികൾ ചിന്തിച്ചില്ലെന്ന് പിണറായി വിജയൻ

Truecopy Webzine

തു തരത്തിലുള്ള വർഗീയതയേയും മാറ്റി നിർത്തേണ്ടതുണ്ട് എന്ന നയമാണ് എൽ.ഡി.എഫിന്റേതെന്നും, കേരളത്തിലെ മറ്റു രാഷ്ട്രീയ മുന്നണികളും അപ്രകാരം ചിന്തിക്കാത്തത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ ഇടതുമുന്നണി ഈ നയം വ്യക്തമാക്കിയതാണെന്നും ട്രൂ കോപ്പി വെബ്സീനു നൽകിയ പ്രത്യേക അഭിമുഖത്തിൽ മുഖ്യമന്ത്രി പറയുന്നു. ""കൃത്യമായ ആശയ അടിത്തറയിൽ നിന്നുകൊണ്ട്, വർഗീയതയെ തലോടിയാൽ അതെവിടെ ചെന്നു നിൽക്കും എന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധത്തിൽ ആ (തെരഞ്ഞെടുപ്പ്) റാലികളിലൂടെ പൊതുസമൂഹവുമായി ഇടതുപക്ഷം സംവദിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഉൾപ്പെടെ ഏതു തരത്തിലുള്ള വർഗീയതയാണെങ്കിലും - ഭൂരിപക്ഷത്തിന്റെതായാലും ന്യൂനപക്ഷത്തിന്റെതായാലും - അതിനെ അകറ്റി നിർത്തേണ്ടതുണ്ട് എന്ന നയം സുവ്യക്തമായി എൽ.ഡി.എഫ് അവതരിപ്പിച്ചിരുന്നു.''

ഭരണഘടന ഉറപ്പു നൽകുന്ന വിമർശന സ്വാതന്ത്ര്യത്തെ ഹനിക്കാതെ വേണം സൈബർ സ്‌പേസിലെ വിദ്വേഷ പ്രചാരണങ്ങളേയും, വ്യാജ വാർത്തകളേയും നേരിടാനെന്നും, മറിച്ചുള്ള ഉദാഹരണങ്ങൾ ദേശീയ തലത്തിൽ കാണാമെന്നും ഇതൊരു ഇരുതല വാളാണെന്നും മുഖ്യമന്ത്രി പറയുന്നു. ""വ്യാജ വാർത്തകൾ അവതരിപ്പിക്കാനും അശാസ്ത്രീയത പ്രചരിപ്പിക്കാനും മാത്രമല്ല വിദ്വേഷം പരത്താനുള്ള ഇടമായി കൂടി സൈബർ സ്പേസ് ഉപയോഗിക്കപ്പെടുന്നു എന്നത് വസ്തുതയാണ്. ഇതിനെതിരെ ശക്തമായ നിയമനിർമ്മാണം ആവശ്യമാണ് എന്ന് ഒരു ഘട്ടത്തിൽ പൊതു അഭിപ്രായം തന്നെ നമ്മുടെ നാട്ടിൽ രൂപീകൃതമായിരുന്നു. മാധ്യമ മേധാവികൾ വരെ ആവശ്യപ്പെട്ട ഒന്നായിരുന്നു അത്. എന്നാൽ ഒരു കാര്യം ഓർമിക്കണം- ഇരുതല വാളാണത്. സൈബർ സ്പേസിലെ ജനാധിപത്യപരമായ വിമർശനത്തിനുള്ള ഭരണഘടനാദത്തമായ സ്വാതന്ത്ര്യത്തെ ഹനിക്കാനായി ഇത് ദുരുപയോഗിക്കില്ല എന്നുറപ്പു വരുത്തണം. മറിച്ചുള്ള സംഭവങ്ങൾ നിത്യേന നാം ദേശീയ തലത്തിൽ തന്നെ കാണുന്നുണ്ടല്ലോ.''

ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് നേരെയുയർന്നിട്ടുള്ള ഭീഷണി, സംസ്ഥാനങ്ങൾ തമ്മിലുണ്ടാവേണ്ട ഐക്യം, സാമ്പത്തിക സംവരണ വിഷയത്തിലും 80:20 ന്യൂനപക്ഷ സംവരണ വിഷയത്തിലുമുള്ള സർക്കാർ നിലപാട്, ആരോഗ്യ പ്രവർത്തകരുടെ കോവിഡ് കാല ജീവിത - പ്രൊഫഷണൽ പ്രതിസന്ധി, കോവിഡ് കാലം ദരിദ്രരാക്കിയ ആർട്ടിസ്റ്റുകളുടെ ജീവിതം, കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കൽ, പരിസ്ഥിതി സംരക്ഷണവും വികസന പ്രവർത്തനങ്ങളും, ഉത്പാദന മേഖലയിലെ സ്വയം പര്യാപ്തത, ആഭ്യന്തര വകുപ്പും പൊലീസിന്റെ രാഷ്ട്രീയവും തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങൾക്ക് വിശദമായ ഉത്തരമാണ് മുഖ്യമന്ത്രി ഈ ദീർഘ അഭിമുഖത്തിൽ നൽകിയത്.

പിണറായി വിജയൻ / മനില സി. മോഹൻ അഭിമുഖം
സൗജന്യമായി വായിക്കാം, ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 30ൽ

Comments