എം.കെ. സ്റ്റാലിൻ / Photo: DMK,Twitter

തമിഴ് സ്റ്റാലിനിസത്തിന്റെ നൂറുദിനങ്ങൾ

സ്റ്റാലിൻ എതിരിട്ട് ജയിച്ചത് വിപ്ലവത്തെയല്ല; ജനങ്ങൾ വോട്ടുചെയ്ത തെരഞ്ഞെടുപ്പിനെയാണ്. അടിമുടി മാറ്റങ്ങളൊന്നും തമിഴ്‌നാട്ടിൽ സംഭവിക്കാൻ സാധ്യതയില്ല. എന്നാൽ, നമുക്ക് ഇതുവരെ പരിചിതനായിരുന്ന ഒരു സ്റ്റാലിനല്ല മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നത്- സ്റ്റാലിൻ മുഖ്യമന്ത്രിയായി നൂറുദിനം തികയുന്ന സന്ദർഭത്തിൽ ഒരു വിശകലനം

ഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ദ്രാവിഡ മുന്നേറ്റ കഴകം പത്തുകൊല്ലങ്ങൾക്കിപ്പുറം കേവല ഭൂരിപക്ഷം നേടി അധികാരം പിടിച്ചെടുത്തു. എം.കെ. സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2021 മെയ് ഏഴിനുനടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ‘മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന ഞാൻ' എന്ന് അദ്ദേഹം സ്വയം അടയാളപ്പെടുത്തി.

ഒരേസമയം പൈതൃകത്തെ മാനിക്കുന്നതും പുതുമയാർന്നതുമായ ഒരു സംഭവമായി ഞാൻ ഇതിനെ കാണുന്നു. താൻ കടന്നുവന്ന പാത ഏതാണെന്നതുതന്നെയും തമിഴ് ജനതയെയും ഓർമപ്പെടുത്തും വിധം ഇങ്ങനെ പറഞ്ഞതായിരിക്കാമെന്ന് വ്യാഖ്യാനിക്കാം. സ്വാതന്ത്ര്യാനന്തരം പ്രത്യേക സംസ്ഥാനമായി രൂപപ്പെട്ട തമിഴ്നാട്ടിൽ, രാജാജി മുതൽ എടപ്പാടി പഴനിസ്വാമി വരെയുള്ള മുഖ്യമന്ത്രിമാരിൽ ഒരാൾ പോലും ഇത്തരത്തിൽ പരാമർശിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ട് ഇതിൽ പുതുമയുണ്ട്. ഒരർത്ഥത്തിൽ, തന്റെ ഭരണം ഏതുരീതിയിലായിരിക്കും മുന്നോട്ടുപോവുക എന്നതിന്റെ ഒരു സൂചന സ്റ്റാലിന്റെ മൂന്നുമാസക്കാലത്തെ പ്രവർത്തനങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്.

അധികാരത്തോട് അഭിനിവേശം ഉണ്ടായിരുന്നിട്ടുപോലും കുടുംബ രാഷ്ട്രീയം എന്ന വിമർശനം ചുമക്കാൻ താല്പര്യമില്ലാതിരുന്നതിനാലോ സാധാരണ പ്രവർത്തകനായി പ്രവർത്തിക്കാനുള്ള ആഗ്രഹം കൊണ്ടോ സ്റ്റാലിൻ അധികാരമത്സരങ്ങളിൽനിന്ന് മാറിനിന്നിരുന്നു.

ആൽമരത്തിന്റെ നിഴലിൽ...

സ്റ്റാലിനെക്കുറിച്ച് ഇത്ര നാളുകളായി കെട്ടിയുയർത്തിയ ബിംബങ്ങളൊക്കെയും ഈ തെരഞ്ഞെടുപ്പും അനന്തര സംഭവങ്ങളും കൊണ്ട് തകിടം മറിഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന നേതാക്കളിലൊരാളായ കലൈഞ്ജർ കരുണാനിധിയുടെ പുത്രൻ എന്നതിലുപരി അദ്ദേഹത്തിന് പ്രത്യേക യോഗ്യതകളൊന്നും തന്നെയില്ല എന്ന വിമർശനം സ്റ്റാലിന്റെ രാഷ്ട്രീയ മുന്നേറ്റത്തിനുപോലും വിലങ്ങുതടിയായി. തനിക്കുലഭിച്ച അവസരങ്ങളെ അദ്ദേഹവും ഉചിതമായി ഉപയോഗിച്ചില്ല എന്നും അനുമാനിക്കാം. ‘ആൽമരത്തിന്റെ നിഴലിൽ മറ്റൊന്നും കിളിർക്കില്ല' എന്നർത്ഥം വരുന്ന ഒരു പഴമൊഴിയുണ്ട് തമിഴിൽ. അത് തികച്ചും യോജിക്കുന്നത് സ്റ്റാലിന്റെ കാര്യത്തിലാണ്. കരുണാനിധി എന്ന വടവൃക്ഷത്തിന്റെ നിഴലിൽ അദ്ദേഹത്തിന് വ്യക്തിഗതമായ വളർച്ച അസാധ്യമായിരുന്നു.

എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. / Photo: mkstalin,twitter
എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. / Photo: mkstalin,twitter

സജീവമായിരുന്ന കാലത്ത് പ്രസ്ഥാനത്തിന്റെ നേതൃത്വപദവിയും ഭരണാധികാരവും തന്റെ കൈകളിൽ ഭദ്രപ്പെടുത്താൻ കരുണാനിധി ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പിൻഗാമിയായി കരുത്തപ്പെട്ടിടുന്ന സ്റ്റാലിന് ഒരു സാധാരണ പ്രവർത്തകന് അർഹിക്കുന്ന അംഗീകാരം തന്നെയാണ് കിട്ടിയിരുന്നത്. അധികാരം മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ കരുണാനിധി കാണിച്ചിരുന്ന വിമുഖത തന്നെയായിരുന്നു അതിന്റെ ഒരു കാരണം. ഇത് അദ്ദേഹത്തിന്റെ അധികാരക്കൊതിയായി വ്യാഖ്യാനിക്കപ്പെട്ടു. ഒരു പരിധിവരെ അത് സത്യവുമാണ്.

ഇതേ അധികാരക്കൊതിതന്നെയാണ് 1977 മുതൽ 1987 ൽ മരിക്കുന്നതുവരെ തമിഴ്നാട് രാഷ്ട്രീയത്തിൽ തനിക്ക് വീഴ്​ത്താൻ സാധിക്കാത്ത എതിരാളിയായിരുന്ന എം.ജി.ആറിനെ അഭിമുഖീകരിക്കാനുള്ള ഊർജ്ജം അദ്ദേഹത്തിന് നൽകിയതും ഡി.എം.കെ എന്ന രാഷ്ട്രീയ പ്രസ്ഥാനം നശിക്കാതെ നിലനിന്നതും.
തുടർച്ചയായി അധ്യക്ഷപദവി വഹിച്ചതിനും അതുതന്നെയാണ് കാരണം. പ്രസ്ഥാനത്തെ കരുണാനിധി തന്റെ കുടുംബസ്വത്താക്കി മാറ്റിയെന്ന ആക്ഷേപം വളരെക്കാലമായി നിലനിന്നിരുന്നു. സ്റ്റാലിനെ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത് ആ ആക്ഷേപത്തിന് വളമായി ഭവിക്കുമെന്നും അദ്ദേഹം കരുതി. അത്തരം വിമർശനങ്ങൾക്ക് ‘പിൻതുടർച്ചക്കാരെ നിയമിക്കാൻ ഡി.എം.കെ ശങ്കരമഠമല്ല' എന്ന കർക്കശമായ മറുപടിയും അദ്ദേഹം നൽകിയിരുന്നു. സ്റ്റാലിനെ നേതൃനിരയിലേക്ക് കൊണ്ടുവരാൻ കരുണാനിധി ശ്രമിക്കാതിരുന്നതിന്റെ ഒരു കാരണവും ഇതുതന്നെയായിരിക്കാം.

എം.ജി.ആർ
എം.ജി.ആർ

അധികാരത്തോട് അഭിനിവേശം ഉണ്ടായിരുന്നിട്ടുപോലും കുടുംബ രാഷ്ട്രീയം എന്ന വിമർശനം ചുമക്കാൻ താല്പര്യമില്ലാതിരുന്നതിനാലോ അതുമല്ലെങ്കിൽ പാർട്ടിയുടെ ഒരു സാധാരണ പ്രവർത്തകനായി നേതൃത്വത്തിന്റെ ആജ്ഞാനുസരണം പ്രവർത്തിക്കാനുള്ള ആഗ്രഹം കൊണ്ടോ സ്റ്റാലിൻ അധികാരമത്സരങ്ങളിൽനിന്ന് മാറിനിന്നിരുന്നു. കാലാകാലങ്ങളിൽ പ്രസ്ഥാനത്തിലും മന്ത്രിസഭയിലും അദ്ദേഹത്തിന് ലഭിച്ച പദവികളൊക്കെയും കരുണാനിധി മനസ്സില്ലാമനസ്സോടെ നൽകിയവ തന്നെയാണ്. 2018 ൽ കരുണാനിധിയുടെ മരണശേഷം മാത്രമേ പാർട്ടി അധ്യക്ഷനായി സ്റ്റാലിൻ അവരോധിക്കപ്പെട്ടുള്ളൂ. കരുണാനിധിയുടെ അഭാവം കൊണ്ടുതന്നെയാണ് അദ്ദേഹം മുഖ്യമന്ത്രിയായതും.

അനഭിമതനായ സ്റ്റാലിൻ

രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച് രാഷ്ട്രീയ പശ്ചാത്തലത്തിൽ വളർന്നയാളാണ് സ്റ്റാലിൻ. സഹപാഠികളോടൊപ്പം ഇലൈഞ്ജർ (യുവ) ഡി.എം.കെ എന്ന സംഘടനയ്ക്ക് രൂപം നൽകി. തുടർന്ന് രാഷ്ട്രീയ - സാമൂഹ്യ പ്രവർത്തനങ്ങളിലും രാഷ്ട്രീയ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു. 1975 ൽ അടിയന്തരാവസ്ഥക്കാലത്ത് ഡി.എം.കെ പ്രവർത്തകൻ എന്നതിനാലും കരുണാനിധിയുടെ പുത്രൻ എന്നതിനാലും ജയിലിലടയ്ക്കപ്പെട്ടു. അന്നത്തെ ജയിൽവാസമാണ് അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ വ്യക്തമായ മേൽവിലാസം നേടിക്കൊടുത്തത്. കക്ഷിയിൽ യുവജന സംഘടനയ്ക്ക് രൂപം നൽകിയതിലൂടെ പാർട്ടിയിൽ തന്നെ അനുകൂലിക്കുന്നവരെ കൂട്ടിച്ചേർത്ത് വ്യക്തമായ അടിത്തറയുണ്ടാക്കി. അദ്ദേഹത്തിന്റെ അനുകൂലികളിൽ ഭൂരിഭാഗവും രാഷ്ട്രീയാഭിമുഖ്യം മാത്രം ഉള്ളവരായിരുന്നു. അവർ ദ്രാവിഡ പ്രസ്ഥാനങ്ങളുടെ പിന്നണിയെക്കുറിച്ചോ അവയുടെ അടിസ്ഥാന ലക്ഷ്യങ്ങളെക്കുറിച്ചോ തീർത്തും അജ്ഞരായിരുന്നു. അതുകൊണ്ടുതന്നെ സംഘടനയുടെ നേതാവ് എന്നതിലുപരി സ്റ്റാലിൻ അടുത്തഘട്ടത്തിലെ ചുമതലകൾ വഹിക്കാനുള്ള പ്രാപ്തി നേടിയില്ല.

വൈക്കോയ്ക്ക് ലഭിക്കുന്ന പിന്തുണ സ്റ്റാലിന്റെ വളർച്ചയെ തടസ്സപ്പെടുത്തിയേക്കാം എന്ന കാരണത്താലാണ് കരുണാനിധി അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് പറയപ്പെടുന്നു.

ഒരു ഘട്ടത്തിൽ സ്റ്റാലിനുചുറ്റുമുണ്ടായിരുന്ന യുവജനങ്ങളെക്കാൾ ബൃഹത്തായ ഒരു യുവനിരയെ തനിക്കുപിന്നിൽ അണിനിരത്താൻ ഡി.എം.കെ എം.പിയായി ആദരവ് പിടിച്ചുപറ്റിയ വൈ. ഗോപാൽസ്വാമിക്ക് (വൈകോ) സാധിച്ചിരുന്നു. ദ്രാവിഡ പ്രസ്ഥാനങ്ങളുടെ അടിസ്ഥാന തത്വങ്ങളെ മുറുപ്പിടിച്ച സംസാരശൈലി കൊണ്ടും തമിഴ് ദേശീയതാവാദം കൊണ്ടും അന്നാളുകളിൽ തമിഴ്നാട്ടിൽ ഉയർന്നുവന്ന വിമോചനപ്പുലി (എൽ.ടി.ടി.ഇ) കളോടുള്ള ഐക്യദാർഢ്യം കൊണ്ടും വൈകോ പാർട്ടിക്കുള്ളിൽ പിന്തുണ ഉറപ്പിച്ചു. വൈക്കോയ്ക്ക് ലഭിക്കുന്ന പിന്തുണ സ്റ്റാലിന്റെ വളർച്ചയെ തടസ്സപ്പെടുത്തിയേക്കാം എന്ന കാരണത്താലാണ് കരുണാനിധി അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് പറയപ്പെടുന്നു.

വൈകോ
വൈകോ

വൈക്കോയുടെ പുറത്താക്കൽ, സ്റ്റാലിന്റെ ജനപിന്തുണ കൂട്ടുകയല്ല, മറിച്ച് അലോസരമായി മാറുകയാണ് ചെയ്തത്. പ്രസ്ഥാനത്തിന് അതീതരായി നിൽക്കുന്ന പൊതുജനങ്ങൾക്ക് സ്റ്റാലിൻ അനഭിമതനായി. കരുണാനിധി മടിച്ചുമടിച്ച് കൊടുത്ത അവസരങ്ങൾ സ്റ്റാലിനെ ഭരണചക്രം തിരിക്കാൻ പ്രാപ്തനാക്കിയോ എന്ന ചോദ്യത്തിന് ഇല്ല എന്ന സങ്കടകരമായ മറുപടി തന്നെ പറയേണ്ടിവരും. തനിക്ക് ലഭിച്ച അവസരങ്ങൾ സ്റ്റാലിൻ ഫലപ്രദമായി വിനിയോഗിച്ചോ എന്ന ചോദ്യത്തിനും അതേ മറുപടി തന്നെ വേണ്ടിവരും.

ഒരു ഉദാഹരണം പറയാം. കരുണാനിധിയുടെ മരുമകനും എം.പി, കേന്ദ്രമന്ത്രി എന്നീ പദവികൾ വഹിച്ചയാളുമായ മുരസൊലിമാരന്റെ രണ്ടാമത്തെ മകനാണ് ദയാനിധിമാരൻ. രാഷ്ട്രീയ കുടുംബത്തിന്റെ പിന്മുറക്കാരൻ. എന്നാൽ അദ്ദേഹം രാഷ്ട്രീയത്തിൽ അധിക താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല (അദ്ദേഹത്തിന്റെ ആധിപത്യത്തിലുള്ള കുങ്കുമം വാരികയിൽ ഈ ലേഖകൻ ജോലി ചെയ്തിരുന്നു). എന്നാൽ മുരസൊലിമാരന്റെ മരണശേഷം അദ്ദേഹത്തിന്റെ വിടവ് നികത്താൻ ലഭിച്ച അവസരം ദയാനിധി യാഥാർഥ്യബോധത്തോടെത്തന്നെ വിനിയോഗിച്ചു. രണ്ടുതവണ കേന്ദ്രമന്ത്രിയായി. ഇതൊക്കെയാണെങ്കിലും പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തൊട്ടുമുമ്പുമാത്രമാണ് അദ്ദേഹം പാർട്ടി അംഗത്വമെടുക്കുന്നതുപോലും. ഇത്തരത്തിലുള്ള സമയോചിതമായ തീരുമാനങ്ങളെടുക്കുന്നതിൽ സ്റ്റാലിൻ വിജയിച്ചില്ല. പാർട്ടിയിലും ഭരണസംവിധാനത്തിലും ഘട്ടംഘട്ടമായി മുന്നേറുകയാണുണ്ടായത്.

ചെന്നൈ മേയർ

ഏറെക്കാലം ഡി.എം.കെയുടെ പോഷക സംഘടനയായ ‘ഇളൈഞ്ഞർ അണി'യുടെ സെക്രട്ടറി സ്റ്റാലിൻ തന്നെയായിരുന്നു. അദ്ദേഹം നീണ്ടകാലം വഹിച്ച പദവിയും അതുതന്നെയാണ്. അറുപത് വയസ്സിനോടടുക്കുന്നതുവരെ അദ്ദേഹം തന്നെ യുവജനവിഭാഗത്തിന്റെ നേതാവായിരുന്നു എന്നത് വലിയ തമാശയാണ്. കരുണാനിധിയുടെ വാർദ്ധക്യകാലത്താണ് സ്റ്റാലിനെ ഉപാധ്യക്ഷനായി അവരോധിക്കുന്നത്. കരുണാനിധിയുടെ മരണശേഷമാണ് സ്റ്റാലിനെ പാർട്ടിയുടെ അധ്യക്ഷനാക്കുന്നതും. ഇതാണ് കക്ഷിരാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ അവസ്ഥ.
ഇതേവരെ ഒൻപതു തവണ നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിച്ച സ്റ്റാലിൻ രണ്ടുപ്രാവശ്യം തോൽവിയുടെ രുചിയറിഞ്ഞു. നിയമസഭാസാമാജികനായിരുന്ന കാലയളവിൽ അദ്ദേഹത്തിന്റെ പ്രവർത്തനം പൊതുവെ അഭിനന്ദനീയമായിരുന്നു. എന്നാൽ അവയൊന്നുംതന്നെ തന്റെ നിസ്തുലമായ ഭരണനേട്ടമായി ഉയർത്തിക്കാട്ടാൻ അദ്ദേഹത്തിന് സാധിച്ചില്ല.

ജ്ഞാനി ശങ്കരൻ തുറന്നെഴുതിയിരുന്നു: ‘‘കലൈഞ്ജർ വാർധക്യത്താൽ ക്ഷീണിതനാണ്. അതിനാൽ പാർട്ടി നേതൃസ്ഥാനം കൈവശം വച്ചിട്ട് ഭരണസാരഥ്യം സ്റ്റാലിനെ ഏൽപ്പിക്കണം. അത് തമിഴ്നാട്ടിൽ മാറ്റം കൊണ്ടുവരും''. ആ ദിവസത്തിനായി 2021 വരെ സ്റ്റാലിന് കാത്തിരിക്കേണ്ടിവന്നു.

1996-ൽ നിയമസഭാാംഗമായിരുന്നപ്പോൾ തന്നെയാണ് അദ്ദേഹം തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ചെന്നൈ മേയറായി തെരഞ്ഞെടുക്കപ്പെടുന്നതും. ഈ പദവിക്കാലത്താണ് സ്റ്റാലിൻ തന്റെ പ്രവർത്തനങ്ങൾ കൊണ്ട് പൊതുജനശ്രദ്ധ നേടുന്നത്. ചെന്നൈ നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ അദ്ദേഹം കൈക്കൊണ്ട നടപടികൾ അഭിനന്ദനാർഹമായിരുന്നു. ചെന്നൈ നഗരത്തിൽ ഇന്നുകാണുന്ന ഫ്‌ളൈ ഓവറുകൾ, പൊതു ഉദ്യാനങ്ങൾ എന്നിവ അദ്ദേഹത്തിന്റെ ഭരണകാലത്ത് നിർമിച്ചവയാണ്. ചെന്നൈ കോർപ്പറേഷന്റെ ശുചീകരണ പ്രവർത്തനങ്ങൾക്ക് പുതിയ മുഖം കൈവന്നതും അദ്ദേഹത്തിന്റെ കാലത്താണ്.

കരുണാനിധിക്കൊപ്പം എം.കെ.സ്റ്റാലിൻ
കരുണാനിധിക്കൊപ്പം എം.കെ.സ്റ്റാലിൻ

കരുണാനിധിയുടെ പുത്രൻ, പാർട്ടി പ്രവർത്തകൻ എന്നിങ്ങനെയുള്ള ലേബലുകളിൽ നിന്ന് മാറി കാര്യപ്രാപ്തിയുള്ള ഒരു ഭരണാധികാരിയായി സ്റ്റാലിൻ അടയാളപ്പെടുത്തപ്പെട്ടത് ഈ കാലയളവിലാണ് (മേയർ ആയിരുന്നപ്പോൾ അദ്ദേഹം നടത്തിയ വിദേശയാത്രകളെക്കുറിച്ചെഴുതിയതും ഈ ലേഖകൻ തന്നെയാണ്). കലൈഞ്ജർക്കുശേഷം പ്രസ്ഥാനത്തെയും ഭരണത്തെയും മുന്നോട്ടുനയിക്കാൻ പ്രാപ്തൻ സ്റ്റാലിൻ മാത്രമാണ് എന്ന വിശ്വാസം അണികൾക്കും പൊതുജനങ്ങൾക്കും ഉണ്ടായി. അന്തരിച്ച പത്രപ്രവർത്തകൻ ജ്ഞാനി ശങ്കരൻ ഇതേക്കുറിച്ച് തുറന്നെഴുതിയിരുന്നു: ‘‘കലൈഞ്ജർ വാർധക്യത്താൽ ക്ഷീണിതനാണ്. അതിനാൽ പാർട്ടി നേതൃസ്ഥാനം കൈവശം വച്ചിട്ട് ഭരണസാരഥ്യം സ്റ്റാലിനെ ഏൽപ്പിക്കണം. അത് തമിഴ്നാട്ടിൽ മാറ്റം കൊണ്ടുവരും''.
ആ ദിവസത്തിനായി 2021 വരെ സ്റ്റാലിന് കാത്തിരിക്കേണ്ടിവന്നു.

2016 നും 2021 നുമിടയിൽ സ്റ്റാലിനിലുണ്ടായ മാറ്റം പ്രധാനമാണ്. ആ മാറ്റങ്ങളുടെ തുടർച്ചയാണ് അദ്ദേഹത്തിന്റെ സർക്കാരിലും പ്രതിഫലിക്കുന്നത്.

മാറിയ സ്റ്റാലിൻ

യുക്തിവാദിയായ സ്റ്റാലിന്, ദൗർഭാഗ്യം എന്നുപറയേണ്ടിവന്ന അവസരം 2001-ൽ ഉണ്ടായി. വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റ ജയലളിത പിതാവിനെയും പുത്രനെയും ഒറ്റക്കല്ലുകൊണ്ട് വീഴ്​ത്തി. ഒരാൾക്ക് രണ്ട് സർക്കാർ പദവികൾ വഹിക്കാൻ സാധിക്കില്ലെന്ന നിയമം കൊണ്ടുവന്നു. അതിന്റെ ഫലമായി രണ്ടാംതവണ ജയിച്ചുകയറിയ മേയർ സ്ഥാനം സ്റ്റാലിന് രാജിവയ്ക്കേണ്ടിവന്നു. ശേഷം 2016 വരെ വെറും നിയമസഭാ സാമാജികനായി ഒതുങ്ങി. അക്കാലത്ത് കരുണാനിധി വാർദ്ധക്യം കൊണ്ട് അവശനായി. രോഗഗ്രസ്തനുമായി. പാർട്ടി പ്രവർത്തനത്തിൽ പഴയപോലെ തീവ്രമായി മുന്നിട്ടിറങ്ങാൻ സാധിക്കാതെ വന്നു. അക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പുതന്ത്രങ്ങൾ മെനയുന്നതിലും അദ്ദേഹം പരാജയപ്പെട്ടു. അക്കാലയളവിലാണ് സ്റ്റാലിൻ സാരഥ്യം ഏറ്റെടുക്കുന്നത്. തെരഞ്ഞെടുപ്പിൽ ഡി.എം.കെ പരാജയപ്പെട്ടു. കോൺഗ്രസടക്കം മുന്നണിയിൽ വോട്ട് ബാങ്കുള്ള ഒരു കക്ഷിയും ഇല്ലായിരുന്നു. ഉറപ്പായ വോട്ട് ബാങ്കുള്ള രണ്ട് കമ്യൂണിസ്‌റ്റ്​ പാർട്ടികൾ, വിടുതലൈ സിറുത്തൈകൾ, നടൻ വിജയകാന്തിന്റെ ഡി.എം.ഡി.കെ, വൈകോയുടെ എം.ഡി.എം.കെ എന്നീ കക്ഷികൾ മൂന്നാം മുന്നണിയായി പ്രവർത്തിച്ചതുമൂലം ഡി.എം.കെയുടെ ജയം അസ്ഥാനത്തായി.

ജയലളിത
ജയലളിത

ഈ പിഴവ് 2021 ലെ തെരഞ്ഞെടുപ്പിൽ സ്റ്റാലിന്റെ മനസ്സിലുണ്ടായിരുന്നുവെന്നത് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും ആസൂത്രണത്തിലും പ്രകടമായിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിൽ ജനക്ഷേമ മുന്നണി എന്ന പേരിൽ ഒറ്റക്കുമത്സരിച്ച മുന്നണിയിലെ ഡി.എം.ഡി. കെ ഒഴികെയുള്ള കക്ഷികളെ ഡി.എം.കെ നയിക്കുന്ന മുന്നണിയിലേക്ക് കൊണ്ടുവന്നു. ഡി.എം. കെയുടെ മുഖ്യപ്രാസംഗികനായിരുന്ന കരുണാനിധി ഇല്ലാത്ത കുറവ് തന്റെ നിരന്തര പര്യടനങ്ങളിലൂടെ നികത്തി. കഴിഞ്ഞ അഞ്ചുകൊല്ലം പ്രതിപക്ഷനേതാവായിരുന്നപ്പോൾ ജയലളിത, എടപ്പാടി സർക്കാരുകൾക്കെതിരെ നടത്താതിരുന്ന വിമർശനങ്ങളൊക്കെയും ജനമധ്യത്തിൽ എണ്ണിപ്പറയുന്നതിൽ വിജയിച്ചു. അതിനോടൊപ്പം, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളെ സധൈര്യം തുറന്നുകാട്ടി. ഈ തെരഞ്ഞെടുപ്പിന്റെ വിജയരഹസ്യവും അതുതന്നെയായിരുന്നു.

തമിഴ്നാട്ടിൽ സ്റ്റാലിനെക്കുറിച്ച് ഇന്നലെ വരെ ഉണ്ടായിരുന്ന ചിത്രം അദ്ദേഹത്തിന് അനുകൂലമായതല്ലായിരുന്നു. കരുണാനിധിയുടെ പുത്രനെന്ന നിലയ്ക്കാണ് അദ്ദേഹത്തെ കണ്ടിരുന്നത്

2016 നും 2021 നുമിടയിൽ സ്റ്റാലിനിലുണ്ടായ മാറ്റം പ്രധാനമാണ്. ആ മാറ്റങ്ങളുടെ തുടർച്ചയാണ് അദ്ദേഹത്തിന്റെ സർക്കാരിലും പ്രതിഫലിക്കുന്നത്.
തമിഴ്നാട്ടിൽ സ്റ്റാലിനെക്കുറിച്ച് ഇന്നലെ വരെ ഉണ്ടായിരുന്ന ചിത്രം അദ്ദേഹത്തിന് അനുകൂലമായതല്ലായിരുന്നു. കരുണാനിധിയുടെ പുത്രനെന്ന നിലയ്ക്കാണ് അദ്ദേഹത്തെ കണ്ടിരുന്നത്. അതുമൂലം അദ്ദേഹത്തിന് കിട്ടിയത് ലാഭങ്ങളെക്കാളേറെ നഷ്ടങ്ങൾ തന്നെയായിരുന്നു. പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ തന്റെ നിലപാടുകൾ ഊന്നിപ്പറയുന്ന ഒരാളായി അദ്ദേഹം അറിയപ്പെട്ടിരുന്നില്ല. ജനാധിപത്യ സ്വഭാവമുള്ള പ്രസ്ഥാനമെന്ന് പുറമേ അറിയപ്പെട്ടിരുന്നുവെങ്കിലും കരുണാനിധിയുടെ നിലപാടുകളും തലമൂത്ത നേതാക്കളുടെ നിലപാടുകളും മാത്രമാണ് അവിടെ വിലപ്പോകുമായിരുന്നുള്ളൂ. കലൈഞ്ജർക്കുശേഷം തന്റെ വാക്കുകൾ പ്രസ്ഥാനത്തെ രക്ഷിക്കും എന്ന വിശ്വാസം അണികൾക്കിടയിൽ ഇന്ന് രൂപപ്പെടുത്തിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഭരണരംഗത്ത് വിശ്വാസങ്ങൾക്കല്ല, മറിച്ച് ജനസേവനത്തിനുള്ള കഴിവാണ് മാനദണ്ഡം എന്ന വികാരം ഉണ്ടാക്കിയെടുത്തു. ഒരുതരത്തിൽ ഇത് പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന് തലവേദനയുണ്ടാക്കിയേക്കാവുന്ന നടപടിയാണ്.

അണ്ണാദുരൈയുടെ ഓർമയിൽ

കരുണാനിധിയുടെ പുത്രൻ എന്ന പേര് സ്റ്റാലിന് എത്ര ഗുണം ചെയ്തിട്ടുണ്ടോ അത്രതന്നെ ദോഷവും വരുത്തിയിട്ടുണ്ട്. എല്ലാ തരത്തിലും അദ്ദേഹം അച്ഛനോട് ഉപമിക്കപ്പെട്ടു. കരുണാനിധിയോളം വാക്ചാതുര്യമില്ല, അദ്ദേഹത്തെപ്പോലെ എഴുതാനോ സാഹിത്യപരമായതോ ആയ കഴിവില്ല. അദ്ദേഹത്തോളം ഭരണപരമായ കഴിവുകളോ പ്രതിസന്ധി ഘട്ടങ്ങളിൽ തീരുമാനമെടുക്കാനുള്ള ധൈര്യമോ ഇല്ല. ഇത്തരത്തിലായിരുന്നു സ്റ്റാലിനെക്കുറിച്ചുള്ള വിശകലനങ്ങൾ. കലൈഞ്ജർ കരുണാനിധിയെപ്പോലെ മറ്റൊരാൾ വിരളമാണെന്നും അദ്ദേഹം ചരിത്രത്തിന്റെയും ചരിത്രസൃഷ്ടിയുടെയും ഭാഗമായും നിലകൊണ്ടയാളാണെന്നും മറ്റാരേക്കാൾ നന്നായി സ്റ്റാലിൻ അറിഞ്ഞിരുന്നു. ഇത് അദ്ദേഹം മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത ദിവസം മുതൽക്കുതന്നെ തന്റെ പ്രവൃത്തികളിൽ പ്രതിഫലിപ്പിക്കുകയും ചെയ്തു.

അണ്ണാ ദുരൈ
അണ്ണാ ദുരൈ

‘കരുണാനിധിയുടെ മകനാണ്, അദ്ദേഹം തെളിച്ച രാഷ്ട്രീയവഴികളിലൂടെ മുന്നിലേക്ക് എത്തിയതാണ്. എന്നാൽ എന്റെ മാർഗം വേറെയാണ്' എന്നത് അദ്ദേഹം മനസ്സിലാക്കിത്തന്നു. ഭരണനിർവ്വഹണത്തിൽ അദ്ദേഹം പ്രത്യക്ഷ ഉദാഹരണമായി കാണുന്നത് അണ്ണാദുരൈയെ ആണ്. പ്രസ്ഥാനത്തിന്റെ പ്രശ്‌നങ്ങൾ തീർക്കാൻ ജയലളിതയുടെ മാർഗം അവലംബിക്കുന്നതായി തോന്നുന്നു. മന്ത്രിസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹം മുൻഗണന നൽകിയത് പാർട്ടിയോടുള്ള കൂറിനല്ല, മറിച്ച് അതാത് വിഭാഗങ്ങളിലെ പ്രാഗത്ഭ്യത്തിനാണ്. കക്ഷിരാഷ്ട്രീയത്തിൽ വേണ്ടത്ര അനുഭവമില്ലാത്ത, എന്നാൽ ധനകാര്യത്തിൽ നിപുണനായ പഴനിവേൽ ത്യാഗരാജനെ തമിഴ്നാടിന്റെ ധനകാര്യമന്ത്രിയായി അവരോധിച്ചതും ഭരണകാര്യങ്ങളിൽ ഉപദേഷ്ടാക്കളായി അതാതുരംഗത്ത് നൈപുണ്യം പ്രദർശിപ്പിച്ചവരെ നിയമിച്ചതും ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. തന്റെ ഭരണത്തിന്റെ പ്രവർത്തന രൂപരേഖ അദ്ദേഹം തന്നെ തയ്യാറാക്കുന്നു. ഇതിനൊക്കെയും പാർട്ടിതലത്തിൽ മുറുമുറുപ്പ് ശക്തമാണ്. കടൽക്കിഴവന്മാരായ തലമൂത്ത നേതാക്കൾക്ക് ഇതിൽ അതൃപ്തിയും അമർഷവുമുണ്ട്. ജയലളിതയെപ്പോലെ ഏകാധിപത്യസ്വഭാവം കാണിക്കാതെ സമാധാനപരമായി ഇവരെയൊക്കെയും വരുതിയിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു.

1975 നുശേഷം തമിഴ്നാട് രാഷ്ട്രീയത്തിൽ കൈമോശം വന്ന ചില മൂല്യങ്ങളെ സ്റ്റാലിൻ തിരികെക്കൊണ്ടുവന്നു. ഈ മൂല്യങ്ങൾ അതാതുകാലത്തെ ആവശ്യങ്ങൾക്കനുസരിച്ച്, ഭരണം നിലനിർത്താൻ കരുണാനിധി, എം.ജി.ആർ, ജയലളിത എന്നിവർ തൃണവൽഗണിച്ചവയാണ്.

കഴിഞ്ഞ പത്തുവർഷമാമായി തമിഴ്നാട് രാഷ്ട്രീയം ഏറ്റവും മോശം അവസ്ഥയിലായിരുന്നു. എം. ജി.ആറിനുശേഷം തുടർഭരണത്തിന് അവസരം (2011, 2016) ലഭിച്ചത് ജയലളിതയ്ക്കുമാത്രമാണ്. അതുകൊണ്ട് സംസ്ഥാനത്തിന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയില്ല. ജയലളിതയുടെ മരണശേഷം ശശികല മുഖ്യമന്ത്രിയായി വാഴിച്ച എടപ്പാടി പഴനിസ്വാമിക്ക് ‘അമ്മ'യുടെ വത്സലശിഷ്യനായ ഒ. പന്നീർശെൽവത്തിനോട് മല്ലയുദ്ധം നടത്താൻ മാത്രമായിരുന്നു സമയമുണ്ടായിരുന്നത്. ഭരണം നിലനിർത്താൻ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ ദയവ് കൂടിയേ തീരൂ എന്ന അവസ്ഥയായി. ജയലളിത, കരുണാനിധി എന്നീ രണ്ട് ജനപ്രിയ നേതാക്കൾ ഇല്ലാതിരുന്ന 2021-ലെ തെരഞ്ഞെടുപ്പിന്റെ മുഖ്യ ആകർഷണം സ്റ്റാലിൻ തന്നെയായിരുന്നു. അത് അദ്ദേഹം വിജയകരമായി ഏറ്റെടുക്കുകയും ചെയ്തു.

ശശികല, ഒ. പനീർ സെൽവം, എടപ്പാടി പളനിസാമി
ശശികല, ഒ. പനീർ സെൽവം, എടപ്പാടി പളനിസാമി

തെരഞ്ഞെടുപ്പിനുമുമ്പും അതിനുശേഷവുമായി സ്റ്റാലിൻ പ്രകടിപ്പിച്ച നിലപാടുകളും മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം കൈക്കൊണ്ട നടപടികളും അദ്ദേഹത്തെ വിശ്വസ്തനാക്കുന്നു. 1975 നുശേഷം തമിഴ്നാട് രാഷ്ട്രീയത്തിൽ കൈമോശം വന്ന ചില മൂല്യങ്ങളെ സ്റ്റാലിൻ തിരികെക്കൊണ്ടുവന്നു. ഈ മൂല്യങ്ങൾ അതാതുകാലത്തെ ആവശ്യങ്ങൾക്കനുസരിച്ച്, ഭരണം നിലനിർത്താൻ കരുണാനിധി, എം.ജി.ആർ, ജയലളിത എന്നിവർ തൃണവൽഗണിച്ചവയാണ്.
അണ്ണാദുരൈയുടെ കാലത്ത് മുന്നോട്ടുവച്ച ദ്രാവിഡ രാഷ്ട്രീയമൂല്യങ്ങളെ അദ്ദേഹത്തിനുശേഷം വന്നവർ കൈയൊഴിഞ്ഞു. തമിഴ്നാടിന്റെ സർക്കാർ മതരഹിതവും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് മുൻഗണന നൽകുന്നതും ആയിരിക്കണം, തമിഴ് ദേശീയതയെ വെളിപ്പെടുത്തുന്നതായിരിക്കണം ഭരണഘടന സംസ്ഥാനങ്ങൾക്ക് നൽകിയ സ്വയംനിർണയാധികാരം നേടിയെടുക്കുന്നതായിരിക്കണം- ഇവയാണ് അണ്ണാദുരൈ മുന്നോട്ടുവെച്ച നിലപാടുകൾ. ശേഷം വന്ന ഡി.എം.കെ, എ.ഡി.എം.കെ സർക്കാരുകൾ ഇവയൊക്കെ പേരിനുമാത്രമായി ഒതുക്കി. അവയിൽ ചിലതിനെയെങ്കിലും സ്റ്റാലിൻ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് എന്നുവേണം കരുതാൻ.

ബി.ജെ.പി സഖ്യം എന്ന കളങ്കം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ സ്റ്റാലിൻ അഭിമുഖീകരിച്ച വിധം ശ്ലാഘനീയമാണ്. ‘ഇത് എ.ഡി.എം.കെയ്ക്കും ഡി.എം.കെയ്ക്കും ഇടയിലുള്ള അധികാരമാറ്റത്തിനായുള്ള തെരഞ്ഞെടുപ്പല്ല. മതത്തിനും മതനിരപേക്ഷതയ്ക്കുമിടയിലുള്ള പോരാട്ടമാണ്. അടിസ്ഥാനപരമായ ആശയങ്ങൾക്കും ജനാധിപത്യമൂല്യങ്ങൾക്കുമിടയിൽ നടക്കുന്ന പോരാട്ടമാണ്' എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ സംഘടിപ്പിച്ച പ്രതിഷേധം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ സംഘടിപ്പിച്ച പ്രതിഷേധം.

ജനാധിപത്യപരതയും മതനിരപേക്ഷ വീക്ഷണങ്ങളും ഇല്ലാതാക്കുന്ന ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഇതിന് ഏറെ പ്രാധാന്യമുണ്ട്. ആ ശ്രമത്തിൽ സ്റ്റാലിൻ വിജയം വരിക്കുകയും ചെയ്തു. ഏറെക്കാലമായി തമിഴ്നാട് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ശ്രമിക്കുകയും സൂചികുത്താൻ പോലും ഇടം ലഭിക്കാതെ വരികയും ചെയ്തിരുന്ന മതവാദികൾക്ക് - ബി.ജെ.പിയുടെ പ്രവേശനത്തിന് വാതിൽ തുറന്നുകൊടുത്ത "ഖ്യാതി' കരുണാനിധിക്കുള്ളതാണ്. ആ ശക്തികളെ സ്വീകരിച്ചിരുത്തിയ ധൈര്യം ജയലളിതയുടേതും. ഈ കളങ്കം ഒരു പരിധിവരെ കഴുകിക്കളയാൻ സ്റ്റാലിന് സാധിച്ചു. അധികാരവും പണബലവും കൈവശമുള്ള എ.ഡി.എം.കെയുടെ സഖ്യകക്ഷിയായിരുന്നിട്ടുപോലും ബി.ജെ.പിക്ക് പ്രതീക്ഷിച്ച രീതിയിൽ വിജയം കൈവരിക്കാൻ സാധിച്ചില്ല.

സ്റ്റാലിൻ ജയിച്ചത് വിപ്ലവമല്ല, തെരഞ്ഞെടുപ്പാണ്

സ്റ്റാലിൻ ഭരണകൂടം അധികാരമേറ്റശേഷം കേന്ദ്രസർക്കാരിനെ ഒൻറിയ അരസ് (Union Government) എന്ന അഭിസംബോധന ചെയ്യാൻ തുടങ്ങി. ഇത് വെറുമൊരു പേരുമാറ്റമല്ല. അധികാരം പങ്കിടുന്നതിനുള്ള അവകാശ പ്രഖ്യാപനമാണ്. ഭരണഘടനാ നിയമങ്ങളിൽ കേന്ദ്രസർക്കാരിനെ യൂണിയൻ സർക്കാർ എന്നുതന്നെയാണ് പരാമർശിച്ചിരിക്കുന്നത്. സ്റ്റാലിൻ സർക്കാരിന്റെ ഈ നിലപാട് ഓർമ്മിപ്പിക്കുന്നതും അതുതന്നെയാണ്.

ബി.ജെ.പിയുടെ പ്രവേശനത്തിന് വാതിൽ തുറന്നുകൊടുത്ത "ഖ്യാതി' കരുണാനിധിക്കുള്ളതാണ്. ആ ശക്തികളെ സ്വീകരിച്ചിരുത്തിയ ധൈര്യം ജയലളിതയുടേതും. ഈ കളങ്കം ഒരു പരിധിവരെ കഴുകിക്കളയാൻ സ്റ്റാലിന് സാധിച്ചു.

അണ്ണാദുരൈ ഉന്നയിച്ച ‘സംസ്ഥാനങ്ങളിൽ സ്വയംഭരണം, കേന്ദ്രത്തിൽ കൂട്ടായ ഭരണം' എന്ന ജനാധിപത്യവികാരത്തെ ഇത് ഉണർത്തുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ഘടന തുടങ്ങി എല്ലാ വകുപ്പുകളിലും സംസ്ഥാനങ്ങൾക്ക് അധികാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഇത്തരമൊരു അവകാശപ്രഖ്യാപനത്തിന് അതീവ പ്രാധാന്യമുണ്ട്.
സ്റ്റാലിൻ എതിരിട്ട് ജയിച്ചത് വിപ്ലവത്തെയല്ല; ജനങ്ങൾ വോട്ടുചെയ്ത തെരഞ്ഞെടുപ്പിനെയാണ്. ഇതിന്റെ ഫലമായി അടിമുടി മാറ്റങ്ങളൊന്നും സംഭവിക്കാൻ സാധ്യതയില്ല. എന്നാൽ നിലവിലെ സാഹചര്യങ്ങളെ പുതുക്കിയെടുക്കാൻ സാധിക്കും. അതുതന്നെയാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നതും. പരിഷ്‌കാരങ്ങളിലൂടെ ജനാധിപത്യപരമായ ആശയസംവാദങ്ങൾ സംഭവിച്ച് അത് ജനങ്ങളുടെ ഉന്നമനത്തിന് വഴിയൊരുക്കും എന്ന വിശ്വാസം.

ജാതിവാൽ ഒഴിവാക്കുമ്പോൾ

തമിഴ്നാട്ടിലെ സർക്കാർ പാഠപുസ്തകങ്ങളിൽനിന്ന് ജാതിപ്പേര്​ ഒഴിവാക്കുന്നത് സംബന്ധിച്ച നടപടികൾ ഇന്ന് വിവാദങ്ങളിൽ നിറയുകയാണ്. ഇതിനായുള്ള ശ്രമങ്ങൾ മുമ്പും ഉണ്ടാവുകയും പിന്നീട് കൈവിടേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തതാണ്. തമിഴ്നാടിന്റെ ചരിത്രത്തിൽ സാമൂഹിക - സാംസ്‌കാരിക പരിഷ്‌കർത്താക്കളായ പലരും പേരിനൊപ്പം ജാതിവാൽ കൂട്ടിച്ചേർത്തിരുന്നു. ഏടുകളിൽ ഒളിഞ്ഞിരുന്ന പഴംതമിഴ് സാഹിത്യകൃതികളെ നവീന അച്ചടിയിലേക്ക് കൊണ്ടുവന്നവരിൽ പ്രമുഖനാണ് ഉ.വെ സ്വാമിനാഥയ്യർ. അദ്ദേഹം അറിയപ്പെടുന്നത് ജാതിയുടെ മഹത്വം കൊണ്ടല്ല; തമിഴിന് നൽകിയ സേവനങ്ങളാലാണ്. അദ്ദേഹത്തിന്റെ പേര് സ്വാമിനാഥൻ എന്ന മാറ്റുന്നത് ശരിയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാൽ ജാതീയമായ അടിത്തറയാണ് അദ്ദേഹത്തിന്റെ പെരുമയ്ക്ക് ആധാരം എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യത്തിൽ ഇത്തരമൊരു മാറ്റം ഉചിതം തന്നെയാണ്. എന്തെന്നാൽ നിലനിൽക്കേണ്ടത് സ്വാമിനാഥയ്യരുടെ തമിഴ് ഭാഷയോടുള്ള കൂറുതന്നെയാണ്, അല്ലാതെ അദ്ദേഹത്തിന്റെ ജാതിവാലല്ല.

ഉ.വെ സ്വാമിനാഥയ്യർ
ഉ.വെ സ്വാമിനാഥയ്യർ

കഴിഞ്ഞ അരനൂറ്റാണ്ടായി തമിഴ്നാട്ടിൽ ആരും പേരിനുപിന്നിൽ തങ്ങളുടെ ജാതി ചേർത്ത് അറിയപ്പെട്ടിരുന്നില്ല. പെരിയാർ നടത്തിയ ജാതി ഉന്മൂലന പോരാട്ടങ്ങളുടെ ഫലമാണത്. ജാതിപ്പെരുമ സ്വന്തം പേരിൽ നിലനിർത്തുന്നത് ബന്ധപ്പെട്ടവർക്ക് കുറ്റബോധമുണ്ടാക്കും. ‘ജാതി ചോദിക്കരുത്, പറയരുത്' എന്നുപദേശിച്ച നാരായണഗുരുവിനെ ആഘോഷിക്കുന്ന കേരളത്തിൽ ഈ കുറ്റബോധം പ്രകടമല്ല എന്നതും ഓർമിക്കുക. തമിഴ്നാട്ടിൽ ഇന്ന് ആരും തങ്ങളുടെ പേരിനൊപ്പം ജാതി ഉപയോഗിക്കുന്നില്ല. അങ്ങനെയൊന്നുണ്ടെങ്കിൽ അവർ പാരമ്പര്യവാദികളാണ് എന്നത് ലഘുവിൽ മനസ്സിലാക്കാം.

ജാതി - മത വാദങ്ങൾ വീണ്ടും തിരുകിക്കയറ്റാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ ഈയൊരു പരിഷ്‌കാരത്തിന് പ്രാധാന്യമുണ്ട്. എം.ജി.ആർ ഭരിച്ചപ്പോൾ തമിഴ്നാട്ടിലെ തെരുവുകളുടെ പേരുകളിൽ നിന്ന് ജാതിയുടെ അടയാളങ്ങൾ നീക്കം ചെയ്യപ്പെട്ടു. 'ലേഡി മാധവൻ നായർ തെരുവ്' എന്നത് വെറും ‘ലേഡി മാധവൻ' തെരുവായി പരിണമിച്ചു. ഇന്നത്തെ തലമുറക്കുമുന്നിൽ അത് ജാതിയില്ലാത്ത തെരുവായി അടയാളപ്പെട്ടുകിടക്കുന്നു. പഴമയെ ലാളിച്ചുകൊണ്ടിരിക്കലല്ല; മറിച്ച് പുതുമയെ തേടിപ്പോകുന്നതാണ് ജീവിതത്തിന്റെ ലക്ഷ്യം എന്ന് മനസ്സിലാക്കിയാൽ ഈ പരിഷ്‌കാരത്തിന്റെ പ്രയോജനം മനസ്സിലാക്കാം. എന്നാൽ ഇത് അത്ര എളുപ്പം നടപ്പിലാക്കാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. എന്തെന്നാൽ ഡി.എം.കെ അടക്കം എല്ലാ രാഷ്ട്രീയപാർട്ടികളും ജാത്യാടിസ്ഥാനത്തിനുള്ള വോട്ടുകളിൽ വിശ്വസിക്കുന്നുണ്ട് എന്നതുതന്നെ.

ചെറിയ കാലയളവിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സ്വാഗതാർഹം തന്നെയാണ്. ചില ഇടർച്ചകൾ ഉണ്ടെന്നത് സ്വാഭാവികം.

‘സ്റ്റാലിൻ താൻ വർറാര്, വിടിയലൈത്താൻ തർറാര്'

അധികാരമേറ്റെടുത്ത മൂന്നുമാസം കൊണ്ട് സ്റ്റാലിൻ നടപ്പിലാക്കാൻ ശ്രമിക്കുന്ന പരിഷ്‌കാരങ്ങളും അതിനായി എടുക്കുന്ന നടപടികളും പ്രതീക്ഷയും നവീനത്വവും നൽകുന്നുണ്ട്. അവ ജനാധിപത്യ മൂല്യങ്ങൾക്ക് വില കൽപിക്കുന്നുമുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്നു എന്ന കാര്യത്തിലും സംശയമില്ല. ഇതേവരെയുള്ള രാഷ്ട്രീയജീവിതം വെച്ചുനോക്കുമ്പോൾ സ്റ്റാലിൻ നേടിയെടുത്ത ഇടം വളരെ പ്രധാനപ്പെട്ടതാണ്. പല വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് അദ്ദേഹം ഇവിടെ എത്തിപ്പെട്ടിരിക്കുന്നതും.

ഇപ്പോൾ കിട്ടിയ അവസരം അടുത്ത തെരഞ്ഞെടുപ്പിൽ നേടാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. തനിക്ക് ലഭിച്ച ഈ അവസരത്തെ തന്നാലാകും വിധം ജനങ്ങൾക്ക് സദ്ഭരണം കാഴ്ചവയ്ക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു എന്ന് വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത്. ചെറിയ കാലയളവിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സ്വാഗതാർഹം തന്നെയാണ്. ചില ഇടർച്ചകൾ ഉണ്ടെന്നത് സ്വാഭാവികം. ഡി.എം.കെ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ മുദ്രാവാക്യത്തെ ഇവിടെ ഓർമിക്കുന്നു. ‘സ്റ്റാലിൻ താൻ വർറാര്, വിടിയലൈത്താൻ തർറാര് (സ്റ്റാലിൻ തന്നെയാണ് വരുന്നത്, പുലരൊളി തന്നീടാൻ)'. അനുവദിക്കപ്പെട്ടിട്ടുള്ള അഞ്ചുകൊല്ലക്കാലത്തിന്റെ തുടക്കം പ്രകാശപൂരിതമായിത്തന്നെ കാണപ്പെടുന്നു. സൂര്യൻ നീങ്ങുംതോറും പ്രകാശം കൂടുതൽ പരക്കും. മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന മുഖ്യമന്ത്രി അതുചെയ്യും എന്നുതന്നെയാണ് തമിഴ്നാട്ടിലെ ജനത വിശ്വസിക്കുന്നത്. ആ വിശ്വാസം തന്നെയാണ് ഈ ലേഖകനും. ▮

(തമിഴിൽനിന്ന് വിവർത്തനം: പത്മകുമാർ പരമേശ്വരൻ)


എൻ. സുകുമാരൻ

കവി, നോവലിസ്​റ്റ്​, വിവർത്തകൻ. കാലച്ചുവട്​ എന്ന തമിഴ്​ പ്രസിദ്ധീകരണത്തി​ന്റെ എക്​സിക്യൂട്ടീവ്​ എഡിറ്റർ. കുങ്കുമം എന്ന തമിഴ്​ മാഗസിൻ എഡിറ്ററും സൂര്യ ടി.വി ചീഫ്​ എഡിറ്ററുമായിരുന്നു.

Comments