ബി.ജെ.പി വിരുദ്ധ മതേതര രാഷ്ട്രീയത്തിന്റെ ചെറുത്തുനില്‍പ്പ് സാദ്ധ്യതകള്‍ അവശേഷിക്കുക തന്നെയാണ്

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു നേതാവ്, ഒരു സർക്കാർ എന്ന സംഘപരിവാറിന്റെ രാഷ്ട്രീയത്തിനെതിരെ ബഹുസ്വര ഇന്ത്യയുടെയും സംസ്ഥാനങ്ങളിലെ വിവിധ ഭാഷാജനതകളുടെയും ചെറുത്തുനിൽപ്പായിരിക്കും 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ നിർണ്ണായകമാവുക.

ന്ത്യയുടെ രാഷ്ട്രീയഭൂമിക രണ്ടായി വിഭജിക്കുന്നതിന്റെ മറ്റൊരു അദ്ധ്യായം കൂടിയാണ് നാല് സംസ്ഥാനങ്ങളിലെ (മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന) നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ വരുമ്പോൾ കാണുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും അതിന്റെ സർവ്വാധികാര പ്രതീകമായ നരേന്ദ്ര മോദിയുടെയും ഒപ്പമുള്ള ഒരു ഹിന്ദി പശുപ്രദേശ വടക്കേ ഇന്ത്യയും ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെയും നരേന്ദ്ര മോദിയുടെ ഏക നേതാവെന്ന ബിംബനിർമ്മിതിയേയും വലിയ അളവിൽ ചെറുത്തുനിൽക്കുകയും തള്ളിക്കളയുകയും ചെയ്യുന്ന തെക്കേ ഇന്ത്യയും വളരെ വേഗം ചേരിതിരിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അതിന്റെ സംഘർഷാത്മകമായ മാനങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബി ജെ പി നേടിയ വലിയ വിജയങ്ങളും തെലങ്കാനയിലെ കോൺഗ്രസിന്റെ വലിയ തിരിച്ചുവരവും ഈ ചേരിതിരിവിന്റെ കനത്ത സൂചനയാണ്. നേരത്തെ, തെക്കേ ഇന്ത്യയിലെ ബി ജെ പിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമെന്ന് പറയാവുന്ന കർണാടകത്തിലും ബി ജെ പിയെ കോൺഗ്രസ് പരാജയപ്പെടുത്തിയത് സംഘപരിവാറിന്റെ കടുത്ത ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണം മറികടന്നാണ്. പശുപ്രദേശ ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയിൽ നിന്ന് വളരെ ഭിന്നമായൊരു സാമൂഹ്യ- രാഷ്ട്രീയ മണ്ഡലം തെക്കേ ഇന്ത്യയിൽ രൂപപ്പെട്ടിട്ടുണ്ട്. അത് ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉച്ചസ്ഥായിയിൽ ആ രാഷ്ട്രീയത്തെ ചെറുത്തുനിൽക്കുന്ന ഒന്നാണ്. അത് ചെറിയ കാര്യമല്ല. ചരിത്രപരമായിത്തന്നെ ഹിന്ദി-ഇന്ത്യയുടെ സാംസ്കാരിക, രാഷ്ട്രീയ രൂപമായ ബി ജെ പി ഇന്ത്യയിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് തെക്കേ ഇന്ത്യയുടെ ഈ വ്യത്യസ്തമായ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രതിരോധമാണ്.

എന്നാൽ, ഇതൊന്നും ഇന്ത്യയെന്ന രാജ്യത്തിന്റെ ഭരണം കയ്യാളുന്നതിനും തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിനും സംഘപരിവാറിനെയും ബി ജെ പിയെയും തടയാനാവുന്നതല്ല. അതിന്റെ കാരണം, ഇന്ത്യയുടെ ഹിന്ദി പശുപ്രദേശം ഇന്ത്യൻ പാർലമെന്റിലെ അതിന്റെ പ്രാതിനിധ്യ ബാഹുല്യം കൊണ്ട് ഇതര ഇന്ത്യൻ ഭൂപ്രദേശങ്ങൾക്കും ജനതയ്ക്കും മേൽ ചെലുത്തുന്ന ആധിപത്യമാണ്. ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയം അതിനെ അപകടകരമായ രീതിയിൽ ഹിംസാത്മകമായ മാറ്റുകയും ചെയ്തിരിക്കുന്നു.

തെക്കേ ഇന്ത്യയിലെ കർണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നിൽപ്പോലും അധികാരത്തിലില്ലാത്ത, കർണാടകയൊഴിച്ച് മറ്റൊരിടത്തും വിജയപ്രതീക്ഷയില്ലാത്ത ബി ജെ പിയാണ് ഇന്ത്യ ഭരിക്കുന്നത്. ഇത്തരത്തിൽ തെക്കേ ഇന്ത്യയുടെ രാഷ്ട്രീയ പ്രാതിനിധ്യവുമായി യാതൊരു പൊരുത്തവുമില്ലാത്ത കേന്ദ്രഭരണം ചരിത്രപരമായ കാരണങ്ങൾ കൊണ്ടുകൂടിയാണ് രൂപപ്പെടുന്നത്. അതാണ് കർണാടകത്തിൽ കോൺഗ്രസ് നേടിയ വിജയം മധ്യപ്രദേശിലും രാജസ്ഥാനിലും അവർക്ക് ആവർത്തിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്നും.

ഫലം പുറത്തുവന്ന നാല് സംസ്ഥാനങ്ങളിലുമായി 82 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും ബി ജെ പിയാണ് വിജയിച്ചത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഈ സംസ്ഥാനങ്ങളിൽ ബി ജെ പിക്ക് കടുത്ത മത്സരം നേരിടേണ്ടിവന്നിരുന്നു. മധ്യപ്രദേശിൽ കോൺഗ്രസ് വിജയിച്ചു. പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള വിമതവിഭാഗത്തെ അടർത്തിയെടുത്താണ് ബി ജെ പി അവിടെ ഭരണം പിടിച്ചത്. രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിനെയാണ് കോൺഗ്രസ് വീഴ്ത്തിയത്. ഭരണവിരുദ്ധവികാരമടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്താൻ കോൺഗ്രസിന് അന്ന് കഴിഞ്ഞു. എന്നാൽ അതേ രാഷ്ട്രീയസാഹചര്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് വളർത്തിയെടുക്കാനായിരുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയവും നരേന്ദ്ര മോദിയെന്ന ഫാഷിസ്റ്റ് രക്ഷക ബിംബനിർമിതിയും ഹിന്ദു പശുപ്രദേശത്ത് വളരെ ഫലപ്രദമായി ഹിന്ദുത്വ ഫാഷിസ്റ്റുകൾക്കായി പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവായിരുന്നു അത്. കോൺഗ്രസിനാകട്ടെ ഉയർത്തിക്കാട്ടാവുന്ന സുഘടിതമായ ഒരു രാഷ്ട്രീയനേതൃത്വം ദേശീയതലത്തിൽ ഇല്ലാതെയും പോയി. ഇന്ത്യയിൽ പൊതുവെ കോൺഗ്രസ് അതിന്റെ ഭൂതകാലത്തിൽ ജീവിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയാണ്. ആ ഭൂതകാലത്തിന്റെ സകല പോരായ്മകളെയും കോൺഗ്രസിൽ വെക്കാൻ സാധിക്കുന്നതിനൊപ്പം, അതിനെ മറികടക്കാനുള്ള ഒരു രാഷ്ട്രീയ പ്രയോഗമായി തങ്ങളെ അവതരിപ്പിക്കാൻ ബി ജെ പിക്ക് കഴിയുന്നുമുണ്ട്.

ശിവരാജ് സിങ് ചൗഹാന്‍

പ്രാദേശിക കക്ഷികൾ ശക്തമായില്ലാത്ത വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്രയും കാലവും ബി ജെ പിയുടെ എതിരാളികളായി കോൺഗ്രസ് തന്നെയാണുണ്ടായിരുന്നത്. മധ്യപ്രദേശിലും ഗുജറാത്തിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും നമുക്കിത് കാണാം. അവിടെയൊന്നും കോൺഗ്രസ് ഇത്ര കാലമായിട്ടും ഒലിച്ചില്ലാതായിപ്പോയുമില്ല. മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും അധികാരത്തിലെത്തുകയും ചെയ്തു. എന്നാൽ അതിനെ സുഘടിതമായ ഒരു രാഷ്ട്രീയ മുന്നേറ്റമോ രാഷ്ട്രീയാന്തരീക്ഷമോ ആക്കി മാറ്റുന്നതിൽ കോൺഗ്രസ് പരാജയപെട്ടു. അതിന്റെ കാരണം കേവലമായ തെരഞ്ഞെടുപ്പ് പ്രചാരണ രാഷ്ട്രീയത്തിനപ്പുറം ബി ജെ പിയെ അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര മണ്ഡലത്തിലും സാമ്പത്തിക നയങ്ങളുടെ കാര്യത്തിലും നേരിടുന്നതിൽ കോൺഗ്രസിനുള്ള രാഷ്ട്രീയ ശൂന്യതയായിരുന്നു. അതുകൊണ്ടാണ് മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിൽ ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനോട് അതിയാഥാസ്ഥിതികവും ജീർണ്ണവുമായ ഹിന്ദുമതബദ്ധരാഷ്ട്രീയവുമായി കോൺഗ്രസ് അങ്കം വെട്ടിയത്. ഫലം നമ്മൾ കണ്ടുകഴിഞ്ഞു. ഒന്നരപ്പതിറ്റാണ്ടു കാലത്തെ ബി ജെ പി ഭരണത്തിനെതിരെ സംസ്ഥാനത്തുണ്ടായിരുന്ന സ്വാഭാവികമായ ഭരണവിരുദ്ധ വികാരത്തെപ്പോലും ഉയർത്തിക്കാട്ടാൻ ശ്രമിക്കാതെ കമ്പ്യൂട്ടർ ബാബാമാരെയും മതപ്രഭാഷകരേയും സംന്യാസിമാരെയും ഒപ്പം നിർത്തി ഭക്തഹനുമാൻ കളിച്ച കമൽനാഥും കോൺഗ്രസും മദ്ധ്യപ്രദേശിൽ നിലംതൊടാതെ പോയി. കമൽനാഥും ദിഗ്‌വിജയ് സിങ്ങുമല്ലാതെ മറ്റ് വലിയ നേതാക്കളൊന്നുമില്ലാത്ത മധ്യപ്രദേശ് കോൺഗ്രസിൽ ഇരുവരുടെയും സംസ്ഥാന രാഷ്ട്രീയ ജീവിതത്തിലെ ഏതാണ്ട് അവസാനത്തെ കളിയായിരുന്നു ഇപ്പോൾ നടന്നത്. എന്നാൽ മറ്റ് ബദലുകളൊന്നുമില്ലാത്തതുകൊണ്ട് കോൺഗ്രസിന് മധ്യപ്രദേശിൽ പതിവ് നടന്മാരെവെച്ചുകൊണ്ടുതന്നെ നാടകം നടത്തേണ്ടി വരും.

സച്ചിന്‍ പൈലറ്റ്

രാജസ്ഥാനിൽ അത്തരത്തിലൊരു മതബദ്ധ രാഷ്ട്രീയ അടവ് കോൺഗ്രസ് എടുത്തില്ല. മാത്രവുമല്ല, അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിരവധി ക്ഷേമപരിപാടികൾ പ്രഖ്യാപിക്കുകയും മാതൃകാപരമായ ചിലതെല്ലാം നടപ്പാക്കുകയും ചെയ്തു. എന്നാലും അഴിമതിയുടെയും ഉൾപ്പോരിന്റെയും നേതൃതമാറ്റ തർക്കങ്ങളുടെയും ദൈനംദിന നാടകങ്ങളിലൂടെത്തന്നെയായിരുന്നു രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ കഴിഞ്ഞുപോന്നത്. സച്ചിൻ പൈലറ്റും ഗെഹ്‌ലോട്ടും തമ്മിലുള്ള തർക്കം തെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിച്ചതായൊരു വ്യാജചിത്രമുണ്ടാക്കാൻ കോൺഗ്രസിനായെങ്കിലും അതുണ്ടാക്കിയ മുറിവുകൾ അപ്പോഴും ഉണങ്ങാതെത്തന്നെ നിന്നു. മാത്രവുമല്ല അഞ്ചു വർഷം കൂടുമ്പോൾ ഭരണകക്ഷി മാറുന്ന രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രവണത കോൺഗ്രസിനെ തുണയ്ക്കുന്നതുമായിരുന്നില്ല. അതിനെ ഏതെങ്കിലും വിധത്തിൽ ചെറുക്കാനുള്ള രാഷ്ട്രീയസാധ്യതയാകട്ടെ ഗെഹ്‌ലോട്ട്- സച്ചിൻ പോരിൽ അവസാനിക്കുകയും ചെയ്തു. കോൺഗ്രസിന്റെ ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കാനുള്ള നെഹ്‌റു കുടുംബനേതൃത്വത്തിന്റെ ആവശ്യം നിരാകരിച്ച ഗെഹ്‌ലോട്ട് അതൊടെത്തന്നെ ഒരു പ്രാദേശിക രാജസ്ഥാൻ കോൺഗ്രസിന് തയ്യാറായിരുന്നു. ഇനിയിപ്പോൾ ഗെഹ്‌ലോട്ടിന്റെ രാഷ്ട്രീയനേതൃത്വ കാലം കഴിയുകയായി. അത് സച്ചിൻ പൈലറ്റിലേക്ക് നീങ്ങുമോ എന്നുള്ളത് മറ്റൊരു സംഗതിയാണ്.

തെലങ്കാനയിലെ കോൺഗ്രസ് തിരിച്ചുവരവ് വാസ്തവത്തിൽ കോൺഗ്രസിന് കർണാടക ജയത്തേക്കാളേറെ രാഷ്ട്രീയ സൂചനകൾ നൽകുന്ന ഒന്നാണ്. സംഘടനാപരമായി തീരെ ദുർബലമായിരുന്ന തെലങ്കാനയിൽ വീണ്ടും ഭരണത്തിലെത്താൻ കഴിഞ്ഞത് ഭാരതീയ രാഷ്ട്ര സമിതിയുടെ ചന്ദ്രശേഖർ റാവു സർക്കാരിനെതിരെയുള്ള ഫലപ്രദമായ പ്രചാരണത്തിലൂടെയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇളക്കിമറിച്ചിട്ടും ബി ജെ പിക്ക് നേട്ടമുണ്ടാക്കാൻ കഴിയാതെപോയത് മതേതര രാഷ്ട്രീയത്തിന്റെ അടിത്തറയിൽ ഒരു രാഷ്ട്രീയമത്സരം നടന്നതുകൊണ്ടാണ്.

ബി ജെ പിക്കെതിരായ വിശാല ദേശീയ പ്രതിപക്ഷ മുന്നണിയെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കണക്കാക്കേണ്ടതില്ലെന്ന ആത്മഹത്യാപരമായ നയമാണ് കോൺഗ്രസ് സ്വീകരിച്ചത്. രാജസ്ഥാനിലും മധ്യപ്രദേശിലും തെലങ്കാനയിലുമൊക്കെ കോൺഗ്രസ് ഈ നിലപാടെടുത്തു. രാജസ്ഥാനിലും തെലങ്കാനയിലും സി പി ഐ (എം), മധ്യപ്രദേശിൽ സമാജ്‌വാദി പാർട്ടി എന്നീ കക്ഷികളെ ഒപ്പം നിർത്തുന്നതിനു പകരം ഹിന്ദുത്വ ഫാഷിസ്റ്റുകൾക്കെതിരായ വിശാല രാഷ്ട്രീയസഖ്യത്തിന്റെ ചരിത്രദൗത്യത്തെ നിരാകരിക്കുകയായിരുന്നു കോൺഗ്രസ് ചെയ്തത്. ഇന്ത്യ മുന്നണിയുടെ കൂട്ടായ പോരാട്ടമാക്കി ഈ നിയമസഭാ തെരഞ്ഞെടുപ്പുകളെ അവതരിപ്പിക്കുന്നതിനു പകരം ഒറ്റയ്ക്ക് നേടുന്ന വിജയം, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണിയിൽ തങ്ങൾക്ക് വലിയ വിലപേശൽ ശേഷിയുണ്ടാക്കുമെന്നുള്ള അത്യാഗ്രഹമായിരുന്നു അതിന്റെ പിന്നിലെന്നത് വളരെ വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ ഈ പരാജയങ്ങളോടെ അതിന്റെ നേരെ എതിർദിശയിലേക്കാണ് കോൺഗ്രസ് വീണിരിക്കുന്നത്. ‘ഇന്ത്യ’ മുന്നണിയിൽ ഇനി കോൺഗ്രസിന്റെ നേതൃപദവി അംഗീകരിക്കപ്പെടില്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബി ജെ പിയെ എതിർക്കാൻ ശേഷിയുള്ള കോൺഗ്രസിതര കക്ഷികൾക്കായിരിക്കും അതിലെ നേതൃസ്ഥാനം. ‘ഇന്ത്യ’ മുന്നണിയുടെ നേതൃസ്ഥാനം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നൽകണമെന്ന ആവശ്യം മറ്റ് ഘടകകക്ഷികൾ അംഗീകരിക്കാനിടയില്ലെങ്കിലും അത് കോൺഗ്രസിന് ലഭിക്കില്ല എന്നുറപ്പായിക്കഴിഞ്ഞു.

നിതീഷ് കുമാറിന്റെ സർക്കാർ ബിഹാറിൽ തുടങ്ങിയ "ജാതിസെൻസസ്" ഒരു തെരഞ്ഞെടുപ്പ് വിഷയം എന്ന രീതിയിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിനെ എത്രകണ്ട് സ്വാധീനിക്കും എന്നതിൽ ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒരു അന്തിമ സൂചനയല്ലെങ്കിലും ജാതിസെൻസസിന്റെ ഒപ്പം ഉയർത്തുന്ന രണ്ടാം മണ്ഡൽ രാഷ്ട്രീയത്തെ ചെറുക്കാനുള്ള ശേഷി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കമണ്ഡൽ രാഷ്ട്രീയം നേടിയിട്ടുണ്ട് എന്നതിന്റെ സൂചനകള്‍ ഫലങ്ങൾ തരുന്നുണ്ട്. എന്നാൽത്തന്നെയും ബിഹാറിലും ഉത്തർപ്രദേശിലും മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ബി ജെ പിക്കെതിരായ രാഷ്ട്രീയം വരുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണിയിലെ കക്ഷികളുടെ വിജയത്തിന്റെ രൂപത്തിൽ പ്രതിഫലിക്കും. കഴിഞ്ഞ (2019) പൊതുതെരഞ്ഞെടുപ്പിൽ ബി ജെ പി തൂത്തുവാരി വിജയിച്ച സംസ്ഥാനങ്ങളാണ് ഇപ്പോൾ അവർ വിജയിച്ച മൂന്ന് സംസ്ഥാനങ്ങളും. ഈ സംസ്ഥാനങ്ങളിൽ നിന്ന് 61 സീറ്റുകളിലാണ് ബി ജെ പി വിജയിച്ചത്. അതായത് ഇനി ഇതിൽക്കൂടുതലൊരു വിജയം അവിടെ സാധ്യമല്ല. അതുകൊണ്ടുതന്നെ 2024-ലെ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ കൂടുതൽ സഹായിക്കാൻ ഈ സംസ്ഥാനങ്ങൾക്കാവില്ല. എന്നാൽ കർണാടകം, ബംഗാൾ, തെലങ്കാന, മഹാരാഷ്ട, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇപ്പോഴുള്ള സീറ്റുകൾ ‘ഇന്ത്യ’ സഖ്യവുമായുള്ള മത്സരത്തിൽ നഷ്ടപ്പെടാനുള്ള സാധ്യത ഇപ്പോഴും കൂടുതലാണ്. എന്നാൽ അതിനുള്ള നേതൃത്വം നൽകേണ്ടത് സംസ്ഥാനാടിസ്ഥാനത്തിലുള്ള കക്ഷികളായിരിക്കും എന്ന വാസ്തവം കോൺഗ്രസ് അംഗീകരിക്കണം.

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി കാണിക്കുന്നത്, ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയം മറ്റ് രാഷ്ട്രീയ, സാമൂഹ്യ പ്രശ്നങ്ങളെ പിന്നിലാക്കി ജനങ്ങളെ ഏത് സമയത്തും സ്വാധീനിക്കാവുന്ന ഒരു സാമൂഹ്യശരീരമായി ഹിന്ദി പശു പ്രദേശത്ത് മാറിക്കഴിഞ്ഞു എന്നതാണ്. ഇത് നേരത്തെ പറഞ്ഞതുപോലെ ഇന്ത്യയെ മൊത്തമായി ഈ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണത്തിന് കീഴിലാക്കാൻ കഴിയുന്ന ഒന്നായിരിക്കുന്നു. അതായത് ഹിന്ദി പശുപ്രദേശത്തെ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ കീഴിലുള്ള രണ്ടാംകിട പൗരന്മാരായി ജീവിക്കേണ്ടിവരിക എന്നൊരു ദുരന്തം മറ്റ് പ്രദേശങ്ങളിലെ ഇന്ത്യക്കാർ നേരിടുന്നുണ്ട്. അതാകട്ടെ ഇന്ത്യ എന്ന ആശയത്തെ ഏതാണ്ട് ഇല്ലാതാക്കുന്നതിന് തുല്യമാണ്. മണ്ഡല പുനർനിർണ്ണയം വരുന്നതോടെ ഈ ഹിന്ദു പശുപദേശത്തിന്റെ ശക്തി ഇരട്ടിയാവുകയും തെക്കേ ഇന്ത്യ കേവലം സാമന്തപ്രദേശമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ നിതീഷ് കുമാറിനെപ്പോലെ ഹിന്ദി ഭൂമികയിൽ നിന്നുള്ള രാഷ്ട്രീയനേതാക്കൾ, അവരുടെ അവസരവാദപരമായ ഭൂതകാലത്തിന്റെ ഭാണ്ഡങ്ങളുള്ളവരെങ്കിലും, വരും തെരഞ്ഞെടുപ്പിൽ ബി ജെ പി വിരുദ്ധ പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വത്തിൽ ഉണ്ടാകേണ്ടതുണ്ട്. അപ്പോൾ മാത്രമാണ് ബി ജെ പിയെ അവരുടെ ശക്തികേന്ദ്രങ്ങളിൽ നേരിടാൻ കഴിയുകയുള്ളു.

ഫാഷിസത്തിന്റെ ജനകീയാടിത്തറയെ തിരിച്ചറിയാതെപോവുക എന്നത് ചരിത്രത്തിൽ ഫാഷിസ്റ്റ് വിരുദ്ധരാഷ്ട്രീയശക്തികൾക്ക് സംഭവിച്ച വലിയ പ്രമാദമാണ്. ഇത് സംഘപരിവാറിന്റെ കാര്യത്തിലും പലപ്പോഴും സംഭവിക്കുന്നുണ്ട്. രാഷ്ട്രീയാധികാരം വളരെ അപൂർവമായിമാത്രം ലഭിച്ച, ഏതാണ്ട് മുക്കാൽ നൂറ്റാണ്ടുകാലം ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹ്യ ശരീരത്തിൽ നടത്തിയ നിരന്തരമായ പ്രവർത്തനങ്ങളുടെ ഫലമാണ് ഇന്ന് ഹിന്ദുത്വരാഷ്ട്രീയം നേടിയെടുത്ത ഈ അതിശക്തമായ രാഷ്ട്രീയാധികാരം. അതിനെ കേവലമായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെയോ ഒരു ചെറിയ കാലത്തിന്റെയോ മാത്രം കണക്കിലേക്ക് ചുരുക്കരുത്. സംഘപരിവാറിനെ "ചാണകസംഘികളാക്കി" ചുരുക്കുന്നതിന്റെ അപകടമിതാണ്. ഇന്ത്യയിലെ ഏറ്റവും ആസൂത്രിതവും കെട്ടുറപ്പുള്ളതും സാങ്കേതികസാധ്യതകൾ ഉപയോഗിക്കുന്നതും സാമ്പത്തിക ശേഷിയുള്ളതുമായ ഒരു രാഷ്ട്രീയ സംഘടനാ സംവിധാനമാണ് സംഘപരിവാറിന്റേത്. അതിന് വോട്ടു ചെയ്യുന്ന ആളുകളാകട്ടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പലവിധ രൂപങ്ങളെ അംഗീകരിക്കുന്നവരുമാണ്. അതിനു പാകമായ കടുത്ത ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ജീർണ്ണമായ മതബദ്ധതയുടെയും അതിദേശീയതയുടെയും ഒരു മിശ്രണമാക്കി വടക്കേ ഇന്ത്യയിലെ ഭൂരിപക്ഷ മതസമൂഹത്തിലെ വലിയൊരു വിഭാഗത്തെ മാറ്റുന്നതിൽ അവർ വിജയിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഒരു തട്ടിക്കൂട്ട് തെരഞ്ഞെടുപ്പ് പ്രചാരണം കൊണ്ട് അതിനെ മറികടക്കുക എളുപ്പമാകില്ല.

ഭരണവിരുദ്ധ വികാരത്തിന്റെ പേരിൽ ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലേയും ബി ജെ പി വിജയങ്ങളെ കണക്കാക്കിയാലും മധ്യപ്രദേശിലെ വിജയം അതുമാത്രമല്ലാത്തൊരു പൊതുഘടകത്തെ അവഗണിക്കാനാകാത്ത വിധത്തിൽ മുന്നിൽ നിർത്തുന്നുണ്ട്. ഹിന്ദുത്വ രാഷ്ട്രീയവും നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റ് നായകബിംബ നിർമ്മിതിയുടെ വിജയയാത്രയുമാണത്. ഇതിനെ നേരിടുക എന്നതാണ് പൊതുതെരഞ്ഞെടുപ്പിലെ വലിയ വെല്ലുവിളി. ഹിന്ദി പശുപ്രദേശത്തിന് പുറത്തുള്ള ഇന്ത്യയിൽ ഇത് രണ്ടും അതിന്റെ ഭീകരമായ പിടി മുറുക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ബി ജെ പിയുടെ "മോദി-ഗോദി" മാധ്യമങ്ങൾ എത്രയൊക്കെ ആക്രോശിച്ചാലും 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ ബി ജെ പി വിരുദ്ധ മതേതര രാഷ്ട്രീയത്തിന്റെ ചെറുത്തുനിൽപ്പ് സാദ്ധ്യതകൾ അവശേഷിക്കുകതന്നെയാണ്.

ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്നും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സ്വാധീനം മാഞ്ഞുപോകുന്നതിന്റെ ദയനീയമായ കാഴ്ച കൂടിയാണ് ഈ തെരഞ്ഞെടുപ്പുകളൊക്കെ. ദേശീയതലത്തിൽ ബി ജെ പിക്കെതിരായ രാഷ്ട്രീയസഖ്യത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ ഒട്ടും ക്രിയാത്മകമായ പങ്കല്ല ഇടതുപക്ഷം എടുക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷം രൂപപ്പെടുന്ന സഖ്യം മതി എന്നതടക്കമുള്ള യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നിലപാടുകളിലൂടെ ദേശീയ രാഷ്ട്രീയത്തിൽ സ്വന്തം അപ്രസക്തിയെ ആവാഹിച്ചുവരുത്തിയവരാണ് ഇടതുപക്ഷ കക്ഷികൾ. ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയുടെ പ്രാധാന്യം അതിന്റെ ചരിത്രപരമായ എല്ലാ സൂക്ഷ്മതകളോടെയും പറയേണ്ട ഈ കാലത്ത് കേവലം കോൺഗ്രസ് വിരുദ്ധ പരിഹാസങ്ങളിൽ അഭിരമിക്കുന്നത് അനതിവിദൂരമല്ലാത്ത സമ്പൂർണ്ണമായ അപ്രസക്തിയിലേക്ക് തങ്ങളെ നയിക്കുമെന്ന ധാരണ പോലും അവർക്കില്ല.

2024-ലെ പൊതുതെരഞ്ഞെടുപ്പ് ബി ജെ പിയുടെ ഏകശിലാ ഹിന്ദുരാഷ്ട്ര അജണ്ടയുമായാണ് നടക്കാൻ പോകുന്നത്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരൊറ്റ നേതാവ് എന്ന രാഷ്ട്രീയ അജണ്ട സംസ്ഥാനങ്ങളുടെയും ഇന്ത്യയുടെ ബഹുസ്വരതയുടെയും അവസാനത്തിലേക്ക് ഇപ്പോൾ നടക്കുന്ന യാത്രയുടെ ഭാഗമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ചുകൊണ്ട്, തെരഞ്ഞെടുപ്പുകളിലൂടെ രാഷ്ട്രീയാധികാരം നേടിക്കൊണ്ട് ഇന്ത്യയെ ഒരു ഹിന്ദുത്വ ഫാഷിസ്റ്റ്-കോർപ്പറേറ്റ് അധീനതയിലുള്ള രാഷ്ട്രമാക്കി മാറ്റുന്ന പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. അതിൽ കോർപ്പറേറ്റ് മൂലധനാക്രമണത്തെ വികസനമാക്കി അവതരിപ്പിക്കുന്ന തട്ടിപ്പ് കേരളത്തിലടക്കം എത്ര ആഘോഷമായാണ് ഇടതുപക്ഷ സർക്കാർ വരെ നടത്തുന്നത് എന്നതിലാണ് ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ ഈ അധികാര മിശ്രിതത്തിനെതിരായ സമരത്തിന്റെ ദൗർബല്യം കിടക്കുന്നത്. അതാകട്ടെ എളുപ്പം പരിഹരിക്കാനാവുന്നതുമല്ല.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു നേതാവ്, ഒരു സർക്കാർ എന്ന സംഘപരിവാറിന്റെ രാഷ്ട്രീയത്തിനെതിരെ ബഹുസ്വര ഇന്ത്യയുടെയും സംസ്ഥാനങ്ങളിലെ വിവിധ ഭാഷാജനതകളുടെയും ചെറുത്തുനിൽപ്പായിരിക്കും 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ നിർണ്ണായകമാവുക. അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് തുടങ്ങാൻ പോകുന്ന ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ആക്രമണത്തെ ചെറുക്കാൻ സാധാരണ മനുഷ്യരുടെ ജീവിതങ്ങളിൽനിന്നുള്ള രാഷ്ട്രീയമാണ് വേണ്ടത്. തൊഴിലില്ലായ്മയും ഗ്രാമീണ മേഖലയുടെ സാമ്പത്തിക ഞെരുക്കവുമെല്ലാം ഒരു യാഥാർത്ഥ്യവുമാണ്. എന്നാൽ ലോകത്ത് മറ്റ് പലയിടങ്ങളിലും പോലെ അതിനെതിരായ ജനക്ഷോഭത്തിന്റെയും ഗുണഭോക്താക്കൾ വലതുപക്ഷ രാഷ്ട്രീയമാണ്. മതേതര, ഇടതുപക്ഷ രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ അവസരങ്ങൾ ധൂർത്തടിച്ചു തുലച്ച നേതൃത്വത്തിന്റെ വഞ്ചന നിറഞ്ഞ പരാജയം കൂടിയാണത്.

Comments