മനില സി. മോഹൻ: ജനാധിപത്യ ഇന്ത്യയ്ക്കു വേണ്ടിയുള്ള വലിയ സമരങ്ങൾക്കാണ് രാജ്യ തലസ്ഥാനം വേദിയാകുന്നത്. സി. ജെ. പിയും പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളും യുവജന സംഘടനകളുമൊക്കെ സമരവേദിയിലുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ച് ഇതൊരു നിർണായക ഘട്ടമാണ്. മോദി സർക്കാരിനെതിരെയും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും നടക്കുന്ന ഈ സമരത്തെ ഭരണകൂടം എങ്ങനെയാണ്, എന്തുകൊണ്ടാണ് ഭയക്കുന്നത്?
ആർ. രാജഗോപാൽ: പ്രതിഷേധിക്കുന്ന ചെറുപ്പക്കാരുടെ ഭയമില്ലായ്മയാണ് നമ്മുടെ ഭരണകൂടം ഏറ്റവും ഭയക്കുന്നത്. 2014- നുശേഷം പൊതുസമൂഹവും മിക്ക രാഷ്ട്രീയപാർട്ടികളും മാധ്യമങ്ങളും എല്ലാം ഈ ഭരണകൂടത്തെ ഭയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ഓരോ കാര്യം ചെയ്യുമ്പോഴും ഭയക്കുക ഭയക്കുക ഭയക്കുക.
നോബൽ സമ്മാനം കിട്ടിയ ആദ്യ യമനി വനിതയും ആദ്യ അറബ് സ്ത്രീയുമായ Tawakkol Karman പറഞ്ഞത് ഇവിടെ പ്രസക്തമാണ്:
‘‘The most dangerous thing in a democracy is when you start to ask yourself: “If I do this, what will happen to me? What will the leader do to me?’ Whether you are a journalist, a student or a teacher, you question yourself.”
‘‘That is what the dictator wants - to spread fear. And when the lawyers don’t do their work, when the journalists don’t do their work, when the scholars don’t do their work, when they all watch themselves before doing or saying something, that is the dictator’s way to control the narrative’’
അതായത്, എപ്പോഴൊക്കെ, അഭിപ്രായപ്രകടനം നടത്തുന്ന പൊതുസമൂഹം- അഭിഭാഷകർ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ മുതലായവർ- തങ്ങൾ എന്തെങ്കിലും പറഞ്ഞാൽ പരിണിതഫലം എന്തായിരിക്കും എന്ന് ആശങ്കപ്പെടാൻ തുടങ്ങുന്നുവോ, അപ്പോഴെല്ലാം ജനാധിപത്യത്തിന്റെ തകർച്ച വേഗത്തിലാകും.
‘ഞങ്ങൾക്ക് ഭയമില്ല’, ‘ഞങ്ങളെ വിരട്ടാൻ നോക്കേണ്ട’ എന്നതിന്റെ പ്രഖ്യാപനമായിരുന്നു, ഈ കുട്ടികൾ ഉപയോഗിച്ച ഭാഷ. സംഘ്പരിവാറിനെ സംബന്ധിച്ച് തീർത്തും അപരിചിതമായ ഭാഷയായിരുന്നു അത്.
നമ്മൾ പറയുന്ന കാര്യങ്ങളെക്കുറിച്ച് ഏറെ വ്യാകുലതയോടെ ചിന്തിക്കുകയും സൂക്ഷ്മമായി മാത്രം സംസാരിക്കുകയും എഴുതുകയും പ്രതികരിക്കുകയുമൊക്കെ ചെയ്യുന്ന ഒരു സമൂഹമായി നമ്മൾ മാറിക്കഴിഞ്ഞു എന്നതിന് യാതൊരു സംശയവുമില്ല. ഞാൻ പത്രപ്രവർത്തനം ചെയ്യുന്ന കാലത്തുപോലും ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്ത തരത്തിൽ സെൽഫ് സെൻസർഷിപ്പ് ഉണ്ടായിരുന്നു. എനിക്കും അത് ചെയ്യേണ്ടിവന്നിട്ടുണ്ട്. ഒരു മുതലാളിയോ എഡിറ്ററോ പറഞ്ഞിട്ടല്ല, അത് ചെയ്യുന്നത്. ഭയം കൊണ്ട് ചെയ്യാൻ നിർബന്ധിതരാകുകയാണ്. ‘ഞാൻ ഇങ്ങനെ ചെയ്യുകയാണെങ്കിൽ എനിക്കെന്ത് സംഭവിക്കും, എന്റെ പത്രത്തിന് എന്തു സംഭവിക്കും, എന്റെ കുട്ടികൾക്ക് എന്ത് സംഭവിക്കും, എന്റെ കുടുംബത്തിന് എന്ത് സംഭവിക്കും’ എന്ന ഭയം. എപ്പോഴൊക്കെ അങ്ങനെ ഒരു ഭയം നമ്മളെ ഗ്രസിക്കുന്നുവോ, അപ്പോഴെല്ലാം ജനാധിപത്യം തകരും. അതിനാൽ, Tawakkol Karman പറഞ്ഞതിനോട് എനിക്ക് പൂർണ യോജിപ്പാണ്.
ഈയൊരടിസ്ഥാനത്തിൽ നോക്കിയാൽ, ഇന്ത്യ ഭയത്തിന്റെ തടവറയായിക്കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ തന്നെ ഭയത്തിന്റെ ഏറ്റവും വലിയൊരു കാരാഗൃഹം. അങ്ങനെയുള്ള ഇന്ത്യയിൽ ഈ കുട്ടികൾ പറയുകയാണ്, ‘ഞങ്ങൾക്ക് ഭയമില്ല’ എന്ന്. ജന്തർമന്തറിൽ ആദ്യ ഘട്ട സമരം നടന്ന സമയത്ത്, ഈ കുട്ടികളുടെ ഭാഷ ശരിയല്ല എന്നൊക്കെ, എന്റെയൊക്കെ പ്രായമുള്ള ചില അമ്മാവന്മാർ അന്തിച്ചർച്ചകളുടെ സമയത്ത്, രക്തം കുടിക്കാനെന്നവണ്ണം ഡ്രാക്കുള ഉണർന്നെണീറ്റുവന്ന് പറയുന്നതുപോലെ, അത്യന്തം വെറുപ്പും വിദ്വേഷവും നിറച്ച് പറയുന്നത് കേട്ടിരുന്നു.
‘ഞങ്ങൾക്ക് ഭയമില്ല’, ‘ഞങ്ങളെ വിരട്ടാൻ നോക്കേണ്ട’ എന്നതിന്റെ പ്രഖ്യാപനമായിരുന്നു, ഈ കുട്ടികൾ ഉപയോഗിച്ച ഭാഷ. ജനാധിപത്യത്തിൽ ഒരിക്കലും വിശ്വസിക്കാത്ത, ഒരു ബഹുജനപ്രക്ഷോഭത്തിലും പങ്കെടുക്കാത്ത സംഘ്പരിവാറിനെ സംബന്ധിച്ച് തീർത്തും അപരിചിതമായ ഭാഷയായിരുന്നു അത്.

സംഘ്പരിവാർ എന്തുതരം സ്വാതന്ത്ര്യസമരമാണ്, ബഹുജന പ്രക്ഷോഭമാണ് നടത്തിയിട്ടുള്ളത്, പള്ളി പൊളിക്കുക എന്നതല്ലാതെ. വെള്ളപ്പൊക്കമൊക്കെ വരുമ്പോൾ സഹായിക്കുന്നത് സന്നദ്ധപ്രവർത്തനമാണ്, രാഷ്ട്രീയ പ്രവർത്തനമല്ല. പിന്നെ ഇവർ പറയുന്ന ഒരു കാര്യം അടിയന്തരാവസ്ഥക്കെതിരെ പോരാടി എന്നാണ്. തീർച്ചയായും RSS കേഡറുകൾ അടിയന്തരാവസ്ഥക്കെതിരെ ക്യാമ്പയിൻ ചെയ്തിട്ടുണ്ട്. അതിനൊരു കാരണമുണ്ടായിരുന്നു. ഗോഡ്സേ മഹാത്മാഗാന്ധിയെ വധിച്ചശേഷം ഏറ്റവും ഡിസ്ക്രഡിറ്റഡ് ആയ സംഘമായി മാറിയിരുന്നു RSS. അടിയന്തരാവസ്ഥയുടെ സമയത്ത് ഈ സംഘത്തിന് മനസ്സിലായി, തിരിച്ച് നുഴഞ്ഞുകയറാൻ പറ്റിയ ഏറ്റവും നല്ല സന്ദർഭം ഇതാണെന്ന്. അതുകൊണ്ടുമാത്രമാണ് അവർ അടിയന്തരാവസ്ഥക്കെതിരെ കാമ്പയിൻ നടത്തിയത്. അല്ലാതെ, അടിയന്തരാവസ്ഥ ഏൽപ്പിച്ച ഏതെങ്കിലുമൊരു പൗരാവകാശനിഷേധത്തിനെതിരെയോ മനുഷ്യാവകാശവിരുദ്ധ നിയമങ്ങൾക്കെതിരെയോ തങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്ന്, അവരുടെ ഏതെങ്കിലും ചെയ്തികളിലൂടെ ഇവർ തെളിയിച്ചിട്ടുണ്ടോ?. അവർക്ക് അധികാരം കിട്ടിയപ്പോൾ, അടിയന്തരാവസ്ഥയിലേതിനേക്കാൾ ക്രൂരമായ പീഡനമുറയാണ് ചെയ്തത്. ജനാധിപത്യത്തിന് എവിടെയെല്ലാം ദോഷം ചെയ്യാം, അവിടെയെല്ലാം അത് ചെയ്തുകൊണ്ടിരിക്കുന്ന ഒരു സംഘം ഭയത്തിലൂടെയാണ് നമ്മളെ ഭരിച്ചു കൊണ്ടിരിക്കുന്നത്. അപ്പോൾ അതിനെതിരെ ഒരു ചെറുപ്പക്കാരൻ തിരിഞ്ഞുനിന്ന് ചോദിക്കുക എന്ന് പറഞ്ഞാൽ, അത് അവരുടെ പ്ലേബുക്കിലോ സിലബസിലോ ഇല്ലാത്ത ഒരു സംഭവമാണ്: പെട്ടെന്ന് ഒരാൾ തിരിഞ്ഞുനിന്ന് പറയുകയാണ്; ഞങ്ങൾ ഭയക്കുന്നില്ല എന്ന്.
രണ്ടാമത്; ഈ പ്രതിഷേധത്തിൽ ഇവരെ ഏറ്റവും പിടിച്ചുകുലുക്കിയ വേറൊരു സംഭവമുണ്ട്. ഈ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ നിന്നുള്ള പല കുട്ടികളും സംഘ്പരിവാർ ബാക്ഗ്രൗണ്ടിൽ നിന്നുള്ളവരാണ്. ഒന്നുകിൽ അവർ ബി.ജെ.പിയെ പിന്തുണയ്ക്കുന്നവരോ അല്ലെങ്കിൽ സംഘ് പറയുന്ന പല കാര്യങ്ങളിലും വിശ്വസിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരോ ആയിരുന്നു. ഈ കുട്ടികളിൽ പലരും ശരിയായ സാമൂഹ്യബോധത്തിലേക്ക് വളർന്നതിനുശേഷം അവർ കണ്ടിട്ടുള്ളത്, നരേന്ദ്രമോദിയുടെ 12 വർഷത്തെ ഭരണം മാത്രമാണ്. മറ്റൊരു സർക്കാരിനെയും ഇവർ കണ്ടിട്ടില്ല. അതുകൊണ്ട് ഈ കുട്ടികൾ പൂർണമായും തങ്ങൾക്ക് വിധേയരായിരിക്കും, അവർ തങ്ങളുടെ ക്യാപ്റ്റീവ് ഓഡിയൻസായിരിക്കും എന്ന അമിത ആത്മവിശ്വാസത്തിൽ കഴിഞ്ഞിരുന്ന ഇവരെ ഞെട്ടിച്ച സംഭവമായിരുന്നു ഈ കുട്ടികളുടെ പ്രതിഷേധം. ഇവരുടെ ഉള്ളിൽ നിന്നുതന്നെ, ഈ കുടുംബങ്ങളിൽ നിന്നുതന്നെ, എവിടുന്നോ ഊർജ്ജം സമാഹരിച്ച് ഇവർ വരികയാണ്. എവിടെനിന്നോ ഇവർക്ക് യഥാർത്ഥ ഇൻഫർമേഷൻ കിട്ടുന്നു, അങ്ങനെ യഥാർത്ഥ പൗരബോധത്തോടെയും യഥാർത്ഥ ജനാധിപത്യബോധത്തോടെയും അവർ മുന്നോട്ടുവരുന്നു. അവർ ഇങ്ങനെ പെരുമാറുമെന്ന് സംഘ്പരിവാർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് ഈ പ്രതിഷേധങ്ങളെ അവർ ഭയപ്പെടുന്നത്.
SIR തുടങ്ങിയ സമയത്ത് ചില പാർട്ടികൾ അതിന്റെ അപകടങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നുവെങ്കിലും, മിക്ക പാർട്ടികൾക്കും അതിനെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. അതുകൊണ്ടുതന്നെ അതിനെതിരെ ഒന്നും ചെയ്യാൻ തയ്യാറായില്ല.
വിദ്യാർത്ഥികളുടേയും യുവാക്കളുടേയും സമരം, പ്രത്യേകിച്ച് CJP സമരം; നേതൃത്വം- നേതാവ്- അണികൾ എന്നിങ്ങനെയുള്ള വ്യവസ്ഥാപിത സംഘടനാരീതികളെ അട്ടിമറിക്കുന്നുണ്ട്. ഒപ്പം സമരരീതികൾ തന്നെ പൊളിച്ചുപണിയുന്നു. നേതൃത്വത്തെയും വ്യക്തികളെയും കാൽപനികവത്കരിക്കുന്ന രീതികളും കാണുന്നില്ല. ഇന്ത്യൻ രാഷ്ട്രീയപാർട്ടികളോട് ഇവരെന്താണ് പറയുന്നത്?
ഞാനും ഏറെ ആലോചിച്ച വിഷയമാണിത്. യാദൃച്ഛികമായി നിയമജ്ഞനായ മോഹൻ ഗോപാലുമായി ‘വയർ’ എഡിറ്റർ സീമാ ചിസ്തിയുടെ ഇന്റർവ്യൂ കാണാനിടയായി. അദ്ദേഹം വളരെ വ്യക്തമായി ഈ കാര്യം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ഈ ചോദ്യത്തിന് ഉത്തരം പറയാം.
ഇപ്പോൾ നടക്കുന്ന സമരങ്ങളുടെ പാശ്ചാത്തലത്തിൽ മൂന്ന് മുഖങ്ങളെ നമുക്ക് കാണാം.
ഒന്ന്; ഭരണഘടന അട്ടിമറിക്കണം അല്ലെങ്കിൽ തിരുത്തിയെഴുതണം എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം.
രണ്ട്; ഭരണഘടനയിൽ വിശ്വാസമുള്ള, അതിനെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിന് സന്നദ്ധരായ ഒരു വിഭാഗം. പക്ഷേ അവർക്ക് അധികാരമുണ്ടായിരുന്ന സമയങ്ങളിലെല്ലാം ആവശ്യമായത് ചെയ്യാതിരിക്കുകയോ മറ്റു ചില നടപടികളിലൂടെ സ്വയം ഒത്തുതീർപ്പ് നടത്തുകയോ ചെയ്തവരാണിവർ.
മൂന്ന്; ഭരണഘടനയെ മാതൃകാപരമായി സംരക്ഷിക്കണം എന്നു വിശ്വസിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടായ്മ.
ഭരണഘടന തിരുത്തിയെഴുതണം എന്നു വാദിക്കുന്നവരുമായി ഈ ചെറുപ്പക്കാർക്ക് യാതൊരു സന്ധിയും സാധ്യമല്ല. അവർ രണ്ടാമത്തെ വിഭാഗത്തോട് പറയുന്നത്, ഭരണഘടനാസംരക്ഷണത്തിന് നിങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കൂ, പക്ഷേ നിങ്ങളും സ്വയം തിരുത്തണം, നിങ്ങൾ തിരുത്തേണ്ട ഒരുപാട് കാര്യങ്ങളുണ്ട് എന്നാണ്. എന്തൊക്കെയാണ് തിരുത്തേണ്ടത് എന്നതിൽ വ്യക്തത വന്നിട്ടില്ലെന്നുമാത്രം. ഈ ചെറുപ്പക്കാരുമായി നിരന്തരം എൻഗേജ് ചെയ്താലേ, നമുക്ക് ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ.
ഇപ്പോൾ ഇടതുപക്ഷം അവരുമായി വിനിമയം തുടങ്ങിക്കഴിഞ്ഞു, രാഹുൽ ഗാന്ധിയും. ഇതൊരു നല്ല ലക്ഷണം തന്നെയാണ്. ഈ എൻഗേജ്മെന്റ് വളരെ പോസിറ്റീവായി മുന്നോട്ടുപോവുകയും ഒരു ‘ഗിവ് ആൻഡ് ടേക്ക്’ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും വേണം. അവരുടെ ആശയങ്ങൾ എന്താണ്, എവിടെയൊക്കെ എന്തുകൊണ്ടാണ് അവർ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളിൽ വിശ്വാസം അർപ്പിക്കാത്തത്- ഇതെല്ലാം അവരോട് സംസാരിക്കുകയും അവരുടെ ധാരണക്കുറവുകൾ പരിഹരിക്കുകയും ചെയ്യേണ്ടത് രണ്ടാമത്തെ വിഭാഗത്തിന്റെ ഉത്തരവാദിത്വമാണ്.

ഇതിലേക്ക് ചില സൂചനങ്ങൾ ജന്തർമന്തറിൽ നടന്ന ആദ്യ ഘട്ട സമരത്തിലുണ്ടായിരുന്നു. ആ സമരത്തിൽ പങ്കെടുത്തവർക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. നേരത്തെ പറഞ്ഞതുപോലെ സംഘപരിവാർ കുടുംബങ്ങളിൽ ജനിച്ച ഇവരിൽ പലരും മറ്റൊരു സർക്കാരിനെ കണ്ടിട്ടില്ല. തൊട്ടുമുമ്പുണ്ടായിരുന്ന UPA സർക്കാറിന്റേത്, അവകാശങ്ങളിൽ അധിഷ്ഠിതമായ ഗവേണൻസ് ആയിരുന്നു. അതിൽ നിന്ന് വ്യത്യസ്തമായി, അധികാരത്തിലെത്തിയശേഷം നരേന്ദ്രമോദി സദാ ഉത്തരവാദിത്തങ്ങളെക്കുറിച്ചാണ്, ഡ്യൂട്ടികളെക്കുറിച്ചാണ് സംസാരിക്കുന്നത്. അതൊരു വലിയ മാറ്റമായിരുന്നു. അവകാശാധിഷ്ഠിതമായ ഒരു സിസ്റ്റത്തിൽ നിന്ന് ഡ്യൂട്ടി ബേസ്ഡ് ആയ ഒരു സിസ്റ്റത്തിലേക്കുവന്ന കുട്ടികൾക്ക്, അവകാശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന്, ജന്തർ മന്തർ- ഒന്നിലൂടെ നമുക്ക് മനസ്സിലായി. അതുമാത്രമല്ല, എല്ലാവരെയും കൂടെ നിർത്താനുള്ള മനോഭാവവും.
അത്രയധികം ശ്രദ്ധിക്കപ്പെടാതെപോയ മറ്റൊരു കാര്യം, ലിംഗനീതിയുമായി ബന്ധപ്പെട്ടതാണ്. സമരത്തിന്റെ തുടക്കത്തിൽ ജെൻഡർ ജസ്റ്റിസിനെക്കുറിച്ച് ഇവരിൽ പലർക്കും ബോധ്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ബോഡി ഷേമിങ് മുദ്രവാക്യങ്ങളൊക്കെ തുടക്കത്തിൽ വിളിച്ചിരുന്നു എന്ന് കേട്ടിരുന്നു. അങ്ങനെയുണ്ടായാൽ, സാധാരണഗതിയിൽ, അവരെയങ്ങ് ആക്രമിച്ചു നശിപ്പിക്കുകയാണ് പതിവ്. പിന്നെ അവർക്ക് പൊതുസമൂഹത്തിൽ ഒരു സ്പേസും കൊടുക്കില്ല. കേരളം അടക്കമുള്ള സമൂഹങ്ങളിൽ ഇതാണ് സംഭവിക്കുക.
പക്ഷേ, ഇവിടെ ഞാൻ അറിഞ്ഞിടത്തോളം, ഇങ്ങനെയുള്ള സംഭവങ്ങൾ നടന്നപ്പോൾ, വൈകുന്നേരങ്ങളിൽ ഇവരെ വിളിച്ചിരുത്തി, ആശയവിനിമയം നടത്തുകയും അവർ പറഞ്ഞ കാര്യങ്ങളിലെ തെറ്റുകൾ ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു. ദിവസം ചെല്ലുംതോറും തങ്ങൾ പറയുന്നതിലെ ശരിതെറ്റുകൾ അവർക്ക് കൂടുതൽ വ്യക്തമായിക്കൊണ്ടിരുന്നു. ഇങ്ങനെയുള്ള വിദ്യാർത്ഥികൾ പലരും വളരെ പാട്രിയാർക്കലായ ബാക്ക്ഗ്രൗണ്ടിൽനിന്നാണ് വരുന്നത്. അതുകൊണ്ടാണ് ഇത്തരം മുദ്രവാക്യങ്ങളും അഭിപ്രായപ്രകടനങ്ങളുമെല്ലാം ഉണ്ടാകുന്നത്. അത് മനസ്സിലാക്കി തന്നെയാണ്, അത് തിരുത്താനുള്ള ശ്രമങ്ങളുണ്ടായത്. അങ്ങനെ ആ കുട്ടികൾ തെറ്റ് മനസ്സിലാക്കി, തങ്ങളുടെ ഫോക്കസ് കൃത്യമായി തിരിച്ചുവിടുകയായിരുന്നു. അങ്ങനെ അവർ കൂടുതൽ ഇൻക്ലൂസീവ് ആയി മാറി. മാത്രമല്ല, രാഷ്ട്രീയം എന്നാൽ എന്താണ് എന്ന് അവർ തികഞ്ഞ ബോധ്യത്തോടെ വിശദീകരിക്കുന്നുണ്ട്.
SIR-നെക്കുറിച്ച് പറയുമ്പോൾ, ഗ്യാനേഷ്കുമാർ സാധാരണ പ്രയോഗിക്കുന്ന ഒരു വാക്കുണ്ട്; ‘ശുദ്ധീകരണം’ (purification). ഒരു പരിഷ്കൃത സമൂഹത്തിന് അനുയോജ്യമല്ലാത്ത, വളരെ അപകടം പിടിച്ച സവർണ വാക്കാണിത്.
തങ്ങളുടെ രാഷ്ട്രീയം എന്താണ് എന്ന് ഏറ്റവും മനോഹരമായി നേഹ ബോറ തന്നെയാണ് പറഞ്ഞുവെച്ചത്. നമ്മുടെ അടുത്തുനിൽക്കുന്ന ആൾക്ക് ഒരു പ്രശ്നം വരുമ്പോൾ അവരെ സഹായിക്കാനുള്ള മനസ്സ്; സഹായിക്കാനായില്ലെങ്കിൽ അസ്വസ്ഥത മൂർച്ചിച്ച് നമുക്ക് ഉറങ്ങാൻ പറ്റാത്ത സ്ഥിതി; അതാണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനം.
ഈയൊരു കാര്യം ശ്രദ്ധിക്കപ്പെടാതെ പോയതിന് നിരവധി കാരണങ്ങളുണ്ട്. ജന്തർമന്തർ- ഒന്ന് നടന്ന സമയത്ത്, ആദ്യ 20 ദിവസത്തോളം മുഖ്യധാരാ മാധ്യമങ്ങൾ പൂർണ്ണമായി സമരത്തെ അവഗണിച്ചു. ഇൻസ്റ്റാഗ്രാം പോസ്റ്റുകളും മറ്റുമുണ്ടെങ്കിലും, എന്നെപ്പോലുള്ള അമ്മാവന്മാർ അതിലേക്ക് വന്നത്, ഇതൊരു വലിയ സംഭവമായ ശേഷമാണ്. അതൊക്കെ ഞാനടക്കമുള്ളവരുടെ ന്യൂനത തന്നെയാണ്. പ്രത്യേകിച്ചും, ഒരു മുൻ പത്രപ്രവർത്തകൻ എന്ന നിലയിൽ എന്റെ തയ്യാറെടുപ്പുകളിലുള്ള പ്രശ്നങ്ങൾ തന്നെയാണ്.
ഈ കുട്ടികളുമായുള്ള വിനിമയങ്ങൾ, നേരത്തെ സൂചിപ്പിച്ച, രണ്ടാമത്തെ വിഭാഗത്തിന്- അതായത്, ഭരണഘടനയിൽ വിശ്വാസമർപ്പിക്കുകയും അതേസമയം, അവസരം ലഭിച്ചപ്പോൾ പല കാര്യങ്ങളും ചെയ്യാതിരിക്കുകയും ചെയ്തവർക്ക്- സ്വയം തിരുത്താനുള്ള വലിയ പാഠങ്ങളാണ്. ആ പാഠങ്ങളിലൂടെ സ്വയം തിരുത്തുക എന്ന സന്ദേശമാണ് ഈ കുട്ടികളുമായുള്ള വിനിമയങ്ങളിലുടെ അവർക്ക് ലഭിച്ചത്.
ഇതെല്ലാം എന്റെ തോന്നലുകളാണ്, വസ്തുനിഷ്ഠം എന്ന നിലയിൽ പറയാനാകില്ല. അതേസമയം, ഇതൊരു ഇവോൾവിങ് ഫ്ലൂയിഡ് സിറ്റുവേഷൻ ആണ്. അങ്ങനെ കാണാനാണ് എനിക്കാഗ്രഹം.

സ്ത്രീകളുടെ, പെൺകുട്ടികളുടെ സമര മുന്നണിയിലെ നേതൃത്വം, മുൻപെങ്ങും കണ്ടിട്ടില്ലാത്തത്രയും പ്രാതിനിധ്യം, അത് ഒരു ജൈവസമരത്തിൻ്റെ മുഴുവൻ ഉൾക്കരുത്തും പ്രകടമാക്കുന്നുണ്ട്. ഈ രാഷ്ട്രീയം ആരോടൊക്കെയാണ് എങ്ങനെയൊക്കെയാണ് സംവദിക്കുന്നത്?
തീർച്ചയായും. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തവും നേതൃത്വനിരയും വളരെ അഭൂതപൂർവമായി തന്നെ ഈ പ്രക്ഷോഭത്തിൽ കാണാം. സമാനതകളില്ലാത്ത ഈ മുന്നേറ്റത്തിൽ നേഹ ബോറയുടെ പങ്ക് എടുത്തുപറയേണ്ടതാണ്. ഇത്തരം വ്യക്തികളെ മുന്നിൽ കാണുന്നു എന്നത് വലിയൊരു അനുഭവമാണ്. വല്ലാത്തൊരു ഇൻസ്പിരേഷൻ കിട്ടുന്ന സന്ദർഭമാണ്. അവർ പറയുന്നത് പാട്രിയാർക്കിയെക്കുറിച്ചാണ്. "Smash The Patriarchy" എന്ന് രാഹുൽഗാന്ധി പറഞ്ഞത് വെറുതെയാണെന്ന് എനിക്കു തോന്നുന്നില്ല. ആ സന്ദേശം തന്നെയാണ് ഈ കുട്ടികളും പറയുന്നത്. ഏത് രാഷ്ട്രീയ പാർട്ടിയിലോ സംഘടനയിലോ ആയാലും പാട്രിയാർക്കിയെ തകർക്കുക എന്നതാണ് ഈ കുട്ടികൾ മുന്നോട്ടുവെക്കുന്ന പ്രധാന ആശയം.
തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നടക്കുന്ന ചെറിയ മീറ്റിംഗുകളിൽ, ഇക്കാര്യം ഒന്ന് സൂചിപ്പിക്കുമ്പോൾ പെൺകുട്ടികൾ എഴുന്നേറ്റുനിന്ന് കൈയടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് കാണുമ്പോൾ എനിക്ക് മനസ്സിലായിട്ടുണ്ട്, സ്വയം തീരുമാനമെടുക്കാനുള്ള അവകാശത്തിനും സ്വാതന്ത്ര്യത്തിനും സ്വന്തം അഭിലാഷങ്ങൾക്കും വേണ്ടി അവർ എത്രമാത്രം ആഗ്രഹിക്കുന്നുണ്ട് എന്ന്. പാട്രിയാർക്കിക്കെതിരെ ഇത്ര ശക്തമായി പോരാടുന്ന കാഴ്ച സ്വന്തം ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്, ഇത് വലിയ ആശ്വാസം നൽകുന്ന കാര്യമാണ്.
SIR ഒരു കാമ്പയിനായി കേരളത്തിൽ മാറിയില്ല എന്നത് വളരെ ദുഃഖത്തോടെയാണ് ഞാൻ കാണുന്നത്. കേരളത്തിനുപുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാത്ത കൂപമണ്ഡൂകങ്ങളായി മാറിക്കഴിഞ്ഞോ നമ്മുടെ മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും എന്നുപോലും എനിക്ക് സംശയമുണ്ടായി.
ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങൾക്കനുകൂലമാക്കി മാറ്റുകയാണ് ഇക്കാലയളവിൽ കേന്ദ്ര സർക്കാർ ചെയ്തിട്ടുള്ളത്. ഏറ്റവുമൊടുവിൽ ഇന്ത്യൻ പൗരരുടെ അടിസ്ഥാന അവകാശമായ വോട്ട് മോഷ്ടിക്കുകയും ചെയ്തു. 13 കോടി വോട്ടാണ് മോഷ്ടിച്ചത്. വോട്ടർപട്ടികയിൽ കൃത്രിമം കാണിക്കുകയും പൗരത്വവുമായി ബന്ധപ്പെടുത്തുകയും ചെയ്തു. താങ്കളും SIR- ൻ്റെ നേരിട്ടുള്ള ഇരയാണ്. ഇന്ത്യയിലെ എല്ലാ വിഭാഗം ആളുകളെയും നേരിട്ട് ബാധിക്കുന്ന ‘വോട്ട് ചോരി’, നഗരങ്ങളിലെ സമര വേദികളിൽ നിന്ന് എല്ലാമനുഷ്യരുടേയും അവകാശബോധമായി മാറും എന്ന് കരുതുന്നുണ്ടോ?
വിദ്യാർത്ഥികൾ ഈ പ്രശ്നം ഏറ്റെടുക്കുന്നതുവരെ, എന്നെ ഏറെ നിരാശപ്പെടുത്തിയ അനുഭവമായിരുന്നു പല രാഷ്ട്രീയപാർട്ടികളുടേതും പൊതുസമൂഹത്തിന്റേതും. SIR തുടങ്ങിയ സമയത്ത് ചില പാർട്ടികൾ അതിന്റെ അപകടങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നുവെങ്കിലും, മിക്ക പാർട്ടികൾക്കും അതിനെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. അതുകൊണ്ടുതന്നെ അതിനെതിരെ ഒന്നും ചെയ്യാൻ തയ്യാറായില്ല.
2024-ലെ തെരഞ്ഞെടുപ്പിൽ, ബി.ജെ.പി പറഞ്ഞ പ്രധാന കാര്യം, ഇന്ത്യയിലെ നുഴഞ്ഞുകയറ്റക്കാരാണ് ഏറ്റവും വലിയ പ്രശ്നക്കാർ എന്നാണ്. അവരെ കീടങ്ങളെപ്പോലെ അവജ്ഞയോടെയാണ് വിശേഷിപ്പിച്ചത്. ഇന്ത്യ നുഴഞ്ഞുകയറ്റക്കാരുടെ പറുദീസയായി എന്ന ധാരണയുണ്ടാക്കുകയും SIR കൊണ്ടുവന്നത്, നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കാനാണെന്നുമാണ് അവർ പറഞ്ഞത്. മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ ഈ കെണിയിൽ വീണു എന്നാണ് അവരുടെ ആദ്യ പ്രതികരണത്തിൽനിന്ന് മനസ്സിലായത്. "Eternal vigilance is the price of liberty" എന്ന് പറയുന്നതുപോലെ, സ്വാതന്ത്ര്യത്തിന് നമ്മൾ കൊടുക്കേണ്ട വിലയായ നിരന്തര ജാഗ്രത പലർക്കും ഉണ്ടായിരുന്നില്ല.
SIR-നെക്കുറിച്ച് പറയുമ്പോൾ, ഗ്യാനേഷ്കുമാർ സാധാരണ പ്രയോഗിക്കുന്ന ഒരു വാക്കുണ്ട്; ‘ശുദ്ധീകരണം’ (purification). ഒരു പരിഷ്കൃത സമൂഹത്തിന് അനുയോജ്യമല്ലാത്ത, വളരെ അപകടം പിടിച്ച സവർണ വാക്കാണിത്. മാത്രമല്ല, 20-ാം നൂറ്റാണ്ടിൽ നാസി ജർമനിയിലെ ദുരന്തങ്ങൾ ഓർമ്മിപ്പിക്കുന്നതുമാണ്. നമ്മളെ ഭയപ്പെടുത്തുന്ന ഒരു വാക്കുപയോഗിച്ചാണ് SIR-നെ വിശദീകരിച്ചത്. ഇതിനെതിരെ രാഷ്ട്രീയപാർട്ടികൾ കൂടുതൽ ജാഗ്രതയോടെ പ്രതികരിച്ചില്ല എന്നത് വ്യക്തമാണ്.
SIR-ലൂടെ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ട 13 കോടിയിലേറെ പേരിൽ നല്ലൊരു ശതമാനം മനഃപൂർവം ഒഴിവാക്കപ്പെട്ടവരാണ്.

എനിക്ക് ഇത്തരമൊരു സംഭവമുണ്ടായപ്പോൾ എന്നെ ഏറ്റവും വേദനിപ്പിച്ചത്, എന്റെ സുഹൃത്തുക്കളുടെ നിലപാടായിരുന്നു. എന്റെ അച്ഛന്റെ പേര് 2002-ലെ ലിസിറ്റിൽ കാണുന്നില്ല എന്നതായിരുന്നു കാതലായ പ്രശ്നം. അമ്മയും ഗ്രാന്റ് പേരന്റ്സും അതിനുമുമ്പേ മരിച്ചുപോയിരുന്നു. ‘ഞങ്ങളുടെ അച്ഛനും അമ്മയുമൊക്കെ ഡോക്യുമെന്റുകളെല്ലാം കൃത്യമായി കൈമാറിയ ശേഷമാണ് മരിച്ചത്’ എന്നാണ് ചില സുഹൃത്തുക്കൾ സൂചിപ്പിച്ചത്. ‘സമയത്ത് എന്തുകൊണ്ട് ചെയ്തില്ല’, ‘വൈകിയിട്ടല്ലേ’ എന്നെല്ലാമുള്ള ചോദ്യങ്ങളുണ്ടായി. അവസാന തീയതിക്കുമുമ്പ് എല്ലാം കൊടുത്തിരുന്നതാണ്. 2002-ലെ ലിസ്റ്റിൽ അച്ഛന്റെ പേരില്ല എന്നതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ല, ഇലക്ഷൻ കമീഷൻ പറയുന്ന 11 രേഖകളിൽ ഏതെങ്കിലുമൊന്ന് കൊടുത്താൽ മതിയല്ലോ എന്നാണ് ഞാൻ കരുതിയിരുന്നത്. ഞാൻ കൊടുത്തത് SSLC സർട്ടിഫിക്കറ്റാണ്. അത് ഇതുവരെ സ്വീകരിച്ചിട്ടില്ല, എന്റെ പേര് ഇതുവരെ ലിസ്റ്റിൽ പുനഃസ്ഥാപിച്ചിട്ടില്ല. ഇന്ത്യയിലെ വളരെ മുതിർന്ന ചില മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോൾ, അവർക്ക് ഇതേക്കുറിച്ച് അടിസ്ഥാന വിവരങ്ങൾ പോലും അറിയില്ല എന്നത് എന്നെ ഞെട്ടിപ്പിച്ചു. അപ്പോൾ എനിക്കു മനസ്സിലായി, ഇത് ഏതെങ്കിലും ദരിദ്രവിഭാഗങ്ങൾക്കോ അഭയാർഥികൾക്കോ സംഭവിക്കുന്ന കാര്യമാണ് എന്ന ധാരണയാണ് പൊതുവെ ഉണ്ടായിരുന്നത് എന്ന്. ആ നിസ്സംഗതയായിരുന്നു ഇതിനുപിന്നിലെന്ന് സംശയിക്കേണ്ടയിരിക്കുന്നു.
കേരളത്തിൽ പോലും ഇതൊരു വിഷയമായി മാറിയില്ലല്ലോ. ഒരു കാമ്പയിനായി ഇവിടെ SIR മാറിയില്ല എന്നത് വളരെ ദുഃഖത്തോടെയാണ് ഞാൻ കാണുന്നത്. കേരളത്തിനുപുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാത്ത കൂപമണ്ഡൂകങ്ങളായി മാറിക്കഴിഞ്ഞോ നമ്മുടെ മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും എന്നുപോലും എനിക്ക് സംശയമുണ്ടായി. എനിക്ക് വ്യക്തിപരമായ പ്രശ്നമുണ്ടായപ്പോൾ ബി.ജെ.പി ഒഴികെയുള്ള എല്ലാ പാർട്ടികളും സഹായിച്ചു. ഒരു നല്ല കാര്യം ചെയ്യുമ്പോൾ അതിനെ എതിർക്കേണ്ട എന്ന ധാരണ മൂലമാകാം, SIR-നെ എതിർക്കാതിരുന്നത് എന്നു തോന്നുന്നു. GST വന്നപ്പോഴും ഇതുതന്നെയാണ് സംഭവിച്ചത്. മുഖ്യധാരാ പാർട്ടികൾക്ക് രാഷ്ട്രീയമായ ദീർഘവീക്ഷണമില്ലാത്തതുകൊണ്ടാണ്, സർക്കാറിന് SIR നടപ്പാക്കാനായതെന്ന് ഞാൻ കരുതുന്നു.
ഒരു സന്ദർഭത്തിൽ ഒരുമിച്ചുനിന്നു എന്നതുകൊണ്ട്, അതിനുശേഷം നിരന്തരമായി ശാശ്വതമായി എല്ലാവരും കൂടി ഒരുമിച്ചു നിൽക്കണമെന്ന് പറയാൻ പാടില്ല; അങ്ങോട്ടുമിങ്ങോട്ടും എതിർക്കണം. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ മാത്രമല്ല, ഒരു പാർട്ടിക്കകത്ത് പോലും എതിർപ്പുകളും കോലാഹലങ്ങളും ഉണ്ടാകണം.
പ്രതിപക്ഷ രാഷ്ട്രീയകക്ഷികൾ ഇപ്പോൾ ഒന്നിച്ചു നിൽക്കുകയാണ്. കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഇടതു കക്ഷികളുമെല്ലാം ഒരുമിച്ചാണ്. ഈ ഐക്യനിര എപ്പോഴും ഇതുപോലെത്തന്നെ നിലനിൽക്കുമെന്ന് കരുതുന്നുണ്ടോ? സംഘപരിവാറിൻ്റെ സോഷ്യൽ എഞ്ചിനിയറിങ്ങ് രീതികൾ ഏതറ്റം വരെ പോകുമെന്ന് നമ്മൾ മുൻപ് കണ്ടിട്ടുണ്ട്. ആർ എസ് എസും മോദി- അമിത് ഷാ സർക്കാരും ഈ വിഷയത്തെ എങ്ങനെ കാണുമെന്നാണ് കരുതുന്നത്?
ശാശ്വതമായി പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നിച്ചു നിൽക്കരുത് എന്നാണ് എന്റെ പ്രാർത്ഥന. ഇതിന് പ്രധാന കാരണം, നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വൻശക്തിയെയാണ്, ബീഭത്സ വർഗീയ ശക്തിയാണ് നമ്മൾ ഇപ്പോൾ നേരിടുന്നത്. അതിനെതിരെ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് ഒരുമിച്ച് എതിർക്കുക എന്ന കടമ ഓരോ പൗരനുമുണ്ട്. ഇങ്ങനെയൊരു ബീഭത്സ വർഗീയശത്രു വീണ്ടും വളർന്നു വരാതിരിക്കണമെങ്കിൽ നിരന്തരം പരസ്പരം തിരുത്തുന്ന, നിരന്തരജാഗ്രതയുള്ള ഒരു സമൂഹമായി നമ്മൾ മാറേണ്ടതുണ്ട്.
ജാഗ്രത എന്നുപറഞ്ഞാൽ, അനഭിമതമായ കാര്യങ്ങൾ സമയത്ത് കണ്ടുപിടിക്കാനും അതിനെ എതിർക്കാനുമുള്ള തയ്യാറെടുപ്പ് പൊതുസമൂഹത്തിലുണ്ടാകണം. ഇതിന് ഏറ്റവും എക്യുപ്ഡ് ആയത് രാഷ്ട്രീയ പാർട്ടികൾ തന്നെയാണ്. അതിനാൽ, ഒരു സന്ദർഭത്തിൽ ഒരുമിച്ചുനിന്നു എന്നതുകൊണ്ട്, അതിനുശേഷം നിരന്തരമായി ശാശ്വതമായി എല്ലാവരും കൂടി ഒരുമിച്ചു നിൽക്കണമെന്ന് പറയാൻ പാടില്ല; അങ്ങോട്ടുമിങ്ങോട്ടും എതിർക്കണം. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ മാത്രമല്ല, ഒരു പാർട്ടിക്കകത്ത് പോലും എതിർപ്പുകളും കോലാഹലങ്ങളും ഉണ്ടാകണം; കാരണം ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ ഒരു ഫാക്ടർ കോലാഹലമാണ്. നമ്മൾ ഒരുമിച്ച് കലഹിക്കുന്ന, കോലാഹലം ചെയ്യുന്ന ഒരു സമൂഹമായി മാറണം.

കഴിഞ്ഞ 12 വർഷമായി ഇന്ത്യ എത്രമാത്രം നിശ്ശബ്ദരായി എന്നത് നോക്കുക; മാധ്യമങ്ങൾ നിശ്ശബ്ദരായി, പല രാഷ്ട്രീയ പാർട്ടികളും നിശ്ശബ്ദരായി, പലരും പറയേണ്ട കാര്യങ്ങൾ പറയാതെയായി. മുസ്ലിം എന്ന വാക്ക് ഉച്ചരിക്കാൻ പോലും പല പാർട്ടികൾക്കും മടിയാണ്. ഉത്തരേന്ത്യയിൽ ചെന്ന് അവർക്കുവേണ്ടി സംസാരിക്കാൻ പേടിയാണ്. സംസാരിക്കാതിരിക്കുക എന്നുള്ളതല്ല, നിരന്തരം സംസാരിക്കുന്ന, കോലാഹലമുണ്ടാക്കുന്ന, തമ്മിൽ കലഹിക്കുന്ന ഒരു സമൂഹമാണ് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. അതുകൊണ്ടുതന്നെ, എല്ലാ പാർട്ടികളും ശാശ്വതമായി കൈകോർത്ത് കൂട്ടുകാരായി നിൽക്കാൻ പാടില്ല എന്നാണ് ഞാൻ പറയുന്നത്.
ആർ.എസ്.എസും മോദിയും അമിത് ഷായും ഈ വിഷയത്തെ എങ്ങനെ കാണുന്നു എന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല; കാരണം, ഞാനൊരു വിദഗ്ദ്ധനല്ല. കഴിഞ്ഞ 12 വർഷത്തിനുള്ളിൽ ബൗദ്ധികമായി സ്റ്റിമുലേറ്റിംഗ് ആയതോ മൗലികമായ ചിന്തയോ ഇവർ ആരെങ്കിലുമായി ചർച്ച ചെയ്തതായി എനിക്കറിയില്ല. ഒക്ടോബർ 13-ന് ന്യൂദൽഹിയിൽ നടന്ന 'ബ്ലൂംബർഗ് ന്യൂ ഇക്കണോമി ഫോറ'ത്തിൽ സംസാരിക്കുമ്പോൾ പ്രധാനമന്ത്രി ഒരു നാണവുമില്ലാതെ പറഞ്ഞത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ് എന്നാണ്. ഇവിടെ 80,000 പത്രങ്ങളുണ്ട്, ആയിരത്തിലധികം ടെലിവിഷൻ ചാനലുകളുണ്ട്, 500 മില്യൻ യുറ്റ്യൂബ് ഉപഭോക്താക്കളുണ്ട്, 500 മില്യൻ ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുണ്ട് എന്നെല്ലാം മോദി പറഞ്ഞു. 24 മണിക്കൂർ പോലുമായിട്ടില്ല, മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചിട്ട്. ഇങ്ങനെയൊക്കെ സംസാരിക്കുന്ന ഒരു പ്രധാനമന്ത്രി, ഈ വിഷയത്തെ എങ്ങനെയാണ് കാണുക എന്നത് വ്യക്തമാണല്ലോ.
മോദിയ്ക്കുശേഷം മറ്റാരെങ്കിലും അധികാരത്തിൽ വന്നാൽ പോലും, പത്തു വർഷമെങ്കിലുമെടുക്കും, നമ്മൾ സാധാരണ നിലയിലാകാൻ എന്നാണ് തോന്നുന്നത്. കാരണം അത്രമാത്രം പ്രശ്നങ്ങളാണ് ഇവരുണ്ടാക്കിയിരിക്കുന്നത്.
വലിയ ഫോഴ്സിനെ ഉപയോഗിച്ചാണ് ഭരണകൂടം സമരത്തെ അടിച്ചമർത്താൻ നോക്കുന്നത്. ആ സ്ട്രാറ്റജി വിജയിക്കാനാണോ പരാജയപ്പെടാനാണോ സാധ്യത?
ഫോഴ്സിനെ ഉപയോഗിച്ച് അടിച്ചമർത്താനാകും എന്ന് തോന്നുന്നില്ല. ചൈനയിലെ ടിയാനൻമെനിലും മറ്റിടങ്ങളിലും സംഭവിച്ചിട്ടുണ്ടെന്നല്ലാതെ, ഇന്ത്യ പോലെയുള്ള ഒരിടത്ത് പറ്റുമെന്ന് തോന്നുന്നില്ല. അതിനുള്ള രാഷ്ട്രീയ മൂഡ് മാറി എന്നാണ് എന്റെ വിശ്വാസം. അങ്ങനെ ഇല്ലാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. പിന്നെ ഒരു കാര്യം, അടിച്ചമർത്തിയാലും ഈ ചെറുപ്പക്കാർ ചോദിച്ച ചോദ്യങ്ങൾ അവിടെ തന്നെ നിൽക്കുകയാണ്. എം. എൻ. വിജയൻ പറഞ്ഞപോലെ, ചോദ്യങ്ങൾ ചോദിച്ചവരെ പുറത്താക്കാം, പക്ഷെ ആ ചോദ്യങ്ങൾ അവിടെ തന്നെ നിൽക്കും; അത് ജനങ്ങൾക്കെല്ലാം മനസ്സിലായി എന്നാണ് ഞാൻ കരുതുന്നത്.
ബംഗാളിൽ SIR ഈ രീതിയിൽ നടപ്പാക്കിയിരുന്നില്ലെങ്കിൽ തൃണമൂൽ കോൺഗ്രസിന് തുടർഭരണമുണ്ടാവുമായിരുന്നോ?
ബംഗാളിൽ SIR ഇല്ലായിരുന്നുവെങ്കിൽ തൃണമൂൽ കോൺഗ്രസിന് തിരിച്ചുവരാനാകുമായിരുന്നുവോ എന്ന് പറയാൻ എനിക്ക് അറിയില്ല. ആ സമയത്ത് ഞാൻ ബംഗാളിലുണ്ടായിരുന്നുവെങ്കിലും സത്യസന്ധമായ മറുപടി, അറിയില്ല എന്നാണ്. ഞാൻ പോയ സ്ഥലങ്ങളിലെല്ലാം തൃണമൂൽ തന്നെ തിരിച്ച് അധികാരത്തിൽ വരുമെന്നാണ് 2016-ലെയും 2021-ലെയും മൂഡ് വെച്ച് എനിക്കു തോന്നിയത്. ബി.ജെ.പിയെ വളരെ എതിർക്കുന്ന ഒരാളായതുകൊണ്ട്, ഞാൻ സംസാരിക്കുന്നത് മിക്കവാറും ബി.ജെ.പിയോട് എതിർപ്പുള്ളവരോടായിരിക്കും. അതുകൊണ്ടായിരിക്കാം അങ്ങനെ തോന്നിയത്.
പ്രധാന കാര്യം, മറ്റു സംസ്ഥാനങ്ങളെക്കുറിച്ച് ചോദിക്കാത്ത ഈ ചോദ്യം എന്തുകൊണ്ട് ബംഗാളിനെക്കുറിച്ച് ചോദിക്കുന്നു എന്നതാണ്. അത്തരമൊരു ചോദ്യമുണ്ട് എന്നതിനർഥം ബംഗാളിൽ തെറ്റായത് നടന്നിട്ടുണ്ട് എന്ന് നമ്മൾ വിചാരിക്കുന്നു എന്നാണ്. എന്നെ സംബന്ധിച്ച്, ഞാൻ ഈ ഇലക്ഷൻ റിസൾട്ട് ഒട്ടും അംഗീകരിക്കുന്നില്ല, അതിന് എനിക്ക് തെളിവ് ആവശ്യമില്ല. 33 വർഷമായി ബംഗാളിൽ താമസിക്കുന്ന, അതിൽ 25 വർഷവും ഒരേ അഡ്രസ്സിൽ താമസിക്കുന്ന എന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് വെട്ടി എന്നതുകൊണ്ടെങ്കിലും, ഞാൻ എന്തിന് ഈ ഇലക്ഷനെ അംഗീകരിക്കണം? എന്നെ പുറത്തുനിർത്തി നടത്തിയ ഈ ഇലക്ഷൻ ഞാൻ ഒരിക്കലും അംഗീകരിക്കുകയില്ല.

ഈ സമരത്തിൻ്റെ തുടർച്ചയിൽ മോദി ഭരണകൂടത്തിന് എന്ത് സംഭവിക്കുമെന്നാണ് കരുതുന്നത്?
മോദി ഭരണകൂടത്തിന് എന്തു സംഭവിക്കും എന്ന് മോദിക്കുപോലും അറിയാൻ വഴിയില്ല എന്നാണ് തോന്നുന്നത്. എന്തൊക്കെ വേദനിപ്പിക്കുന്ന കാര്യങ്ങളുണ്ടായാലും, മറ്റാരെങ്കിലും അധികാരത്തിൽ വന്നാൽ പോലും, പത്തു വർഷമെങ്കിലുമെടുക്കും, നമ്മൾ സാധാരണ നിലയിലാകാൻ എന്നാണ് തോന്നുന്നത്. കാരണം അത്രമാത്രം പ്രശ്നങ്ങളാണ് ഇവരുണ്ടാക്കിയിരിക്കുന്നത്. ഒരു ടെംപ്ലേറ്റ് അവർ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ജനങ്ങളെയും എതിർപ്പുകളെയും എങ്ങനെ അടിച്ചമർത്തണം, സംഭവങ്ങളെയും സ്ഥാപനങ്ങളെയും എങ്ങനെ ‘അണ്ടർമൈൻ’ ചെയ്യണം എന്നതിനുള്ള ടെംപ്ലേറ്റ്. അടുത്തതായി അധികാരത്തിൽ വരാൻ പോകുന്നവർക്ക് ഇതിനെ പ്രതിരോധിക്കാനുള്ള ഇച്ഛാശക്തിയുണ്ടാകുമോ എന്നെനിക്കറിയില്ല. വിലക്കപ്പെട്ട കനി പോലെ, അടുത്ത പ്രധാനമന്ത്രിയെ ഈ ടെംപ്ലേറ്റ് നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും.
"നിങ്ങൾ ഇത് ചെയ്യൂ, അത് ചെയ്യൂ, ഇവനെ പിടിച്ച് ജയിലിലിടൂ, ആ ഉദ്യോഗസ്ഥനെ മാറ്റൂ, ഈ പദവിയിൽ നമ്മുടെ ആളെ വയ്ക്കൂ" എന്നെല്ലാമുള്ള നിരന്തര പ്രലോഭനങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള ഒരാളായിരിക്കും, അല്ലെങ്കിൽ അത്തരമൊരു സംഘടനയായിരിക്കും, മോദിക്കു ശേഷം വരുന്നത് എന്ന് പറയാൻ യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
വളരെ ആശങ്കാജനകമായ, അതേസമയം വളരെ പ്രതീക്ഷ നൽകുന്നതുമായ വല്ലാത്ത അവസ്ഥയിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. അതുകൊണ്ട്, ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നവയിൽ ഫോക്കസ് ചെയ്യുകയായിരിക്കും നല്ലത് എന്നാണ് തോന്നുന്നത്. മാത്രമല്ല, ഇപ്പോൾ സമരം ചെയ്യുന്നവരെ പൂർണ്ണമായി പിന്താങ്ങുക എന്നതു മാത്രമാണ് നമുക്കിപ്പോൾ ചെയ്യാൻ പറ്റുന്നത്.
‘ഗോദി മീഡിയ’യ്ക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചതായി കരുതുന്നുണ്ടോ? മോദി ജനത്തെ ഭയക്കാൻ തുടങ്ങുമ്പോൾ മാധ്യമങ്ങൾ മോദിപ്പേടിയിൽ നിന്ന് പുറത്തുവരാൻ സാധ്യത കാണുന്നുണ്ടോ?
‘ഗോദി മീഡിയ’ പൂർണ്ണമായും അപ്രസക്തമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. അവർക്ക് യാതൊരു പ്രസക്തിയുമില്ല എന്ന കാര്യം പൂർണ്ണമായി തെളിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, അർണബ് ഗോസ്വാമി എന്താണ് പറയുന്നത് എന്നതിൽ ഇപ്പോൾ നമ്മൾ അത്ര ആശങ്കാകുലരാണോ? അല്ല. മോദി ഭരണകൂടത്തോടുള്ള ഭയം കൊണ്ടുമാത്രമല്ല, അവർ ഇത്തരം മാധ്യമപ്രവർത്തനം നടത്തുന്നത്. അവരിൽ പലരും വർഗീയവിഷം അമൃതായി കരുതി സേവിക്കുന്നവരും അത് സേവിപ്പിക്കുന്നവരുമാണ്. ഈയിടെ ചില വിദ്യാർത്ഥികൾ എന്നോടു ചോദിച്ചു, ഇന്ത്യൻ മാധ്യമങ്ങളെ രക്ഷിക്കാൻ എന്താണ് ചെയ്യാനാകുക എന്ന്. ഞാൻ പറഞ്ഞത്, ഒന്നും ചെയ്യേണ്ടതില്ല, അധികാരം മാറിയാൽ മാത്രം മതി എന്നാണ്. പിറ്റേന്നുമുതൽ അവരുടെ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസവും മറ്റു കാര്യങ്ങളും സട കുടഞ്ഞെഴുന്നേൽക്കും, നിരന്തരം പുതിയ സ്കാമുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യും. ആളുകളെ രാജി വെപ്പിക്കാനുള്ള സമ്മർദമുണ്ടാക്കും. ശബ്ദമുഖരിതമാകും ഇന്ത്യ.
അതേസമയം, മാധ്യമങ്ങളുടെ സ്വാധീനം കുറച്ചുകാണാനും കഴിയില്ല. ഇന്ത്യൻ എക്സ്പ്രസ് മുംബൈ റസിഡന്റ് എഡിറ്റർ റിതിക ചോപ്ര, ഇലക്ഷൻ കമീഷനെക്കുറിച്ച് ചെയ്ത സ്റ്റോറിയുടെ പ്രാധാന്യം പരിഗണിക്കേണ്ടതുണ്ട്.
ഒരു ടെംപ്ലേറ്റ് മോദി ഭരണകൂടം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ജനങ്ങളെയും എതിർപ്പുകളെയും എങ്ങനെ അടിച്ചമർത്തണം എന്നതിനുള്ള ടെംപ്ലേറ്റ്. വിലക്കപ്പെട്ട കനി പോലെ, അടുത്ത പ്രധാനമന്ത്രിയെ ഈ ടെംപ്ലേറ്റ് നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും.
2027-ൽ നടക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ലിറ്റ്മസ് ടെസ്റ്റ് എന്ന് പറയാവുന്ന ഒന്നാണ്. SIR നൊപ്പം തൊഴിലില്ലായ്മയും വിദ്യാഭ്യാസവും തുടങ്ങി യുവാക്കളുടെ പലതരം ആശങ്കകളുടെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ സമരം. യു.പി തെരഞ്ഞെടുപ്പിൽ ഗ്യാനേഷ് കുമാറിനെതിരായ, കേന്ദ്ര സർക്കാരിനെതിരായ ഈ സമരം എന്തുതരം പ്രതിഫലനമായിരിക്കും സൃഷ്ടിക്കുക?
ഞാൻ അവസാനം ഉത്തർപ്രദേശിൽ പോയത് 2024-ലാണ്. എന്റെ ഏറ്റവും വലിയ പരിമിതി ഭാഷയാണ്, എന്റെ രൂപം പോലും ഒരു പ്രശ്നമാണ്. എന്നെ കണ്ടാൽ ഒറ്റനോട്ടത്തിൽ ആളുകൾക്ക് മനസ്സിലാകും, ഞാൻ ഒരു യു.പിക്കാരനല്ല എന്ന്. എന്നോട് പലരും വളരെ ശ്രദ്ധാപൂർവമാണ് സംസാരിക്കുക, സംസാരിക്കാൻ തന്നെ പലരും താല്പര്യം കാണാറില്ല. ഞാൻ മണിക്കൂറോളം ഒന്നും മിണ്ടാതെ ചില സ്ഥലങ്ങളിലിരുന്ന്, ആളുകൾ പറയുന്ന കാര്യങ്ങൾ കേൾക്കാറാണ് പതിവ്. ഭയഭക്തിബഹുമാനത്തോടെയാണ് ഞാൻ പലപ്പോഴും ചോദ്യങ്ങൾ ചോദിക്കാറ്. മിക്കവാറും ഒന്നും ചോദിക്കാറുപോലുമില്ല, അവർ പറയുന്ന കാര്യങ്ങളിൽനിന്ന് എന്തെങ്കിലുമൊക്കെ ഇൻസൈറ്റ് കിട്ടുമോ എന്നാണ് നോക്കാറ്. അതിൽ ഞാനത്ര വിജയിക്കാറുമില്ല.
2024-ൽ റായ്ബറേലിയിലും അമേഠിയിലും പോയി; റായ്ബറേലിയിൽ രാഹുൽഗാന്ധി ജയിക്കും എന്നത് ‘മോർ ഓർ ലെസ്’ ഉറപ്പായിരുന്നു. എന്നാൽ അമേഠിയിൽ ചെന്നപ്പോൾ, സ്മൃതി ഇറാനി പരാജയപ്പെടുമെന്നതിന് ഒരു ക്ലൂ പോലും കിട്ടിയിരുന്നില്ല. ഞാൻ സംസാരിച്ച വ്യക്തികളുടെ അഭിപ്രായം, അവർ കോൺഗ്രസ് പ്രവർത്തകരായിരിക്കും എന്നു കരുതി, അത്ര മുഖവിലയ്ക്കെടുത്തിരുന്നില്ല.

മാത്രമല്ല, ഇന്ത്യ പോലെ അതീവ സങ്കീർണമായ, 100 കിലോമീറ്റർ പോകുമ്പോൾ തന്നെ കാര്യങ്ങൾ മാറിമറിയുന്ന ഒരു രാജ്യത്ത്, ഇലക്ഷൻ റിസൽട്ട് പ്രവചിക്കുക എന്നത് തെറ്റാണെന്ന് ഞാൻ കരുതുന്നു. എങ്കിലും, എന്റെ അനുഭവത്തിലെ രണ്ടു കാര്യങ്ങൾ പറയാം.
അമേഠിയിലെ ഒരു വെജിറ്റേറിയൻ ഹോട്ടലിലിരിക്കുമ്പോൾ കുറച്ചുപേർ കയറിവന്നു. രൂപവും ഭാവവും കണ്ടാലറിയാം, അവർ കോൺഗ്രസ് പ്രവർത്തകരോ സമാജ്വാദിക്കാരോ അല്ല എന്ന്. അവർ വന്നത് ചിക്കൻ കിട്ടും എന്ന പ്രതീക്ഷയിലാണ്. വെജിറ്റേറിയൻ ബോർഡ് അവർ വായിച്ചിരുന്നില്ല. ഹോട്ടൽ വെജിറ്റേറിയറാണെന്ന് അറിഞ്ഞപ്പോൾ, അവർ പെട്ടെന്ന് വെജിറ്റേറിയനുകളെക്കുറിച്ച് തമാശ പറയാൻ തുടങ്ങി, പ്രത്യേകിച്ച് നരേന്ദ്ര മോദിയെയും മറ്റും കളിയാക്കി. അത് ഞാൻ കാര്യമായി എടുത്തില്ല.
രണ്ടാമത് ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, സമാജ്വാദി പാർട്ടിപ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായിരുന്ന വല്ലാത്തൊരു കെമിസ്ട്രിയാണ്. നേതാക്കൾ സ്റ്റേജിൽ കെട്ടിപ്പിടിക്കാറുണ്ടെങ്കിലും സാധാരണ പ്രവർത്തകർ സാധാരണ അങ്ങനെയുണ്ടാകാറില്ല. പ്രത്യേകിച്ച്, ആ ഭയങ്കര ചൂടുകാലത്ത് അങ്ങോട്ടുമിങ്ങോട്ടും വെള്ളം കൊടുക്കുന്നതൊക്കെ ഊഷ്മളമായ കാര്യമായിരുന്നു. പിന്നീട് റിസൾട്ട് വന്നപ്പോൾ എനിക്ക് തോന്നുന്നു, ഇതെല്ലാം സമാജ്വാദി- കോൺഗ്രസ് സഖ്യത്തിന് പോസിറ്റീവായി മാറിയെന്ന്.
ഇലക്ഷൻ പ്രവചനത്തിൽ എനിക്ക് വിശ്വാസമില്ല. അതുകൊണ്ട്, ഇലക്ഷനുമുമ്പ് യു.പിയിലൂടെ യാത്ര ചെയ്യാൻ അവസരം കിട്ടിയാൽ, അതിനുശേഷം പറയാം.
