ആധാർ- വോട്ടർ പട്ടിക ബാന്ധവം ആപത്ത്

തെരഞ്ഞെടുപ്പിന്റെ സ്വതന്ത്രമായ നടത്തിപ്പിനെയും വോട്ടർ പട്ടികയുടെ വിശ്വാസ്യതയേയും ബാധിക്കാനിടയുള്ള പരിഷ്‌കാരമാണ്​, ആധാർ നമ്പർ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കാനുള്ള നീക്കം. ഇത്​ സ്വകാര്യതാ ലംഘനം മാത്രമല്ല, 2018-ലെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ആധാർ വിവരശേഖരത്തെക്കുറിച്ച് പറഞ്ഞതുപോലെ, ‘ദേശസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള', ഒരു ഡാറ്റാ ബോംബ് ആയിരിക്കുമത്. പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പിലാക്കില്ല എന്ന നിലപാടെടുത്തിട്ടുള്ള സംസ്ഥാന ഗവൺമെൻറ്​ അതിന് അരങ്ങൊരുക്കുന്ന ആധാർ- വോട്ടർപട്ടിക ബാന്ധവത്തിൽ നിന്ന്​ ഒഴിഞ്ഞുനിൽക്കണം.

ധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെട്ട്​ ഒരു പരസ്യമെങ്കിലും ശ്രദ്ധയിൽപെടാത്തവർ വിരളമായിരിക്കും. 2015-ലാണ് ഇതിനു മുൻപ് ഇത്തരമൊരു നീക്കം നടന്നത്. അന്ന് സുപ്രീംകോടതി അത് തടഞ്ഞു. തെരഞ്ഞെടുപ്പ് നിയമത്തിലെയും ചട്ടങ്ങളിലെയും ഭേദഗതിയിലൂടെയാണ് ഗവൺമെൻറ്​ ആധാർ-വോട്ടർ പട്ടിക ബാന്ധവത്തിന് വീണ്ടുമൊരുങ്ങുന്നത്. ഇതിന് വലിയ പ്രചാരണം നൽകുന്നുണ്ട് ഗവൺമെൻറ്​. എന്നാൽ ആധാർ ബാന്ധവം നിർബന്ധിതമല്ല, ഐച്​ഛികമാണ്​ എന്ന്​ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു വ്യക്തമാക്കുന്നുണ്ട്. അങ്ങനെയാകിലും ഭേദഗതി ചെയ്യപ്പെട്ട തെരഞ്ഞെടുപ്പ് നിയമം ഇക്കാര്യത്തിൽ അവ്യക്തത സൃഷ്ടിക്കുന്നു.

‘ആധാർ ഹാജരാക്കാത്തതിന്റെ പേരിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാതിരിക്കുകയോ പട്ടികയിൽ നിന്ന് പേര് നീക്കുകയോ ചെയ്യരുത്' എന്ന് പറയുമ്പോഴും ‘താഴെപ്പറയുന്ന മതിയായ കാരണങ്ങളാൽ' എന്നൊരു വ്യവസ്ഥ കൂടി എഴുതിച്ചേർത്തിരിക്കുന്നു. കേന്ദ്ര ഗവൺമെൻറ്​ വിജ്ഞാപനം ചെയ്ത ചട്ടങ്ങളിൽ, ഒരേയൊരു കാരണം മാത്രമാണ് ചേർത്തിരിക്കുന്നത്. അത് ‘ആധാർ ഇല്ല' എന്നതുമാത്രമാണ്. നിയമവും ചട്ടവും വായിച്ചു മനസ്സിലാക്കിയ, അത് പാലിക്കുന്ന, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, നിലവിൽ ആധാർ ഉള്ള എല്ലാവരും നിർബന്ധമായും വോട്ടർപട്ടികയിൽ അത് ചേർത്തിരിക്കണം എന്ന് നിർബന്ധം പിടിച്ചാൽ, അവരെ കുറ്റം പറയാൻ കഴിയില്ല.

ഐച്ഛികമാണ്, എന്നാൽ നിർബന്ധവുമാണ്

ആധാർ പദ്ധതിയുടെ ആരംഭഘട്ടം മുതൽ ഐച്ഛികമാണ്, എന്നാൽ നിർബന്ധവുമാണ് എന്ന് അവസ്ഥ നിലനിൽക്കുന്നുണ്ട്. അതിന്റെ ഒരു സ്വാഭാവിക തുടർച്ചയാണ് തെരഞ്ഞെടുപ്പ് പട്ടികയിലും കാണുന്നത്. വോട്ടർപട്ടിക ശുദ്ധീകരിക്കാൻ എന്ന പേരിലാണ് നീക്കം നടക്കുന്നത്. ഇരട്ടിപ്പുകളും വ്യാജന്മാരെയും കണ്ടെത്താൻ ആധാർ സഹായിക്കുമത്രേ. ആധാർ പദ്ധതി കുറ്റമറ്റതാണ്, പൗരന്മാരെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ മാത്രമാണ് അതിൽ ഉൾക്കൊണ്ടിരിക്കുന്നത്, വിരലടയാളവും കൃഷ്ണമണിയുടെ സ്‌കാനും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ആധാർ വിവരശേഖരത്തിൽ ഇരട്ടിപ്പുണ്ടാകില്ല, ആധാർ വഴി വോട്ടർപട്ടികയിലെ പിഴവ് പരിഹരിക്കാൻ കഴിയും, എന്നിങ്ങനെയുള്ള മുൻധാരണകളുടെ പുറത്താണ് ആധാർ വോട്ടർ-പട്ടിക ബാന്ധവം പലരും പിന്തുണയ്ക്കുന്നത്. എന്നാൽ ഇവ ഓരോന്നും തെറ്റിദ്ധാരണകളാണെന്ന് കാണാം.

ആധാർ വിവരങ്ങളുടെ വിശ്വാസ്യത

ആധാർ ഇന്ത്യൻ പൗരത്വത്തിനുള്ള തെളിവ് പോലുമല്ല. രാജ്യത്ത് താമസിക്കുന്ന എല്ലാവർക്കും ലഭിക്കാൻ അർഹതയുള്ള ഒരു നമ്പറാണിത്. 182 ദിവസം രാജ്യത്ത് താമസിച്ചവർക്ക് ആധാർ ലഭിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആധാർ ഒരു ഘടകമാകുന്നത് വിദേശികൾക്കുവരെ വോട്ടർപട്ടികയിൽ കയറാൻ അവസരമൊരുക്കുകയേയുള്ളൂ.

ആധാറിന്​ വിവരം ശേഖരിക്കുന്നത്, പല പല ഏജൻസികളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും താൽക്കാലിക ജീവനക്കാരാണ്. ആധാർ നൽകുന്ന പ്രവർത്തനത്തിന്റെ ഒരു ഘട്ടത്തിലും ഏതെങ്കിലുമൊരു ഉത്തരവാദിത്തപ്പെട്ട അധികാരി, ഗവണ്മെൻറ്​ ഉദ്യോഗസ്ഥൻ, ഇതിലെ വിവരങ്ങൾ പരിശോധിക്കുകയോ ഉറപ്പുവരുത്തുകയോ, സാക്ഷ്യപ്പെടുത്തുകയോ ചെയ്യുന്നില്ല. ഇതിനോടകം, ഇല്ലാത്ത ആളുകളെ ആധാറിനായി എ
ൻറോൾ ചെയ്യിക്കുക, വ്യാജ വിലാസങ്ങളിലും മറ്റും ആളുകളെ ചേർക്കുക, പല ആളുകളുടെയും വിരലടയാളങ്ങൾ സമന്വയിപ്പിച്ച്​ ആളെണ്ണം കൂട്ടാൻ ശ്രമിക്കുക, അങ്ങനെ വിവിധ തരം ദുർനടപടികൾ ചെയ്തതായി കണ്ടെത്തിയ 50,000 എന്റോൾമെൻറ്​ ഏജൻസികളെ ആധാർ അതോറിറ്റി കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇവരൊക്കെ ചേർത്ത എത്ര ആധാറിലെ വിവരങ്ങൾ ശരിയാണ്, എത്രയെണ്ണം വ്യാജമാണ്, എന്ന് കണ്ടെത്തുക അസാധ്യമാണ്. വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ആധാർ അതോറിറ്റി തന്നെ ആധാറിലെ ജൈവപരവും ജനസംഖ്യാപരവുമായ വിവരങ്ങൾ ഒന്നും തങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല എന്ന് മറുപടി നൽകിയിട്ടുമുണ്ട്.

ഒരു വോട്ടർ ഐ.ഡി കാർഡ് പരിശോധിച്ചാൽ അതിലെ വിവരങ്ങൾ താലൂക്ക് ഇലക്ഷൻ ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായി കാണാം. ഓരോ തിരിച്ചറിയൽ രേഖയിലും അങ്ങനെ ഉത്തരവാദിത്തപ്പെട്ട ആരുടെയെങ്കിലും സാക്ഷ്യപ്പെടുത്തലുണ്ടാവും. അതിലെ വിവരങ്ങൾക്ക് അവർ ഉത്തരവാദിയാണ് എന്നുകൂടിയാണ് അതിനർത്ഥം. അതിൽ പിഴവുണ്ടെങ്കിൽ അതിനും അവർ ഉത്തരവാദിയായിരിക്കും. എന്നാൽ ആധാറിൽ അങ്ങനെ വിവരങ്ങൾ ആരും സാക്ഷ്യപ്പെടുത്തിയിട്ടില്ല. അതിൽ രേഖപ്പെടുത്തിയ വിവരങ്ങൾക്ക് ആരും ഉത്തരവാദിയുമല്ല. അതായത് ആരാലും പരിശോധിക്കാതെ ആരും സാക്ഷ്യപ്പെടുത്താതെ അല്പം സ്വാധീനമുണ്ടെങ്കിൽ ഏത് വിലാസത്തിലും, ഏത് വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിലും ലഭ്യമാക്കാൻ കഴിയുന്ന ‘ഒറിജിനൽ' തിരിച്ചറിയൽ രേഖയാണ് ആധാർ. കശ്മീരിൽ പിടിയിലായ തീവ്രവാദികളുടെ മുതൽ മൃഗങ്ങളുടെയും മാങ്ങയുടെയും ഹനുമാന്റെയും വരെ പേരിൽ ആധാർ ഇറങ്ങിയിട്ടുണ്ട്.

വിവിധ സി.എ.ജി ഓഡിറ്റ് റിപ്പോർട്ടുകളും ഇത് ശരിവെക്കുന്നു. സർക്കാർ സ്‌കീമുകളിലെ ഇരട്ടിപ്പുകൾ ഒഴിവാക്കി, വലിയ ലാഭമുണ്ടാക്കും എന്ന് പ്രതീക്ഷിച്ച ആധാർ ഡീ- ഡ്യൂപ്ലിക്കേഷൻ വഴി ഗണ്യമായ യാതൊരു ലാഭവും ഉണ്ടായിട്ടില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു. 2019 ലെ സി.എ.ജി റിപ്പോർട്ട് വലിയ വിമർശനമാണ് പദ്ധതിയെക്കുറിച്ച് ഉന്നയിച്ചിട്ടുള്ളത്. ആധാറിൽ ശേഖരിക്കപ്പെട്ട ബയോമെട്രിക്ക് വിവരങ്ങളുടെ ഗുണമേന്മ വളരെ താഴെയാണെന്നും, അതുകൊണ്ടുതന്നെ പലപ്പോഴും ഉപയോഗശൂന്യമായി മാറുന്നുവെന്നുമുള്ള കാര്യവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ചുരുങ്ങിയത് 145 ഡ്യൂപ്ലിക്കേറ്റ് ആധാറുകൾ എങ്കിലും യു.ഐ.ഡി.എ.ഐ സംവിധാനത്തിന് കീഴിൽ ഉണ്ടാകുന്നുണ്ടത്രേ. 4,70,000 ആധാർ വിവിധ കാരണങ്ങളാൽ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്.

ആധാർ ഉപയോഗത്തിന്റെയും വിവരചോരണത്തിന്റെയും എത്രയോ വാർത്തകളാണ് വർഷങ്ങളായി നാം കേൾക്കുന്നത്. 500 രൂപയ്ക്ക് ആധാർ വിവരങ്ങൾ കരിഞ്ചന്തയിൽ ലഭ്യമാകും എന്ന വാർത്ത ‘ദി ട്രിബ്യൂൺ' പുറത്തുവിട്ടിരുന്നു. വിവിധ റിപ്പോർട്ടുകളനുസരിച്ച്, ആധാർ വെരിഫിക്കേഷൻ പിഴവുകൾ കാരണം ചുരുങ്ങിയത് മൂന്നു കോടി ജനങ്ങൾക്കെങ്കിലും റേഷൻ നഷ്ടമായിട്ടുണ്ട്. ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനത്തിലെ പിഴവുകൾ ഉപയോഗിച്ച്​ മൂന്നു വർഷത്തിനിടെ പത്തു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന് പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പറയുന്നു. വ്യാജ വിരലടയാളങ്ങൾ നിർമിച്ച്​ ആധാർ തട്ടിപ്പ് നടത്തുന്ന നിരവധി സംഘങ്ങൾ പിടിയിലായിട്ടുണ്ട്. പിടിക്കപ്പെടാത്തവർ അതിലേറെയുണ്ടാവുമെന്ന് തീർച്ച. ഇത്തരത്തിൽ യാതൊരു വിശ്വാസ്യതയും ഇല്ലാത്ത ഒരു തിരിച്ചറിയൽ രേഖ, വോട്ടർ പട്ടികയ്ക്ക് ആധാരമാക്കുന്നത് വളരെ വിപുലമായ അന്വേഷണത്തിനും പരിശോധനകൾക്കും ശേഷം തയ്യാറാക്കുന്ന വോട്ടർ പട്ടിക കൂടി കളങ്കപ്പെടുത്താനേ ഉപകരിക്കൂ.

ജനാധിപത്യത്തെ അപകടത്തിലാക്കുന്ന നിരീക്ഷണ സംവിധാനം

ആധാർ സ്വകാര്യതയെ ബാധിക്കും എന്ന കാര്യത്തിൽ സുപ്രീംകോടതിക്ക് പോലും സംശയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വകാര്യ ഏജൻസികൾക്കും സബ്‌സിഡികൾ ഒഴികെയുള്ള മറ്റ് കാര്യങ്ങൾക്കും ആധാർ നിർബന്ധമാകുന്നത് ഭരണഘടനാവിരുദ്ധമാണ് എന്ന് വിധിയെഴുതി. ഒരു കേന്ദ്രീകത വിവരസഞ്ചയം പലതരത്തിലുള്ള ദുരുപയോഗങ്ങൾക്ക് സാധ്യത ഒരുക്കുന്നുണ്ട്. വൻവിവര വിശകലന സങ്കേതങ്ങൾ ഉപയോഗിച്ച്​എങ്ങനെയാണ് തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നത് എന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദമുണ്ടായപ്പോൾ നമുക്ക് മനസ്സിലായതാണ്.

വിവിധ ഡാറ്റ പോയിന്റുകൾ ഉപയോഗിച്ച്​ ഒരു വ്യക്തിയുടെ പ്രൊഫൈൽ നിർമിക്കുന്നു. ഓരോ വ്യക്തിയുടേയും ജാതിമതഭാഷാ സ്വത്വങ്ങൾക്കും, അഭിരുചികൾക്കും, ദൗർബല്യങ്ങൾക്കും, അനുസൃതമായി പ്രചാരണതന്ത്രങ്ങൾ രൂപപ്പെടുത്തുന്നു. അവരുടെ വ്യക്തിത്വം മനസിലാക്കി, അതിനെ മാനസികമായി പരുവപ്പെടുത്താനും സ്വാധീനിക്കാനും കഴിയുന്ന തരത്തിലുള്ള പ്രചാരണ തന്ത്രങ്ങൾ, വെബ്സൈറ്റ് ലിങ്കുകളായും, ചിത്രങ്ങളായും, വീഡിയോ ആയും, ഓഡിയോ ആയുമെല്ലാം എത്തുന്നു. മൈതാനപ്രസംഗത്തിൽ ഒരു സമൂഹത്തെ അഭിസംബോധന ചെയ്യുകയാണ് രാഷ്ട്രീയക്കാർ ചെയ്യുന്നതെങ്കിൽ, വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണങ്ങളിൽ ഒരു വോട്ടറെന്ന നിലയിലാണ് ജനങ്ങളെ സമീപിക്കുന്നതെങ്കിൽ, ഇവിടെ സാമൂഹികമായ കേൾവികളെ , സംവാദങ്ങളെ, വർത്തമാനങ്ങളെ എല്ലാം ഇല്ലതാക്കി ഓരോ മനുഷ്യരുടേയും ചെവിയിൽ മന്ത്രിക്കുകയാണ് പ്രചാരവേലാവിദഗ്ദ്ധർ. ഓരോ വ്യക്തിയുടേയും തികച്ചും വ്യക്തിപരമായ താത്പര്യങ്ങൾക്കനുസൃതമായിട്ടാവും പ്രചാരണവും. ഫലത്തിൽ സാമൂഹിക സംബോധനകളെ പുറത്താക്കി സമൂഹത്തെ ചെറുതുരുത്തുകളായി വിഭജിക്കുന്ന അപകടകരമായ സാംസ്‌കാരിക ആയുധമാണത്.

2015 ആന്ധ്രപ്രദേശിലും പിന്നീട് പുതുച്ചേരിയിലും നമ്മൾ ഇത് കണ്ടതാണ്. തെലുങ്കാന തെരഞ്ഞെടുപ്പിന് മുൻപ് ഭരണകക്ഷിക്ക് സംസ്ഥാന സർക്കാരിന്റെ ‘സ്റ്റേറ്റ് റസിഡൻഷ്യൽ ഡേറ്റ ഹബ്ബ്' എന്ന ആധാർ വിവരശേഖരത്തിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമായിരുന്നു എന്നും, പ്രചാരണത്തിന് അതുപയോഗിച്ചു എന്നും നമുക്കറിയാം. ഇത് രാജ്യവ്യാപകമായി ആവർത്തിക്കാനുള്ള അവസരം ഒരുങ്ങുകയാണ് ഇപ്പോൾ. അക്കാലത്ത് 55 ലക്ഷം പേരുകളാണ് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടത്. വോട്ട് ചെയ്യാനെത്തിയ ലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ പേര് വോട്ടർപട്ടികയിൽ ഇല്ല എന്ന് കണ്ടു മടങ്ങേണ്ടിവന്നു. ഇവരുടെ പേരുകൾ നീക്കം ചെയ്യുന്നതിന് മുൻപ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുകയോ പരിശോധിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അത്തരത്തിൽ വോട്ടർപട്ടികകളിൽ വ്യാപകമായ തിരിമറികൾ നടത്തുവാനും വോട്ടർമാരെ മൈക്രോ ടാർഗറ്റ് ചെയ്യുവാനും ആധാർ വഴിയൊരുക്കും.

ഭരണഘടന അനുഛേദം 224 അനുസരിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോക്കി നടത്തേണ്ടതും പരിശോധിക്കേണ്ടതും നിയന്ത്രിക്കേണ്ടതും തെരഞ്ഞെടുപ്പ് കമ്മീഷനാണ്. എന്നാൽ ഇവിടെ മറ്റൊരു ഏജൻസിയുടെ വിവരശേഖരം വോട്ടർ പട്ടികയ്ക്ക് ആധാരമാവുകയാണ്. അതിലെ വിവരങ്ങൾ പരിശോധിക്കുകയും തിരുത്തുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമീഷൻ ആയിരിക്കില്ല. അത് ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ തെരഞ്ഞെടുപ്പ് കമീഷന്റെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കും. ഒരു ഗവൺമെൻറ്​ സ്ഥാപനം (ആധാർ അതോറിറ്റി) തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ നിരന്തരമായി ഇടപെടുന്ന സാഹചര്യമാണ് ഇതൊരുക്കുക.

ദേശീയ ജനസംഖ്യ രജിസ്റ്ററും ആധാറും

ടി. എൻ. ശേഷൻ ഇലക്ഷൻ കമീഷനായിരിക്കുമ്പോൾ, തെരഞ്ഞെടുപ്പ് പട്ടികയിൽ എഴുതിച്ചേർത്ത ചുവന്ന നിറത്തിലുള്ള ഡി എന്ന അക്ഷരമാണ്, അസാമിൽ, ഇന്ന് നാം കാണുന്ന വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന, എൻ. ആർ. സിയുടെ ഒരു അടിസ്ഥാനം. യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ വളരെ വ്യാപകമായി, ഡൗട്ട് ഫുൾ എന്നർത്ഥമാക്കുന്ന ഡി എന്ന അക്ഷരം പല മനുഷ്യരുടെയും പേരിനുനേരെ വീണു. അവർ ഇന്ത്യൻ പൗരൻ അല്ലെന്നും അവരെ പുറത്താക്കേണ്ടതാണ് എന്നുള്ള ആവശ്യങ്ങൾ ഉയർന്നുവന്നു. തുടർന്ന് ആസാമിൽ സംഭവിച്ചതെന്താണെന്ന് എല്ലാവർക്കും അറിയാം.

പൗരത്വ നിയമഭേദഗതിക്കു ശേഷം രാജ്യവ്യാപകമായി ജനസംഖ്യാ പട്ടിക തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചപ്പോഴാണ് ആധാറിന്റെ അപകടകരമായ മറ്റൊരു സാധ്യത ചർച്ചയായത്. ആധാർ പദ്ധതിയുടെ ഉപജ്ഞാതാവായ നന്ദൻ നിലേകനി തന്നെ ഒരു പരിപാടിയിൽ ദേശീയ പൗരത്വ രജിസ്റ്ററിന്റെ ‘ബാക്ക് എൻഡ്' ആധാർ ആയിരിക്കും എന്ന് പ്രസ്താവിച്ചു. 2015 ഏപ്രിൽ 16ന്​ നടന്ന യോഗത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ ആധാറുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശമുണ്ടായി. യു.ഐ.ഡി.എ.ഐ. ഡയറക്ടർ ജനറലും യോഗത്തിൽ സന്നിഹിതനായിരുന്നു. പിന്നീട് ആഭ്യന്തരമന്ത്രാലയത്തെ കൂടി അതിന്റെ ഭാഗമാക്കി. അടിയന്തരമായി തീർപ്പാക്കേണ്ട ഫയലുകൾക്കൊപ്പമാണ് അത് ചേർത്തിരുന്നത്. 2019-ൽ ദേശീയ ജനസംഖ്യാ രജിസ്റ്ററിനുവേണ്ടിയുള്ള വിവരങ്ങൾ തുടക്കംകുറിച്ചപ്പോൾ ആധാർ വിവരം കൂടി ശേഖരിക്കുന്നത് നിർബന്ധമാക്കി കേന്ദ്രസർക്കാരിന്റെ നിർദ്ദേശം വന്നു. 2020-ൽ ഏകദേശം 60 കോടി ആധാർ നമ്പറുകൾ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധിപ്പിച്ചിരുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സമഗ്ര വിവരങ്ങൾക്കൊപ്പം ആധാർ നമ്പറും കൂടി ചേർത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറായിക്കഴിയുമ്പോൾ, അത് ഏതൊക്കെ തരത്തിലാണ് ഉപയോഗിക്കാൻ കഴിയുക എന്നത് ഊഹിക്കാൻ പോലുമാവില്ല.

ആധാർ എന്ന പൊതുതിരിച്ചറിയൽ സംഖ്യ ഉൾപ്പെട്ട വിവിധ ബൃഹദ് വിവരസഞ്ചയങ്ങൾ ഉയർത്താൻ ഇടയുള്ള സുരക്ഷാപ്രശ്‌നങ്ങൾ പ്രവചനാതീതമായിരിക്കും. വോട്ടർ പട്ടികയിലേക്ക് വരുമ്പോൾ തെരഞ്ഞെടുപ്പിന്റെ സ്വതന്ത്രമായ നടത്തിപ്പിനെയും പട്ടികയുടെ വിശ്വാസ്യതയേയും ബാധിക്കാനിടയുള്ള പരിഷ്‌കാരമാണിത്. സ്വകാര്യതാ ലംഘനം മാത്രമല്ല, 2012-ലെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ആധാർ വിവരശേഖരത്തെക്കുറിച്ച് പറഞ്ഞതുപോലെ, ‘ദേശസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള', ഒരു ഡാറ്റാ ബോംബ് ആയിരിക്കുമത്. പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പിലാക്കില്ല എന്ന നിലപാടെടുത്തിട്ടുള്ള സംസ്ഥാന ഗവൺമെൻറ്​ അതിന് അരങ്ങൊരുക്കുന്ന ആധാർ- വോട്ടർപട്ടിക ബാന്ധവത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കണം.


പി.ബി. ജിജീഷ്​

പ്രൈവസിയുമായി ബന്ധപ്പെട്ട നിയമ- ധാർമിക വിഷയങ്ങൾ, ടെക്‌നോളജി, ഭരണഘടനാ ജനാധിപത്യം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Aadhaar: How a Nation is Deceived, ജനാധിപത്യം നീതി തേടുന്നു തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments