സാദിഖലി തങ്ങളുടെ കാലത്ത് മുസ്‌ലിം ലീഗില്‍ എന്താണ് സംഭവിക്കുന്നത്?

സംഘടനാപരമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് മുസ്‍ലിം ലീഗെന്ന് ആ പാർട്ടിയെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ എളുപ്പം ബോധ്യപ്പെടും.

‘നന്നായി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ റണ്‍ ഔട്ടാകുന്നത് എന്തൊരു കഷ്ടമാണ്’ എന്നത് ഒരു പുകയില വിരുദ്ധ പരസ്യവാചകമാണ്. ഈ ലേഖനമെഴുതുമ്പോള്‍ മനസിലേക്ക് ഓടിവന്നത് ഈ വാചകമാണ്. രാഷ്ട്രീയമായി ഏറ്റവും അനുകൂല സാഹചര്യത്തിലും മുസ്‍ലിം ലീഗിന് നിരന്തരം പിഴക്കുകയാണ്. സംഘടനാപരമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് മുസ്‍ലിം ലീഗെന്ന് ആ പാർട്ടിയെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ എളുപ്പം ബോധ്യപ്പെടും.

മുതിർന്ന നേതാക്കള്‍ റിട്ടയർമെന്‍റ് മൂഡിലേക്ക് മാറിയ ഘട്ടത്തില്‍ ഉയർന്നുവരേണ്ട രണ്ടാം നിര നേതാക്കള്‍ക്ക് കാര്യശേഷിയും ജനബന്ധവും കുറഞ്ഞുപോയതാണ് ലീഗ് നേരിടുന്ന അടിസ്ഥാനപരമായ പ്രതിസന്ധി. സംഘടനാ തീരുമാനങ്ങളെല്ലാം തെറ്റിപ്പോകുന്ന സ്ഥിതി. പാർട്ടി അധ്യക്ഷസ്ഥാനത്തിരിക്കുന്ന സാദിഖലി തങ്ങള്‍ക്കാകട്ടെ ഗൗരവമുള്ള ഒരു പ്രശ്നം പോലും പരിഹരിക്കാനാകുന്നില്ലെന്ന ദുർഗതിയും.

സമസ്തയുമായുള്ള തർക്കം, പാർട്ടി ജില്ലാ ഘടകങ്ങളിലുള്ള അതിരൂക്ഷ വിഭാഗീയത, പലസ്തീന്‍ റാലിയില്‍ ശശി തരൂർ നടത്തിയ ഹമാസ് വിരുദ്ധ പ്രസ്താവന തുടങ്ങിയവയിലെല്ലാം മുസ്‍ലിം ലീഗ് നേരിടുന്ന ഗുരുതര നേതൃത്വ പ്രതിസന്ധി ഉള്ളടങ്ങിയിട്ടുണ്ട്.

ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനത്തില്‍ നിന്ന്.

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടങ്ങള്‍ തീരുമാനമായി പ്രഖ്യാപിക്കുകയെന്ന രീതിക്ക് ഹൈദരലി തങ്ങള്‍ അധ്യക്ഷ സ്ഥാനത്ത് എത്തിയത് മുതല്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. 2014- ല്‍ ഇ. അഹമ്മദിനെ മത്സരിപ്പിച്ചതും 2015-ലും 2021- ലും പി.വി. അബ്ദുല്‍ വഹാബിനെ രാജ്യസഭയിലേക്ക് അയച്ചതും വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ.എന്‍.എ. ഖാദറിനെ സ്ഥാനാർഥിയാക്കിയതുമെല്ലാം കുഞ്ഞാലിക്കുട്ടിയുടെ താത്പര്യങ്ങളെ തള്ളിയാണ്.

സാദിഖലി തങ്ങള്‍ അധ്യക്ഷനായപ്പോള്‍ ഉറച്ച നിലപാടുള്ള അധ്യക്ഷന്‍ വരുന്നു എന്ന പ്രതീതി അന്തരീക്ഷത്തിലുണ്ടായിരുന്നു. തീരുമാനങ്ങളില്‍ അദ്ദേഹം പാറ പോലെ ഉറച്ചുനിന്നു. ആ തീരുമാനങ്ങള്‍ പക്ഷേ പലപ്പോഴും പ്രശ്ന പരിഹാരത്തിന് ഉതകിയില്ല. ഗൗരവമുള്ള ഒരു പ്രശ്നം പോലും പരിഹരിക്കാന്‍ അദ്ദേഹത്തിനായിട്ടില്ലെന്ന വിമർശനം ഇപ്പോഴും ബാക്കിയാണ്.

തിരിച്ചടികൾ

പി.കെ. ഫിറോസ് - ടി. പി. അഷ്റഫലി ടീമില്‍ നിന്ന് എം എസ് എഫിനെയും ഹരിതയെയും മോചിപ്പിക്കുക എന്ന അജണ്ട സാദിഖലി തങ്ങള്‍ക്കുണ്ടായിരുന്നു. കെ.എം. ഷാജിയുടെ കൂടി സ്വാധീനത്തിന്റെ ഭാഗമായി നടന്ന ഇടപെടലിലാണ് പി.കെ. നവാസിനെ എം എസ് എഫ് അധ്യക്ഷനാക്കിയത്. നവാസിനെ പുറത്താക്കാന്‍ ഹരിത നേതാക്കളെ മുന്‍നിർത്തി ഫിറോസും അഷ്റഫലിയും പടനയിച്ചപ്പോള്‍ എല്ലാ പരിധിയും വിട്ട് വിഭാഗീയത ഉയർന്നുവന്നു. ഹരിത നേതാക്കളായ നജ്മ തബ്ഷീറയും ഫാത്തിമ തഹ്‍ലിയയും ലീഗ് നേതൃത്വത്തെ പരസ്യമായി വിമർശിച്ച് നടപടി നേരിട്ടു. പി.കെ. നവാസിനെതിരെ കേസിന് പോയി. സാദിഖലി തങ്ങള്‍ ഇടപെട്ട് പലവട്ടം നടത്തിയ ചർച്ചകളിലും പ്രശ്നപരിഹാരമുണ്ടായില്ല. പാണക്കാട്ടെ കോലായില്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമെന്ന ലീഗുകാരുടെ അഭിമാനവാചകം ഹരിത വിവാദത്തില്‍ അക്ഷരാർത്ഥത്തില്‍ അർത്ഥരഹിതമായി.

ഫാത്തിമ തഹ്‍ലിയ, നജ്മ തബ്ഷീറ

കുത്തഴിഞ്ഞ സംഘടന

ഡിജിറ്റല്‍ മെംബർഷിപ്പ് പ്രഖ്യാപിച്ച് നടത്തിയ പാർട്ടി പുനഃസംഘടന നേതൃത്വത്തിന്റെ ദൗർബല്യം വീണ്ടും വെളിവാക്കി. ഭാരവാഹികളെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന കൗണ്‍സിലർമാരുടെ ആവശ്യം ഒരിടത്തും അംഗീകരിക്കാന്‍സാദിഖലി തങ്ങള്‍ തയ്യാറായില്ല. പാണക്കാട് തങ്ങളുടെ തീർപ്പ് ഭാരവാഹികളുടെ കാര്യത്തിലും അംഗീകരിക്കണമെന്ന നിലപാടാണ് പുനഃസംഘടനയില്‍ സാദിഖലി തങ്ങള്‍ സ്വീകരിച്ചത്.

പാർട്ടി ശക്തികേന്ദ്രമായ കോഴിക്കോട്ട് എം.കെ. മുനീർ - കെ. എം. ഷാജി ഗ്രൂപ്പിനെ അവഗണിച്ച് ഭാരവാഹികളെ നിശ്ചയിക്കാന്‍ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ചേർന്ന് ശ്രമിച്ചതാണ്. മുനീറും ഷാജിയും ഉറച്ചുനിന്നതോടെ സാദിഖലി തങ്ങള്‍ക്ക് പിന്‍മാറേണ്ടി വന്നു. തൃശൂർ മുതല്‍ തിരുവനന്തപുരം വരെ കൗണ്‍സിലർമാരുടെ ഭൂരിപക്ഷം നോക്കാതെ താത്പര്യമുള്ളവരെ ജില്ലാ ഭാരവാഹികളാക്കി. ഇത് വലിയ പൊട്ടിത്തെറിയുണ്ടാക്കി. എറണാകുളത്ത് ജില്ലാ കൗണ്‍സിലില്‍ ഗുണ്ടകളിറങ്ങി കൂട്ടത്തല്ല് നടത്തി.

എം.കെ. മുനീർ, കെ. എം. ഷാജി

തൊണ്ണൂറ് ശതമാനം കൗണ്‍സിലർമാരുടെയും താത്പര്യത്തിന് വിരുദ്ധമായി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ അബ്ദുല്‍ ഗഫൂറിനെ പിന്നീട് ജനറല്‍ സെക്രട്ടറിയാക്കി. എതിർപക്ഷം കോടതിയില്‍ പോയി. അഭിഭാഷക കമ്മീഷന്റെ സാന്നിധ്യമില്ലാതെ യോഗം ചേരാനാകാത്ത സ്ഥിതിയാണിപ്പോള്‍.
ഇടുക്കിയില്‍ ഭൂരിപക്ഷത്തിന് വിരുദ്ധമായി കമ്മിറ്റി ഉണ്ടാക്കിയതോടെ ജില്ലാ ഭാരവാഹികള്‍ക്ക് ഓഫീസില്‍ യോഗം ചേരാനാകാത്ത സ്ഥിതിയാണ്. സംസ്ഥാന കമ്മിറ്റി വന്ന് എട്ട് മാസം കഴിഞ്ഞിട്ടും പത്തനം തിട്ടയില്‍ ജില്ലാ കമ്മിറ്റി പ്രഖ്യാപിക്കാനായിട്ടില്ല.
തിരുവനന്തപുരത്തും ആലപ്പുഴയിലുമൊക്കെ ഗുരുതര സംഘടനാ പ്രശ്നങ്ങളുണ്ട്.
തൃശൂരില്‍ നേതൃത്വം നാണം കെട്ടു

സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട കെ.എസ്. ഹംസയെ പഞ്ചായത്തില്‍ തന്നെ ഒതുക്കാന്‍ പി.എം.എ. സലാം തൃശൂർ ജില്ലാ കമ്മിറ്റിക്ക് സർക്കുലർ പോലും നല്‍കിയിരുന്നു. കോടതിയില്‍ പോയ ഹംസ പഞ്ചായത്തിലും മണ്ഡലത്തിലും ജില്ലയിലുമെല്ലാം കൗണ്‍സിലറായി. സാദിഖലി തങ്ങളുടെ എല്ലാ നീക്കങ്ങളും പരാജയപ്പെടുത്തി സംസ്ഥാന കൗണ്‍സിലറായും ഹംസ തെരഞ്ഞെടുക്കപ്പെട്ടതോടെ ഒടുവില്‍ സസ്പെന്‍ഡ് ചെയ്താണ് നേതൃത്വം മുഖം രക്ഷിച്ചത്.

കെ.എസ്. ഹംസ

തൃശൂരില്‍ ഭാരവാഹിത്വം ലഭിക്കാതെ വന്ന പ്രധാന നേതാക്കള്‍ ചേർന്ന് വിമത സംഘടനയുണ്ടാക്കി പ്രവർത്തിക്കുകയാണിപ്പോള്‍. ക്രസന്റ് കള്‍ച്ചറല്‍ സെന്‍റർ എന്ന പേരില്‍ ജില്ലാ തലത്തില്‍‍ മാത്രമല്ല പാർട്ടിക്ക് ശക്തിയുള്ള ഗുരുവായൂർ ചേലക്കര മണ്ഡലങ്ങളിലും സജീവ പ്രവർത്തനമാണ്. സാദിഖലി തങ്ങളുടെ ഒരു ഇടപെടലും തൃശൂരില്‍ ഏശാത്ത സ്ഥിതി വന്നു കഴിഞ്ഞു.

സമസ്തയില്‍ കുരുങ്ങി അടിതെറ്റുന്നു

ലീഗിലും സമസ്തയിലും അവസാന വാക്ക് പാണക്കാട് കുടുംബം എന്നതാണ് സാദിഖലി തങ്ങളുടെ സിദ്ധാന്തം. സയ്യിദ് കുടുംബത്തില്‍ നിന്നുള്ള ജിഫ്രി തങ്ങള്‍ സമസ്ത അധ്യക്ഷനായതോടെ പാണക്കാട് കുടുംബത്തിന്റെ ആത്മീയ അപ്രമാദിത്വം സമസ്തയില്‍ ഏല്‍ക്കാത്ത സ്ഥിതി വന്നു. ഈ പ്രശ്നത്തെ രാഷ്ട്രീയ ഔചിത്യവും യുക്തിയും ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നതില്‍ സാദിഖലി തങ്ങള്‍ക്ക് പിഴച്ചു. പാണക്കാട് കുടുംബത്തെ ബഹുമാനിക്കുമ്പോഴും മുശാവറക്ക് മുകളില്‍ സാദിഖലി തങ്ങളെ പരിഗണിക്കാന്‍ സമസ്ത നേതൃത്വം തയ്യാറല്ല.

ജിഫ്രി തങ്ങളും സത്താർ പന്തല്ലൂരും അടങ്ങുന്ന സമസ്ത നേതൃത്വത്തിന് രാഷ്ട്രീയ നിലപാടു മാറ്റം ഉണ്ടായിട്ടില്ല. മുസ്‍ലിം ലീഗിനോടും യു ഡി എഫിനോടും ചേർന്നുപോകാനാണ് അവരുടെ താത്പര്യം. കോണ്‍ഗ്രസ് നേതൃത്വവുമായി ഇവർ പുലർത്തുന്ന ഊഷ്മളബന്ധം അതിന് തെളിവാണ്. സാദിഖലി തങ്ങളും സമസ്തയും തമ്മിലുള്ള ചേർച്ചക്കുറവ് വലിയ വിടവാക്കി മാറ്റുന്ന ഇടപെടലാണ് പി.എം.എ. സലാമിനെ പോലുള്ളവർ നടത്തിയത്.

തട്ടം വിവാദത്തില്‍ സി പി എമ്മിനെ കടന്നാക്രമിച്ച് രംഗത്തുവന്ന സമസ്തയെ ആട്ടിയകറ്റുന്ന പ്രസ്താവനയാണ് സലാം നടത്തിയത്. ആ പ്രസ്താവനയിലെ രാഷ്ട്രീയ വിഡ്ഢിത്തം തിരിച്ചറിഞ്ഞ് ഇടപെടാനും‍ സാദിഖലി തങ്ങള്‍ക്കായില്ലെന്ന് മാത്രമല്ല സലാമിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വാഫി വിവാദത്തില്‍ ഉള്‍പ്പെടെ പാണക്കാട്ടെ മധ്യസ്ഥ ചർച്ചകളില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പായില്ല. ഇരുപക്ഷത്തിനും സ്വീകാര്യമായ തീർപ്പുകളില്‍ എത്തിക്കുന്നതില്‍ സാദിഖലി തങ്ങള്‍ ദയനീയമായി പരാജയപ്പെട്ടു.

ഫലത്തില്‍ സമസ്തയുടെ അണികള്‍ സാദിഖലി തങ്ങളെ സോഷ്യല്‍ മീഡിയയില്‍ ചീത്തവിളിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. പാണക്കാട് കുടുംബത്തിന്റെ ആത്മീയപ്രഭാവത്തിന് സുന്നി മനസുകളില്‍ മങ്ങലേല്‍ക്കുന്ന സ്ഥിതിയാണ് ഇതോടെ സംജാതമായത്. പാണക്കാട് തങ്ങന്‍മാർക്ക് മുസ്‍ലിം സാമുദായിക രാഷ്ട്രീയത്തിലെ അധികാരം കൈമോശം വരാന്‍ പോലും കാരണമാകുന്ന വ്യതിയാനമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം.

പലസ്തീന്‍ റാലിയിലെ
ഇസ്രായേല്‍ പക്ഷപാതിത്വം

പലസ്തീന്‍ ഐക്യദാർഢ്യറാലിയില്‍ വലിയ ജനക്കൂട്ടത്തെ എത്തിക്കാന്‍ ലീഗിനായി. എന്നാല്‍ ആ വിഷയത്തിന്റെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതില്‍ നേതൃത്വത്തിന് പിഴച്ചു. ഇസ്രായേലിനോട് മൃദുസമീപനമുളള ശശി തരൂരിനെ വേദിയിലെത്തിച്ച് പലസ്തീന്‍ പ്രശ്നത്തി!ന്റെ മർമ്മം തന്നെ കളഞ്ഞുകുളിച്ചു.

ശശി തരൂരിന്റെ രാഷ്ട്രീയ നിലപാട് തിരിച്ചറിയാന്‍ സാദിഖലി തങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് മുസ്‍ലിം ലീഗ് ഇപ്പോള്‍ നേരിടുന്ന ഗുരുതര പ്രതിസന്ധിയുടെ നേർസാക്ഷ്യമാണ്.

രാഷ്ട്രീയ വിഷയങ്ങളില്‍ സംഘടനാപരമായ പഠനമോ ചർച്ചയോ സംവാദമോ നടത്തുന്ന രീതി ഇപ്പോള്‍ ലീഗിനില്ല. എല്ലാ കാര്യങ്ങളിലും അടുപ്പക്കാരുടെ ഉപദേശമാണ് പലപ്പോഴും സ്വീകരിക്കപ്പെടുന്നത്.

വലിയ സൗകര്യങ്ങളുള്ള സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിലവാരമുള്ള ഉപദേശവും വിവരങ്ങളും നല്‍കാന്‍ ശേഷിയുള്ള രണ്ട് ബുദ്ധി ജീവികളെങ്കിലും വേണമെന്ന ചിന്തയും നേതാക്കള്‍ക്കില്ല. അതിനായുള്ള ഗവേഷണവും പാർട്ടിയുടെ വിഷയമായി ഇതുവരെ വന്നിട്ടില്ല.

പാർട്ടിക്കാർ പോലും വായിക്കാത്ത ‘ചന്ദ്രിക’

അണികള്‍ക്കും നേതാക്കള്‍ക്കും രാഷ്ട്രീയം പഠിക്കാവുന്ന എന്തെങ്കിലും ചന്ദ്രികയില്‍ കാണാനാവില്ല. ചുരുക്കത്തില്‍ അകമേ പൊള്ളയായ രാഷ്ട്രീയവുമായി വലിയ സംഘടനയും കൊണ്ട് ബുദ്ധിമുട്ടുകയാണ് മുസ്‍ലിം ലീഗും അതിന്‍റെ അധ്യക്ഷന്‍ സാദിഖലി തങ്ങളും.

ഇന്ത്യന്‍ മതനിരപേക്ഷതയും ന്യൂനപക്ഷങ്ങളും വംശഹത്യാഭീഷണി നേരിടുമ്പോള്‍ മുസ്‍ലിം ലീഗ് ഒരു ശക്തിയായി ഇവിടെ വേണ്ടതാണ്. ലീഗിന് പകരം മറ്റൊന്നില്ല എന്നത് ആരും സമ്മതിക്കുന്നതുമാണ്. എന്നാല്‍ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയെങ്കിലും രാഷ്ട്രീയത്തെ ഗൗരവമായി കണ്ട് പഠിച്ച് ആത്മാർത്ഥതമായ ഇടപെടലിന് ലീഗും അധ്യക്ഷന്‍ സാദിഖലി തങ്ങളും തയ്യാറാകുന്നില്ല എന്നതാണ് സങ്കടകരം.

Comments