എഐഎഡിഎംകെ മുൻ മന്ത്രിമാരായ എസ്.പി. വേലുമണി, സി.വി. ഷൺമുഖം

ജയലളിതാ കാലത്തിന് ശേഷം പിളരുന്തോറും പിളരുന്ന AIADMK

തമിഴ്നാട്ടിൽ വിജയുടെ നേതൃത്വത്തിലുള്ള ടിവികെ അധികാരമേറ്റെടുത്തതിന് പിന്നാലെ എഐഎഡിഎംകെ പിളർപ്പിലേക്ക് പോവുകയാണോ? ജയലളിതയുടെ കാലത്തിന് ശേഷം അണികളെയും നേതാക്കളെയും പാർട്ടിയിൽ ഉറപ്പിച്ച് നിർത്തുന്ന നേതൃത്വമില്ലാത്തത് ഈ ദ്രാവിഡപാർട്ടിയെ പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് കൊണ്ടുപോവുകയാണ്…

News Desk

മിഴ്നാട്ടിൽ അഞ്ച് പതിറ്റാണ്ടോളം നീണ്ട ദ്രാവിഡകക്ഷികളായ എഐഎഡിഎംകെയുടെയും ഡിഎംകെയുടെയും മാറിമാറിയുള്ള കുത്തക ഭരണം അവസാനിപ്പിച്ച് കൊണ്ട് പുതിയൊരു പാർട്ടി ഉദയം കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പണ്ഡിതർക്കോ എക്സിറ്റ് പോളുകൾക്കോ ഒന്നും തന്നെ പ്രവചിക്കാനായിരുന്നില്ല വിജയുടെയും ടിവികെയുടെയും വിജയം. ടിവികെ 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ഡിഎംകെയിലെ ഘടകകക്ഷികളെ കൂട്ടി അധികാരം പിടിക്കുകയും ചെയ്തിരിക്കുന്നു. സ്റ്റാലിന് ശേഷം വിജയ് മുഖ്യമന്ത്രിയാവുമ്പോൾ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിപ്പോയ എഐഡിഎംകെയിൽ അടി തുടങ്ങിയിരിക്കുന്നു. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനൊപ്പം ഉദയനിധി സ്റ്റാലിനെ ഡിഎംകെ പ്രതിപക്ഷ നേതാവായും പ്രഖ്യാപിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ എഐഡിഎംകെയെ നയിച്ച മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സ്വാഭാവികമായും ആ പാർട്ടിയുടെ പാർലമെൻററി പാർട്ടി നേതാവായി പ്രഖ്യാപിക്കേണ്ടത്. എന്നാൽ ആ നിലയ്ക്ക് കാര്യങ്ങൾ മുന്നോട്ട് പോകവേ പാർട്ടിയിൽ പ്രതിസന്ധി തുടങ്ങിയിരിക്കുന്നു. മുൻ മന്ത്രി എസ്.പി. വേലുമണിക്ക് പിന്നിൽ അണിനിരക്കുകയാണ് ഒരു കൂട്ടർ. പാർട്ടി ഔദ്യോഗികമായി പളനിസ്വാമിയെയാണ് പാർലമെൻററി പാർട്ടി നേതാവായി തെരഞ്ഞെടുത്തത്. ഇത് സംബന്ധിച്ച് പ്രോടേം സ്പീക്കർക്ക് കത്ത് നൽകാനും തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കാണുള്ളതെന്ന് വേലുമണി ക്യാമ്പ് അവകാശപ്പെട്ടിരിക്കുന്നത്. തുടങ്ങിയത് പാർലമെൻററി പാർട്ടി നേതാവുമായി ബന്ധപ്പെട്ട വിഷയത്തിലാണെങ്കിലും നിലവിൽ ടിവികെയെ പിന്തുണയ്ക്കുമെന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. മുൻമന്ത്രി സി.വി. ഷൺമുഖത്തിൻെറ നേതൃത്വത്തിലാണ് അതിനുള്ള നീക്കങ്ങൾ നടക്കുന്നത്. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഷൺമുഖത്തിൻെറ നേതൃത്വത്തിലുള്ള വിഭാഗം. ഇതോടെ പാർട്ടി തന്നെ പിളരുമെന്ന നിലയിൽ അഭ്യൂഹങ്ങളും ശക്തമായിരിക്കുന്നു.

വിജയ് എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്നാണ് ഷൺമുഖം പ്രഖ്യാപിച്ചത്. കുറഞ്ഞത് 24 എഐഎഡിഎംകെ എംഎൽഎമാരുടെയെങ്കിലും പിന്തുണ ഷൺമുഖത്തിന് ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. ഈ പിന്തുണ ലഭിച്ചാൽ ടിവികെയ്ക്ക് തമിഴ്നാട് നിയമസഭയിൽ അനായാസം വിശ്വാസം തെളിയിക്കാനും സാധിക്കും. 107 സീറ്റുകളുള്ള ടിവികെയ്ക്ക് കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ പാർട്ടികളുടെ പിന്തുണ കൂടി ലഭിച്ചത് കൊണ്ടാണ് അധികാരം ഉറപ്പിക്കാൻ സാധിച്ചത്. എഐഡിഎംകെയിൽ നിന്ന് ഒരു വിഭാഗത്തിൻെറ കൂടി പിന്തുണയായാൽ ടിവികെയുടെ സഭയിലെ പിന്തുണയുടെ അംഗസംഖ്യ വർധിക്കും.

തെരഞ്ഞെടുപ്പിൽ എഐഡിഎംകെയെ നയിച്ച മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സ്വാഭാവികമായും ആ പാർട്ടിയുടെ പാർലമെൻററി പാർട്ടി നേതാവായി പ്രഖ്യാപിക്കേണ്ടത്. എന്നാൽ ആ നിലയ്ക്ക് കാര്യങ്ങൾ മുന്നോട്ട് പോകവേ പാർട്ടിയിൽ പ്രതിസന്ധി തുടങ്ങിയിരിക്കുന്നു.
തെരഞ്ഞെടുപ്പിൽ എഐഡിഎംകെയെ നയിച്ച മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സ്വാഭാവികമായും ആ പാർട്ടിയുടെ പാർലമെൻററി പാർട്ടി നേതാവായി പ്രഖ്യാപിക്കേണ്ടത്. എന്നാൽ ആ നിലയ്ക്ക് കാര്യങ്ങൾ മുന്നോട്ട് പോകവേ പാർട്ടിയിൽ പ്രതിസന്ധി തുടങ്ങിയിരിക്കുന്നു.

ഡിഎംകെ പിളർന്ന് രൂപംകൊണ്ട പാർട്ടി

എഐഡിഎംകെയിൽ പിളർപ്പ് പുത്തരിയല്ല. പാർട്ടിയുണ്ടാവുന്നത് തന്നെ പിളർന്നാണ്. സി.എൻ. അണ്ണാദുരൈയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഡിഎംകെയെന്ന തമിഴ്നാട്ടിലെ ദ്രവീഡിയൻ പാർട്ടി പിളർത്തിയാണ് 1972-ൽ എം.ജി. രാമചന്ദ്രൻെറ നേതൃത്വത്തിൽ എഐഎഡിഎംകെ രൂപീകരിക്കപ്പെടുന്നത്. അങ്ങനെയാണ് സംസ്ഥാനത്ത് രണ്ട് ദ്രാവിഡപാർട്ടികൾ ഉണ്ടാവുന്നത്. എം.ജി.ആറിൻെറ നേതൃത്വത്തിൽ പാർട്ടി പിന്നീട് സംസ്ഥാനത്ത് അധികാരം പിടിച്ചു. അദ്ദേഹത്തിന് ശേഷം ജയലളിത പാർട്ടിയിൽ പിൻഗാമിയായത് മറ്റൊരു ചരിത്രനിമിഷമായിരുന്നു. പിന്നീട് ജയലളിതയുടെ നേതൃത്വത്തിൽ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോയി. ദേശീയ രാഷ്ട്രീയത്തിലും തമിഴ്നാട് രാഷ്ട്രീയത്തിലും വലിയ സ്വാധീനമുള്ള നേതാവായി ജയലളിത വളർന്നു.

ജയലളിതയുടെ കാലം കഴിഞ്ഞാൽ എഐഎഡിഎംകെ എങ്ങനെ മുന്നോട്ട് പോവുമെന്ന ചോദ്യം രാഷ്ട്രീയ വിദഗ്ദരിൽ നിന്ന് നേരത്തെ തന്നെ ഉയർന്നിരുന്നു. പാർട്ടിക്ക് ഒരു പിൻഗാമിയെ പ്രഖ്യാപിക്കാൻ ജയലളിതയ്ക്ക് സാധിച്ചിരുന്നില്ല. ജയലളിത മരണാസന്നയായി ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ കെയർടേക്കർ മുഖ്യമന്ത്രിയായും പിന്നീട് മരണശേഷവും മുഖ്യമന്ത്രിയായി ഒ. പനീർസെൽവം നിയോഗിക്കപ്പെട്ടു. മുൻപ് അഴിമതിക്കേസിനെ തുടർന്ന് ജയലളിത മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനിന്ന ഘട്ടത്തിലും പനീർശെൽവം തന്നെയായിരുന്നു മുഖ്യമന്ത്രിയായിരുന്നത്. ജയലളിതയുടെ പാർട്ടിയിലെ വിശ്വസ്തനായിരുന്നു പനീർശെൽവം. എന്നാൽ ജയലളിതയുടെ മരണത്തിന് ശേഷം പാർട്ടി അണികളുടെയും നേതാക്കളുടെയും പിന്തുണ നിലനിർത്തുന്നതിൽ പനീർശെൽവം പരാജയപ്പെട്ടു. ഇതിനിടെ ജയലളിതയുടെ വിശ്വസ്തയായിരുന്ന വി. ശശികല പാർട്ടി പിടിക്കാനുള്ള ശ്രമം തുടങ്ങി. ഇതിനെതിരെ പനീർശെൽവം വിഭാഗം പ്രതിരോധിച്ച് നിന്നു.

 ജയലളിത മരണാസന്നയായി ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ കെയർടേക്കർ മുഖ്യമന്ത്രിയായും പിന്നീട്  മരണശേഷവും മുഖ്യമന്ത്രിയായി ഒ. പനീർസെൽവം നിയോഗിക്കപ്പെട്ടു.
ജയലളിത മരണാസന്നയായി ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ കെയർടേക്കർ മുഖ്യമന്ത്രിയായും പിന്നീട് മരണശേഷവും മുഖ്യമന്ത്രിയായി ഒ. പനീർസെൽവം നിയോഗിക്കപ്പെട്ടു.

ജയലളിതയുടെ കാലത്തിന് ശേഷം പാർട്ടി ജനറൽ സെക്രട്ടറിയായും മുഖ്യമന്ത്രിയായും പാർട്ടിയും സംസ്ഥാനവും ഭരിക്കാമെന്ന ശശികലയുടെ പ്രതീക്ഷകൾ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിലായതോടെ അവസാനിച്ചു. ഇതോടെ ശശികലയ്ക്ക് അധികാരരാഷ്ട്രീയത്തിൽ നിന്ന് പിൻമാറേണ്ടി വന്നു. എന്നാൽ ശശികല തനിക്ക് താൽപര്യമുള്ള മറ്റൊരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. അതായിരുന്നു എടപ്പാടി കെ. പളനിസ്വാമി. എന്നാൽ, ശശികലയെ പാർട്ടി സ്വാധീനത്തിൽ നിന്ന് ഒഴിവാക്കുന്നതായിരുന്നു പിന്നീട് പളനിസ്വാമിയുടെ രാഷ്ട്രീയതന്ത്രങ്ങൾ. ഇതിനിടയിൽ പനീർശെൽവവുമായി യോജിച്ച് പ്രവർത്തിക്കാനും പളനിസ്വാമി തീരുമാനിച്ചു. ഇരുവരുടെയും നേതൃത്വത്തിൽ എഐഎഡിഎംകെ മുന്നോട്ട് പോകുന്നതിനിടയിൽ പാർട്ടിയിൽ മറ്റൊരു പിളർപ്പുണ്ടായി. ശശികലയുടെ അനന്തരവനായ ടി.ടി.വി. ദിനകരൻ പാർട്ടിയിൽ നിന്ന് പുറത്തു പോയി 'അമ്മ മക്കൾ മുന്നേറ്റ കഴകം പാർട്ടി’ രൂപീകരിച്ചു. ഐക്യത്തിലായിരുന്ന പനീർ ശെൽവും പളനിസ്വാമിയും തമ്മിൽ വീണ്ടും ചേരിപ്പോര് രൂക്ഷമായി. പാർട്ടി രണ്ട് വിഭാഗമായി പിളർന്നു. ഇരുവിഭാഗങ്ങളും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കൊറ്റക്ക് മത്സരിക്കുകയും ദയനീയമായി തോൽക്കുകയും ചെയ്തു. എടപ്പാടിയുടെ നേതൃത്വത്തിൽ പാർട്ടി സംസ്ഥാനത്ത് ബി.ജെ.പിയുമായി കൂടുതൽ അടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പനീർസെൽവം എഐഡിഎംകെ വിട്ട് ഡിഎംകെയിലേക്ക് ചേക്കേറി. ബോഡിനായ്ക്കന്നൂരിൽ നിന്ന് മത്സരിച്ച് വൻഭൂരിപക്ഷത്തോടെ ജയിച്ച് ഇപ്പോൾ എം.എൽ.എയുമായി. എം.ജി.ആറും ജയലളിതയുമെല്ലാമുള്ള കാലത്ത് പാർട്ടിയിൽ ശക്തനായിരുന്ന സെങ്കോട്ടയ്യനും പാർട്ടി വിട്ടു. അദ്ദേഹം ഇന്ന് വിജയുടെ ടിവികെയിലെ പ്രധാന നേതാക്കളിലൊരാളായി മാറിക്കഴിഞ്ഞു. വിജയ് അധികരമേറ്റ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വന്ന മന്ത്രിസഭയിലെ 9 പേരിൽ പ്രമുഖനാണ് ഇന്ന് സെങ്കോട്ടയ്യൻ. ഇപ്പോഴിതാ എടപ്പാടി പക്ഷത്തും അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നു. അധികാരത്തിലും പ്രതിപക്ഷത്തിലും കാര്യമായ റോളില്ലാത്ത, ദേശീയ രാഷ്ട്രീയത്തിൽ അപ്രസക്തമായ എഐഡിഎംകെ അനിവാര്യമായ തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണോ?

എം.ജി.ആറും ജയലളിതയുമെല്ലാമുള്ള കാലത്ത് പാർട്ടിയിൽ ശക്തനായിരുന്ന സെങ്കോട്ടയ്യനും പാർട്ടി വിട്ടു. അദ്ദേഹം ഇന്ന് വിജയുടെ ടിവികെയിലെ പ്രധാന നേതാക്കളിലൊരാളായി മാറിക്കഴിഞ്ഞു. വിജയ് അധികരമേറ്റ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വന്ന മന്ത്രിസഭയിലെ 9 പേരിൽ പ്രമുഖനാണ് ഇന്ന് സെങ്കോട്ടയ്യൻ.
എം.ജി.ആറും ജയലളിതയുമെല്ലാമുള്ള കാലത്ത് പാർട്ടിയിൽ ശക്തനായിരുന്ന സെങ്കോട്ടയ്യനും പാർട്ടി വിട്ടു. അദ്ദേഹം ഇന്ന് വിജയുടെ ടിവികെയിലെ പ്രധാന നേതാക്കളിലൊരാളായി മാറിക്കഴിഞ്ഞു. വിജയ് അധികരമേറ്റ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വന്ന മന്ത്രിസഭയിലെ 9 പേരിൽ പ്രമുഖനാണ് ഇന്ന് സെങ്കോട്ടയ്യൻ.

Comments