ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സി.പി.എം. എം.എല്‍.എയും നടനുമായ എം. മുകേഷിനെതിരെ തുടരെതുടരെയുള്ള ആരോപണത്തില്‍ പ്രതിരോധത്തിലായി സര്‍ക്കാര്‍. ഹൈക്കോടതി നിലപാട് അനുസരിച്ച് തുടര്‍നടപടിയെന്ന ധാരണയിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്ത സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിഞ്ഞത്. അതിനുശേഷമുള്ള അപ്രതീക്ഷിത വെളിപ്പെടുത്തലുകളുടെ പരമ്പര ഏറ്റവും പ്രതിസന്ധിയിലാക്കിയത് സര്‍ക്കാറിനെയും സി.പി.എമ്മിനെയുമാണ്. ഒപ്പം മുകേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ നിര്‍ത്താതെയുള്ള പ്രതിഷേധവും.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍സ്ഥാനം രാജിവക്കേണ്ടിവന്ന രഞ്ജിത്തിനെതിരായ ആരോപണത്തിന് സമാനമാണ് മുകേഷിനെതിരായ ആരോപണവും. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും മോശം ഭാഷയില്‍ സംസാരിച്ചുവെന്നുമായിരുന്നു നടി മിനു മുനീറിന്റെ ആരോപണം. കൂടാതെ, സിനിമാലോകത്തെ പിടിച്ചുലച്ച മീ ടൂ കാമ്പയിനിടെ, 2018-ല്‍ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫും മുകേഷിനെതിരേ ഉന്നയിച്ച ആരോപണം വീണ്ടും ചര്‍ച്ചയില്‍വന്നു. ‘കോടീശ്വരന്‍’ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നു എന്നായിരുന്നു ടെസിന്റെ ആരോപണം. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റിയെന്നും ടെസ് ആരോപിച്ചിരുന്നു. ഏറ്റവും ഒടുവില്‍ തന്റെ സുഹൃത്തായ നടിയുടെ വീട്ടിലെത്തി മുകഷ് അവരുടെ അമ്മയോട് അപമര്യാദയായി പെരുമാറിയെന്ന നടി സന്ധ്യയുടെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ കൂടുതല്‍ പ്രതിരോധത്തിലായത് സര്‍ക്കാരാണ്. ടെസിന്റേത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് പറഞ്ഞ് പ്രതിരോധം തീര്‍ക്കാനാണ് മുകേഷ് ശ്രമിച്ചത്. പ്രതിപക്ഷ നേതാക്കള്‍ മുകേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രസ്താവനകള്‍നിരന്തരം നടത്തിയിട്ടും സി പി എമ്മിലെ ഒരു നേതാവും പരസ്യമായി ഒരു പ്രതികരണവും നടത്തിയതുമില്ല.
ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്ന് മുകേഷിനെ മാറ്റിയാലും, നിയമസഭ എന്ന നിയമനിർമാണസഭയിൽ ഇങ്ങനൊരാള്‍ അംഗമാകാൻ അർഹനാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന വാദവും സമാന ആരോപണങ്ങളില്‍ യു.ഡി.എഫ് എം.എല്‍.എ.മാര്‍ രാജിവെച്ചിട്ടില്ലെന്ന ന്യായവുമാണ് മുകേഷിന് വേണ്ടി സി പി എം തീര്‍ക്കുന്ന പ്രതിരോധം. ആ പ്രതിരോധം ദുര്‍ബലമാണെന്ന തിരിച്ചറിവ് സി പി ഐയ്ക്കുണ്ട്, പരസ്യമായി രാജി ആവശ്യപ്പെടുന്നില്ലെങ്കിലും. എന്നാല്‍ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുകേഷ് സ്വയം മാറി നില്‍ക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജയുടെ നിലപാട് സിപിഐയേയും പ്രതിരോധത്തിലാക്കി.
പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി മുകേഷ് രംഗത്തെത്തി. താന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് മുകേഷ് പറഞ്ഞു. ജീവിതം തകര്‍ക്കാന്‍ കെണി വയ്ക്കുന്നവരെ ഒറ്റപ്പെടുത്തുമെന്നും ബ്ലാക്ക് മെയില്‍ തന്ത്രങ്ങള്‍ക്ക് കീഴടങ്ങാന്‍ തയാറല്ലെന്നും ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍മുകേഷ് പറയുന്നു. നടന്‍ എന്ന നിലയ്ക്ക് മാത്രമല്ല ജനപ്രതിനിധി എന്ന നിലയ്ക്കും പൊതുസമൂഹത്തോട് തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ത്തി 2018- ല്‍ ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ടെന്നും അദ്ദേഹം എഴുതുന്നു. പൊതുസമൂഹം അത് തള്ളിക്കളഞ്ഞു. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരണം ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാന്‍ കെണി വെക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മുകേഷ് വിശദീകരിക്കുന്നു.
രണ്ട് വർഷം മുമ്പ് ആരോപണം ഉന്നയിച്ച സ്ത്രീയും സംഘവും തന്നെ ബ്ലാക്‌മെയില്‍ ചെയ്തു എന്ന് പറയുന്ന മുകേഷ് അത് എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല എന്ന ചോദ്യത്തിന് അപ്പോഴും മറുപടി പറയേണ്ടി വരും.
നടിയെ ആക്രമിച്ച കേസില്‍ മുഖം നോക്കാതെ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതും സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രാജ്യത്ത് ആദ്യമായി കമ്മിറ്റിയെ വച്ചതും മുതല്‍ സിനിമാമേഖലയിലെ സ്ത്രീപീഡനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചതുവരെയുള്ള സര്‍ക്കാര്‍ നടപടികെളെ ഇടതുസര്‍ക്കാറിന്റെ സ്ത്രീപക്ഷനിലപാടായി ഉയര്‍ത്തിക്കാണിക്കുന്ന ഘട്ടത്തിലാണ് ഭരണപക്ഷ എം.എല്‍.എക്കെതിരെ വെളിപ്പെടുത്തല്‍ പരമ്പര വന്നത്. മാത്രമല്ല, പരാതിക്കാർക്കൊപ്പമായിരിക്കും സർക്കാർ എന്ന നിലപാട് മുഖ്യമന്ത്രിയും മന്ത്രിമാരും ആവർത്തിച്ചുകൊണ്ടിരിക്കുകയുമാണ്. എന്നാൽ, ആരോപണവിധേയർക്കൊപ്പമാണ് സർക്കാർ എന്ന പ്രതീതി സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
സമിതിയിലോ ഏത് സ്ഥാനത്തോ ഇരിക്കുന്നു എന്നതല്ല, ആരോപണ വിധേയർ ആരായാലും പദവികളില്‍ നിന്ന് ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് ഇടതു സഹയാത്രിക കൂടിയായ നടി ഗായത്രി വര്‍ഷയുടെ അഭിപ്രായം സോഷ്യല്‍ മീഡിയയിലടക്കം പല ഇടതു ഐഡികളും പങ്കുവെയ്ക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ, ‘ശക്തമായ നടപടി’ എന്ന സര്‍ക്കാറിന്റെ അവകാശവാദം മുകേഷിന്റെ കാര്യത്തിൽ അടിയറവ് വെക്കുകയാണോ എന്ന സന്ദേഹവും സർക്കാറിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
സംവിധായകൻ രഞ്ജിത്തിനെതിരായ വെളിപ്പെടുത്തലില്‍ പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടും വനിതാ മന്ത്രിമാരും സോഷ്യല്‍ മീഡിയയിലടക്കമുള്ള ഇടതുപക്ഷ പ്രവര്‍ത്തകരും, അദ്ദേഹത്തിനെതിരെ നിലപാടെടുത്തപ്പോള്‍ സര്‍ക്കാരിനെ മോശമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് തനിക്കുനേരേയുള്ള ആരോപണമെന്നായിരുന്നു രഞ്ജിത്തിന്റെ ന്യായീകരണം. പക്ഷെ അത് ദേശാഭിമാനി പോലും വാര്‍ത്തായിക്കിയില്ല.
എന്നാല്‍ മുകേഷിനുവേണ്ടി ദേശാഭിമാനി, 'വിന്‍സെന്റ് മുതല്‍ എല്‍ദോസ് വരെ; കോണ്‍ഗ്രസേ... ലേശം ഉളുപ്പ്' എന്ന തലക്കെട്ടില്‍ ഓഗസ്റ്റ് 26ന് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. എം.പിമാരായ കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ സോളാര്‍ കേസില്‍ പീഡന ആരോപണം നേരിട്ടവരാണെന്ന് ദേശാഭിമാനി ഓർമിപ്പിക്കുന്നു. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗക്കേസ് മാത്രമല്ല, കൊലപാതകശ്രമ കേസുമുണ്ടെന്ന് ദേശാഭിമാനി പറയുന്നുണ്ട്. പോലീസ് കുറ്റപത്രം വരെ സമര്‍പ്പിച്ചിട്ടും കോണ്‍ഗ്രസ് ഇതുവരെ നടപടിയെടുത്തിട്ടില്ല എന്ന വസ്തുതയും ചൂണ്ടിക്കാട്ടുന്നുണ്ട്, പത്രം. എന്നാല്‍, 'തെളിയുന്നത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം' എന്ന തലക്കെട്ടില്‍ ഇന്ന് (27-08-2024) ദേശാഭിമാനി എഡിറ്റോറിയല്‍ എഴുതി, ആരോപണവിധേയര്‍ ആരെന്നോ, അവരുടെ രാഷ്ട്രീയം എന്തെന്നോ നോക്കിയല്ല സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നതെന്നും 2016ന് ശേഷമുള്ള സര്‍ക്കാര്‍ നടപടികളുടെ നാള്‍വഴികള്‍തന്നെ അതിന് തെളിവാണെന്നും പറഞ്ഞുകൊണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെ ക്വാട്ട് ചെയ്തു തുടങ്ങുന്ന എഡിറ്റോറിയല്‍ അവസാനിക്കുന്നത് ഇങ്ങനെയാണ്; ‘‘എന്തെങ്കിലും ' ക്രെഡിറ്റി'നുവേണ്ടി ചെയ്യുന്നതല്ല, മറിച്ച് എല്‍ ഡി എഫിന്റെ സുചിന്തിതവും പ്രഖ്യാപിതവുമായ നിലപാടാണത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നടപടികളുടെ നേട്ടം ഒരു കാരണവശാലും സംസ്ഥാന സര്‍ക്കാരിന് ലഭിക്കരുതെന്നു കരുതി വിയര്‍പ്പൊഴുക്കുന്നവര്‍ അത് മനസ്സിലാക്കുന്നത് നല്ലതാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സ്ത്രീകള്‍ നേരിട്ട ഭീതിദമായ അന്തരീക്ഷവും ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ജിഷ കേസന്വേഷണത്തിലടക്കം കാണിച്ച അനാസ്ഥയും കേരളം മറന്നിട്ടില്ല. എന്നാല്‍, എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തേ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകൂവെന്ന് സിനിമാമേഖലയിലുള്ളവര്‍ പരസ്യമായി ഇപ്പോള്‍ പ്രതികരിക്കുന്നു. ബഹുജനങ്ങളിലും ആ വിശ്വാസമാണ് തെളിഞ്ഞുകാണുന്നത്. പ്രത്യേക അന്വേഷക സംഘത്തെ പ്രഖ്യാപിച്ചതും ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും ധീരമായ നിലപാടുകളുംതന്നെയാണ് ഇതിലെല്ലാം തലയുയര്‍ത്തി നില്‍ക്കുന്നത് എന്നതിലും തെല്ലും സംശയമില്ല.''
സിനിമാലോകത്തെ തൊഴില്‍ ചൂഷണത്തിനും ലൈംഗികാതിക്രമത്തിനും നേരെ മുഖം നോക്കാതെ നടപടി എന്ന സര്‍ക്കാർ അവകാശവാദത്തെ പരിഹാസ്യമാക്കുന്നതാണ് മുകേഷിന്റെ കാര്യത്തിൽ തുടരുന്ന നിശ്ശബ്ദത.