നിയുക്ത അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ/ Photo:Gage Skidmore

അമേരിക്കയിൽനിന്ന്​ കൂടുതൽ അൽഭുതങ്ങൾ ലോകത്തെ കാത്തിരിക്കുന്നു

പ്രസിഡൻറ്​ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ യു.എസിലുണ്ടായ വർണ- വർഗ ധ്രുവീകരണങ്ങളും അതിന്റെ രാഷ്​ട്രീയവും അതിസൂക്ഷ്​മമായി വിലയിരുത്തപ്പെടുന്നു

മേരിക്കൻ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലുദിവസത്തിനുശേഷവും, നീണ്ടതും സങ്കീർണവുമായ വോട്ടെണ്ണൽ നടപടി പുരോഗമിക്കവെ, നവംബർ എഴ് ശനിയാഴ്ച രാവിലെ, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ ജോ ബൈഡൻ പരാജയപ്പെടുത്തിയതായി ന്യൂസ് ഡസ്‌കുകൾ പ്രഖ്യാപിച്ചു. യു.എസിലും ലോകമെമ്പാടുമുള്ള ലിബറൽ ജനാധിപത്യ അനുകൂലികൾ ഇത് ആഘോഷിച്ചു. വളർന്നുവരുന്ന ഒരു ഏകാധിപതിയെ ജനാധിപത്യപ്രകിയയിലൂടെ പരാജയപ്പെടുത്തിയിരിക്കുന്നു.

എന്നിരുന്നാലും, യു.എസ് രാഷ്ട്രീയത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ജോ ബൈഡൻ അനുകൂലികളായ ചിലരിൽ വളരെ പെട്ടെന്ന് ഒരു തരം കീഴടങ്ങലും നിരാശയും പടരാൻ തുടങ്ങി. തെരഞ്ഞെടുപ്പിനു മുമ്പ് അഭിപ്രായ സർവേകൾ പ്രവചിച്ചത് ഗംഭീര വിജയമായി ഇത് മാറാൻ പോകുകയാണെന്നാണ്, ഇത് ട്രംപിസത്തിന്റെ പരാജയമായി മാറാൻ പോകുകയാണെന്നാണ്. 2016ലെ തെരഞ്ഞെടുപ്പിലെ അങ്ങേയറ്റം ധ്രുവീകൃതമായ അന്തരീക്ഷം മാറിമറയുമെന്നും ഗ്രാമീണ വ്യാവസായിക സ്റ്റേറ്റുകൾ ഡെമോക്രാറ്റുകൾ തിരിച്ചുപിടിക്കുമെന്നും അമേരിക്കൻ ജനത ഒരുമിച്ചുനിന്ന് കഴിഞ്ഞ നാലുവർഷങ്ങളുടെ ഭീകരതയെ അതിജീവിക്കുമെന്നുമായിരുന്നു പ്രതീക്ഷ. അമേരിക്കൻ പദ്ധതികളിലുള്ള വിശ്വാസം പുനഃസ്ഥാപിക്കപ്പെടാൻ പോകുകയാണെന്നുമായിരുന്നു പ്രതീക്ഷ.

വെളളക്കാരായ വോട്ടർമാരിൽ ഭൂരിപക്ഷം ട്രംപിനും വെള്ളക്കാരല്ലാത്തവരിൽ ഭൂരിപക്ഷം ബൈഡനും വോട്ടു ചെയ്തു. കൂടാതെ, ഒരുവിഭാഗമെന്ന നിലയിൽ വെള്ളക്കാർ ബൈഡന് പ്രസിഡന്റ് സ്ഥാനം നൽകി അദ്ദേഹത്തിനൊപ്പവും, ഒരു വിഭാഗമെന്ന നിലയിൽ കറുത്തവർഗക്കാർ റിപ്പബ്ലിക്കൻ പാർട്ടിക്ക് അപ്രതീക്ഷിത നേട്ടം നൽകി ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക്​ നയിച്ച്​ ട്രംപിനൊപ്പവും നിലകൊണ്ടു

എന്നാൽ ഇത് സംഭവിച്ചില്ല. ഭൂരിപക്ഷം പോപ്പുലർ വോട്ടുകളും ഇലക്ടറൽ വോട്ടുകളും നേടി ബൈഡൻ വിജയിച്ചു, ലിബറൽ ജനാധിപത്യത്തെയും ഡെമോക്രാറ്റുകളെയും സംബന്ധിച്ച് തീർച്ചയായും, ഇത് സുപ്രധാന വിജയമാണ്. എന്നാൽ, 2016 ൽ പൊതുമധ്യത്തിൽ വെളിവായ അമേരിക്കൻ സമൂഹത്തിലെ പിളർപ്പുകൾ കൂടുകയാണുണ്ടായത്. പ്രതീക്ഷിച്ചതിൽ നിന്ന്​ വിരുദ്ധമായി യു.എസ് ജനപ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾക്ക് സീറ്റുകൾ നഷ്ടമായി. യു.എസ് കോൺഗ്രസിലും സ്റ്റേറ്റ് നിയമസഭകളിലും, ഗ്രാമീണമേഖലകളിൽ നിന്നും ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള ജില്ലകളിൽനിന്നുംവരെ ഡെമോക്രാറ്റുകൾ അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. ഡൊണാൾഡ് ട്രംപിന്റെ പിന്തുണ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതീക്ഷിച്ചതിലും ശക്തമായ വിജയം നേടാൻ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥികളെ പ്രാപ്തരാക്കി.

ജോർജിയയിലെ രണ്ട് സെനറ്റ് സീറ്റുകളിലേക്ക് ജനുവരി അഞ്ചിന് ‘റൺ ഓഫ്’ (ഇരുപാർട്ടികൾക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ വീണ്ടും നടക്കുന്ന തെരഞ്ഞെടുപ്പ്) നടക്കാനുണ്ട്. യു.എസ് സെനറ്റിന്റെ നിയന്ത്രണം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷ ​ട്രംപിനു പിന്നിൽ അണിനിരന്ന റിപ്പബ്ലിക്കൻസിനുണ്ട്. ബൈഡൻ മുന്നോട്ടുകൊണ്ടുവരാൻ സാധ്യതയുള്ള പുരോഗമനപരമായ ഏറ്റവും ചെറിയ നിയമനിർമാണങ്ങൾ വരെ തടസപ്പെടുത്താൻ കഴിയുമെന്ന സ്ഥിതിയിലാണ് അവർ.

വെളളക്കാരായ വോട്ടർമാരിൽ ഭൂരിപക്ഷം ട്രംപിനും വെള്ളക്കാരല്ലാത്തവരിൽ ഭൂരിപക്ഷം ബൈഡനും വോട്ടു ചെയ്തു. കൂടാതെ, ഒരുവിഭാഗമെന്ന നിലയിൽ വെള്ളക്കാർ ബൈഡന് പ്രസിഡന്റ് സ്ഥാനം നൽകി അദ്ദേഹത്തിനൊപ്പവും, ഒരു വിഭാഗമെന്ന നിലയിൽ കറുത്തവർഗക്കാർ റിപ്പബ്ലിക്കൻ പാർട്ടിക്ക് അപ്രതീക്ഷിത നേട്ടം നൽകി ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക്​ നയിച്ച്​ ട്രംപിനൊപ്പവും നിലകൊണ്ടു- ഈ രണ്ടു ഘടകങ്ങൾ യു.എസ് രാഷ്ട്രീയത്തെ നോക്കിക്കാണുന്ന ഒരാളെ സംബന്ധിച്ച് അതിശയകരമാണ്.

എന്തുകൊണ്ട്​, എങ്ങനെ ഇത് സംഭവിച്ചു? എന്തൊക്കെയാണ് ഇത് നൽകുന്ന സൂചനകൾ?

'നോൺ കോളജ് വൈറ്റ്‌സ്’, 'കോളജ് വൈറ്റ്‌സ്'

2016 ലെ തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രംപ് ഞെട്ടിപ്പിക്കുന്ന വിജയം നേടുമെന്നതിന്റെ ലക്ഷണങ്ങൾ രാഷ്ട്രീയ ശാസ്ത്രജ്ഞർ കുറച്ചുകൂടി നേരത്തെ കണ്ടിരുന്നു. പാശ്ചാത്യരാജ്യങ്ങളിലെ "കോളജ് വിദ്യാഭ്യാസമില്ലാത്ത വെളളക്കാരായ വോട്ടർമാർ' (നോൺ കോളജ് വൈറ്റ്‌സ്) എന്ന വിഭാഗത്തിൽപ്പെടുത്താവുന്നയാളുകൾ വലതുപക്ഷത്തോടും പൊതുസമ്മതരായ നേതാക്കളോടും ചായ്‌വ് കാട്ടുന്നുണ്ടായിരുന്നു. വ്യാവസായിക മേഖലകൾ മുതൽ അപ്പർ മിഡിൽക്ലാസ് വരെയുള്ള തൊഴിലാളിവർഗത്തിൽപ്പെട്ട വെള്ളക്കാരെയും സർവ്വഥ സമ്പന്നരായ ബിസിനസ് ഉടമകളെയും സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് "നോൺ-കോളജ് വൈറ്റ്‌സ്'. ആർട്ട് ബിരുദം നേടിയ പാവപ്പെട്ടവർ മുതൽ സമ്പന്നരായ സിലിക്കൻ വാലി സംരംഭകർ വരെ ഉൾപ്പെടുന്ന "കോളജ് വൈറ്റ്‌സ്' സെന്റർ-ലെഫ്റ്റ് വിഭാഗങ്ങൾ ഇടതുപക്ഷ നേതാക്കൾക്കൊപ്പം തിരിയുന്നുണ്ടായിരുന്നു.

ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് റാലിയിൽ അണികളോട് സംസാരിക്കുന്ന ജെറമി കോർബിൻ, 2016 ആഗസ്റ്റിലെ ചിത്രം

ജെറമി കോർബിനു കീഴിലുള്ള യു.കെ ലേബർപാർട്ടിയായിരുന്നു ഇതിന് വ്യക്തമായ ഉദാഹരണം. ഹിലരി ക്ലിന്റൺ, ജെറമി കോർബിൻ, ജോ ബൈഡൻ എന്നിവരുടെ തെരഞ്ഞെടുപ്പ് സഖ്യങ്ങൾ വ്യത്യസ്തമെന്നതിനേക്കാളേറെ സമാനമായിരുന്നുവെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. ജെറമി കോർബിനു കീഴിൽ ലേബർ പാർട്ടിക്ക്, വടക്കൻ ഇംഗ്ലണ്ടിലെ സ്റ്റോക്ക് ഓൺ ട്രന്റ്, ഡോൺ വാലി പോലുള്ള ചില പരമ്പരാഗത തൊഴിലാളി വർഗ ശക്തികേന്ദ്രങ്ങൾ നഷ്ടമാകുകയാണ് ചെയ്തത്. അതേസമയം, ഉന്നവിദ്യാഭ്യാസമുള്ള വോട്ടർമാരുള്ള നഗരങ്ങളിൽ സ്ഥിതി മെച്ചപ്പെടുത്താനും കഴിഞ്ഞു. യു.കെയിൽ ഇടതുപക്ഷം വൻപരാജയം ഏറ്റുവാങ്ങിക്കൊണ്ട് കോർബിൻ യുഗം അവസാനിച്ചപ്പോൾ 2019ൽ പത്രങ്ങൾ പ്രഖ്യാപിച്ചു, "ചെങ്കോട്ടകൾ നിലംപതിക്കുന്നു' (The Red wall crumbles). 2016ൽ, ഞെട്ടിത്തരിച്ചുകൊണ്ട് ഡെമോക്രാറ്റുകൾ വോട്ടെണ്ണൽ കണ്ടുകൊണ്ടിരിക്കെ, ന്യൂസ് ഡസ്‌കുകൾ പ്രഖ്യാപിച്ചു, "നീലക്കോട്ടകൾ നിലംപതിക്കുന്നു' (the blue wall crumbles). (മറ്റുരാജ്യങ്ങളിൽ നീലയെന്നത് ഏറെ യാഥാസ്ഥിതികരായ പാർട്ടികളെയാണ് സൂചിപ്പിക്കുന്നത്. ഇതിനു വിരുദ്ധമായി യു.എസിൽ നീല ഡെമോക്രാറ്റിക് പാർട്ടിയെയാണ് സൂചിപ്പിക്കുന്നത്). രണ്ടു ദശാബ്ദക്കാലമായി സ്ഥിരമായി ഡെമോക്രാറ്റുകളെ വോട്ടുചെയ്തു വിജയിപ്പിച്ച മധ്യ- പടിഞ്ഞാറൻ വ്യാവസായിക സ്റ്റേറ്റുകളായ പെനിസിൽവാലിയ, മിഷിഗൺ, വിസ്‌കൻസിൻ എന്നിവ ഡൊണാൾഡ് ട്രംപ് പിടിച്ചെടുക്കുകയും ലോകത്തെ ഞെട്ടിക്കുകയും ചെയ്തു.

റിപ്പബ്ലിക്കൻ ടീ പാർട്ടി

കർമനിരതരല്ലാത്ത എതിരാളി‌ക്കെതിരെ എളുപ്പം വിജയത്തിലേക്കു കുതിച്ചുകയറാമെന്നായിരുന്നു 2016ൽ ഹിലരി ക്ലിന്റണിന്റെ കാമ്പെയ്ൻ പ്രതീക്ഷിച്ചിരുന്നത്. എന്തൊക്കെയായാലും, ‘വാർ ഹീറോ’യെന്ന കീർത്തി ലഭിച്ച

ജോൺ മെക്കൈൻ

ജോൺ മെക്കൈനിനെതിരെ 2008ലും, ജനറിക് റിപ്പബ്ലിക്കനായ മിറ്റ് റോംനിയ്‌ക്കെതിരെ 2012ലും താരതമ്യേന പ്രായം കുറഞ്ഞ ആഫ്രിക്കൻ അമേരിക്കക്കാരനെ വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത രാജ്യമാണിത്. മുൻ തലമുറയെ അപേക്ഷിച്ച് ലിബറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു യുവ തലമുറയെ പ്രയോജകരാക്കിക്കൊണ്ട് വളർന്നുവരുന്ന, ബഹുസ്വരമായ അമേരിക്കൻ വോട്ടർമാരുടെ സഖ്യത്തെയാണ് ഒബാമ പ്രതിനിധീകരിക്കുന്നത് എന്നായിരുന്നു കരുതിയിരുന്നത്. 2012നുശേഷം റിപ്പബ്ലിക്കൻ പാർട്ടി നടത്തിയ സൂക്ഷ്മമായ വിലയിരുത്തലിൽ പാർട്ടിയുടെ മികച്ച ഭാവി സാധ്യമാക്കാൻ ന്യൂനപക്ഷങ്ങളെ, സ്ത്രീകളെ, മറ്റുവിഭാഗങ്ങളെ പരിഗണിക്കുന്ന രീതിയിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്ന് നിർദേശിച്ചിരുന്നു. കുറേക്കൂടി ഇൻക്ലൂസീവായ ഒരു ദിശയിലേക്ക് റിപ്പബ്ലിക്കൻ പാർട്ടി നീങ്ങുമെന്നായിരുന്നു ലിബറലുകൾ പ്രതീക്ഷിച്ചിരുന്നത്. അവർക്കുചുറ്റുമുള്ള എല്ലാവരും ആ സന്ദേശം ഉറപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ, സംഭവിച്ചത് അതായിരുന്നില്ല. ഒബാമ വിരുദ്ധ മുന്നേറ്റമായ "ടീ പാർട്ടി' രൂപീകരിച്ചുകൊണ്ട് റിപ്പബ്ലിക്കൻ അടിത്തറ ഇതിനെ എതിരിട്ടുനിന്നു. ടീ പാർട്ടി പഴയ സഖ്യത്തെ കുറേക്കൂടി ശക്തമായി ഉറപ്പിച്ചുനിർത്തി. "യഥാർഥ അമേരിക്കക്കാരുടെ' മൂല്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നതാണ് വളർന്നുവരുന്ന ഡമോക്രാറ്റ് സഖ്യമെന്നും തങ്ങൾ തിരിച്ചടിക്കേണ്ടതുണ്ടെന്നും അവർ പ്രഖ്യാപിച്ചു. മത യാഥാസ്ഥിതികത്വത്തിന്റെയും നേറ്റീവിസത്തിന്റെയും തത്വങ്ങളിൽ അടിയുറച്ച താഴേത്തട്ടിൽ നിന്നുള്ള ഈ മുന്നേറ്റവും തീവ്രവലതുപക്ഷ കോടീശ്വരന്മാരുടെയും സംഘടനകളുടെയും പിന്തുണയും ഫണ്ടും, സുപ്രധാന യു.എസ് സെനറ്റ് സീറ്റുകളിലും സ്റ്റേറ്റ് ലെജിസ്ലേറ്ററുകളിലും ഗവർണർഷിപ്പുകളിലും വിജയം നേടാൻ റിപ്പബ്ലിക്കന്മാരെ പ്രാപ്തരാക്കി. തോറ്റുകൊണ്ടിരിക്കുന്ന ഒരു യുദ്ധത്തിലാണ് തങ്ങൾ പോരാടുന്നതെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ അടിത്തറ വിശ്വസിച്ചു. അവരാൽ തെരഞ്ഞെടുക്കപ്പെട്ട നേതാക്കന്മാരാകട്ടെ അധികാരത്തിലെ അവരുടെ സ്ഥാനം ഉറപ്പിക്കാനുള്ള ഏത് അവസരവും പ്രയോജനപ്പെടുത്തി.

2009 ഏപ്രിൽ 18ന് ഫിലാഡൽഫിയ ടീ പാർട്ടിയിൽ അണിനിരന്ന പ്രതിഷേധക്കാർ

ഉദാഹരണത്തിന്, യു.എസ് കോൺഗ്രഷണൽ ജില്ലകൾ പിടിച്ചെടുക്കാൻ അവർ അവരുടെ അധികാരം അങ്ങേയറ്റം അപകടകരമാംവിധം ഉപയോഗിച്ചു, ഡെമോക്രാറ്റുകൾക്ക് വോട്ടുചെയ്യുന്ന പാവപ്പെട്ടവരെയും ന്യൂനപക്ഷ സമുദായങ്ങളെയും വളരെയധികം ബാധിക്കുന്ന കർശനമായ വോട്ടിങ് നിയന്ത്രണങ്ങൾ അവർ കൊണ്ടുവരികയും നിലവിലെ അവസ്ഥ നിലനിർത്താൻ വലതുപക്ഷ ജഡ്ജിമാരെ നിയമിക്കുകയും ചെയ്തു. ട്രംപിന്റെ പ്രസംഗങ്ങളും പൗരുഷ പ്രദർശനവുമെല്ലാം അവരുടെ ധ്രുവീകരണത്തെ ത്വരിതപ്പെടുത്തുന്ന ഒന്നായി വർത്തിച്ചു. അവസാനം, തങ്ങളെ ശരിക്കും മനസിലാക്കുന്ന, ആ ലക്ഷണമൊത്തെ റിപ്പബ്ലിക്കൻമാരെപ്പോലെയല്ലാത്ത, ലിബറലുകൾക്കും ന്യൂനപക്ഷങ്ങൾക്കും അവരുടെ സ്ഥാനം കാട്ടിക്കൊടുക്കാൻ കഴിവുള്ള ഒരാൾ വന്നിരിക്കുന്നു എന്ന് അവർ വിശ്വസിച്ചു. വരേണ്യമാധ്യമങ്ങൾ സൃഷ്ടിച്ച പുകമറയ്ക്കുള്ളിൽപ്പെട്ടിരിക്കുകയായിരുന്ന ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിനും അതിനുള്ളിലുള്ളവർക്കും കാലിനടിയിലെ മണ്ണ് ഒലിച്ചുപോയിക്കൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഗ്രാമീണ മേഖലകളിലും കോളജ് വിദ്യാഭ്യാസമില്ലാത്ത വെള്ളക്കാരായ വോട്ടർമാർക്കിടയിലും പാർട്ടിയുടെ സ്വാധീനം കുത്തനെ ഇടിയുകയാണെന്നും ഒബാമയുടെ വ്യക്തിപ്രഭാവത്താൽ അത് മറയ്ക്കപ്പെടുകയാണെന്നും അവർ തിരിച്ചറിയുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.

ട്രംപിന്റെ ഈ നിയമനങ്ങൾ യു.എസിലെ സുപ്രീം കോടതിയെ യു.എസിലെ ഏറ്റവും വലതുപക്ഷവത്കരിക്കപ്പെട്ട സ്ഥാപനമാക്കിമാറ്റിയിട്ടുണ്ട്. ഇക്കാരണംകൊണ്ട് മാത്രം ട്രംപിന്റെ അനുയായികൾ അദ്ദേഹത്തെ മികച്ച നേതാവായി ഓർക്കുകയും ആദരിക്കുകയും ചെയ്യും.

അമേരിക്ക ബഹുസ്വരമായി മാറിക്കൊണ്ടിരിക്കുകയാണെങ്കിലും കോളജ് വിദ്യാഭ്യാസമില്ലാത്ത വെളുത്തവർഗക്കാരാണ് അമേരിക്കയിലെ ഏറ്റവും വലിയ വോട്ടിങ് ഗ്രൂപ്പ്. കൂടാതെ, അമേരിക്കൻ ഇലക്ടറൽ സമ്പ്രദായത്തിൽ ഇവർക്ക് പ്രാതിനിധ്യം കൂടുതലുമാണ്. പ്രസിഡന്റ്‌ സ്ഥാനം നേടാൻ പോപ്പുലർ വോട്ട് നേടിയാൽ മാത്രം പോര, ഇലക്ടറൽ കോളജിൽ ജയിക്കേണ്ടതുണ്ട്. ജയിക്കുന്ന സ്റ്റേറ്റുകൾക്ക് അനുസൃതമായ പോയിന്റുകളാണ് ഇലക്ടറൽ കോളജിൽ ലഭിക്കുക, നിങ്ങൾ ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണോ ഒരുവോട്ടിനാണോ ജയിച്ചത് എന്നതൊന്നും അവിടെ പ്രശ്‌നമല്ല. പഴയ നീലക്കോട്ടയായ പെൻസിൽവാലിയ, മിഷിഗൻ, വിസ്‌കൻസിൻ പോലെ തെരഞ്ഞെടുപ്പിന്റെ വിധി നിശ്ചയിക്കുന്ന സ്റ്റേറ്റുകൾ രാജ്യത്തെയാകെയെടുത്ത് നോക്കുകയാണെങ്കിൽ വൈവിധ്യം വളരെ കുറഞ്ഞ സ്റ്റേറ്റുകളാണ് ഇവയെല്ലാം. അതുകൊണ്ടാണ്, വളർന്നുകൊണ്ടിരിക്കുന്ന ഭൂരിപക്ഷം, ക്ലിന്റണ് പോപ്പുലർ വോട്ടിൽ മുപ്പതുലക്ഷം വോട്ടിന്റെ ലീഡ് നൽകിയെങ്കിലും നേരിയ വ്യത്യാസത്തിൽ അവർക്ക് ഇലക്ടറൽ കോളജ് നഷ്ടമായത്.

ദ ബ്ലൂ വാൾ. 1992 മുതൽ 2020 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ, 2016ൽ ഒഴികെ, മറ്റെല്ലാകാലത്തും ഡമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ വോട്ടു ചെയ്തു വിജയിപ്പിച്ച സ്റ്റേറ്റുകൾ.

തന്ത്രപരമായ പല അബദ്ധങ്ങളും ക്ലിന്റന്റെ കാമ്പെയ്‌ന് സംഭവിച്ചിരുന്നു. കൃത്യമല്ലാത്തതെന്ന് പിന്നീട് ബോധ്യപ്പെട്ട പോളിങ് ഡാറ്റയുമായും വരേണ്യ ലിബറൽ കുമിളയ്ക്കുള്ളിൽ കിടക്കുന്ന സ്റ്റാഫുകളെയും ബിൽ ക്ലിന്റൺ കാലഘട്ടത്തിൽ നിന്ന്​ വിട്ടുപോരാത്ത ഓപ്പറേറ്റർമാരെയും കൊണ്ട് തെരഞ്ഞെടുപ്പിന് ഒരുങ്ങിയ അവർ തെരഞ്ഞെടുപ്പ് അടുത്തടുത്ത് വരികയാണെന്ന് തിരിച്ചറിഞ്ഞില്ല. യുവ തലമുറയുടെ പിന്തുണയുണ്ടായിരുന്ന ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് ബെർണി സാന്റേഴ്‌സിനെതിരായി പ്രൈമറി തെരഞ്ഞെടുപ്പിലുണ്ടായ (പ്രസിഡന്റ് തെരഞ്ഞെടുപ്പിനു സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കാനായി നടത്തുന്ന പ്രിലിമിനറി തെരഞ്ഞെടുപ്പ്) ആഘാതങ്ങൾ വേണ്ടവിധത്തിൽ പരിശോധിച്ചില്ല. അവർ പ്രതീക്ഷിച്ച കണക്കിൽ ഡമോക്രാറ്റിക് അടിത്തറ വോട്ടുചെയ്യാൻ മുന്നോട്ടുവന്നില്ല. വലിയൊരു വിഭാഗം പ്രതിഷേധവോട്ടുകൾ, പ്രത്യേകിച്ച് യുവ വോട്ടർമാരുടേത് തേഡ് പാർട്ടികൾക്ക് (ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും അല്ലാത്തവർക്ക്) പോയി. 30ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ക്ലിന്റൺ പോപ്പുലർ വോട്ടിൽ ജയിച്ചെങ്കിലും നീലക്കോട്ട സ്റ്റേറ്റുകളായ മിഷിഗനിൽ 0.2% വും പെനിസിൽവാലിയയിൽ 0.7% വും വിസ്‌കൻസിനിൽ 0.8% വുമായി 80,000 വോട്ടുകൾക്ക് ഇലക്ടറൽ കോളജിൽ അവർ പരാജയപ്പെട്ടു.

ബേണി സാന്റേഴ്സ്

അതുമാത്രമായിരുന്നില്ല, ദേശീയ തലത്തിലും ട്രിഫെക്ടയിലും - അതായത് യു.എസ് ജനപ്രതിനിധിസഭയിലും സെനറ്റിലും- ട്രംപിനായിരുന്നു പൂർണ നിയന്ത്രണം. ചിലയാളുകൾ, പ്രത്യേകിച്ച് വാർത്താ മാധ്യമങ്ങളിലെ രാഷ്ട്രീയ വിദ്വാന്മാർ വിശ്വസിച്ചിരുന്നത് ട്രംപിന്റെ തീവ്രമായ പ്രവണതകൾക്ക് റിപ്പബ്ലിക്കൻ നേതാക്കന്മാർ തടയിടുമെന്നായിരുന്നു. പക്ഷേ നേർവിപരീതമാണ് സംഭവിച്ചത്. പാർട്ടി നിയന്ത്രണം മുഴുവൻ ട്രംപ് പിടിച്ചെടുത്തു. അരിസോണ സെനറ്ററായിരുന്ന ജെഫ് ഫ്‌ളെയ്ക്കിനെപ്പോലെ ട്രംപിൽ നിന്ന്​ വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടായിരുന്ന എല്ലാ റിപ്പബ്ലിക്കൻസും രാജിവെക്കാൻ തീരുമാനിച്ചു. ഈ പരിവർത്തനം വളരെ പെട്ടെന്നായിരുന്നു, റിപ്പബ്ലിക്കൻ നേതാക്കന്മാർ അവർ സ്ഥിരമായി പിന്താങ്ങുന്ന തത്വങ്ങളിൽ വിശ്വസിക്കുന്നവരാണ് എന്ന് കരുതിയിരുന്നവരെയൊക്കെ ഇത് ഞെട്ടിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയെന്ന സംവിധാനമൊന്നാകെ ഇപ്പോൾ ടീ പാർട്ടി മുന്നേറ്റത്തിന്റെ ലക്ഷ്യങ്ങൾക്കുവേണ്ടി അണിചേർന്നിരിക്കുകയാണ്... മുമ്പുണ്ടായിരുന്ന എല്ലാ ചട്ടങ്ങളും നീതിയും അവഗണിച്ചുകൊണ്ട്, ലഭ്യമായ എല്ലാ മാർഗവുമുപയോഗിച്ച് ഡമോക്രാറ്റിക് പാർട്ടിയ്ക്ക് തടയിടുകയെന്ന ലക്ഷ്യത്തിനുവേണ്ടി. തീവ്ര വലതുപക്ഷക്കാരായ ന്യായാധിപന്മാരെ നിയമിക്കാൻ സഹായിക്കുന്നിടത്തോളം കാലം ട്രംപ് ചെയ്യുന്ന എന്തും കണ്ടില്ലെന്നു നടിക്കാൻ സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവ് മിച്ച് മെക്ണൽ (Mitch McConnel) തീരുമാനിച്ചു. ഈ ജഡ്ജിമാരുടെ കാലാവധി ആജീവനാന്തമാണ്, ഭാവിയിൽ കുറേക്കാലത്തേക്ക് പുരോഗമനപരമായ മാറ്റങ്ങൾക്ക് തടയിടാനോ വേഗതകുറയ്ക്കാനോ ഈ ജഡ്ജിമാർക്ക് കഴിയും. വാസ്തവത്തിൽ ട്രംപിന്റെ ഈ നിയമനങ്ങൾ യു.എസിലെ സുപ്രീം കോടതിയെ യു.എസിലെ ഏറ്റവും വലതുപക്ഷവത്കരിക്കപ്പെട്ട സ്ഥാപനമാക്കിമാറ്റിയിട്ടുണ്ട്. ഇക്കാരണംകൊണ്ട് മാത്രം ട്രംപിന്റെ അനുയായികൾ അദ്ദേഹത്തെ മികച്ച നേതാവായി ഓർക്കുകയും ആദരിക്കുകയും ചെയ്യും.

ധ്രുവീകരിക്കപ്പെട്ട രാജ്യം

യു.എസിൽ, തെരഞ്ഞെടുപ്പ് നടത്തിപ്പ് അത്യധികം രാഷ്ട്രീയമായ നടപടിക്രമമാണ്. ഈ സമ്പ്രദായം പരിഷ്‌കരിക്കാനും മിക്ക സ്റ്റേറ്റുകളിലേയും ലെജിസ്ലേറ്റീവ് ജില്ലകൾ പുനർനിർണയിക്കാനും ചില നീക്കങ്ങളുണ്ടായെങ്കിലും അത് സ്റ്റേറ്റ് നിയമസഭകളുടെ നിയന്ത്രണത്തിലായിരുന്നു. 2010ൽ ഒബാമ വിരുദ്ധ ടീ പാർട്ടി മുന്നേറ്റത്തിൽ, പല സ്റ്റേറ്റുകളിലേയും ലെജിസ്ലേറ്ററുകളുടെയും ഗവർണർഷിപ്പിന്റെയും നിയന്ത്രണം റിപ്പബ്ലിക്കന്മാർ ഏറ്റെടുക്കുകയും വിവിധ തലങ്ങളിൽ ഡമോക്രാറ്റുകൾക്ക് വിജയം അങ്ങേയറ്റം അസാധ്യമാക്കുന്ന തരത്തിൽ നിരവധി ജില്ലകൾ മാറ്റിവരക്കുകയും ചെയ്തു. 2018ൽ ജനപ്രതിനിധി സഭ പിടിച്ചടക്കണമെങ്കിൽ ഡെമോക്രാറ്റുകൾ വൻമാർജിനിൽ, 8% ത്തോളം വോട്ടിന്റെ മാർജിനിൽ, വിജയിക്കേണ്ടതുണ്ടെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അമേരിക്കപ്പോലെ ധ്രുവീകരിക്കപ്പെട്ട ഒരു രാജ്യത്ത് ഇത് വളരെ ബുദ്ധിമുട്ടാണ്.

ഇതേ രീതിയിലാണ് ട്രംപ് കോളജ് വിദ്യാഭ്യാസമില്ലാത്ത വെളുത്തവർഗക്കാരുടെ വലതുപക്ഷത്തേക്കുള്ള മാറ്റം ത്വരിതപ്പെടുത്തിയത്. അതേസമയം, ട്രംപിന്റെ വംശീയതയും സ്ത്രീവിരുദ്ധതയും കുടിയേറ്റ വിരുദ്ധ നിലപാടുകളും ഏകാധിപത്യ പ്രവണതകളും കോളജ് വിദ്യാഭ്യാസമുള്ള വെള്ളക്കാരെ ഇടതുപക്ഷത്തേക്ക് മാറ്റിയിട്ടുണ്ട്. ഈ എതിർധ്രുവീകരണവും ന്യൂനപക്ഷങ്ങളെയും യുവാക്കളെയും പോലെ ഡെമോക്രാറ്റ്‌സുമായി ചേർന്നു നിൽക്കുന്ന വിഭാഗങ്ങൾക്കിടയിലെ ബെയ്‌സ് മൊബിലൈസേഷനും ഒരിക്കൽക്കൂടി രാഷ്ട്രീയ സമവാക്യങ്ങൾ പൂർണമായി മാറ്റിമറിക്കുകയും 2018ലെ മിഡ് ടേം തെരഞ്ഞെടുപ്പുകളിൽ പ്രതീക്ഷിച്ചതിലും വലിയ വിജയം ഡെമോക്രാറ്റുകൾക്ക് പ്രദാനം ചെയ്യുകയും ചെയ്തു. വാഷിങ്ടണിനുമേലുള്ള റിപ്പബ്ലിക്കൻ നിയന്ത്രണം തകർക്കാൻ അവർക്കു സാധിക്കുകയും ട്രംപിന്റെ അജണ്ട അവസാനിപ്പിക്കാനുള്ള ചില അധികാരങ്ങൾ നേടിയെടുക്കുകയും ചെയ്തു. മിഷിഗൻ ഗവർണർ ഗ്രച്ചൻ വിറ്റ്മറെ പോലെ സെൻട്രിസ്റ്റ് വിങ്ങിലും, റപ്രസെന്റേറ്റീവായ അലക്‌സാണ്ട്രിയ ഒകാഷിയോ കോർടെസിനെ

കാലിഫോർണിയയുടെ മാപ്പ്, ചുവന്നനിറത്തിലുള്ളത് ഓറഞ്ച് മണ്ഡലം

പോലുള്ള സാന്റേഴ്‌സൺ പക്ഷ വലതു വിങ്ങുകാർക്കിടയിലും പാർട്ടിയുടെ എല്ലാ തലങ്ങളിലും പുതിയ ഒരു കൂട്ടം നേതാക്കന്മാർ ഉയർന്നുവന്നു. പെനിസിൽവാലിയ, വിസ്‌കൻസിൻ, മിഷിഗൺ എന്നിങ്ങനെയുള്ള പഴയ നീലക്കോട്ട സ്റ്റേറ്റുകളിൽ ഡെമോക്രാറ്റിക് ഗവർണർമാർ അധികാരത്തിലേക്കുവന്നു. കൺസർവേറ്റീവുകളിലെ പ്രമുഖരെല്ലാം പരാജയപ്പെട്ടു. ഉദാഹരണമായി, വിസ്‌കൻസിനിൽ പബ്ലിക് യൂണിയനുകളുടെ നാശത്തിന് മേൽനോട്ടം വഹിച്ച കൺസർവേറ്റീവ് സൂപ്പർഹീറോ ഗവർണർ സ്‌കോട്ട് വോക്കറിനെ പബ്ലിക് സ്‌കൂൾ അഡ്മിനിസ്‌ട്രേറ്ററായ ടോണി എവേഴ്‌സ് പരാജയപ്പെടുത്തിയത്. റീഗൻ റിപ്പബ്ലിക്കനിസത്തിന്റെ ജന്മനാടായ കാലിഫോർണിയയിലെ ഓറഞ്ച് മണ്ഡലത്തിൽ, നാല് കോൺഗ്രഷണൽ ജില്ലകളും ഡെമോക്രാറ്റ് പക്ഷത്തേക്ക് മറിഞ്ഞു. രാജ്യം മുഴുവൻ ആഞ്ഞടിക്കുന്ന ട്രംപ് വിരുദ്ധ തരംഗത്തിന്റെ തെളിവായി ഇത് കണക്കാക്കപ്പെടുകയും 2020ലേക്ക് ഉറ്റുനോക്കുന്ന ഡമോക്രാറ്റിക് പാർട്ടിയെ ഇത് പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.

എന്നിരിക്കിലും, ഈ വിജയങ്ങളുടെ മറവിലും മുൻ ട്രന്റുകൾ തുടർന്നു. മിനിസോട്ട അയേൺ റെയ്ഞ്ച് ഖനി മേഖല പോലുള്ള തൊഴിലാളി വർഗ, യൂണിയൻ ശക്തികേന്ദ്രങ്ങളിൽ ഡമോക്രാറ്റുകൾ സമ്പൂർണ പരാജയം ഏറ്റുവാങ്ങി. 2008ലും 2012ലും ഒബാമ വിജയിച്ച തൂക്കുസ്റ്റേറ്റായ (Swing State) ഫ്‌ളോറിഡയിൽ ജനസംഖ്യാപരമായ പരിണാമങ്ങൾ കാരണം ഡെമോക്രാറ്റുകൾ മുന്നിട്ടുനിൽക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ മുതിർന്ന വോട്ടർമാരുടെയും കോളജ് വിദ്യാഭ്യാസമില്ലാത്ത വെളുത്തവർഗക്കാരുടെയും മോശം പ്രകടനം ഫ്‌ളോറിഡയെ മറ്റേവഴിയിലെത്തിക്കുകയായിരുന്നു. റിപ്പബ്ലിക്കൻസിനിടയിൽ "ടിക്കറ്റ് സ്പ്‌ളിറ്റിങ്' എന്നു വിളിക്കപ്പെടുന്ന അവസ്ഥ വളരെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്... സ്ഥാനാർത്ഥിയുടെ മേന്മയൊന്നും പരിഗണിക്കാതെ അവർ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്കു വോട്ടു ചെയ്യും. ഡമോക്രാറ്റുകൾക്ക് ഇത് വൻ അടിയാണ്, സ്റ്റേറ്റുകളുടെ വലുപ്പമൊന്നും പരിഗണിക്കാതെ ഓരോ സ്റ്റേറ്റിനും രണ്ടു സെനറ്റർമാരെയാണ് യു.എസ് സെനറ്റ് നൽകുന്നത്. അതിനർത്ഥം, റിപ്പബ്ലിക്കൻമാർക്കു മേധാവിത്വമുള്ള ചില സ്റ്റേറ്റുകളിൽ കൂടി ഡെമോക്രാറ്റുകൾ വിജയിക്കേണ്ടതുണ്ട് എന്നാണ്. നവാഡയിലെയും അരിസോണയിലെയും സെനറ്റ് സീറ്റുകൾ ഡെമോക്രാറ്റുകൾ പിടിച്ചെടുത്തത് ന്യൂനപക്ഷ അടിത്തറയുടെ, പ്രത്യേകിച്ച് ഹിസ്പാനിക്‌സിന്റെയും ഫിയോനിക്‌സിലെ പ്രാന്തപ്രദേശങ്ങളിലെ ഉന്നത വിദ്യാഭ്യാസം നേടിയവരുടെ ഏകീകരണം കൊണ്ടാണ്. എന്നാൽ, കൂടുതൽ ഗ്രാമീണമായ, അത്രയൊന്നും ബഹുസ്വരമല്ലാത്ത നോർത്ത് ഡകോട, ഇന്ത്യാന, മിസോറി എന്നീ സ്റ്റേറ്റുകളിലെ സെനറ്റുസീറ്റുകൾ അവർക്ക് നഷ്ടമായി.

ബൈഡന്റെ തിരിച്ചുവരവ്

2018ലെ വിജയങ്ങളിൽ നിന്നും വെല്ലുവിളികളിൽ നിന്നും ആവേശം ഉൾക്കൊണ്ട ഡമോക്രാറ്റുകൾക്ക്, 2020ൽ ജയിക്കാൻ തങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമായിരുന്നു.

എന്തുകൊണ്ടാണ് പാർട്ടി പ്രവർത്തകരുടെ പഴയ തലമുറ ബെർണി സാന്റേഴ്‌സണിന്റെ റാഡിക്കൽ ട്രാൻസ്‌ഫോർമേഷൻ അജണ്ടയേക്കാൾ ജോ ബൈഡന്റെ "സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ്' എന്ന സമീപനത്തെ ഇഷ്ടപ്പെട്ടത് എന്നത് മുകളിലെ ലിസ്റ്റ് നോക്കിയാൽ എളുപ്പം മനസിലാക്കാം. ഡമോക്രാറ്റിക് ബേസിനിടയിൽ സാന്റേഴ്‌സണും അദ്ദേഹത്തിന്റെ പദ്ധതികളും പരിചിതമായി നിലനിൽക്കുന്നുണ്ട്. പ്രധാന പ്രശ്‌നം, സത്യത്തിൽ, ഒരേയൊരു പ്രശ്‌നം ട്രംപിനെ പരാജയപ്പെടുത്തുകയെന്നതായിരുന്നു. മറ്റെല്ലാം സെക്കന്ററിയായിരുന്നു. അതിനു പറ്റിയ വഴി ഒബാമയുമായി ബന്ധമുള്ള ബൈഡനായിരുന്നു. തീർച്ചയായും, യുവതലമുറയ്ക്ക് താൽപര്യം സാന്റേഴ്‌സനോടായിരുന്നു, എന്നാൽ പ്രൈമറി തലത്തിൽ തന്നെ അവരെ വോട്ടുചെയ്തു പരാജയപ്പെടുത്തി. റീഗനും ബിൽ ക്ലിന്റണും പിന്നീട് ബുഷും നയിച്ച യൂണിയനുകളുടെ നാശത്തോടെ, വിശാലനമായ ഇടതുമുന്നേറ്റത്തിന്റെ അഭാവവും ഇടതുപക്ഷ കാമ്പെയ്‌ന് ക്ഷതമേൽപ്പിച്ച വ്യവസ്ഥിതിയും അധികാരവർഗത്തിന് എതിരെ വരികയാണെന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്.

എങ്ങനെയാണ് ബൈഡൻ ജയിച്ചത്

2016 മായി താരതമ്യം ചെയ്യുമ്പോൾ, സങ്കീർണമായ ഒരു ചിത്രമാണ് തെരഞ്ഞൈടുപ്പു ഫലത്തിൽ കാണാനാവുക. ബൈഡന്റെ ഉറച്ച വിജയത്തിനു വഴിവെച്ച, ഒപ്പം തന്നെ ഭാവിയിലേക്ക് ശക്തമായ ചില ആശങ്കകൾ വെളിവാക്കുന്ന ഒരു കൂട്ടം ട്രെന്റുകൾ വിശദീകരിക്കാൻ നമുക്ക് ചില ഉദാഹരണങ്ങളിലൂടെ പോകാം.

അടിസ്ഥാനതലത്തിലുള്ള ഏകീകരണം കൂടാതെ, ഒരു സുപ്രധാന ഘടകം കോളജ് വിദ്യാഭ്യാസമുള്ള വെള്ളക്കാർക്കിടയിൽ ഇപ്പോഴത്തെ ഡമോക്രാറ്റിക് അടിത്തറയോടുള്ള താൽപര്യമായിരുന്നു. ഉദാഹരണത്തിന്, ജോർജിയയിൽ, അറ്റ്‌ലാന്റയുടെ പ്രാന്തപ്രദേശങ്ങൾ ബൈഡനൊപ്പം ശക്തമായി നിലകൊള്ളുകളും സ്റ്റേറ്റിൽ അട്ടിമറി വിജയം സമ്മാനിക്കുകയും ചെയ്തു. വടക്കു-പടിഞ്ഞാറൻ അറ്റ്‌ലാന്റയിലെ ഗ്വിന്നറ്റ് മണ്ഡലം 2008ൽ 10% വോട്ടുകൾക്കാണ് ഒബാമയെ പരാജയപ്പെടുത്തിയത്. എന്നാൽ ബൈഡൻ ജയിച്ചത് 18% ത്തിനാണ്. ഫിയോനിക്‌സ് ഉൾപ്പെട്ട പ്രാന്തപ്രദേശമായ മാരികോപ മണ്ഡലത്തിന്റെ ബലത്തിലാണ് പരമ്പരാഗത റിപ്പബ്ലിക്കൻ സ്റ്റേറ്റായ അരിസോണ ബൈഡൻ പിടിച്ചെടുത്തത്. മുമ്പ് തീവ്ര കുടിയേറ്റ വിരുദ്ധരായ രാഷ്ട്രീയക്കാരെ പിന്തുണയ്ക്കുന്നതിൽ കുപ്രസിദ്ധമായ ഈ മണ്ഡലത്തിൽ ഏറെക്കാലത്തിനിടയ്ക്ക് വിജയിക്കുന്ന ആദ്യ ഡമോക്രാറ്റാണ് അദ്ദേഹം.

അമേരിക്കൻ മുൻ പ്രസിഡന്റ് ഒബാമയും നിയുക്ത പ്രസിഡന്റ് ജോ ബൈഡനും

ടെക്‌സാസ് പോലെ അദ്ദേഹത്തിന് വിജയിക്കാൻ കഴിയാത്ത സ്റ്റേറ്റുകളിൽ വരെ സബേബുകളിൽ, അടുത്തകാല ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ നിന്ന് വ്യത്യസ്തമായി, ബൈഡൻ മേധാവിത്വം പുലർത്തി. ടെക് ഹബ്ബായ ഓസ്റ്റിൻ ആന്റ് ട്രാവിസ് മണ്ഡലം എല്ലാകാലത്തും ഡമോക്രാറ്റുകളുടെ വലിയ ശക്തികേന്ദ്രമായിരുന്നു. എന്നാൽ ഓസ്റ്റിനിലെ, വില്ല്യംസൺ മണ്ഡലത്തിലെയും ഹെയ്‌സ് മണ്ഡലത്തിലെയും മുൻകാല റിപ്പബ്ലിക്കൻ പ്രാന്തപ്രദേശങ്ങൾ ഡമോക്രാറ്റുകൾക്കു വോട്ടു ചെയ്തു. അമേരിക്കയിലെമ്പാടും ഈ പാറ്റേൺ കാണാമായിരുന്നു. കോളജ് വിദ്യാഭ്യാസമുള്ള മുൻ റിപ്പബ്ലിക്കൻ വെള്ളക്കാർ കൂട്ടത്തോടെ ബൈഡനൊപ്പം നിന്നു. കൂടാതെ പഴതലമുറയിലെ ചില വെള്ളക്കാർക്കു പകരം, ജനസംഖ്യാപരമായി കോളജ് വിദ്യാഭ്യാസമുള്ള കൂടുതൽ ലിബറലുകളായവർ കൂടിയതുമാണ് ബൈഡന്റെ വിജയത്തിലെ സുപ്രധാന ഘടകങ്ങൾ. ഉന്നത വിദ്യാഭ്യാസമുള്ള ഏഷ്യൻ അമേരിക്കക്കാർ, ആഫ്രിക്കൻ അമേരിക്കക്കാർ, ഹിസ്പാനിക്‌സ് തുടങ്ങിയവരടങ്ങിയ ഈ പ്രാന്തപ്രദേശങ്ങൾ വളരെയധികം വൈവിധ്യമുള്ള ഇടങ്ങളാണ്. ഇവരും ഇതേ ട്രന്റ് പിന്തുടരുകയും പല നേരിയ വിജയങ്ങളും സാധ്യമാക്കുന്ന തരത്തിൽ ഡമോക്രാറ്റിക് മാർജിൻ നിറയ്ക്കുകയും ചെയ്തു.

നോൺ-കോളജ് വെള്ളക്കാരെയും ഒബാമ- ട്രംപ് വോട്ടർമാരെയും സംബന്ധിച്ച് വാർത്ത അത്ര നല്ലതല്ല. കഴിഞ്ഞ നാലുവർഷത്തെ ട്രംപിന്റെ പ്രകടനം അവരെ തിരിച്ച് ഡമോക്രാറ്റുകളിലേക്ക് എത്തിക്കുമെന്നു പ്രതീക്ഷിക്കുന്നത് നടക്കാത്ത സ്വപ്‌നമായിരിക്കും. തെരഞ്ഞെടുപ്പിൽ ഏറെ പ്രധാന്യമുള്ള വിഭാഗമായ ഇവർക്കിടയിൽ ബൈഡൻ ഒട്ടും മുന്നേറ്റമുണ്ടാക്കിയിട്ടില്ല. കിഴക്കൻ ഒഹിയോയിലെ വ്യാവസായിക മേഖലകൾ ഉദാഹരണമായി എടുക്കാം. യൂണിയന്റെ ശക്തി കാരണം മഹോനിങ് താഴ്‌വര പരമ്പരാഗതമായി ഡമോക്രാറ്റുകളുടെ ശക്തികേന്ദ്രമായിരുന്നു. ഒഹിയോ 5%ത്തിന് ജയിച്ചപ്പോഴും 2008ലും 2012ലും മഹോനിങ് പോലെയുള്ള മണ്ഡലങ്ങളിൽ ഒബാമ ജയിച്ചത് ഏതാണ്ട് 30% ത്തിനാണ്. 2000ത്തിൽ ബുഷിന് ഒഹിയോ നഷ്ടമായ അൽ ഗോറിന്റെ കാമ്പെയ്‌നിൽ പോലും ഈ മണ്ഡലം ജയിച്ചത് 25%ത്തിനാണ്. ഇവിടുത്തെ ട്രെന്റ് ഏറെ കോട്ടമുണ്ടാക്കുന്നതാണ്. മഹോനിങ് മണ്ഡലത്തിൽ നേരിയ വിജയമാണ് ഹിലരി ക്ലിന്റൺ നേടിയത്. ചെറിയ പോയിന്റുകൾക്ക് ബൈഡന് ഇവിടം നഷ്ടമാകുകയും ചെയ്തു. ഇനി ഒഹിയോ ഒരിക്കലും "തൂക്ക് സ്റ്റേറ്റ്' അല്ല, അത് ട്രംപ്-റിപ്പബ്ലിക്കൻ പക്ഷത്ത് ഉറച്ചിരിക്കുകയാണ്.

ഹിലരി ക്ലിന്റൺ

ബൈഡൻ പിടിച്ചെടുത്ത പഴയ നീലക്കോട്ട സ്റ്റേറ്റുകളിൽപ്പോലും ഈ ട്രെന്റ് പ്രകടമായിരുന്നു. വിസ്‌കൻസിനിൽ വിജയിച്ചത് പഴയ ഒബാമ- ട്രംപ് വോട്ടർമാർ തിരിച്ചുവന്നതുകൊണ്ടല്ല. വൗകേഷ മണ്ഡലം പോലെ മില്വൗകീ നഗരത്തിലെ വിദ്യാസമ്പന്നരുള്ള സബർബുകളിൽ സുപ്രധാന നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. റിപ്പബ്ലിക്കൻമാരുടെ ശക്തികേന്ദ്രമായി ഈ മണ്ഡലം തുടരുന്നു, എങ്കിലും അതെല്ലാം ഇതുപോലുള്ള നേരിയ വ്യത്യാസങ്ങളിൽ വിജയിക്കുന്ന തെരഞ്ഞെടുപ്പുകളിലെ മാർജിൻ ഷിഫ്റ്റുകളാണ്. 2012ൽ ഒബാമ 7%ത്തിൽ വിസ്‌കൻസിൻ ജയിച്ചപ്പോൾ അദ്ദേഹത്തിന് ഈ മണ്ഡലം നഷ്ടമായത് 35%ത്തിനാണ്. ഇത്തവണ ബൈഡൻ 1%ത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ് വിസ്‌കൻസിൻ ജയിച്ചത്. അതായത് 2016ൽ 1%ത്തിൽ താഴെ വോട്ടുകൾക്ക് ട്രംപ് ജയിച്ചിടത്തുനിന്ന്​ ബൈഡനുനേരെ ചെറിയൊരു മുന്നേറ്റമുണ്ടായി. അപ്പോഴും 20%ത്തിനാണ് ബൈഡന് വൗകേഷ മണ്ഡലം നഷ്ടമായത്. ഗ്രാമീണ, തൊഴിലാളിവർഗ അടിത്തറ തൂത്തുവാരപ്പെടുകയും പഴയ നീലക്കോട്ട തിരിച്ചുപിടിച്ച സഖ്യം വളരെ വ്യത്യസ്തമായി പെരുമാറിയതുപോലെ അനുഭവപ്പെടുകയും ചെയ്തു.

ഡമോക്രാറ്റിക് പാർട്ടിയ്ക്കുള്ളിലുള്ളവർ, സെന്റർ റൈറ്റ് വോട്ടർ എന്ന് അവർ കണക്കാക്കുന്ന സ്വിങ് വോട്ടർമാരിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിനു വിരുദ്ധമായി സംഭവിക്കുമ്പോഴെല്ലാം വിജയം അസാധ്യമാക്കിയതിന് അവർ ഉടൻ യുവാക്കളെ, ആക്ടിവിസ്റ്റുകളെ, ഇടതരെ കുറ്റപ്പെടുത്തും.

ഒഹിയോയും അയോവയുമടക്കം മധ്യ പടിഞ്ഞാറെ വ്യാവസായിക മേഖലയിൽ ഒബാമ വിജയിച്ച മാർജിൻ ഡമോക്രാറ്റുകളെ സംബന്ധിച്ച് ഒരു വിദൂര ഓർമ്മയാണിപ്പോൾ. ഒരുതരത്തിൽ പറഞ്ഞാൽ, ഒബാമ പ്രതിഭാസത്തിനുവേണ്ടിയുള്ള എല്ലാം ആരംഭിച്ച ഇടമാണ് അയോവ. അയോവ പോലൊരു ഗ്രാമീണ കൺസർവേറ്റീവ് സ്റ്റേറ്റിൽ രണ്ടുതവണ വിജയിച്ചത്, അമേരിക്കക്കാർക്ക് തങ്ങളുടെ അഭിപ്രായ ഭിന്നതകളും നിസാരമായ രാഷ്ട്രീയ പോരുകളും മറികടന്നുകൊണ്ട് ഒരു പരിഹാരം കണ്ടെത്തുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന ഒബാമയുടെ വിശ്വാസം ബോധ്യപ്പെടുത്തുകയും ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇന്നത്തെ അയോവ ഡമോക്രാറ്റുകൾക്ക് വിജയിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു സ്റ്റേറ്റായി തോന്നുന്നില്ല. ഇപ്പോഴത് ഉറച്ച ട്രംപ്-റിപ്പബ്ലിക്കൻ സ്റ്റേറ്റാണ്.

വാൻകൂവർ ആർട്ട് ഗ്യാലറിയിലെ വംശീയത വിരുദ്ധ റായിലിൽ നിന്ന്‌

ഡമോക്രാറ്റിക് പാർട്ടിയെന്ന സ്ഥാപനവും നേതൃത്വവും അല്പം പഴയതാണ്, ഒബാമയുടെ വിജയങ്ങളെയും അതിനോടു പ്രതികരിച്ചുണ്ടായ ടീ പാർട്ടി മുന്നേറ്റങ്ങളെയും തുടർന്ന് മാറ്റംകൈവരിച്ച റിപ്പബ്ലിക്കൻ പാർട്ടിയുമായി താരതമ്യം ചെയ്യുമ്പോൾ രാഷ്ട്രീയം എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്നതു സംബന്ധിച്ച് വളരെ വ്യത്യസ്തമായ ആശയങ്ങളുള്ള മറ്റൊരു തലമുറയിൽ നിന്നുള്ളതാണ് ഡമോക്രാറ്റിക് പാർട്ടി. ഇക്കാരണം കൊണ്ടുതന്നെ ഡമോക്രാറ്റിക് പാർട്ടിയ്ക്കുള്ളിലുള്ളവർ, സെന്റർ റൈറ്റ് വോട്ടർ എന്ന് അവർ കണക്കാക്കുന്ന സ്വിങ് വോട്ടർമാരിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിനു വിരുദ്ധമായി സംഭവിക്കുമ്പോഴെല്ലാം വിജയം അസാധ്യമാക്കിയതിന് അവർ ഉടൻ യുവാക്കളെ, ആക്ടിവിസ്റ്റുകളെ, ഇടതരെ കുറ്റപ്പെടുത്തും. ഇത്തവണ ഇതെല്ലാം, ബ്ലാക്ക് ലൈഫ് മാറ്റേഴ്‌സ് പ്രതിഷേധങ്ങളെയും ജനപ്രതിനിധി സഭയിലെ "ലെഫ്റ്റിസ്റ്റ് സ്‌ക്വാഡ്' എന്നു വിളിക്കപ്പെടുന്നവരെയും (റപ്രസന്റേറ്റീവുകളായ അലക്‌സാണ്ട്രിയ ഒകാസിയോ കോർടെസ്, റാഷിദ തലൈബ്, ഇൽഹാൻ ഒമർ, അയന്ന പ്രസ് ലി) പോലെ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിനുനേരെയുമായി.

ഹിസ്പാനിക് വോട്ടർമാർക്കിടയിൽ അപ്രതീക്ഷിത മാറ്റമുണ്ടായ ഫ്‌ളോറിഡ, ടെക്‌സാസ് തുടങ്ങിയ സ്റ്റേറ്റുകൾക്കുനേരെയാണ് അവർ വിരൽചൂണ്ടുന്നത്. വെള്ളക്കാരല്ലാത്ത വിവിധ ഗ്രൂപ്പുകൾക്കിടയിൽ ഡമോക്രാറ്റുകൾക്ക് വലിയ പിന്തുണയുണ്ട്. 80-90% ആഫ്രിക്കൻ അമേരിക്കക്കാർക്കിടയിൽ, 70% ഏഷ്യൻ അമേരിക്കക്കാർക്കിടയിൽ 65% ഹിസ്പാനിക്‌സിനിടയിൽ അവരാണ് വിജയിക്കുന്നത്. ട്രംപിന്റെ വംശീയതയിലും കുടിയേറ്റ വിരുദ്ധ പ്രസംഗങ്ങളും നോക്കുകയാണെങ്കിൽ, ഈ കണക്കുകൾ അതേപോലെ തുടരുമെന്നാണ് പ്രതീക്ഷിക്കുക. എന്നാൽ 2020ൽ ഹിസ്പാനിക്‌സിൽ നിന്നും അഞ്ചു മുതൽ പത്തുശതമാനംവരെ വോട്ടുകളാണ് ഡമോക്രാറ്റുകൾക്കെതിരെ ചാഞ്ഞത്. ഫ്‌ളോറിഡയിൽ ട്രംപിനെ വൻവിജയത്തിലേക്ക് നയിച്ചത് അവർ നേരിട്ടാണ്. ക്യൂബയിൽ നിന്നും വെനിസ്വേലയിൽ നിന്നുമൊക്കെയുള്ള കുടിയേറ്റക്കാർ സോഷ്യലിസ്റ്റ് സന്ദേശങ്ങളാലും ബി.എൽ.എം പ്രതിഷേധങ്ങളാലും ഭയപ്പെട്ടുപോയി എന്നുപറഞ്ഞുകൊണ്ട് ഡമോക്രാറ്റുകൾ ഉടൻ പഴിചാരിയത് ഇടതരെയാണ്.

ഡബി മർകെയ്സൽ പവൽ

ഡബി മർകെയ്‌സൽ പവലിനെപ്പോലെ (Debbie Mucarsel-Powell) തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മോഡറേറ്റ് ഡമോക്രാറ്റുകളടക്കമുള്ള മറ്റുള്ളവർ ഓർമിപ്പിക്കുന്നത്, ഇത് വിരൽചൂണ്ടുന്നത് ഡമോക്രാറ്റിക് പാർട്ടി സംവിധാനത്തിന്റെ പ്രധാനപ്പെട്ട ഒരു വീഴ്ചയിലേക്കാണെന്നാണ്. സ്പാനിഷ് മാധ്യമങ്ങളിലൂടെ സംവാദത്തിലേർപ്പെട്ടുകൊണ്ടും ആ സമുദായത്തിൽ നിന്നുള്ള നേതാക്കന്മാർക്ക് അവസരം നൽകിക്കൊണ്ടും ഫ്‌ളോറിഡയിലെ വിവിധ സമുദായങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടി വൻമുന്നേറ്റമുണ്ടാക്കിയെടുത്തു. "ലാറ്റിനോസ് ഫോർ ട്രംപ്' പോലുള്ള വിഭാഗങ്ങൾ ശക്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ ഡമോക്രാറ്റിക് പാർട്ടി വേണ്ടത്ര ശ്രദ്ധിച്ചില്ല. ട്രംപിനെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നതും സംസാരിക്കുന്നതും തന്നെ ധാരാളമാണെന്ന് അവർ കരുതി.

ഡോണ ഷലാല

ഉദാഹരണത്തിന്, മിയാമി മേഖലയിലെ പ്രധാന ഹിസ്പാനിക് ഭൂരിപക്ഷ സീറ്റിൽ അവർ ഡമോക്രാറ്റിക് പാർട്ടിയ്ക്കുള്ളിലെ ഡോണ ഷലാലയെ കൊണ്ടുവന്നു. ഈ മേഖലകളെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കൻ നേതാക്കന്മാരിൽ നിന്ന് വിരുദ്ധമായി, അവർ സ്പാനിഷ് പഠിക്കാൻ സമയമെടുക്കുകയോ വോട്ടിങ് ജനതയുമായി അവരുടെ ഭാഷയിൽ നേരിട്ട് ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്തില്ല. 2018ലെ ട്രംപ് വിരുദ്ധ തരംഗത്തിൽ അവർ കഷ്ടിച്ചു രക്ഷപ്പെട്ടു, എന്നാൽ 2020ൽ കഴിവുറ്റ റിപ്പബ്ലിക്കൻ രാഷ്ട്രീയക്കാരിയായ മരിയ എൽവിറ സലാസറിനെ നേരിടേണ്ടിവന്നപ്പോൾ പ്രതീക്ഷിച്ചതുപോലെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.

മരിയ എൽവിറ സലാസർ

കാലിഫോർണിയപോലുള്ള സ്റ്റേറ്റുകളിലും നമുക്ക് സമാനമായ ഫലങ്ങൾ കാണാം. അവിടെ, ലോസ് ഏഞ്ചൽസ് സബേബിൽ യുവ കൺസർവേറ്റീവായ കിം, ഡമോക്രാറ്റായ ഗിൽ സിസ്‌നെറോസിനെ പുറന്തള്ളിക്കൊണ്ട് യു.എസ് കോൺഗ്രസിലെത്തുന്ന ആദ്യ കൊറിയൻ അമേരിക്കൻ യുവതിയായി. വാസ്തവത്തിൽ, ഡമോക്രാറ്റുകളിൽ നിന്നും റിപ്പബ്ലിക്കൻസ് പിടിച്ചെടുത്ത യു.എസ് കോൺഗ്രസിലെ 12 സീറ്റുകളും ജയിച്ചത് സ്ത്രീകളോ ന്യൂനപക്ഷങ്ങളോ ആണ്.

ഡമോക്രാറ്റിക് പാർട്ടി അടിത്തറയിലെ സുപ്രധാന ഘടകങ്ങളിലുള്ള ഈ കൊഴിഞ്ഞുപോക്കിന് പലകാരണങ്ങളുമുണ്ട്. 2018ലും സമാനമായ രീതിയിൽ ഈ മാറ്റം പ്രകടമായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഈ വിഭാഗങ്ങൾക്കിടയിൽ ആഫ്രിക്കൻ അമേരിക്കക്കാരോടുള്ള വംശീയ വിദ്വേഷം വളരെയധികമാണെന്നും ട്രംപിന്റെ സന്ദേശങ്ങൾ ഈ സമുദായത്തിനിടയിൽ വംശീയ ഭീതി ജ്വലിപ്പിച്ചിട്ടുണ്ടെന്നതും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ, ഈ വിഭാഗങ്ങൾ വെള്ളക്കാരായ ലിബറലുകളെ അപേക്ഷിച്ച് കുറേക്കൂടി മതബോധമുള്ളവരായതിനാൽ അവിടെയൊരു മതപരമായ ഘടകംകൂടിയുണ്ട്, പ്രത്യേകിച്ച് അബോർഷൻ അവകാശങ്ങളുമായി ബന്ധപ്പെട്ട അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട വിള്ളൽകാരണം. ഡൊണാൾഡ് ട്രംപിന്റെ മാച്ചോ സംസ്‌കാരത്തിന് ഈ സമുദായങ്ങൾക്കിടയിൽ ഒരു സ്വാധീനമുണ്ട്. എന്നാൽ ഡമോക്രാറ്റിക് പാർട്ടി പൂർണമായും ഈ സമുദായങ്ങളുടെ മഹത്വം തിരിച്ചറിഞ്ഞില്ല, സ്പാനിഷ് മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങളെ എതിരിട്ടില്ല, മതിയായ പ്രാദേശിക ബന്ധങ്ങളുണ്ടായിരുന്നില്ല. ഡമോക്രാറ്റിക് പാർട്ടി കുറേക്കൂടി നന്നായി പ്രവർത്തിക്കേണ്ടിയിരുന്നു. ഈ പ്രശ്‌നങ്ങളെ നേരിടാൻ അവർ ശ്രദ്ധയോടെ പഠിക്കേണ്ടതുണ്ടായിരുന്നു, മുമ്പു കാണിച്ചതിനേക്കാൾ തിടുക്കത്തോടെ നീങ്ങേണ്ടതുണ്ടായിരുന്നു.

ജോർജ് ഫ്ളോയ്ഡ്

അതേസമയം, ബി.എൽ.എം പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രങ്ങളെല്ലാം ബൈഡനൊപ്പം നിന്നുവെന്ന കാര്യവും ഓർക്കേണ്ടതുണ്ട്​. ജോർജ് ഫ്‌ളോയ്ഡ് സംഭവവും പ്രതിഷേധങ്ങളും നടന്ന മിനിസോട്ടയാണ് ഒരു ഉദാഹരണം. 2016ൽ മിനിസോട്ടയും ന്യൂഹാംഷെയറും പോലുള്ള സ്റ്റേറ്റുകളിൽ ക്ലിന്റൺ ജയിച്ചിരുന്നു വെങ്കിലും പ്രതീക്ഷിച്ചതിലും ചെറിയ മാർജിനിലാണ് ജയിച്ചത്. ഈ സ്റ്റേറ്റുകളിൽ 2020ൽ ട്രംപിന് അനുകൂലമായ എന്തോ ഉണ്ടെന്നതുപോലെയാണ് തോന്നിയത്. ബി.എൽ.എം ഇവിടുത്തെ വെളുത്തവർഗക്കാരെ നശിപ്പിക്കാൻ പോകുകയാണെന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് നിരവധി റാലികളാണ് മിനിസോട്ടയിൽ ട്രംപ് സംഘടിപ്പിച്ചത്. ട്രംപ് അദ്ദേഹത്തിന്റെ ഇസ്ലാമോഫോബിക് ആയ പ്രചരണങ്ങളും തുടർന്നു, 2018ൽ മിനിസോട്ടയിൽ നിന്നും യു.എസ്‌കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട, സൊമാലിയൻ അഭയാർത്ഥിയും പിന്നീട് യു.എസ് പൗരനുമായ റപ്രസെന്റേറ്റീവ് ഇൽഹാൻ ഉമർ യഥാർത്ഥ അമേരിക്കക്കാരനല്ലെന്ന് ട്രംപ് ആവർത്തിച്ചു പറഞ്ഞു. എന്നിരിക്കിലും ഈ പ്രചരണങ്ങൾ വലിയ അനുരണമൊന്നുമുണ്ടാക്കിയില്ല, മിനിസോട്ടയിൽ 2012ൽ ഒബാമ വിജയിച്ചതിനു സമാനമായ മാർജിനിൽ 7%വോട്ടിന് ബൈഡൻ വിജയിച്ചു.

വലിയ തോതിലുള്ള ബി.എൽ.എം പ്രതിഷേധങ്ങൾ നടന്ന പോർട്ട്‌ലാന്റ്, സീറ്റിൽ പോലുള്ള നഗരങ്ങളിലും സമാനമായ ട്രെന്റ് കാണപ്പെട്ടിട്ടുണ്ട്. വംശീയ നീതിയുമായും ക്രിമിനൽ നീതിയുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരിടാൻ പുതിയ ഡമോക്രാറ്റിക് സഖ്യത്തിന്റെ ഭാഗത്തുനിന്നുള്ള വൻസന്നദ്ധതയാണ് ഇത്

കെയ്ത് എലിസൺ

പ്രകടമാക്കുന്നത്. യു.എസിൽ അറ്റോർണി ജനറൽ, ജില്ലാ അറ്റോർണികൾ, ജഡ്ജിമാർ, ഷരീഫുകൾ (പൊലീസ് മേധാവികൾ) എന്നിങ്ങനെ ക്രമസമാധാനവുമായി ബന്ധപ്പെട്ട പല സ്ഥാനങ്ങളിലുള്ളവരും തെരഞ്ഞെടുക്കപ്പെടുകയാണ് ചെയ്യുന്നത്. ഈ സ്ഥാനങ്ങളിലേക്ക് പുരോഗമന നിലപാടുള്ള, പരിഷ്‌കരണ മനോഭാവമുള്ള ആളുകളെ തെരഞ്ഞെടുക്കുന്നതിൽ ഇടതുപക്ഷം വിജയിച്ചിരുന്നു. സാധാരണയായി വരുമാനം കുറഞ്ഞവരെയും പൗരന്മാരല്ലാത്തവരെയും ന്യൂനപക്ഷങ്ങളെയുമാണ് കർശനമായ ക്രമസമാധാന ഭരണകൂടങ്ങൾ വലിയതോതിൽ ബാധിക്കുന്നത് എന്നതിനാൽ ഇത് ജനങ്ങളുടെ നിത്യജീവിതത്തിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ബെർണി സാന്റേഴ്‌സൺ നിയമിച്ച മിനിസോട്ട അറ്റോർണി ജനറൽ കെയ്ത് എലിസൺ പുരോഗമനവാദിയായ മുസ്‌ലിം വംശജനായ ആഫ്രിക്കൻ അമേരിക്കനാണ്.

അതിനിടെ, ഹിസ്പാനിക്കുകളിൽ നിന്നുണ്ടായ തിരിച്ചടിയ്ക്ക് മുമ്പത്തേതിൽ നിന്ന് വിരുദ്ധമായ ഒരു കഥയാണ് അരിസോണയും നെവാഡയും നൽകുന്നത്. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെ ഹിസ്പാനിക് മേഖലകളിലേതിനു സമാനമായ ട്രെന്റാണ് അരിസോണയിൽ ഉണ്ടായിരുന്നത് എങ്കിൽ ബൈഡന്റെ നേരിയ വിജയം അവിടെ സാധ്യമാകുമായിരുന്നില്ല. 2016ലും വിജയത്തിന് അരികിലെത്തിയ നവാഡയിൽ ലാസ് വേഗാസ് കുലിനറി യൂണിയൻ (Las Vegas Culinary Union) പോലുള്ള ശക്തമായ യൂണിയനുകൾക്ക് ഏത് തിരിച്ചടിയ്ക്കും തടയിടാൻ കഴിയുമായിരുന്നു. ഈ രണ്ടു സ്റ്റേറ്റുകളും വ്യക്തമാക്കുന്നത് സംഘടനകളുടെ ശക്തിയെയാണ്. ഘടനാപരമായ മുൻവിധികളോട് സംഘടനകൾക്ക് സ്വയം എതിരിടാൻ കഴിയില്ല, എന്നാൽ ഏതെങ്കിലും അപ്രതീക്ഷിത നഷ്ടങ്ങൾ ഒഴിവാക്കാൻ അത് സഹായിക്കും.

2020ന്റെ അനന്തരഫലങ്ങൾ:

ബൈഡന്റെ വിജയത്തിന്റെ പ്രാധാന്യത്തെ നമ്മൾ കുറച്ചുകാണേണ്ടതില്ല. ഇലക്ടറൽ കോളജിലും പോപ്പുലർവോട്ടിലും സുപ്രധാന മാർജിനിൽ തന്നെയാണ് അദ്ദേഹം ജയിച്ചത്. പ്രസിഡന്റിന്റെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാളെ പരാജയപ്പെടുത്തുകയെന്നത് ഒരിക്കലും എളുപ്പമല്ല. ലോകത്ത് എല്ലായിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷ പോപ്പുലിസ്റ്റ് ട്രന്റിൽ നിന്നും അമേരിക്കയ്ക്ക് മാത്രമായി രക്ഷപ്പെടാനാവില്ലെന്ന് ഈ തെരഞ്ഞെടുപ്പുകൾ കാണിക്കുന്നു.

സെനറ്റിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ഡമോക്രാറ്റുകൾക്കു മുമ്പിൽ ഇപ്പോഴും ഒരു വഴിയുണ്ട്, 2021 ജനുവരി അഞ്ചിന് ജോർജിയയിലെ രണ്ട് സെനറ്റ് സീറ്റുകളിലേക്ക് നടക്കുന്ന ‘റൺ ഓഫു’കളിൽ ജയിക്കുക.

എന്നിരിക്കിലും, ഉയർന്ന വിദ്യാഭ്യാസം നേടിയവരുടെയും ന്യൂനപക്ഷങ്ങളുടെയും സഖ്യത്തിന് വളർന്നുവരുന്ന ഒരു വിക്ടർ ഓർബനെ ബാലറ്റ് ബോക്‌സിൽ തന്നെ പരാജയപ്പെടുത്താൻ കഴിഞ്ഞുവെന്ന രീതിയിൽ നോക്കുമ്പോൾ, 2016നുശേഷമുള്ള എല്ലാ വിദ്വാൻമാരുടെയും ആത്മവിശ്വാസത്തോടെയുള്ള പ്രവചനങ്ങളെ തള്ളിക്കളഞ്ഞ, അമേരിക്ക യുണീക്കാണ്.

മിച്ച് മെക്കണൽ

സമീപഭാവിയിൽ ബൈഡനും ഡമോക്രാറ്റിക് പാർട്ടിയും അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി സെനറ്റിലെ റിപ്പബ്ലിക്കൻ ഭൂരിപക്ഷ നേതാവ് മിച്ച് മെക്കണൽ ആയിരിക്കും. റിപ്പബ്ലിക്കൻസിനിടയിൽ ഒരു ഹീറോയിക് പരിവേഷമാണ് അദ്ദേഹത്തിന്. മുൻകാലത്തെ എല്ലാചട്ടങ്ങളെയും നീതികളെയും അയാൾ ഒറ്റയ്ക്ക് ധിക്കരിക്കുകയും രണ്ടാം ഒബാമ ഭരണകൂടത്തിന്റെ ചെറിയതും സുപ്രധാനവുമായ എല്ലാ നയങ്ങളുടെയും ലക്ഷ്യങ്ങൾക്ക് തടയിടുകയും ചെയ്തു. സെനറ്റിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ഡമോക്രാറ്റുകൾക്കു മുമ്പിൽ ഇപ്പോഴും ഒരു വഴിയുണ്ട്, 2021 ജനുവരി അഞ്ചിന് ജോർജിയയിലെ രണ്ട് സെനറ്റ് സീറ്റുകളിലേക്ക് നടക്കുന്ന ‘റൺ ഓഫു’കളിൽ ജയിക്കുക. അതിന് കഴിയുമെന്ന് ബൈഡൻ പ്രതീക്ഷിക്കുന്നുണ്ടാവും. അല്ലാത്തപക്ഷം, പുതിയ ഡമോക്രാറ്റിക് സഖ്യം ബൈഡനിൽ വെച്ചുപുലർത്തുന്ന വൻപ്രതീക്ഷകൾക്കൊത്തുയരാൻ ബൈഡൻ ഭരണകൂടത്തിന് കഴിയാതെ വരും. യു.എസ് സുപ്രീം കോടതിയെ തീവ്രവലതുപക്ഷ ചായ്‌വുള്ള മതപരമായ കൺസർവേറ്റീവ് സ്ഥാപനമാക്കി മാറ്റിയതടക്കം നീതിന്യായ വ്യവസ്ഥയെ വലതുപക്ഷ സംവിധാനമാക്കിമാറ്റുന്നതിൽ മിച്ച് മെക്കണലിന്റെ ഒറ്റയ്ക്കുള്ള പ്രവർത്തനങ്ങൾ അടുത്ത ദശാബ്ദത്തിലും ദൂരവ്യാപക ആഘാതങ്ങളുണ്ടാക്കും. ഗ്രാമീണ മേഖലയിലെ ട്രംപ് അനുകൂല തരംഗം കാരണം സ്റ്റേറ്റ് നിയമസഭകളിലും റിപ്പബ്ലിക്കൻ പാർട്ടി നേട്ടംകൊയ്തിട്ടുണ്ട്. 2020ലെ റിഡീസ്ട്രിക്ടിങ് പ്രക്രിയയുടെ നിയന്ത്രണമേറ്റെടുത്തും, പുതിയ വോട്ടിങ് നിയന്ത്രണങ്ങൾ കൊണ്ടുവന്നും വരുംതെരഞ്ഞെടുപ്പുകളിൽ ഡമോക്രാറ്റുകൾക്ക് മുമ്പിൽ കൂടുതൽ തടസങ്ങൾ സൃഷ്ടിക്കാനിടയുണ്ട്.

ഭരണഘടനാപരമായി തനിക്കു കിട്ടിയ എക്‌സിക്യുട്ടീവ് അധികാരങ്ങളെ ബൈഡൻ എങ്ങനെയാണ് കൈകാര്യം ചെയ്യാൻ പോകുന്നത് എന്നതാണ് അജ്ഞാതമായ ഒരു കാര്യം. രാഷ്ട്രീയ സംസ്‌കാരത്തിന്റെ ചട്ടങ്ങളും നിയമങ്ങളും പിന്തുടരുന്ന, ഒരു ജനാധിപത്യത്തിൽ അത് യു.എസിലായാലും ഇന്ത്യപോലുള്ള രാജ്യങ്ങളിലായാലും അഭിപ്രായ ഭിന്നതകൾ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് പരിഹരിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന, പഴയകാല രാഷ്ട്രീയക്കാരനെയാണ് ബൈഡനിൽ നിന്നുള്ള പഴയ അനുഭവങ്ങളും ഇപ്പോഴത്തെ സന്ദേശങ്ങളും കാട്ടിത്തരുന്നത്. മുസ്‌ലിം നിരോധനം, പാരിസ്ഥിതിക ചട്ടങ്ങളിൽ അയവുവരുത്തൽ, പാരീസ് ഉടമ്പടിയിൽ നിന്നുള്ള പിന്മാറ്റം, കുടിയേറ്റ നിയന്ത്രണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് അദ്ദേഹത്തിന്റെ ഭരണപരമായ അധികാരം വലിയ തോതിൽ ഉപയോഗിച്ചു. ഈ ഉത്തരവുകളെല്ലാം ബൈഡൻ റദ്ദു ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടാം ഒബാമ ഭരണകാലത്ത് മിച്ച് മെക്കണലിനെ കൈകാര്യം ചെയ്ത രീതി അമേരിക്കയിലെ രാഷ്ട്രീയത്തെക്കുറിച്ച് ബൈഡൻ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന ധാരണയിൽ മാറ്റിമുണ്ടാക്കിയില്ലേ? അധികാരമുള്ളതുകൊണ്ട് അദ്ദേഹം അഗ്രസീവാവുകയും തന്നെ വിജയത്തിലേക്ക് നയിച്ചവർക്ക് വ്യക്തമായ വിജയം സമ്മാനിക്കുകയും ചെയ്യുമോ? ഈ വിഷയങ്ങളിലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ശരിയായ തീരുമാനമെടുക്കണമെങ്കിൽ ബൈഡനു ഒരുപാട് കടമ്പകളുണ്ട്.

ജോ ബൈഡൻ 1973ൽ

കുറച്ചുകാലങ്ങൾക്കുള്ളിൽതന്നെ, അടുത്ത ദശാബ്ദം ഏറെ വെല്ലുവിളി നിറഞ്ഞതാവും. നമ്മൾ കരുതിയതുപോലെ ഇത് ട്രംപിസത്തിന്റെ പരാജയമല്ല. അമേരിക്കൻ രാഷ്ട്രീയത്തിൽ അന്തർഭവിച്ചിരിക്കുന്ന ധ്രുവീകരണത്തെ കുറയ്ക്കാൻ ബൈഡന് കഴിഞ്ഞിട്ടില്ല. സത്യത്തിൽ, അമേരിക്ക മുമ്പെങ്ങുമില്ലാത്തത്രയും ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണ്. 2020ലെ തെരഞ്ഞെടുപ്പിനെ അമേരിക്കൻ പരീക്ഷണത്തെക്കുറിച്ചുള്ള ഒബാമയുടെ ഇൻക്ലൂസീവായ കാഴ്ചപ്പാടും ട്രംപിന്റെ സാംസ്‌കാരിക യുദ്ധത്തെ അടിസ്ഥാനമാക്കിയുള്ള വിഭജന ധ്രുവീകരണ കാഴ്ചപ്പാടും തമ്മിലുള്ള പോരാട്ടമായി കാണുകയാണെങ്കിൽ ട്രംപിന്റെ കാഴ്ചപ്പാടാണ് ജയിച്ചിരിക്കുന്നത്. ട്രംപിനാൽ ദേശീയ ചർച്ചകളിലേക്ക് ഉയർത്തപ്പെട്ട വെളുത്തവർഗ മേധാവിത്വത്തിനും ഗൂഢാലോചന സിദ്ധാന്തകർക്കും കൂടുതൽ ബലംകിട്ടിയതായി അനുഭവപ്പെടും. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതായി ട്രംപ് ഇതുവരെ സമ്മതിച്ചിട്ടില്ല. ഡമോക്രാറ്റുകൾ കള്ളിക്കളിയിലൂടെയാണ് തെരഞ്ഞെടുപ്പ് വിജയിച്ചതെന്നും ലിബറൽ വരേണ്യവർഗം വോട്ടെണ്ണലിൽ ക്രമക്കേട് നടത്തിയെന്നും ലക്ഷക്കണക്കിന് വരുന്ന ട്രംപ് അനുയായികൾ വിശ്വസിക്കാൻ ഇത് ഇടയാക്കിയിട്ടുണ്ട്. നമ്മൾ ഊഹിച്ചതിനേക്കാൾ വലിയൊരു വിഭാഗം അമേരിക്കക്കാർക്കുവേണ്ടി സംസാരിക്കുകയും നിലകൊള്ളുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ ശക്തിയായി ട്രംപ് നിലനിൽക്കും. 2024ൽ വീണ്ടും മത്സരിക്കാൻ അദ്ദേഹം തീരുമാനിക്കാനിടയുണ്ട്, ആ തെരഞ്ഞെടുപ്പിൽ പ്രഥമഗണനീയനായി മാറാനുമിടയുണ്ട്. വളർന്നുവരുന്ന ഡമോക്രാറ്റിക് സഖ്യത്തിന് കൂടുതൽ വോട്ടുകളുണ്ടായാലും മീഡിയൻ അമേരിക്കൻ വോട്ടർ ഇടതുപക്ഷത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും അമേരിക്കൻ

ജോ ബൈഡൻ മാതാപിതാക്കൾക്കൊപ്പം, 1970ലെ ചിത്രം

തെരഞ്ഞെടുപ്പു സമ്പ്രദായത്തിന്റെ ഘടനാപരമായ മുൻവിധികൾ എല്ലാ സ്ഥാപനങ്ങളേയും വലത്തേക്ക് തള്ളിക്കൊണ്ടിരിക്കുകയാണ്. അതിന് ഒരു അവസാനവുമില്ല. അതിനുപുറമേ, അമേരിക്കയിലെ രണ്ടു പാർട്ടികളിൽ മാറ്റങ്ങൾ സംഭവിക്കുന്നത് ഒരേപോലെയല്ല. ടീ പാർട്ടി മുന്നേറ്റത്താൽ ശക്തിപ്പെട്ട റിപ്പബ്ലിക്കൻ പാർട്ടിയും ട്രംപും തങ്ങളുടെ തീരുമാനങ്ങൾ നടപ്പിലാക്കാനും അവരുടെ ന്യൂനപക്ഷ നിയമങ്ങൾ ഉറപ്പിക്കാനും നീതിയുക്തമോ അല്ലാത്തതോ ആയ ഏത് ആയുധവും ഉപയോഗിക്കാൻ തയ്യാറാണ്. എന്നാൽ ഡമോക്രാറ്റിക് പാർട്ടി ഇന്നും ഭൂതകാലത്തിലാണ് ജീവിക്കുന്നത്. ഡമോക്രാറ്റിക് പാർട്ടിക്ക് കൈകാര്യം ചെയ്യേണ്ട ഘടനാപരമായ മുൻവിധികൾ നമുക്കെല്ലാം അറിയാം, എന്നാൽ അതിനുള്ള മറുപടി, ഇടതുപക്ഷത്തോടോ വംശീയ നീതി ഗ്രൂപ്പുകളോടോ മിണ്ടാതിരിക്കാൻ പറയരുത് എന്നതാണ്. ഇത് ഏറെ ബാധ്യതയുള്ള, കൂടുതൽ വംശപരമായ, വർഗ ബോധമുള്ള ദൗത്യമാണ്. വോട്ടർമാർ ലളിതമായ കാരിക്കേച്ചർ എന്നതിനേക്കാൾ കൂടുതൽ സങ്കീർണമായ ഒന്നാണെന്ന് നമ്മൾ മനസിലാക്കേണ്ടതുണ്ട്. സാമൂഹികമായി പിന്തിരിപ്പനായതും സമത്വാധിഷ്ഠിതവുമായ കാഴ്ചപ്പാടുകൾ എല്ലാവരുടെയുമുള്ളിലുമുണ്ട്. അമേരിക്കൻ സംസ്‌കാരത്തെ നമുക്ക് ഇനിയും നവീകരിക്കാൻ കഴിയും.

സമീപകാല സംഭവങ്ങളെ മാത്രം ഓർക്കുന്ന ഒരു സമീപനം ഒട്ടുമിക്ക വിദ്വാന്മാർക്കിടയിലുമുണ്ട് എന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്. അതായത്, മറ്റെല്ലാ ട്രെന്റുകളെയും അവഗണിച്ചുകൊണ്ട് അടുത്തിടെയുണ്ടായ തെരഞ്ഞെടുപ്പു ഫലങ്ങളെ സാമാന്യവത്കരിക്കുക. 2004ൽ ഒബാമയുടെ ഉദയം ആരും പ്രതീക്ഷിച്ചതായിരുന്നില്ല. അത്ര വലിയ രാഷ്ട്രീയ പരിചയമൊന്നുമില്ലാത്ത താരതമ്യേന യുവാവായ ഒരു ആഫ്രിക്കൻ അമേരിക്കൻ, യുദ്ധ ഹീറോയായി ആഘോഷിക്കപ്പെടുന്ന ഒരാളെ പരാജയപ്പെടുത്തി പ്രസിഡന്റാകാൻ പോകുന്നുവെന്ന് അന്ന് നിങ്ങൾ ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ അവർ പരിഹസിക്കുമായിരുന്നു. 2012ലെ ട്രംപിന്റെ ഉയർച്ചയും റിപ്പബ്ലിക്കൻ പാർട്ടിയെ അദ്ദേഹം മാറ്റിമറിക്കുമെന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. വാസ്തവത്തിൽ, ഡൊണാൾഡ് ട്രംപ് ആയിരിക്കും റിപ്പബ്ലിക്കൻ നോമിനിയെന്ന് 2015ന്റെ അവസാനത്തിൽ ഒരു ന്യൂസ് ചർച്ചാ പരിപാടിയിൽ കെയ്ത്ത് എല്ലിസൺ സൂചിപ്പിച്ചപ്പോൾ എല്ലാവരും അദ്ദേഹത്തെ കളിയാക്കി. വരുംവർഷങ്ങളിൽ കൂടുതൽ അത്ഭുതങ്ങൾ നമ്മളെ കാത്തുകിടപ്പുണ്ട്. അതെല്ലാം നല്ലതിനുവേണ്ടിയാണെന്ന് പ്രതീക്ഷിക്കാനേ നമുക്ക് കഴിയൂ. നമുക്കെല്ലാം അറിയാവുന്ന ഒരു കാര്യം, അമേരിക്കയിലേയും ലോകത്തിന്റെ മറ്റുഭാഗങ്ങളിലേയും ലിബറൽ ജനാധിപത്യത്തെ സംബന്ധിച്ച് നിർണായക വർഷങ്ങളാണ് ഇതെന്ന് മാത്രമാണ്. ▮

(ലേഖനത്തിലെ അഭിപ്രായങ്ങൾ വ്യക്​തിപരം).

GlossarySwing State: വോട്ടുകളിലെ ചാഞ്ചാട്ടംകാരണം ഒന്നുകിൽ ഡെമോക്രാറ്റ് അല്ലെങ്കിൽ റിപ്പബ്ലിക്കൻ ആയ പ്രസിഡന്റ് സ്ഥാനാർത്ഥി ജയിക്കാൻ സാധ്യതയുള്ള സ്റ്റേറ്റുകളെ സൂചിപ്പിക്കാൻ അമേരിക്കൻ രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്ന പദമാണിത്.

Ticket Splitting: ഒരു തെരഞ്ഞെടുപ്പിൽ തന്നെ പൗരന്മാർ എതിരാളികളായ രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടു ചെയ്യുക. ഉദാഹരണത്തിന്, പ്രസിഡന്റ് സ്ഥാനത്തേക്ക് അവർ റിപ്പബ്ലിക്കൻസിനു വോട്ടു ചെയ്യുമ്പോൾ തന്നെ യു.എസ് കോൺഗ്രസിലെ സീറ്റിലേക്ക് ഡെമോക്രാറ്റുകൾക്ക് വോട്ടു ചെയ്യും.

Hispanics: സ്‌പെയിനുമായി ചരിത്രപരമായതും സാംസ്‌കാരികവുമായ ബന്ധമുള്ള വർഗം. ന്യൂ മെക്‌സികോയിലെ ഹിസ്പാനോസിനെ സൂചിപ്പിക്കാനായിരുന്നു യഥാർത്ഥത്തിൽ ഈ പദം ഉപയോഗിച്ചിരുന്നത്.

Redistricting: യു.എസിൽ ഇലക്ടറൽ ജില്ലകളുടെ അതിരുകൾ പുനർനിർണയിക്കുന്ന പദ്ധതി.


അമൽ ഇക്ബാൽ

അമേരിക്കയിലെ ടെക്​സാസിൽ വയർലെസ്​ കമ്യൂണിക്കേഷൻസിൽ അഡ്വാൻസ്​ഡ്​ ആർ ആൻറ്​ ഡിയിൽ റിസർച്ച്​ എഞ്ചിനീയർ.

Comments