സി.പി.എം 24–ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന കൊല്ലം സമ്മേളനം കോർപ്പറേറ്റ് ഹിന്ദുത്വവാഴ്ച ഉയർത്തുന്ന ഫാഷിസ്റ്റ് ഭീഷണിക്കെതിരായ പ്രതിരോധത്തിന്റെ കർമ്മപദ്ധതികൾ ചർച്ച ചെയ്ത് അംഗീകരിച്ചും നവകേരള നിർമ്മിതിക്ക് പുതിയ ദിശാബോധം പകർന്നുമാണ് സമാപിച്ചത്. എന്നാൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയശക്തികളും സമ്മേളന ചർച്ചകളെയും തീരുമാനങ്ങളെയും അതിന്റെ രാഷ്ട്രീയസത്തയിലും വസ്തുനിഷ്ഠതയിലും മനസ്സിലാക്കാൻ തയ്യാറാവാതെ, പതിവുപോലെ അപവാദപ്രചാരണങ്ങൾക്കുള്ള അവസരമാക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്.
നവലിബറൽ പരിഷ്കാരങ്ങൾ തീവ്രഗതിയിലാക്കി സമ്പദ്ഘടനയെയും ജനജീവിതത്തെയും തകർത്തുകൊണ്ടിരിക്കുന്ന കേന്ദ്രസർക്കാരിന്റെ ജനേദ്രാഹനയങ്ങൾക്കെതിരായ കേരളത്തിന്റെ ക്ഷേമോന്മുഖവും വികസനോന്മുഖവുമായ ബദലിനെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നും കേരളം നേടിയ സാമൂഹ്യപുരോഗതിയെയും നേട്ടങ്ങളെയും എങ്ങനെ സംരക്ഷിക്കാമെന്നുമുള്ള ആലോചനകളിൽ നിന്നാണ് സി.പി.എം സമ്മേളനം നവകേരള വികസനത്തിനായിട്ടുള്ള പുതുവഴികളെന്ന രേഖ അംഗീകരിച്ചിട്ടുള്ളത്. അത് വിശദാംശങ്ങളിലും സൂക്ഷ്മതകളിലും ചർച്ച ചെയ്യപ്പെടണമെന്നുതന്നെയാണെന്നാണ് പാർട്ടി കാണുന്നത്.

എന്നാൽ വലതുപക്ഷ മാധ്യമങ്ങൾ സി.പി.എം, അതിന്റെ പ്രഖ്യാപിത നിലപാടുകളിൽ നിന്നുമാറി സ്വകാര്യവൽക്കരണനയങ്ങളുമായി സന്ധി ചെയ്തുവെന്നും ലീസും ഫീസുമൊക്കെ ചുമത്തിയും പി.പി.പി നടപ്പാക്കിയും ആഗോളവൽക്കരണവിരുദ്ധ നിലപാടുകൾ ഉപേക്ഷിക്കുകയാണ് എന്നൊക്കെയുള്ള പ്രചാരണങ്ങളാണ് നടത്തുന്നത്.
കേരളം കേന്ദ്രത്തിന്റെ ടാർഗറ്റ്
1990–കളിൽ നരസിംഹറാവു സർക്കാർ തുടക്കം കുറിച്ച ആഗോളവൽക്കരണ നയങ്ങളുടെ തുടർച്ചയിൽ കേരള വികസന മാതൃകയെ തകർക്കുന്ന നയങ്ങൾ അടിച്ചേൽപ്പിച്ച അന്നത്തെ യു.ഡി.എഫ് സർക്കാരിനെ പിന്തുണച്ചവരാണ് മാതൃഭൂമിയും മനോരമയും തൊട്ടുള്ള കമ്യൂണിസ്റ്റ് വിരുദ്ധ പത്രങ്ങളെന്ന് മറന്നുപോകരുത്. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ നിന്നും കുടിവെള്ള- വൈദ്യുതി വിതരണരംഗത്തുനിന്നുമൊക്കെ സർക്കാർ പിൻമാറണമെന്നാവശ്യപ്പെടുകയും ഐ.എം.എഫ്- ലോകബാങ്ക് നിർദ്ദേശങ്ങൾക്കനുസൃതമായ രീതിയിൽ ചെലവ് വസൂലാക്കൽ സ്കീമുകൾ അടിച്ചേൽപ്പിക്കുകയും ചെയ്ത യു.ഡി.എഫ് സർക്കാറിന്റെ ഘടനാപരമായ പരിഷ്ക്കാരങ്ങൾ ന്യായീകരിക്കുകയാണ് അക്കാലത്ത് മാധ്യമങ്ങൾ ചെയ്തത്. സർക്കാർ ആശുപത്രികളിൽ അടിമുടി ചികിത്സാഫീസ് ചുമത്താനും സൂപ്പർ സ്പെഷ്യാലിറ്റി യൂണിറ്റുകൾ ഹോളിഡേ ഗ്രൂപ്പ് പോലുള്ള കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറാനുമാണ് യു.ഡി.എഫ് സർക്കാർ ശ്രമിച്ചത്.
കേന്ദ്രസർക്കാറിന്റെ കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തോളമെത്തുന്ന നിഷേധാത്മക നിലപാടാണ് കേരളത്തിന്റെ വികസനനേട്ടങ്ങളെയും ക്ഷേമപദ്ധതികളെയും മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സം.
അന്നത്തെ പ്ലാനിംഗ് കമ്മീഷൻ ഉപാധ്യക്ഷനായിരുന്ന ഡോ.വി. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭവകാര്യ കമ്മീഷൻ സമസ്ത മേഖലകളിലും ഫീസ് ഈടാക്കാനും ജനങ്ങളിൽ നിന്ന് ചെലവ് വസൂലാക്കാനുമുള്ള നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. വിദ്യാഭ്യാസ- ആരോഗ്യമേഖലകളുൾപ്പെടെയുള്ള സേവനമേഖലകളിൽ നിന്ന് സർക്കാർ പിന്മാറുന്ന നിർദ്ദേശങ്ങളാണ് വിഭവകാര്യ കമ്മീഷൻ മുന്നോട്ടുവെച്ചതും അന്നത്തെ കരുണാകരൻ സർക്കാർ തങ്ങളുടെ നയമാക്കി അടിച്ചേൽപ്പിച്ചതും. അതിനെയൊക്കെ ജനകീയ സമരങ്ങളിലൂടെ പ്രതിരോധിച്ചും അധികാരത്തിൽ വന്ന ഘട്ടങ്ങളിൽ ക്ഷേമപദ്ധതികൾ വിപുലപ്പെടുത്തിയും സേവനമേഖലകളിലെ ഇടപെടൽ ശകതിപ്പെടുത്തിയുമാണ് ഇടതുപക്ഷം വിഖ്യാതമായ കേരള മാതൃകയെ സംരക്ഷിച്ചത്. റവന്യു വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളത്തിനും പെൻഷനും ചെലവാക്കേണ്ടിവരുന്നതുകൊണ്ട് അടിസ്ഥാന സൗകര്യം ഉൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപത്തിന് പണമില്ല എന്ന പരാതിയെ ബജറ്റിനു പുറത്ത് വിഭവസമാഹരണത്തിനുള്ള ഭാവനാപൂർണമായ കിഫ്ബി ആവിഷ്ക്കരിച്ചുകൊണ്ടാണ് കേരളം മറികടന്നത്.

ഇന്നിപ്പോൾ റോഡ് നിർമ്മാണം തൊട്ട് സ്കൂളുകളുടെയും ആശുപത്രികളുടെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കേരളത്തിന് കഴിഞ്ഞത് കിഫ്ബി ഫണ്ട് വഴിയാണ്. 87,000–ൽ പരം കോടിയുടെ നിക്ഷേപങ്ങളാണ് അടിസ്ഥാന സൗകര്യരംഗത്ത് കേരളം കിഫ്ബി വഴി മുടക്കിയിരിക്കുന്നത്. കേന്ദ്രസർക്കാറിന്റെ കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തോളമെത്തുന്ന നിഷേധാത്മക നിലപാടാണ് കേരളത്തിന്റെ വികസനനേട്ടങ്ങളെയും ക്ഷേമപദ്ധതികളെയും മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സം. മോദി സർക്കാർ ആർ.എസ്.എസ് അജണ്ടയിൽ നിന്ന് ഇന്ത്യയിലെ ഫെഡറലിസത്തെ തകർക്കുന്ന നീക്കങ്ങളാണ് നടത്തുന്നത്. ഭരണഘടനയുടെ 280–ാം അനുച്ഛേദമനുസരിച്ച് രൂപം കൊണ്ട ധനകാര്യ കമ്മീഷനെ വരെ തെറ്റായ രീതിയിൽ സ്വാധീനിച്ച് സംസ്ഥാന ധനവിഹിതം വെട്ടിക്കുറയ്ക്കുന്ന ഗൂഢാലോചനാപരമായ നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്.
15–ാം ധനകാര്യ കമ്മീഷൻ പ്രകാരം റവന്യു വരുമാനത്തിന്റെ 62.3 ശതമാനവും കേന്ദ്രമെടുക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് നൽകുന്നത് വെറും 37.7 ശതമാനം മാത്രമാണ്. അതേസമയം റവന്യു ചെലവിന്റെ 62.50 ശതമാനവും സംസ്ഥാനങ്ങളാണ് വഹിക്കേണ്ടിവരുന്നത്. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം പൊതുവെ കുറയ്ക്കുന്ന കേന്ദ്ര സർക്കാർ കേരളത്തിന് വൻതോതിൽ കുറവ് വരുത്തുന്നുവെന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. 10–ാം ധനകാര്യ കമ്മീഷൻ കാലത്ത് കേരളത്തിന് നികുതി വരുമാനത്തിന്റെ 3.75 ശതമാനം കിട്ടിയ സ്ഥാനത്ത്, 15–ാം ധനകാര്യ കമ്മീഷൻ വിഹിതം 1.95 ശതമാനമായി കുറഞ്ഞു. അതേസമയം നികുതിവിഹിതം യു.പിയ്ക്ക് 17.94, ബീഹാറിന് 10.06, മധ്യപ്രദേശിന് 7.85 ശതമാനം വീതം ലഭിക്കുന്നു. എത്ര കടുത്ത ശത്രുതയാണ് കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്നതിെൻ്റ ക്രൂരമായ ഉദാഹരണമാണ് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിന് എല്ലാവിധ സഹായങ്ങളും നിഷേധിച്ചതിലൂടെ കണ്ടത്. 2025–26 ബജറ്റിൽ സംസ്ഥാനങ്ങൾക്ക് 25 ലക്ഷം കോടിയാണ് നീക്കിവെച്ചത്. അങ്ങനെ വരുമ്പോൾ കേരളത്തിന് 75,000 കോടിയെങ്കിലും ലഭിക്കാൻ അർഹതയുണ്ടായിരുന്നു. കേരളത്തിന് ലഭിച്ചത് വെറും 15,000 കോടി മാത്രം. ന്യായമായും കേരളത്തിന് ലഭിക്കേണ്ട ധനവിഹിതം കഴിഞ്ഞ നാലു വർഷത്തിനുള്ള 2 ലക്ഷം കോടിയാണ് കേരളത്തിന് ലഭിക്കാതെ പോയത്.
10–ാം ധനകാര്യ കമ്മീഷൻ കാലത്ത് കേരളത്തിന് നികുതി വരുമാനത്തിന്റെ 3.75 ശതമാനം കിട്ടിയ സ്ഥാനത്ത്, 15–ാം ധനകാര്യ കമ്മീഷൻ വിഹിതം 1.95 ശതമാനമായി കുറഞ്ഞു.
ഈയൊരു സാഹചര്യത്തിലാണ് കേരള വികസനത്തെ മുന്നോട്ടുകൊണ്ടുപോകാനാവശ്യമായ ആഭ്യന്തര വിഭവസമാഹരണത്തിന്റെ അനിവാര്യത സംസ്ഥാനത്തിനു മുമ്പിൽ ഒരു വെല്ലുവിളിയായിതന്നെ ഉയർന്നുവന്നിരിക്കുന്നത്. ഇന്ത്യയ്ക്കാകെ മാതൃകയായ കേരളത്തിന്റെ വികസനത്തെയും ക്ഷേമഘടനയെയും മുന്നോട്ടുകൊണ്ടുപോകാനാവശ്യമായ നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടൽ അനിവാര്യമാക്കുന്ന സാഹചര്യത്തിലാണ് സി.പി.എം നവകേരള വികസനത്തിനായുള്ള പുതുവഴികളെ സംബന്ധിച്ച രേഖ അംഗീകരിച്ചിരിക്കുന്നത്.
മാധ്യമങ്ങൾ എന്തുകണ്ടു?
പാർട്ടിക്കെതിരായ മാധ്യമ പ്രചാരണങ്ങളുടെ പരിശോധനയിലേക്ക് വരാം. സമ്മേളനത്തിനുശേഷം മാധ്യമങ്ങൾ സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും പലരെയും ഉൾക്കൊള്ളിക്കാത്തതിലുള്ള അതൃപ്തി പുകയുകയാണെന്ന രീതിയിലുള്ള വാർത്തകൾ പടച്ചുണ്ടാക്കുന്നതിൽ പരസ്പരം മത്സരിക്കുകയായിരുന്നു. സി.പി.എം പോലൊരു പാർട്ടിയുടെ ഓരോ ഘടകത്തിലുമുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യ കേന്ദ്രീകരണ തത്വമനുസരിച്ചാണ്. വർഗ- ബഹുജന സംഘടനകളാൽ പൊതിയപ്പെട്ട ജനങ്ങളുടെയാകെ മുന്നണിപ്പടയെന്ന നിലയ്ക്കാണ് കമ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ശരിയായ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകരണത്തിലാണ് ജനാധിപത്യപരമായ സംഘടനാ കേന്ദ്രീകരണതത്വങ്ങളനുസരിച്ച് പാർട്ടി പ്രവർത്തിക്കുന്നത്. ഇക്കര്യങ്ങളെയെല്ലാം കുറിച്ചുള്ള അജ്ഞതയിലും കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധതയിലുമാണ് മാധ്യമങ്ങൾ സി.പി.എമ്മിനെതിരായ വിവാദങ്ങൾ കൊഴുപ്പിച്ച് നിർത്തുന്നത്.

കോർപ്പറേറ്റ് ഹിന്ദുത്വ വാഴ്ചക്കെതിരായ പോരാട്ടങ്ങളെയും കേരളത്തിന്റെ ബദൽ സമീപനങ്ങളെയും സംബന്ധിച്ച ആഴമേറിയ ചർച്ചകളാണ് സമ്മേളനം നടത്തിയത്. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത്, പി.ബി കോ–ഓർഡിനേറ്റർ പ്രകാശ് കാരാട്ട് നടത്തിയ പ്രസംഗവും മൂന്ന് വർഷക്കാലയളവിലെ പാർട്ടി പ്രവർത്തനങ്ങളെ വിലയിരുത്തിയും സംഘടനാരംഗത്തും രാഷ്ട്രീയരംഗത്തും നേരിടുന്ന വെല്ലുവിളികളെ ചൂണ്ടിക്കാട്ടിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും നവകേരള നിർമ്മിതിയുടെ പുതുവഴികളെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച രേഖയുമാണ് സമ്മേളനം വിശദമായി ചർച്ച ചെയ്തത്.
ആഗോള ഫൈനാൻസ് മൂലധന അധിനിവേശത്തിന്റെയും ഹിന്ദുത്വ വർഗീയത ഉയർത്തുന്ന ഫാഷിസ്റ്റ് ഭീഷണിയുടെയും പശ്ചാത്തലത്തിൽ അതിനെതിരായ പ്രതിരോധത്തിന്റെയും ജനകീയ ബദലിന്റെയും രാഷ്ട്രീയമാണ് സൂക്ഷ്മതലത്തിൽതന്നെ സമ്മേളനം ചർച്ച ചെയ്തത്. സാർവദേശീയതലത്തിൽ യു.എസ് സാമ്രാജ്യത്വശക്തികളും സയണിസ്റ്റുകളും സാമ്രാജ്യത്വപിന്തുണയോടെ മതവംശീയ ഭീകരസംഘങ്ങളും നടത്തുന്ന യുദ്ധങ്ങൾക്കും വംശഹത്യാ നീക്കങ്ങൾക്കുമെതിരായ ക്യാമ്പയിനുകളുയർത്തിക്കൊണ്ടുവരാനാണ് സമ്മേളനം ആഹ്വാനം ചെയ്തത്. ട്രംപിന്റെ അധികാരാരോഹണത്തോടെ ഐക്യരാഷ്ട്രസഭയുടെയും ജനാധിപത്യപരമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും നിലനിൽപുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കും അവയുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശങ്ങൾക്കും നേരെ ബലപ്രയോഗം നടത്തുമെന്നും പിടിച്ചെടുക്കുമെന്നുമുള്ള പരസ്യ ഭീഷണിയാണ് ട്രംപും കൂട്ടാളികളും നടത്തുന്നത്. ലോകത്തെ യുദ്ധങ്ങളിലേക്കും കൂട്ടക്കൊലകളിലേക്കും തള്ളിവിടുന്ന സാമ്രാജ്യത്വ നീക്കങ്ങൾക്കെതിരായി പോരാടുന്ന പലസ്തീൻ തൊട്ടുള്ള എല്ലാ ജനസമൂഹങ്ങളോടുമുള്ള ഐക്യദാർഢ്യ പ്രഖ്യാപനമാണ് സമ്മേളനത്തിലുണ്ടായത്.
കമ്യൂണിസ്റ്റ് മൂല്യങ്ങളിലധിഷ്ഠിതമായി പാർട്ടി സംഘടനയെയാകെ മാറ്റേണ്ടതിന്റെയും കെട്ടിപ്പടുക്കേണ്ടതിന്റെയും, അതിന് വിരുദ്ധമായ എല്ലാ തെറ്റായ പ്രവണതകളെയും ചെറുത്തു തോൽപ്പിക്കേണ്ടതിന്റെയും അടിയന്തര ആവശ്യകതയെക്കുറിച്ച് പാർട്ടി സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്.
കോർപ്പറേറ്റ് ഹിന്ദുത്വ വർഗീയ കൂട്ടികെട്ടിനെതിരായ വിശാല മതനിരപേക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിനെയും അതിന് നേതൃത്വമാകാൻ കഴിയുന്ന തരത്തിൽ ഇടതുപക്ഷ സംഘടനകളുടെ ഐക്യം ദൃഢീകരിക്കുന്നതിനെയും അതിന് മുൻകൈയെടുക്കാൻ കഴിയുന്ന തരത്തിൽ പാർട്ടിയുടെ സ്വതന്ത്രശക്തി വികസിപ്പിക്കുന്നതിനെയുമൊക്കെ സംബന്ധിച്ച ആഴമേറിയ ചർച്ചകളാണ് സമ്മേളനപ്രതിനിധികൾ നടത്തിയത്. കേരള മാതൃകയോടും കേരളത്തിലെ ജനങ്ങളോടും കേന്ദ്രസർക്കാർ കാണിക്കുന്ന അങ്ങേയറ്റം നിഷേധാത്മകവും ശത്രുതാപരവുമായ സമീപനത്തിനെതിരായ ചെറുത്തുനിൽപ്പിന് ജനങ്ങളെയാകെ സജ്ജീകരിക്കാനുള്ള നിർദ്ദേശങ്ങളും തീരുമാനങ്ങളും സമ്മേളനത്തിൽ ഉയർന്നുവന്നു. കേരളത്തിന് അർഹതപ്പെട്ടതെല്ലാം നിഷേധിച്ച് കേരള മാതൃകയെ തകർക്കാനുള്ള മോദി സർക്കാരിെൻ്റ ഫെഡറൽ തത്വങ്ങൾക്കെതിരായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള വിഭവസമാഹരണത്തിന്റെ വഴികളെയും ക്ഷേമ വികസന പ്രവർത്തനങ്ങളുടെ വിപുലനത്തെയും സംബന്ധിച്ച കൃത്യമായ നിർദ്ദേശങ്ങളാണ് സമ്മേളനം അംഗീകരിച്ച, ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന രേഖ മുന്നോട്ടുവെച്ചിരിക്കുന്നത്.

കമ്യൂണിസ്റ്റ് മൂല്യങ്ങളിലധിഷ്ഠിതമായ പാർട്ടി
നവകേരള രേഖ മുന്നോട്ടുവെക്കുന്ന വിഭവസമാഹരണ സാധ്യതകളെയും അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര തലങ്ങളെയും സംബന്ധിച്ച് വിശദമായി പ്രതിപാദിക്കാം. അതിനുമുമ്പ് പാർട്ടിയെ സംഘടനാതലത്തിൽ രാഷ്ട്രീയവൽക്കരിക്കേണ്ടതിന്റെയും, കോർപ്പറേറ്റ് ഹിന്ദുത്വ വർഗീയ ശക്തികൾക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് പ്രത്യയശാസ്ത്രപരമായിതന്നെ സജ്ജമാക്കേണ്ടതിനെയും കുറിച്ച് സമ്മേളനമെടുത്ത തീരുമാനങ്ങളെക്കൂടി സൂചിപ്പിച്ചു പോകേണ്ടതുണ്ട്.
സംഘടനാ റിപ്പോർട്ടിന്റെ ചർച്ചയ്ക്ക് മറുപടി പറഞ്ഞ് സംസ്ഥാന സെക്രട്ടറി അസന്ദിഗ്ധമായ ഭാഷയിൽ, കമ്യൂണിസ്റ്റ് മൂല്യങ്ങളിലധിഷ്ഠിതമായി പാർട്ടി സംഘടനയെയാകെ മാറ്റേണ്ടതിന്റെയും കെട്ടിപ്പടുക്കേണ്ടതിന്റെയും, അതിന് വിരുദ്ധമായ എല്ലാ തെറ്റായ പ്രവണതകളെയും ചെറുത്തു തോൽപ്പിക്കേണ്ടതിന്റെയും അടിയന്തര ആവശ്യകതയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. നേരത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി മുന്നോട്ടുവെച്ച പാർട്ടിയും ഭരണവുമെന്ന രേഖ തുടർഭരണത്തിന്റെ പശ്ചാത്തലത്തിൽ പണം സമ്പാദനമുൾപ്പെടെ കമ്യൂണിസ്റ്റ് മൂല്യങ്ങൾക്ക് നിരക്കാത്ത പല പ്രവണതകളും അംഗങ്ങൾക്കിടയിൽ കടന്നുവരാനുള്ള സാധ്യതയെ കണ്ടുകൊണ്ടുതന്നെ അതിനെ പ്രതിരോധിക്കേണ്ടതുണ്ട് എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനുതകുന്ന തരത്തിലുള്ള രാഷ്ട്രീയ വിദ്യാഭ്യാസം അംഗങ്ങൾക്കാകെ നൽകേണ്ടതുണ്ട്.
ബൂർഷ്വാ ഭൂപ്രഭു വാഴ്ചയുടെ ഘടനയ്ക്കകത്ത് ഒരു സംസ്ഥാനത്ത് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽവന്ന ഒരു കമ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കുന്ന ഘടനയ്ക്കകത്ത് ബദൽനയങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികളും സാധ്യതകളുമാണ് കേരളത്തിലിപ്പോൾ നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.
പാർട്ടി വിദ്യാഭ്യാസവും തെറ്റായ പ്രവണതകൾക്കെതിരായ നടപടികളും വഴിയേ തെറ്റായ പ്രവണതകളെ തിരുത്താനും അവസാനിപ്പിക്കാനും കഴിയൂ. ഒരു തൊഴിലാളിവർഗ പാർട്ടിയുടെ ശക്തിയും അതിന്റെ പങ്കും നിർണയിക്കുന്നത് അംഗങ്ങളുടെ എണ്ണം മാത്രമല്ല എന്ന തിരിച്ചറിവ് മുഴുവൻ പാർട്ടിക്കുമുണ്ടാകണം. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 11–ാം പാർട്ടി കോൺഗ്രസിനെ അഭിസംബോധന ചെയ്ത് ലെനിൻ നടത്തിയ നിരീക്ഷണങ്ങൾ ഈ സന്ദർഭത്തിൽ വളരെ പ്രധാനമാണ്. 1917–ലെ ഒക്ടോബർ വിപ്ലവത്തിനുമുമ്പ് റഷ്യൻ പാർട്ടിയുടെ മെമ്പർഷിപ്പ് 23000–ന് അടുത്ത് മാത്രമായിരുന്നു. വിപ്ലവാനന്തരം പാർട്ടി നേരിട്ട ആഭ്യന്തരയുദ്ധത്തിന്റെ ഘട്ടത്തിൽ കൂടുതൽപേരെ അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിക്കേണ്ടിവന്നു. രണ്ട് ലക്ഷത്തിലേറെ അംഗങ്ങളുള്ള പാർട്ടിയായി റഷ്യൻ പാർട്ടി മാറി. ആഭ്യന്തരയുദ്ധം അവസാനിച്ച സാഹചര്യത്തിലാണ് അംഗത്വത്തിലെ വർദ്ധനവും അംഗങ്ങളുടെ ഗുണനിലവാരക്കുറവും ലെനിൻ വിശകലനവിധേയമാക്കിയത്. അധികാരത്തിലിരിക്കുന്ന പാർട്ടിയെന്ന നിലയ്ക്ക് റഷ്യൻ പാർട്ടിയിലേക്ക് കടന്നുവന്ന പെറ്റി ബൂർഷ്വാ മനോഘടനയുള്ള അംഗങ്ങളെയും അവരെ സ്വാധീനിക്കുന്ന കരിയറിസത്തിന്റെ അപകടത്തെയും കുറിച്ച് ലെനിൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. 1922 മാർച്ച് 27 മുതൽ ഏപ്രിൽ 2 വരെ നടന്ന സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 11–ാം പാർട്ടി കോൺഗ്രസിൽ ലെനിൻ ഇതുസംബന്ധമായ വിമർശനങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. ഭരണത്തിലും പാർട്ടി സംവിധാനത്തിലും അടിഞ്ഞുകൂടാൻ സാധ്യതയുള്ള ഉദ്യോഗസ്ഥമേധാവിത്വത്തെയും കരിയറിസ്റ്റ് പ്രവണതകളെയും വിട്ടുവീഴ്ചയില്ലാതെ എതിർത്തു തോൽപ്പിക്കേണ്ടതിനെക്കുറിച്ച് ലെനിൻ പറയുന്നുണ്ട്.

പുതിയ സാമ്പത്തികനയം നടപ്പിലാക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ലെനിൻ പാർട്ടി അംഗങ്ങളുടെ ഗുണനിലവാരത്തെയും കമ്യൂണിസ്റ്റ് മൂല്യങ്ങളുടെ അനിവാര്യതയെയും കുറിച്ച് സംസാരിക്കുന്നത്. 1987–ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി 13–ാം ദേശീയ കോൺഗ്രസിൽ പുതിയ നയങ്ങൾ നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തിൽ പാർട്ടി അംഗങ്ങളുടെ ഗുണനിലവാരത്തെയും കമ്യൂണിസ്റ്റ് മൂല്യബോധത്തെയും ഉറപ്പിച്ചുനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. സി.പി.സിയുടെ 13–ാം കോൺഗ്രസിൽ സമർപ്പിച്ച റിപ്പോർട്ട് അൽപം വിശദമായിതന്നെ ഇവിടെ ഉദ്ധരിക്കാം:
‘‘ഒരു തൊഴിലാളിവർഗ പാർട്ടിയുടെ ശക്തിയും അതിന്റെ പങ്കും തീരുമാനിക്കുന്നത് അംഗസംഖ്യ നോക്കിയല്ല. അംഗങ്ങളുടെ ഗുണനിലവാരം പാർട്ടിനയം നടപ്പിലാക്കുന്നതിലുള്ള അവരുടെ ദൃഢതയും കമ്യൂണിസത്തോടുള്ള അവരുടെ കൂറുമാണ് അതിനുള്ള അളവുകോൽ. പുതുതായി പാർട്ടിയിലെടുക്കുന്നവരുടെ ഗുണനിലവാരം അവഗണിക്കാനുള്ള ഒരു വാസന ദീർഘകാലമായി കാണാമായിരുന്നു. അക്കാരണത്താൽ പാർട്ടി അംഗത്വത്തിന് ഒട്ടും യോഗ്യതയില്ലാത്തവരും വേണ്ടത്ര യോഗ്യതയില്ലാത്തവരുമായ പലരും ഇന്ന് പാർട്ടിയിലുണ്ട്. അതിനാൽ പാർട്ടിയുടെ ഉന്നത നിലവാരം നിലനിർത്താനും പാർട്ടി അംഗങ്ങളുടെ ഗുണനിലവാരം ഉയർത്താനും വേണ്ടി കൊള്ളരുതാത്ത ആ ഒരു പിടി മെമ്പർമാരെ പുറത്താക്കുക മാത്രമല്ല, ബഹുഭൂരിപക്ഷത്തിന്റെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടതുണ്ട്. തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പടയാണ് പാർട്ടി. ഉറച്ച സംഘടനാബോധവും അച്ചടക്കവുമുള്ളവരുടെതാണ് ഈ മുന്നണിപ്പട. പാർട്ടി അംഗമാവാൻ ആഗ്രഹിക്കുന്നവർ അംഗത്വയോഗ്യത തെളിയിക്കുകയും പാർട്ടി അച്ചടക്കത്തിനു തികച്ചും വിധേയരാവുകയും അവരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആദർശപരമായ പങ്ക് വഹിക്കുകയും വേണം’’.
റിപ്പോർട്ട് തുടരുന്നു: ‘‘പാർട്ടിയുടെയും ഗവൺമെന്റിന്റെയും നേതൃത്വഘടകങ്ങളിലുള്ളവരെ, പ്രത്യേകിച്ച് നേതൃസ്ഥാനങ്ങളിലുള്ളവരെ സംബന്ധിച്ച് ഈ ചട്ടങ്ങൾ തന്നെ കൂടുതൽ കർക്കശമാക്കണം. വിപ്ലവപോരാട്ടത്തിന്റെ വർഷങ്ങളിൽ സ്വന്തം ജീവൻ കൈയിൽ പിടിച്ചുകൊണ്ടാണ് പാർട്ടി അംഗങ്ങൾ പണിയെടുത്തിരുന്നത്. ഇന്ന് അവർ ഔദ്യോഗിക പദവിയുടെയും പരിഷ്ക്കാരത്തിന്റെയും തുറസ്സുനയത്തിനു വേണ്ടിയുള്ള പ്രവർത്തനത്തിന്റെ പരീക്ഷണത്തിനൊത്തുയരണം. പാർട്ടിക്കാരല്ലാത്തവരിൽ നിന്ന് വ്യത്യസ്തമായി അവർ പാർട്ടിയുടെയും ജനതയുടെയും നന്മയ്ക്കുവേണ്ടി വ്യക്തിതാൽപര്യങ്ങൾ ബലികഴിക്കാൻ സദാ തയ്യാറാകണം. ഈ അർത്ഥത്തിലാണ് പാർട്ടിഅംഗത്വം മഹനീയമായിട്ടുള്ളത്. പാർട്ടി ഭരണഘടനയിൽ അനുശാസിച്ചിട്ടുള്ള യോഗ്യതകൾ പാർട്ടി അംഗങ്ങളല്ലാത്തവർക്ക് ബാധകമല്ലെങ്കിലും പാർട്ടി അംഗങ്ങൾ അതെല്ലാം കർശനമായി പാലിച്ചേ പറ്റൂ. അതിനു തയ്യാറല്ലാത്തവരെ, പാർട്ടി ഭരണഘടനയിൽ പറയുന്ന ചുമതലകൾ നിറവേറ്റാതിരിക്കുകയും ആവർത്തിച്ചുള്ള ഗുണദോഷത്തിനുശേഷവും തെറ്റുതിരുത്താൻ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്നവരെ പാർട്ടിയിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിക്കുകയോ പാർട്ടി രജിസ്റ്ററിൽ നിന്ന് അവരുടെ പേര് വെട്ടിക്കളയുകയോ ചെയ്യണം. തൊഴിലാളിവർഗ മുന്നണിപ്പടയെന്ന പാർട്ടിയുടെ അന്തസ് നിലനിർത്താൻ ഇതാവശ്യമാണ്. അങ്ങനെ പാർട്ടി വിട്ടവരുമായി എല്ലാ നിലവാരങ്ങളിലുള്ള പാർട്ടി സംഘടനകൾ ആത്മാർത്ഥമായി സഹകരിക്കണം. അവരെ ചീത്ത വിളിക്കുകയോ അവർക്കെതിരായി ഒരുതരത്തിലുള്ള വിവേചനം കാട്ടുകയോ ചെയ്യരുത്. നല്ല പൗരരായി തുടർന്നുകൊണ്ട് കഴിവിന്റെ പരമാവധി സമൂഹത്തിനുവേണ്ടി പ്രവർത്തിക്കാനവർക്കു കഴിയും. ചിലർക്ക് അവരിരിക്കുന്ന പ്രധാന സ്ഥാനങ്ങളിൽ തുടരാൻ കഴിഞ്ഞെന്നും വന്നേക്കും. പരിഷ്ക്കാരത്തിനും ബാഹ്യലോകത്തേക്കുള്ള വാതായനം തുറക്കലിനുമിടയിൽ മുൻപന്തിയിലേക്ക് വന്നിട്ടുള്ളവരും പാർട്ടി മെമ്പർഷിപ്പിന് യോഗ്യതയുള്ളവരുമായ ആളുകളെ നാം പാർട്ടിയിലേക്ക് ചേർക്കണം. നല്ലതിനെ ഉയർത്തിപ്പിടിച്ചാൽ മാത്രമെ ദുഷിച്ചതിനെ നമുക്ക് അമർച്ചചെയ്യാനാവൂ. അർപ്പണബോധത്തോടെ ജനകീയ താൽപര്യം മറ്റെല്ലാറ്റിനുമുപരിയായി കണ്ടുകൊണ്ട് സർവ്വാത്മനാ ജനസേവനം നടത്തുകയും ആദർശപരമായ പാർട്ടി പരിപാടികൾ നടപ്പിലാക്കുകയും ചെയ്യുന്ന ഉറച്ച പാർട്ടിമെമ്പർമാരെ അപ്പപ്പോൾ തന്നെ നാം അഭിനന്ദിക്കണം. പ്രാഥമിക പാർട്ടിസംഘടനകൾ അവയുടെ ദൈനംദിന പ്രവർത്തനത്തിന്റെ ഭാഗമെന്ന നിലയ്ക്ക് നിരന്തരമായ വിദ്യാഭ്യാസ പ്രവർത്തനം സംഘടിപ്പിക്കുകയും കർക്കശമായ മേൽനോട്ടം നടത്തുകയും വിമർശന–സ്വയം വിമർശനം സംഘടിപ്പിക്കുകയും പാർട്ടി അച്ചടക്കം ശക്തിപ്പെടുത്തുകയും കൊള്ളരുതാത്തവരെ പാർട്ടിക്ക് പുറത്താക്കുകയും പാർട്ടിമെമ്പർഷിപ്പിന് യോഗതയില്ലാത്തവരെ അതനുസരിച്ച് കൈകാര്യം ചെയ്യുകയും പ്രഗൽഭന്മാരെ പാർട്ടിയിലേക്കെടുക്കുകയും ആരോഗ്യകരമായ നടപടികൾ പ്രോത്സാഹിപ്പിക്കുകയും അനാരോഗ്യകരമായവയെ ചെറുക്കുകയും ചെയ്യണം.
മുന്നണിപ്പടയുടേതുപോലുള്ള പാർട്ടിമെമ്പർമാരുടെ പങ്ക് പ്രശംസനീയമായി വഹിച്ചുകൊണ്ട് പ്രാഥമിക പാർട്ടി സംഘടനകൾക്ക് ജനങ്ങളെ തങ്ങൾക്ക് ചുറ്റും അണിനിരത്താനും കരുത്തുറ്റ ഒരു പടയണിയായി മാറാനും സാധിക്കും. പാർട്ടി നേതൃഘടകങ്ങൾ പ്രാഥമിക സംഘടനകൾക്ക് ശരിയായ മാർഗനിർദ്ദേശം നൽകണം. ദൈനംദിന പ്രവർത്തനം ശരിയായി നടത്താൻ നമുക്ക് കഴിഞ്ഞാൽ അതിന്നർത്ഥം പുതിയ ചരിത്രസാഹചര്യങ്ങളിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പുതിയ സമീപനം നാം കണ്ടെത്തിയെന്നാണ്. രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് പകരം പരിഷ്ക്കാരത്തിലും പുതിയ സമ്പ്രദായങ്ങളിലും കൂടി പാർട്ടി കെട്ടിപ്പടുക്കുന്ന ഒരു സമീപനമാണിത്.

പരിഷ്കാരങ്ങൾ, പ്രത്യേകിച്ച് രാഷ്ട്രീയഘടനയുടെ പരിഷ്കാരം, നമ്മുടെ പാർട്ടിക്ക് പുതിയൊരു ചൈതന്യം നൽകും. ഇന്നു നടക്കുന്ന വമ്പിച്ച മാറ്റത്തിനൊപ്പം നിന്നുകൊണ്ട് മഹത്തായ നമ്മുടെ മാർക്സിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുകയെന്ന ഗംഭീരമായ പ്രവർത്തനം നാം ചെയ്തുതീർക്കണം. അങ്ങനെ മാത്രമെ കരുത്തുറ്റ നമ്മുടെ പാർട്ടിക്ക് പരിഷ്ക്കാരത്തിന്റെയും ആധുനികവൽക്കരണത്തിന്റെയും മുൻപന്തിയിൽ നിൽക്കാനാവൂ. അങ്ങനെ മാത്രമെ പരിഷ്കാരങ്ങൾ നടത്താൻ ധൈര്യവും നല്ല അച്ചടക്കവും ചുമതലകൾ നിറവേറ്റുന്നതിൽ സത്യസന്ധതയും നീതിബോധവുമുള്ള വീറുറ്റ ഒരു പാർട്ടിയായി, പ്രഗരായ കഴിവുറ്റ ആളുകളെ തെരഞ്ഞെടുത്ത് യഥാസ്ഥാനങ്ങളിൽ നിയമിച്ച്, അത്യന്തം വിജയകരമായി ജനസേവനം നടത്തുന്ന ഒരു പാർട്ടിയായി, നമുക്ക് നിലനിൽക്കാനാവൂ.’’
ദീർഘകാല കാഴ്ചപ്പാടോടെ മലയാളി ജീവിതത്തെയാകെ വികസിത സമൂഹങ്ങളുടെ നിലവാരത്തിലേക്കെത്തിക്കാനുള്ള നിർദ്ദേശങ്ങളും പരിപാടികളുമാണ് രേഖ മുന്നോട്ടുവെച്ചിട്ടുള്ളത്.
സി.പി.എസ്.യുവിന്റെയും സി.പി.സിയുടെയും ചരിത്രത്തെയും അനുഭവങ്ങളെയും ഉദ്ധരിച്ചത്, ഒരു കമ്യൂണിസ്റ്റ് പാർട്ടി ഓരോ ചരിത്രകാലഘട്ടത്തെയും, അതിന്റെ സമൂർത്തതയിൽ മനസ്സിലാക്കി എങ്ങനെയാണ് നയങ്ങളാവിഷ്ക്കരിച്ച് പാർട്ടി സംഘടനയെയാകെ അതിനാവശ്യമായ രീതിയിൽ സജ്ജീകരിക്കുന്നത് എന്ന് വിശദീകരിക്കാനാണ്. സോവിയറ്റ് യൂണിയനും ചൈനയുമെല്ലാം വിപ്ലവത്തിലൂടെ അധികാരത്തിൽവന്ന കമ്യൂണിസ്റ്റ് പാർട്ടികളുടെ ഭരണാധികാരം നിലനിൽക്കുന്ന രാജ്യങ്ങളായിരുന്നു. അതിൽനിന്ന് വ്യത്യസ്തമായി ഇന്ത്യ പോലൊരു രാജ്യത്ത് നിലനിൽക്കുന്ന ബൂർഷ്വാ ഭൂപ്രഭു വാഴ്ചയുടെ ഘടനയ്ക്കകത്ത് ഒരു സംസ്ഥാനത്ത് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽവന്ന ഒരു കമ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കുന്ന ഘടനയ്ക്കകത്ത് ബദൽനയങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികളും സാധ്യതകളുമാണ് കേരളത്തിലിപ്പോൾ നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.
സോവിയറ്റു യൂണിയന്റെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും തിരോധാനത്തിനുശേഷം നടന്ന പാർട്ടിയുടെ 14–ാം കോൺഗ്രസ് അംഗീകരിച്ച ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങളെപ്പറ്റിയുള്ള രേഖയും 2000–ൽ കാലോചിതമാക്കിയ പാർട്ടി പരിപാടിയുടെയും നിലപാടുകളിൽ നിന്നാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻ്റ് ബദൽനയങ്ങൾ ആവിഷ്ക്കരിച്ചിട്ടുള്ളതും മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നതും. അതിന്റെ ഭാഗമാണ് നവകേരള നിർമ്മിതിയുമായി ബന്ധപ്പെട്ട സംസ്ഥാന സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചിട്ടുള്ള രേഖ. ദീർഘകാല കാഴ്ചപ്പാടോടെ മലയാളി ജീവിതത്തെയാകെ വികസിത സമൂഹങ്ങളുടെ നിലവാരത്തിലേക്കെത്തിക്കാനുള്ള നിർദ്ദേശങ്ങളും പരിപാടികളുമാണ് രേഖ മുന്നോട്ടുവെച്ചിട്ടുള്ളത്.

വികസനത്തിന്റെ
ഐഡിയോളജി
1956–ലെ ഇ.എം.എസ് സർക്കാർ അടിസ്ഥാന വിഭാഗത്തിന്റെ ഭൂമി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിച്ച് എങ്ങനെ കേരള വികസനം മുന്നോട്ടുകൊണ്ടുപോകാമെന്നാണ് കാണിച്ചുതന്നത്. 1956–ലെ തൃശൂർ സംസ്ഥാന സമ്മേളനം മുന്നോട്ടുവെച്ച കേരള വികസന രേഖയുടെ വെളിച്ചത്തിലായിരുന്നു ഒന്നാം കമ്യൂണിസ്റ്റ് സർക്കാറിന്റെ വിപ്ലവകരമായ ഇടപെടലുകൾ നടന്നത്. മനുഷ്യരുടെ പുരോഗതിയിലേക്കും സമത്വത്തിലേക്കുമുള്ള മുന്നോട്ടുള്ള പ്രയാണത്തെ ചങ്ങലയ്ക്കിട്ട് നിർത്തിയിരുന്ന ജാതി ബ്രാഹ്മണ്യാധിഷ്ഠിതമായ ഭൗതികബന്ധങ്ങളെ, അതായത് ജന്മിത്വത്തെ തകർത്ത്, പുതിയ കേരളം സൃഷ്ടിക്കാനുള്ള വിപ്ലവകരമായ നടപടികളാണ് ഇ.എം.എസ് സർക്കാർ എടുത്തത്.
ഭൂപരിഷ്ക്കരണത്തിലൂടെ ജന്മിത്വം അവസാനിപ്പിച്ച് ആധുനിക മുതലാളിത്ത ലോകത്തേക്ക് കേരളം പ്രവേശിച്ചു. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ആധുനിക മനുഷ്യരായി ജീവിക്കാനാവശ്യമായ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. പക്ഷെ കേരളത്തിന്റെ ക്ഷേമപദ്ധതികളും ജനകീയ വികസനവുമെല്ലാം ആഗോളവൽക്കരണനയങ്ങൾ അടിച്ചേൽപ്പിക്കുന്നതിലൂടെ പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ടു. കടുത്ത കമ്പോള നയങ്ങളും ഘടനാപരിഷ്കാരങ്ങളും കേരള മാതൃകയെ മുന്നോട്ടുകൊണ്ടുപോകാനാവാത്ത അവസ്ഥ സൃഷ്ടിക്കുകയും ലോകബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കേരള മാതൃക ഇനിമേൽ ബാധകമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു (1992–ലെ ലോകബാങ്ക് ചെയർമാൻ ന്യൂയോർക്കിൽ നടത്തിയ വാർത്താസമ്മേളനം). ഈയൊരു സാഹചര്യത്തെ, കേരള മാതൃക നേരിടുന്ന വെല്ലുവിളികളെ, അതിജീവിക്കാനാണ് എ.കെ.ജി പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കേരള പഠന കോൺഗ്രസ് അധികാര വികേന്ദ്രീകരണം ഉൾപ്പെടെയുള്ള നടപടികളുടെ പ്രാധാന്യം മുന്നോട്ടുവെച്ചത്. ഉൽപാദനം വർദ്ധിപ്പിച്ച് അത് നീതിപൂർവ്വം വിതരണം ചെയ്ത് എല്ലാവിഭാഗം ജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കണമെന്ന കാഴ്ചപ്പാടാണ് നവകേരള നിർമ്മിതിയുടെ അടിസ്ഥാനമായി വർത്തിക്കുന്നത്.
ജന്മിത്വം അവസാനിച്ച ഒരു സമൂഹത്തിൽ മുതലാളിത്ത വ്യവസായ വികസനം ഉൾപ്പെടെ കേരളീയ സമൂഹത്തിലെ ആധുനിക ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാനാവശ്യമായ കാഴ്ചപ്പാടുകളും സമീപനങ്ങളുമാണ് കേരള വികസനത്തിനായുള്ള രേഖ ചർച്ച ചെയ്യുന്നത്.
ജന്മിത്വം അവസാനിച്ച ഒരു സമൂഹത്തിൽ മുതലാളിത്ത വ്യവസായ വികസനം ഉൾപ്പെടെ കേരളീയ സമൂഹത്തിലെ ആധുനിക ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാനാവശ്യമായ കാഴ്ചപ്പാടുകളും സമീപനങ്ങളുമാണ് കേരള വികസനത്തിനായുള്ള രേഖ ചർച്ച ചെയ്യുന്നത്. രേഖയുടെ വിശദാംശങ്ങളിലേക്ക് പലരും എഴുതിയതുകൊണ്ട് കടക്കുന്നില്ല. കേന്ദ്രസർക്കാറിന്റെ സാമ്പത്തിക ഉപരോധത്തെ മറികടക്കണമെങ്കിൽ നമുക്ക് ആഭ്യന്തര വരുമാന സാധ്യത വികസിപ്പിച്ചുകൊണ്ടേ കഴിയൂ. ഇതിന് സഹകരണ പ്രസ്ഥാനവും തദ്ദേശഭരണ സ്ഥാപനങ്ങളും യോജിച്ച് പ്രവർത്തിക്കുകയും പദ്ധതികളാവിഷ്ക്കരിക്കുകയും ചെയ്യേണ്ടതുണ്ട് എന്നാണ് രേഖ പറയുന്നത്. കേരളത്തിലെ സഹകരണമേഖലയിൽ 2.5 ലക്ഷം കോടിയുടെ നിക്ഷേപമാണുള്ളത്.
അതേപോലെ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവരുടെ വികസനത്തിനായുള്ള മൂലധന നിക്ഷേപം കണ്ടെത്തുന്നതിൽ പ്രധാന സ്രോതസ്സായി കണ്ടത് പ്രവാസികളെയാണ്. സമ്പന്നരായ പ്രവാസികളുടെ പണം നിക്ഷേപമായി സ്വീകരിക്കാനുള്ള പദ്ധതികളെയും സാധ്യതകളെയും കുറിച്ചാണ് രേഖ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് ഹാനികരമല്ലാത്ത നിക്ഷേപ സാധ്യതകളെയും വിഭവസമാഹരണ സാധ്യതകളെയും കുറിച്ചാണ് രേഖ അവതരിപ്പിച്ചും ചർച്ചയ്ക്ക് മറുപടി പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത്. ജനങ്ങളുടെ കൈകളിലുള്ള പണം പലമേഖലകളിലും നിക്ഷേപമായി സ്വീകരിക്കാനുള്ള ആകർഷകമായ പദ്ധതികളെക്കുറിച്ചാണ് രേഖയുമായി ബന്ധപ്പെട്ട് സമ്മേളനം ചർച്ച ചെയ്തത്.

കേന്ദ്രസർക്കാറിന്റെ സാമ്പത്തിക ഉപരോധത്തെ മറികടക്കാൻ കഴിയുന്ന രീതിയിൽ പാവങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിൽ സമ്പന്നരിൽ നിന്നുള്ള അധിക വരുമാനത്തിന്റെ സാധ്യതകളെക്കുറിച്ചാണ് രേഖ സൂചിപ്പിക്കുന്നത്. ഡാമിൽ നിന്ന് മണൽ വാരി വരുമാനമുണ്ടാക്കാനുള്ള സാധ്യതകളും കരിമണൽ മൂല്യവർദ്ധിത ഉൽപന്നങ്ങൾ വികസിപ്പിച്ച് വരുമാനമുണ്ടാക്കാനുള്ള സാധ്യതകളും ടൂറിസം സാധ്യതകളുമൊക്കെ രേഖ അവതരണത്തിലും മറുപടിയിലും മുഖ്യമന്ത്രി വിശദമായിതന്നെ സൂചിപ്പിച്ചു.
ഉൽപാദനശക്തികളെ വികസിപ്പിച്ചുകൊണ്ടേ ഉൽപാദന ബന്ധങ്ങളുടെ സാമൂഹ്യവൽക്കരണം സാധ്യമാകൂവെന്നത് പ്രാഥമികമായൊരു മാർക്സിസ്റ്റ് പാഠമാണ്. കാർഷിക വ്യാവസായിക മേഖലയിലെ ഉൽപാദനവും ഉൽപാദനക്ഷമതയും വർദ്ധിപ്പിക്കുന്ന രീതിയിൽ ശാസ്ത്രജ്ഞാനങ്ങളെ സാങ്കേതികവിദ്യകളായി ഉപയോഗിക്കാൻ നമുക്ക് കഴിയണം. ഇവിടെയാണ് വിജ്ഞാന സമ്പദ്ഘടനയെയും വിജ്ഞാന സമൂഹത്തെയുമെല്ലാം സംബന്ധിച്ച രേഖയുടെ കാഴ്ചപ്പാടുകൾ പ്രധാനമാകുന്നത്. അതിനായി സർവ്വകലാശാലതലത്തിലുള്ള പഠനനിലവാരവും ഗവേഷണകോഴ്സുകളുമൊക്കെ മെച്ചപ്പെടുത്തേണ്ടതുണ്ട്.

1956–ലെ തൃശൂർ സമ്മേളനം മുതൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചിട്ടുള്ള വികസന കാഴ്ചപ്പാടിന്റെയും വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന്റെയും പുരോഗതിയുടെയും അടിത്തറയിൽനിന്നുകൊണ്ടാണ് കൊല്ലം സമ്മേളനം അംഗീകരിച്ചിട്ടുള്ള നവകേരള വികസനത്തിനായുള്ള രേഖയും തയ്യാറാക്കിയിട്ടുള്ളത്.