2024 ലോകസഭാ ലോകസഭാ തിരഞ്ഞെടുപ്പ് ഇന്ന് അതിന്റെ അഞ്ചാംഘട്ടത്തെ നേരിടുന്നു. ബീഹാർ, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ ജാർഖണ്ഡ്, തുടങ്ങി ആറ് സംസ്ഥാനങ്ങളിലേക്കും ജമ്മുകശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിൽ 695 സ്ഥാനാർത്ഥികൾ നാളെ ജനവിധി തേടും. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ചെറിയ ഘട്ടമാണിത്. അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ യുപിയിലാണ് 14. ഈ ഘട്ടത്തിലെ 13 സീറ്റുകളോടെ മഹാരാഷ്ട്രയിലെ വോട്ടെടുപ്പ് പൂർത്തിയാകുകയും ചെയ്യും.
10 വർഷത്തെ ഭരണനേട്ടങ്ങളുയർത്തി 400 സീറ്റിലധികം നേടുമെന്ന മോദിയുടെയും ബിജെപിയുടെയും പ്രധാന അവകാശവാദത്തിൽ നിന്ന് പിന്നോട്ട് പോയി എന്ന് മാത്രമല്ല കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഉണ്ടാകുന്ന 'ഭവിഷ്യത്തുകൾ' പ്രധാന പ്രചാരണ ആയുധമായി മാറിയ സാഹചര്യത്തിൽ കൂടിയാണ് വോട്ടെടുപ്പ് അതിന്റെ അഞ്ചാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. തിരഞ്ഞെടുപ്പിൽ ജയിക്കുമെന്നോ തോൽക്കുമെന്നോ താൻ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന നരേന്ദ്രമോദിയുടെ ഏറ്റവും ഒടുവിലത്തെ പ്രസാതാവനയിലുണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഗ്രൗണ്ട് റിയാലിറ്റി.
നാല് ഘട്ടങ്ങൾ പൂർത്തിയാക്കിയപ്പോൾ പല മണ്ഡലങ്ങളിലും 2019നെ അപേക്ഷിച്ച് വോട്ട് ശതമാനം കുറഞ്ഞിട്ടുണ്ട് എന്നത് രാഷ്ട്രീയപാർട്ടികളെ ആശങ്കയിലാക്കുന്നുണ്ട്. പ്രത്യേകിച്ച് ഭരണകക്ഷിയായ ബി.ജെ.പിയെ. ഒരു ഭരണവിരുദ്ധ തരംഗം പതിയെ രൂപപ്പെട്ട് വരുന്നുണ്ടോ എന്ന് ചിന്തിക്കാൻ ബിജെ.പിയെ പ്രേരിപ്പിക്കുന്നുണ്ട് കഴിഞ്ഞ ഘട്ടങ്ങളിലെ, വോട്ടിംഗ് ശതമാനത്തിലെ ഈ ഇടിവ്.
അഞ്ചാംഘട്ടത്തിൽ രാജ്യം ഉറ്റുനോക്കുന്ന മണ്ഡലം രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയാണ്. സോണിയ ഗാന്ധി രണ്ട് പതിറ്റാണ്ടായി പ്രതിനിധീകരിക്കുന്ന മണ്ഡലം ഇത്തവണ രാഹുൽ ഗാന്ധിയെ കൈവിടിലെന്നാണ് കോൺഗ്രസ് പ്രതീക്ഷ. കോൺഗ്രസിൽനിന്ന് 2018ൽ കൂറുമാറിയെത്തി യുപി സംസ്ഥാന മന്ത്രിയായ ദിനേഷ് പ്രതാപ് സിങ്ങിലൂടെ അമേഠി ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സോണിയയ്‌ക്കെതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പിലും മത്സരിച്ച ദിനേഷ് പ്രതാപ് സിങ്ങിന് ഇത് റായ്ബറേലിയിൽ രണ്ടാമൂഴമാണ്.
കഴിഞ്ഞ തവണ 534,918 വോട്ട് നേടി സോണിയ ഗാന്ധി വിജയിച്ച മണ്ഡലം, കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലം ഇത്തവണ രാഹുൽ എടുക്കുമോ എന്നാണ് അറിയാനുള്ളത്. രാഹുൽ ഗാന്ധി ആദ്യമായി റായ്ബറേലിയിൽ മത്സരിക്കുന്നതും സമാജ് വാദി പാർട്ടിയുമായുള്ള കൂട്ടുകെട്ടും രാഷ്ട്രീയ അത്ഭുതങ്ങൾക്ക് വഴിയൊരുക്കും എന്നാണ് കോൺഗ്രസിന്റെ വിശ്വാസം. പരമ്പരാഗത ശക്തി കേന്ദ്രമായി അറിയപ്പെടുന്ന അമേഠി തിരികെ പിടിക്കുകയും റായ്ബറേലി നിലനിർത്തുകയും വേണമെന്നതാണ് കോൺഗ്രസിന് മുന്നിലെ വെല്ലുവിളി.
കോൺഗ്രസിന്റെ ഉരുക്കു കോട്ടയായിരുന്ന അമേഠി സ്മൃതി ഇറാനിയെന്ന കൊടുങ്കാറ്റിൽ തകർന്നു വീണതാണ്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച് സ്മൃതി ഇറാനി ജയിച്ച അമേഠിയിൽ ഇത്തവണയും ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങുന്നത് സ്മൃതി ഇറാനി തന്നെയാണ്. മണ്ഡലം തിരിച്ചു പിടിക്കാൻ കോൺഗ്രസ് ഇത്തവണ ഏൽപ്പിച്ചിരിക്കുന്നത് ഗാന്ധി കുടുംബത്തിന്റെ എക്കാലത്തെയും വിശ്വസ്തൻ കിശോരിലാൽ ശർമയെയാണ്. രാഹുലിന്റെ അഭാവത്തിലും ശക്തമായ മത്സരമാണ് ഇത്തവണയും അമേഠിയിൽ എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ തവണ നേടിയ വിജയവും ഭൂരിപക്ഷവും ഇത്തവണ നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ, പ്രത്യേകിച്ച് അമേഠി പോലൊരു മണ്ഡലത്തിൽ, കേന്ദ്രമന്ത്രി പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ ബി.ജെ.പിക്ക് അത് വലിയ ക്ഷീണമാവും. ഭരണവിരുദ്ധ തരംഗം എന്നൊരു ഘടകം ബാക്ക്ഗ്രൗണ്ടിൽ എങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് അദ്യം രൂപപ്പെട്ട് വരാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ പെടുന്നവയാണ് അമേഠിയും വാരണാസിയുമൊക്കെ. അങ്ങനെയെങ്കിൽ അത് ബി.ജെ.പിയുടെ മൊത്തം ഇലക്ഷൻ പെർഫോമൻസിനെയും ബാധിക്കാൻ സാധ്യതയുമുണ്ട്. ബിജെപി തരംഗം ഇല്ലാതിരിക്കുകയും കഴിഞ്ഞ തവണ രാഹുലിന്റെ പെട്ടിയിലേക്ക് വീഴാതിരുന്ന മുഴുവൻ എസ്പി വോട്ടുകളും ലഭിച്ചാൽ കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ശർമയ്ക്ക് അത്ഭുതം സൃഷ്ടിക്കാൻ കഴിയും.
എല്ലാഘട്ടത്തിലും തിരഞ്ഞെടുപ്പുള്ള, അഞ്ചാംഘട്ടത്തിൽ എറ്റവും കൂടുതൽ മണ്ഡലങ്ങളിലേക്ക് പോളിംഗ് നടക്കുന്ന ഉത്തർപ്രദേശിൽ മുസ്ലീം വോട്ടുകളും നിർണായകമാകും. മോദി വീണ്ടും വീണ്ടും ആവർത്തിക്കുന്ന വിദ്വേഷപ്രസംഗങ്ങളും മുസ്ലീം വിദ്വേഷവുമെല്ലാം ഷിയ സമുദായത്തിൽ നിന്നുൾപ്പടെ ബി.ജെ.പിയിലേക്കെത്തുന്ന മുസ്ലീം വോട്ടുകളിൽ കുറവുണ്ടാക്കുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. രാമക്ഷേത്രം വോട്ടാകുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്ന ഫൈസാബാദിൽ കൂടുതൽ തിളക്കമാർന്ന വിജയം ബിജെപി ലക്ഷ്യമിടുന്നുമുണ്ട്. അതേസമയം ബ്രിജ്ഭൂഷൺ വിവാദം, സിറ്റിംഗ് സീറ്റായ കൈസർഗഞ്ച് നഷ്ടപ്പെടുത്തുമോ എന്നും ഭയമുണ്ട്. ബ്രിജ്ഭൂഷണിന് പകരം സ്ഥാനാർത്ഥിയായി മകനെ ഇറക്കിയെങ്കിലും പരീക്ഷണം വിജയിക്കുമോ എന്ന് കണ്ടറിയണം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തുടരുന്ന ഉഷ്ണതരംഗവും വോട്ടിംഗിനെ ബാധിക്കുമോ എന്ന് രാഷ്ട്രീയ കക്ഷികൾക്ക് ആശങ്കയുണ്ട്. 44 ഡിഗ്രയോടടുത്ത് താപനിലയാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ ഉൾപ്പടെ രേഖപ്പെടുത്തിയിരുന്നത്. നാലാംഘട്ടത്തിൽ തെലങ്കാനയിലും ഹൈദരാബാദിലുമെല്ലാം വോട്ടിംഗ് ശതമാനം കുറയാൻ ഉയർന്ന താപനിലയും ഒരു കാരണമാണെന്നിരിക്കേ ഡൽഹിക്ക് ഭയമുണ്ട്.
കഴിഞ്ഞതവണ ഏകപക്ഷീയമായി നേട്ടമുണ്ടാക്കിയ പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് ഇത്തവണ കനത്ത തിരിച്ചടി നേരിടുന്നുണ്ട്. വോട്ട് ചെയ്യാൻ ആളുകൾ എത്താതിരുന്നാൽ, അതിനി ഉയർന്ന താപനില കാരണമാണെങ്കിൽ പോലും ഭരണ വിരുദ്ധ തരംഗമെന്ന പ്രചാരണം ശക്തമാക്കാൻ കോൺഗ്രസിനും പ്രതിപക്ഷ കക്ഷികൾക്കും കഴിയുകയും ചെയ്യും. ബി.ജെ.പിയും കേന്ദ്രസർക്കാരും തടയിടാൻ ശ്രമിച്ചിട്ടും അരവിന്ദ് കെജ്രിവാൾ ഫാക്ടർ ഇപ്പോഴും ഡൽഹിയെ മഥിക്കുന്നുണ്ടെന്നതും ബി.ജെ.പിയെ കുഴപ്പത്തിലാക്കുന്ന ഘടകമാണ്. ആർട്ടിക്കിൾ 370 പിൻവലിച്ചത് ഇപ്പോഴും മുറിവായി കൊണ്ടു നടക്കുന്ന കാശ്മീരിലും ലഡാക്കിലും ജനം ആർക്കൊപ്പമെന്നതും ബി.ജെ.പിയെ ഭയപ്പെടുത്തുന്ന മറ്റൊരു ഘടകമാണ്.
ഇന്ത്യ സംഖ്യം ഏറെ പ്രതീക്ഷ വെയ്ക്കുന്ന മഹാരാഷ്ട്രയിലെ അവസാന ഘട്ട വോട്ടെടുപ്പ് കൂടിയാണ് നാളെ നടക്കുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, നടനും രാഷ്ട്രീയ നേതാവുമായ ഭൂഷൺ പാട്ടീൽ, പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വല് നികം തുടങ്ങിയ പ്രധാന സ്ഥാനാർഥികളുമായി പതിമൂന്ന് മണ്ഡലങ്ങളിലാണ് മഹാരാഷ്ട്രയിലെ വോട്ടെടുപ്പ്. യുപി കഴിഞ്ഞാൽ ഏറ്റവുമധികം സീറ്റുള്ള മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 41 എണ്ണവും കഴിഞ്ഞതവണ നേടിയ എൻഡിഎയ്ക്ക് ഇത്തവണ നേരിടേണ്ടി വരിക കനത്ത മത്സരമാണ്.
കഴിഞ്ഞ രണ്ടു തവണയും മോദി തരംഗത്തിൽ എൻഡിഎ തൂത്തുവാരിയ സംസ്ഥാനത്ത് ബിജെപിയും സഖ്യകകക്ഷികളും കനത്ത വെല്ലുവിളിയാണ് നേരിടുന്നത്.
കേന്ദ്ര - സംസ്ഥാന ഭരണത്തിനെതിരെയുള്ള വികാരവും ശിവസേനയിലെയും എൻസിപിയിലെയും പിളർപ്പുകളും 28% വരുന്ന മറാഠകൾ സംവരണപ്രശ്‌നത്തിൽ എൻഡിഎയ്‌ക്കെതിരായതും ഇന്ത്യാസഖ്യത്തിന് ആത്മവിശ്വാസം നൽകുന്നതാണ്. ഒപ്പം വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകരോഷം എന്നിവയടക്കം രണ്ടും കൽപ്പിച്ച് ജനം പോളിംഗ് ബൂത്തിലെത്തിയാൽ മഹാരാഷ്ട്ര ഇന്ത്യ സഖ്യത്തിനൊപ്പം നിൽക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞതവണ വോട്ട് ചോർത്തിയ പ്രകാശ് അംബേദ്കറും അസദുദ്ദീൻ ഉവൈസിയും ചേർന്നുള്ള സഖ്യം ഇത്തവണയില്ലെന്നതും ഇന്ത്യാസഖ്യത്തിന്റെ പ്രകീക്ഷകൾക്ക് ആക്കം കൂട്ടുന്നുണ്ട്.