ഫോർട്ട് കൊച്ചിയിലെ പഴയ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ്‌ / മുഹമ്മദ് ഫാസിൽ

രാഷ്ട്രീയ മണ്ഡലത്തിൽ സാംസ്​കാരിക വിഭവങ്ങൾക്ക്​ പ്രാധാന്യമുണ്ടെന്ന്​ ഇടതുപക്ഷം എന്നാണ്​ തിരിച്ചറിയുക?

ബി.ജെ.പിയുടെ മുന്നേറ്റം നേരിടാൻ എല്ലാ ഹിന്ദുത്വ-വിരുദ്ധ ശക്തികളും ഒപ്പം നിന്നുകൊണ്ട് പുതിയ ഒരു പുരോഗമന-രാഷ്ട്രീയ സംസ്‌കാരം വിഭാവനം ചെയേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ പുതിയ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തിൽ നിന്ന് കൊണ്ട് മാത്രമേ ഇന്ന് കേരളം നേരിടുന്ന പരിസ്ഥിതി-വികസന പ്രതിസന്ധികളെയും, ഹിന്ദുത്വ രാഷ്ട്രീയത്തെയും നേരിടാൻ കഴിയൂ

രാഷ്ട്രീയ മണ്ഡലത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധിപത്യം വീണ്ടെടുക്കാൻ, കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളം അഭിമുഖീകരിക്കുന്ന പല വികസന-പരിസ്ഥിതി പ്രതിസന്ധികളെയും അവസരങ്ങളായാണ് ഇടതുപക്ഷ സർക്കാർ നോക്കിക്കാണുന്നത്. ഈ സമീപനം അവരെ ഏറെ സഹായിച്ചുവെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. ഇടതിന്റെ മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ചത് കോൺഗ്രസിന് പറ്റിയ വലിയ വീഴ്ചകൾ കൂടിയാണ്. കേരളം നേരിടുന്ന വികസന പ്രതിസന്ധികളെ പറ്റിയോ, ഹിന്ദുത്വവാദത്തിന് എതിരെയോ കോൺഗ്രസ് ശക്തമായ യാതൊരു രാഷ്ട്രീയ നിലപാടുകളും എടുക്കാതിരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

എന്നാൽ എൽ.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും ഹിന്ദുത്വത്തിന്റെ വളർച്ചയെ ചെറുതായി കാണുന്നതിന്റെ കുഴപ്പങ്ങൾ കേരളത്തിൽ വലിയ തോതിൽ വർഗീയവൽക്കരിക്കപ്പെടുന്ന പൊതുമണ്ഡലങ്ങൾ ശ്രദ്ധിച്ചാൽ കാണാം. ഓരോ തെരഞ്ഞെടുപ്പുകളിലും തങ്ങളുടെ വേരുകൾ പടർത്തികൊണ്ടിരിക്കുകയാണ് ബി.ജെ.പി. ഇത് കേരള സമൂഹത്തിന് വലിയ മുറിവുകൾ ഏൽപ്പിക്കുമെന്ന് നമ്മൾ ഭീതിയോടെ കാണേണ്ട ഒരു സത്യമാണ്. തെരഞ്ഞെടുപ്പുകൾ മാത്രം മുന്നിൽ കണ്ട്, ഒരു ദീർഘവീക്ഷണവും ഇല്ലാതെ ഉണ്ടാക്കുന്ന തന്ത്രങ്ങൾകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാൻ ഇനി ഇടതുപക്ഷത്തിനോ കോൺഗ്രസ്സിനോ കഴിയില്ല. ബി.ജെ.പിയുടെ വളർച്ചയെ തടയാൻ, അവർ വെച്ചുപുലർത്തുന്ന കേന്ദ്രീകൃത ഭരണശൈലിയെ, ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങളെ, സ്ത്രീവിരുദ്ധ നിലപാടുകളെ ഒക്കെ തുറന്നു കാട്ടുന്നതിനോടൊപ്പം അതിനു ബദലായ പുരോഗമന രാഷ്ട്രീയത്തെ വീണ്ടെടുക്കേണ്ടതുണ്ട്. ഈ ദൗത്യത്തിന് സഹായകരമാകുന്ന ചില സൂചനകളും മുന്നറിയിപ്പുകളും ഈ തെരഞ്ഞെടുപ്പ് നൽകുന്നുണ്ട്.

വികസനം എന്നാൽ നീതി നടപ്പാക്കൽ കൂടിയാണ്

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന അസത്യം പോലെയാണ് മോദി സർക്കാരിന്റെ "വികസന' പ്രവർത്തനങ്ങളെപ്പറ്റിയുള്ള ബി.ജെ.പി- സംഘപരിവാർ അവകാശ വാദങ്ങളും. നീണ്ട ആറു ദശകങ്ങളിൽ കോൺഗ്രസ് ഭരണകൂടങ്ങൾക്ക് കഴിയാത്തതാണ് കഴിഞ്ഞ ആറു വർഷങ്ങൾകൊണ്ട് ബി.ജെ.പി നേടിയതെന്നാണ് അവർ എല്ലാവരെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. കേരളത്തിലെ ബി.ജെ.പി നേതാക്കൾ പറയുന്നതും ഇതുതന്നെ. സംഘപരിവാർ വിഭാവനം ചെയ്യുന്ന വികസനപാതയിൽ ആകെ വളരുന്നത് കുത്തക മുതലാളിത്തവും അതിൽ നിന്നുണ്ടാവുന്ന വലിയ അസമത്വങ്ങളുമാണ്. ഇതുണ്ടാക്കുന്ന മാനുഷിക പ്രതിസന്ധികൾ മനസ്സിലാക്കാൻ, കൊറോണ മഹാമാരിയെ പ്രതിരോധിക്കാൻ മോദി സർക്കാർ ഉപയോഗിച്ച തന്ത്രങ്ങൾ പരിശോധിച്ചാൽ മതി. യാതൊരു മുന്നറിയിപ്പുകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ, രാജ്യത്തെ ലക്ഷോപലക്ഷം അടിസ്ഥാന വർഗത്തൊഴിലാളികളുടെ ജീവനെയും ഉപജീവനമാർഗങ്ങളെയും കുറച്ച് നിമിഷങ്ങൾ കൊണ്ട് ഒരു സർക്കാരിന് എങ്ങനെ അപായപ്പെടുത്താമെന്ന് മോദിയുടെ രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപനം തെളിയിച്ചതാണ്. കേന്ദ്ര സർക്കാരിന്റെ ഈ മനുഷ്യത്വരഹിതമായ സമീപനം വെച്ച് നോക്കുമ്പോൾ കേരളത്തിലെ ഇടത് സർക്കാർ നയങ്ങൾ കൂടുതൽ നീതിപൂർണവും ഫലപ്രദവുമായിരുന്നു എന്ന് വിലയിരുത്തേണ്ടിവരും.

അപ്രതീക്ഷിത ലോക്ഡൗൺ പ്രഖ്യാപനത്തെതുടർന്ന്​ നാട്ടിലേക്ക് തിരിച്ചു പോകാൻ ശ്രമിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികൾ / photo: Wikimedia commons

കഴിഞ്ഞ രണ്ടു ദശകങ്ങളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്ന കാർഷികമേഖലയുടെ തകർച്ച, ഉയർന്ന തൊഴിലില്ലായ്മ നിരക്ക്, വർധിച്ചു വരുന്ന സാമൂഹിക- സാമ്പത്തിക അസമത്വം എന്നീ വികസന പ്രതിസന്ധികൾ കൂടാതെയാണ് മഹാപ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുകയും, ജനജീവിതത്തെ ഒട്ടാകെ ബാധിക്കുന്ന കൊറോണ മഹാമാരി വ്യാപിക്കുകയും ചെയ്യുന്നത്. ഈ പ്രതിസന്ധികളെ മറികടക്കാൻ ജനങ്ങൾക്കാവശ്യം വൈകാരികമായി പ്രസംഗിക്കുന്ന നേതാവിനെയല്ല, മറിച്ച് ഉത്തരവാദിത്തബോധമുള്ള, നീതി നടപ്പാക്കുന്ന, ജനങ്ങളുടെ അവകാശങ്ങളെ ബഹുമാനിക്കുന്ന സർക്കാരിനെയാണ്. അടിയന്തരഘട്ടങ്ങളിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് ഏറെ ഫലപ്രദമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുവാനും എല്ലാ ജനങ്ങൾക്കും സേവനങ്ങളും, അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുവാനും കഴിഞ്ഞിട്ടുണ്ട്. ആപത്ഘട്ടങ്ങളിൽ പോലും ജാതി- മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം പറയുന്ന വലതുപക്ഷത്തെക്കാൾ ഇടതുപക്ഷ രാഷ്ട്രീയമാണ് കൂടുതൽ ഉചിതമെന്ന് ജനങ്ങൾ വിലയിരുത്തി.

2018 പ്രളയകാലത്ത് മുഖ്യമന്ത്രി ദിവസേന നടത്തിയിരുന്ന വാർത്തസമ്മേളനങ്ങളിലൊന്ന്

എന്നാൽ, പരിസ്ഥിതി അതിലോലമായി കഴിഞ്ഞ പ്രളയാനന്തര കേരളത്തിൽ പോലും ജനാധിപത്യ വിരുദ്ധമായി പല പരിസ്ഥിതി നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള വികസന പദ്ധതികൾ പ്രാദേശികതലത്തിൽ സർക്കാർ നടപ്പിലാക്കുന്നുണ്ട്. പരിസ്ഥിതിയെ ദുർബലമാക്കുന്ന "വികസന' പദ്ധതികൾക്ക് ചുക്കാൻ പിടിക്കുകയും പിന്നെ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ആശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതും നീതിയുക്തം അല്ല. ഇത് തുറന്നു കാണിക്കുന്നത് ഇടതുപക്ഷ സർക്കാരിന്റെ പാരിസ്ഥിതിക- സാമൂഹിക നീതി നടപ്പാക്കാനുള്ള പ്രതിബദ്ധതയുടെ അഭാവമാണ്.

പ്രാദേശികതലത്തിലെ ആനുകൂല്യങ്ങളുടെ രാഷ്ട്രീയം

നവലിബറൽ സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ മാറ്റം ഏറ്റവും ബാധിച്ചത് ഇവിടുത്തെ ആദിവാസി, ദളിത്, മത്സ്യത്തൊഴിലാളികൾ പോലുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളെയാണ്. സ്ഥിര തൊഴിൽ ലഭിക്കുവാനുള്ള സാഹചര്യം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇവർക്ക് പലപ്പോഴും സർക്കാരിന്റെ ക്ഷേമ വിഭവങ്ങളെ ആശ്രയിക്കേണ്ടി വരാറുണ്ട്. മഹാപ്രളയത്തിന് ശേഷവും ലോക്ഡൗൺ ഘട്ടങ്ങളിലും തൊഴിലില്ലായ്മ വർധിച്ചതിനാൽ സർക്കാർ വിതരണം ചെയ്യുന്ന ആനുകൂല്യങ്ങൾ ഉപയോഗിച്ചും കുടുംബശ്രീ വായ്പകൾ എടുത്തുമൊക്കെ ജീവിക്കുന്ന കുടുംബങ്ങളുടെ എണ്ണം വളരെ അധികമാണ്. ഇതിനാൽ തന്നെ പ്രളയാനന്തര കാലഘട്ടത്തിൽ ആനുകൂല്യങ്ങളുടെ രാഷ്ട്രീയം വളരെ പ്രസക്തമായിരിക്കുന്നു. എന്നാൽ തദ്ദേശ ഭരണ സ്ഥാപനങ്ങളാകട്ടെ ക്ഷേമവിഭവങ്ങളും ആനുകൂല്യങ്ങളും ഒക്കെ അവർ ജനങ്ങൾക്ക് നൽകുന്ന ഔദാര്യമായാണ് കാണുന്നത്. രാഷ്ട്രീയ പാർട്ടികൾ സ്ഥാപിത താൽപര്യങ്ങൾക്കു വേണ്ടിയും, രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയും പലപ്പോഴും ഈ അടിയന്തര സേവനങ്ങളിലും വിഭവ- വിതരണത്തിലും തിരിമറി നടത്താറുണ്ട്. അതിനാൽ തന്നെ, ഇപ്പോൾ ജനങ്ങൾ രാഷ്ട്രീയ മുന്നണികളെ വിലയിരുത്തുവാൻ ഉപയോഗിക്കുന്ന ഏറ്റവും വലിയ മാനദണ്ഡം തദ്ദേശ തലത്തിൽ പാർട്ടി പ്രവർത്തകരും ജനപ്രതിനിധികളും ദുരന്തകാലങ്ങളിൽ എങ്ങനെ പ്രവർത്തിച്ചുവെന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും അവർക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്തം കൂടുതൽ ദൃഢമാക്കുകയും ചെയ്യേണ്ടത് ജനപിന്തുണ ആഗ്രഹിക്കുന്ന എല്ലാ പാർട്ടികളുടെയും ആവശ്യമാണ്.

ചരിത്രം എടുത്തു നോക്കിയാൽ ജനകീയ ആസൂത്രണവും വികേന്ദ്രികൃത ഭരണവും താരതമ്യേന ഭേദപ്പെട്ട രീതിയിൽ നടപ്പിലാക്കിയിട്ടുള്ളത് 1996 ൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നടപ്പിലാക്കിയ പീപ്പിൾസ് പ്ലാനിംഗ് ക്യാമ്പയിൻ ആയിരുന്നു

ഇപ്പോൾ നിലവിലുള്ള വ്യവസ്ഥയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മേൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളും വിവിധ വകുപ്പുകളിലെ മധ്യനിര ഉദ്യോഗസ്ഥരും ഉന്നതതല ബ്യൂറോക്രാറ്റുകളും അധികാരം പ്രയോഗിക്കാറുണ്ട്. ഇതിനെ കൂടുതൽ വഷളാക്കാൻ പ്രാദേശികതലത്തിൽ മുതലാളിമാരുടെയും പ്രമാണികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പ്രതിനിധികൾ ശ്രമിക്കാറുണ്ട്. ഇതിൽ എല്ലാ രാഷ്ട്രീയ മുന്നണികളും ഒരേപോലെ തെറ്റുകാരാണ്. ചരിത്രം എടുത്തു നോക്കിയാൽ ജനകീയാസൂത്രണവും വികേന്ദ്രികൃത ഭരണവും താരതമ്യേന ഭേദപ്പെട്ട രീതിയിൽ നടപ്പിലാക്കിയിട്ടുള്ളത് 1996ൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നടപ്പിലാക്കിയ പീപ്പിൾസ് പ്ലാനിംഗ് ക്യാമ്പയിൻ ആയിരുന്നു. ഇടതുപക്ഷം, ഉന്നതതല ടെക്‌നോക്രാറ്റ്‌സ്/ കോർപ്പറേറ്റ് കൺസൾട്ടന്റുകളോട് കാണിക്കുന്ന അമിത വിശ്വാസത്തിൽ നിന്നുണ്ടാകുന്ന പല ഗുരുതര ഭരണവീഴ്ചകളെയും തിരുത്താനും, തദ്ദേശതലത്തിൽ ജനകീയ ഭരണം ഉറപ്പാക്കുവാനും രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കേണ്ടതാണ്.

കോവിഡ് സമയത്ത് പൊതുവിതരണ ശൃംഖല വഴി സർക്കാർ നൽകുന്ന അവശ്യസാധനങ്ങൾ

ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതും ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതും സർക്കാർ ജനങ്ങൾക്കുവേണ്ടി ചെയ്യുന്ന ഔദാര്യമല്ല അത് അവരുടെ പൗരന്മാരോടുള്ള പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്നും കേന്ദ്ര- സംസ്ഥാന-പ്രാദേശിക സർക്കാരുകൾ മനസ്സിലാക്കേണ്ടതാണ്. ഇതിനുവേണ്ടത് ജനങ്ങളെ ഗുണഭോക്താക്കൾ ആയിട്ടല്ല, പകരം അവകാശങ്ങളുള്ള പൗരന്മാരായിട്ടാണ് കാണേണ്ടത്.

കോൺഗ്രസ് ശ്രദ്ധിക്കാതെ പോയത്

ദുരന്തങ്ങളെ അവസരങ്ങളാക്കി മാറ്റാൻ കഴിഞ്ഞത് ഗുണം ചെയ്തതുപോലെ, കോൺഗ്രസിന്റെ പതനവും തെരഞ്ഞെടുപ്പ് വിജയത്തിന് ഇടതുപക്ഷത്തെ സഹായിച്ചിട്ടുണ്ട്. സ്വർണക്കടത്തു കേസിന്റെ പേരിൽ മുഖ്യമന്ത്രിയെയും ഇടതുസർക്കാരിന്റെയും ഭരണവീഴ്ചകളെ ചൂണ്ടിക്കാണിച്ചു എന്നതല്ലാതെ യാതൊരു രീതിയിലും അവർ കേരളത്തിന്റെ ഭാവിയെ എങ്ങനെ വിഭാവനം ചെയ്യുന്നു എന്നതിനെപ്പറ്റി ഒരു വ്യക്തതയും തന്നിട്ടില്ല. ഹിന്ദുത്വ രാഷ്ട്രീയവാദത്തെ വെല്ലുവിളിക്കാനുള്ള സംഘടനാശക്തിയോ ഉദ്ദേശ്യശുദ്ധിയോ ഇന്നത്തെ കോൺഗ്രസിന് ഇല്ല. ഇടതുപക്ഷവും ബി.ജെ.പിയും കേഡർ അധിഷ്ഠിതമായതുകൊണ്ട് ഗ്രാമീണ- വാർഡുതലങ്ങളിൽ പ്രതിബദ്ധരായ പ്രവർത്തകരെ നിയമിക്കുവാൻ അവർക്കു സാധിച്ചിട്ടുണ്ട്. പ്രാദേശികതലത്തിൽ എന്ത് സംഭവിച്ചാലും ഇവരുടെ പ്രവർത്തകരും അനുയായികളും ഓടിയെത്തും. പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിലൂടെയും ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെയും ഈ രണ്ടു പാർട്ടികൾക്കും തങ്ങളുടെ പ്രവർത്തകരെ ഉപയോഗിക്കാൻ കഴിഞ്ഞു. ഇത് അവർക്ക് ഏറെ വിസിബിലിറ്റി ഉണ്ടാക്കിയെടുക്കാൻ സഹായിച്ചു.

2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ മന്ത്രി ടി. എം. തോമസ് ഐസക്‌

സംഘടനാ തല പരിമിതികളുള്ളതിനാൽ കോൺഗ്രസ് പ്രവർത്തകർക്ക് പലപ്പോഴും ഈ രീതിയിൽ ജനങ്ങളെയും വിഭവങ്ങളെയും ഒരുമിച്ചു നയിക്കുവാൻ കഴിയാറില്ല. പാർട്ടിയിലെ വിഭാഗീയത മൂലം നേതാക്കളുടെ ഊർജം പലപ്പോഴും ഉൾപ്പോരുകൾ തീർക്കാൻ ചെലവാകും. ഈ കുറവുകൾ ഒന്നും പോരാതെയാണ് കോൺഗ്രസ് നേതാക്കൾ തങ്ങൾക്കുള്ളിൽ വെച്ചുപുലർത്തുന്ന സ്ത്രീവിരുദ്ധത കൊട്ടിഘോഷിക്കുന്നത്.

പൊതുവേദികളിൽ ഒരു മടിയും കൂടാതെ സ്ത്രീകളെ അപമാനിക്കുന്ന നേതാക്കൾക്കുള്ള ചുട്ടമറുപടിയാണ് ഈ തെരഞ്ഞെടുപ്പ്. എന്നാൽ ഈ വിജയം സ്ത്രീകൾ എൽ.ഡി.എഫിന് കൊടുക്കുന്ന ക്ലീൻ ചിറ്റ് ആയി കാണേണ്ടതുമില്ല

പ്രതിസന്ധിഘട്ടങ്ങളിലൊക്കെയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ് എന്നതിൽ സംശയമില്ല. അംഗനവാടി, ആശ, കുടുംബശ്രീ പ്രവർത്തകരുടേയുമൊക്കെ ശാരീരിക - വൈകാരിക അധ്വാനം ഉപയോഗിച്ചാണ് ഇന്ന് എല്ലാ കേന്ദ്ര- സംസ്ഥാന പദ്ധതികളും തദ്ദേശതലത്തിൽ നടപ്പിലാക്കുന്നത്. ഈ സേവനങ്ങളിൽ പലതും അവർ സൗജന്യമായോ അല്ലെങ്കിൽ തുച്ഛമായ വേതനം വാങ്ങിയോ ആണ് ചെയ്യുന്നത്. ലോക്ക്ഡൗൺ കാലത്തും കേരളത്തിൽ ആരും വിശപ്പ് അറിയാത്തതു പോലും കുടുംബശ്രീ സ്ത്രീകളുടെ നിസ്വാർത്ഥ അധ്വാനത്തിലൂടെ നടപ്പിലാക്കിയ കമ്യൂണിറ്റി അടുക്കളകൾ കൊണ്ടാണ്.

കോവിഡ് കാലത്ത് സംസ്ഥാനത്തുടനീളം ആരംഭിച്ച സാമൂഹിക അടുക്കളിലൊന്ന്‌

ഇതുകൂടാതെ, മഹാമാരികൾ പടരുന്നത് പ്രതിരോധിക്കാൻ പ്രവർത്തിക്കുന്ന ഭൂരിഭാഗം ആരോഗ്യപ്രവർത്തകരും സ്ത്രീകൾ തന്നെയാണ്. എന്നാൽ, സ്ത്രീകളുടെ ഈ അധ്വാനം ഒരിടത്തും അംഗീരികരിക്കപ്പെടുന്നുമില്ല. പക്ഷേ, സ്ത്രീകൾക്കെതിരെ പല വേദികളിലും രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും അശ്ലീല പ്രസ്താവനകൾ നടത്തുകയും, അവരെ താഴ്ത്തിക്കെട്ടാൻ ഏതൊരവസരവും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ കൊറോണ പ്രതിരോധഘട്ടത്തിൽ പ്രശംസനീയമായ പ്രകടനം കാഴ്ചവെച്ച ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയെക്കുറിച്ച് മ്ലേച്ഛമായ ഭാഷയിൽ അധിക്ഷേപിച്ച കോൺഗ്രസ് നേതാക്കളെ ഒരു സ്ത്രീയും മറക്കാനിടയില്ല. പൊതുവേദികളിൽ ഒരു മടിയും കൂടാതെ സ്ത്രീകളെ അപമാനിക്കുന്ന നേതാക്കൾക്കുള്ള ചുട്ടമറുപടിയാണ് ഈ തെരഞ്ഞെടുപ്പ്. എന്നാൽ ഈ വിജയം സ്ത്രീകൾ എൽ.ഡി.എഫിന് കൊടുക്കുന്ന ക്ലീൻ ചിറ്റ് ആയി ആരും കാണേണ്ടതുമില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുള്ളിലെ സ്ത്രീവിരുദ്ധതയും പിതൃമേധാവിത്വ പ്രവർത്തന രീതികളും വ്യക്തമാകുന്ന നിരവധി അവസരങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. സ്ത്രീകളെ ലൈംഗിക വസ്തുക്കളായിട്ടോ വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടി സൗജന്യമായി അധ്വാനിക്കുന്ന ശരീരങ്ങളായിട്ടോ മാത്രം കാണുന്ന എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും സ്ത്രീകൾ നൽകുന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ്.

ഹിന്ദുത്വ രാഷ്ട്രീയത്തെ സൂക്ഷിക്കുക

വിചാരിച്ചതിലും വേഗം പടർന്നു പിടിക്കുന്ന അപകടകരമായ വൈറസാണ് ഹിന്ദുത്വ രാഷ്ട്രീയം എന്ന് മതേതര മലയാളികളും മതന്യൂനപക്ഷവും ഇന്ന് ഭീതിയോടെ മനസിലാക്കുന്നുണ്ട്. ബാബ്റി മസ്ജിദ് തകർക്കുന്ന സംഘപരിവാർ പ്രവർത്തകരുടെ ക്രൂരമായ കാഴ്ച ഓർമപ്പെടുത്തുന്ന രീതിയിൽ പാലക്കാട് മുനിസിപ്പാലിറ്റി വിജയം ആഘോഷിക്കാൻ "ജയ് ശ്രീറാം' പോസ്റ്റർ പിടിച്ചു നിൽക്കുന്ന സംഘപരിവാർ പ്രവർത്തകരുടെ ദൃശ്യങ്ങൾ എല്ലാ മതേതര മലയാളികൾക്കുള്ളിലും ഏറെ നിരാശ ഉണ്ടാക്കിയതാണ്. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ച ഇവിടുത്തെ രണ്ടു വലിയ മുന്നണികളും പലപ്പോഴും മനസിലാക്കാതെ പോകുന്നു. കോൺഗ്രസിനെ ഇല്ലാതാക്കുക എന്നതിനാണ് ഇടതുപക്ഷവും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഈ നിലപാടിൽ അവർ വിമർശിക്കാതെ പോകുന്നത് ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെയാണ്. ബി.ജെ.പിയാവട്ടെ, സി.പി.എം- കോൺഗ്രസ് പോരിനിടയിൽ തങ്ങളുടെ വേരുകൾ പടർത്തികൊണ്ടിരിക്കുകയും ചെയ്യുന്നു.

ഷഹീൻ ബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവർ/ photo: Wikimedia commons

മോദി സർക്കാരിന്റെ സി.എ.എ-എൻ.ആർ.സി പോലുള്ള നിയമങ്ങളും, സംഘപരിവാർ പ്രവർത്തകർ മുസ്​ലിം സമുദായത്തിനുമേൽ നടത്തുന്ന അതിക്രമങ്ങളും ഭയാവഹകമായ തോതിൽ വർധിച്ചിരിക്കുന്നു.

മതന്യൂനപക്ഷ സമുദായങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ, ഇടതുമുന്നണിക്കുള്ളിൽ തന്നെ വെച്ച് പുലർത്തുന്ന ജാതി-മത വകതിരിവുകളെയൊക്കെ വോട്ടുകൾക്ക് വേണ്ടി ഉപയോഗിക്കുന്ന ശീലങ്ങൾ മാറ്റേണ്ടതുണ്ട്

ഹിന്ദുത്വ രാഷ്ട്രീയം പടർന്നു പിടിക്കുന്നത്​ കേരളത്തിലും മുസ്​ലിം സമുദായങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. ഇടതുപക്ഷമാകട്ടെ ശബരിമല പ്രശ്‌നങ്ങൾക്കുശേഷം തങ്ങളിൽനിന്ന്​ മാറി നിൽക്കുന്ന സവർണ ഹിന്ദുക്കളെ കൂടെ നിർത്തുവാൻ അടുത്തകാലത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സവർണ സമുദായങ്ങൾക്കായി പത്തു ശതമാനം സാമ്പത്തിക സംവരണം ഏർപ്പാടാക്കുകയും ചെയ്തു. സവർണ ഹിന്ദുക്കളെ പ്രീണിപ്പിക്കുന്ന ഈ ഇടതുപക്ഷ നിലപാട് ന്യൂനപക്ഷ സമുദായങ്ങളെ നിരാശപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ തന്നെ വേണം വെൽഫയർ പാർട്ടി, എസ്.ഡി.പി.ഐ പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വളർച്ച വിലയിരുത്തേണ്ടത്. മതന്യൂനപക്ഷ സമുദായങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ, ഇടതുമുന്നണിക്കുള്ളിൽ തന്നെ വെച്ച് പുലർത്തുന്ന ജാതി- മത വകതിരിവുകളെയൊക്കെ വോട്ടുകൾക്കുവേണ്ടി ഉപയോഗിക്കുന്ന ശീലങ്ങൾ മാറ്റേണ്ടതുണ്ട്.

തെരഞ്ഞെടുപ്പുകൾക്കപ്പുറം പോകണം രാഷ്ട്രീയ ഭാവനകൾ

തെരഞ്ഞെടുപ്പുജനാധിപത്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി, അത് രാഷ്ട്രീയപാർട്ടികളുടെ പ്രസക്തി അളക്കാൻ ഉപയോഗിക്കപ്പെടുന്നുവെന്നതാണ്. ഒരു പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ എത്ര വോട്ട്​ കിട്ടി എന്നതാണ് ഇതിലെ ഏക മാനദണ്ഡം. ഈ ഒരു മാനദണ്ഡം ഉപയോഗിച്ച് മാത്രമാണ് എൽ.ഡി.എഫും യു.ഡി.എഫും ഹിന്ദുത്വ രാഷ്ട്രീയത്തെ തങ്ങളുടെ ഒരു എതിരാളി ആയി പോലും കുറേനാൾ കാണാതെ പോയത്. എന്നാൽ, പത്തു വർഷമായി തദ്ദേശതലത്തിൽ ബി.ജെ.പി കേരളത്തിന്റെ സാംസ്‌കാരിക തലത്തിൽ അവരുടെ വേരുകൾ പടർത്തുകയും, പതുക്കെ തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. വോട്ടുകളെക്കാൾ അവർ സാംസ്‌കാരികതലത്തിലാണ് കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത്. കേരളത്തിലെ ഇടതു പ്രസ്ഥാനം നമ്മുടെ സമൂഹത്തിലെ ജാതി- മത വ്യവസ്ഥകളെ വിലകുറച്ചു കാണുകയും അവ ഉണ്ടാക്കുന്ന വേർതിരിവുകളെ വർഗ സംഘർഷങ്ങളുടെ സൂചകങ്ങളായും മാത്രം കണ്ടു. എന്നാൽ ഇടതുപക്ഷം ഏറ്റവും അധികം ജനപ്രീതി അനുഭവിച്ച സമയങ്ങളിൽപോലും മലയാളികളുടെ ദൈനംദിന ജീവിതത്തിൽ ജാതിയുടേയും മതത്തിന്റേയും കൃത്യമായ സ്വാധീനമുണ്ടായിരുന്നു. സാമ്പത്തിക മണ്ഡലത്തിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയ മണ്ഡലത്തിലും ഉണ്ടാക്കിയ പ്രഭാവം സാംസ്‌കാരിക മണ്ഡലത്തിൽ ഇടതുപക്ഷത്തിന് വലിയതോതിൽ ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇന്നും ഇത് തുടർന്നുകൊണ്ടേയിരിക്കുന്നു.
എന്നാൽ രാഷ്ട്രീയമണ്ഡലത്തിൽ സാംസ്‌കാരിക വിഭവങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട് എന്ന് മനസ്സിലാക്കികൊണ്ടാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. ബി.ജെ.പി മുന്നേറ്റം നേരിടാൻ ഇടതുപക്ഷവും കോൺഗ്രസും മറ്റു ഹിന്ദുത്വ വിരുദ്ധ ശക്തികളും ഒപ്പം നിന്ന്​ പുതിയൊരു പുരോഗമന- രാഷ്ട്രീയ സംസ്‌കാരം വിഭാവനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ പുതിയ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തിൽ നിന്നുകൊണ്ട് മാത്രമേ ഇന്ന് കേരളം നേരിടുന്ന പരിസ്ഥിതി-വികസന പ്രതിസന്ധികളെയും, ഹിന്ദുത്വ രാഷ്ട്രീയത്തെയും നേരിടാൻ കഴിയൂ.


അനാമിക അജയ്

തിരുവനന്തപുരം സെൻറർ ഫോർ ഡവലപ്​മെൻറ്​ സ്​റ്റഡീസിൽ ഗവേഷക.

Comments