സ്ത്രീകളുടെ രാഷ്ട്രീയാധ്വാനത്തിന് യാതൊരു വിലയും കൽപ്പിക്കാറില്ല എന്ന യാഥാർഥ്യമാണ് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് നമ്മെ ഓർമപ്പെടുത്തുവാൻ ശ്രമിച്ചത്

സ്ത്രീകൾ രാഷ്ട്രീയത്തിലിറങ്ങി; അനന്തരം എന്തുസംഭവിച്ചു?

പാർട്ടികൾ രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുന്നതുവരെ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള സ്ത്രീ സംവരണ നിയമ നിർമാണം നടക്കാനിടയില്ല. ഈ രാഷ്ട്രീയ ഇഛാശക്തി ഉണ്ടാക്കാൻ തദ്ദേശീയ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾ പാർട്ടികൾക്കുമേൽ സമ്മർദ്ദം ചെലുത്തണം

രുപത്തൊന്നാം നൂറ്റാണ്ടിലും കേരളത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയിൽ പുരുഷന്മാർ മുതലാളികളും സ്ത്രീകൾ തൊഴിലാളികളുമായി തുടരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പുനർനിർമാണത്തിനും രാഷ്ട്രീയ മുതലെടുപ്പിനും അധ്വാനിക്കുന്ന ശരീരങ്ങളായിട്ടാണ് സ്ത്രീകളെ എന്നും കണ്ടിട്ടുള്ളത്. സ്ത്രീകളുടെ രാഷ്ട്രീയാധ്വാനത്തിന് യാതൊരു വിലയും കൽപ്പിക്കാറില്ല എന്ന യാഥാർഥ്യമാണ് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് നമ്മെ ഓർമപ്പെടുത്തുവാൻ ശ്രമിച്ചത്. മൂന്ന് ദശകങ്ങളായി സർക്കാർ നേതൃത്വത്തിൽ നടത്തിയ സ്ത്രീശാക്തീകരണ ശ്രമങ്ങൾക്കും, ജനാധിപത്യ വികേന്ദ്രീകൃത ഭരണ പരിഷ്‌കാരങ്ങൾക്കും രാഷ്ട്രീയത്തിലുള്ള ലിംഗബന്ധങ്ങളെ മാറ്റാൻ സാധിച്ചിട്ടില്ല. എന്താണ് ഇതിനുകാരണം? തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ത്രീ സംവരണം കൊണ്ട് ആയിരക്കണക്കിന് സ്ത്രീകൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു എന്നത് യാഥാർഥ്യമാണ്, അതിൽ പലരും അവരുടെ രാഷ്ട്രീയപാർട്ടികൾക്കു വേണ്ടി ഉത്സാഹത്തോടെ അധ്വാനിച്ചവരാണ്. പിന്നെ എന്താണ് ഈ സ്ത്രീകൾക്ക് സംഭവിച്ചത്? അവർ രാഷ്ട്രീയത്തിൽ ഇപ്പോൾ എന്തുപങ്കാണ് വഹിക്കുന്നത്? എന്തുകൊണ്ടാണ് അവർക്ക് തദ്ദേശതലത്തിൽനിന്ന് മുകളിലേക്ക് കയറിപ്പോകാൻ സാധിക്കാത്തത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ 1990 കൾക്കുശേഷം കേരളത്തിൽ രൂപപ്പെട്ട പുതിയ രാഷ്ട്രീയ വ്യവസ്ഥകളെയും അന്തരീക്ഷത്തെയും കുറിച്ചും, അതിലേക്കു പ്രവേശിച്ച സ്ത്രീകളുടെ അനുഭവങ്ങളെക്കുറിച്ചും വിശകലനം ചെയ്യേണ്ടതുണ്ട്.

കേരളത്തിലെ മാറുന്ന രാഷ്ട്രീയ വ്യവസ്ഥകൾ

കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ കേരള രാഷ്ട്രീയവ്യവസ്ഥയിൽ രണ്ടു വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഒന്ന്, 1990 മുതൽ സമ്പദ് വ്യവസ്ഥയിലെ ഉദാരവത്കരണത്തിനുശേഷം അതിവേഗത്തിലാണ് കേരളത്തിൽ മുതലാളിത്തം വളരാൻ തുടങ്ങിയത്. നവലിബറൽ സാമ്പത്തിക വ്യവസ്ഥക്ക് വേരുപിടിച്ചതോടെ, ജനക്ഷേമോന്മുഖ ഭരണകൂടത്തിന്റെ വലിയ തോതിലുള്ള പിന്മാറ്റം നടന്നു. അതിലൂടെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നത് ചരിത്രപരമായി തന്നെ പാർശ്വവത്കരിക്കപ്പെട്ട ദളിത്, ആദിവാസി, മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ്. അതിനാൽ, അടിസ്ഥാന അവകാശങ്ങൾക്കുപോലും കേരളത്തിലെ ആദിവാസി-ദളിത് സമുദായങ്ങൾക്ക് സർക്കാർ നയങ്ങൾക്കെതിരെ സമരം ചെയ്യേണ്ടി വന്ന കാലം കൂടിയാണിത്. ഇങ്ങനെ വൈരുധ്യങ്ങളും പ്രതിസന്ധികളും നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് സർക്കാർ നേതൃത്വം നൽകിയ ജനാധിപത്യവത്കരണ പ്രക്രിയകൾക്കും വികേന്ദ്രീകൃത ഭരണ പരീക്ഷണങ്ങൾക്കും തുടക്കം കുറിച്ചത്. പ്രതീക്ഷിച്ചതുപോലെ ഈ ജനാധിപത്യ വികേന്ദ്രീകൃത ഭരണ സ്ഥാപനങ്ങൾക്ക് പ്രാദേശിക തലത്തിലുള്ള അസമത്വം കുറക്കുവാനോ, ആദിവാസി- ദളിത് സമുദായങ്ങൾക്ക് അടിസ്ഥാന അവകാശങ്ങൾ ഉറപ്പുവരുത്താനോ ചൂഷണസ്വഭാവമുള്ള മുതലാളിത്തത്തിന്റെ വളർച്ച തടുക്കാനോ സാധിച്ചില്ല.

പ്രാദേശിക ഭരണ വ്യവസ്ഥയിൽ വലിയ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും പുരുഷന്മാരാണെങ്കിൽ, പദ്ധതികൾ നടപ്പിലാക്കുന്നതും, സാമൂഹിക- ക്ഷേമ വിഭവങ്ങൾ വിതരണം ചെയ്യുന്നതും സ്ത്രീ മെമ്പർമാരും കുടുംബശ്രീ അംഗങ്ങളും കൂടിയാണ് / Photo: kudumbashree.org

തദ്ദേശ സ്ഥാപനങ്ങൾ ഇന്ന് കേന്ദ്ര-സംസ്ഥാന സർക്കാർ കൽപ്പിക്കുന്ന വികസന-ക്ഷേമ പരിപാടികൾ നടപ്പിലാക്കുന്ന ഏജൻസിയായി ചുരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇങ്ങനെയൊരു കാലഘട്ടത്തിലാണ് സംവരണത്തിലൂടെ സ്ത്രീകൾ തദ്ദേശ സ്ഥാപനങ്ങളിലേക്ക് പ്രവേശനം നേടിയിരിക്കുന്നത് എന്ന് ഓർക്കണം.
രണ്ട്, ജനാധിപത്യ രാഷ്ട്രീയത്തെ വെറും തിരഞ്ഞെടുപ്പ് മത്സരങ്ങളായി ചുരുക്കിക്കാണുന്ന ഒരു രാഷ്ട്രീയരീതിയാണ് ഇന്ത്യയിലുടനീളം കണ്ടുവരുന്നത്. തിരഞ്ഞെടുപ്പ് വിജയിക്കാൻ ഏതുവഴിയും സ്വീകരിക്കും എന്ന മനോഭാവമാണ് പാർട്ടി നേതാക്കന്മാർക്ക്. ഏറ്റവും വലിയ ഉദാഹരണമാണ് ബി.ജെ.പി. തിരഞ്ഞെടുപ്പുകൾ ഇന്ന് വോട്ടിനുവേണ്ടിയുള്ള ചന്തകൾ ആയിക്കഴിഞ്ഞിരിക്കുന്നു. എതിർപാർട്ടിയിലെ സ്ഥാനാർത്ഥികളെ പണം കൊടുത്തും, ഭീഷണിപ്പെടുത്തിയും വശത്താക്കുകയും ഹിംസ ഉപയോഗിച്ച് രാഷ്ട്രീയഎതിരാളികളെ ഉന്മൂലനം ചെയ്യുകയുമാണ് ബി.ജെ.പി തന്ത്രം. പല സംസ്ഥാനങ്ങളിലും അവർ അധികാരത്തിൽ വന്നത് ഇങ്ങനെയാണ്. കേരളത്തിലും ഇതൊക്കെ ആവർത്തിക്കാൻ അവർ ശ്രമം നടത്തുന്നുണ്ട് എന്ന് കേരളത്തിലെ നേതാക്കളുടെ പ്രസ്താവനകൾ കേട്ടാൽ മനസിലാകും.

സ്ത്രീകൾ സ്വാഭാവികമായും പരിചരണം നൽകുന്നവരാണെന്നും, എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുന്നവരാണെന്നും അവർ അഴിമതി കാണിക്കാത്തവരാണെന്നുമൊക്കെയുള്ള ലിംഗഭേദ സ്ഥിരസങ്കൽപ്പങ്ങളിൽ ആസ്പദമാക്കിയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകളെ പോലും വികസന ഏജന്റുമാരായി പാർട്ടികളും പുരുഷ നേതാക്കളും ഉപയോഗിക്കുന്നത്

ബി.ജെ.പി.യുടെ കഴിഞ്ഞ ഏഴു വർഷത്തെ ഭരണൺ ജനാധിപത്യ വ്യവസ്ഥയെ വലിയ രീതിയിൽ ദുർബലമാക്കിയിട്ടുണ്ട്. പൗരാവകാശവും, അഭിപ്രായ സ്വാതന്ത്ര്യവും അടക്കം 25 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഫ്രീഡം ഹൗസിന്റെ പഠനത്തിൽ ഇന്ത്യയെ വിശേഷിപ്പിച്ചത് "തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം' എന്നാണ്. രാജ്യത്തെ പല ജനാധിപത്യ സ്ഥാപനങ്ങളും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലാണിന്ന്. ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ നിശ്ശബ്ദരാകാൻ യു.എ.പി.എ പോലുള്ള കരിനിയമം ഉപയോഗിക്കുന്നു. മാധ്യമപ്രവർത്തകർക്കും, ആക്റ്റിവിസ്റ്റുകൾക്കുമെതിരെ നടപടികളെടുക്കുന്നു. ഈ സംഭവങ്ങളൊക്കെ കേരളത്തിലെ രാഷ്ട്രീയവ്യവസ്ഥയിലും ചലനം സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലുണ്ടായിരുന്ന ഇടത് ആധിപത്യം ദുർബലപ്പെടുകയും വലതുപക്ഷ രാഷ്ട്രീയ കക്ഷികൾ വളരുകയും ചെയ്തു. ഇത് തിരഞ്ഞെടുപ്പ് മത്സരങ്ങളിൽ ഏറെ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് മത്സരങ്ങളും പാർട്ടി പോരുകളും വർധിക്കുന്ന സാഹചര്യത്തിൽ പാർട്ടികൾ അവരുടെ താഴെ തട്ടിലുള്ള പ്രവർത്തകരുടെ അധ്വാനത്തിൽ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. പിതൃമേധാവിത്വ സമൂഹത്തിലെ മറ്റു സ്ഥാപനങ്ങളെ പോലെ രാഷ്ട്രീയ പാർട്ടികളും പ്രവർത്തകരുടെ ലിംഗ- ജാതി സ്വത്വങ്ങളെ ആസ്പദമാക്കിയാണ് അധികാരങ്ങളും, പദവിയും വിഭജിക്കാറ്, പാർട്ടിക്കുള്ളിൽ തന്നെ അധികാരത്തിന്റെ ഒരു ശ്രേണിയുണ്ട്. ഈ അധികാര ശ്രേണിയിൽ സവർണ പുരുഷന്മാർ ഏറ്റവും മുകളിലും ദളിത്- ആദിവാസി- സ്ത്രീകൾ ഏറ്റവും താഴെ തട്ടിലുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. പാർട്ടികളുടെ ദൈനംദിന പ്രവർത്തനത്തിന് ആവശ്യമുള്ള അടിസ്ഥാനപരമായ രാഷ്ട്രീയ പ്രവൃത്തികളും ഉത്തരവാദിത്വങ്ങളും ലിംഗഭേദത്തെ ആസ്പദമാക്കിയാണ് വിഭജിക്കപ്പെടാറ്. അതായത്, ഒരു രാഷ്ട്രീയ പാർട്ടിയുടെ നിലനിൽപ്പിനും പാർട്ടിക്ക് കാര്യക്ഷമതയോടെ പ്രവർത്തിക്കാനും അതിലെ അടിത്തട്ടിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ഉത്തരവാദിത്വങ്ങളാണുള്ളത്.

ലിംഗഭേദവും രാഷ്ട്രീയ തൊഴിൽ വിഭജനവും

വികേന്ദ്രീകൃത ഭരണപരിഷ്‌കാരങ്ങൾ വന്നതോടെ തദ്ദേശതലത്തിൽ ജനകീയ വികസനാസൂത്രണത്തിനും പദ്ധതി നടപ്പാക്കലിനും ഉപരിയായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സ്പോൺസർ ചെയ്യുന്ന വികസന സാമൂഹിക-ക്ഷേമ പദ്ധതികൾ കൂടി നടപ്പിലാക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വന്നു. അതായത് തദ്ദേശ ഭരണ/രാഷ്ട്രീയ പ്രവർത്തനത്തിനോടൊപ്പം വികസന- ക്ഷേമ വിഭവം വിതരണം ചെയ്യുന്ന "നിർവഹണ ഏജൻസിയായും' തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വ്യാപ്തി വർധിച്ചുവന്നു എന്ന് ജെ. ദേവികയും ബിനിത തമ്പിയും ചേർന്ന് രചിച്ച സെമിനെൽ പുസ്തകമായ New Lamps for Old? Gender Paradoxes of Political Decentralisation in Keralaയിൽ പരാമർശിച്ചിട്ടുണ്ട്.

ഈ പരിഷ്‌കാരങ്ങളിലൂടെയുണ്ടായ മറ്റൊരു വലിയ മാറ്റമാണ് ജനാധിപത്യവത്കരണവും അതിലൂടെ തദ്ദേശ രാഷ്ട്രീയവ്യവസ്ഥയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനവും. 1995 വരെ തദ്ദേശതലത്തിലുള്ള എല്ലാ രാഷ്ട്രീയ വികസന തീരുമാനങ്ങളും കുറച്ച് പുരുഷ നേതാക്കൾ മാത്രമാണ് തീരുമാനിച്ചിരുന്നത്. സ്ത്രീ സംവരണം വന്നതോടെ, പുരുഷന്മാർ മാത്രം ആസ്വദിച്ചിരുന്ന രാഷ്ട്രീയാധികാരങ്ങൾ സ്ത്രീകളുമായി പങ്കു വെക്കേണ്ട സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിൽ ഒരു പുതിയ പ്രവണത രൂപപ്പെട്ടു; തദ്ദേശ ഭരണകൂടത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിലെ ‘ഭരണ/രാഷ്ട്രീയ' ചുമതലകൾക്ക് നേതൃത്വം നൽകുന്നത് പുരുഷന്മാരായി, ക്ഷേമ- വിഭവ വിതരണം ചെയ്യേണ്ട ചുമതല സ്ത്രീകൾക്കും. ഉദാഹരണത്തിന് പ്രാദേശിക ഭരണ വ്യവസ്ഥയിൽ വലിയ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും പുരുഷന്മാരാണെങ്കിൽ, പദ്ധതികൾ നടപ്പിലാക്കുന്നതും, സാമൂഹിക- ക്ഷേമ വിഭവങ്ങൾ വിതരണം ചെയ്യുന്നതും സ്ത്രീ മെമ്പർമാരും കുടുംബശ്രീ അംഗങ്ങളും കൂടിയാണ്. സ്ത്രീകൾ സ്വാഭാവികമായും പരിചരണം നൽകുന്നവരാണെന്നും, എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുന്നവരാണെന്നും അവർ അഴിമതി കാണിക്കാത്തവരാണെന്നുമൊക്കെയുള്ള ലിംഗഭേദ സ്ഥിരസങ്കൽപ്പങ്ങളിൽ ആസ്പദമാക്കിയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകളെ പോലും വികസന ഏജന്റുമാരായി പാർട്ടികളും പുരുഷ നേതാക്കളും ഉപയോഗിക്കുന്നത്.

സ്ത്രീകളുടെ രാഷ്ട്രീയ അധ്വാനം

തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകളെ വികസന തൊഴിലാളികളായി ഉപയോഗിച്ചാലും, സ്ത്രീകളുടെ ഈ പ്രവൃത്തികൾക്കും അധ്വാനത്തിനും വലിയ രാഷ്ട്രീയ മൂല്യം ഇന്നത്തെ സാമൂഹിക-സാമ്പത്തിക സാഹചര്യത്തിലുണ്ട്. ഗ്രാമീണ കേരളത്തിൽ തൊഴിലവസരം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, പല കുടുംബങ്ങളും സർക്കാർ വിതരണം ചെയ്യുന്ന ക്ഷേമ വിഭവങ്ങളെയും സേവനങ്ങളെയും ആശ്രയിച്ചാണ് ജീവിക്കുന്നത്. അതിനാൽ, ഇപ്പോൾ ജനങ്ങൾ രാഷ്ട്രീയ മുന്നണികളെ വിലയിരുത്തുവാൻ ഉപയോഗിക്കുന്ന പ്രധാന മാനദണ്ഡം തദ്ദേശ തലത്തിൽ ക്ഷേമ-വികസന പദ്ധതികൾ എത്ര കാര്യക്ഷമതയോടെ നടപ്പിലാക്കുന്നു എന്നതാണ്. ഇന്ന് പഞ്ചായത്തു തലത്തിൽ നടക്കുന്ന വലിയതും ചെറുതുമായ വികസന പദ്ധതികളുടെ നടത്തിപ്പിൽ ക്ഷേമ വിഭവങ്ങളുടെയും ആനുകൂല്യങ്ങളുടെയും വിതരണം ഉറപ്പു വരുത്തുന്നത് കുടുംബശ്രീ സ്ത്രീകളാണ്. അതിലൂടെ പല കുടുംബശ്രീ സ്ത്രീകൾക്കും ജനങ്ങളുടെ പ്രീതിയും ബഹുമാനവും നേടാൻ സാധിച്ചിട്ടുണ്ട്. ഈ കാരണത്താലാണ് എല്ലാ രാഷ്ട്രീയപാർട്ടികളും കുടുംബശ്രീയിൽ നിന്നാണ് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സ്ത്രീ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നത്. കുടുംബശ്രീയിലൂടെ സ്ത്രീകൾ നേടിയ സാമൂഹിക-രാഷ്ട്രീയ മൂലധനം കൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ, തങ്ങൾ ജനക്ഷേമത്തിൽ ഊന്നുന്നവരും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നവരും ആണെന്ന പ്രതിച്ഛായ സൃഷ്ടിക്കുന്നത്.

കുടുംബശ്രീയിലൂടെ സ്ത്രീകൾ നേടിയ സാമൂഹിക-രാഷ്ട്രീയ മൂലധനം കൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ, തങ്ങൾ ജനക്ഷേമത്തിൽ ഊന്നുന്നവരും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നവരും ആണെന്ന പ്രതിച്ഛായ സൃഷ്ടിക്കുന്നത് / Photo: kudumbashree.org

കുടുംബശ്രീയിൽനിന്ന് കിട്ടിയ പരിചയ സമ്പത്ത് കാരണം, ഈ സ്ത്രീകൾ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷവും സ്വയം മുൻകൈയെടുത്ത് അവരുടെ വാർഡുകളിലെ കുടുംബങ്ങൾക്ക് ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയും ക്ഷേമ വിഭവങ്ങൾ നേടാൻ സഹായവും ചെയ്തുകൊടുക്കാറുണ്ട്. വികസന-ക്ഷേമ പദ്ധതികളെ കുറിച്ച് ഈ സ്ത്രീ മെമ്പർമാർക്കുള്ള വൈദഗ്ധ്യം പുരുഷ മെമ്പർമാർക്ക് പൊതുവെ ഉണ്ടാവാറില്ല. കുടുംബശ്രീയിലൂടെ ഉയർന്നു വന്ന സ്ത്രീകളുടെ അറിവും, ജനങ്ങളോടുള്ള വൈകാരിക ബന്ധവും അദ്ധ്വാനശക്തിയുമൊക്കെ അവർ പ്രതിനിധാനം ചെയ്യുന്ന പാർട്ടികളുടെ ജനപ്രീതി കൂട്ടുവാൻ വലിയ തോതിൽ സഹായിക്കാറുണ്ട്. പക്ഷെ, കുടുംബശ്രീയിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്ന സ്ത്രീകളെ ജനങ്ങൾ പലപ്പോഴും രാഷ്ട്രീയക്കാരായിട്ടല്ല കാണാറ്. മറിച്ച്, അവരെ തുടർന്നും കുടുംബശ്രീ പ്രവർത്തകരായിട്ടാണ് കാണുന്നത്. അതിനാൽ, അവർക്ക് പലപ്പോഴും സ്വന്തമായൊരു രാഷ്ട്രീയ സ്വത്വം സൃഷ്ടിക്കാനോ ഒരു രാഷ്ട്രീയ അടിത്തറ ഉണ്ടാക്കുവാനോ സാധിക്കാറില്ല.

സ്ത്രീ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ

സ്ത്രീകൾ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് ഒരു പൊതുജീവിതം നിർമിക്കുമ്പോൾ, ഗാർഹിക ജീവിതത്തിൽ പല പ്രശ്നങ്ങളും നേടിടേണ്ടി വരാറുണ്ട്. കേരളത്തിലെ കുടുംബങ്ങളിൽ അധികാരവും, അധ്വാനവും, സ്വാതന്ത്ര്യവുമൊക്കെ വിഭജിക്കപ്പെടുന്നത് പരമ്പരാഗത ലിംഗഭേദ മൂല്യങ്ങളെയും സങ്കൽപ്പങ്ങളെയും ആസ്പദമാക്കിയാണ് എന്നതാണ് ഇതിനുകാരണം. ഇത്തരമൊരു കുടുംബ വ്യവസ്ഥയിൽ ഉൽപ്പാദനത്തിലേർപ്പെട്ട് വേതനം വാങ്ങി സ്വന്തം കുടുംബത്തിന്റെ ഭൗതികാവശ്യങ്ങൾ നിറവേറ്റണ്ടത് പുരുഷന്മാരുടെ ജോലിയും, വീട്ടിലിരുന്ന് കുടുംബാംഗങ്ങളെ പരിചരിക്കലും അവരുടെ ക്ഷേമം ഉറപ്പാക്കലും സ്ത്രീകളുടെ ജോലിയുമായി വേർതിരിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകൾ പുറംജോലിക്കു പോകേണ്ടത് കുടുംബത്തിന്റെ ക്ഷേമത്തിനുമാത്രം ആയിരിക്കണം എന്നാണ് സങ്കൽപം. ഒരു സ്ത്രീ പുറംജോലി ചെയ്യാനോ അല്ലെങ്കിൽ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനോ "പുറത്തേക്കു' പോകുമ്പോൾ ഈ കുടുംബവ്യവസ്ഥ താറുമാറാകുമെന്ന് പുരുഷന്മാർ ഭയക്കുന്നു. പൊതുജീവിതം നയിക്കുന്ന സ്ത്രീകൾക്കെല്ലാം അതുകൊണ്ടുതന്നെ അവരുടെ പൊതുരംഗത്തെ പ്രവർത്തനവും വീട്ടുജോലിയും ബാലൻസ് ചെയ്യേണ്ടി വരാറുണ്ട്. വീട്ടുജോലി ചെയ്യുന്നതിൽ എന്തെങ്കിലും കുറവുണ്ടായാൽ അവർക്ക് പൊതുജീവിതം നയിക്കാൻ കുടുംബത്തിൽ നിന്ന് കിട്ടിയ "ഇളവ്' നഷ്ടപ്പെടും. നമ്മുടെ നാട്ടിൽ തദ്ദേശ തലത്തിൽ രാഷ്ട്രീയപ്രവർത്തനം ചെയ്യുന്ന സ്ത്രീകൾ മിക്കവാറും ഇങ്ങനെയുള്ള കുടുംബവ്യവസ്ഥയിൽ നിന്ന് വരുന്നവരാണ്. അവർ അവരുടെ വീട്ടുജോലിയും രാഷ്ട്രീയപ്രവർത്തനവും തമ്മിൽ ബാലൻസ് ചെയ്യാൻ പല പ്രയാസങ്ങൾ അനുഭവിക്കാറുണ്ട്.

1996ൽ വനിത സംവരണ ബിൽ ലോക്‌സഭയിൽ ആദ്യമായി അവതരിക്കപ്പെട്ടു. ബിൽ അവതരിപ്പിച്ചിട്ട് 25 വർഷങ്ങൾ കഴിഞ്ഞു. ഇതുവരെ നിയമമാക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറായിട്ടില്ല

ഉദാഹരണത്തിന് പലരും രാവിലെ നാലുമണിക്ക് എഴുന്നേറ്റ് വീട്ടുജോലി തീർത്തിട്ടാണ് പൊതു- രാഷ്ട്രീയ പ്രവർത്തനത്തിന് പോകുന്നത്. പാർട്ടി യോഗങ്ങളും, പരിപാടികളുമൊക്കെ കഴിഞ്ഞ് തിരിച്ചുവന്നാൽ വീണ്ടും വീട്ടുജോലി ചെയ്യണം. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബമാണെങ്കിൽ സ്ത്രീകൾ വീട്ടുജോലിക്കും രാഷ്ട്രീയ പ്രവർത്തനത്തിനും ഒപ്പം ജോലിക്കു കൂടി പോകേണ്ട അവസ്ഥയും ഉണ്ടാവാറുണ്ട്. ഇങ്ങനെ പല ഭാരങ്ങളും പേറി നടക്കുന്ന സ്ത്രീകൾക്ക് വീട്ടിൽ നിന്നോ രാഷ്ട്രീയപാർട്ടിയിൽ നിന്നോ യാതൊരു സഹകരണവും ലഭിക്കാറില്ല. ഈ സ്ഥാപനങ്ങൾ സ്ത്രീകളെ അദ്ധ്വാനിക്കുന്ന ശരീരങ്ങളായി മാത്രമേ കാണാറുള്ളു. തദ്ദേശ തലത്തിൽ സംവരണത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഒട്ടനവധി സ്ത്രീകൾ ഈ ജോലി ഭാരങ്ങളും കുടുംബ സംഘർഷങ്ങളും നേരിടാൻ കഴിയാതെ പൊതു-രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് കുറച്ചു നാളുകൾക്കുശേഷം പിൻവാങ്ങുന്നത് കേരളത്തിൽ സാധാരണമാണ്. ഈ പ്രതിസന്ധികളൊക്കെ തരണം ചെയ്ത് കുറച്ചു സ്ത്രീകൾ രാഷ്ട്രീയപ്രവർത്തനത്തിൽ മുന്നേറുമ്പോൾ പാർട്ടിക്കുള്ളിലെ പുരുഷന്മാർക്കിടയിൽ അസ്വസ്ഥതയുണ്ടാകും. തന്റെ പ്രവർത്തനത്തിലൂടെ ഒരു രാഷ്ട്രീയ സ്വത്വം ഉണ്ടാക്കാൻ കഴിയുന്ന സ്ത്രീകൾക്കെതിരെ അശ്ലീലം പറയുന്നതും നുണ പ്രചാരണം നടത്തുന്നതും കേരളത്തിൽ സാധാരണമാണ്. അങ്ങനെ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ പരിപാലിക്കുന്ന ഒരു പരിസ്ഥിതിയും കുടുംബങ്ങളിലോ പാർട്ടികൾക്കുള്ളിലോ ഇല്ലാത്തതാണ് തദ്ദേശ തലത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ ഉയർച്ച നേടുവാൻ കഴിയാത്തതിന്റെ പ്രധാന കാരണം.

സ്ത്രീ രാഷ്ട്രീയ പ്രവർത്തകർ പേറുന്ന പല ഭാരങ്ങളും പുരുഷ നേതാക്കൾക്ക് ചുമക്കേണ്ട ആവശ്യം വരാറില്ല. അവർ പാർട്ടി പ്രവർത്തനത്തിനിറങ്ങുമ്പോൾ വീട്ടിലെ എല്ലാ ഉത്തരവാദിത്തവും കുടുംബത്തിലെ സ്ത്രീകളുടെമേൽ അടിച്ചേൽപ്പിച്ചിട്ടാണ് പോകാറ്. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായ പുരുഷന്മാർ പലപ്പോഴും കൂലിപ്പണിക്കു പോലും പോകാറില്ല. അങ്ങനെ വരുമ്പോൾ ആ കുടുംബത്തിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് അവരുടെ ഭാര്യമാരും അമ്മമാരും ഒക്കെയാണ്. അതിനാൽ, പാർട്ടിക്കുവേണ്ടി സമയം ചെലവഴിക്കാൻ അവർക്ക് ഒരു പ്രശ്‌നവുമുണ്ടാകാറില്ല.

രാഷ്ട്രീയത്തിലും കുടുംബങ്ങളിലും വരണം, മാറ്റങ്ങൾ

രാഷ്ട്രീയത്തിൽ സ്ത്രീകളോട് കാണിക്കുന്ന വിവേചനം നേരിടാനും, നിയമസഭ-ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകളുടെ അസാന്നിധ്യം തിരുത്തുവാനും സ്ത്രീ സംവരണം വഴിയേ കഴിയൂ എന്ന് പലരും പറയുന്നുണ്ട്. ഇത് ശരിയാണ്. പുരുഷമേധാവിത്വം പുലർത്തുന്ന രാഷ്ട്രീയത്തിൽ ലിംഗ ബന്ധങ്ങൾ മാറ്റാൻ ഇത്തരം ഘടനാപരമായ മാറ്റങ്ങൾ തന്നെ വേണ്ടിവന്നേക്കാം. പക്ഷെ, ചരിത്രം പരിശോധിച്ചാൽ കാണാം, 1990കളിൽ തന്നെ ഇത്തരം നിയമങ്ങൾ കൊണ്ടുവരണമെന്ന ആവശ്യം ദേശീയതലത്തിൽ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ ഉയർത്തിയിരുന്നു. 1996ൽ Women's Reservation Bill ലോക്‌സഭയിൽ ആദ്യമായി അവതരിക്കപ്പെട്ടു. ബിൽ അവതരിപ്പിച്ചിട്ട് 25 വർഷങ്ങൾ കഴിഞ്ഞു. ഇതുവരെ നിയമമാക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറായിട്ടില്ല. ഇതിനൊരു മാറ്റം അടുത്തകാലത്തുണ്ടാവുമെന്നും പ്രതീക്ഷിക്കേണ്ടതില്ല. കേരളത്തിലെ പാർട്ടികളുടെ പ്രതിഷേധം കണ്ടാൽ തോന്നും, ശബരിമലയിലേക്ക് എന്ന പോലെ നിയമസഭകളിലേക്കും സ്ത്രീകൾ പ്രവേശിച്ചാൽ എന്തോ വലിയ ആചാര ലംഘനം ഉണ്ടാകുമെന്ന് പുരുഷന്മാർ ഭയക്കുന്നു എന്ന്. അതുകൊണ്ടുതന്നെ, പാർട്ടികൾ രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുന്നതുവരെ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുള്ള സ്ത്രീ സംവരണ നിയമ നിർമാണം നടക്കുകയില്ല എന്നു വേണം കരുതാൻ. ഈ രാഷ്ട്രീയ ഇഛാശക്തി ഉണ്ടാക്കാൻ രാജ്യമെമ്പാടും തദ്ദേശീയ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന പാർട്ടികൾക്കുമേൽ സമ്മർദ്ദം ചെലുത്തണം എന്നതാണ് ഒരു വഴി.
രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ അവസരങ്ങളുണ്ടായാലും കുടുംബങ്ങളിൽനിന്ന് പിന്തുണ ലഭിച്ചില്ലെങ്കിൽ അവർ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുമെന്നത് വ്യക്തമാണ്. സ്ത്രീകളുടെ വ്യക്തിഗത സ്വാതന്ത്ര്യങ്ങളും അഭിലാഷങ്ങളും പിടിച്ചുകെട്ടുന്ന കുടുംബ വ്യവസ്ഥയാണ് എക്കാലത്തുമുള്ളത്. കുടുംബം കൽപ്പിക്കുന്ന പരിധികൾ ഭേദിക്കാൻ നല്ല തോതിൽ സാമൂഹിക, സാമ്പത്തിക, വൈകാരിക മൂലധനം ഉള്ളവർക്കുമാത്രമേ ഇന്ന് കഴിയുന്നുള്ളു. അതുകൊണ്ടു തന്നെ രാഷ്ട്രീത്തിൽ സ്ത്രീകളുടെ പദവി ഉയരണമെങ്കിൽ കുടുംബങ്ങൾക്കുള്ളിൽ സ്ത്രീകളുടെ പദവി ഉയരണം. ▮


അനാമിക അജയ്

തിരുവനന്തപുരം സെൻറർ ഫോർ ഡവലപ്​മെൻറ്​ സ്​റ്റഡീസിൽ ഗവേഷക.

Comments