മെൽവിൻ ബ്രാഗിന്റെ തിരക്കഥയിൽ നോർമൻ ജൂവിസൺ ഒരുക്കി 1973- ജൂൺ 26 ന് റിലീസായ അമേരിക്കൻ ചലച്ചിത്രമായ ‘ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ’ രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്‌കാര നോമിനേഷൻ നേടിയതാണ്. അതിൽ യേശുവായി എത്തിയത് ഗായകനും നടനും സംഗീതജ്ഞനുമായ ടെഡി ജോ നീലി. ചിത്രം യൂദാസിനെയും അയാളുടെ വീക്ഷണത്തെയും സഹതാപത്തോടുള്ള അവതരിപ്പിച്ചതായി നിരൂപക വിമർശനം ഉണ്ടാവുകയും ചെയ്‌തു. തുടക്കത്തിൽ യൂദാസിന്റെ വേഷത്തിനായി ടെഡിയെ ഓഡിഷൻ നടത്തിയെങ്കിലും കാൾ ആൻഡേഴ്‌സണെ നിശ്‌ചയിക്കുകയായിരുന്നു. അതിനുമുൻപ് അദ്ദേഹം ആ വേഷം അഭിനയിച്ചത് വെള്ളിത്തിരയിലെ വിചിത്ര കൗതുകങ്ങളിലൊന്നാണ്. ഇരട്ടവേഷം കെട്ടിയാടുന്ന തസ്‌കര ബുദ്ധിജീവികളുടെ നിരുത്തരവാദിത്തം അഹസനീയമാവുമ്പോഴെല്ലാം ആ സംഭവം ഓർമിയിലെത്താറുണ്ട്. 12 ശിഷ്യരിലൊരാളായിരുന്ന യൂദാസ് സ്കറിയോത്ത പുരോഹിതർ വാഗ്‌ദാനംചെയ്‌ത 30 വെള്ളിക്കാശിനുവേണ്ടി യേശുവിനെ തോട്ടത്തിൽവെച്ച് ഒറ്റുകൊടുത്തുവെന്ന് ബൈബിൾ പറയുന്നു. അവർക്ക് ആളെ മനസിലാവാൻ സൂചിപ്പിച്ച അടയാളം താൻ ആരെയാണോ ചുംബിക്കുന്നത് അയാളാണ് നിങ്ങൾ അന്വേഷിക്കുന്നതെന്നും. ആ ഒറ്റുകാശ് കൊണ്ട് വാങ്ങിയ സ്ഥലത്ത് തലകുത്തി വീണ് വയർ പിളർന്ന് മരിച്ചെന്നും അവിടമാണ് ചോരയുടെ വയൽ എന്നർഥമുള്ള അക്കൽദാമയായി എന്ന അറിയപ്പെട്ടതെന്നും കഥ. ഏതാനും ആഴ്ചകൾക്കുശേഷം മരുഭൂമിയിൽ പര്യടനം നടത്തിയ ബെഡൂയൻ വിഭാഗക്കാർ ടെഡി ജോ നീലിയുടെ അഴുകിയ ജഡം മരക്കുരിശിൽ കണ്ടെത്തുകയുണ്ടായിരുന്നത്രെ.
2025 ഒക്ടോബർ 17ന് തൃശൂരിൽ സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ നയിച്ച ബിജെപി വികസന മുന്നേറ്റ ജാഥയുടെ വേദിയിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം ഇടതുപക്ഷ ചാനൽ പ്രഭാഷകൻ ഫക്രുദ്ദീൻ അലിയും എത്തിയത് നിഷ്‌ക്കളങ്കമല്ല. ഏവരുടെയും അമ്മയായ നമ്മുടെ രാജ്യ ഭാരതത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. ഒരേ ചിന്തയിൽ വളരണം. രാജ്യത്തിന്റെ വളർച്ചയ്‌ക്ക് പ്രയത്നിക്കുന്ന ആളാണ് ബി ഗോപാലകൃഷ്ണനെന്നുമായിരുന്നു ഔസേപ്പച്ചന്റെ വാഴ്‌ത്ത്. പോസിറ്റീവ് രാഷ്‌ട്രീയം പിന്തുടരുന്ന തനിക്ക് നല്ല നേതാക്കളെ ഇഷ്ടമാണെന്നും കക്ഷിരാഷ്‌ട്രീയത്തിന് അപ്പുറം പരിപാടിയുടെ ആശയമാണ് വേദിയിലേക്ക് എത്തിച്ചതെന്നുമായിരുന്നു ഫക്രുദ്ദീന്റെ വാക്കുകൾ. വികസനത്തിന്റെ കാഴ്ചപ്പാടിൽ പ്രവർത്തിക്കുന്ന ആളുകളായി പുകഴ്‌ത്തി ഇരിപ്പിടം നൽകി ഇരുവരെയും ബിജെപിയിലേക്ക് ക്ഷണിച്ച ഗോപാലകൃഷ്ണൻ നിയമസഭാ സ്ഥാനാർഥിത്വത്തിന് വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന ഉറപ്പുംനൽകി.

ഹെഗലിനെപ്പോലെ തലകീഴായി നിൽകുന്ന ഫക്രുദ്ദീൻ അലി
ചേരിചേരാ നയത്തിന്റെ വികസിത രൂപം, സാമ്പത്തിക സ്വാശ്രയത്വം, ജനോപകാര വികസനം, അക്കാദമിക്‐ മാധ്യമ സ്വാതന്ത്രം തുടങ്ങിയവ മുൻനിർത്തി സംസാരിക്കാറുള്ള ഫക്രുദ്ദീൻ അലി ഇപ്പോൾ ഹെഗലിനെപ്പോലെ തലകീഴായാണ് നിൽക്കുന്നത്. ട്രംപറി(Trumpery) എന്ന പ്രയോഗത്തിന് ഓക്സ്ഫോർഡ് ലേണേഴ്‌സ് നിഘണ്ടു നൽകുന്ന അർഥങ്ങൾ വഞ്ചന, തട്ടിപ്പ്, കള്ളത്തരം തുടങ്ങിയവയാണ്. വിലയില്ലാത്ത അസംബന്ധത്തെയോ മാലിന്യ പ്രസംഗത്തെയോ വിവരിക്കാനും അത് ഉപയോഗിക്കുന്നു. ആ വാക്കിന്റെ ഉത്ഭവം വഞ്ചിക്കുക എന്ന് വിവർത്തനം ചെയ്യാവുന്ന പഴയ ഫ്രഞ്ച് പദം tromperieയിൽനിന്ന് ഉത്ഭവിച്ചതാണ്. അതുപോലെ modification (മോദിവൽക്കരണം) സമാന നിലയിലാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. വഞ്ചനകളും തട്ടിപ്പുകളും അസംബന്ധങ്ങളും നിറഞ്ഞാടുന്ന വായ്‌ത്താരികൾ മാത്രം. താൻ ബിജെപി പരിപാടിയിൽ ഭാഗഭാക്കായത് വികസനവും പോസിറ്റീവ് രാഷ്ട്രീയവും തിരിച്ചറിഞ്ഞതിനാലാണെന്നത് ഫക്രുദ്ദീന്റെ അറിവിലെ അജ്ഞതയാണെന്നേ വിലയിരുത്താനാവൂ. സാമ്രാജ്യത്വ‐ സയണിസ്‌റ്റ് അച്ചുതണ്ടിൽ കൈയൊപ്പ് നൽകിയ വിദേശ നയത്തിലോ വൻകിടക്കാരെ മാത്രം തുണയ്‌ക്കുന്ന സാമ്പത്തിക സമീപനങ്ങളിലോ പൗരന്മാരെ ആട്ടിയോടിക്കുന്ന വരേണ്യ വികസന അത്യാർത്തിയിലോ അദ്ദേഹത്തിന് സംശയമേയില്ല. ഇസ്ലാമോഫോബിയ, മാധ്യമങ്ങളോടുള്ള അസിഹിഷ്‌ണുത, ഉന്നത വിദ്യാഭ്യാസ‐ കലാകേന്ദ്രങ്ങൾ പിടിച്ചടക്കൽ തുടങ്ങിയ പ്രവണതകളെല്ലാം സ്വാഭാവികമായാണ് വിലയിരുത്തുന്നതും.ചേരിചേരാ നയത്തിന്റെ വികസിത രൂപം, സാമ്പത്തിക സ്വാശ്രയത്വം, ജനോപകാര വികസനം, അക്കാദമിക്‐ മാധ്യമ സ്വാതന്ത്രം തുടങ്ങിയവ മുൻനിർത്തി സംസാരിക്കാറുള്ള ഫക്രുദ്ദീൻ അലി ഇപ്പോൾ ഹെഗലിനെപ്പോലെ തലകീഴായാണ് നിൽക്കുന്നത്.
കണ്ണടയ്‌ക്കുന്നത് വളർച്ചയുടെയും വികസനത്തിന്റെയും മിത്തിനുനേരെ
2014 മെയ് 26 ന് പ്രധാനമന്ത്രിയായി സ്ഥാനമേറ്റയുടൻ നരേന്ദ്ര മോദി വാഗ്‌ദാനംചെയ്‌തത് സമ്പദ്‌വ്യവസ്ഥയെ പരിവർത്തിപ്പിക്കുമെന്നും സമ്പന്ന പൗരന്മാരുള്ള വികസിത രാഷ്ട്രം പടുത്തയർത്തുമെന്നുമായിരുന്നു. അത് കോർപ്പറേറ്റ് ഭീമന്മാരിലും ഉയർന്ന മധ്യവർഗത്തിലും അതിരുകളില്ലാത്ത പ്രതീക്ഷകളാണ് മുളപ്പിച്ചത്. കോടിക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്നും എല്ലാവരുടെയും ജീവിത നിലവാരം ഉയർത്തുമെന്നും രാജ്യത്തെ ആഗോള സാമ്പത്തിക ശക്തികേന്ദ്രമാക്കുമെന്നും അവകാശപ്പെട്ടു. ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും സ്ഥിതിയെന്താണെന്ന് മറച്ചുവെക്കുന്ന ഫക്രുദ്ദീൻ, വളർച്ചയുടെയും വികസനത്തിന്റെയും ഹിന്ദുത്വ മിത്തിനുനേരെ കണ്ണടയ്‌ക്കുകയാണ്. മോദി സർക്കാരിന്റെ സമ്പന്നാനുകൂല നയങ്ങൾ എല്ലാ മണ്ഡലങ്ങളിലും പരിക്കേൽപ്പിച്ചിരിക്കുന്നു. തൊഴിൽ മേഖലയിൽ 22.5 ശതമാനം കുറവുണ്ടായി. കോർപ്പറേറ്റുകളോടുള്ള പ്രതിബദ്ധത വീഴ്‌ചയില്ലാതെ നിറവേറ്റുന്നുണ്ടെങ്കിലും ദരിദ്രർ കാഴ്‌ചയ്‌ക്ക് പുറത്താണ്. കാർഷിക‐ വ്യാവസായിക‐ നിർമാണ രംഗങ്ങൾ കുത്തുപാളയെടുത്തു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക മേഖലകളിലും പിന്നോക്കംപോയി. സമ്പന്ന‐ ദരിദ്ര അന്തരം ഏറിക്കൊണ്ടിരിക്കുന്നു, പൊതുസമ്പത്തും വിഭവങ്ങളും കൂടുതൽ കേന്ദ്രീകരിക്കപ്പെടുന്നത് ചെറു വിഭാഗത്തിൽ. എന്നാൽ ചങ്ങാത്ത മുതലാളിമാരെ ആവത് പിന്തുണച്ചു. എല്ലാ കാര്യങ്ങളും വിശദമാക്കേണ്ടതില്ല. ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ. അദാനി പവർ ലിമിറ്റഡിന്റെ (എപിഎൽ) ഗോഡ്ഡ അൾട്രാ സൂപ്പർ ക്രിട്ടിക്കൽ തെർമൽ പവർ പ്ലാന്റിനെ ഇന്ത്യൻ ഗ്രിഡുമായി ബന്ധിപ്പിക്കാൻ ഓവർഹെഡ് ട്രാൻസ്മിഷൻ ലൈൻ സ്ഥാപിക്കുന്നതിന് മോദി സർക്കാർ അനുമതി നൽകിയത് ഒക്ടോബർ 17നാണ്. 1885 ലെ ടെലിഗ്രാഫ് ആക്ട് അനുസരിച്ച് ടെലിഗ്രാഫ് അതോറിറ്റിക്ക് ലഭ്യമായ അതേ അധികാരം താപവൈദ്യുത ഉൽപാദകർക്കും അനുവദിച്ച് നിയമങ്ങൾ പൊളിച്ചെഴുതി. ടെലിഗ്രാഫ് ലൈനുകളും പോസ്റ്റുകളും സ്ഥാപിക്കുന്നതിന് താപവൈ എപിഎല്ലിന്റെ ഗോഡ്ഡ പ്ലാന്റിലേക്ക് കണക്റ്റിവിറ്റി നൽകുന്നതിന് ചട്ടങ്ങളിൽ നിരവധി മാറ്റങ്ങൾ വരുത്തിയശേഷമാണ് പുതിയ നീക്കം. 2024 ആഗസ്‌ത് ആറിന് ഇന്ത്യൻ വിപണി ആവശ്യങ്ങൾ നിറവേറ്റുമെന്നതിന്റെ മറവിൽ അദാനി ഗോഡ്ഡ പ്ലാന്റിന് അംഗീകാരം നൽകുന്നതിന് അതിവേഗത്തിൽ തുടർച്ചയായ മാറ്റങ്ങൾ കൊണ്ടുവന്നു. നാല് ദിവസത്തിന് ശേഷം ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സ്റ്റാൻഡ്‌ബൈ കണക്റ്റിവിറ്റി അനുവദിക്കാമെന്ന് വൈദ്യുതി മന്ത്രാലയം അറിയിച്ചു. ആഗസ്‌ത് 12 ന് 2018 ലെ ഇറക്കുമതി/കയറ്റുമതി (ക്രോസ് ബോർഡർ) മാർഗനിർദ്ദേശങ്ങൾ സമൂലമായി ഭേദഗതി ചെയ്തു. ഇത് എപിഎല്ലിന്റെ ഗോഡ്ഡ പ്ലാന്റിനെ ഇന്ത്യൻ ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിന് വഴിയൊരുക്കി.
അഴിമതിക്കാര്യത്തിൽ മോദി സർക്കാരിന്റെ യഥാർഥ അനുയായിയും നോൺ-ബാസ്മതി റൈസ് ഡെവലപ്‌മെന്റ് ഫണ്ട് ബോർഡ് അംഗവുമായ പ്രേം ചന്ദ്ര ഗാർഗിനെ പീയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഭാരത് ഇന്റർനാഷണൽ റൈസ് കോൺഫറൻസ് സംഘടിപ്പിക്കാൻ തെരഞ്ഞെടുത്തത് നിസാരമല്ല. അഴിമതികൾ, കള്ളക്കടത്ത്, വഞ്ചനകൾ എന്നിവയിൽ മുങ്ങിക്കുളിച്ച കുറ്റവാളി കരിയർ മാത്രമുള്ള അയാൾ ബിജെപിയുടെ നവ ഇന്ത്യ എന്ന ആശയത്തിന് തികച്ചും അനുയോജ്യനാണ്. 2021- ൽ പ്രേം ചന്ദ് ഗാർഗും ഭാര്യയും എസ്‌ബിഐ ഉൾപ്പെടെ അഞ്ച് ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 979.15 കോടി രൂപയുടെ വഞ്ചന നടത്തിയതായി സിബിഐ കണ്ടെത്തുകയുണ്ടായി. 2,500 കോടി വിലമതിക്കുന്ന ഇരുമ്പയിര് വേർതിരിച്ചെടുത്ത് നിയമവിരുദ്ധമായി കയറ്റുമതി ചെയ്തതിൽ കർണാടക പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് വിധിക്കുകയും ചെയ്‌തു. 2016 അവസാനത്തിലും 2017 ന്റെ തുടക്കത്തിലും ഡ്യൂട്ടി ഫ്രീ സ്വർണം കടത്തിയതിനും 17 കോടിയിലേറെ കസ്റ്റംസ് തീരുവ വെട്ടിച്ചതിനും ഗാർഗിനെയും മകൻ ദേവാഷിഷിനെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും പൊലീസും അറസ്റ്റ് ചെയ്തു. 2015- ൽ ഇക്കോബാങ്ക് പിഎൽസിയിൽ നിന്ന് 42 ലക്ഷം ഡോളർ വഞ്ചിച്ചതിന് ഇരുവർക്കുമെതിരെ നൈജീരിയൻ അധികൃതർ കുറ്റം ചുമത്തി. ഇതാണ് ഫക്രുദ്ദീൻ ആവേശംകൊള്ളുന്ന മോദിയുടെ വികസന സുതാര്യത.

ആഗോള റാങ്കിങ്ങിൽ മികച്ച കേന്ദ്ര സർവകലാശാല ജാമിയ മില്ലിയ
ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലയായ ജാമിയ മില്ലിയ ഇസ്ലാമിയ (ജെഎംഐ) ആഗോള റാങ്കിങ്ങിൽ 401–500 ആയി ഉയർന്നു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും മൂന്നാം സ്ഥാനം നേടുകയും ചെയ്തു. ഒക്ടോബർ ഒന്പതിന് പ്രഖ്യാപിച്ച ഫലങ്ങൾ 2025 ലെ 501–600 ബാൻഡിലെ റാങ്കിൽ നിന്ന് ഗണ്യമായ കുതിപ്പ് അടയാളപ്പെടുത്തുന്നു. 115 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള 2,191 സർവകലാശാലകളെ വിലയിരുത്തിയ 22-‐ാമത് ദിഫെ റാങ്കിങ്ങിൽ ബംഗലൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി), ചെന്നൈയിലെ സവിത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസസ് എന്നിവ മാത്രമാണ് രാജ്യത്ത് ജെഎംഐയെക്കാൾ മുന്നിലെന്നത് അധ്യാപന‐ ഗവേഷണ നിലവാരം, വർധിച്ചുവരുന്ന അന്താരാഷ്ട്ര സാന്നിധ്യം, സംവാദാത്മകത എന്നിവയിലെ ശ്രദ്ധേയമായ വളർച്ച പ്രതിഫലിപ്പിക്കുന്നു. ഇത്തരം അഭിമാനങ്ങളിൽ ഊറ്റം കൊള്ളാറുണ്ടായ ഫക്രുദ്ദീൻ അലി, സമീപ മാസങ്ങളിൽ ആ ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തിനുനേരെ കാവിപ്പട ഉയർത്തിയ വിമർശനങ്ങളും അഴിച്ചുവിട്ട ആക്രമണങ്ങളും എയ്‌ത വിദ്വേഷവും അംഗീകരിക്കുന്നുണ്ടോ?
2019 ഡിസംബറിൽ ജാമിയ വിദ്യാർഥികൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അണിനിരന്നപ്പോൾ മുസ്ലിം ഗൂഢാലോചനയാണെന്ന് മുദ്രകുത്തി പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു. ആഴ്‌ചകൾക്കുമുമ്പ് കാമ്പസിൽ പ്രതിഷേധിച്ചതിന് 17 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌ത് സർവകലാശാലാ മേധാവികൾ പൊലീസിന് കൈമാറുകയുണ്ടായി. അവരെ പരസ്പരം വേർപെടുത്തി വളരെ അകലെയുള്ള സ്റ്റേഷനുകളിലേക്കാണ് കൊണ്ടുപോയത്. അവിടെ വളരെ മോശം പെരുമാറ്റമായിരുന്നു. മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി, മാതാപിതാക്കളെ വിളിച്ചു. തട്ടിക്കൊണ്ടുപോകലും തടങ്കലും പൂർണമായും നിയമവിരുദ്ധമായിരുന്നു. അത് ദില്ലി പൊലീസിന്റെ പെരുമാറ്റ രീതിയാണ്. പ്രതിഷേധത്തെ തുടർന്ന് വിദ്യാർഥികളെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചെങ്കിലും സർവകലാശാല സസ്പെൻഡ് ചെയ്തു. ഫോട്ടോകളും വ്യക്തിഗത വിവരങ്ങളും പരസ്യമാക്കി. ജാമിയയിലെ അധ്യാപകർക്കുനേരെയും ഭീഷണിയാണ്. 2022 നവംബറിൽ ജാമിയ ടീച്ചേഴ്‌സ് അസോസിയേഷൻ (ജെടിഎ) പിരിച്ചുവിട്ടു. അനുമതിയില്ലാതെ അധ്യാപക സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ വിജ്ഞാപനം പുറപ്പെടുവിച്ചെന്ന് ആരോപിച്ച് വിദേശ ഭാഷാ വിഭാഗത്തിൽ സ്പാനിഷ്, ലാറ്റിൻ അമേരിക്കൻ പഠനങ്ങളുടെ പ്രൊഫസറായ സോണിയ സുരഭി ഗുപ്തയെ സസ്‌പെൻഡ് ചെയ്തു. ഭരണഘടനാ പദവികൾ കൈയാളുന്നവർക്കെതിരായ മുദ്രാവാക്യങ്ങൾ വിലക്കിയിരിക്കുന്നുവെന്നും അത് നിയമവിരുദ്ധമായി പരിഗണിക്കുന്നുവെന്നും ജാമിയ ഉത്തരവിറക്കുകയുമുണ്ടായി. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി (എഎംയു)യോടും അതേ വൈരനിര്യാതന സമീപനമാണ്. ഇരു കാമ്പസുകളെയും ശത്രുപട്ടികയിൽ ചേർത്തത് മുസ്ലിം സ്വഭാവം കാരണമാണെന്നത് വ്യക്തം. അത്തരം ഇടങ്ങൾ നിർവീര്യമാക്കാനും അവയുടെ സ്വഭാവം വക്രീകരിക്കാനും പലവിധ പരിശ്രമങ്ങൾ നടക്കുന്നു. ന്യൂനപക്ഷ പദവി അവസാനിപ്പിക്കാനുള്ള ഗൂഢപദ്ധതികളും അണിയറയിൽ ത്വരിതഗതിയിലാണ്. ആർഎസ്‌എസ് കർസേവകരെയാണ് സർവകലാശാലകളുടെ തലപ്പത്ത് അവരോധിക്കുന്നതും. ജാമിയ‐ അലിഗഡ് ഉന്മൂലന നീക്കങ്ങൾ വിദ്യാർഥികൾക്കു നേരെയുള്ള കടന്നാക്രമണം മാത്രമായി വിലയിരുത്തുന്നത് സത്യവിരുദ്ധമാണ്. മറിച്ച് രാജ്യത്തെ മുസ്ലിങ്ങളെ ഭയചകിതരാക്കാനുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ മറ്റൊരു മാർഗമാണത്. പ്രയാഗ്‌രാജ് സർവകലാശാല വൈസ് ചാൻസലർക്കും ഡയറക്ടർ സാം ഹിഗ്ഗിൻബോട്ടമിനും മൂന്ന് ഉദ്യോഗസ്ഥർക്കുമെതിരായ വിശ്വഹിന്ദു പരിഷത്തിന്റെ മതപരിവർത്തന കേസ് സുപ്രീം കോടതി റദ്ദാക്കിയതും പ്രധാനം. ഐപിസിയും 2021 ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെ വിവിധ വ്യവസ്ഥകളും പ്രകാരം രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് തള്ളി ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. ആർഎസ്എസ് ശാഖയിൽ കുട്ടിക്കാലം മുതൽ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തിൽ മനംനൊന്ത് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അനന്തു അജി ജീവനൊടുക്കിയ സംഭവത്തിലെ മരണമൊഴി കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേര പത്രസമ്മേളനത്തിൽ പരാമർശിച്ചിരുന്നു. ആ പ്രസ്താവന വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്സാക്കിയ മുസ്ലിം വയോധികനെ മധ്യപ്രദേശിൽ ജയിലടച്ചത് ഒക്ടോബർ 13 നാണ്. പഞ്ചർ ഷോപ്പ് നടത്തുന്ന നടത്തുന്ന അറുപത്തിരണ്ടുകാരൻ ഖ്വാജ ഹുസൈനെതിരെ സിംഗോളി ജില്ലയിലെ നീമുച്ച് പൊലീസാണ് കേസെടുത്തത്. മുസ്ലിമായതിനാൽ പൊലീസ് അമ്മയെയും സഹോദരിമാരെയും അപമാനിച്ചെന്നും തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ചുമതലയുള്ള ഉദ്യോഗസ്ഥൻ ആവർത്തിച്ച് മോശമായി പെരുമാറിയെന്നും ഹുസൈൻ പറഞ്ഞു.

ഇസ്രയേലിനെ പ്രശംസിച്ച മരിയ കൊറീന മച്ചാഡോ
ബെഞ്ചമിൻ നെതന്യാഹുവിനെ സമൂഹ മാധ്യമത്തിൽ വിമർശിച്ചതിന് പ്രമുഖ എഴുത്തുകാരനും രാഷ്ട്രീയചിന്തകനുമായ ജർഗൻ ടോഡൻഹോഫറിന്റെ വസതി ജർമൻ അധികൃതർ റെയ്ഡ് ചെയ്യുകയും ഫോണുകളും കംപ്യൂട്ടറുകളും പിടിച്ചെടുക്കുകയും ചെയ്തു. ജസ്റ്റിസ് പാർടിയുടെ മേധാവികൂടിയായ അദ്ദേഹം ഇസ്രയേൽ പ്രധാനമന്ത്രിയെ വിമർശിക്കുകയും ഗാസയിലെ സൈനിക നടപടികളെ നാസി അതിക്രമങ്ങളുമായി താരതമ്യം ചെയ്യുകയുമുണ്ടായി. “നെതന്യാഹുവിനെയും മുൻ ജർമൻ ചാൻസലർ ഒലാഫ് ഷോൾസിനെയും ഞാൻ കഠിനമായി വിമർശിച്ചതിനാൽ ജർമൻ കോടതി നടപടിയെടുക്കുന്നു. ക്രിമിനൽ കുറ്റങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും തുടർന്നും സംസാരിക്കും. അധികാരികൾ നിശബ്ദമാക്കാൻ ശ്രമിക്കുന്നു. അത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ നേരിട്ടുള്ള ആക്രമണമാണ്.എന്നാൽ പലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രയേൽ സർക്കാരിന്റെ നിയമവിരുദ്ധ നടപടികളെ പരസ്യമായി എതിർക്കുന്നത് തുടരും”‐ ടോഡൻഹോഫർ വ്യക്തമാക്കി.
ഹമാസിനെ ചൂണ്ടി പലസ്‌തീൻ അസ്‌തിത്വത്തെയും അവകാശങ്ങളെയും സംശയാസപദമാക്കുന്ന ചിരി
സമാധാനത്തിനുള്ള 2025ലെ നൊബേൽ പുരസ്‌കാര ജേതാവായ വെനസ്വേലൻ വിമത മരിയ കൊറീന മച്ചാഡോ നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണത്തിൽ ഇസ്രയേലിനെ പിന്തുണച്ചെന്ന് കേട്ടപ്പോൾ ഹമാസിനെ ചൂണ്ടി പലസ്‌തീൻ അസ്‌തിത്വത്തെയും അവകാശങ്ങളെയും സംശയാസപദമാക്കി ചിരിക്കുന്ന ഫക്രുദ്ദീന്റെ മുഖമാണ് മനസിലെത്തിയത്. ഹമാസിനെതിരായ ഇസ്രയേലിന്റെ നിർണായക നടപടികളെയും ഇറാനിയൻ അച്ചുതണ്ടിനെ ചെറുക്കാനുള്ള വിശാലമായ ശ്രമങ്ങളെയും മച്ചാഡോ പ്രശംസിക്കുകയും ചെയ്‌ത് അത് ഇസ്രയേലിന് മാത്രമല്ല വെനിസ്വേലൻ ജനങ്ങൾക്കും ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി. സയണിസ്റ്റുകൾ എല്ലാം മോഷ്ടിച്ചു, ദേശീയഗാനം പോലും. നമ്മുടെ പ്രതീക്ഷ ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല എന്ന പല്ലവിയുടെ ആദ്യ വരി പോളിഷ് ദേശീയ ഗാനമായ പോളണ്ട് ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല ഉക്രേനിയൻ ദേശീയഗാനമായ ഉക്രെയ്ൻ ഇതുവരെ നശിച്ചിട്ടില്ല എന്നിവയുടെ തുടക്കത്തിൽ നിന്ന് കവർന്നതാണ്. കൂടാതെ 16‐ാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ഗാനത്തിൽ നിന്ന് മെലഡി തന്നെ മോഷ്ടിക്കപ്പെട്ടു. ഇപ്പോഴും ശ്മശാനഭൂമിയായി തുടരുന്ന ഗാസ ഭയാനകവും മാപ്പ് നൽകാനാവാത്തതുമായ മൈൻഫീൽഡ് ആയി മാറിയിരിക്കുന്നുവെന്ന ഹ്യൂമാനിറ്റി ആൻഡ് ഇൻക്ലൂഷൻ നിഗമനം തള്ളിക്കളയാനാവുമോ ഫക്രുദ്ദീന്. ഇസ്രയേൽ ഉപേക്ഷിച്ച പൊട്ടാത്ത ബോംബുകൾ നീക്കം ചെയ്യാൻ മൂന്ന് ദശാബ്ദം വേണ്ടിവരുമെന്നാണ് അതിന്റെ കണ്ടെത്തൽ. ഭൂഗർഭ യുദ്ധോപകരണങ്ങൾ പതിറ്റാണ്ടുകളായി നിലനിൽക്കുമെന്നും സ്ഫോടകവസ്തു വിദഗ്ദ്ധനായ നിക്ക് ഓർ പറഞ്ഞു. പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകൾ കാരണം 53 മരണങ്ങളും നൂറുകണക്കിന് പരിക്കുകളും ഐക്യരാഷ്ട്ര സഭാ വിദഗ്‌ദർ രേഖപ്പെടുത്തിയിട്ടുണ്ട്. ഭയാനകങ്ങളായ അപകടങ്ങളുണ്ടായിട്ടും ക്ലിയറൻസ് പ്രവർത്തനം ആരംഭിക്കാൻ കഴിയുന്നില്ല. മാനുഷിക പ്രവേശനത്തിനോ മാലിന്യ നിർമാർജന ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനോ ഇസ്രയേൽ അനുമതി നൽകാത്തതിനാലാണിത്.

ഉത്തരവാദിത്തമില്ലാത്ത ദുരന്തമല്ല ഗാസ, വംശഹത്യയും കൂട്ടായ കുറ്റകൃത്യവുമാണെന്നാണ് ഐക്യരാഷ്ട്രസഭാ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക അൽബനീസിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിന്റെ സംഗ്രഹം. കൂട്ടക്കൊലകളുടെ ശരീരഘടന, വംശഹത്യയുടെ കൊളോണിയൽ മായ്ക്കൽ, അധിനിവേശത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വംശഹത്യയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് തുടങ്ങിയ ശീർഷകങ്ങളിലൂടെയാണ് ഇസ്രയേലിന്റെ വംശഹത്യ, അതിന്റെ ഉത്ഭവം, അടിത്തറ എന്നിവ രേഖപ്പെടുത്തിയത്. പലസ്തീനികളെ മനുഷ്യത്വരഹിതമരായി ചിത്രീകരിക്കുന്ന കൊളോണിയൽ വ്യവഹാരങ്ങളാൽ രൂപപ്പെട്ട അധിനിവേശം ആഗോള സമാധാനനത്തെയും സുരക്ഷയെയും വഞ്ചിച്ചു. അന്താരാഷ്ട്ര നിയമവാഴ്ചയുടെ തകർച്ചയ്ക്കും പുനരുജ്ജീവനത്തിനുള്ള പ്രതീക്ഷയ്ക്കും ഇടയിലുള്ള വഴിത്തിരിവിലാണ് ലോകം ഇന്ന്. പങ്കാളിത്തത്തിനെതിരെ പോരാടുകയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും നീതിയെ മാനിക്കുകയും ചെയ്താൽ മാത്രമേ ഈ നവീകരണം സാധ്യമാകൂവെന്നും അവർ വിശദീകരിച്ചു. ഇസ്രയേലി വാചാടോപങ്ങളും ഭാഷാ ഘടകങ്ങളും സംസ്ഥാനങ്ങൾ വ്യവസ്ഥാപിതമായി സ്വീകരിച്ചിട്ടുണ്ടെന്നും ഇസ്രയേലികളെ സിവിലിയന്മാർ എന്നും "ബന്ദികൾ എന്നും വിളിക്കുന്നുവെന്നും പലസ്തീനികളെ ഹമാസ് ഭീകരർ" എന്നിങ്ങനെയാണ് ചിത്രീകരണം. ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ സ്ഥിരമായ വെടിനിർത്തൽ ആവശ്യപ്പെടുന്നതിനുപകരം മാനുഷിക വിരാമങ്ങളിൽ ഊന്നി യുദ്ധം തുടരുന്നതിന് രാഷ്ട്രീയ മറ വാഗ്ദാനം ചെയ്യുന്നു. ഇസ്രയേലി നിയമ ലംഘനങ്ങൾ നിസാരവൽക്കരിക്കാൻ ശ്രമിക്കുകയുമാണെന്ന് കൂട്ടിച്ചേർത്ത അൽബനീസ് ഗാസയുടെ സമ്പൂർണ ഉപരോധത്തിലൂടെ മാനുഷിക സഹായത്തിന്റെ സൈനികവൽക്കരണത്തെയും ഉപകരണവൽക്കരണത്തെയും അപലപിച്ചു. ഈ നിർണായക ഘട്ടത്തിൽ മൂന്നാം രാജ്യങ്ങൾ ഇസ്രയേലുമായുള്ള എല്ലാ സൈനിക, നയതന്ത്ര, സാമ്പത്തിക ബന്ധങ്ങളും ഉടൻ താൽക്കാലികമായി നിർത്തിവയ്ക്കുകയും പുനഃപരിശോധിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ആവശ്യപ്പെട്ടു. ഇവിടെയാണ് ഫക്രുദ്ദീൻ അലിയുടെ,ഹമാസ് മാന്തിനേക്കി ഇസ്രയേൽ തിരിച്ചടിച്ചുവെന്ന ന്യായീകരം അശ്ലീലമാവുന്നത്. ഹമാസിന്റെ പിറവിക്കും പതിറ്റാണ്ടുകൾക്ക് മുന്പ് ഇസ്രയേൽ തുടർന്നുവന്ന അധിനിവേശനയങ്ങൾ ബോധപൂർവമാണ് വിസ്‌മരിക്കുന്നതും. പലസ്തീൻ തടവുകാരെ വധശിക്ഷയ്ക്ക് വിധേയമാക്കാൻ അനുവദിക്കുന്ന ബിൽ ഇസ്രയേലി പാർലമെന്റായ നെസ്സെറ്റിന്റെ പരിഗണനയിലാണ്. തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ഈ നീക്കം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിലെ സഖ്യത്തിന്റെ തലവനായ ഓഫിർ കാറ്റ്‌സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്.
ന്യൂയോർക്ക് ടൈംസിൽ എഴുതാൻ വിസമ്മതിച്ച് 300 പ്രതിഭകൾ
ഗാസ വംശഹത്യയിൽ പുലർത്തുന്ന അലംഭാവത്തിലും ഇസ്രയേൽ അനുകൂല നിലപാടിലും പ്രതിഷേധിച്ച് 300- എഴുത്തുകാരും പണ്ഡിതരും പൊതുവ്യക്തിത്വങ്ങളും പംക്തികാരും ന്യൂയോർക്ക് ടൈംസിൽ എഴുതാൻ വിസമ്മതിച്ചത് ഫക്രുദ്ദീൻ അറിഞ്ഞിരിക്കാനിടയില്ല. മൂന്ന് ആവശ്യങ്ങൾ നിറവേറ്റുംവരെ പത്രത്തിന്റെ അഭിപ്രായ രൂപീകരത്തിൽ ഭാഗഭാക്കാവില്ലെന്ന് അവർ പ്രസ്‌താവനയിൽ അറിയിച്ചു. റിമ ഹസ്സൻ, ചെൽസി മാനിങ്, റാഷിദ ത്ലൈബ്, ഗാബോർ മാറ്റെ, സാലി റൂണി, രൂപി കൗർ, എലിയ സുലൈമാൻ, മറിയം ബർഗൗട്ടി, ഗ്രേറ്റ തുൻബെർഗ്, കീസെ ലെയ്‌മൺ, മുഹമ്മദ് എൽ-കുർദ്, ഹന്ന ഐൻബിൻഡർ, പ്ലെസ്റ്റിയ അലഖാദ്, സൂസൻ അബുൽഹാവ, മോണ ചലബി, കാതറിൻ ലെയ്‌സി, കാവേ അക്ബർ, നൂറ എറകാത്ത്, മൊസാബ് അബു തോഹ, ഡെറെക്ക പർനെൽ, അജ മോനെറ്റ്, നാൻ ഗോൾഡിൻ, വിയറ്റ് തൻ ഗുയെൻ, ജിയ ടൊലെന്റിനോ, മറിയമേ കബ, ഡേവ് സിരിൻ, ഒമർ എൽ അക്കാദ് തുടങ്ങിയവരാണ് സംയുക്ത പ്രസ്‌താവനയിൽ ഒപ്പിട്ടത്. പലസ്തീനിലെ ഇസ്രയേലിന്റെ ആക്രമണങ്ങളെക്കുറിച്ചുള്ള ന്യൂയോർക്ക് ടൈംസിന്റെ കവറേജ് തെറ്റായി ചിത്രീകരണത്തിലൂന്നിയതും പത്രപ്രവർത്തന നൈതികതയുടെ കാതലായ ലംഘനവുമാണെന്നാണ് എഴുത്തുകാരുടെ നിലപാട്.
പലസ്തീനെയും ഹമാസിനെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ മുഖ്യധാരാ ഐറിഷ് രാഷ്ട്രീയ അഭിപ്രായത്തെ അസ്വസ്ഥമാക്കുന്ന ഘട്ടത്തിൽ നാറ്റോ, യുഎസ്, യുകെ, ഫ്രഞ്ച് യുദ്ധക്കൊതിയെ വിമർശിക്കുന്ന ഇടതുപക്ഷക്കാരി കാതറിൻ കോണോളി 2025 ഒക്‌ടോബർ 24ന് വൻഭൂരിപക്ഷത്തോടെ പുതിയ ഐറിഷ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് വലിയ മാറ്റമാണ്. മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിക്കുന്നതായി കാണിച്ച എഐ സൃഷ്ടിച്ച ഡീപ്ഫേക്ക് വീഡിയോ പുറത്തുവന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് ഐതിഹാസിക വിജയം. ഹമാസിനെ പലസ്തീനികളുടെ ഭാഗം എന്ന് പ്രഖ്യാപിച്ച അവർ ബഷർ അൽ അസദിന്റെ ഭരണകാലത്ത് സിറിയ സന്ദർശിച്ച് നാറ്റോ സൈനിവൽക്കരണത്തെ അപലപിക്കുകയുണ്ടായി. റഷ്യൻ വികാസം തടയാനെന്ന പേരിൽ ജർമനി പ്രതിരോധ ബജറ്റ് വർധിപ്പിച്ചതിനെ 1930 കളിലെ അഡോൾഫ് ഹിറ്റ്‌ലറുടെ നാസി പുനഃസജ്ജീകരണ നീക്കത്തോടാണ് ഉപമിച്ചതും. താൻ കോളനിവൽക്കരണത്തിന്റെ ചരിത്രമുള്ള അയർലണ്ടിൽ നിന്നാണ് വരുന്നത്, ഒരു പരമാധികാര ജനതയോട് അവരുടെ രാജ്യം എങ്ങനെ നടത്തണമെന്ന് പറയുന്നതിൽ വളരെ ജാഗ്രത പാലിക്കും‐ കാതറിൻ കോണോളി ഒരിക്കൽ പറഞ്ഞു. സാധ്യമായ എല്ലാ വിധത്തിലും ഏകീകൃത അയർലൻഡ് തേടുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രതിജ്ഞയെടുത്ത അവർ, ബ്രിട്ടീഷ് സർക്കാരിനെ വിമർശിക്കുകയും ചെയ്‌തു. ഗാസയുടെ ഭരണത്തിൽ ഹമാസിന് ഭാവിയിൽ ഒരു പങ്കും ഉണ്ടാകരുതെന്ന് പറഞ്ഞ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെ തള്ളുകയുമുണ്ടായി. അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നിവ ലോകമെമ്പാടും രക്തച്ചൊരിച്ചിലിന് കാരണമാകുന്ന ആയുധ വ്യവസായത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നുവെന്നും പ്രസ്‌താവിച്ചു. 2003-ലെ ഇറാഖ് അധിനിവേശത്തെയും അൽ അസദിന്റെ കീഴിൽ സിറിയയ്‌ക്കെതിരായ ഉപരോധങ്ങളെയും എതിർക്കുകയും അത് ജനങ്ങളുടെ സ്ഥിതി കൂടുതൽ വഷളാക്കിയെന്നും വിശദീകരിക്കുകയും ചെയ്‌തു. ഡബ്ലിനിൽ നിന്ന് എംബസി പിൻവലിച്ച ഇസ്രയേലിനെ വളരെയധികം വിമർശിച്ചിട്ടുമുണ്ട്. 2024 ജൂൺ രണ്ടിന് മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ജൂത പാരമ്പര്യമുള്ള സോഷ്യലിസ്റ്റ് സ്ഥാനാർഥി ക്ലോഡിയ ഷെയിൻബോം വൻ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടതും പ്രധാനം. മുൻഗാമിയും ഉപദേഷ്ടാവുമായ ആൻഡ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ സാമൂഹിക പരിപാടികളും നയങ്ങളും മുന്നോട്ട് കൊണ്ടുപോകുമെന്നായിരുന്നു വോട്ടർമാർക്ക് വാഗ്ദാനം നൽകിയത്. പണപ്പെരുപ്പത്തെക്കാൾ കുറഞ്ഞ വേതനം ഉയർത്തുക, സാമൂഹിക പരിപാടികൾ ശക്തിപ്പെടുത്തുക തുടങ്ങിയ നടപടികളിലൂടെ അസമത്വം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ക്ലോഡിയയുടെ രാഷ്ട്രീയ പാർടിയായ മൊറീന ദരിദ്രരെ കേന്ദ്രീകരിച്ചുള്ള നയങ്ങൾക്ക് ഊന്നൽ നൽകുകയും പെൻഷനുകൾ, സൗജന്യ ഭക്ഷണം തുടങ്ങിയ നടപടികളെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.

പൊതുജനാഭിപ്രായം തിരിയുന്നത് തടയാൻ ഇസ്ലാമോഫോബിയ
ലോകത്തിലെ ഏറ്റവും വിനാശകാരിയായ രാഷ്ട്രമായ ഇസ്രയേലിനും സഖ്യകക്ഷികൾക്കും പിന്തുണയേറ്റുന്നതിന് ഇസ്ലാം വിരുദ്ധ വംശീയത പ്രോത്സാഹിപ്പിക്കുന്നുവെന്നും അമേരിക്കൻ സാമ്രാജ്യത്വം ലോകത്തിന് ഭീഷണിയുയർത്തുമ്പോൾ മുസ്ലിങ്ങളെ ഭയപ്പെടുത്താൻ നമ്മോട് ആവശ്യപ്പെടുന്നുവെന്നാണ് ആസ്‌ത്രേലിയൻ സ്വതന്ത്ര പത്രപ്രവർത്തക കെയ്റ്റ്ലിൻ ജോൺസ്റ്റോൺ നിരീക്ഷിച്ചത്. ലോക പൊതുജനാഭിപ്രായം ഇസ്രയേലിനെതിരെ തിരിയുന്നതിനെ ചെറുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ഇസ്ലാമോഫോബിയ പ്രോത്സാഹിപ്പിക്കുകയാണ്. റാഡിക്കൽ ഇസ്ലാം, ജിഹാദിസം തുടങ്ങിയവക്കുറിച്ചുള്ള ഭയംവളർത്തൽ ഇപ്പോഴും ഉയർന്ന നിലയിൽ തുടരുന്നുമുണ്ട്. ഇതൊരു ആസൂത്രിത കൃത്രിമ തന്ത്രമാണ്. ഇസ്ലാമോഫോബിക് ഹിസ്റ്റീരിയയുടെ പുതിയ തരംഗത്തിലെ പ്രധാന വിഡ്ഢിത്തം യുഎസും ഇസ്രയേലും സഖ്യകക്ഷികളും മുഴുവൻ മുസ്ലിം ലോകത്തെക്കാളും വളരെ കൂടുതൽ കൊലപാതകികളും സ്വേച്ഛാധിപത്യപരവുമാണ്.
നമ്മുടെ ഭരണാധികാരികൾ മുസ്ലിങ്ങൾക്കും കുടിയേറ്റക്കാർക്കും വഴങ്ങാത്ത സർക്കാരുകൾക്കും നേരെ മുഷ്ടി ചുരുട്ടാൻ ആഗ്രഹിക്കുന്നു, അത് നാം അനുകരിക്കരുതെന്നും കെയ്റ്റ്ലിൻ തുറന്നടിച്ചു. സയണിസ്റ്റ് മനോഭാവം പലരിലും വളർന്നുവന്ന കാര്യങ്ങളുടെ കൂട്ടിച്ചേർക്കൽ മാത്രമാണ്. ഇറാഖ്, ലിബിയ, സിറിയ തുടങ്ങിയവയെ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലി അവകാശത്തെ പിന്തുണയ്ക്കുന്നതുവരെ എത്തിയിരിക്കുന്നു വിനാശകരമായ ആ പതനം. അതിൽനിന്ന് കരകയറാനുള്ള ആദ്യപടി അടിച്ചമർത്തുന്നവരുടെ ആഖ്യാനങ്ങളെ വിമർശനാത്മക പരിശോധനയ്ക്ക് വിധേയമാക്കുകയും അടിച്ചമർത്തപ്പെട്ടവരുടേത് കേൾക്കാൻ തുടങ്ങുകയും ചെയ്യുകയാണ്. നിവാസികളിൽ നിന്ന് ഭൂമി മോഷ്ടിക്കാനും ഒഴിവാക്കൽ വംശീയ രാഷ്ട്രം സൃഷ്ടിക്കാനുമുള്ള മനഃപൂർവവും വ്യവസ്ഥാപിതവുമായ രാഷ്ട്രീയ പദ്ധതി കാണാതിരിക്കുന്നത് എങ്ങനെ? കോളനിവത്കരിച്ച ജനങ്ങളുടെ അക്രമത്തോടുള്ള പ്രതികരണങ്ങളായി സയണിസ്റ്റുകൾ തങ്ങളുടെ അതിക്രമങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഘട്ടവും എത്തി. വംശഹത്യയെ ആയുധമാക്കുകയും സജ്ജരാക്കുകയും ചെയ്യുന്ന അന്തർദേശീയ കോർപ്പറേഷനുകൾ, രാഷ്ട്രീയക്കാരെ വിലയ്ക്ക് വാങ്ങുന്ന ശതകോടീശ്വരന്മാർ, അറിവിനും നിയന്ത്രണത്തിനും അതീതമായി പ്രവർത്തിക്കുന്ന ബഹുജന നിരീക്ഷണത്തിന്റെയും ബ്ലാക്ക് മെയിലിങ്ങിന്റെയും നിഴൽ ഭരണകൂടങ്ങൾ തുടങ്ങിയ നിലയിൽ അടിച്ചമർത്തുന്നത് തിരിച്ചറിഞ്ഞില്ലെങ്കിൽ പാതകങ്ങൾ കൂടുതൽ ശക്തമാവുകയേയുള്ളൂ.
ഹൈ-ടെക് ഹോളോകോസ്‌റ്റിൽ അദാനി‐ ടാറ്റാ ഗ്രൂപ്പുകളും
ഹൈ-ടെക് ഹോളോകോസ്റ്റ് എന്നും അറിയപ്പെടുന്ന ഗാസയിലെ വംശഹത്യയിൽ മൈക്രോസോഫ്റ്റിന്റെ എഐ, ക്ലൗഡ് സിസ്റ്റങ്ങൾ ഇസ്രയേലിന് എങ്ങനെ ശക്തി പകരുന്നുവെന്ന് മിന്റ്പ്രസ്സ് അന്വേഷണം വെളിപ്പെടുത്തി. 2023 ഒക്ടോബർ ഏഴിന് ശേഷം അസൂർ ക്ലൗഡിന്റെ ഇസ്രയേലിന്റെ സൈനിക ഉപയോഗം ഇരുന്നൂറ് മടങ്ങായി ഉയർന്നു. 2024 മധ്യത്തോടെ ഐഡിഎഫ് 13.6 പെറ്റാബൈറ്റ് നിരീക്ഷണ ഡാറ്റ സംഭരിച്ച് മിക്കവാറും എല്ലാ പലസ്തീനികളെയും ട്രാക്ക് ചെയ്യുകയുമുണ്ടായി. പലസ്‌തീൻ അധിനിവേശത്തിന് ഇന്ത്യ ഇസ്രയേലിലേക്ക് റോക്കറ്റുകളും സ്ഫോടകവസ്തുക്കളും കയറ്റുമതി ചെയ്‌തതായുള്ള രേഖകൾ അൽജസീറ അടുത്തിടെ പുറത്തുവിടുകയുണ്ടായി. 2025 ജൂൺ എട്ടിന് ഗാസ മുനമ്പിലെ നുസൈറത്ത് യുഎൻ അഭയാർഥി ക്യാമ്പിൽ ബോംബാക്രമണം നടത്തിയതിനെ തുടർന്ന് കണ്ടെടുത്ത മിസൈൽ അവശിഷ്ടങ്ങളിൽ ഇന്ത്യയിൽ നിർമിതം എന്നായിരുന്നു. ഗാസ യുദ്ധത്തിൽ പ്രയോഗിച്ച സൈനിക ഡ്രോണുകളും ആയുധങ്ങളും ഉൾപ്പെടെയുള്ള യുദ്ധസാമഗ്രികൾ ഇസ്രയേലി പ്രതിരോധ കമ്പനികളുമായുള്ള സംയുക്ത സംരംഭങ്ങളിലൂടെ അദാനി ഗ്രൂപ്പ് നിർമിച്ചവ കൂടിയാണെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകൾ തെളിയിക്കുകയുണ്ടായി.

അദാനി-‐എൽബിറ്റ് അഡ്വാൻസ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡും ഇസ്രയേലിലെ ഏറ്റവും വലിയ ആയുധ നിർമാതാക്കളായ എൽബിറ്റ് സിസ്റ്റംസുമായുള്ള സംയുക്ത സംരംഭം ഹൈദരാബാദിൽ ഹെർമിസ് 900 സൈനിക ഡ്രോൺ നിർമിക്കുന്നു. 2024 ഫെബ്രുവരിയിൽ 20- ഡ്രോണുകൾ ഇസ്രയേൽ സൈന്യത്തിന് കൈമാറി. ഗാസയിലെ നിരീക്ഷണം, ആക്രമണങ്ങൾ, രഹസ്യാന്വേഷണ ശേഖരണം എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഡ്രോണാണ് ഹെർമിസ് 900. ഇസ്രയേലിന് യുദ്ധോപകരണങ്ങളും ആയുധ ഘടകങ്ങളും വിതരണം ചെയ്യുന്നതിൽ ടാറ്റയ്‌ക്കും പങ്കുണ്ടെന്ന് 2024 ജൂൺ‐ ഒക്ടോബർ മാസങ്ങളിലെ റിപ്പോർട്ടുകൾ തെളിവാണ്. ബിസിനസ് ഹാബിറ്റ് എന്ന പേജ് ഫേസ്ബുക്ക് പോസ്റ്റിൽ ടാറ്റ ഗ്രൂപ്പ് ഗാസയിലെ ഇസ്രയേലിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്നും മാരകായുധങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും കുറിച്ചതാണ് ആദ്യ സൂചന. മിഡിൽ ഈസ്റ്റ് ഐ, ടി.ആർ.ടി വേൾഡ് തുടങ്ങിയ സ്രോതസ്സുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരാമർശിച്ചാണ് പോസ്റ്റ്. ടാറ്റ ഇസ്രയേലി കമ്പനിയായ എംഡിടി ആർമറിന് ലാൻഡ് റോവർ ചേസിസ് നൽകുന്നുണ്ടെന്നും അത് അധിനിവേശ വെസ്റ്റ് ബാങ്കിലും ഗാസയിലും ഉപയോഗിക്കുന്ന "ഡേവിഡ് കവചിത വാഹനങ്ങളാക്കി മാറ്റുന്നുവെന്നും അവയിലുണ്ടായി. വിവിധ സൈനിക ഘടകങ്ങളുടെ നിർമാണത്തിന് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസിന് പ്രധാന ഇസ്രയേലി പ്രതിരോധ സ്ഥാപനങ്ങളുമായി സഹകരണവുമുണ്ട്. 2008-ൽ തന്നെ മിസൈലുകൾ, പൈലറ്റില്ലാത്ത ഡ്രോണുകൾ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ, മറ്റ് പ്രതിരോധ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിന് ടാറ്റ ഐഎഐയുമായി സംയുക്ത സഹകരണം ആരംഭിച്ചു. ഗാസ അധിനിവേത്തിനിടെ ഇസ്രയേലിന് ഇന്ത്യൻ കമ്പനികൾ ആയുധങ്ങൾ നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി 2024 സെപ്റ്റംബറിൽ സുപ്രീം കോടതി തള്ളി.
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ‘ഇടതുപക്ഷ ഹിന്ദുത്വം’ എന്ന പ്രയോഗം
പുരോഗമന കലാസാഹിത്യസംഘത്തിന്റെയും മറ്റും വേദികളിൽ കൊട്ടുംകുരവയുമായി എഴുന്നള്ളിക്കപ്പെട്ട പ്രഭാഷകനായിരുന്ന സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ‘ഇടതുപക്ഷ ഹിന്ദുത്വം’ എന്ന അന്തഃസാരശൂന്യമായ പ്രയോഗത്തിലൂന്നി ദേശാഭിമാനി വാരികയിൽ ലേഖനമെഴുതിയപ്പോൾ ഞാൻ ‘ഇടതുപക്ഷ ഹിന്ദുത്വമോ ’ എന്ന പഠനത്തിലൂടെ ചില വിയോജനങ്ങൾ രേഖപ്പെടുത്തി. അതിനുനേരെ സ്വാമിയെക്കാൾ വാശിയോടെ വിചിത്രാശയങ്ങൾ പ്രചരിപ്പിച്ചതും ചില സിപിഐ എം നേതാക്കൾ ഏറ്റെടുക്കുകയും ചെയ്‌തത് ഫക്രുദ്ദീൻ അലിയുടെ വിദണ്ഡ വാദങ്ങളായിരുന്നു. ‘ഇടതുപക്ഷ ഹിന്ദുത്വം: ഒരു ആമുഖം’ എന്ന ശീർഷകത്തിൽ 2007ൽ ഇറങ്ങിയ സ്വാമിയുടെ കൃതിയുടെ അവതാരിക കെഇഎൻ കുഞ്ഞഹമ്മദിന്റേതും. ‘ഇന്ത്യൻ സംസ്ക്കാരത്തെ ഇടതുപക്ഷ പരിപ്രേക്ഷ്യത്തോടെ സാമൂഹ്യമുന്നേറ്റത്തിനുള്ള ഇന്ധനമാക്കി മാറ്റാനുള്ള പരിശ്രമമാണ് ഈ പുസ്തകം.

ഹിന്ദുത്വത്തെയും ഹിന്ദുമതവിശ്വാസത്തെയും വിമോചന ഉള്ളടക്കത്തിലേക്ക് വികസിപ്പിക്കാനുള്ള ചുവടുവെപ്പ് തീവ്രവലതുപക്ഷത്തിനെതിരായ ശക്തമായൊരായുധമാണ്. വർഗീയതയുടെയും ആഗോളീകരണത്തിന്റെയും കാലത്ത് അധ്യാത്മികതയുടെ മൗനം കുറ്റകരമാണെന്ന് സ്വാമി തിരിച്ചറിയുന്നു' എന്ന പ്രവേശിക മറ്റൊരു അപകടവുമായി.
‘ഹിന്ദുത്വമില്ലാത്ത ഹിന്ദുക്കൾ പുരുഷത്വമില്ലാത്ത മനുഷ്യർ’
ഹിന്ദുമതവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം മിഥ്യയാണ്. ഹിന്ദുത്വമില്ലാത്ത ഹിന്ദു, പുരുഷത്വമില്ലാത്ത മനുഷ്യരെപ്പോലെയാണെന്ന സങ്കുചിത വൈകാരിക സമവാക്യത്തിലൂടെ വ്യാജമായ വേർതിരിവാണ് മുന്നോട്ടുവെക്കുന്നത്. നിശ്ചിത ലക്ഷ്യത്തോടെയാണ് കൃത്രിമ വിവാദം. പതിറ്റാണ്ടുകളായി ഹിന്ദുത്വം തീവ്ര വലതുപക്ഷക്കാരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. 1989-ൽ രഥയാത്ര യ്‌ക്ക് തുടക്കമിട്ട് രാമക്ഷേത്ര വിഷയത്തിൽ പരീക്ഷണം നടത്തി. 1992-ൽ ബാബറി മസ്‌ജിദ് തകർത്ത് വലതുപക്ഷ രഥം കുതിച്ചുപാഞ്ഞു. വർഗീയതയിൽ മികച്ച ആയുധങ്ങളുണ്ടെന്ന് കണ്ട നരേന്ദ്ര മോദി ഗോധ്ര സംഭവം കരുവാക്കി ഗുജറാത്ത് വംശഹത്യയ്‌ക്ക് തിരികൊളുത്തുകയും ചെയ്‌തു. ഇന്ത്യയിൽ ഹിന്ദു ആധിപത്യം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് യൂറോപ്യൻ ഫാസിസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വി.ഡി സവർക്കർ രൂപപ്പെടുത്തിയ പ്രത്യയശാസ്‌ത്രമാണ് ഹിന്ദുത്വം. 1923- ൽ ജയിലിലായിരിക്കെ രചിച്ച ‘എസെൻഷ്യൽസ് ഓഫ് ഹിന്ദുത്വ' (ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾ) എന്ന കൃതിയിൽ ഊന്നിയ മൂന്ന് അവശ്യഘടകങ്ങൾ പൊതു രാഷ്ട്രം, പൊതു വംശം, പൊതു സംസ്കാരം അല്ലെങ്കിൽ നാഗരികത എന്നിവയായിരുന്നു. 1928-ൽ ഹിന്ദുത്വം: ആരാണ് ഹിന്ദു? എന്ന ചെറിയ ശീർഷക മാറ്റത്തോടെ പുനഃപ്രസിദ്ധീകരിച്ചപ്പോൾ ഭാരതവർഷത്തെ പിതൃഭൂമിയായും മതത്തിന്റെ കളിത്തൊട്ടിലായ പുണ്യഭൂമിയായും കരുതുന്ന വ്യക്തിയാണ് ഹിന്ദുവെന്നാണ് നിർവചിച്ചത്.
അയോധ്യയിലെ ഭൂമി പൂജയ്ക്ക് ശേഷം ഹിന്ദുസ്ഥാൻ ടൈംസിലെ ‘അഭിമാനമുള്ള ആഗോള ഹിന്ദുവിന്റെ ഉയർച്ച' എന്ന ലേഖനത്തിൽ ബിജെപിയുടെ നോമിനേറ്റഡ് രാജ്യസഭാംഗവും ഇംഗ്ലീഷ് പത്രങ്ങളിലെ പംക്തികാരനുമായ സ്വപൻ ദാസ് ഗുപ്‌തയുടെ "പുതിയ ഹിന്ദുത്വ’ത്തെക്കുറിച്ചുള്ള ആശയങ്ങളാണ് സ്വാമിയ്‌ക്കും ഫക്രുദ്ദീനും അവതാരികാകാരനും ആവേശമായത്. പുതിയ ഹിന്ദുത്വത്തിന്റെ ഉയർച്ച വിവരിക്കുമ്പോൾ പോലും ഗുപ്ത പഴയ ഹിന്ദുത്വത്തിന്റെ വിവരണങ്ങളും സ്വഭാവരൂപീകരണങ്ങളും വികാരങ്ങളും തന്നെയാണ് ആശ്രയിച്ചതെന്നതും വിട്ടുകളയാനാവില്ല. "സൗമ്യനും കീഴ്‌വഴക്കവുമുള്ള ഹിന്ദുവിനെ അഭിമാനിയായ ഹിന്ദുവായും ആഗോള ഹിന്ദുവായും പരിവർത്തനം ചെയ്യുന്ന’ പുതിയ ഹിന്ദുത്വത്തിന്റെ ആവിർഭാവത്തെയാണ് അടയാളപ്പെടുത്തിയതും. ഇടതുപക്ഷ ഹിന്ദുത്വം എന്ന പ്രതിലോമാശയത്തിൽ അടയിരുന്നേപ്പോഴും ഫക്രുദ്ദീൻ ഇത്രവേഗം കാവിക്കൊടിയ്‌ക്ക് കീഴിൽ ഗണമന്ത്രം ചൊല്ലുമെന്ന് പ്രതീക്ഷിച്ചതേയില്ല.

ദത്താത്രേയ ഹൊസബാലെയുടെ നിർവചനങ്ങൾ ശിരസാവഹിച്ച് ഹിന്ദുത്വം ഇടതുമല്ല വലതുമല്ല. ഞാൻ ആർഎസ്എസിൽ നിന്നുള്ള ആളാണ്. സംഘപരിശീലന ക്യാമ്പുകളിലെ പ്രസംഗങ്ങളിൽ ഞങ്ങൾ ഒരിക്കലും വലതുപക്ഷമാണെന്ന് പറഞ്ഞിട്ടില്ല. ഞങ്ങളുടെ പല ആശയങ്ങളും ഇടതുപക്ഷാശയങ്ങൾ പോലെയാണ്. ലോകം ഇടത്തോട്ട് പോയിരുന്നു, അല്ലെങ്കിൽ ഇടത്തോട്ട് പോകാൻ നിർബന്ധിതരായി. ഇപ്പോൾ ലോകം വലതുവശത്തേക്ക് നീങ്ങുന്നു. അങ്ങനെയാണ് കേന്ദ്ര ഭരണം ബി.ജെ.പി നേടിയത്. ഹിന്ദുത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്. ഇടതുപക്ഷവും വലതുപക്ഷവും എന്നതും കിഴക്കും പടിഞ്ഞാറും എന്ന ഭൂമിശാസ്ത്രപരവും മതപരവും രാഷ്ട്രീയവുമായ വിഭജനവും മങ്ങുകയും ഉരുകുകയും ചെയ്തു. ഇന്ന് ലോകം പരസ്പരം ആശയങ്ങൾ സ്വീകരിക്കുന്നു, പുതിയ മനുഷ്യൻ ഉയർന്നുവരികയുമാണ്. ഇടതോ വലതോ അല്ല‐ ആർ.എസ്.എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാലെയുടെ 2021 ഒക്ടോബർ 23 ന്റെ പ്രസംഗത്തിൽനിന്നാണിത്. ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം റാം മാധവ് എഴുതിയ ‘ദി ഹിന്ദുത്വ പാരഡൈം - ഇന്റഗ്രൽ ഹ്യൂമനിസം ആൻഡ് ദി ക്വസ്റ്റ് ഫോർ എ നോൺ-വെസ്റ്റ് വേൾഡ് വ്യൂ' (ഹിന്ദുത്വ മാതൃക: സമഗ്ര ഹിന്ദുമതവും പാശ്ചാത്യേതര ലോകവീക്ഷണത്തിനായുള്ള അന്വേഷണവും)എന്ന പുസ്തകം ദില്ലിയിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഴ് ദശാബ്ദങ്ങൾക്ക് മുമ്പ് പുതിയൊരു ആഗോള ക്രമം ഉയർന്നുവന്നു. എന്നാലും കോവിഡ് മഹാമാരി ഗ്രഹത്തിലുടനീളം പടർന്നുപിടിക്കുമ്പോൾ പഴയ ജീവിതരീതികൾ അഭൂതപൂർവമായ സമ്മർദ്ദത്തിലാണ്. ഇതിനകം പുതിയ ലോകക്രമം രൂപപ്പെടാൻ തുടങ്ങിയിരിക്കുന്നു. - വ്യാപാരം, വാണിജ്യം, പ്രതിരോധം തുടങ്ങിയ ദീർഘകാല അജണ്ടകളെ പിന്നോട്ട് തള്ളുന്ന ഒന്ന്. പകർച്ചവ്യാധിക്ക് ശേഷമുള്ള ലോകത്ത് കാലാവസ്ഥാ വ്യതിയാനം, സമഗ്ര ആരോഗ്യ സംരക്ഷണം, നവീകരണത്തിനും സർഗാത്മകതയ്ക്കുമുള്ള വിദ്യാഭ്യാസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ബ്ലോക്ക്ചെയിൻ, ബിഗ് ഡാറ്റ തുടങ്ങിയ അതിർത്തി സാങ്കേതികവിദ്യകളുടെ മാനേജ്മെന്റ് അടക്കമുള്ള വിഷയങ്ങളാൽ അവ മറികടക്കപ്പെടും. ഈ ആധുനിക യാഥാർത്ഥ്യത്തിൽ മനുഷ്യാന്തസും അവകാശങ്ങളും നിർണായക വിഷയങ്ങളായിരിക്കും. 21‐ാം നൂറ്റാണ്ടിന്റെ മാറിയ യാഥാർഥ്യത്തെ പ്രതിനിധീകരിക്കുന്നതിന് ആഗോള ഭരണത്തിന് പുതിയ ആശയങ്ങളും നൂതന സ്ഥാപനങ്ങളും ആവശ്യമാണ്. ആർഎസ്‌എസ് പ്രചാരകനും ഭാരതീയ ജനസംഘം അധ്യക്ഷനുമായിരുന്ന ദീൻ ദയാൽ ഉപാധ്യായ അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് യോജിച്ച സാമ്പത്തിക തത്ത്വചിന്ത ആവിഷ്കരിച്ചു. അതിന്റെ കാതൽ മനുഷ്യ കേന്ദ്രീകൃത വികസനമായിരുന്നുവെന്നുമാണ് രാം മാധവിന്റെ കണ്ടെത്തൽ.
ഗായിക കെ.എസ്. ചിത്രയ്‌ക്കെതിരായ സൈബർ ആക്രമണം മണ്ടത്തരമാണെന്ന ഫക്രുദ്ദീൻ അലിയുടെ വാദത്തിന്റെ ആദ്യ വാചകത്തിൽ ആർക്കും നിരുത്തരവാദം കാണാനാവില്ല. എന്നാൽ വിശദാംശങ്ങൾ മുഴുവൻ കാടുകയറി. ഭരണഘടന നൽകുന്ന പൗരാവകാശം വ്യക്തികൾക്ക് അവരുടെ ഇഷ്ട മതം പ്രചരിപ്പിക്കാനും അതിന്റെ ആചാരങ്ങൾ മുറുകെപിടിക്കാനും അനുമതി നൽകുന്നുവെന്ന വിശാലതയിൽ മുസ്ലിങ്ങൾക്ക് പ്രവേശനമില്ലേ. ഭരണഘടന രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ഹിന്ദു ജനസംഖ്യയിലെ ബഹുഭൂരിപക്ഷത്തിന്റെയും അടിസ്ഥാനത്തിലാണ് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നിലനിൽക്കുന്നതെന്ന് അവകാശപ്പെട്ട അദ്ദേഹം അത് ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. അങ്ങനെ ചെയ്യുന്നവർ സ്വന്തം നാശത്തിന് വഴിയൊരുക്കുകയാണ്. ഹിന്ദു വികാരങ്ങളെ ആവർത്തിച്ച് വ്രണപ്പെടുത്തരുത്. ആരും ഹിന്ദുക്കളെ മതനിരപേക്ഷതയെക്കുറിച്ച് പഠിപ്പിപ്പിൻ ഒരുങ്ങേണ്ടാ. തുടർച്ചയായ പ്രകോപനങ്ങളിലൂടെ ഹിന്ദുക്കളെ തീവ്രവാദ മതചിന്തകളിലേക്ക് നയിക്കുന്നതും ശരിയല്ല. പുരോഗമനപരവും പ്രതിലോമകരവുമായി കണക്കാക്കുന്ന ചില വ്യക്തികളുടെ ഗൂഢലക്ഷ്യങ്ങളുടെയും മാധ്യമ കൃത്രിമത്വത്തിന്റെയും അനന്തരഫലമാണതല്ലാമെന്നും ഫക്രുദ്ദീൻ ആഞ്ഞടിച്ചു.
ബ്രാഹ്മണിസത്തിന്റെ അനുബന്ധമായ ഇന്ത്യൻ ബുദ്ധിജീവി വർഗത്തിന്റെ വഞ്ചന
ഇന്ത്യൻ ബുദ്ധിജീവി വർഗം ബ്രാഹ്മണ വ്യവസ്ഥയുടെ അനുബന്ധമാണെന്നത് ചിലർക്കെങ്കിലും അരോചകമായി തോന്നിയേക്കാം; എന്നാൽ വാസ്‌തവം അതാണ് അപ്പുറം വഞ്ചനയുടെ തുടർച്ചയും. ചരിത്രകാരൻ രാമചന്ദ്ര ഗുഹ ബിജെപിയെ (അല്ലെങ്കിൽ അതിന്റെ റിമോട്ട് കൺട്രോളായ ആർഎസ്‌എസിനെ) ബുദ്ധിജീവികളില്ലാത്ത പാർടിയായി വിലയിരുത്തിയിട്ടുണ്ട്. ആ ഒളിവ് നികത്തിക്കൊടുക്കുകയാണ് ഫക്രുദ്ദീൻ അലിയെപ്പോലുള്ളവർ. മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ മുസ്ലിങ്ങളെയെല്ലാം ചുട്ടു കൊല്ലുമെന്നല്ലേ ഭയപ്പെടുത്തിയത്. എന്നിട്ട് ഇതുവരെ നമ്മൾ കാര്യായിട്ടൊന്നും കണ്ടിട്ടില്ലല്ലോ. അതേക്കാൾ വർഗീയ കലാപങ്ങൾ കോൺഗ്രസ് ഭരിക്കുന്ന കാലത്ത് ഉണ്ടായിട്ടില്ലേ എന്ന അദ്ദേഹത്തിന്റെ വിഡ്‌ഢി ചോദ്യം എന്തൊരു കാപട്യമാണ്.

കോൺഗ്രസ് കേന്ദ്ര മന്ത്രിസഭയെ നയിച്ചിരുന്ന കാലയളവിലാണ് സംഭവമെങ്കിലും ബാബറി മസ്‌ജിദ് തകർത്തത് ആരാണ്. ഗുജറാത്ത് വംശഹത്യയും മോദിയും തമ്മിൽ ഒരു ബന്ധവുമില്ലേ. മോദി സ്തുതി ഉദാരമായി വിളമ്പാനും ഹിന്ദുത്വക്രൗര്യങ്ങൾക്ക് മറയിടാനും തനിക്ക് അവകാശമുണ്ടെന്ന് ഫക്രുദ്ദീന് വാദിക്കാമെങ്കിലും വർഗീയ ലഹളകൾ ആരുടെ കാലത്ത് നടന്നു എന്നതിനെക്കാൾ അവയ്‌ക്ക് ആര് നേതൃത്വം നൽകിയതെന്നാണ് അന്വേഷണ വിധേയമാക്കേണ്ട പ്രശ്‌നം.
ലോഗെയ്ൻ കൂട്ടക്കൊലയും കോളിഫ്ലവർ വയലിൽ കുഴിച്ചു മൂടിയ 116 ജഡങ്ങളും
ബീഹാറിലെ ഭാഗൽപൂർ ജില്ലയിലെ ലോഗെയ്ൻ ഗ്രാമത്തിൽ ഹിന്ദുത്വ ആൾക്കൂട്ടം 1989 ഒക്ടോബർ 24 - ന് 116 മുസ്ലിങ്ങളെ മാരകായുധങ്ങളുമായി ഇരച്ചെത്തി വധിച്ച് സമീപത്തെ കോളിഫ്ലവർ വയലിൽ കുഴിച്ചു മൂടി തെളിവുകൾ മറയ്ക്കാൻ മുകളിൽ കോളിഫ്ലവർ, കാബേജ് തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. എഎസ്ഐ രാമചന്ദർ സിങ്ങായിരുന്നു നാലായിരത്തോളം വരുന്ന അക്രമികൾക്ക് നേതൃത്വം നൽകിയത്. ആ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 14 പേരെ 2007-ൽ കൊലപാതകങ്ങൾക്ക് കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
2025 മാർച്ചിലെ നാഗ്പൂർ കലാപത്തിനിടെ ചില കാവി സോഷ്യൽ മീഡിയ ഫ്ലാറ്റ്‌ഫോമുകളും ഹാൻഡിലുകളും കോളിഫ്ലവറിന്റെ ചിത്രങ്ങൾ പങ്കിട്ടത് ലോഗെയ്ൻ കൂട്ടക്കൊലയെമുന്നറിയിപ്പായി ഉയർത്താനായിരുന്നു. 2025 മെയ് മാസത്തിൽ കർണാടക ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ട് എക്‌സിലും അത് പ്രത്യക്ഷപ്പെട്ടു. സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടുന്ന നിരായുധരും നിസഹായരുമായ മനുഷ്യരെ കൂട്ടക്കശാപ്പ് നടത്തി കലാപം എന്ന ലളിത യുക്തിയിൽ ഏകപക്ഷീയങ്ങളായ നരഹത്യകൾ ആഘോഷിക്കുന്നവർക്ക് ഫക്രുദ്ദീനെപ്പോലുള്ളവർ ഗുഡ്‌സർവീസ് എൻട്രി നൽകുന്നത് പരിതാപകരമാണ്; അതിലേറെ പൊറുക്കാനാവാത്തതും.

കലാപം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഹൈക്കോടതി ജഡ്ജി സി.പി സിൻഹ യുടെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷണ കമ്മീഷനെ നിയമിച്ചു. 1995-ൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും അക്രമം തടയുന്നതിൽ പരാജയപ്പെട്ടതിന് പൊലീസ് സൂപ്രണ്ട് കെ.എസ്. ദ്വിവേദി അടക്കമുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്തു. ‘മേരി യാദേൻ, മേരി ഭൂലീൻ’ ആത്മകഥയിൽ ജസ്‌റ്റിസ് സി.പി. സിൻഹ കലാപ പ്രേരണകൾ വിശദമാക്കിയിട്ടുണ്ട്. രാമജന്മഭൂമി പ്രചാരണത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് ഭഗൽപൂരിൽ രാംശില ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. അയോധ്യയിലെ നിർദ്ദിഷ്ട രാമക്ഷേത്രത്തിന് ഇഷ്ടികകൾ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അത്. ഫത്തേപൂർ ഗ്രാമത്തിലൂടെ കടന്നുപോയ ഒരു ഘോഷയാത്രയ്‌ക്കിടെ 200 ഹിന്ദു സർവകലാശാല വിദ്യാർഥികളെ മുസ്ലിങ്ങൾ അരിഞ്ഞുവീഴ്‌ത്തി കിണറ്റിൽ തള്ളിയതായുള്ള മറ്റൊരു കിംവദന്തി പ്രചരിപ്പിച്ചു. അത് പ്രദേശത്ത് ക്രിമിനൽ വൈരാഗ്യത്തിനും സംഘടിത ആക്രമണങ്ങൾക്കും നിമിത്തമായി.
ഭഗൽപൂർ കലാപത്തിന് 36 വർഷം തികഞ്ഞ ദിവസം ജയശ്രീ തോട്ടെക്കാട്ട് എഴുതിയത് വർഗീയ രാഷ്ട്രീയം രാജ്യത്തെ കീഴടക്കിയ ചരിത്രത്തിന്റെ ഒരു എടാണ് അനാവൃതമാക്കിയത്. പരമ്പരാഗതായുധങ്ങളുമേന്തി ആയിരക്കണക്കിനാളുകൾ പട്ടണം മുതൽ ജില്ലയിലെ ഗ്രാമപ്രദേശങ്ങൾ വരെ ന്യൂനപക്ഷ സമുദായങ്ങളെ ആസൂത്രിതമായി ലക്ഷ്യമിട്ട ആദ്യ കലാപമായിരുന്നു അത്. മുൻഗർ, ഗോഡ്ഡ, ബങ്ക, സാഹെബ്ഗഞ്ച്, ദുംക തുടങ്ങിയ അയൽ ജില്ലകളെപോലും ബാധിച്ചു. 13 വർഷങ്ങൾക്ക് ശേഷം ആ പരീക്ഷണം ഗുജറാത്തിലും പ്രപയോഗിച്ചു. കള്ളപ്രചാരണത്തിന് ആളുകളെ മോട്ടോർ സൈക്കിളുകളിൽ അയച്ചു. അതിനാലാണ് ആർഎസ്‌എസിന് കിംവദന്തി കൾ പ്രചരിപ്പിക്കുന്ന കൂട്ടായ്മയെന്നും അധിക്ഷേപ പേര് വീണത്. ബാബറി മസ്ജിദ് തർക്കവേളയിൽ എൽ.കെ. അദ്വാനി ആഹ്വാനം ചെയ്‌ത ശിലാപൂജ ഘോഷയാത്ര പലേടത്തും രക്തച്ചൊരിച്ചിലുണ്ടക്കി. അതിലൊന്നായിരുന്നു ഭഗൽപൂർ. ഇത്തരം വസ്‌തുതകൾക്കുനേരെ കണ്ണടച്ച് ഇരുട്ടാക്കുന്ന ഫക്രുദ്ദീന് ബെർട്രാൻഡ് റസ്സലിന്റെ ‘താഴെയുള്ള മണ്ടത്തരത്തിന്റെയും മുകളിലുള്ള അധികാരപ്രേമത്തിന്റെയും പരസ്പരബന്ധിതമായ ശക്തി യുക്തിബോധമുള്ള മനുഷ്യരുടെ ശ്രമങ്ങൾ തളർത്തുന്നു’വെന്ന വാചകം മാത്രം നിർദേശിക്കട്ടെ.
