ഗവേഷണ രംഗവും സ്വകാര്യമേഖലയ്ക്ക്

ഇക്കഴിഞ്ഞ ആഗസ്ത് 7ന് പാര്‍ലമെന്റില്‍ വെച്ച് നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബില്‍ 2023 പാസാക്കപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം ആഗസ്ത് 9ന് രാജ്യസഭയിലും ഈ ബില്‍ അംഗീകാരം നേടുകയും നിയമമായി മാറുകയും ചെയ്തു. ശാസ്ത്ര ഗവേഷണ മേഖലയില്‍ പുതിയ പലതരം ഭേദഗതികളും ഉള്‍പ്പെടുത്തിക്കൊണ്ട്, നിലവിലുള്ള ഉന്നതാധികാര സമിതിയെത്തന്നെ ഉടച്ചുവാര്‍ത്തുകൊണ്ട് തയ്യാറാക്കപ്പെട്ട ഈ നിയമം ഇരുസഭകളിലും വെച്ച് പാസാക്കിയെടുക്കാന്‍ ഏതാനും മിനുട്ടുകളുടെ ആവശ്യം മാത്രമേ വേണ്ടിവന്നുള്ളൂ. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നിര്‍ജ്ജീവമായ ഒരു ദശകത്തിലൂടെയാണ് നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത് - ഹിന്ദുദേശീയതയും ആധുനികശാസ്ത്രവും പരമ്പര തുടരുന്നു.

'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്' എന്നത് മോദി സര്‍ക്കാരിന്റെ വ്യവസായ വികസന നയത്തിന്റെ ആണിക്കല്ലാണ്. വ്യാവസായിക വളര്‍ച്ചയ്ക്ക് ലൈസന്‍സ് രാജോ, സര്‍ക്കാര്‍ ചുവപ്പുനാടകളോ തടസ്സമാകരുതെന്നാണ് മോദിയുടെ കാഴ്ചപ്പാട്. വളരെപ്പെട്ടെന്ന് കയ്യടി നേടാവുന്ന ഈ സമീപനത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ പക്ഷേ ഏതാനും വിരലിലെണ്ണാവുന്ന വന്‍കിട കോര്‍പ്പറേറ്റുകള്‍ മാത്രമാണെന്നും അതില്‍തന്നെയും മോദിയുടെയും സംഘപരിവാരത്തിന്റെയും സ്‌പോണ്‍സറായ ഗൗതം അദാനിയാണ് ഏറ്റവും വലിയ ഗുണഭോക്താവെന്നതും കഴിഞ്ഞ ഒരു ദശകക്കാലയളവിലെ അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്. രാജ്യത്തെ തുറമുഖങ്ങളും വിമാനത്താവളങ്ങളും, കല്‍ക്കരി ഖനികളും, സിമ വ്യവസായവും, നിര്‍മ്മാണ മേഖലയും എന്നുവേണ്ട സമസ്ത മേഖലകളിലും ഗൗതം അദാനിക്ക് കയ്യടക്കാന്‍ കഴിഞ്ഞത് മോദിയുടെ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്' പോളിസി മൂലമാണ്.

ഇതേ രീതിയില്‍ ശാസ്ത്രസാങ്കേതിക ഗവേഷണ മേഖലയിലും പുതിയ പരിഷ്‌കരണങ്ങള്‍ അവതരിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍. 'ഈസ് ഓഫ് ഡൂയിംഗ് റിസര്‍ച്ച്' എന്നാണ് പുതിയ പരിഷ്‌കരണങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഓമനപ്പേര്!

ഇക്കഴിഞ്ഞ ആഗസ്ത് 7ന് പാര്‍ലമെന്റില്‍ വെച്ച് നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബില്‍ 2023 പാസാക്കപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം ആഗസ്ത് 9ന് രാജ്യസഭയിലും ഈ ബില്‍ അംഗീകാരം നേടുകയും നിയമമായി മാറുകയും ചെയ്തു. ശാസ്ത്ര ഗവേഷണ മേഖലയില്‍ പുതിയ പലതരം ഭേദഗതികളും ഉള്‍പ്പെടുത്തിക്കൊണ്ട്, നിലവിലുള്ള ഉന്നതാധികാര സമിതിയെത്തന്നെ ഉടച്ചുവാര്‍ത്തുകൊണ്ട് തയ്യാറാക്കപ്പെട്ട ഈ നിയമം ഇരുസഭകളിലും വെച്ച് പാസാക്കിയെടുക്കാന്‍ ഏതാനും മിനുട്ടുകളുടെ ആവശ്യം മാത്രമേ വേണ്ടിവന്നുള്ളൂ. ഇത് ദിവസങ്ങളില്‍തന്നെ ഇരുസഭകളിലും, ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍, ഫാര്‍മസി ബില്‍, കോസ്റ്റല്‍ പ്രൊട്ടക്ഷന്‍ ബില്‍ തുടങ്ങി ആറിലധികം സുപ്രധാന ബില്ലുകളിന്മേല്‍ ചര്‍ച്ചകള്‍ നടക്കുകയും അവ പാസാക്കപ്പെടുകയും ചെയ്യേണ്ടതുണ്ടായിരുന്നു!! വളരെ സ്വാഭാവികമായിത്തന്നെ ശാസ്ത്ര ഗവേഷണ മേഖലകളുടെ ഭാവി നിര്‍ണ്ണയിക്കുന്ന 'ദ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബില്‍ 2023' വലിയ ചര്‍ച്ചകളോ ബഹളങ്ങളോ ഒന്നുംകൂടാതെ തന്നെ പാസാക്കപ്പെടുകയും ചെയ്തു.

മോദി സര്‍ക്കാര്‍ മിക്കവാറും എല്ലാ നിയമ നിര്‍മ്മാണങ്ങളിലും കാണിക്കുന്ന ധൃതി, ചര്‍ച്ച ചെയ്യാനുള്ള വിമുഖത, വിദഗ്ദ്ധ സമിതികള്‍ക്ക് റഫര്‍ ചെയ്യാനുള്ള വൈമനസ്യം എന്നിവ ഈ ബില്ലിന്റെ കാര്യത്തിലും സംഭവിക്കുകയുണ്ടായി. ബില്ലിലെ വ്യവസ്ഥകള്‍ സൂക്ഷ്മവിശകലനത്തിനായി ശാസ്ത്ര-സാങ്കേതിക വകുപ്പ്, വനം, പരിസ്ഥിതി എന്നിവയ്ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് വിടണമെന്ന ആവശ്യത്തെ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും തള്ളിക്കളയുകയായിരുന്നു.

ഇനി മോദി സര്‍ക്കാര്‍ പുതുതായി പാസാക്കിയ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ആക്ട് മുന്നോട്ടുവെക്കുന്ന സുപ്രധാന ഭേദഗതികള്‍ എന്താണെന്ന് പരിശോധിക്കാം.

നിലവില്‍ ശാസ്ത്ര ഗവേഷണങ്ങളെ നിയന്ത്രിക്കുകയും അവയ്ക്ക് സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുകയും ചെയ്യുന്നതിനായി 2008ല്‍ തയ്യാറാക്കപ്പെട്ട സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് ബോര്‍ഡ് (SERB) നെ ഇല്ലാതാക്കിക്കൊണ്ട് നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നൊരു അപെക്‌സ് സമിതിയെ സ്ഥാപിക്കുക എന്നതാണ് ഭേദഗതിയിലെ സുപ്രധാന ഐറ്റം. അമേരിക്കന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ മാതൃകയില്‍ തയ്യാറാക്കപ്പെട്ട ഈ ഉന്നതാധികാര സമിതിയില്‍ പ്രധാനമന്ത്രി എക്സ്-ഓഫീഷ്യോ പ്രസിഡന്റായും കേന്ദ്ര എസ് & ടി, വിദ്യാഭ്യാസ മന്ത്രിമാര്‍ എക്സ്-ഓഫീഷ്യോ വൈസ് പ്രസിഡന്റുമാരായും പ്രവര്‍ത്തിക്കും. അക്കാദമിക് മേഖലകളില്‍ നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളെ നേരിട്ട് നിയന്ത്രിക്കാന്‍ കഴിയുന്നതരത്തില്‍ വളരെ കേന്ദ്രീകൃതമായ ഒരു സംവിധാനമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിയമ ഭേദഗതിയിലെ രണ്ടാമത്തെ സുപ്രധാന ഐറ്റം എന്നത്, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട് ഫണ്ടിംഗ് സംബന്ധിച്ചുള്ളതാണ്. നിലവില്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗിന്റെ 80 ശതമാനത്തിന് മുകളിലും നല്‍കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നുമാണ്. 2008ലെ നിയമത്തിന് പകരമായി വന്ന NRF Act കോർപ്പറേറ്റുകള്‍, ജീവകാരുണ്യ സ്ഥാപനങ്ങള്‍, അന്താരാഷ്ട്ര ഫൗണ്ടേഷനുകള്‍ എന്നിവയെ ഗവേഷണ മേഖലയിലേക്ക് കടന്നുവരാന്‍ അനുവദിക്കുന്നു.

നിലവില്‍ പാസാക്കപ്പെട്ട നിയമമനുസരിച്ച് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സാമ്പത്തിക സഹായം 50,000 കോടി രൂപയാണെന്ന് നിജപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 36,000 കോടി രൂപയും സ്വകാര്യ മേഖലയില്‍ നിന്ന് കണ്ടെത്തേണ്ടവയാണെന്ന വ്യവസ്ഥ ചെയ്തിരിക്കുന്നതായി കാണാം. അതായത്, ഇനിയങ്ങോട്ട് ഗവേഷണ ഫണ്ടിംഗിന്റെ 72% സ്വകാര്യമേഖലയും 28% പൊതുഖജനാവും കൂടി നിര്‍വ്വഹിക്കുന്നതരത്തിലേക്ക് മാറുകയാണ്. ഈയൊരു ഫണ്ടിംഗ് ഘടന ഗവേഷണ പ്രവര്‍ത്തനങ്ങളെ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ നിയന്ത്രിക്കുന്നതിലേക്ക് കൊണ്ടുചെന്നെത്തിക്കും എന്നതില്‍ സംശയമൊന്നുമില്ല. അക്കാദമിക ഗവേഷണങ്ങളുടെ ആത്യന്തിക ഫലം എന്തായിരിക്കണം എന്ന് നിശ്ചയിക്കുന്നതില്‍ സ്വകാര്യ മൂലധനം കൂടുതലായി ഇടപെടാന്‍ തുടങ്ങും എന്ന് സാരം.

സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഈ രീതിയില്‍ വിപുലമാക്കപ്പെടുമ്പോള്‍ അത്തരം ഫണ്ടുകള്‍ സ്വീകരിക്കുന്നതിലെ മാനദണ്ഡങ്ങളെക്കുറിച്ചോ നിയന്ത്രണങ്ങളെക്കുറിച്ചോ യാതൊരു വ്യക്തതയും ആര്‍ക്കുമില്ല എന്നതാണ് പ്രധാനകാര്യം. വ്യക്തതയില്ലാത്ത ഫണ്ടിംഗ് പ്രക്രിയ അക്കാദമിക് സ്ഥാപനങ്ങളുടെയും ഗവേഷണ പ്രവര്‍ത്തനങ്ങളുടെയും അതോടൊപ്പം തന്നെ രാജ്യത്തിന്റെയും ദീര്‍ഘകാല താല്‍പ്പര്യങ്ങള്‍ക്ക് വിഘാതമാകും എന്നതില്‍ സന്ദേഹമൊന്നുമില്ല. പൊതുമേഖലാ അക്കാദമിക് സ്ഥാപനങ്ങളുടെ പശ്ചാത്തലസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്, ഗവേഷണ മേഖലയിലേക്ക് വര്‍ദ്ധിച്ചതോതില്‍ സ്വകാര്യനിക്ഷേപം കടന്നുവരുമ്പോള്‍ സ്വകാര്യ മൂലധനത്തിന് സഹായകമാകുന്നരീതിയില്‍ കൂടുതല്‍ കര്‍ക്കശമായ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും രൂപപ്പെടും എന്നതും സംശയരഹിതമായ കാര്യമാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നിര്‍ജ്ജീവമായ ഒരു ദശകത്തിലൂടെയാണ് നാം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. നാല്പതിനായിരത്തോളം വരുന്ന ഉന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേവലം ഒരു ശതമാനം മാത്രമാണ് സജീവമായ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ഇന്ത്യയിലെ നാല്പതോളം ശാസ്ത്ര സംഘടനകളുടെ സഖ്യമായ ആള്‍ ഇന്ത്യാ പീപ്പ്ള്‍സ് സയന്‍സ് നെറ്റ്‌വര്‍ക്ക് അഭിപ്രായപ്പെടുന്നുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ വിപുലമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് പകരം സ്വകാര്യ മേഖലയെ ഈ രംഗത്തേക്ക് ആനയിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ ശാസ്ത്ര ഗവേഷണ മേഖലയിലേക്ക് കണ്ണുംനട്ടിരിക്കുന്ന, ബില്‍ ഗേറ്റിന്റെ ഉടമസ്ഥതയിലുള്ള, ഗേറ്റ് ആന്റ് മെലിന്‍ഡ ഫൗണ്ടേഷന്‍ പോലുള്ള ചാരിറ്റി സ്ഥാപനങ്ങളുടെ ഇടപെടല്‍ പുതിയ നിയമനിര്‍മ്മാണത്തോടെ ശക്തമാകും എന്നത് പൊതുവിലുള്ള ആശങ്കയാണ്.

സാങ്കേതികവിദ്യയില്‍ ഇന്ത്യയില്‍ കൂടുതല്‍ സ്വാശ്രയത്വത്തിലേക്ക് നയിക്കാനും ആഗോളനേതൃത്തിലേക്ക് എത്തിപ്പെടാനും വേണ്ടി തയ്യാറാക്കപ്പെട്ടതെന്ന് അവകാശപ്പെടുന്ന പുതിയ നിയമം പക്ഷേ വിദേശ മൂലധനത്തിന് ഇന്ത്യന്‍ ഗവേഷണ മേഖലയെ നിയന്ത്രിക്കുന്നതിന് വഴിയൊരുക്കുക മാത്രമാണ് ചെയ്യുന്നത്. മറ്റെല്ലാ മേഖലയിലുമെന്നപോലെ ശാസ്ത്ര-സാങ്കേതിക മേഖലയിലെയും സര്‍ക്കാര്‍ ഉത്തരവാദിത്തം കയ്യൊഴിയുന്ന തീരുമാനം മാത്രമാണ് 'ഈസ് ഓഫ് ഡൂയിംഗ് റിസര്‍ച്ച്' എന്ന പേരില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്.

ഉപസംഹാരം

ആധുനിക ശാസ്ത്രം മുന്നോട്ടുവെക്കുന്ന സാര്‍വ്വദേശീയത, മതനിരപേക്ഷത, ചോദ്യങ്ങള്‍ ഉന്നയിക്കല്‍ എന്നീ അടിസ്ഥാന മൂല്യങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, അവയെ സങ്കുചിത ദേശീയതയിലും, വേദഗ്രന്ഥങ്ങളിലും തളച്ചിട്ടുകൊണ്ട്, കേവലം ഉത്പാദന വളര്‍ച്ചയ്ക്കുള്ള ഉപകരണമെന്ന രീതിയില്‍ ശാസ്ത്ര-സാങ്കേതിക വിദ്യകളെ മനസ്സിലാക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഹിന്ദുത്വദേശീയ ലക്ഷ്യമിട്ടിരിക്കുന്നത്. വിശ്വാസാധിഷ്ഠിത ശാസ്ത്രത്തെ പകരം വെക്കാനുള്ള ശ്രമത്തിന് ആധുനികതയുടെ മുന്നോട്ടുപോക്ക് തടസ്സമാകുമെന്ന ബോധ്യം ആധുനികശാസ്ത്രത്തെ കൂടുതലായി അപ്രോപ്രിയേറ്റ് ചെയ്യാനും വേദഗ്രന്ഥങ്ങളുടെ വെളിപാടുകള്‍ക്ക് ആധുനിക ശാസ്ത്രത്തിന്റെ പിന്തുണയുണ്ടെന്ന് ഉറപ്പിക്കാനുമാണ് ഹിന്ദുത്വയുടെ വക്താക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ കൂട്ടുപിടിച്ചുകൊണ്ട് താല്‍ക്കാലിക വിജയം ഉറപ്പുവരുത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. അതേസമയം രണ്ട് ഭിന്ന ധ്രുവങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ലോകവീക്ഷണത്തെ കൂടുതല്‍ കാലം ഒരേ കുറ്റിയില്‍ തളച്ചിടാന്‍ കഴിയില്ലെന്നത് അത്രതന്നെ യാഥാര്‍ത്ഥ്യമാണ്


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments