ഒരു ചിത്രത്തിൽ ഉറച്ച് പോയ മൗനം

''1983ലെ നെല്ലിയോ, 1984ലെ ദില്ലിയോ, 2002ലെ ഗുജറാത്തോ യുദ്ധത്തിന്റെ ഭാഗമായിരുന്നില്ല. അവിടെയൊക്കെ കൊല്ലപ്പെട്ടവരോ കൊന്നവരോ സൈനികർ ആയിരുന്നില്ല. അവയിൽ ഒരു രാജ്യവും ജയിച്ചതുമില്ല. ഒരു മഹാമാരിപോലെയാണ് അവ നിരപരാധികളും നിസ്സഹായരുമായ ജനതയുടെ മേൽ വന്നുപതിച്ചത്. പതിച്ചത് രോഗാണുക്കളായിരുന്നില്ല, മനുഷ്യരായിരുന്നു എന്ന വ്യത്യാസം''

സാധാരണമായ ഒരു ഈസ്റ്റർ ആയിരുന്നു ഇത്. ആഘോഷങ്ങളില്ലാത്ത തെരുവുകൾ. വിജനമായ ദേവാലയങ്ങൾ, ഏകാന്തമായ പീഠങ്ങളിൽനിന്ന് ശൂന്യമായ പ്രാർത്ഥനാലയങ്ങൾക്ക് കുർബാന നൽകുന്ന വൈദികർ.

ശാന്തവും ശൂന്യവുമായിരുന്നു ഈ ഈസ്റ്റർ എങ്കിൽ, ഭയാനകവും ശബ്ദായമാനവുമായിരുന്നു കഴിഞ്ഞ കൊല്ലത്തെ ഈസ്റ്റർ. കഴിഞ്ഞ ഈസ്റ്റർ ദിവസം നമ്മുടെ അയൽരാജ്യം ശ്രീലങ്കയിലെ മൂന്നു പള്ളികളിൽ കയറിച്ചെന്ന് ചില മനുഷ്യർ അവിടെ പ്രാർത്ഥിച്ചുകൊണ്ടിരുന്ന മുന്നൂറോളം മനുഷ്യരേയും ഒപ്പം തങ്ങളേയും ബോംബുകൾ പൊട്ടിച്ച് വധിച്ചു. ഈ പൊട്ടിത്തെറികളുടെ ശബ്ദം അമർന്നപ്പോൾ അവിടേയും ഒരു ശൂന്യതയും മൗനവും അവശേഷിച്ചു. എന്തിനായിരുന്നു അത് എന്ന ചോദ്യത്തെ മുക്കിക്കൊന്ന സാഗരസമാനമായ നിശബ്ദത.

2019-ഏപ്രിൽ-21 ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ദേവാലയത്തിലുണ്ടായ ബോംബ് ആക്രമണം.
2019-ഏപ്രിൽ-21 ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ദേവാലയത്തിലുണ്ടായ ബോംബ് ആക്രമണം.

April is the cruelest month എന്ന് കവി. എന്തുകൊണ്ട് കവിയുടെ ഈ വരികൾ എന്ന ചോദ്യം ആളുകൾ ഇപ്പോഴും ചർച്ച ചെയ്യുന്നു.

എന്തിന് യേശുവിനെ കുരിശിലേറ്റണം എന്ന ചോദ്യം അതിന് അനുമതി കൊടുത്ത നാടുവാഴിയുടെ മുമ്പിൽ ഒഴിയാതെ നിന്നു. നല്ലവനും നീതിമാനും ആർക്കുമൊരു ഉപദ്രവവും ചെയ്തിട്ടില്ലാത്തവനുമായ മനുഷ്യൻ, ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന് പറഞ്ഞ് അയാൾ അവസാനം പുരുഷാരം കാൺകെ കൈ കഴുകുകയും ചെയ്തു. അയാൾക്ക് ആ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. ഒരു പക്ഷെ ആ മൗനമായിരിക്കാം യേശുവിന്റെ കുരിശാരോഹണം, അവസാനത്തെ കണക്കിൽ, അവശേഷിപ്പിക്കുന്ന ഏറ്റവും വലിയ ചോദ്യം. ചരിത്രം അതിന്റെ വഴിയിൽ ഉയർത്തിക്കൊണ്ടിരുന്ന ചോദ്യങ്ങളുടെ വഴിയിൽ.

പ്രകൃതി കാട്ടിത്തന്ന വഴിയിലൂടെ വെറുതെ നടന്നുപോകാതെ ഇടംവലം നോക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും കാര്യങ്ങൾക്ക് പിന്നിലെ കാരണങ്ങൾ അന്വേഷിക്കുകയുമാണ് മനുഷ്യ ജീവിയുടെ സ്വഭാവം എന്നാണ് നാം മനസ്സിലാക്കിപ്പോരുന്നത്. ഉത്തരങ്ങൾ പലപ്പോഴും കിട്ടിയെന്ന് വരില്ല. പക്ഷെ ഉത്തരങ്ങൾ എവിടെയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുക. വിശേഷിച്ചും മനുഷ്യ ജീവികളുടെ കൃത്യങ്ങൾക്ക്. ചോദ്യങ്ങൾ ചോദിക്കുന്ന ജീവിയാണ് ഇത് എന്ന കാരണത്താൽ.

കുരിശാരോഹണത്തിന്റെ "cruel' ആയ മാസങ്ങളിൽ തന്നെ സമീപകാല ചരിത്രം മൗനത്തിന്റെ ഉത്തരങ്ങളാൽ അവശേഷിപ്പിച്ച ചില സംഭവങ്ങൾ:

ഒരു നൂറ്റാണ്ട് മുമ്പ് 1919 ഏപ്രിൽ 13ന് അമൃത് സറിലെ ജലിയാൻവാലെ ബാഗ് എന്ന മൈതാനത്തിൽ വൈശാഖി ആഘോഷിക്കുവാൻ കൂടിയ ഒരു ജനക്കൂട്ടത്തിനുനേരെ ബ്രിട്ടീഷ് പട്ടാളം വളഞ്ഞുനിന്ന് വെടിയുർത്തു. സ്ത്രീകളും കുട്ടികളുമടങ്ങിയ നാനൂറിലധികം മനുഷ്യർ കൊല്ലപ്പെട്ടു. എന്തിനായിരുന്നു ഈ കൂട്ടക്കൊല എന്ന ചോദ്യം പല വാതിലുകളിലും മുട്ടി മടങ്ങിപ്പോയി. ആരും ശിക്ഷിക്കപ്പെട്ടതുമില്ല.

ഇരുപതോളം വർഷങ്ങൾക്കുശേഷം, 1937 ഏപ്രിൽ 26ന് Guernica എന്ന സ്‌പെയിനിലെ ഒരു പട്ടണത്തിന്റെ ആകാശത്തിൽ പ്രത്യക്ഷപ്പെട്ട നാസി-ഫാസിസ്റ്റ് വിമാനങ്ങൾ ആയിരത്തോളം നഗരവാസികളെ കൊല്ലുകയും നഗരത്തെ തന്നെ തറനിരപ്പാക്കുകയും ചെയ്തു. കാർപെറ്റ് ബോംബിങ് എന്ന പദം പ്രയോഗത്തിൽ കൊണ്ടുവന്ന ഈ സംഭവം the image of innocent defenceless humanity victimisedഎന്ന് വിശേഷിപ്പിക്കപ്പെട്ടു. ഈ പട്ടണവും അവിടത്തെ നിവാസികളും ആരോട് എന്ത് അപരാധം ചെയ്തുവെന്ന് ആ കൃത്യം ചെയ്തവരാരും പറഞ്ഞതുമില്ല. ചിത്രകാരൻ പിക്കാസോവിന്റെ പതിനൊന്ന് അടി വീതിയും 25 അടി നീളവുമുള്ള നിറങ്ങളില്ലാത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ ആ മൗനം ഉറച്ചുപോയി.

1937 ഏപ്രിൽ 26ന് നാസി-ഫാസിസ്റ്റ് ആക്രമണത്തിനിരയായ ഗൂർണിക്ക പട്ടണം.
1937 ഏപ്രിൽ 26ന് നാസി-ഫാസിസ്റ്റ് ആക്രമണത്തിനിരയായ ഗൂർണിക്ക പട്ടണം.

മുപ്പത് കൊല്ലങ്ങൾ കൂടി പോകുക. 1968 മാർച്ച് 16ന് അമേരിക്കൻ ആർമിയുടെ ഒരു കമ്പനി മൈലായ് എന്ന വിയറ്റ്‌നാമിലെ ഒരു ഗ്രാമത്തെ വളയുകയും അവിടെ നിത്യകൃത്യങ്ങളിൽ ഇടപെട്ടിരുന്ന 500 ലേറെ ഗ്രാമീണരെ കൂട്ടിനിർത്തി വെടിവവെച്ചുകൊല്ലുകയും ചെയ്തു.

ഈ പട്ടണവും അവിടത്തെ നിവാസികളും ആരോട് എന്ത് അപരാധം ചെയ്തുവെന്ന് ആ കൃത്യം ചെയ്തവരാരും പറഞ്ഞതുമില്ല. ചിത്രകാരൻ പിക്കാസോവിന്റെ പതിനൊന്ന് അടി വീതിയും 25 അടി നീളവുമുള്ള നിറങ്ങളില്ലാത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ ആ മൗനം ഉറച്ചുപോയി.

അവരിൽ ആരെങ്കിലും എന്തെങ്കിലും അപരാധം ചെയ്തതായി ആക്രമണം നടത്തിയവരിൽ ഒരാളും പറഞ്ഞതായി രേഖപ്പെടുത്തിയിട്ടില്ല. ഒരു ഓഫീസർക്ക് മൂന്നുമാസം വീട്ടുതടങ്കലിൽ പാർക്കേണ്ടിവന്നതൊഴിച്ചാൽ ആരും ശിക്ഷിക്കപ്പെട്ടതുമില്ല.

ഹോളോകോസ്റ്റും ഹിരോഷിമയും യുദ്ധത്തിന്റെ വാചാടോപത്തിൽ മുങ്ങിയും പൊങ്ങിയും വീണ്ടും മുങ്ങിയും കിടക്കുന്നു. പക്ഷെ 1983ലെ നെല്ലിയോ, 1984ലെ ദില്ലിയോ, 2002ലെ ഗുജറാത്തോ യുദ്ധത്തിന്റെ ഭാഗമായിരുന്നില്ല. അവിടെയൊക്കെ കൊല്ലപ്പെട്ടവരോ കൊന്നവരോ സൈനികർ ആയിരുന്നില്ല. അവയിൽ ഒരു രാജ്യവും ജയിച്ചതുമില്ല. ഒരു മഹാമാരിപോലെയാണ് അവ നിരപരാധികളും നിസ്സഹായരുമായ ജനതയുടെ മേൽ വന്നുപതിച്ചത്. പതിച്ചത് രോഗാണുക്കളായിരുന്നില്ല, മനുഷ്യരായിരുന്നു എന്ന വ്യത്യാസം. ഹോമോ സാപിയൻസ്.

2008 നവംബറിൽ ഒരു ദിവസം ബോംബെ വിക്ടോറിയ ടെർമിനസ് സ്‌റ്റേഷനിലെ വിശാലമായ വെയ്റ്റിങ് ഹാളിൽ എവിടേയ്ക്ക് ഒക്കെയോ പോകുവാനായി വണ്ടികൾ കാത്ത് നിലത്ത് വിരികൾ വിരിച്ച് കുത്തിയിരിക്കുകയായിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ പുരുഷാരത്തിന് ചുറ്റും എവിടെ നിന്നോ വന്ന അപരിചിതരായ രണ്ട് മനുഷ്യർ നിലയുറപ്പിച്ച് തുരുതുരെ വെടിയുതിർത്തു. നേരെ മുമ്പിൽ നോക്കി ഉന്നംവെച്ചു. ജലിയാൻവാലെ ബാഗിലെയോ മൈലായിയിലേയോ തോക്കുധാരികളെപോലെ.

പ്രകൃതിയിൽ ലക്ഷ്യങ്ങളില്ല, മാർഗ്ഗങ്ങളേയുള്ളൂ. അവ എങ്ങനെ ഉണ്ടായി എന്ന് മാത്രം പറയാം. ഇവിടെ എത്തി എന്നും. അത്രമാത്രം. പിന്നെ അവയെ മനുഷ്യനുമായി ബന്ധിച്ചുകാണുവാൻ ശ്രമിക്കുന്നത് നമ്മുടെ സങ്കുചിത മനസ്ഥിതിയാണ്.

ഗൂർണിക പോലെ നേരിൽ കാണാത്ത ഇരകളുടെ നേരെയുള്ള ബോംബിങ്ങുകൾ വേറെ. തീവണ്ടികളിൽ യാത്ര ചെയ്യുന്നവർ, വഴിയിൽ നടക്കുന്നവർ, പള്ളിയിൽ പ്രാർത്ഥിക്കുന്നവർ, റസ്‌റ്റോറന്റുകളിൽ വിവാഹാഘോഷങ്ങളിൽ... മഴപോലെ അതൊക്കെ പെയ്തു പോകുമ്പോൾ, മരിച്ചവർ കൂടാതെ പരിക്ക് പറ്റിയവരും ശേഷിയില്ലാതായവരും ബോധമില്ലാതായവരും വർഷങ്ങളോളം കിടക്കുന്നു... അവശേഷിക്കുന്ന ചോദ്യം, എന്തിന്, എന്ത് ആവശ്യത്തിന്, എന്ത് നേടുവാൻ...

മാനുഷികമായ കൃത്യങ്ങളെപ്പറ്റി നാം ഇത്രയൊക്കെ പറയുവാൻ കാരണം അവയ്‌ക്കൊക്കെ പിന്നിൽ കാരണങ്ങൾ ഉണ്ടാകുമെന്ന വിശ്വാസമാണ്. ഒരു വെറും കുറ്റകൃത്യം നടന്നാലും നാമുണ്ടാക്കുന്ന അന്വേഷണ ഏജൻസി ശ്രമിക്കുക അതിനു പിന്നിലെ motive അന്വേഷിക്കുകയാണ്. നമ്മുടെ ചിന്താരീതി മനുഷ്യ കേന്ദ്രിതമാണ്. നമ്മുടെ ഭാവനയിലെ മനുഷ്യർ പോലെ വഴിയിലെ മനുഷ്യർ പെരുമാറിയില്ലെങ്കിലും പ്രകൃതിയിലെ ദുരന്തങ്ങൾ, ഭൂമികുലുക്കമായാലും അണുബാധയായാലും ആ വിധമല്ല. എന്തുകൊണ്ട് ഉണ്ടായി എന്നു സാങ്കേതികമായി വിവരിക്കുന്നതിൽ വിജയിച്ചാലും, എന്തിനുണ്ടായി എന്ന് കണ്ടെത്തുവാൻ കഴിയില്ല- motive. പ്രകൃതിയിൽ ലക്ഷ്യങ്ങളില്ല, മാർഗ്ഗങ്ങളേയുള്ളൂ. അവ എങ്ങനെ ഉണ്ടായി എന്ന് മാത്രം പറയാം. ഇവിടെ എത്തി എന്നും. അത്രമാത്രം. പിന്നെ അവയെ മനുഷ്യനുമായി ബന്ധിച്ചുകാണുവാൻ ശ്രമിക്കുന്നത് നമ്മുടെ സങ്കുചിത മനസ്ഥിതിയാണ്. പക്ഷെ മനുഷ്യന്റെ കൃത്യങ്ങളെ ആ സങ്കുചിത പരിവേഷത്തിൽ തന്നെ നാം കാണുന്നത് സങ്കുചിത മനസ്ഥിതി ആകുന്നില്ല. നാം പ്രകൃതിയുടെ സന്തതികളാണ്. അതുകൊണ്ട് അതിനെ നാം ചിലപ്പോഴൊക്കെ അനുകരിക്കുന്നുവെന്ന് മാത്രം പറയാം.


Summary: ''1983ലെ നെല്ലിയോ, 1984ലെ ദില്ലിയോ, 2002ലെ ഗുജറാത്തോ യുദ്ധത്തിന്റെ ഭാഗമായിരുന്നില്ല. അവിടെയൊക്കെ കൊല്ലപ്പെട്ടവരോ കൊന്നവരോ സൈനികർ ആയിരുന്നില്ല. അവയിൽ ഒരു രാജ്യവും ജയിച്ചതുമില്ല. ഒരു മഹാമാരിപോലെയാണ് അവ നിരപരാധികളും നിസ്സഹായരുമായ ജനതയുടെ മേൽ വന്നുപതിച്ചത്. പതിച്ചത് രോഗാണുക്കളായിരുന്നില്ല, മനുഷ്യരായിരുന്നു എന്ന വ്യത്യാസം''


Comments