കിഴക്കമ്പലത്തെ പ്രധാന ശുദ്ധജലസ്രോതസ്സായ കടമ്പ്രയാറിലേക്ക്​ മാലിന്യം ഒഴുക്കിവിടുന്നതുമൂലം മലീനികരണം രൂക്ഷമാണെന്ന്​ സംസ്​ഥാന മലിനീകരണ നിയന്ത്രണബോർഡ്​ കണ്ടെത്തിയിരുന്നു / Photo: Wikimedia Commons

ട്വൻറി ട്വൻറി നേടിയ പതിനായിരങ്ങൾ
ഒരു അപകട സൂചനയാണ്

ട്വൻറി ട്വൻറി ഒരു കോർപറേറ്റ് സംവിധാനത്തിനുകീഴിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ ഇല്ലാത്ത സംഘടനയാണെങ്കിലും അവർ അധികാരത്തിൽ വരട്ടേയെന്ന് ചിന്തിക്കുന്ന ഒരു അരാഷ്ട്രീയ മധ്യവർഗം ഇവിടെയുണ്ട് എന്ന് ഇരുമുന്നണികളും തിരിച്ചറിയേണ്ടതാണ്​

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടായി. മറുവശത്ത്, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 47 സീറ്റ് 41 ആയി കുറഞ്ഞതിന്റെ കാരണം തേടുകയാണ് യു.ഡി.എഫ്. അതേസമയം ആകെയുണ്ടായിരുന്ന ഒരു സീറ്റ്​ നഷ്ടപ്പെട്ട ഞെട്ടലിലും വിജയം പ്രതീക്ഷിച്ച പലയിടങ്ങളിലും മൂന്നാം സ്ഥാനത്തായതിന്റെ അന്ധാളിപ്പിലുമാണ്​ എൻ.ഡി.എ. കോൺഗ്രസ് മുന്നോട്ടുവച്ച ശബരിമല ഉൾപ്പെടെയുള്ള സർക്കാർ വിരുദ്ധ വിഷയങ്ങളും ബി.ജെ.പി കാലാകാലങ്ങളായി മുന്നോട്ട് വയ്ക്കുന്ന വർഗീയ രാഷ്ട്രീയവും ഒന്നും ഇത്തവണ വിലപ്പോയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം ​പ്രാഥമികമായി വിലയിരുത്താം. എന്നാൽ, ട്വൻറി ട്വൻറി എന്ന അരാഷ്ട്രീയ സംഘടനയുടെ സാന്നിധ്യത്തെ പ്രത്യേകമായി വിലയിരുത്തേണ്ടതുണ്ട്.

എറണാകുളം ജില്ലയിലെ എട്ട് മണ്ഡലങ്ങളിൽ മത്സരിച്ച ട്വൻറി ട്വൻറി പ്രധാന മുന്നണികൾക്കെല്ലാം ഏതുവിധത്തിലാണ് വെല്ലുവിളിയുയർത്തുക എന്നതായിരുന്നു തുടക്കത്തിലെ ചോദ്യം. 2015ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്​ രൂപം കൊണ്ട ഒരു സംഘടന രാഷ്ട്രീയ പാർട്ടികളെയെല്ലാം വെല്ലുവിളിച്ച്, വികസനം എന്ന മുഖംമൂടി ധരിച്ച്​ ആറുവർഷം കൊണ്ട് എന്തുസ്വാധീനമാണുണ്ടാക്കുക എന്ന് തിരിച്ചറിയാനുള്ള അവസരമായിരുന്നു ഈ തെരഞ്ഞെടുപ്പ്.

കിറ്റക്​സ്​ ചെയർമാൻ സാബു എം. ജേക്കബ്ബിന്റെ നിയന്ത്രണത്തിൽ ചാരിറ്റബിൾ സൊസൈറ്റിയായിട്ടായിരുന്നു അന്ന് പ്രവർത്തനം. അക്കാലത്ത് പഞ്ചായത്തിലെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷവും ബി.ജെ.പിയും ട്വൻറി ട്വൻറിക്ക് പിന്തുണ നൽകിയിരുന്നു.

കിഴക്കമ്പലത്തിന്റെ വികസനം എന്ന ലക്ഷ്യം പ്രഖ്യാപിച്ചാണ് അവർ 2015 മുതൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. അതിന് രണ്ടുവർഷം മുമ്പ് 2013ൽ കിറ്റക്​സ്​ കമ്പനി തങ്ങളുടെ കോർപറേറ്റ് സോഷ്യൽ റെസ്​പോൺസിബിലിറ്റി (സി.എസ്.ആർ) പദ്ധതി പ്രകാരമാണ് സംഘടന രൂപീകരിച്ചത്. കിറ്റക്​സ്​ ചെയർമാൻ സാബു എം. ജേക്കബ്ബിന്റെ നിയന്ത്രണത്തിൽ ചാരിറ്റബിൾ സൊസൈറ്റിയായിട്ടായിരുന്നു അന്ന് പ്രവർത്തനം. അക്കാലത്ത് പഞ്ചായത്തിലെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷവും ബി.ജെ.പിയും ട്വൻറി ട്വൻറിക്ക് പിന്തുണ നൽകിയിരുന്നു. എന്നാൽ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അവർ മത്സരത്തിനിറങ്ങുകയും മൂന്ന് മുന്നണികളെയും പരാജയപ്പെടുത്തി 19ൽ 17 വാർഡുകളിലും വിജയിക്കുകയും ചെയ്തു.

കോർപറേറ്റ് നിയമം അനുസരിച്ച് എല്ലാ കമ്പനികളും വിറ്റുവരവിന്റെ രണ്ട് ശതമാനം സി.എസ്.ആർ ഫണ്ട് ആയി വിലയിരുത്തി പ്രദേശത്തെ ജനങ്ങൾക്ക് ഉപകാരപ്രദമായ വിധത്തിൽ ഉപയോഗിക്കേണ്ടതുണ്ട്. സി.എസ്.ആർ ഫണ്ടിന്റെ മറവിലാണ് ട്വൻറി ട്വൻറി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. കമ്പനി നിയമിച്ച സോഷ്യൽ വർക്കർമാർ വീടുകളിൽ കയറിയിറങ്ങി അവരുടെ ജീവിതനിലവാരവും ആവശ്യങ്ങളും രേഖപ്പെടുത്തുകയാണ് സംഘടന ആദ്യം ചെയ്തത്. ജനങ്ങളെ താഴേത്തട്ടിലുള്ളവർ, മധ്യവർഗക്കാർ, അതിനും മുകളിൽ നിൽക്കുന്നവർ എന്നിങ്ങനെ മൂന്നായി തരംതിരിച്ചു. ഇവർക്കെല്ലാം മൂന്നുതരം ഭക്ഷ്യസുരക്ഷാ കാർഡുകൾ നൽകി. ഈ കാർഡുള്ളവർക്ക് പച്ചക്കറി- പലചരക്ക് സാധനങ്ങൾ മുതൽ ഗൃഹോപകരണങ്ങൾ വരെ പകുതി വിലയ്ക്കു ലഭ്യമാക്കി. പാടങ്ങൾ സൗജന്യമായി ഉഴുതുകൊടുക്കുകയും വീടുകൾ പുനർനിർമിക്കാൻ സഹായിക്കുകയും ചെയ്തു. റോഡുകൾ സഞ്ചാരയോഗ്യമാക്കി.

ഏതൊരു വസ്ത്ര നിർമാണ യൂണിറ്റും പ്രദേശത്ത് സൃഷ്ടിക്കാനിടയുള്ള ജല മലിനീകരണം കിറ്റക്​സും നടത്തുന്നുണ്ടെന്നും ഇതിനെതിരെ പഞ്ചായത്ത് അധികൃതരുടെ ശബ്ദം ഉയരാതിരിക്കാനും നടപടി ഉണ്ടാകാതിരിക്കാനുമാണ് പഞ്ചായത്ത് സമിതിയെ തന്നെ കമ്പനി വിലയ്ക്കെടുക്കുന്നത്​ എന്നും അന്നേ ആരോപണം ഉയർന്നിരുന്നു.

നിലവിലെ രാഷ്ട്രീയ സംവിധാനങ്ങളെക്കുറിച്ച് ജനങ്ങളിൽ അവിശ്വാസം പരത്തുകയും തങ്ങൾ പഞ്ചായത്തിൽ അധികാരത്തിലെത്തിയാലേ വികസനമുണ്ടാകൂ എന്ന് ജനങ്ങൾക്കിടയിൽ കാമ്പയിൻ നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായിരുന്നു 2015ലെ തെരഞ്ഞെടുപ്പുജയം. മുമ്പത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ 15 സീറ്റ് നേടി പഞ്ചായത്ത് ഭരിച്ച കോൺഗ്രസിന് ഇക്കുറി ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. മറ്റൊരു സീറ്റ് എസ്.ഡി.പി.ഐയ്ക്കും. ട്വൻറി ട്വൻറി ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ച് രണ്ട് വർഷത്തിനുള്ളിലാണ് ഇവർ കിഴക്കമ്പലം പഞ്ചായത്തിന്റെ അധികാരം പിടിച്ചത്.

കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്

ഏതൊരു വസ്ത്ര നിർമാണ യൂണിറ്റും പ്രദേശത്ത് സൃഷ്ടിക്കാനിടയുള്ള ജല മലിനീകരണം കിറ്റക്​സും നടത്തുന്നുണ്ടെന്നും ഇതിനെതിരെ പഞ്ചായത്ത് അധികൃതരുടെ ശബ്ദം ഉയരാതിരിക്കാനും നടപടി ഉണ്ടാകാതിരിക്കാനുമാണ് പഞ്ചായത്ത് സമിതിയെ തന്നെ കമ്പനി വിലയ്ക്കെടുക്കുന്നത്​ എന്നും അന്നേ ആരോപണം ഉയർന്നിരുന്നു. കമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു പഞ്ചായത്ത് സമിതി പ്രവർത്തനം. പഞ്ചായത്ത് ഫണ്ട് കൂടാതെ കമ്പനിയുടെ സി.എസ്.ആർ ഫണ്ടും പഞ്ചായത്തിലുടനീളം വിനിയോഗിക്കപ്പെട്ടു.

സി.എസ്.ആർ ഫണ്ട് വിനിയോഗത്തിന് മാനദണ്ഡങ്ങളില്ലാത്തതിനാൽ ഇത് നിയമവിരുദ്ധമായി കണക്കാക്കാനാകില്ല. അതോടൊപ്പം പഞ്ചായത്ത് അംഗങ്ങൾക്ക് പഞ്ചായത്ത് നൽകുന്ന ഓണറേറിയത്തിന് പുറമേ 15,000 രൂപ ശമ്പളവും ട്വൻറി ട്വൻറിയുടെ അക്കൗണ്ടിൽ നിന്ന് നൽകി. പ്രസിഡൻറിന് 25,000 രൂപയും വൈസ് പ്രസിഡൻറിന് 20,000 രൂപയുമായിരുന്നു ശമ്പളം. വാർഡ് മെമ്പർമാരെ സഹായിക്കാൻ ഓരോ വാർഡുകളിലും ഓരോ സോഷ്യൽ വർക്കർമാരെയും നിയമിച്ചു. ഇന്നും പഞ്ചായത്ത് പ്രസിഡന്റ്​ ഉപയോഗിക്കുന്ന വാഹനം കിറ്റക്​സ്​ കമ്പനി മാനേജിംഗ് ഡയറക്ടറുടെ പേരിലുള്ളതാണ്.

കോൺഗ്രസുകാരനായ താൻ ഒരു പാർട്ടി പരിപാടിയിൽ പങ്കെടുത്തശേഷം ആരും കടയിലേക്ക് വരാതായെന്ന് ഗൃഹനാഥൻ പറയുന്നു. കമ്പനി ഉടമ സാബുവിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇതെന്ന് അറിയാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. പിന്നീട് നാട്ടുകാരും കടയിലേക്ക് വരാതായതോടെ കടപൂട്ടി.

ഇതെല്ലാം യഥാർഥത്തിൽ അഴിമതിയുടെയും കൈക്കൂലിയുടെയും സത്യപ്രതിജ്ഞാ ലംഘനത്തിന്റെയും പരിധിയിൽ വരുന്ന നടപടികളായിരുന്നു. ജനപ്രതിനിധികൾ മറ്റെവിടെ നിന്നെങ്കിലും പാരിതോഷികം സ്വീകരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. മെമ്പർമാർക്കുമുകളിൽ കമ്പനിയുടെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്നതും ജനാധിപത്യവിരുദ്ധമാണ്.

ഇതിനെല്ലാമുപരി തങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ഭക്ഷ്യസുരക്ഷാ കാർഡിൽ നിന്ന് ഒഴിവാക്കുകയും സാമൂഹിക ബഹിഷ്‌കരണത്തിന് വിധേയരാക്കുകയും ചെയ്യുന്നതും കമ്പനിയുടെ പതിവാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ സർക്കാർ ആനുകൂല്യങ്ങൾ സ്വീകരിക്കുകയോ ചെയ്യുന്നവരും ഇത്തരത്തിൽ സാമൂഹിക ബഹിഷ്‌കരണത്തിന് വിധേയരാകുമെന്ന് നാട്ടുകാർ പറയുന്നു. ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടാനാകുന്നത് കിഴക്കമ്പലത്തെ കിറ്റക്​സ്​ കമ്പനിക്ക് മുന്നിലുള്ള പലചരക്കു കടയാണ്. വീടിനോടുചേർന്ന ഈ കട നടത്തിയാണ് ആ കുടുംബം ജീവിച്ചിരുന്നത്. ആദ്യകാലത്ത് കമ്പനി ജീവനക്കാർ ഇവിടെ നിന്നാണ് പതിവായി സാധനങ്ങൾ വാങ്ങിയിരുന്നത്. എന്നാൽ കോൺഗ്രസുകാരനായ താൻ ഒരു പാർട്ടി പരിപാടിയിൽ പങ്കെടുത്തശേഷം ആരും കടയിലേക്ക് വരാതായെന്ന് ഗൃഹനാഥൻ പറയുന്നു. കമ്പനി ഉടമ സാബുവിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇതെന്ന് അറിയാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. പിന്നീട് നാട്ടുകാരും കടയിലേക്ക് വരാതായതോടെ കടപൂട്ടി.

കെ. വി. ജേക്കബ്ബ്

മുൻ പഞ്ചായത്ത് പ്രസിഡൻറ്​ കെ. വി. ജേക്കബ്ബിന് പറയാനുള്ളതും സമാന അനുഭവമാണ്. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് എതിർ പാർട്ടിയിലുള്ളവരെയും ക്ഷണിച്ചിരുന്നു. എന്നാൽ ഇതിനെതിരെ മറ്റ് പഞ്ചായത്ത് അംഗങ്ങളെയും കൂട്ടി സാബു എം. ജേക്കബ്ബ് ചടങ്ങ് ബഹിഷ്‌കരിച്ചു. ഇതിനെത്തുടർന്നാണ് കെ. വി. ജേക്കബ്ബ് പഞ്ചായത്ത് പ്രസിഡന്റ്​ സ്ഥാനവും പാർട്ടി അംഗത്വവും രാജിവച്ചത്. അദ്ദേഹമാണ് പഞ്ചായത്ത് അംഗങ്ങൾക്ക് പാർട്ടി അനധികൃതമായി ശമ്പളം നൽകുന്നതിന്റെ തെളിവുകൾ പുറത്തുവിട്ടത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിക്കുമേൽ കമ്പനി ഭരണമാണ് നടക്കുന്നതെന്നും 2020ൽ ട്വൻറി ട്വൻറി എന്ന പാർട്ടി തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം തന്റെ രാജിപ്രഖ്യാപനത്തെ തുടർന്ന് പറഞ്ഞു. സി.എസ്.ആർ നടപ്പിലാക്കാൻ രൂപീകരിച്ച സംഘടനയെ രാഷ്ട്രീയ പാർട്ടിയാക്കി ജനാധിപത്യഭരണ സംവിധാനങ്ങളെ മുഴുവൻ അട്ടിമറിക്കാനും അരാഷ്ട്രീയവൽക്കരിക്കാനുമാണ് സംഘടന ശ്രമിക്കുന്നതെന്ന ആരോപണവും അതോടെ ശക്തമായി.

ഇതിനുപുറമെയാണ് പ്രദേശത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങൾ ചർച്ചയായത്. കിഴക്കമ്പലത്തെ പ്രധാന ജലസ്രോതസ്സായ കടമ്പ്രയാറിലെ ജലം മുഴുവൻ മലിനീകരിക്കപ്പെട്ടതായി വിലയിരുത്തപ്പെട്ടു. എൻഡോസൾഫാനേക്കാൾ ഗുരുതര വിഷമാണ് കടമ്പ്രയാറിൽ കലർന്നിരിക്കുന്നതെന്നായിരുന്നു വിലയിരുത്തൽ. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ഈ ആറ് മലിനമായതിലൂടെ എറണാകുളം ജില്ലയാകെ വരും വർഷങ്ങളിൽ രൂക്ഷമായ ജലക്ഷാമം അനുഭവിക്കുമെന്നും വിലയിരുത്തപ്പെട്ടു. മാലിന്യപ്രശ്നത്തിന്റെ പേരിൽ തമിഴ്നാട്ടിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട കമ്പനിയാണ് കിഴക്കമ്പലത്ത് ചുവടുറപ്പിച്ച് ജനങ്ങൾക്ക് ഗുരുതരമായ വിഷം വിതറി അൽപ്പം മധുരം വിളമ്പുന്നതെന്നായിരുന്നു പ്രധാന വിമർശനം. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വൻറി ട്വൻറി പരാജയപ്പെട്ട രണ്ട് സീറ്റുകളും കമ്പനിയുടെ മലിനീകരണം നടക്കുന്നുവെന്ന ആരോപണമുള്ള സ്ഥലങ്ങളാണെന്നത് ഈ ആരോപണത്തിന് ശക്തി പകരുന്നു.

2015ലെ തെരഞ്ഞെടുപ്പിന്റെ തുടർച്ചയായി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ട്വൻറി ട്വൻറി മത്സരിക്കുകയും നാല് പഞ്ചായത്തുകളിൽ ഭരണം പിടിക്കുകയും ചെയ്തു. കിഴക്കമ്പലം കൂടാതെ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിലാണ് അധികാരം പിടിച്ചത്. ഐക്കരനാട് പഞ്ചായത്ത് തൂത്തുവാരുകയും എറണാകുളം ജില്ലാ പഞ്ചായത്തിലേക്ക് കോലഞ്ചേരി ഡിവിഷനിൽ നിന്ന് ഒരു പ്രതിനിധിയെ അയയ്ക്കാൻ സാധിക്കുകയും ചെയ്തു. അതോടെയാണ് ഇവർ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാൻ തീരുമാനിച്ചത്.

അവരെ സംബന്ധിച്ച് ഇതൊരു പരീക്ഷണമായിരുന്നു. തങ്ങൾ മുന്നോട്ടുവയ്ക്കുന്ന അരാഷ്ട്രീയവാദത്തിന് കേരളത്തിൽ എത്ര സ്വീകാര്യതയുണ്ടെന്ന് തെളിയിക്കാനുള്ള അവസരം. എറണാകുളം ജില്ലയിലെ എട്ട് മണ്ഡലങ്ങളിലാണ് അവർ പൈനാപ്പിൾ ചിഹ്നത്തിൽ മത്സരിച്ചത്. പ്രസ്ഥാനം രൂപീകരിക്കപ്പെട്ട കുന്നത്തുനാടിനെ കൂടാതെ പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിലായിരുന്നു മത്സരം.

കമ്പനിയിലേക്കുള്ള റോഡുകളാണ് നിലവാരമുള്ളവയാക്കിയതെന്നും തൊഴിലാളികൾ ഇപ്പോഴും താമസിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ തൊഴിലാളി ക്യാമ്പുകൾക്കും മൂന്നാറിലും മറ്റുമുള്ള ലയങ്ങൾക്കും തുല്യമായ വീടുകളിലാണെന്നും അവർ പറഞ്ഞു.

കോതമംഗലം, മൂവാറ്റുപുഴ, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങൾ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റും മറ്റുള്ള നാല് മണ്ഡലങ്ങൾ യു.ഡി.എഫ്​ സീറ്റുകളുമായിരുന്നു. പൈനാപ്പിളിന് അധികം ആയുസ്സില്ലെന്നും അത് രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ ചീഞ്ഞുപോകുമെന്നും സി.പി.എം മുൻ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കൽ ഉൾപ്പെടെയുള്ളവർ പരിഹസിച്ചെങ്കിലും ട്വൻറി ട്വൻറിയുടെ സാന്നിധ്യം ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന ആശങ്ക മൂന്ന് മുന്നണികൾക്കും ഉണ്ടായിരുന്നു. രാഷ്ട്രീയാടിസ്ഥാനത്തിലുള്ള അധികാര സംവിധാനത്തിൽ താൽപര്യമില്ലാത്തവരെ അരാഷ്ട്രീയമായി ഒന്നിപ്പിക്കാം എന്ന ധാരണയിലായിരുന്നു സംഘടനയുടെ മത്സരം. ദീർഘകാലം വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ വന്ന് താമസിക്കുന്നവരെയും റിട്ടയർമെന്റ് ജീവിതം നയിക്കുന്നവരെയും കാമ്പസ് രാഷ്ട്രീയത്തിൽ ഇടപെടാതെ പഠനശേഷം ജോലി ലഭിച്ച രാഷ്ട്രീയ ജീവികളല്ലാത്ത യുവാക്കളെയും തങ്ങളുടെ അരാഷ്ട്രീയവാദത്തിലേക്ക് ആകർഷിക്കാമെന്ന് അവർ കണക്കുകൂട്ടി.

പുഴവെള്ളത്തിൽ അനുവദനീയമായതിന്റെ 200 ഇരട്ടിയിലേറെയാണ് കടമ്പ്രയാറ്റിലെ കോളിഫോം ബാക്ടീരിയയുടെ അളവ്. ജലഗുണനിലവാരം സംബന്ധിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് 2019ൽ പ്രസീദ്ധീകരിച്ച റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു/ Photo: Deshabhimani

കിഴക്കമ്പലത്തെ മാലിന്യ പ്രശ്നങ്ങളും കൂലിക്കെടുത്ത അണികളെ ഉപയോഗിച്ചുള്ള പ്രചാരണവുമാണ് പ്രധാനമായും എതിരാളികൾ ചൂണ്ടിക്കാട്ടിയത്. അതോടൊപ്പം കിഴക്കമ്പലം പഞ്ചായത്തിൽ ആറ് വർഷത്തിനിടെ കൃഷി ഭൂമി നാനൂറ് ഹെക്ടറിൽ നിന്ന് തൊണ്ണൂറ് ഹെക്ടറായി ചുരുങ്ങിയതും ട്വൻറി ട്വൻറിക്കെതിരായ ആയുധമായി. പഞ്ചായത്തിലെ റോഡ് വികസനവും തൊഴിലാളികൾക്ക് നൽകുന്ന
‘അന്താരാഷ്ട്ര നിലവാര'മുള്ള ജീവിത സൗകര്യങ്ങളും സംഘടന ചൂണ്ടിക്കാട്ടിയപ്പോൾ അതിലെ പൊള്ളത്തരങ്ങളും എതിരാളികൾ- മുഖ്യമായും ഇടതുപക്ഷം- ചൂണ്ടിക്കാട്ടി. കമ്പനിയിലേക്കുള്ള റോഡുകളാണ് നിലവാരമുള്ളവയാക്കിയതെന്നും തൊഴിലാളികൾ ഇപ്പോഴും താമസിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ തൊഴിലാളി ക്യാമ്പുകൾക്കും മൂന്നാറിലും മറ്റുമുള്ള ലയങ്ങൾക്കും തുല്യമായ വീടുകളിലാണെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുമ്പോഴുണ്ടായ മഴയിലും കാറ്റിലും തൊഴിലാളികൾ താമസിക്കുന്ന ചില കെട്ടിടങ്ങളുടെ മേൽക്കൂര തകർന്ന വാർത്ത പുറത്തുവന്നതും അവർക്ക് തിരിച്ചടിയാകുമെന്നാണ് പ്രതീക്ഷിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് അപ്പുറം ട്വൻറി ട്വൻറിക്ക് സാധ്യതകളില്ലെന്നും വിലയിരുത്തപ്പെട്ടു.

മത്സരിച്ച എട്ട് മണ്ഡലങ്ങളിൽ ഏഴിടത്ത് ട്വൻറി ട്വൻറിയുടെ വോട്ടുവിഹിതം അഞ്ചക്കമായിരുന്നു. അതായത് പതിനായിരത്തിലേറെ. രണ്ടിടത്ത് ഇരുപതിനായിരത്തിലേറെയും.

ഫലം വന്നപ്പോൾ ട്വൻറി ട്വൻറി ഒരിടത്തും ജയിച്ചില്ല. അരാഷ്ട്രീയവാദത്തിന് പ്രതീക്ഷിച്ചതിനപ്പുറം ഒന്നും ലഭിച്ചില്ലെന്നാണ് ഇപ്പോൾ വിലയിരുത്തൽ. എന്നാൽ യഥാർത്ഥത്തിൽ ഈ പാർട്ടിയുടേത് ഒരു പരാജയമാണോ? അവരെ അവഗണിക്കുന്നത് ഇവിടുത്തെ രാഷ്ട്രീയ ജീവികളുടെ ഏറ്റവും വലിയ അബദ്ധമായി മാറില്ലേ? അതല്ലേ ഈ ഫലത്തിലെ കണക്കുകൾ വ്യക്തമാക്കുന്നത്? മത്സരിച്ച എട്ട് മണ്ഡലങ്ങളിൽ ഏഴിടത്ത് അവരുടെ വോട്ടുവിഹിതം അഞ്ചക്കമായിരുന്നു. അതായത് പതിനായിരത്തിലേറെ. രണ്ടിടത്ത് ഇരുപതിനായിരത്തിലേറെയും. തൃക്കാക്കരയും എറണാകുളവും ഒഴികെ ആറ് മണ്ഡലങ്ങളിൽ എൻ.ഡി.എയെ പിന്നിലാക്കി അവർ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. വോട്ട് വിഹിതം പതിനായിരം കടക്കാതിരുന്ന കോതമംഗലത്തുപോലും സംഘടന മൂന്നാം സ്ഥാനത്ത് എത്തി. അവരുടെ സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് 7978 വോട്ട് നേടിയപ്പോൾ എൻ.ഡി.എയിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ഷൈൻ കെ. കൃഷ്ണൻ 4638 വോട്ട് മാത്രമാണ് നേടിയത്. ഇവിടെ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ 64,234 വോട്ട് നേടിയപ്പോൾ 6605 വോട്ട് മാത്രം കുറഞ്ഞ് 57,629 വോട്ടോടെയാണ് കേരള കോൺഗ്രസിന്റെ ഷിബു തെക്കുംപുറം രണ്ടാം സ്ഥാനത്തെത്തിയത്. ട്വന്റി ട്വന്റി നേടിയ വോട്ട് വിഹിതത്തേക്കാൾ കുറവായിരുന്നു ഇവിടെ ഭൂരിപക്ഷം.

കിറ്റെക്‌സ് പ്ലാന്റിൽ നിന്നുള്ള മാലിന്യം സമീപത്തെ തോടിലേക്ക് ഒഴുക്കിവിടുന്നു. (2015ലെ ചിത്രം) / ഫോട്ടോ: രാകേഷ് സനൽ

ട്വൻറി ട്വൻറി ഇരുപതിനായിരത്തിലേറെ വോട്ട് നേടിയ പെരുമ്പാവൂരിലും സ്ഥിതി മറിച്ചായിരുന്നില്ല. വിജയിച്ച കോൺഗ്രസിന്റെ എൽദോസ് കുന്നപ്പള്ളി 2,899 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 53,484 വോട്ട് നേടിയപ്പോൾ കേരള കോൺഗ്രസിന്റെ ബാബു ജോസഫ് പെരുമ്പാവൂർ 50,585 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി. എന്നാൽ ഭൂരിപക്ഷ വോട്ടിനേക്കാൾ വളരെയധികം നേടിയ ട്വൻറി ട്വൻറിയുടെ ചിത്ര സുകുമാരന്റെ 20,536 വോട്ടുകൾ ഇവിടുത്തെ വിജയം നിർണയിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. എൽ.ഡി.എഫിന് ഇക്കുറി നഷ്ടപ്പെട്ട സീറ്റായ മൂവാറ്റുപുഴയിലും ട്വൻറി ട്വൻറി തന്നെയാണ് വിധി നിർണയിച്ചതെന്ന് കാണാം. സി.പി.ഐ സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ എൽദോ എബ്രഹാം 58,264 വോട്ട് നേടിയപ്പോൾ കോൺഗ്രസിന്റെ മാത്യു കുഴൽനാടൻ 64,425 വോട്ടുമായി 6161 വോട്ടിന്റെ ഭൂരിപക്ഷം നേടി. ബി.ജെ.പി സ്ഥാനാർത്ഥി ജിജി ജോസഫ് 7527 വോട്ട് നേടിയപ്പോൾ ട്വൻറി ട്വൻറിയുടെ അഡ്വ. സി. എൻ. പ്രകാശൻ 13,535 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തി.

തൃക്കാക്കരയിലും എറണാകുളത്തും ഇവർ നാലാം സ്ഥാനത്തായിരുന്നെങ്കിലും യഥാക്രമം 13,897ഉം 10,634ഉം വീതമായിരുന്നു വോട്ട് വിഹിതം. തൃക്കാക്കരയിൽ വിജയിച്ച കോൺഗ്രസിന്റെ പി. ടി. തോമസിന്റെ ഭൂരിപക്ഷം 14,329 ആയിരുന്നുവെന്നും ഓർക്കാം. എറണാകുളത്ത് കോൺഗ്രസിന്റെ ടി. ജെ. വിനോദ് വിജയിച്ചതാകട്ടെ 10,960 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. സിറ്റിംഗ് സീറ്റുകളായിരുന്ന കൊച്ചിയും വൈപ്പിനും നിലനിർത്താൻ എൽ.ഡി.എഫിന് സാധിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥികളേക്കാൾ 14079ഉം 8201ഉം വീതമായിരുന്നു ഇവിടങ്ങളിലെ ഭൂരിപക്ഷം. എന്നാൽ കൊച്ചിയിൽ ട്വൻറി ട്വൻറി സ്ഥാനാർത്ഥി ഷൈനി ആന്റണി 19,676 വോട്ടും വൈപ്പിനിൽ ഡോ. ജോബ് ചാലക്കൽ 16707 വോട്ടും നേടി. അതായത് വിജയം നിർണയിച്ച വോട്ടുകളുടെ എണ്ണത്തേക്കാൾ ഏറെ മുന്നിൽ. ഈ മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികളുടെ വോട്ട് വിഹിതം 10,991, 13,540 വീതമായിരുന്നു.

കിഴക്കമ്പലം പഞ്ചായത്ത് ഒന്നാംവാർഡിലെ എടത്തിക്കാട് കോളനിയിലുള്ള രാജന്റെ വീട്. ട്വന്റി ട്വന്റി ഭരണത്തിൽ മണ്ഡലത്തിലെ കോളനികൾ ഈ അവസ്ഥയിൽ തുടരുന്നത് എൽ.ഡി.എഫ് പ്രചാരണത്തിനിടെ ഉയർത്തിക്കാട്ടിയിരുന്നു. 2020 ഡിസംബറിൽ ദേശാഭിമാനി പ്രസിദ്ധീകരിച്ച ചിത്രം.

ട്വൻറി ട്വൻറിയ്ക്ക് വേരോട്ടമുള്ള കിഴക്കമ്പലം പഞ്ചായത്ത് ഉൾപ്പെടുന്ന കുന്നത്തുനാട്ടിലാണ് സംഘടനയുടെ സാന്നിധ്യം ഏറ്റവും സ്വാധീനം ചെലുത്തിയത്. ഒരുവശത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി വി. പി. സജീന്ദ്രനെതിരായ വികാരം ശക്തമായി നിലനിൽക്കുന്നുണ്ടായിരുന്നു. എതിർ സ്ഥാനാർത്ഥി പി. വി. ശ്രീനിജന്റെ സ്ഥാനാർത്ഥിത്വവും പാർട്ടിക്കകത്ത് എതിരഭിപ്രായങ്ങൾക്ക് കാരണമായിരുന്നു. പത്ത് വർഷം ഭരിച്ചിട്ടും മണ്ഡലത്തിലെ റോഡുകളുടെയും കോളനികളുടെയും ശോച്യാവസ്ഥ തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് വോട്ട് തേടിയത്. അണികളെ കൂടെ നിർത്താൻ സാക്ഷാൽ പിണറായി വിജയൻ തന്നെ മണ്ഡലത്തിലെത്തുകയും ചെയ്തു. ട്വൻറി ട്വൻറി മുന്നോട്ടുവയ്ക്കുന്ന കിഴക്കമ്പലം മോഡൽ വികസനത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടാനും എൽ.ഡി.എഫ് ശ്രമിച്ചു. എന്നാൽ ഫലം വന്നപ്പോൾ പാർട്ടി സ്ഥാനാർത്ഥി ഡോ. സുജിത്ത് സുരേന്ദ്രൻ 42,701 വോട്ടുകളാണ് നേടിയത്. കേവലം ഏഴായിരത്തിനടുത്ത് വോട്ട് മാത്രമാണ് (49,636) രണ്ടാം സ്ഥാനത്തെത്തിയ സജീന്ദ്രന് ട്വൻറി ട്വൻറിയേക്കാൾ അധികം ലഭിച്ചത്. 52,351 വോട്ടുമായി പി. വി. ശ്രീനിജൻ 2725 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. ട്വൻറി ട്വൻറി ആദ്യ വരവിൽ തന്നെ ശക്തി തെളിയിച്ചുവെന്ന് വ്യക്തമാകാൻ കുന്നത്തുനാട്ടിലെ കണക്കുകൾക്കപ്പുറം മറ്റൊന്നിന്റെയും ആവശ്യമില്ല. ബി.ജെ.പി സ്ഥാനാർത്ഥി രേണു സുരേഷിന് ലഭിച്ചതാകട്ടെ 7218 വോട്ടും.

എട്ട് മണ്ഡലങ്ങളിലെയും കണക്കുകൾ പരിശോധിച്ചാൽ പ്രധാന മുന്നണികൾക്ക് കുറഞ്ഞ വോട്ടുകൾ എവിടെ പോയെന്ന് വേറെയെവിടെയും അന്വേഷിക്കേണ്ടതില്ല. ഈ മണ്ഡലങ്ങളിൽ നോട്ട വോട്ടുകളിലുണ്ടായ കുറവുകൂടി പരിശോധിച്ചാൽ ‘നിഷ്പക്ഷ'രും അരാഷ്ട്രീയക്കാരുമായവരുടെ പ്രതികരണം കണ്ടെത്താം.

ഇനി 2016ലെ തെരഞ്ഞെടുപ്പിൽ ഈ എട്ട് മണ്ഡലങ്ങളിലും ഇരുമുന്നണികൾക്കും ലഭിച്ച വോട്ടു കൂടി പരിശോധിച്ചാൽ ട്വൻറി ട്വൻറിയുടെ പ്രകടനം ശരിയായി വിലയിരുത്താം. പാർട്ടി 42,701 വോട്ട് പിടിച്ച കുന്നത്തുനാട്ടിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ യു.ഡി.എഫിന് 15,809 വോട്ടും എൽ.ഡി.എഫിന് 10,415 വോട്ടും കുറഞ്ഞു. ബി.ജെ.പിയുടെ വോട്ട് വിഹിതത്തിൽ കാര്യമായ കുറവുണ്ടായിട്ടുമില്ല. പെരുമ്പാവൂരിലും സ്ഥിതി മറ്റൊന്നല്ല. എൽദോസ് കുന്നപ്പള്ളി 64,285 വോട്ടുമായി 7088 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച സ്ഥാനത്താണ് ഇക്കുറി 53,484 വോട്ടിൽ ഒതുങ്ങിയത്. കുറഞ്ഞത് 10,801 വോട്ട്. എൽ.ഡി.എഫിന്റെ വോട്ടുകളിൽ 6,612 എണ്ണത്തിന്റെ കുറവുണ്ടായി. ബി.ജെ.പിക്ക് 4658 വോട്ടും കുറഞ്ഞു.

പെരുമ്പാവൂരിൽ ട്വൻറി ട്വൻറി നേടിയതാകട്ടെ 20,536 വോട്ടാണ്.
വൈപ്പിനിൽ എൽ.ഡി.എഫിന് 14,688 വോട്ടിന്റെയും യു.ഡി.എഫിന് 3516 വോട്ടിന്റെയും കുറവുണ്ടായപ്പോൾ ബി.ജെ.പിക്ക് 3489 വോട്ട് കൂടി. 16,707 വോട്ടാണ് ട്വൻറി ട്വൻറി നേടിയത്. കൊച്ചിയിൽ എൽ.ഡി.എഫിന് 6665 വോട്ട് കൂടുതൽ ലഭിച്ചു. യു.ഡി.എഫിന് 6328 വോട്ട് കുറഞ്ഞപ്പോൾ ബി.ജെ.പിക്ക് 831 വോട്ടാണ് കൂടുതൽ ലഭിച്ചത്. ട്വൻറി ട്വൻറിയുടെ വോട്ടുവിഹിതം 10634. കൊച്ചി മണ്ഡലത്തിൽ പുതുതായി രൂപപ്പെട്ട വോട്ടെല്ലാം ട്വൻറി ട്വൻറിക്കാണ് ലഭിച്ചതെന്ന് ഈ കണക്കുകൾ പറയുന്നു.
എറണാകുളത്ത് 5889 വോട്ട് കോൺഗ്രസിനും 910 വോട്ട് സി.പി.എമ്മിനും കുറഞ്ഞപ്പോൾ ബി.ജെ.പിക്ക് 1165 വോട്ട് കൂടി. 10,634 വോട്ടാണ് ട്വൻറി ട്വൻറി നേടിയത്.

കുന്നത്തുനാട് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.വി ശ്രീനിജനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനെത്തിയപ്പോൾ.

എന്നാൽ തൃക്കാക്കരയിലെ കണക്ക് മറ്റൊരു വിധത്തിലാണ്. ഇവിടെ യു.ഡി.എഫിന്റെ വോട്ട് വിഹിതത്തിൽ 1612 വോട്ടുകളുടെ കുറവ് മാത്രമാണുണ്ടായത്. സി.പി.എമ്മിന് 3945 വോട്ടും ബി.ജെ.പിക്ക് 5764 വോട്ടും കുറഞ്ഞു. ട്വൻറി ട്വൻറി നേടിയ 13,897 വോട്ട് കൃത്യമായും മൂന്ന് മുന്നണികളിൽ നിന്ന് എത്തിച്ചേർന്നതാണ്. എൽ.ഡി.എഫ് തോറ്റ മൂവാറ്റുപുഴയിൽ 12,005 വോട്ടാണ് അവർക്ക് കുറഞ്ഞത്. യു.ഡി.എഫ് ജയിച്ചെങ്കിലും ഈ വോട്ടുകളെല്ലാം അവർക്കല്ല ലഭിച്ചത്. 3531 വോട്ടുമാത്രമാണ് അവർക്ക് അധികമായി ലഭിച്ചത്. ബി.ജെ.പിക്ക് കുറവുവന്ന 232 വോട്ടുകൾ കൂടി ലഭിച്ചതോടെ ട്വൻറി ട്വൻറി വിഹിതം 13,535 വോട്ടുകളായി. ട്വൻറി ട്വൻറിക്ക് പതിനായിരം വോട്ട് പിടിക്കാനാകാതെവന്ന കോതമംഗലത്തും എൽ.ഡി.എഫിന്റെ വോട്ട് വിഹിതം കുറഞ്ഞു. 1233 വോട്ടാണ് എൽ.ഡി.എഫിന് കുറഞ്ഞത്. അതേസമയം, യു.ഡി.എഫിന് 11,444 വോട്ട് കൂടി. കേരള കോൺഗ്രസിനെ ഒഴിവാക്കി എൻ.ഡി.എ ബി.ഡി.ജെ.എസിനെ മത്സരിപ്പിച്ചപ്പോൾ 8288 വോട്ടാണ് കുറഞ്ഞത്. ട്വൻറി ട്വൻറിയുടെ വോട്ടുവിഹിതം 7979. യു.ഡി.എഫിന്റെ വോട്ട് വിഹിതത്തിൽ വൻ വർധനവുണ്ടായിട്ടും എൽ.ഡി.എഫിന് കോതമംഗലത്ത് ജയിക്കാൻ സാധിച്ചത് ട്വൻറി ട്വൻറി പിടിച്ച വോട്ടുകളുടെ ബലത്തിലാണ്.

എട്ട് മണ്ഡലങ്ങളിലെയും കണക്കുകൾ പരിശോധിച്ചാൽ പ്രധാന മുന്നണികൾക്ക് കുറഞ്ഞ വോട്ടുകൾ എവിടെ പോയെന്ന് വേറെയെവിടെയും അന്വേഷിക്കേണ്ടതില്ല. ഇക്കുറി ഈ മണ്ഡലങ്ങളിൽ നോട്ട വോട്ടുകളിലുണ്ടായ കുറവുകൂടി പരിശോധിച്ചാൽ ‘നിഷ്പക്ഷ'രും അരാഷ്ട്രീയക്കാരുമായവരുടെ പ്രതികരണം കണ്ടെത്താം. ആ വോട്ടുകളാണ് ട്വൻറി ട്വൻറിയെ പതിനായിരം കടത്തിയത്. കോർപറേറ്റ് കമ്പനികളിലും ഐ.ടി സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുകയും ദീർഘകാലം വിദേശത്ത ജീവിച്ച് കേരളത്തിൽ വിശ്രമജീവിതം നയിക്കുകയും ചെയ്യുന്നവരാണ് ഇവരിൽ കൂടുതലും. ഇന്ത്യയുടെയോ കേരളത്തിന്റെയോ രാഷ്ട്രീയ നിലപാടുകളും സമകാലിക അവസ്ഥകളും ഇവരെ ബാധിക്കുന്നതേയില്ല. കാരണം, എല്ലാ രാഷ്ട്രീയ പാർട്ടികളും ‘കണക്കാണ്' എന്ന മധ്യവർഗബോധമാണ് അവരെ നയിക്കുന്നത്.

ട്വൻറി ട്വൻറി ഒരു കോർപറേറ്റ് സംവിധാനത്തിനുകീഴിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ ഇല്ലാത്ത സംഘടനയാണെങ്കിലും അവർ അധികാരത്തിൽ വരട്ടേയെന്ന് ഇവരെക്കൊണ്ട് ചിന്തിപ്പിക്കുന്നതും ഇതാണ്. മധ്യവർഗവൽക്കരണവും അരാഷ്ട്രീയതയും ശക്തി പ്രാപിച്ചാൽ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുകതന്നെ ചെയ്യും. മുഖ്യധാരാ രാഷ്ട്രീയത്തിനുതന്നെയാകും അതിന്റെ ഉത്തരവാദിത്തം. എന്തായാലും ട്വൻറി ട്വൻറി നൽകുന്ന അപകടസൂചന ഇരുമുന്നണികൾക്കും അവഗണിക്കാൻ കഴിയാത്ത ഒന്നാണ് എന്നർഥം.▮

Comments