അസം ബി.ജെ.പിയ്ക്ക് നിർണായകം; ഭരണം പിടിച്ചെടുക്കാൻ മഹാസഖ്യം

National Desk

ടുത്തകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ച ദേശീയ പൗരത്വ ഭേദഗതി നിയമം തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം ചർച്ചായാകാനിടയുള്ള സംസ്ഥാനമാണ് അസം. ഒരുകാലത്ത് ശക്തികേന്ദ്രങ്ങളിലൊന്നായ സംസ്ഥാനം തിരിച്ചുപിടിക്കാൻ മഹാസഖ്യത്തിലൂടെ കോൺഗ്രസ് ശ്രമിക്കുമ്പോൾ 2016ലെ നേട്ടം ആവർത്തിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. മാർച്ച് 27ന് അസം നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മൂന്നുഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് ഏപ്രിൽ ആറിന് അവസാനിക്കും ബി.ജെ.പിയും കോൺഗ്രസും നയിക്കുന്ന രണ്ട് സഖ്യങ്ങളുൾപ്പെടെ 13 രാഷ്ട്രീയപാർട്ടികളാണ് തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത്.

കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാജത് (മഹാസഖ്യം)ൽ പത്ത് പാർട്ടികളാണുള്ളത്. ഇടതുപാർട്ടികളായ സി.പി.ഐ.എമ്മും സി.പി.ഐയും സി.പി.ഐ എം.എല്ലും ഈ സഖ്യത്തിന്റെ ഭാഗമാണ്. ഓൾ ഇന്ത്യാ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) ദ അഞ്ചലിക് ഗണ മോർച്ച (എ.ജി.എം), ദ ബോഡോലന്റ് പീപ്പിൾസ് ഫ്രണ്ട് (ബി.പി.എഫ്) , രാഷ്ട്രീയ ജനതാദൾ, ജിമോചയാൻ പീപ്പിൾസ് പാർട്ടി, ആദിവാസി നാഷണൽ പാർട്ടി എന്നിവയാണ് സഖ്യത്തിലുൾപ്പെട്ട മറ്റുപാർട്ടികൾ. ഇതിൽ ബി.പി.എഫ് 2016ൽ ബി.ജെ.പി സഖ്യത്തിനൊപ്പമായിരുന്നു. മറുവശത്ത് ഭരണകക്ഷിയായ ബി.ജെ.പിയ്ക്ക് ഒപ്പം അസം ഗണ പരിഷത്തിന്റെയും (എ.ജി.പി) യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലുമാണ് ഉള്ളത്.

അസമിലെ സദൂരുവിലെ തോട്ടത്തിൽ തൊഴിലാളികൾക്കൊപ്പം  കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
അസമിലെ സദൂരുവിലെ തോട്ടത്തിൽ തൊഴിലാളികൾക്കൊപ്പം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

2019-20ൽ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി അറസ്റ്റിലായി ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് അഖിൽ ഗോഗോയിയും മത്സരരംഗത്തുണ്ട്. രായ്ജർ ദൾ അഥവാ പീപ്പിൾസ് പാർട്ടി എന്ന പേരിൽ രൂപീകരിച്ച പുതിയ പാർട്ടിയിൽ നിന്നുകൊണ്ടാണ് അദ്ദേഹം ജനവിധി തേടുന്നത്. അസം ജാതീയ പരിഷത് (എ.ജെ.പി) എന്ന പാർട്ടിയുമായി യുണൈറ്റഡ് റീജിയണൽ ഫ്രണ്ട് എന്ന മുന്നണി രൂപീകരിച്ചാണ് രായ്ജർ ദൾ മത്സരിക്കുന്നത്.

കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന അസമിൽ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതലാണ് ബി.ജെ.പി ശക്തമായ വെല്ലുവിളിയായി തുടങ്ങിയത്. പിന്നീട് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 126 അംഗസഭയിൽ കോൺഗ്രസ് 26 സീറ്റിലേക്ക് ചുരുങ്ങുകയും ബി.ജെ.പി ആദ്യമായി അസമിൽ സർക്കാർ രൂപീകരിക്കുന്നതിലേക്കെത്തുകയും ചെയ്തു.

1980കൾ വരെ അസമിൽ ഏറ്റവും വലിയ ശക്തിയായിരുന്നു കോൺഗ്രസ്. അക്കാലത്ത് അസമിലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ സംസ്ഥാനത്ത് ഉടലെടുത്ത അസം മൂവ്‌മെന്റ് എന്ന ജനകീയ മുന്നേറ്റം എ.ജി.പി ഉൾപ്പെടെയുള്ള പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ രൂപീകരണത്തിനു വഴിവെച്ചു. ആറുവർഷക്കാലത്തെ പ്രക്ഷോഭങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരെ വലിയ തോതിൽ അക്രമങ്ങൾക്കും കലാപങ്ങൾക്കും വഴിവെക്കുകയും 1985ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് അസം അക്കോർഡ് എന്നറിയപ്പെടുന്ന ഒത്തുതീർപ്പ് കരാറിനെ തുടർന്ന് അവസാനിക്കുകയും ചെയ്തു. 1985ൽ കോൺഗ്രസിനെ പിന്തള്ളി എ.ജി.പി അധികാരത്തിലെത്തുകയും എ.ജി.പിയുടെ യുവനേതാവ് പ്രഫുല്ല മഹാന്തയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകൃതമാവുകയും ചെയ്തു. അതിനുശേഷം 2016 വരെ എ.ജി.പിയ്ക്കും കോൺഗ്രസും മാറിമാറി ഭരിച്ചു.

അസമിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം.
അസമിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം.

കോൺഗ്രസിന്റെയും എ.ജി.പിയുടെയും വോട്ടുബേസിലുണ്ടായ ചോർച്ച മുതലെടുത്താണ് അസമിൽ ബി.ജെ.പി ശക്തിപ്രാപിച്ചുവന്നത്. തദ്ദേശീയ ഗോത്ര വിഭാഗങ്ങളിലും ആദിവാസികൾക്കിടയിലുമുള്ള ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളും മോദി തരംഗവുമെല്ലാം അസമിൽ വേരുറപ്പിക്കാൻ ബി.ജെ.പിയെ സഹായിച്ചു. 2016ലെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കോൺഗ്രസ് വിട്ട ഹിമന്ത ബിശ്വ ശർമ ബി.ജെ.പി വിജയത്തിൽ സുപ്രധാന പങ്കുവഹിച്ചു. വോട്ടുബേസിലെ ചോർച്ചയും മുസ്‌ലിം വോട്ടർമാരിൽ വലിയൊരു വിഭാഗം 2005ൽ രൂപീകൃതമായ എ.ഐ.യു.ഡി.എഫിലേക്ക് പോകുകയും ചെയ്തത് കോൺഗ്രസിന് തിരിച്ചടിയായി. പ്രാദേശിക പാർട്ടികളായ യു.പി.പി.എല്ലിന്റെയും ബി.പി.എഫിന്റെയും സ്വാധീനം ബോഡോലാന്റ് മേഖലകൾക്കുള്ളിൽ ഒതുങ്ങുന്നതാണ്.

2016ലെ വോട്ടിങ് നില

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത് ബി.ജെ.പിയാണ്. 89 സീറ്റുകളിൽ മത്സരിച്ച ബി.ജെ.പി 60 സീറ്റുകളിൽ വിജയിച്ചു. എൻ.ഡി.എയുടെ ഭാഗമായി മത്സരിച്ച എ.ജി.പി 30 സീറ്റുകളിൽ മത്സരിച്ച് 14 സീറ്റുകളിലും ബി.പി.എഫ് 13 സീറ്റുകളിൽ മത്സരിച്ച് 12 സീറ്റുകളിലും വിജയിച്ചു.

പൗരത്വ പ്ര​ക്ഷോഭത്തിന്​ നേതൃത്വം നൽകിയതിന്​ ജയിലിലടച്ച കർഷക നേതാവ്  അഖിൽ ഗോഗോയി
പൗരത്വ പ്ര​ക്ഷോഭത്തിന്​ നേതൃത്വം നൽകിയതിന്​ ജയിലിലടച്ച കർഷക നേതാവ് അഖിൽ ഗോഗോയി

122 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 26 സീറ്റിലും 74 സീറ്റുകളിൽ മത്സരിച്ച എ.ഐ.യു.ഡി.എഫ് 13 ഇടത്തും വിജയിച്ചു. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയിച്ചു. 2011ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 52 സീറ്റുകളാണ് കോൺഗ്രസിനു നഷ്ടപ്പെട്ടത്.

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, തൊഴിലില്ലായ്മ, തേയില തൊഴിലാളികളുടെ കൂലി പ്രശ്‌നം, വർധിച്ചുവരുന്ന ഇന്ധന വില, കോവിഡ് 19 തുടങ്ങിയവയാണ് ഇത്തവണത്തെ അസം തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയങ്ങൾ.

പൗരത്വരജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും

അസം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് കുടിയേറ്റ പ്രശ്‌നം. ഇന്ത്യാ വിഭജനവും 1971ൽ ബംഗ്ലാദേശിന്റെ രൂപീകരണവുമൊക്കെയാണ് കുടിയേറ്റത്തിന് കാരണമെങ്കിലും അതിന്റെ തുടക്കം 19ാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ബ്രിട്ടീഷ് നയങ്ങളാണെന്ന് കാണാനാവും. തേയില കൃഷിയ്ക്ക് അനുയോജ്യമായ മേഖലയാണെന്നുകണ്ട ബ്രിട്ടീഷുകാർ കൃഷിയ്ക്കായി ഛോട്ടാനാഗ്പൂർ മേഖലയിൽ നിന്നും പലഘട്ടങ്ങളിലായി ലക്ഷക്കണക്കിന് ആദിവാസികളെയാണ് അസമിലേക്ക് കൊണ്ടുവന്നത്. ഇവരെ തോട്ടംമേഖലകളിൽ കൂലിത്തൊഴിലാളികളാക്കി അടിച്ചമർത്തുകയും തദ്ദേശീയരെ ഇവർക്ക് എതിരാക്കി നിർത്തുകയും ചെയ്തു. ഈ ആദിവാസികളെ പട്ടികവർഗവിഭാഗമായി കണക്കാക്കിയിട്ടില്ല. സാമ്പത്തികമായ കാരണങ്ങളാണ് അസമിലേക്കുള്ള മറ്റു കുടിയേറ്റങ്ങൾക്കു പിന്നിലെങ്കിൽ ഈ ആദിവാസികളെ ബ്രിട്ടീഷുകാർ അവരുടെ മേഖലകളിൽ നിന്നും ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ച് ഇവിടേക്ക് സ്ഥാപിക്കുകയാണുണ്ടായത്. ഇവർ പിന്നീട് ബോഡോലാന്റ് മേഖലകളിലെ ബോഡോകളുടെ ഇരകളായി മാറി. ഛോട്ടാനഗറിൽ അവരുടേതായി ഒന്നും ബാക്കിയില്ലാത്തതുകൊണ്ടുതന്നെ അവർക്ക് അവിടേക്ക് തിരിച്ചുപോകാനും കഴിയില്ല.

കിഴക്കൻ ബംഗാൾ അതായത് ഇന്നത്തെ ബംഗ്ലാദേശിൽ നിന്നും കുടിയേറിയവരാണ് മറ്റൊരു വിഭാഗം. അതിൽ ഹിന്ദുക്കളും മുസ്‌ലീങ്ങളുമുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള കാലഘട്ടങ്ങളിൽ ഈ കുടിയേറ്റം സംഭവിച്ചിട്ടുണ്ട്.

കുടിയേറ്റം ഏറ്റവും വലിയ പ്രശ്‌നമായതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും അസമിൽ വലിയ ഒച്ചപ്പാടുകൾക്ക് വഴിവെച്ചിരുന്നു. 2019ലും 2020ലുമായി അസമിലെ വിവിധ രാഷ്ട്രീയ, രാഷ്ട്രീയേതര പാർട്ടികളും വിദ്യാർഥികളും മറ്റ് സംഘടനകളുമെല്ലാം പൗരത്വ നിയമത്തിനെതിരായി പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധത്തിനുനേരെയുള്ള പൊലീസ് നീക്കത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഭരണകക്ഷിയായ ബി.ജെ.പി യും സഖ്യകക്ഷി അസം ഗണപരിഷത്തും പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരാണ്. അതേസമയം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ നിയമത്തെ ശക്തമായി എതിർക്കുകയും ഈ തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായി ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നവരുമാണ്. ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയനിൽ (എ.എ.എസ്.യു) നിന്നും രൂപംകൊണ്ട എ.ജെ.പി ഇലക്ഷൻ കാലഘട്ടത്തിൽ പൗരത്വ നിയമത്തിനെതിരെ ശക്തമായ കാമ്പെയ്‌നുമായി മുന്നോട്ടുപോകുന്നുണ്ട്.

സി.എ.എ തീർത്തും ഭരണഘടനാ വിരുദ്ധമാണെന്നാണ് എ.ഐ.യു.ഡി.എഫും പറയുന്നത്. അസമിൽ അധികാരത്തിലെത്തിയാൽ സി.എ.എ നടപ്പിലാക്കില്ലെന്നും അതിനെതിരെ പുതിയ നിയമം കൊണ്ടുവരുമെന്നുമാണ് കോൺഗ്രസ് വാഗ്ദാനം നൽകുന്നത്. തന്റെ പാർട്ടി ഒരിക്കലും സി.എ.എ അംഗീകരിക്കില്ലെന്നും അത് നടപ്പിലാക്കാൻ ആരെയും അനുവദിക്കുകയുമില്ലെന്നാണ് ഫെബ്രുവരി 14ന് ശിവഗനറിലെ ഒരു പബ്ലിക് റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞത്. "പൗരത്വഭേദഗതി നിയമം പ്രധാനമന്ത്രി മോദിയേയും ബി.ജെ.പിയേയും ബാധിക്കില്ലായിരിക്കും, പക്ഷേ രാജ്യത്തിലെ മറ്റുള്ളവരെയും അസമിനെയും അത് ബാധിക്കും.' എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സി.എ.എ ചർച്ചാ വിഷയമല്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ബി.ജെ.പി ചെയ്തത്. "അസമിൽ ബി.ജെ.പിക്ക് വോട്ടു ചെയ്യാൻ പലകാരണങ്ങളുമുണ്ട്, അതിലൊന്ന് അസമിനും വടക്കു കിഴക്കൻ മേഖലയ്ക്കും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നൽകുന്ന പ്രത്യേക ശ്രദ്ധയാണ്. ഈ മേഖലയ്ക്കുവേണ്ടി മോദി ചെയ്ത കാര്യങ്ങളൊന്നും മുമ്പൊരു പ്രധാനമന്ത്രിമാരും ചെയ്തിട്ടില്ല. ഭരണകാലത്തിനിടെ 45 തവണ മോദി ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ട്.' എന്നാണ് ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് ജെയ് പാണ്ഡ ഗുവാഹത്തിയിൽ അടുത്തിടെ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

അധികാരത്തിലെത്തിയാൽ അസമിൽ നിന്നും കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പ്രചരണം നടത്തിയാണ് 2016ൽ ബി.ജെ.പി അധികാരത്തിലെത്തിയത്. 1971 മാർച്ച് 25നുശേഷം അസമിലെത്തിയ കുടിയേറ്റക്കാരെ മുഴുവൻ നാടുകടത്തുമെന്നാണ് അസം അക്കോർഡിൽ പറയുന്നതെങ്കിൽ കേന്ദ്രം കൊണ്ടുവന്ന പൗരത്വ നിയമം 2014 ഡിസംബർ 31 നു മുമ്പ് ഇന്ത്യയിൽ കുടിയേറിയ മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വം അനുവദിക്കുകയാണ് ചെയ്യുന്നത്. മുസ്‌ലീങ്ങളെ മാത്രമല്ല എല്ലാ കുടിയേറ്റക്കാരേയും പുറത്താക്കണമെന്നാണ് അസമിലെ തീവ്രദേശീയവാദികളുടെ ആവശ്യം. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന അപ്പർ അസമിലെ 47 മണ്ഡലങ്ങളായിരുന്നു പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ ശക്തികേന്ദ്രം. 2016ലെ തെരഞ്ഞെടുപ്പിൽ ഇതിൽ 36 സീറ്റുകളിലും എൻ.ഡി.എ വിജയിച്ചിരുന്നു.

അതുകൊണ്ടുതന്നെ ഈ മേഖല ബി.ജെ.പിയെ വലിയ തോതിൽ ഭയപ്പെടുത്തുന്നുണ്ട്. മോദിയും അമിത് ഷായുമടക്കുമുള്ള ബി.ജെ.പിയുടെ ഹൈ പ്രൊഫൈൽ നേതാക്കളെല്ലാം തന്നെ ഈ മേഖലയിൽ പ്രചരണത്തിനെത്തിയതും ഈ വോട്ടുകൾ നഷ്ടമാകില്ലെന്ന് ഉറപ്പിക്കാനാണ്.

2019 ആഗസ്റ്റ് 31ന് എൻ.ആർ.സി അസം സ്റ്റേറ്റ് കോഡിനേറ്റർ പുറത്തുവിട്ട അന്തിമപട്ടികയിൽ 19 ലക്ഷം പേരാണ് പൗരത്വ രജിസ്റ്ററിന് പുറത്തുള്ളത്. ഇതിൽ വലിയൊരു വിഭാഗം ഹിന്ദുക്കളാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇവരെ പൗരത്വപട്ടികയിൽ ഉൾക്കൊള്ളിക്കുകയെന്ന ലക്ഷ്യമിട്ടാണ് ദേശീയ പൗരത്വനിയമം ഭേദഗതി ചെയ്തതെന്ന വാദം ശക്തമാണ്. അതുകൊണ്ടുതന്നെ ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളിൽ വലിയൊരു വിഭാഗത്തിന്റെ പിന്തുണ നേടാൻ ബി.ജെ.പിക്കു കഴിഞ്ഞെന്നുവരും. അതേസമയം, തദ്ദേശീയ വിഭാഗത്തിന്റെ കടുത്ത രോഷവും ബി.ജെ.പിയെ കാത്തുകിടക്കുന്നുണ്ട്.

എൻ.ആർ.സിയ്ക്ക് പുറത്തായവരുടെ പേരുകൾ വോട്ടർപട്ടികയിൽ ഉണ്ടോയെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. ഫോറിനേഴ്‌സ് ട്രൈബ്യൂണലിൽ നിന്ന് അന്തിമവിധി വരുംവരെ ഇവരുടെ പേര് വോട്ടർപട്ടികയിലുണ്ടാവുമെന്ന് പറയപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കിൽ അത് കോൺഗ്രസ് സഖ്യത്തിന് ഗുണം ചെയ്യും.

ഭാഷാ വ്യത്യാസങ്ങൾ

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവുമധികം മുസ്‌ലീങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നാണ് അസം. 2011ലെ സെൻസസ് പ്രകാരം 34.2% മുസ്‌ലീങ്ങളാണ് ഇവിടെയുള്ളത്. എന്നാൽ ഇത് സംസ്ഥാനമൊട്ടാകെ പരന്നുകടക്കുന്ന ജനസംഖ്യയാണ്. വെറും ഒമ്പത് മണ്ഡലങ്ങളിൽ മാത്രമാണ് മുസ്‌ലീങ്ങൾ ഭൂരിപക്ഷമായി വരുന്നത്. 2011ലെ സെൻസസ് അനുസരിച്ച് അസമിൽ 28.9% പേരുടെ മാതൃഭാഷ ബംഗാളിയാണ്. എന്നാൽ അത് മുസ്‌ലീങ്ങൾ മാത്രമല്ല. വലിയ തോതിൽ ബംഗാളി ഹിന്ദുക്കളുള്ള മേഖലകളിലൊന്നാണ് 126 മണ്ഡലങ്ങളിൽ 15 മണ്ഡലങ്ങൾ ഉൾപ്പെടുന്ന ബാരക് വാലി മേഖല. അതേപോലെ ആസാമീസ് സംസാരിക്കുന്ന മുസ്‌ലീങ്ങളും ഇവിടെ ധാരാളമുണ്ട്.

ഹിന്ദുക്കളെ തങ്ങൾക്കൊപ്പം അണിനിരത്താൻ ശ്രമിച്ചുകൊണ്ടാണ് ഇന്ത്യയിലെമ്പാടും ബി.ജെ.പി നേട്ടംകൊയ്തത്. അസമിലും ഇതേ തന്ത്രം തന്നെയാണ് ബി.ജെ.പി ഉപയോഗിച്ചത്. പക്ഷേ അവിടെ അവർക്ക് കാര്യങ്ങൾ എളുപ്പമല്ല. അസമീസ് സംസാരിക്കുന്ന ഹിന്ദുക്കളും വലിയൊരുവിഭാഗം കുടിയേറ്റക്കാരടങ്ങുന്ന ബംഗാളി ഹിന്ദുക്കളും തമ്മിലുള്ള ശത്രുത ഇവിടെ പ്രബലമാണ്. 2011നും 2019നും ഇടയിലുള്ള തെരഞ്ഞെടുപ്പുകളിൽ ബംഗാളി ഹിന്ദുക്കളുടെ വോട്ട് ഏതാണ്ട് മുഴുവനായി തന്നെ ബി.ജെ.പിക്ക് ലഭിച്ചിരുന്നുവെന്നാണ് സി.എസ്.ഡി.എസ്-ലോക്‌നിതി സർവ്വേ കണക്കുകൾ പറയുന്നത്. എന്നാൽ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം അസമീസ് ഹിന്ദുക്കൾക്കിടയിൽ ബി.ജെ.പിയ്ക്കുള്ള സ്വാധീനം കുറഞ്ഞിട്ടുണ്ട്.

കോൺഗ്രസിന്റെ കാര്യത്തിൽ 2011ൽ അവർക്ക് എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചിരുന്നു. ആസാമീസ് സംസാരിക്കുന്ന മുസ്‌ലീങ്ങളായിരുന്നു അവരുടെ ശക്തമായ അടിത്തറ. ബംഗാളി മുസ്‌ലീങ്ങൾക്കിടയിൽ കോൺഗ്രസിന് സ്വാധീനം കുറവായിരുന്നു. ബദറുദ്ദീൻ അജ്മൽ നയിക്കുന്ന എ.ഐ.യു.ഡി.എഫിനെ പിന്തുണയ്ക്കുന്നവരാണ് ബംഗാളി മുസ്‌ലീങ്ങൾ ഏറെയും.

ബി.ജെ.പിയുടെ ഉയർച്ചയോടെ ഭാഷാപരമായ വേർതിരിവുകൾക്ക് അതീതമായി മുസ്‌ലീങ്ങൾക്കിടയിൽ കോൺഗ്രസിനുള്ള സ്വാധീനം വർധിച്ചിട്ടുണ്ട്. ഇപ്പോൾ എ.ഐ.യു.ഡി.എഫുമായുള്ള സഖ്യം ഈ സ്വാധീനം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. അതേസമയം തന്നെ ഈ സഖ്യത്തെ ബി.ജെ.പി ധ്രുവീകരണത്തിനായി ഉപയോഗിക്കുന്നുമുണ്ട്. എ.ഐ.യു.ഡി.എഫിനെ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ (ബി.ജെ.പിയുടെ അഭിപ്രായത്തിൽ മുസ്‌ലീങ്ങൾ) സംരക്ഷകർ എന്ന് വിളിച്ചുകൊണ്ട് ഹിന്ദുവോട്ടുകൾ തങ്ങൾക്കനുകൂലമാക്കാനാണ് ബി.ജെ.പി ശ്രമം. അതിന്റെ ഭാഗമായി മഹാസഖ്യത്തെ വെറും കോൺഗ്രസ്-എ.ഐ.യു.ഡി.എഫ് സഖ്യമായി ഉയർത്തിക്കാട്ടാനുള്ള ശ്രമിക്കുന്നുണ്ട്. ഈ ശ്രമം വിജയിച്ചാൽ അത് കോൺഗ്രസിനുലഭിക്കുന്ന ഹിന്ദുവോട്ടുകളെ ബാധിക്കാനിടയുണ്ട്.


Comments