ആക്രമിക്കപ്പെടുന്ന ശരീരം,
വിഭജിക്കപ്പെടുന്ന മനുഷ്യർ

ജൈവികസമാനതകൾക്ക് സമമായി ഉണ്ടാവേണ്ട സാമൂഹിക ഉടമ്പടികളിൽനിന്ന് മനുഷ്യർ എങ്ങനെ വിഭജിക്കപ്പെടുന്നു എന്ന ആലോചന.

നുഷ്യശരീരങ്ങൾ, ജൈവശരീരങ്ങൾ എന്നതിനപ്പുറം സമൂഹത്തിലെ നിരവധി പ്രതിനിധീകരിക്കലുകളുടെ ഭാരം പേറുന്നുണ്ട്. മനുഷ്യശരീരങ്ങളെ സങ്കുചിത സാമൂഹ്യ വ്യവസ്ഥകളുടെ പരികല്പനകളിൽ അകപ്പെടുത്തി സങ്കീർണമായ മാനവിക വിഭജനങ്ങളിലേക്ക് തള്ളിവിടുന്നതായി വർത്തമാന ഇന്ത്യൻ സമൂഹം കാണിച്ചു തരുന്നുണ്ട്. ഒരു മനുഷ്യശരീരത്തിലേക്ക് മലവിസർജ്ജനം നടത്താൻ കഴിയുന്നതും, സ്ത്രീശരീരങ്ങളെ ലൈംഗിക ചൂഷണത്തിനപ്പുറം നഗ്നയായി പൊതുവീഥികളിലൂടെ വലിച്ചിഴക്കുന്നതും, ചില മനുഷ്യരുടെ ഉപജീവന സാധ്യതകളെ ബുൾഡോസർരാഷ്ട്രീയത്തിന്മേൽ നിരാകരിക്കപ്പെടുന്നതും ആകസ്മികമായി സംഭവിച്ച ചില വ്യക്തികളുടെ ചിന്താപ്രവർത്തികളുടെ വൈകല്യമാണെന്ന വിലയിരുത്തലുകൾ, യാഥാർഥ്യങ്ങളിലേക്ക് എത്താതിരിക്കുന്നതിനുള്ള മറ മാത്രമായിരിക്കും. അപരവത്ക്കരണത്തിന്റെ തത്വശാസ്ത്രങ്ങൾ മനുഷ്യശരീരങ്ങളിലേക്ക് വിന്യസിക്കുന്നതിനപ്പുറം, അവരുടെ ഭൗതിക ഇടങ്ങളിലേക്കും വ്യാപിക്കുന്നതായി കാണാം.

വിഭജന ആശയങ്ങളുടെ ഭൗതികമായ വ്യവഹാരങ്ങൾ, സ്ഥലപരതയിലേക്ക് നൂഴ്ന്നിറങ്ങുമ്പോൾ അതിന് വർദ്ധിതവീര്യം കൈവരുകയും, ചില മനുഷ്യശരീരങ്ങൾക്ക് ശാശ്വതമായി നീതിനിഷേധങ്ങളുടെ മാറാപ്പ് പേറേണ്ടിവരുന്നതായും വർത്തമാന ഇന്ത്യ രേഖപ്പെടുത്തുന്നുണ്ട്. ഒരേ ജൈവസ്വഭാവം പേറിയ മനുഷ്യഭ്രൂണങ്ങൾക്ക്, പിറവിക്കുശേഷം സമൂഹത്തിൽ ഇടകലരുവാൻ കഴിയാത്തവണ്ണം 'തൊട്ടുകൂടാത്തവർ', 'തീണ്ടിക്കൂടാത്തവർ’, 'ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ' എന്നിങ്ങനെ വേർതിരിഞ്ഞ് നിലകൊള്ളേണ്ടിവരുന്നു. ഇത്തരം വിധ്വംസക സാഹചര്യങ്ങൾ ഭൗതിക ഇടങ്ങളിലും, മനുഷ്യചിന്തകളിലും എങ്ങനെ പ്രവർത്തിച്ചു വരുന്നുവെന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്, അല്ലാത്തപക്ഷം തുടരുന്നു, ഈ അനീതികളുടെ തനിയാവർത്തനം.

ജൈവപരമായി ഓരോ മനുഷ്യനും അനുവർത്തിക്കുന്ന പ്രകൃതിസാധ്യതകൾ സമാനമാണെങ്കിലും ജനനശേഷമുള്ള ഭൗതിക ഇടത്തിലെയും സാമൂഹ്യ ഇടത്തിലെയും വിഭജനങ്ങൾക്ക് ഭൗതികരൂപം കൈവരുന്നുണ്ട്. വിവിധ മനുഷ്യസമൂഹങ്ങളുടെ അന്യവത്കരണവും, ഉച്ഛനീചത്വങ്ങളും, അതുപോലെ ചില മനുഷ്യരുടെ സ്ഥലങ്ങളെയും ഇടങ്ങളെയും അന്യാധീനപ്പെടുത്തുന്ന പ്രവർത്തന തത്വങ്ങളെയും പരിശോധിക്കപ്പെടാത്തോളം സമൂഹ്യനീതി എന്നത് വിഫലശ്രമമായി തുടരുകതന്നെ ചെയ്യും. ചരിത്രപരമായ അനീതികളുടെ കെട്ടിയാടലുകളിൽ സ്ഥലങ്ങളും ഇടങ്ങളും എങ്ങനെ വേഷപ്പകർച്ച നടത്തുന്നുവെന്നും, ജൈവിക സമാനതകൾക്ക് സമമായി ഉണ്ടാവേണ്ട സാമൂഹിക ഉടമ്പടികളിൽ നിന്ന് മനുഷ്യർ എങ്ങനെ വിഭജിക്കപ്പെടുന്നു എന്നും നാം സ്ഥൂലചിത്രം നടത്തേണ്ടതാണ്.

ഇടവും സ്ഥലവും
ജീവിതപരിസരങ്ങളിൽ

ഇടത്തിന്റെയും, സ്ഥലത്തിന്റെയും വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ഭാഷാപണ്ഡിതരിൽ നിന്ന് സാമൂഹ്യശാസ്ത്രജ്ഞിലേക്ക് പ്രവേശിക്കുമ്പോൾ മനുഷ്യജാതികളുടെ വിഭജനരീതിശാസ്ത്രങ്ങളുടെ ചൂണ്ടുപലകളായി സ്ഥലം, ഇടം തുടങ്ങിയ പരികൽപനകൾ വളർന്നുനിൽക്കുന്നു എന്ന് കാണാൻ കഴിയും. സാമൂഹ്യശാസ്ത്ര ഗവേഷണങ്ങളുടെ പ്രാഥമിക ചോദ്യങ്ങളായി ഇടവും സ്ഥലവും മാറ്റപ്പെട്ടതിലൂടെ വിവിധ സമൂഹങ്ങളുടെ വികാസവും, മറ്റുപലരുടെ പുറന്തള്ളലുകളും വിലയിരുത്തുന്നതിനുള്ള സാധ്യതയും ഇവിടെ തുറന്നുതരുന്നുണ്ട്. സ്ഥലത്തെയും ഇടത്തെയും മനുഷ്യജീവിതങ്ങളിൽ ഇടപെടുന്ന സവിശേഷ അടിസ്ഥാനത്തിൽ സാഹചര്യങ്ങളെ പരിഗണിക്കുമ്പോൾ നാല് അർത്ഥതലങ്ങളിൽ നിന്നുള്ള വിശദീകരണ രീതികൾ ഗവേഷകർ പിന്തുടരുന്നത് കാണാൻ കഴിയും.

ഒന്നാമതായി; ഭൗതികവസ്തു, പ്രതിഭാസം എന്ന രീതികളിൽ മനുഷ്യജീവിതങ്ങളിൽ ഇടവും സ്ഥലവും വ്യവഹരിക്കുമ്പോൾ, ഇടം മനുഷ്യേതര ഇടപെടലുകളിൽ നിർമ്മിതമായിട്ടുള്ള ഭൗതിക വസ്തുവാകുന്നു. ആകാശം, ഭൂമി എന്നീ ഉദാഹരണങ്ങളിലൂടെ ഭൗതിക ഇടത്തെ നിർവ്വചിക്കുമ്പോൾ, വിസ്താരമേറിയതും പലതിനേയും ഉൾക്കൊള്ളാൻ ശേഷിയുള്ളതുമായ ഭൗതിക സ്ഥാനമായി ഇടത്തിന്റെ (space) വിശദീകരണത്തെ മനസ്സിലാക്കാം. വിസ്തൃതിയിലുള്ള ഭൗതിക സ്ഥാനങ്ങളിലെ മനുഷ്യനിർമ്മിതമായ വസ്തുക്കളെ (ഉദാഹരണമായി ഭവനങ്ങൾ, കൃഷിയിടങ്ങൾ, ആരാധനാലയങ്ങൾ എന്നിവ) ഉൾക്കൊള്ളുന്ന ഭൗതികസ്ഥാനത്തിലെ ഒരു ഭാഗമായി മാത്രം (space) സ്ഥലങ്ങൾ നിർവ്വചിക്കപ്പെടുന്നുണ്ട്.

മനുഷ്യർ വിഭജിക്കപ്പെടുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളിൽ ഒന്നാണ്, ജാതിയെന്ന പൗരാണിക മനുഷ്യവിഭജനത്തിന്റെ പ്രത്യയശാസ്ത്രം.

രണ്ടാമതായി; സാമൂഹ്യപരിസരങ്ങളിലേക്ക് ഇടം, സ്ഥലം എന്നീ സങ്കല്പങ്ങൾ പ്രവേശിക്കുമ്പോൾ മനുഷ്യരുടെ സാമാന്യബോധങ്ങളിലൂടെയും, സാമൂഹ്യ നിയമാവലികളിലൂടെയും വിധി നിർണ്ണയ ശേഷി കൈവരിക്കുന്ന പ്രത്യയശാസ്ത്ര രൂപത്തിലേക്ക് സ്ഥലം, ഇടം എന്നീ സങ്കല്പങ്ങൾ പടരുന്ന സാഹചര്യങ്ങൾ സംജാതമാവുന്നു. സാമൂഹ്യഇടങ്ങൾ പലപ്പോഴും മനുഷ്യശരീരങ്ങൾക്ക് ഭൗതിക ഇടത്തിന്മേലുള്ള അവകാശ സാധ്യതകളുടെ വിധികർത്താകളാവുന്നുണ്ടെന്നർത്ഥം. ഇങ്ങനെ ഇടത്തിന്റെ സാമൂഹ്യ പരിസരങ്ങളിൽ നിന്ന് ഇടം വ്യക്തികളുടെ വികാര-വിചാരങ്ങളിലേക്ക് പ്രവേശിക്കുന്നതും ഇടപെടുന്നതുമായ സാഹചര്യമാണ് മൂന്നാമത്തെ അവസ്ഥ. മനുഷ്യജീവികളുടെ ആവാസവ്യവസ്ഥയെ പ്രതിനിധാനം ചെയ്യുന്ന ഭൗതികസ്ഥലത്തിലെ സമാനതകൾക്കിടയിൽ പോലും, ചില മനുഷ്യ ശരീരങ്ങൾക്കുള്ള വികസന സാധ്യതകളും മറ്റുള്ളവർക്കുള്ള അസാധ്യതകളും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇതിന്റെ കാരണം മാനസിക ഇടത്തിന്റെ വൈരുദ്ധ്യങ്ങളും മാനസിക ഇടങ്ങൾ മനുഷ്യർക്കിടയിൽ ഉണ്ടാക്കിയെടുത്തിട്ടുള്ള ധ്രാമത്തിന്റെ അടിസ്ഥാനത്തിലുമാണ്.

ഭൗതിക സാഹചര്യത്തിന്റെ അടിസ്ഥാനത്തിലും, സാമൂഹ്യവ്യവസ്ഥയിലും നിന്നുകൊണ്ടാണ് മനുഷ്യന്റെ സാംശീകരണത്തെയും, പ്രതികരണത്തെയും, അടിസ്ഥാനപ്പെടുത്തിയ മനുഷ്യ ജീവിതം സാധ്യമാകുന്നത്. 'സ്ഥല-ഇടങ്ങൾ' എന്ന നിർവ്വചനത്തിലൂടെ നാലാമത്തെ വിശദീകരണത്തിലേക്ക് കടക്കുമ്പോൾ, മുകളിൽ സൂചിപ്പിച്ച മൂന്ന് വിശദീകരണങ്ങളുടെ സമന്വയം വെളിവാക്കപ്പെടുന്നുണ്ട്. മൂന്ന് സവിശേഷതകളും ഒറ്റയായി നിൽക്കാതെ സംഗമിക്കുന്ന ഇടങ്ങളാണ് മനുഷ്യന്റെ ജീവിതതാവളങ്ങൾ. സ്ഥല- ഇടങ്ങൾ ഒരുക്കിത്തരുന്ന ഭൗതികസാഹചര്യങ്ങളുടെയും, സാമൂഹ്യനയങ്ങളുടെയും കണ്ണിചേരലുകളിലൂടെ സ്വയമേവ വികാസം പ്രാപിക്കുന്നതാണ് സ്ഥല-ഇടങ്ങൾ. എന്നിരുന്നാലും വ്യക്തികളുടെ സ്ഥലങ്ങളിലെ വ്യാപ്തിയും, ആഴവും താൻ പ്രതിനിധീകരിക്കുന്ന സമൂഹത്തിലെ സ്ഥാനവും പദവിയുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ചുരുങ്ങിയ സ്ഥലങ്ങൾ (ചിന്ത കൊണ്ടും, ജീവിതനിലവാരം കൊണ്ടും, നിയമ വ്യവസ്ഥിതി കൊണ്ടും) മനുഷ്യന്റെ ഭൗതിക ഇടനിർമ്മിതിയിലും അറിവുനിർമാണ പ്രക്രിയയിലും പ്രതികൂലമായി വർത്തിക്കുന്നുണ്ട്. പാവപ്പെട്ടവനായതുകൊണ്ട് പാവപ്പെട്ടവനാവുന്നതുപോലെയും പണക്കാരനായതുകൊണ്ട് പണക്കാരനായി തുടരുന്നതു കണക്കെയും സ്ഥല- ഇടങ്ങൾ ഓരോ ജീവിതസാധ്യതകളേയും, സാഹചര്യങ്ങളേയും നിർണ്ണയിക്കുന്നുവെന്നർത്ഥം. അതുകൊണ്ടുതന്നെ ലിംഗപരവും, സാമൂഹ്യപരവുമായ അനീതികൾ ഓരോ വ്യക്തികളിലും ചരിത്രനാളുകളിൽ തുടങ്ങി വർത്തമാന സ്ഥല- ഇടങ്ങളിലും ഭാവി സ്ഥല-ഇടങ്ങളിലും ഇടപെട്ടുകൊണ്ടിരിക്കും.

ഇടകലരലുകൾക്ക് മനുഷ്യനെ അനുവദിക്കാത്ത സാമൂഹ്യഘടനയാണ് ജാതി. ജാതി എന്നാൽ ജനനം എന്നർത്ഥം കൂടി സംസ്‌കൃതഭാഷ അവകാശപ്പെടുന്നുണ്ട്.

ജാതിശരീരങ്ങളുടെ
സ്ഥലപരത

സാമൂഹ്യശാസ്ത്രജ്ഞനായ എ. പോണ്ടി മനുഷ്യ ശരീരങ്ങളെ മുൻനിർത്തികൊണ്ടുള്ള സാമൂഹ്യ ഘടനയുടെ പ്രവർത്തനരീതി എന്ന സങ്കല്പത്തിന് ശ്രദ്ധേയമായ സ്ഥാനം ഉത്തരാധുനികതയുടെ കാലത്ത് ലഭിക്കുന്നതായി നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളിൽ പ്രകൃതിയിലെ മനുഷ്യജീവിതങ്ങളുമായി ബന്ധം പുലർത്തുന്ന ഭൗതികപ്രതിഭാസങ്ങളുടെ സാമൂഹ്യസ്ഥാനം, ദിശകൾ, സ്ഥലപരിധി, വ്യാപനം, എന്നിവയിലുള്ള അവസരങ്ങൾ പൂർണമായും മനുഷ്യശരീരങ്ങളെ മുൻനിർത്തിയുള്ള സാമൂഹ്യനിയമങ്ങളോട് ചേർത്ത് വായിക്കപ്പെടേണ്ടതാണ്. ഇതിലൂടെ ചില മനുഷ്യ ശരീരങ്ങൾക്ക് മറ്റു മനുഷ്യരുടെമേലുള്ള നിയന്ത്രണവും അവകാശവും തീരുമാനിക്കപ്പെടുന്നതായി കാണാം. അതുകൊണ്ടുതന്നെ വർത്തമാനകാലത്ത് ശരീരങ്ങളെ ജൈവവസ്തുവിനപ്പുറം, സാമൂഹ്യ, രാഷ്ട്രീയ പ്രതിഭാസമായും നോക്കിക്കാണേണ്ടതുണ്ട്. മനുഷ്യശരീരങ്ങൾ പലതിന്റെയും പ്രതിനിധീകരിക്കലാകുമ്പോൾ, മനുഷ്യർ വിഭജിക്കപ്പെടുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളിൽ ഒന്നാണ്, ജാതിയെന്ന പൗരാണിക മനുഷ്യവിഭജനത്തിന്റെ പ്രത്യയശാസ്ത്രം. വേദകാലഘട്ടത്തിലെ മനുസ്മൃതി എന്ന വേദഗ്രന്ഥത്തെ മുൻനിർത്തിയും, ഹിന്ദുമതത്തിലെ കർമം, ധർമം, നിഷ്ഠ തുടങ്ങിയ ജീവിത, ജീവാനന്തര മോക്ഷ പ്രാപ്തി സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയും ഇടകലരലുകൾക്ക് മനുഷ്യനെ (sexual-social inter course) അനുവദിക്കാത്ത സാമൂഹ്യഘടനയാണ് ജാതി. ജാതി എന്നാൽ ജനനം എന്നർത്ഥം കൂടി സംസ്കൃതഭാഷ അവകാശപ്പെടുന്നുണ്ട്.

എന്നിരുന്നാലും ഈ വ്യവസ്ഥ മനുഷ്യനെ നാല് വിഭാഗങ്ങളായി വിഭജിക്കുന്നു (ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ- ഇന്ത്യൻ പൊതുഭാവനയിൽ). സൃഷ്ടിയുടെ ഭൂതനായ ബ്രഹ്മാവിൽ നിന്നാണ് വിവിധങ്ങളായ മനുഷ്യ വിഭജനങ്ങൾ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഈ വിശ്വാസത്തിൽനിന്ന് ഓരോ വിഭാഗങ്ങളും ബ്രഹ്മാവിന്റെ ശരീരത്തിലെ ഏത് അവയവത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന പ്രാധാന്യമേറിയ ചിന്തയെ സാമൂഹ്യ ഇടങ്ങളിലേക്ക് പിടിച്ചിറക്കേണ്ടതുണ്ട്. ഈ വിഷയമാണ് ജാതിക്ക് വിധേയത്വം പ്രഖ്യാപിച്ച് വിഘടിക്കപ്പെട്ടുപോയ ‘ഒരേ സമൂഹത്തിലെ ഒരേ മനുഷ്യരുടെ' അന്യോന സ്പർദ്ധയ്ക്ക് കാരണമാകുന്നത്. ഈ സ്പർദ്ധയാണ് സാമൂഹ്യ ഇടങ്ങളിൽ ഇന്നും വ്യവഹരിക്കുന്നത്. മുകളിലേക്ക് പോകുന്തോറും ശ്രേഷ്ഠതയും, കീഴോട്ട് ചെല്ലുന്തോറും മേച്ഛതയും ചാർത്തപ്പെട്ട ശ്രേണീഘടനയിലാണ് മനുഷ്യജാതികളുടെ വിഭജനത്തിൽ ബ്രാഹ്മണർ പൂർണ്ണതയുടെ പ്രതീകമാകുന്നത്. ബ്രഹ്മാവിന്റെ തലയിൽനിന്നുള്ള ഉത്ഭവം അവർക്ക് കർമ്മത്തിലും, സാമൂഹ്യ ഇടപാടലുകളിലും പ്രാധാന്യം നൽകുന്നതിലേക്ക് നയിക്കപ്പെട്ടു. നെഞ്ചിൽ നിന്ന് ക്ഷത്രിയരുടെയും, തുടയിൽ നിന്ന് വൈശ്യരുടെയും, കാലിൽ നിന്ന് ശുദ്രരുടെയും പിറവികൾ ബ്രഹ്മാവിന്റെ ശരീരത്തിലെ അവയവങ്ങളുടെ വ്യത്യാസമനുസരിച്ച് മാറ്റപ്പെടുന്നുണ്ട്. ഈ ഘടനകളിൽ തലയിൽനിന്ന് തുടങ്ങി കാലിൽ എത്തിനിൽക്കുന്ന (മുകളിൽനിന്ന് താഴോട്ട്) ജാതി പിറവികളുടെ ഗോവണികളിൽ ശരീര അവയവങ്ങളുടെ പ്രാധാന്യം കണക്കെ മനുഷ്യർ അളക്കപ്പെടുന്നുണ്ട്. ഇനി, ബ്രഹ്മാവിന്റെ ശരീരത്തോട് ബന്ധമില്ലാത്ത അച്ചുട്ടർ, ദലിതർ തുടങ്ങിയ പേരിൽ വിളക്കപ്പെടുന്ന മനുഷ്യജീവികൾ അന്നും ഇന്നും ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയിൽ പുറത്താക്കപ്പെട്ടിരുന്നു.

നമ്മുടെ നാട്ടിലെ സ്പർശത്തിന്റെ സാംസ്കാരികചരിത്രം ഏറെയും ജാതിയുടെ ചരിത്രവുമായി ഇഴപിരിഞ്ഞു ബന്ധിക്കപ്പെട്ടിരിക്കുന്നു. മേൽജാതി- കീഴ്ജാതി അയിത്തങ്ങൾക്കുപുറമേ കീഴ്ജാതികൾ തമ്മിൽ കൃത്യമായ അയിത്തം പാലിക്കപ്പെട്ടിരുന്നു. ''മണ്ണാന്മാരും പാണന്മാരും മറ്റും ഈഴവർക്ക് വഴിമാറണം. പുലയനും പറയനും, മണ്ണാനും പാണനും വേണ്ടി വഴിമാറണം, പുലയനും മറ്റും നായാടിക്ക് വേണ്ടി വഴിമാറണം'' എന്നിങ്ങനെ നീളുന്നു അസ്പർശതയുടെ സ്ഥലവിന്യാസങ്ങൾ. ചില ജാതിക്കാരെ തൊടാതെതന്നെ സാന്നിധ്യം കൊണ്ട് അയിത്തമുണ്ടാവുന്ന തരത്തിൽ മനുഷ്യരുടെ വിഭജന ചൂഷണ ഉപാധികൾ നിലകൊള്ളുന്നു എന്നതാണ് ജാതിഘടനയുടെ സാമൂഹ്യശാസ്ത്രം. ജാതി എന്ന പദത്തിന് ജനനം എന്നർത്ഥം ഉണ്ടെന്നിരിക്കെ ഇന്ത്യൻ സമൂഹത്തിലെ ജാതിയുടെ ജനനം ബ്രഹ്മാവിന്റെ (പ്രപഞ്ചസൃഷ്ടിയുടെ ഉറവിടമായ) ശരീര സ്ഥാനത്തിന്റെയും അവയവത്തിന്റെയും വ്യത്യാസങ്ങൾക്കനുസരിച്ച് സൃഷ്ടിക്കപ്പെടുന്നതായി നോക്കിക്കാണാം.

ജാതിയെ മുൻനിർത്തിയ സമൂഹഘടനയ്ക്ക് സമാനമായി, ഒരു പ്രദേശത്തിന്റെ കേന്ദ്രത്തിൽ നിന്ന് നിശ്ചിത അകലം പാലിക്കുന്ന തരത്തിൽ അരികുകളിലേക്കാണ് വൈശ്യരുടെയും, ശുദ്രരുടെയും സ്ഥലങ്ങൾ കുടികൊള്ളുന്നതെന്നു കാണാൻ കഴിയും.

ഇങ്ങനെ ജാതിയെ മനുഷ്യശരീരത്തെ മുൻനിർത്തി വ്യാഖ്യാനിക്കുമ്പോൾജാതിവ്യവസ്ഥ സ്ഥലപരതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാം. ഇത്തരത്തിൽ ജാതിയുടെ സ്ഥലപരത മാനവ ശരീരത്തിൽ മാത്രമല്ല, ഭൗതിക ഇടങ്ങളിലേക്കും വ്യാപിച്ചുകൊണ്ട് വിഭജനസങ്കൽപ്പത്തിലൂടെ സമൂഹത്തെ തരംതിരിക്കുന്ന ഭൗതികരൂപമായും പരിവർത്തനപ്പെടുത്തുന്നു. അതായത് ജാതിക്കനുസരിച്ച് അവരുടെ സ്ഥലപരതയിലും അതിന്റെ സാധ്യതകളിലും മാറ്റമുള്ളതായി കാണാം. ബ്രഹ്മാവിന്റെ തലയിൽ നിന്ന് ആവിർഭവിച്ചു എന്ന പരമാർശത്തോടെ ബ്രാഹ്മണന്റെ ജനനത്തെക്കുറിച്ച് പറയുമ്പോൾ, സ്ഥലപരമായി ബ്രാഹ്മണൻ സമൂഹത്തിന്റെ മുഖ്യസ്ഥാനത്തിലാണ് അവരോധിക്കപ്പെടുന്നത്. പൊതുവിൽ ബ്രാഹ്മണർ ഇതര സമൂഹത്തിൽനിന്ന് വ്യത്യസ്തമായി അഗ്രഹാര നിർമിതികളിലും വാസ്തുവിദ്യയുടെ തിരഞ്ഞെടുക്കലുകളിലും തങ്ങളുടെ ഷോഡജ സംസ്കാരം പൂർത്തീകരിക്കാൻ സാധ്യത നൽകുന്ന നദീ-നീർത്തടങ്ങളായിരുന്നു എന്നും അവർ കണ്ടെത്തിയിരുന്നു. അതോടൊപ്പം, അവരുടെ പ്രദേശത്തിന്റെ മുഖമായി അതേ സ്ഥലത്ത് ആരാധനാലയങ്ങളും, മതപഠനശാലകളും, പൂജാകർമയാഗങ്ങളുമായി ബ്രാഹ്മണർ നിലനിൽക്കുന്നു എന്നതാണ് വാസ്തവം.

ശ്രീനിവാസൻ എം. എൻ
ശ്രീനിവാസൻ എം. എൻ

മനുഷ്യശരീരങ്ങൾ പ്രപഞ്ചത്തിലെ ഒരു ഭാഗം എന്ന നിലയിൽ നിന്ന്, മനുഷ്യശരീരം തന്നെ പ്രപഞ്ചമായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥാവിശേഷം സമൂഹത്തിൽ നിലകൊള്ളുന്നുണ്ട്. ജാതിവ്യവസ്ഥയിലൂടെ സമൂഹത്തിലുള്ളവാകുന്ന ചലനാത്മകഥയെ പണ്ഡിതനായ ശ്രീനിവാസൻ എം. എൻ, മനുഷ്യനിലെ സംസ്കൃതവത്കരണം എന്ന് വിളിക്കുമ്പോൾ പ്രാദേശിക അടിസ്ഥാനത്തിലും ജാതിഘടന സംസ്കൃതവത്കരണം നടത്തുന്നുണ്ട് എന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. ഈ പ്രക്രിയയാണ് സംസ്കൃതത്തിന്റെ സ്ഥലപരതാവത്കരണം എന്ന് വിശേഷിപ്പിക്കുന്നത്. ജാതി പ്രക്രിയയിൽ ഉന്നതസ്ഥാനം നേടുന്നതിന് ഒരു താഴ്ന്ന ജാതി ആ പ്രദേശത്തെ പ്രബലജാതിയുടെ ശീലങ്ങളും പെരുമാറ്റങ്ങളും പകർത്തുന്നതും, മേൽജാതികളുടെ ആചാരാനുഷ്ഠാനങ്ങൾക്കും ജീവിതരീതികൾക്കുമൊപ്പം സമാനത പുലർത്തുന്നതുമായ അനുകരണങ്ങൾ സദാ തുടരുന്നുണ്ട് സമൂഹത്തിൽ എന്നത് ജാതിയുടെ പ്രവർത്തനതത്വത്തെയാണ് വെളിവാക്കുന്നത്. ഏറ്റവും ഉപരിവിപ്ലവവുമായി നിരീക്ഷിക്കുന്ന ഒരാളെപ്പോലും വിസ്മയിപ്പിക്കുന്ന ജാതിയുടെ പ്രവർത്തനതത്വമാണത്. ഓരോ ജാതിയുടെയും മനുഷ്യശരീരത്തെ സംബന്ധിക്കുന്ന ജനനസ്ഥലവും സമൂഹത്തിലെ സ്ഥലപരമായ സ്ഥാനവും തമ്മിലുള്ള ബന്ധത്തിന്റെ കാര്യകാരണങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ യഥാർത്ഥത്തിൽ അതിഭീകരതയുടെ മൂർത്തരൂപം സ്ഥലപരതയിലൂടെയാണ് നിലനിൽക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.

ആധുനിക സമൂഹത്തിന്റെ വികസന സാധ്യതകൾ അന്യമായ ഗ്രാമങ്ങളും നഗരങ്ങളും എന്നും കീഴാളരുടെയും, ശൂദ്രരുടെയും അയിത്ത മേഖലകളായി തുടരുന്നുണ്ട്. ചില മനുഷ്യർക്കെതിരെയുണ്ടാവുന്ന സ്ഥല- ഇടങ്ങളുടെ നിഷേധം, മനുഷ്യശരീരത്തിലെ ജാതിയുടെ ഉത്ഭവസ്ഥാനങ്ങളുമായി ബന്ധിപ്പിക്കാം.

ബ്രാഹ്മണരിൽ നിന്ന് ക്ഷത്രിയരിലെത്തുമ്പോൾ, ജാതിയത ബ്രഹ്മാവിന്റെ തലക്കുതാഴെ കയ്യിൽ നിന്നുള്ള (നെഞ്ച് ഉൾപ്പെടെ) ജനനമായി ബന്ധപ്പെട്ടതാണ്. അധികാരവർഗം, ഭരണവർഗം എന്നീ നിലകളിൽ വ്യാഖ്യാനിക്കപ്പെടുന്ന ക്ഷത്രിയരുടെ സ്ഥലപരമായ സ്ഥാനം അമ്പലത്തോടും കോട്ടയോടും ചേർന്നുള്ള തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലാണ്. തുടയിൽ നിന്നും കാലിൽ നിന്നും പിറവികൊള്ളുന്ന വൈശ്യരും, ശുദ്രരും യഥാക്രമം ബ്രാഹ്മണരെയും, ക്ഷത്രിയരെയും സേവിക്കുന്ന (കച്ചവട- കാർഷികവ്യത്തികളിലേർപ്പെടുന്ന) തൊഴിലാളികളായാണ് സമൂഹത്തിൽ നിലകൊള്ളുന്നത്. ജാതിയെ മുൻനിർത്തിയ സമൂഹഘടനയ്ക്ക് സമാനമായി, ഒരു പ്രദേശത്തിന്റെ കേന്ദ്രത്തിൽ നിന്ന് നിശ്ചിത അകലം പാലിക്കുന്ന തരത്തിൽ അരികുകളിലേക്കാണ് വൈശ്യരുടെയും, ശൂദ്രരുടെയും സ്ഥലങ്ങൾ കുടികൊള്ളുന്നതെന്നു കാണാൻ കഴിയും. അതാണ് ജാതി മനുഷ്യശരീരങ്ങളിലൂടെ ഇടങ്ങളിൽ പ്രവർത്തിച്ചപ്പോഴുണ്ടായ ചില മനുഷ്യസമൂഹങ്ങളുടെ അരികുവത്കരണം. വിഭവസാധ്യതകൾ നൽകാതെ തുറന്ന ഗ്രാമപ്രദേശങ്ങളും, പൊന്തക്കാടുകളും, ചെരിവുപ്രദേശങ്ങളും, പാവപ്പെട്ടവരുടെയും പുറന്തള്ളപ്പെട്ടവരുടെയും പ്രധാന വിഹാരകേന്ദ്രങ്ങളാവുന്നു എന്നതാണ് വാസ്തവം.

 തുടയിൽ നിന്നും കാലിൽ നിന്നും പിറവികൊള്ളുന്ന വൈശ്യരും, ശുദ്രരും യഥാക്രമം ബ്രാഹ്മണരെയും, ക്ഷത്രിയരെയും സേവിക്കുന്ന (കച്ചവട- കാർഷികവ്യത്തികളിലേർപ്പെടുന്ന) തൊഴിലാളികളായാണ് സമൂഹത്തിൽ നിലകൊള്ളുന്നത്.  / Photo: sutori.com
തുടയിൽ നിന്നും കാലിൽ നിന്നും പിറവികൊള്ളുന്ന വൈശ്യരും, ശുദ്രരും യഥാക്രമം ബ്രാഹ്മണരെയും, ക്ഷത്രിയരെയും സേവിക്കുന്ന (കച്ചവട- കാർഷികവ്യത്തികളിലേർപ്പെടുന്ന) തൊഴിലാളികളായാണ് സമൂഹത്തിൽ നിലകൊള്ളുന്നത്. / Photo: sutori.com

വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങളെ മുൻനിർത്തി ജാതിശരീരങ്ങളും ഭൂമിയിലെ സ്ഥാനവും തമ്മിലുള്ള ബന്ധത്തെ നോക്കിക്കാണാം. ആധുനിക സമൂഹത്തിന്റെ വികസന സാധ്യതകൾ അന്യമായ ഗ്രാമങ്ങളും നഗരങ്ങളും (റോഡ്, വെള്ളം, വെളിച്ചം, പ്രകൃതിദുരന്തം) എന്നും കീഴാളരുടെയും, ശൂദ്രരുടെയും അയിത്ത മേഖലകളായി തുടരുന്നുണ്ട്. ചില മനുഷ്യർക്കെതിരെയുണ്ടാവുന്ന സ്ഥല- ഇടങ്ങളുടെ നിഷേധം, മനുഷ്യശരീരത്തിലെ ജാതിയുടെ ഉത്ഭവസ്ഥാനങ്ങളുമായി ബന്ധിപ്പിക്കാം. ശരീരത്തിലെ അവയവങ്ങളുടെ പ്രാധാന്യം കണക്കെ ജാതികളുടെ അംഗീകാരങ്ങളിൽ വരുന്ന വ്യത്യാസങ്ങൾ അവർക്ക് ലഭ്യമാവുന്നതും, ലഭ്യമായിട്ടുള്ളതുമായ ഭൗതിക ഇടങ്ങളിലും കാണാൻകഴിയും. മനുഷ്യശരീരങ്ങളുടെ അസ്പർശ്യതയുടെ ആശയങ്ങൾ സ്ഥലപരമായി അന്യവൽക്കരണം സൃഷ്ടിക്കാൻ ശേഷിയുള്ള ഭൗതികരൂപമായി നിലകൊള്ളുന്നു എന്നതാണ് മറ്റൊരു ദയനീയത. ഇന്ത്യയുടെ ഭൗതിക പരിസരങ്ങളിൽ വിവിധ ജാതികളുടെ സ്ഥാനങ്ങൾ അവരുടെ സ്ഥലപരമായ ജീവിതസാധ്യതകളെ നിർണയിക്കുമാറ് സ്വാധീനം ചെലുത്തുന്നുണ്ട്. ചില മനുഷ്യരുടെ ആവാസവ്യവസ്ഥയോടുള്ള അനീതിയിൽ നിലകൊള്ളുന്ന സാമൂഹ്യവ്യവസ്ഥയുടെ ഘടനയ്ക്കുള്ളിൽ തുല്യനീതിയിലധിഷ്ഠിതമായി ഒരു ഉത്പാദനപ്രക്രിയയും, സാമൂഹ്യനീതിയിലൂന്നിയ സമൂഹത്തിന്റെ രൂപപ്പെടലും പ്രതീക്ഷിക്കുക എന്നത് സാധ്യമല്ല.

താഴ്ന്ന ജാതിക്കാരായ ദരിദ്രരിൽ വലിയൊരു പങ്കും പ്രധാനമായും അധിവസിക്കുന്നത് ദുരന്തസാധ്യതകൾ കൂടി ഇടങ്ങൾ, മണ്ണിന്റെ ഊർവരതയും ഉൽപാദനക്ഷമതയും കുറഞ്ഞ കടൽക്കരകൾ, കുന്നിൻ ചെരിവുകൾ, താഴ്ന്നതും, വെള്ളക്കെട്ടുള്ളതുമായ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ്.

നീതിപൂർവ്വവും സുസ്ഥിരവുമായ ജീവിതങ്ങളുടെ ഇടങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനും മനുഷ്യസാധ്യതകളെ പൂർണ്ണമായി സാക്ഷാത്കരിക്കുന്നതിനും വിരുദ്ധമായി ജാതിവ്യവസ്ഥയിലെ എല്ലാത്തിനെയും സ്ഥലവിതരണത്തിന്റെ അനീതികളിലേക്ക് (spatial injustice) തള്ളിവിടുന്നുണ്ട്. സ്ഥലവിതരണത്തിന്റെ നീതി എന്നത് സാമൂഹ്യ മൂല്യമുള്ള വിഭവലഭ്യത സാധ്യമാവുന്ന ഇടങ്ങളുടെ ന്യായവും, തുല്യമായ വിതരണവും ഉപയോഗവും ഉൾപ്പെടുത്തുന്നതാണ്. എന്നാൽ ഈ ജീവിതസാധ്യതയെ ഭൂരിപക്ഷത്തിന് നിഷേധിക്കുന്ന സാമൂഹ്യവ്യവസ്ഥിതിയായി ജാതി, വർണം, വർഗം തുടങ്ങിയവ മാറുകയും ഭൂരിഭാഗങ്ങളുടെ നീതിരഹിതമായ വിതരണത്തിലേക്ക് (spatial injustice) നയിക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. താഴ്ന്ന ജാതിക്കാരായ ദരിദ്രരിൽ വലിയൊരു പങ്കും പ്രധാനമായും അധിവസിക്കുന്നത് ദുരന്തസാധ്യതകൾ കൂടി ഇടങ്ങൾ, മണ്ണിന്റെ ഊർവരതയും ഉത്പാദനക്ഷമതയും കുറഞ്ഞ കടൽക്കരകൾ, കുന്നിൻ ചെരിവുകൾ, താഴ്ന്നതും, വെള്ളക്കെട്ടുള്ളതുമായ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ്. കേരളത്തിൽ ദലിതരും, ദരിദ്രരും അധിവസിക്കുന്ന കോളനികളുടെ പേരിടലിന് (സ്ഥലത്തിന്റെ പേര്) കുന്ന്, പുറം, ചോരി, ചള്ള, കുണ്ട്, കുഴി, പാറ തുടങ്ങിയ വാക്കുകൾ വരുന്നത് ഈ സമൂഹത്തിന്റെ സ്ഥാനീയ സവിശേഷത അടയാളപ്പെടുത്തുന്നതിന്റെ നേർസാക്ഷ്യം കൂടിയാണ്. പിന്നാക്ക വിഭാഗങ്ങളുടെ വാസസ്ഥലവുമായി ബന്ധപ്പെട്ട ഈ അനീതികൾ ആധുനികതയുടെ ഉത്പന്നമല്ല. ജാതി, വർഗം, വർണ്ണം തുടങ്ങി സാമൂഹ്യഘടന സൃഷ്ടിച്ച കാലാകാലങ്ങളായ ചൂഷണപരിസരങ്ങളുടെ ബാക്കിപത്രമാണിത്. കാലം ചെല്ലുന്തോറും ഒരു പ്രത്യേക വിഭാഗത്തിൽപ്പെടുന്ന ദുർബല ജനവിഭാഗങ്ങളെ അപ്രസക്തമാക്കുന്ന ജാതിവ്യവസ്ഥയും കാർക്കശ്യമേറിയ മുതലാളിത്ത ചൂഷണ വ്യവസ്ഥയും അവരുടെ അതിജീവനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

കാലം ചെല്ലുന്തോറും ഒരു പ്രത്യേക വിഭാഗത്തിൽപ്പെടുന്ന ദുർബല ജനവിഭാഗങ്ങളെ അപ്രസക്തമാക്കുന്ന ജാതിവ്യവസ്ഥയും കാർക്കശ്യമേറിയ മുതലാളിത്ത  ചൂഷണ വ്യവസ്ഥയും അവരുടെ അതിജീവനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കാലം ചെല്ലുന്തോറും ഒരു പ്രത്യേക വിഭാഗത്തിൽപ്പെടുന്ന ദുർബല ജനവിഭാഗങ്ങളെ അപ്രസക്തമാക്കുന്ന ജാതിവ്യവസ്ഥയും കാർക്കശ്യമേറിയ മുതലാളിത്ത ചൂഷണ വ്യവസ്ഥയും അവരുടെ അതിജീവനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

വിവിധ സംസ്കാരങ്ങളെ മുൻനിർത്തിയുള്ള ചരിത്രപരമായ അന്വേഷണത്തിൽ രാജപുരോഹിത വർഗ്ഗങ്ങൾ, അധികാര ശ്രേണിയിൽ ഇരിക്കുന്നവരുടെ ഇടങ്ങൾ കേന്ദ്രസ്ഥാനമായി നിലകൊണ്ട് പ്രവർത്തിക്കുന്നു. ഈ അധീശ്വത വർഗ്ഗത്തിന്റെ ശരീരഘടനയെ മുൻനിർത്തിയിട്ടുള്ള സ്ഥല- കാല ബോധങ്ങളുടെ വിശദീകരണങ്ങൾ നിയമവ്യവസ്ഥയായി സമൂഹ്യപരിസരങ്ങളിൽ നടമാടുന്നുണ്ട്. കൂടാതെ ഇവരുടെ ശിരസ്സിന് മുകളിൽ സ്വർഗ്ഗവും കാല്പാദത്തിനു താഴെ പാതാളവുമായി പരാമർശിക്കപ്പെടുമ്പോൾ ശരീരത്തിന്റെ മുഖം ഉൾപ്പെടുന്ന ഭാഗങ്ങൾ ഭാവിയുടെയും വർത്തമാനകാലത്തിന്റെയും പ്രതീകമാകുമ്പോൾ, പിൻവശങ്ങൾ ഭൂതകാലത്തിന്റെ രൂപകമായി ചിത്രീകരിക്കപ്പെടുന്നുണ്ട്. ഇങ്ങനെ ചില മനുഷ്യശരീരങ്ങൾക്ക് ദിശയുടെയും കാലത്തിന്റെയും സവിശേഷതകൾ ഉൾക്കൊള്ളുന്ന തരത്തിൽ സാമാന്യബോധങ്ങൾ സൃഷ്ടിക്കാൻ ശേഷിയുണ്ട്.

മനുഷ്യജാതികളുടെ പരമ്പര സ്ത്രീശരീരങ്ങളിൽ നിന്നാണെങ്കിൽ കൂടിയും സ്ത്രീശരീരങ്ങളുടെ പിറവിയുടെ തുടക്കം പുരുഷശരീരത്തിൽ നിന്നാണെന്ന മതചിന്തയിലൂന്നിയാണ് ഇന്നും ആധുനിക സമൂഹം സഞ്ചരിക്കുന്നത്.

ഭൂരിപക്ഷജനത പിന്തുടരുന്ന മിത്തുകളും ഇതിഹാസവും ചരിത്രകാലത്ത് ഒരു ഭൂപ്രദേശത്ത് മാത്രം ഒതുങ്ങിനിന്ന (രാമായണം, മഹാഭാരതം, ബൈബിൾ, ഖുറാൻ തുടങ്ങിയ ഇതിഹാസങ്ങൾ) വസ്തുനിഷ്ഠസംഭവത്തിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ അറിവുകളെ ജനകീയവും, ദേശവ്യാപകവുമായി നിലനിൽക്കുന്ന സാമാന്യ ബോധമായി മാറുന്നുണ്ടെന്ന് ജെ.ബി. ജാക്സണിനെ പോലുള്ള ചരിത്ര ഗവേഷകർ സൂചിപ്പിക്കുകയുണ്ടായി. ഭൗതികഇടങ്ങളുടെ പ്രാധാന്യത്തെയും തിരഞ്ഞെടുക്കലുകളെയും സ്വാധീനിക്കുന്ന സാമാന്യബോധവുമായി ഇത്തരം അറിവുകൾ നിൽക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബൈബിളിലെ ഗാഗുൽത്താ മലയിൽ യേശുവിനൊപ്പം ക്രൂശിക്കപ്പെട്ട ഇടത്തെ കള്ളന്റെ കഥ.
ഇതിനെ തുടർന്ന് വലതുവശങ്ങൾ ഐശ്വര്യത്തെയും ശുഭാരംഭങ്ങളുടെയും പ്രാധാന്യം ഉൾക്കൊള്ളുന്ന ജീവനുറ്റ സ്ഥലമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു. ഇന്നും ക്രൈസ്തവ- ഇസ്ലാം മത വിശ്വാസികൾ, ഇടതുവശത്തെയും വലതുവശത്തെയും മതഗ്രന്ഥങ്ങളിലെ സംഭവകഥകളുടെയും കഥാപാത്രങ്ങളുടെയും അടിസ്ഥാനത്തിൽ രണ്ടു തട്ടുകളിൽ പരിഗണിക്കുന്ന ചിന്താധാര നിലനിർത്തുന്നതായി കാണാം. ഒരു കാലത്ത് സ്ഥലപരിമിതിയിലും ജനകീയതയിലും വരെ ന്യൂനപക്ഷത്തിന്റെ സാക്ഷ്യങ്ങളും അറിവുകളുമായിരുന്ന സംഭവകഥകൾ ഇന്ന് സർവ്വവ്യാപിയായി ഭൗതികഇടങ്ങളിലേക്ക് അരിച്ചിറങ്ങിയതിന്റെ പിന്നിലും ഈ മിത്തുകൾ ഏറ്റെടുത്തു പ്രചരിപ്പിച്ച ശരീരങ്ങളുടെ പ്രാധാന്യവും അധികാരശക്തിയും കാരണമാകുന്നുണ്ട്.

  ജെ.ബി. ജാക്‌സൺ
ജെ.ബി. ജാക്‌സൺ

സ്ത്രീശരീരവും
ലിംഗനീതിയും

സ്ത്രീശരീരങ്ങളുടെ സാമൂഹ്യസ്ഥാനം, സ്വാതന്ത്ര്യം തുടങ്ങിയ ചിന്തകളിലെല്ലാം നിലവിലെ പുരുഷകേന്ദ്രീകൃത ഇടപെടലുകൾ സജീവമായി പ്രവർത്തിക്കുന്നത് കാണാം. പുരുഷശരീരങ്ങൾക്ക്, സ്ത്രീശരീരത്തേക്കാൾ മഹത്വം കൽപ്പിക്കുന്ന പൊതുബോധങ്ങളിൽ നിന്ന് സ്ത്രീസമൂഹങ്ങൾ പോലും സ്വതന്ത്രരല്ല. വിവിധ സംസ്കാരങ്ങളിലും അതിലെ നാനാജാതി സമൂഹങ്ങളിലും സ്ത്രീ പാവനത്വവും, ചേതനയും കല്പിക്കപ്പെടുന്ന വ്യക്തിത്വങ്ങളാവുന്നുണ്ട്. കാല്പനിക വിശദീകരണങ്ങളിലെ മുഖ്യ കഥാപാത്രങ്ങളായി (സീത, ഭൂമിദേവി, മറിയം, ലക്ഷ്മിദേവി, ഫാത്തിമ) സ്ത്രീ അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥ സാമൂഹ്യപരിസരങ്ങളിൽ സ്ത്രീകൾ പുരുഷനിർവചനത്തിലാണ് ജീവിക്കുന്നത്. മനുഷ്യജാതികളുടെ പരമ്പര സ്ത്രീശരീരങ്ങളിൽ നിന്നാണെങ്കിൽകൂടിയും സ്ത്രീശരീരങ്ങളുടെ പിറവിയുടെ തുടക്കം (ആവിർഭാവം) പുരുഷശരീരത്തിൽ നിന്നാണെന്ന മതചിന്തയിലൂന്നിയാണ് ഇന്നും ആധുനിക സമൂഹം സഞ്ചരിക്കുന്നത്. സാമൂഹിക, സാംസ്കാരിക മേഖലകളിലെ സ്ത്രീയുടെ പ്രതിനിധീകരിക്കലുകൾ പുരുഷശരീരങ്ങളോടുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ നിർണ്ണയിക്കപ്പെടുന്നു എന്നതാണ് പ്രതിസന്ധി. സാമ്പത്തിക- സാമൂഹിക പരിസരങ്ങളിൽ പോലും അമ്മയെന്ന ജൈവ ഉത്പാദന പ്രക്രിയയിലെ ആണിക്കല്ലിനെ, സഹനത്തെയും, ത്യാഗത്തെയും ബന്ധിപ്പിക്കുന്ന വൈകാരിക ചിത്രീകരണങ്ങളിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. മോഡലുകളായി ആധുനിക മുതലാളിത്തത്തിന്റെ കലാരൂപമായ പരസ്യങ്ങളിൽ സജീവ സ്ഥാനം പങ്കിട്ടെടുക്കുന്നുണ്ടെങ്കിലും സ്ത്രീയെ വിപണന ഉപാധി എന്നതിനപ്പുറം ഉൽപാദനമേഖലയുടെ കേന്ദ്രസ്ഥാനത്തിലേക്ക് അവരോധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ആർത്തവവുമായി ബന്ധപ്പെട്ട്, മതപരവും സാമൂഹ്യപരവുമായ ചർച്ചകളിലേക്ക് പ്രവേശിച്ചാൽ, സ്ത്രീകളുടെ ഭൗതികസ്ഥാനത്തെ ആരാധനാ ഇടങ്ങളിൽ ചോദ്യം ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടുന്ന സമൂഹത്തെ കാണാൻ കഴിയും.

ലോകത്താകമാനം, പ്രത്യേകിച്ച് ഇന്ത്യയിൽ, ആകെയുള്ള ഉല്പാദന മേഖലകളിലും സാമൂഹിക- രാഷ്ട്രീയ പരിസരങ്ങളിലും സ്ത്രീ പ്രാതിനിധ്യം 10%-ത്തിൽ താഴെയാണ്. സ്ത്രീ ശരീരങ്ങളോടുള്ള വിമുക്തത ഈ കണക്കിൽ വ്യക്തമാണ്. സ്ത്രീശരീരങ്ങൾ പുരുഷ ശരീരങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതിനുള്ള ഉപാധിക്കപ്പുറം പുരുഷനൊപ്പം ജൈവശരീരങ്ങളായി പരിഗണിക്കപ്പെടുന്ന സാഹചര്യങ്ങൾ ഇനിയും അകലെയാണ് എന്നതാണ് കണക്കുകൾ പറയുന്നത്. ഓരോ കുടുംബത്തിലെയും അംഗങ്ങൾക്ക് വീട് സുരക്ഷയുടെ ഭൗതികകേന്ദ്രങ്ങളായി ചിത്രീകരിക്കപ്പെടുമ്പോൾ, കുടുംബാംഗങ്ങളായ സ്ത്രീകൾക്ക് വീടിനകത്ത് ലഭ്യമാകുന്ന സ്ഥാനം, സ്വാതന്ത്ര്യം, സുരക്ഷ, എന്നിവ പുരുഷകേസരികളോട് താരതമ്യം ചെയ്താൽ അന്യവത്ക്കരണത്തിന്റെയും അനീതിയുടെയും ആഴം അറിയാൻ സാധിക്കും. പ്രാഥമികമായും സ്ത്രീശരീരങ്ങളോടുള്ള വിയോജിപ്പുകളിലൂടെയാണ് സ്ത്രീവിരുദ്ധ നിലപാടുകളുടെ തുടക്കം. പുരുഷ ശരീരങ്ങളിലൂടെ നിർമ്മിക്കപ്പെടുന്നതും അവരുടെ സ്വാധീനവലയത്തിലും സാധ്യതകൾക്കുമായി നിലകൊള്ളുന്ന ശരീരങ്ങളായി ചിത്രീകരിക്കപ്പെടുന്ന ചിന്തകളുടെ ഭൗതികരൂപമായാണ് പുരുഷനുപിന്നിൽ സ്ത്രീകളെ നിർത്തുന്നതിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ പുരുഷ- സ്ത്രീ ശരീരങ്ങൾ സംഗമിക്കുന്ന ഇടങ്ങളിലെല്ലാം പുരുഷമേധാവിത്വം വളരെ സാധാരണയായി നിലനിൽക്കുന്നു.

പുരുഷ - സ്ത്രീ ശരീരങ്ങൾ സംഗമിക്കുന്ന ഇടങ്ങളിലെല്ലാം പുരുഷമേധാവിത്വം വളരെ സാധാരണയായി നിലനിൽക്കുന്നു.
പുരുഷ - സ്ത്രീ ശരീരങ്ങൾ സംഗമിക്കുന്ന ഇടങ്ങളിലെല്ലാം പുരുഷമേധാവിത്വം വളരെ സാധാരണയായി നിലനിൽക്കുന്നു.

ആർത്തവവുമായി ബന്ധപ്പെട്ട്, മതപരവും സാമൂഹ്യപരവുമായ ചർച്ചകളിലേക്ക് പ്രവേശിച്ചാൽ, സ്ത്രീകളുടെ ഭൗതികസ്ഥാനത്തെ ആരാധനാ ഇടങ്ങളിൽ ചോദ്യം ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടുന്ന സമൂഹത്തെ കാണാൻ കഴിയും. എന്നാൽ വിശ്വാസസമൂഹങ്ങൾ യഥാർത്ഥത്തിൽ, സ്ത്രീയെ പുരുഷനു തുല്യം സമമായി കാണാൻ കഴിയാത്ത മാനസികാവസ്ഥ പേറുന്നവരാണ്. ഇവിടെ സ്ത്രീ ശരീരങ്ങളോടുള്ള നിരാസമാണ് പ്രതിസന്ധിയാകുന്നത്. ഇന്ത്യയിൽ നിലനിന്നിരുന്ന സതി സമ്പ്രദായവും, പുരുഷനുശേഷം പ്രളയം എന്ന ചിന്തയുടെ പ്രയോഗരീതിയായാണ് മനസ്സിലാക്കേണ്ടത്. ആർത്തവം പുരുഷന് സാധിക്കുന്ന ജൈവപ്രക്രിയയായിരുന്നെങ്കിൽ ഒരു പൊതുഇടവും ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ഒരു മത ഇടവും അവർക്കുവേണ്ടി നിരോധിക്കപ്പെടില്ലായിരുന്നു എന്നതാണ് വാസ്തവം. അങ്ങനെ ചില ശരീരങ്ങളോടുള്ള വിരുദ്ധതയും അസ്പർശ്യതയും മൂർത്തവും ഭൗതികവുമായ സ്ഥലപരതയിലേക്ക് വ്യാപിച്ചുകൊണ്ടാണ് അനീതിയുടെയും, അസമത്വത്തിന്റെയും തീവ്രത വർദ്ധിക്കുന്നത്.

അറിവുകളുടെ നിർമ്മിതിയിൽ ആര്? എന്തിന്? ആർക്കുവേണ്ടി? എന്നീ ചോദ്യങ്ങളിലൂടെ മാത്രമേ സാമാന്യ അറിവുകളിലെ സാമൂഹ്യനീതിയെ നോക്കികാണാൻ സാധിക്കുകയുള്ളൂ.

മനുഷ്യശരീരവുമായി ബന്ധപ്പെടുത്തി ഒരു ഭൗതികസ്ഥലത്തിൽ വ്യക്തികൾക്ക് നടത്തിയെടുക്കാൻ കഴിയുന്ന ഉപജീവന പ്രവർത്തിയാണ് സ്ഥലപരമായ നൈപുണ്യം. ഭൗതിക ഇടത്തിലെയും സമൂഹത്തിലെയും ചില മനുഷ്യ ശരീരങ്ങളോട് കാണിച്ചുപോരുന്ന വിയോജിപ്പ് അവരുടെ സ്ഥലനൈപുണ്യത്തെയും തുടർന്നുണ്ടാകുന്ന സ്ഥലപരമായ ജ്ഞാനത്തെയും ബാധിക്കുന്നുണ്ട്. സ്ഥലപരമായ നൈപുണ്യം ഓരോ വ്യക്തിയുടെയും തന്റെ ഇടങ്ങളിലെ സ്വാതന്ത്ര്യത്തെ നിർണയിക്കുന്നതുകൊണ്ട് സ്ഥലപരമായ അന്യവത്കരണം മനുഷ്യജാതിയുടെ വികസന സാധ്യതകൾക്കുമേലുള്ള മങ്ങൽലേൽപ്പിക്കലാണ്. ബ്രാഹ്മണ പുരുഷശരീരങ്ങളിൽ നിന്ന് ബ്രാഹ്മണ സ്ത്രീശരീരങ്ങളിലെ ഇറക്കത്തിന്റെ പ്രഹര ശേഷിയെക്കാൾ വലുതാണ് ദലിത് ആൺ ദേഹങ്ങളിൽ നിന്ന് ദലിത് പെൺ ദേഹങ്ങളിലേക്കുള്ള പതനത്തിനുള്ളത്. ഇതിലൂടെ അവർക്ക് ലഭ്യമാകുന്നത് അസാധ്യതകളുടെ ലോകത്തെയാണ്. ഇങ്ങനെ സ്ഥലപരതയിലേക്കും സാമൂഹ്യ പരിസരങ്ങളിലേക്കും വ്യാപിക്കുന്നതാണ് ശരീരങ്ങളെ മുൻനിർത്തിയുള്ള സാമൂഹ്യവിചിന്തന പ്രത്യയശാസ്ത്രങ്ങൾ. സമൂഹത്തിൽ നിലനിൽക്കുന്ന അറിവുകളെ നിഷ്കളങ്കമായിട്ടുള്ളതും പരിവർത്തനരഹിതമായിട്ടുള്ളമായ നിത്യസത്യങ്ങളായി വിലയിരുത്താനാവുകയില്ല. അറിവുകളുടെ നിർമ്മിതിയിൽ ആര്? എന്തിന്? ആർക്കുവേണ്ടി? എന്നീ ചോദ്യങ്ങളിലൂടെ മാത്രമേ സാമാന്യ അറിവുകളിലെ സാമൂഹ്യനീതിയെ നോക്കികാണാൻ സാധിക്കുകയുള്ളൂ. ഇതിനെതിരെയുള്ള സമാന്തര ഇടങ്ങളുടെ നിർമിതിക്ക് നിലവിലെ ചിന്താധാരകളെ എതിർത്തും വിയോജിച്ചും പരിഷ്കരിച്ചും മുന്നോട്ടുപോകേണ്ടതുണ്ട്.

ആർത്തവവുമായി ബന്ധപ്പെട്ട്, മതപരവും സാമൂഹ്യപരവുമായ ചർച്ചകളിലേക്ക് പ്രവേശിച്ചാൽ, സ്ത്രീകളുടെ ഭൗതികസ്ഥാനത്തെ ആരാധനാ ഇടങ്ങളിൽ ചോദ്യം ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടുന്ന സമൂഹത്തെ കാണാൻ കഴിയും.  / People’s Archive of Rural India
ആർത്തവവുമായി ബന്ധപ്പെട്ട്, മതപരവും സാമൂഹ്യപരവുമായ ചർച്ചകളിലേക്ക് പ്രവേശിച്ചാൽ, സ്ത്രീകളുടെ ഭൗതികസ്ഥാനത്തെ ആരാധനാ ഇടങ്ങളിൽ ചോദ്യം ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടുന്ന സമൂഹത്തെ കാണാൻ കഴിയും. / People’s Archive of Rural India

അധീശത്യ ആശയങ്ങളെ തഴുകുന്ന സാമൂഹ്യവ്യവസ്ഥകളെയും നയങ്ങളെയും, എതിരിടുന്നതിനും അപനിർമ്മിക്കുന്നതിനുമുള്ള ഗതാനുഗതിത്വത്തെ ഐക്യപ്പെടലിന്റെ വൈവിധ്യം കൊണ്ടാണ് സ്വാഗതം ചെയ്യേണ്ടത്. ബഹുസ്വരതയുടെ നീതിശാസ്ത്രത്തിലൂടെ ചില ശരീരങ്ങളെ പുറന്തള്ളുന്നതിനും, ഉപേക്ഷിക്കലിനു പകരം ഉൾച്ചേർക്കലുകളുടെ ലോകം സൃഷ്ടിക്കുകയാണ് വേണ്ടത്. ഐൻസ്റ്റീൻ പറഞ്ഞതുപോലെ, നാം സൃഷ്ടിച്ച ഈ ലോകം നമ്മുടെ ചിന്തയുടെ ഉത്പന്നമായി തന്നെയാണ് തുടരുന്നത്. അവിടെനിന്നുമാണ് നാം ചങ്ങല പൊട്ടിക്കേണ്ടതും, പാരമ്പര്യബോധങ്ങളെ മറികടന്ന് പ്രതിരോധം തീർക്കേണ്ടതും.


Summary: Atrocities among humans and the dividing politics Richard Skariya writes


ഡോ. റിച്ചാർഡ് സ്കറിയ

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഭൂമിശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ.

Comments