കീഴാള വർഗ്ഗ
സമാന്തര സമരങ്ങളുടെ അണികളാകണം,
ഇന്ത്യൻ ഇടതുപക്ഷം

ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മുതലാളിത്ത വികസനത്തിന്റെ കാലഹരണപ്പെട്ട സ്റ്റാലിനിസ്റ്റ് പാത കൈവിട്ട് വിപ്ലവകരമായ കീഴാള വർഗ്ഗ സമാന്തര സമരങ്ങളുടെ ഐക്യത്തിൽ അണിചേരുക തന്നെ വേണമെന്ന വാദമുയർത്തുകയാണ് ബി. രാജീവൻ.

താനും വർഷങ്ങൾക്കുമുമ്പ്, ആഗോള മൂലധന സാമ്രാജ്യത്തിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ അമേരിക്കയിൽ നടന്ന വാൾ സ്ട്രീറ്റ് ഉപരോധപ്രക്ഷോഭത്തിൽ ഉയർന്ന ഒരു മുദ്രാവാക്യം ഇതായിരുന്നു: ‘1% നിങ്ങളും 99 % ഞങ്ങളും’. ലോകജനതയിൽ ബഹുഭൂരിപക്ഷത്തെയും വിവിധതരം വിനാശങ്ങളിലേക്ക് തള്ളി വീഴ്ത്തി, ഏതാനും കോർപ്പറേറ്റ് തലവന്മാരിലേക്ക് ലോകത്തെ സമ്പത്ത് മുഴുവൻ കേന്ദ്രീകരിക്കുന്ന വർത്തമാന ജീവിതാവസ്ഥയിലേക്ക് കണ്ണുതുറപ്പിക്കാൻ വേണ്ടിയുള്ളതാണ് ആ മുദ്രാവാക്യം.

പഴയ ദേശാതിർത്തികൾ മറികടന്ന് ഒരാഗോള സാമ്രാജ്യശക്തിയായി ഉദ്ഗ്രഥിക്കപ്പെട്ടു കഴിഞ്ഞ മുതലാളിത്ത മൂലധനം, വികസനമെന്ന ഓമനപ്പേരിന്റെ മറവിൽ, മനുഷ്യന്റെയും പ്രകൃതിയുടെയും ശക്തികളെ മുഴുവൻ ഊറ്റിക്കുടിക്കുന്ന, ഉത്പാദനക്ഷമത കൈവിട്ട വന്ധ്യമായ ഒരു ചോരകുടിയൻ ഭീഭത്സസത്വമായി ഇന്ന് പരിണമിച്ചു കഴിഞ്ഞിരിക്കുന്നു. ഇതു മാത്രമല്ല, സ്വയം അതിരുകളില്ലാത്ത ഒരു ശക്തിയായി മാറുന്നതോടൊപ്പം ലോകജനതയെ രാഷ്ട്രീയവും മതപരവുമായ പലതരം അതിരുകളെച്ചൊല്ലി തമ്മിൽ തല്ലിച്ച് അവർ ചൊരിയുന്ന ചോരയിൽനിന്ന് അത് കൂടുതൽ വീര്യമാർജിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഏതാനും വർഷങ്ങൾക്കുമുമ്പ് ആഗോള മൂലധന സാമ്രാജ്യത്തിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ അമേരിക്കയിൽ നടന്ന വാൾ സ്ട്രീറ്റ് ഉപരോധപ്രക്ഷോഭത്തിൽ ഉയർന്ന ഒരു മുദ്രാവാക്യം ഇതായിരുന്നു: ‘1% നിങ്ങളും 99 % ഞങ്ങളും’.
താനും വർഷങ്ങൾക്കുമുമ്പ് ആഗോള മൂലധന സാമ്രാജ്യത്തിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ അമേരിക്കയിൽ നടന്ന വാൾ സ്ട്രീറ്റ് ഉപരോധപ്രക്ഷോഭത്തിൽ ഉയർന്ന ഒരു മുദ്രാവാക്യം ഇതായിരുന്നു: ‘1% നിങ്ങളും 99 % ഞങ്ങളും’.

പഴയ ദേശീയ മുതലാളിത്തത്തിന്റെ ലിബറൽ ജനാധിപത്യം മൂല്യങ്ങളെ മുഴുവൻ റദ്ദുചെയ്ത് കോർപ്പറേറ്റ് മൂലധനത്തിന്റെ മാനേജ്മെന്റിന് ഉതകുന്ന വിവിധതരം നവ ഫാഷിസ്റ്റ് സാമന്തമാരെ ആഗോള സാമ്രാജ്യവ്യവസ്ഥ ലോകമെങ്ങും രാജ്യഭരണം ഏൽപ്പിക്കുകയും ചെയ്യുന്നു. നവ ലിബറൽ രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിന്റെ പ്രയോഗത്തിലൂടെ ആഗോള മൂലധന സാമ്രാജ്യം മാനവരാശിക്ക് മുൻ മാതൃകകളില്ലാത്ത വിധം ഇങ്ങനെ പിടിമുറുക്കിയിരിക്കുന്നതിന്റെ ശ്വാസംമുട്ടലിൽ നിന്നുകൊണ്ടാണ് നാം, ‘ഇന്ന് രാഷ്ട്രീയമായി ജീവിക്കുക എന്നാൽ എന്താണ്’ എന്ന ചോദ്യം ഉയർത്തുന്നത്.

കീഴാള വർഗ്ഗങ്ങളുടെ
രാഷ്ട്രീയ കർതൃത്വം

ഈ ചോദ്യം നിശ്ചയമായും ആധിപത്യം പുലർത്തുന്ന വ്യവസ്ഥയോട് പൊരുത്തപ്പെട്ട് സുഖജീവിതം നയിക്കാൻ അനുവദിക്കാത്ത യഥാർത്ഥ ഇടതുപക്ഷ രാഷ്ട്രീയ ഭാവുകത്വത്തിൽ നിന്നുയരുന്ന ഒരു ചോദ്യമാണ്. അതുകൊണ്ട് ഈ സന്ദർഭത്തിൽ നമുക്ക് പ്രധാനമായും ഉയർത്തിയെടുക്കേണ്ട ചിന്ത മാനവരാശിക്കും പ്രകൃതിക്കും വിനാശം വിതയ്ക്കുന്ന ആഗോള മൂലധന വ്യവസ്ഥയെ ചെറുക്കാൻ പോന്ന മറുപുറത്തിന്റെ മഹാശക്തികളെ കുറിച്ചാണ്. മുതലാളിത്ത മൂലധനം എത്ര ഭീകരാകാരമാർജ്ജിച്ചാലും അത് ‘മൃതാധ്വാന’ (Dead labour) ത്തിന്റെ മൂർത്തി മാത്രമാണ്. സജീവ അധ്വാനത്തിന്റെ (Living labour) ജീവശക്തിയെ ഊറ്റിക്കുടിക്കുന്നതിലൂടെ മാത്രം നിലനിൽക്കുന്ന മൃത ഭൂതത്തിന്റെ പെരുക്കം മാത്രമാണ്. ഇതു പറയാൻ കാരണം, മുതലാളിത്ത വ്യവസ്ഥയെ മനുഷ്യചരിത്രവികാസത്തിന്റെ കർതൃസ്ഥാനത്ത് പ്രതിഷ്ഠിച്ച്, സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും വേണ്ടി പ്രവർത്തിക്കുന്ന പഴയ ഇടതുപക്ഷ സമീപനം നാം ഉപേക്ഷിക്കാൻ വൈകിയിരിക്കുന്നു എന്ന് വ്യക്തമാക്കാനാണ്. മുതലാളിത്തത്തെ ചരിത്രവികാസത്തിന്റെ അനിവാര്യഘട്ടമായും കർതൃത്വശക്തിയായും പ്രതിഷ്ഠിക്കുന്ന തന്റെ ആദ്യകാല സമീപനം മാർക്സ് പിൽക്കാല രചനകളിൽ പൂർണമായും തള്ളിക്കളയുകയും ഗോത്ര സമൂഹങ്ങൾ അടക്കമുള്ള ലോക കീഴാള ജനസഞ്ചയത്തിന്റെ ചരിത്രനിർമ്മാണ ശക്തിയുടെ സർഗാത്മകതയെ ആവുന്നത്ര ഉയർത്തിക്കാട്ടുകയും ചെയ്തിട്ടുള്ളതാകുന്നു. എന്നാൽ ഇങ്ങനെ മുതലാളിത്തത്തെ തള്ളി ലോകചരിത്ര വികാസത്തിന്റെ കർതൃസ്ഥാനത്ത് സജീവ അധ്വാനത്തിലൂടെ സ്വന്തം ലോകത്തെ സ്വയം സൃഷ്ടിക്കുന്ന ജനവിഭാഗങ്ങളെ പ്രതിഷ്ഠിച്ചത് ഇന്ന് നമ്മുടെ രാഷ്ട്രീയചർച്ചയുടെ കേന്ദ്ര സ്ഥാനത്തേക്ക് വരേണ്ടിയിരിക്കുന്നു.

മുതലാളിത്ത മൂലധനം എത്ര ഭീകരാകാരമാർജ്ജിച്ചാലും അത് ‘മൃതാധ്വാന’ (Dead  labour) ത്തിന്റെ മൂർത്തി മാത്രമാണ്. സജീവ അധ്വാനത്തിന്റെ (Living labour) ജീവശക്തിയെ ഊറ്റിക്കുടിക്കുന്നതിലൂടെ മാത്രം നിലനിൽക്കുന്ന മൃത ഭൂതത്തിന്റെ പെരുക്കം മാത്രമാണ്.
മുതലാളിത്ത മൂലധനം എത്ര ഭീകരാകാരമാർജ്ജിച്ചാലും അത് ‘മൃതാധ്വാന’ (Dead labour) ത്തിന്റെ മൂർത്തി മാത്രമാണ്. സജീവ അധ്വാനത്തിന്റെ (Living labour) ജീവശക്തിയെ ഊറ്റിക്കുടിക്കുന്നതിലൂടെ മാത്രം നിലനിൽക്കുന്ന മൃത ഭൂതത്തിന്റെ പെരുക്കം മാത്രമാണ്.

അങ്ങനെ നോക്കുമ്പോൾ മുതലാളിത്തത്തെ, അതിന്റെ ഇന്ന് കാണുന്ന ഭീകരമായ ചോരകുടിയൻ സ്വരൂപം പുറത്തെടുക്കാൻ നിശ്ചയമായും ലോക കീഴാള വർഗ്ഗങ്ങളുടെ സ്ഥൂലവും സൂക്ഷ്മവുമായ ചെറുത്തുനിൽപ്പുകൾ കാരണമായിട്ടുണ്ടെന്നുതന്നെ പറയാം. മുതലാളിത്തത്തിന് അന്യമായ ഈ കീഴാള വർഗ്ഗ ബദൽ ജനാധിപത്യാധികാരത്തിന്റെ, പൊതുവേ അദൃശ്യമായ സൂക്ഷ്മചരിത്രം അടുത്ത് പരിശോധിക്കുന്നതിലൂടെ മാത്രമാവും, ഇന്ന് രാഷ്ട്രീയമായി ജീവിക്കുക എന്നാൽ എന്തെന്ന് നമുക്ക് കണ്ടെത്താനാവുക.

കീഴാള വർഗ്ഗ
ബദൽ അധികാരത്തിന്റെ
ഉയിർത്തെഴുന്നേൽപ്പ്

കഴിഞ്ഞ നൂറ്റാണ്ടിലെ രണ്ടാം പകുതിയോടെ ലോകമെമ്പാടും പാശ്ചാത്യ ആധുനികതയുടെ പരമ്പരാഗത രാഷ്ട്രീയസങ്കല്പത്തിന്റെ ചട്ടക്കൂടിനെ വെല്ലുവിളിച്ച് വിവിധതരം പാർശ്വവൽകൃത ജനവിഭാഗങ്ങളുടെ രാഷ്ട്രീയ മുഖ്യധാരയിലേക്കുള്ള കടന്നുകയറ്റമുണ്ടായി. കറുത്തവരും സ്ത്രീകളും ദലിതരും കർഷകരും ആദിവാസികളും തൊഴിലില്ലാത്ത യുവാക്കളും അടങ്ങുന്ന ജനങ്ങൾ ഉയർത്തിയ പ്രക്ഷോഭങ്ങളായിരുന്നു ഇവ. ഈ പ്രക്ഷോഭങ്ങൾ മനുഷ്യജീവിതത്തെ, അരാഷ്ട്രീയമെന്ന് കരുതപ്പെടുന്ന സ്വകാര്യ ജീവിത മണ്ഡലത്തിലേക്കും രാഷ്ട്രീയ പൊതു മണ്ഡലത്തിലേക്കും രണ്ടായി വേർതിരിച്ചു നിർത്തുന്ന ലിബറൽ മുതലാളിത്ത വിഭജനത്തിന്റെ അച്ചടക്കതന്ത്രത്തെ തകർത്തുകൊണ്ടുള്ള മുന്നേറ്റങ്ങളായിരുന്നു. ചുരുക്കത്തിൽ അടിയിൽ നിന്നുയർന്നുവന്ന ബഹുരൂപിയായ ഈ നവീന ഇടതുപക്ഷ പ്രക്ഷോഭങ്ങളിലൂടെ സംഭവിച്ചത്, സ്വകാര്യ- പൊതുകാര്യ വിഭജനത്തിലൂടെ സ്വകാര്യജീവിതത്തിന്റെ അടഞ്ഞ ലോകത്തേക്ക് അടിച്ചൊതുക്കപ്പെട്ട വിവിധ കീഴാള ജീവിത സ്വത്വങ്ങളുടെ ശക്തമായ രാഷ്ട്രീയവൽക്കരണത്തിലൂടെ രൂപപ്പെട്ട വലിയ പൊട്ടിത്തെറികളായിരുന്നു. വ്യക്തിപരമായത് രാഷ്ട്രീയമാണ് (Political is personal) എന്ന ഫെമിനിസത്തിന്റെ രണ്ടാം തരംഗത്തിൽ ഉയർന്നുവന്ന മുദ്രാവാക്യം മുതലാളിത്ത ജീവിതലോകത്തിന്റെ ഈ പൊതു- സ്വകാര്യ വിഭജനം തകരുന്നതിന്റെ സൂചനയായിരുന്നു. ഈ പശ്ചാത്തലത്തിൽ അമേരിക്കയിലെയും യൂറോപ്പിലെയും വംശീയ വിവേചനത്തിനും പുരുഷമേധാവിത്വത്തിനും ഉച്ചനീചത്വങ്ങൾക്കും പുത്തൻ കോളനിവാഴ്ചകൾക്കും എതിരെ വിദ്യാർത്ഥികളും തൊഴിലാളികളും ഇടത്തരക്കാരും ദരിദ്രരും ഒത്തുചേർന്ന് നടത്തിയ പ്രക്ഷോഭങ്ങൾ തുടങ്ങി പാർട്ടി ലേബൽ മാറ്റി നിർത്തിയാൽ നക്സൽബാരിയിലെ ആദിവാസി- കർഷക കലാപം വരെ വ്യാപിക്കുന്ന പുതിയ ഇടതുപക്ഷ രാഷ്ട്രീയ മുന്നേറ്റങ്ങൾ ഉള്ളടക്കത്തിൽ രാഷ്ട്രീയസ്വത്വം നിഷേധിക്കപ്പെട്ട ജീവിതങ്ങളുടെ വിമോചനത്തിനു വേണ്ടിയുള്ള പുതിയ രാഷ്ട്രീയ സമരങ്ങളുടെ തുടക്കമായിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, മനുഷ്യരുടെ സ്വകാര്യജീവിതത്തെ അരാഷ്ട്രീയ വൽക്കരിക്കുന്ന ലിബറൽ ജനാധിപത്യത്തിന്റെ ഇരട്ടത്താപ്പുകൾക്കും വ്യക്തിയുടെ സ്വകാര്യ ജീവിത മണ്ഡലമായ പൗരസമൂഹത്തെ ഭരണകൂടം ആഗിരണം ചെയ്യുന്ന സ്റ്റാലിനിസത്തിനും എതിരെ മർദ്ദിത ജീവിത സ്വത്വങ്ങൾ ആഗോളതലത്തിൽ ഉയർത്തിയ കലാപങ്ങളായിരുന്നു അവ.

സ്വകാര്യ സ്വത്വ ജീവിതമണ്ഡലങ്ങളുടെ ഈ രാഷ്ട്രീയമായ തുറപ്പ്, പഴയ ദേശീയ മൂലധന ഘടനയിൽ ഒതുങ്ങിനിന്ന മുതലാളിത്ത വ്യവസ്ഥ ഇന്ന് കാണുന്ന മട്ടിൽ ഭൂമിയെ ഒന്നാകെ ഗ്രസിക്കുന്ന ഒരു ആഗോള വ്യവസ്ഥയായി രൂപാന്തരപ്പെടുന്നതിൽ വഹിച്ച കർതൃത്വപരമായ പങ്ക് ഇനിയും പരിശോധിക്കപ്പെട്ടിട്ടില്ല. പഴയ ദേശീയ മുതലാളിത്തം ഒരു ചൂഷക വ്യവസ്ഥയായി പ്രവർത്തിച്ചത് സമൂഹത്തെ ഒന്നാകെ മിഷേൽ ഫൂക്കോ പറഞ്ഞ മാതിരിയുള്ള നിരവധി അച്ചടക്ക സാങ്കേതികവിദ്യകളുടെ പ്രയോഗത്തിന് കീഴ്പ്പെടുത്തുന്നതിലൂടെയാണ്. സമൂഹത്തെ ഉച്ചനീചക്രമത്തിൽ വിന്യസിക്കുന്നതിനുള്ള കുടുംബം അടക്കമുള്ള ഈ സൂക്ഷ്മ രാഷ്ട്രീയ സങ്കേതങ്ങൾ മുഴുവൻ അരാഷ്ട്രീയം എന്ന് വിധിക്കപ്പെട്ട സ്വകാര്യജീവിതമണ്ഡലത്തിലാണ് പ്രവർത്തിക്കുന്നത്. ഈ സ്വകാര്യ ജീവിത മണ്ഡലത്തിലെ വിവിധതരം അടിച്ചമർത്തപ്പെട്ട സ്വത്വങ്ങളുടെ രാഷ്ട്രീയവൽക്കരണത്തിന് തുടക്കം കുറിച്ച ഈ പുതിയ മുന്നേറ്റങ്ങൾ മേൽപ്പറഞ്ഞ അച്ചടക്ക സാങ്കേതിക വിദ്യകളെ മുഴുവൻ പുതുക്കിപ്പണിയാനാവാത്ത വിധം തകരാറിലാക്കുകയാണ് ചെയ്തത്.

കീഴാള വർഗ്ഗസമരങ്ങളുടെ
വിപ്ലവകരമായ സമാന്തരത

സ്വകാര്യ ജീവിതസ്വത്വങ്ങളുടെ ഈ രാഷ്ട്രീയവൽക്കരണം, ഫാക്ടറിയ്ക്കുള്ളിൽ സമയബന്ധിതമായി അധ്വാനശക്തി ചൂഷണം ചെയ്യപ്പെടുകയും അത് കഴിഞ്ഞ് കുടുംബത്തിന്റെ സ്വകാര്യതയിലേക്ക് തുറന്നുവിടപ്പെടുകയും ചെയ്യുന്ന ക്ലാസിക്കൽ തൊഴിലാളി വർഗ്ഗത്തിന്റെ ഒരേയൊരു മുന്നണി വർഗ്ഗം എന്ന ഏകാന്തതയെ തകർക്കുകയും ചെയ്തു. ചുരുക്കത്തിൽ വിവിധ കീഴാള സ്വത്വങ്ങൾ അവയുടെ വിമോചനത്തിനു വേണ്ടിയുള്ള പുതിയ സമരവേദികൾ തുറക്കുന്നതോടെ തൊഴിലാളി വർഗ്ഗവും മുന്നണി പിന്നണി ഭേദമില്ലാതെ മുതലാളിത്ത വിരുദ്ധ വിശാല സമരങ്ങളുടെ ഭാഗമാകുകയാണുണ്ടായത്.

അങ്ങനെ ആധുനിക തൊഴിലാളിയും മുതലാളിയും തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രമാണ് വർഗ്ഗസമരത്തിന്റെ ഒരേയൊരു മൗലികരൂപം എന്നും അതിന്റെ പരിഹാരത്തിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന മറ്റെല്ലാ അസമത്വങ്ങളും ചൂഷണ രൂപങ്ങളും അവസാനിക്കും എന്നും മാർക്സിസത്തിൽ പ്രബലമായി തീർന്ന ധാരണയെ പുതിയ മുന്നേറ്റങ്ങൾ തിരുത്തുകയാണ് ചെയ്തത്. തത്വചിന്തയുടെ ഭാഷയിൽ പറഞ്ഞാൽ മൗലികമായ ഒരു യഥാർത്ഥ കേന്ദ്രസത്തയും അതിന്റെ പ്രകാശനങ്ങളായ തരംതാണ ഇതര പ്രതിഭാസങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പഴയ യൂറോപ്യൻ മെറ്റ ഫിസിക്കൽ മാതൃകയാണ് ഈ വർഗ്ഗസമര സങ്കല്പത്തിൽ പ്രവർത്തിച്ചത്. എന്നാൽ നാനാതരം സ്വത്വ വിമോചന പ്രസ്ഥാനങ്ങൾ ആവിഷ്കരിച്ച നൂതന സമരരൂപങ്ങൾ ഈ കേന്ദ്ര സത്താ പ്രതിഭാസബന്ധത്തെ ഇന്ന് തകിടം മറിച്ചിരിക്കുന്നു.

നവീന ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തുറന്നിട്ട രാഷ്ട്രീയ സൈദ്ധാന്തിക പ്രശ്നമണ്ഡലത്തിലേക്ക്, വസ്തുസത്തയുടെ എല്ലാ ആവിഷ്കാരങ്ങളും സ്വതന്ത്ര സമാന്തര (Parallel) യാഥാർത്ഥ്യങ്ങളാണെന്നും അതീതശക്തികളെ ആശ്രയിക്കാത്ത അന്തഃസ്ഥിത (Immanent) ശക്തികളാണെന്നുമുള്ള സ്പിനോസിസ്റ്റ് ഭൗതികവാദം കടന്നുവന്നതോടെയാണ് ഈ തകിടം മറിച്ചിലിന് താത്വികാടിസ്ഥാനം ഉണ്ടാകുന്നത്. ഇതോടെ കറുത്തവരുടെയും സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും മറ്റും സ്വത്വസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങൾ സമാന്തര വർഗ്ഗസമരങ്ങളുടെ യഥാർത്ഥ പദവിയിലേക്ക് ഉയരുകയാണുണ്ടായത്. വിപ്ലവകരമായ ഈ സമാന്തരതയിൽ (Revolutionary parallelism) ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളി വർഗ്ഗത്തിന്റെ സമരവും സ്വത്വവിമോചന സമരങ്ങളുടെ മറ്റൊരു രൂപമായി മാറുന്നു. കാരണം തൊഴിലാളി വർഗ്ഗവും അതിന്റെ ചൂഷിതവും പീഡിതവുമായ വർഗ്ഗസ്വത്വത്തിന്റെ വിമോചനത്തിനു വേണ്ടിയാണ് ഇക്കാലമത്രയും സമരം ചെയ്തത്.

അടിച്ചമർത്തപ്പെടുന്ന വിവിധ കീഴാള സ്വത്വങ്ങളുടെ ഈ സമാന്തരത (parallelism) ഇന്ന് ആഴത്തിൽ തിരിച്ചറിയപ്പെടാൻ തുടങ്ങിയിരിക്കുന്നു. വംശീയതയുടെയും ലിംഗപദവിയുടെയും ലൈംഗികതയുടെയും അധ്വാനത്തിന്റെയും ഭിന്നമായ അടിമത്തങ്ങൾ ഒരേ വ്യക്തിയിൽ തന്നെ ഒരുമിച്ചു പ്രവർത്തിക്കുന്നതിനെ കുറിച്ചുള്ള തിരിച്ചറിവിൽനിന്ന് രൂപപ്പെട്ട സമാന്തര സ്വത്വങ്ങളുടെ പാരസ്‌പര്യം (Intersectionality) എന്ന ബ്ലാക്ക് ഫെമിനിസ്റ്റുകൾ മുന്നോട്ടുവച്ച പരികല്പന ഈ സന്ദർഭത്തിലാണ് പ്രസക്തമാകുന്നത്.

ഇങ്ങനെ തൊഴിലാളികൾ മുതൽ സ്ത്രീകളും ദലിതരും തുടങ്ങി LGBTQ+ വരെയുള്ള വിവിധ ഭിന്ന സ്വത്വങ്ങൾ പരസ്പരം മുറിച്ചുകടക്കുന്ന (INSURACTIONAL INTERSECTIONALITY) വിധ്വംസക വിപ്ലവശക്തിയായി ലോകമെങ്ങും രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സമാന്തര വർഗ്ഗശക്തികളുടെ പാരസ്പര്യവും വിധ്വംസകതയും ഇന്ന് ആഗോള മൂലധന സാമ്രാജ്യത്തിന്റെ നവലിബറൽ രാഷ്ട്രീയസമ്പത്ത് ശാസ്ത്ര പരീക്ഷണങ്ങളെയും അവയുടെ നടത്തിപ്പുകാരായ നവ ഫാഷിസ്റ്റ് ഭരണകർത്താക്കളെയും ഭയപ്പെടുത്താൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. ഇതിനർത്ഥം എല്ലാത്തരം കീഴാള വർഗ്ഗങ്ങളുടെയും വിമോചനത്തിനുള്ള ഉപാധിയും ആയുധവുമായി സ്വത്വങ്ങൾ പരസ്പരം മുറിച്ചുകിടക്കുന്നതിലൂടെ ഒരു ക്രിയാത്മക ബദൽ ജനാധിപത്യ കർതൃത്വ ശക്തിയായി രൂപാന്തരപ്പെടാൻ തുടങ്ങിയിരിക്കുന്നു എന്നാണ്.

സമീപകാലത്ത് അമേരിക്കയുടെ നവ ലിബറൽ രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിന്റെ പരീക്ഷണശാലയായ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലുണ്ടായ രാഷ്ട്രീയ പൊട്ടിത്തെറികൾ ഈ സ്വത്വവർഗ്ഗസമരങ്ങളുടെ പാരസ്പര്യത്തിൽ നിന്ന് രൂപപ്പെട്ട വിപ്ലവകരമായ നൂതന രാഷ്ട്രീയ ശക്തിയുടെ ഉദയത്തിന്റെ സൂചന തന്നെയാണ്. പുത്തൻ ഇളം ചുവപ്പു തരംഗം (New pink tide) എന്നറിയപ്പെടുന്ന ലാറ്റിനമേരിക്കൻ ജനമുന്നേറ്റങ്ങളിൽ പഴയ കമ്മ്യൂണിസ്റ്റ് പാർട്ടികളും ഈ സമരോന്മുഖമായ പാരസ്പര്യത്തിൽ ഒരു സമാന്തര ശക്തിയായി പങ്കുചേർന്നിരിക്കുന്നു. ശ്രീലങ്കയെ ഒന്നാകെ ആഗോള നവലിബറൽ കൊള്ളക്കാർക്ക് അടിയറവച്ച രജപക്സെയെയും കൂട്ടരേയും ജീവനുംകൊണ്ട് ഒളിച്ചോടാൻ പ്രേരിപ്പിച്ച സമീപകാലത്തെ കൂട്ടക്കുടിപാർപ്പ് സമരങ്ങളിലും (Occupy struggle) ഇതാണ് സംഭവിച്ചത്.

ഇന്ത്യയിൽ തന്നെ കഴിഞ്ഞ വർഷങ്ങളിൽ നരേന്ദ്രമോദിയുടെ കോർപ്പറേറ്റ് പ്രീണന നയങ്ങൾക്കും ന്യൂനപക്ഷ വിരുദ്ധ ഫാഷിസ്റ്റ് നടപടികൾക്കും എതിരെ ഉയർന്നുവന്ന ശക്തമായ പ്രക്ഷോഭങ്ങൾ ദലിതരും ആദിവാസികളും സ്ത്രീകളും മതന്യൂനപക്ഷങ്ങളും അടക്കമുള്ള കിഴാള സ്വത്വശക്തികളുടെ സമരോന്മുഖമായ പാരസ്പര്യത്തിൽ നിന്ന് രൂപപ്പെട്ടവയാണ്. ഇങ്ങനെ രൂപപ്പെടുന്ന നൂതന രാഷ്ട്രീയ കർതൃത്വത്തെ ഏറ്റെടുക്കാൻ എക്കാലത്തെയും വിപ്ലവ മുന്നേറ്റങ്ങളിൽ എന്നപോലെ ഇന്നും കീഴാള വർഗ്ഗങ്ങളിലേയും യുവാക്കളാണ് മുൻനിരയിൽ. അതിനാൽ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മുതലാളിത്ത വികസനത്തിന്റെ കാലഹരണപ്പെട്ട സ്റ്റാലിനിസ്റ്റ് പാത കൈവിട്ട് വിപ്ലവകരമായ ഈ കീഴാള വർഗ്ഗ സമാന്തര സമരങ്ങളുടെ ഐക്യത്തിൽ അണിചേരുക തന്നെ വേണം.

കാലഹരണപ്പെടുന്ന
ലിബറൽ സ്വത്വരാഷ്ട്രീയം

ഈ നൂതന രാഷ്ട്രീയ മുന്നേറ്റങ്ങളിലൂടെ പഴയ മാർക്സിസ്റ്റ് പാർട്ടികളുടെയും ലിബറൽ സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും കീഴാള സ്വത്വ സംബന്ധിയായ ധാരണകൾ അപ്രസക്തമാവുകയും പുതിയൊരു കീഴാള വർഗ്ഗരാഷ്ട്രീയം ആവിർഭവിക്കുകയുമാണ് ചെയ്യുന്നത്. എല്ലാത്തരം ചൂഷണങ്ങളുടെയും അടിസ്ഥാനമായ മുതലാളിത്ത വ്യവസ്ഥയെ അട്ടിമറിച്ച് സോഷ്യലിസം സ്ഥാപിക്കുന്നതിലൂടെ, താനെ ഇല്ലാതാവുന്ന ഉപരിഘടന പ്രത്യയശാസ്ത്ര പ്രശ്നങ്ങളായി സ്വത്വ സംബന്ധമായ ചൂഷണത്തെ മാറ്റിനിർത്തുകയോ അവഗണിക്കുകയോ ആണ് മാർക്സിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ചെയ്തതെങ്കിൽ, ലിബറൽ സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാർക്സിസത്തിന്റെ സാമ്പത്തികവാദത്തെ മുൻനിർത്തി വർഗ്ഗ സമരത്തെ തന്നെ തള്ളിക്കളഞ്ഞ് സ്വത്വപരമായ ഉച്ചനീചത്വങ്ങളെ മേലാളന്മാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ജനവിരുദ്ധ ആശയ സംഹിതകളുടെ പ്രഭാവമായി നേർപ്പിക്കുകയാണ് ചെയ്യുന്നത്. വസ്തുവാദമെന്നും ആശയവാദമെന്നും വിശേഷിപ്പിക്കാവുന്ന ഈ രണ്ടു സമീപനങ്ങളും സാമൂഹ്യ ജീവിതലോക (Life world) ത്തിന്റെ ഉണ്മയെ ഭൗതികശരീരഘടനയെ സ്പർശിക്കാൻ കഴിയാത്തവയായി കടന്നുപോവുകയാണ് ചെയ്യുന്നത്. മനുഷ്യശരീരങ്ങളെ സമൂഹത്തിൽ വിന്യസിക്കുന്ന അധികാര ബന്ധങ്ങളുടെയും ഉത്പാദന ബന്ധങ്ങളുടെയും അമൂർത്ത ഭൗതിക ഘടനകളിൽ നിന്ന് മുക്തമായി ഒരു സമൂഹവും നിലനിൽക്കുന്നില്ല എന്ന യാഥാർത്ഥ്യത്തെയാണ് ഈ വിരുദ്ധ സമീപനങ്ങൾ വിസ്മരിക്കുന്നത്.

ഇങ്ങനെ സ്വകാര്യ- പൊതുകാര്യ വിഭജനത്തിന്റെയും മനുഷ്യശരീരങ്ങളെ വിന്യസിക്കുന്നതിനുള്ള അച്ചടക്ക സങ്കേതങ്ങളുടെയും തകർച്ചയിലൂടെ രാഷ്ട്രീയശക്തിയായി പുറത്തേക്ക് വ്യാപിക്കാൻ തുടങ്ങിയ മനുഷ്യജീവിതത്തിന്റെ അദമ്യവും സൃഷ്ടിന്മുഖവും വികസ്വരവുമായ ജീവിതശക്തികൾ ഉയർത്താൻ തുടങ്ങിയ വെല്ലുവിളികളെ നേരിടുന്നതിനുള്ള പ്രതിരോധമാണ് ഇന്ന് ആധിപത്യം പുലർത്തുന്ന മുതലാളിത്ത മൂലധനത്തിന്റെ ആഗോളതലത്തിലുള്ള ഉദ്ഗ്രഥനം എന്ന് തന്നെ പറയാം. ഫോഡിസ്റ്റ് മാതൃകയിലുള്ള ഫാക്ടറിയിൽ കേന്ദ്രീകരിച്ച അധ്വാന ചൂഷണത്തിൽ നിന്നും അധ്വാനപ്രക്രിയയുടെ സാമൂഹ്യവൽക്കരണത്തിലൂടെ (Socialisation of labour) വർഗ്ഗസമരത്തിന്റെ സാമൂഹ്യവത്കരണത്തെ നേരിടാൻ ശ്രമിക്കുകയായിരുന്നു മുതലാളിത്തം. അങ്ങനെ പഴയ ഫാക്ടറിയുടെ സമയക്രമങ്ങളും മതിൽക്കെട്ടുകളും തകർത്ത്, സ്ഥല കാലഭേദമില്ലാതെ മനുഷ്യജീവിതത്തെ ഒന്നാകെ ഗ്രസിക്കുന്ന ഒരു പ്രതിഭാസമായി മുതലാളിത്തം മാറുകയായിരുന്നു. ലോകം തന്നെ ഒരു വലിയ ഫാക്ടറി (Global Factory) യായി ഇന്ന് രൂപാന്തരപ്പെട്ടിരിക്കുന്നു എന്നർത്ഥം. ഇവിടെ ആഗോള കീഴാള തൊഴിലാളി വർഗ്ഗത്തിന് മുന്നണിയോ പിന്നണിയോ ഇല്ല. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രയോഗത്തിലൂടെ സ്ഥലകാലങ്ങൾ വെട്ടിച്ചുരുക്കപ്പെട്ട അകവും പുറവും ഇല്ലാത്ത ഈ ആഗോള ഫാക്ടറിയിൽ സോഫ്റ്റ്‌വെയർ എൻജിനീയർ മുതൽ സ്ത്രീയും ആദിവാസിയും വരെ അധ്വാന ചൂഷണത്തിനായി ജീവിതം ഒന്നാകെ അടിയറ വെയ്ക്കുന്നവരായി തീരുന്നു. ഊണിന്റെയും ഉറക്കത്തിന്റെയും ഇടവേളകളില്ലാതെ ജീവിതങ്ങളെ പൂർണമായി ഗ്രസിക്കുന്ന ഈ ജൈവരാഷ്ട്രീയ ഉത്പാദന വ്യവസ്ഥയിൽ (Biopolitical production) ആഗോള മൂലധനം ഒരു ജൈവാധികാര (Bio power) മായാണ് പ്രവർത്തിക്കുന്നത്. ഈ ആഗോള ഡിജിറ്റൽ ഫാക്ടറി സമൂഹത്തെ ക്രമപ്പെടുത്തുന്നതിനുള്ള പഴയ സ്വകാര്യ- പൊതുകാര്യ വിഭജനത്തിനും അച്ചടക്ക സങ്കേതങ്ങൾക്കും സ്ഥാപനങ്ങൾക്കും പകരം മനുഷ്യരെ ആന്തരികമായി സ്വാധീനിക്കുന്നതിനുള്ള അദൃശ്യ നിയന്ത്രണസമൂഹ (Control Society) ത്തിന്റെയും നിരീക്ഷണസമൂഹ (Surveillance society) ത്തിന്റെയും ജൈവാധികാര യന്ത്രങ്ങളാണ് പ്രയോഗിക്കുന്നത്. ഈ ജൈവാധികാരശക്തിയിൽ നിന്നുള്ള മാനവരാശിയുടെയും പ്രകൃതിയുടെയും മോചനത്തിനായുള്ള സാമൂഹ്യവൽക്കരിക്കപ്പെട്ട വർഗ്ഗസമരങ്ങളുടെ നാനാമുഖമായ മുന്നേറ്റങ്ങളുടേതാണ് ഇന്നത്തെ രാഷ്ട്രീയം.

അതായത്, ഈ പശ്ചാത്തലത്തിൽ ശൂന്യമാക്കപ്പെട്ട വിവിധതരം അടിമസ്വത്വങ്ങളുടെ സ്വാധികാരം മേലാളവർഗങ്ങളിൽ നിന്നും തിരിച്ചുപിടിക്കുന്നതിനും സ്വത്വവിമോചനത്തിലൂടെ സ്വത്വഭിന്നതകളെ റദ്ദാക്കുന്നതിനും വേണ്ടിയുള്ള കീഴാള വർഗ്ഗങ്ങളുടെ വിപ്ലവകരമായ സമാന്തരസമരങ്ങളുടേതാണ് ഇന്നത്തെ ഈ ലോകരാഷ്ട്രീയം എന്ന് ചുരുക്കിപ്പറയാം. അതിനാൽ ഈ വർത്തമാന ലോകരാഷ്ട്രീയത്തോട് ഒരാൾ എന്ത് സമീപനം കൈക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരാളുടെ രാഷ്ട്രീയ ജീവിതം സംഭവിക്കുക.

എന്നാൽ നേരത്തെ സൂചിപ്പിച്ചതുപോലെ സ്വകാര്യമായത് രാഷ്ട്രീയമാണ് എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിൽ പോലും നമ്മുടേതുപോലുള്ള ഒരു സിവിൽ സമൂഹത്തിൽ ഒരു സ്വകാര്യ വ്യക്തിക്ക് സമരോന്മുഖമായ ഈ ലോകരാഷ്ട്രീയത്തോട് ധാർമികമോ ആശയപരമോ ആയ പ്രതിബദ്ധതയ്ക്ക് അപ്പുറം അതിൽ ജീവിക്കുക അനായാസമല്ല. കാരണം, ഇന്ന് നാം തിരിച്ചറിയുന്നത് വ്യക്തിപരമായതു മാത്രമല്ല വ്യക്തിയുടെ ബോധത്തിനും പിന്നിൽ പ്രവർത്തിക്കുന്ന (Pre-personal is political) അബോധപ്രക്രിയകളും രാഷ്ട്രീയമാകുന്നു എന്നാണ്. ഈ അബോധം തന്നെ ചരിത്ര യാഥാർഥ്യങ്ങളിൽ നിന്ന് രൂപപ്പെടുന്ന സൂക്ഷ്മ രാഷ്ട്രീയ ഭാവനിക്ഷേപങ്ങളുടെ യും കാമനകളുടെയും സമരവേദിയാകുന്നു എന്നുമാണ്. അതുകൊണ്ട് ലിബറൽ സ്വകാര്യ വ്യക്തിജീവിതത്തിന്റെ അതിശക്തമായ അബോധതൃഷ്ണകളെയും വിലക്കുകളെയും ഭയങ്ങളെയും ഭേദിച്ച്, രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഒരു നൂതന കർതൃത്വത്തിലേക്കുള്ള വേദനാകരവും അതേസമയം ആഹ്ളാദഭരിതവുമായ രൂപാന്തരണം തന്നെയാണ് ഇന്ന് രാഷ്ട്രീയമായി ജീവിക്കുക എന്നതിന്റെ പൊരുൾ. ഇത് സാധ്യമാകുന്നതാകട്ടെ വ്യക്തിജീവിതത്തിന്റെ ഇടുങ്ങിയ വലയങ്ങളിൽ കുടുങ്ങി സങ്കോചം വന്ന സ്നേഹഭാവത്തെ ഒരു രാഷ്ട്രീയഗണമായി (Political category) പരസംക്രമണ ശക്തിയായി വിടർത്തി പറത്താനുള്ള നിരന്തര പരിശീലന (Training in love) ത്തിലൂടെയാണുതാനും.

(മന്ദാകിനി നാരായണൻ ജന്മശതാബ്ദി ആഘോഷവേദിയിൽ നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹം)


Summary: B. Rajeevan argues that the leftist movements in India must abandon the outdated Stalinist path and join the unity of revolutionary, lower-class parallel struggles.


ബി. രാജീവൻ

അധ്യാപകൻ. സാഹിത്യ വിമർശനം, തത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രീയചിന്ത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ മൗലികമായ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുന്ന ചിന്തകൻ. അടിയന്തരാവസ്ഥക്കെതിരെ നിലപാടെടുത്തതിന് പൊലീസ് മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. ജനകീയ സാംസ്‌കാരികവേദിയുടെ കാലത്ത് അറസ്റ്റുചെയ്യപ്പെടുകയും ദീർഘകാലം കോളജ് അധ്യാപകജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. കീഴാള മാർക്‌സിസവും കീഴാള ജനാധിപത്യവും, പ്രളയാനന്തര മാനവികത, ജൈവ രാഷ്ട്രീയവും ജനസഞ്ചയവും, ഇന്ത്യയുടെ വീണ്ടെടുക്കൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments