1949 ഡിസംബർ 22 അർധരാത്രി.
ബാബരി മസ്ജിദിനുള്ളിൽ രാമവിഗ്രഹം പ്രത്യക്ഷപ്പെട്ടു. 1987 മാർച്ച് 29-ന്റെ ഓർഗനൈസർ റിപ്പോർട്ട് ചെയ്തത് ഇപ്രകാരം: "1949 ഡിസംബർ 23- ന്റെ ചരിത്രപരമായ പ്രഭാതത്തിൽ ജന്മസ്ഥാനിൽ ശ്രീരാമചന്ദ്രന്റെയും സീതാദേവിയുടെയും വിഗ്രഹങ്ങൾ അദ്‌ഭുതകരമായി പ്രത്യക്ഷപ്പെട്ടു. ഈ മായയിൽ ആഹ്ലാദഭരിതരായ ആയിരക്കണക്കിന് ഹിന്ദു ഭക്തർ അങ്ങോട്ട് ഒഴുകുകയായിരുന്നു".
അതായത്, ആ വിഗ്രഹം അവിടെ സ്വയം ഭൂ ആയതാണ് എന്നാണല്ലോ ആർ.എസ്.എസ്. പറയുന്നത്. എങ്കിൽ ആ വിഗ്രഹം മാറ്റി പുതിയൊരു വിഗ്രഹം അവിടെ പ്രതിഷ്ഠിക്കുന്നത് എന്തിനെന്ന ചോദ്യം വളരെ പ്രസക്തമാണ്.
എന്നാലോ, ഈ സ്വയംഭൂ കഥയുടെ വാസ്തവം അക്കാലത്തെ ഔദ്യോഗികരേഖകളിൽ നിന്നുതന്നെ കിട്ടും.
ഒരു ഉദാഹരണം മാത്രം പറയാം. അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ. നായർ മുഖ്യമന്ത്രി ജെ.ബി. പന്തിനും ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും അയച്ച റിപ്പോർട്ട് ഇങ്ങനെ: "രാത്രിയിൽ ബാബറി മസ്ജിദിൽ ആരുമില്ലാത്ത നേരത്ത് ഏതാനും ഹിന്ദുക്കൾ അവിടെ പ്രവേശിക്കുകയും ഒരു പ്രതിഷ്ഠ സ്ഥാപിക്കുകയും ചെയ്തു. ഡി.എമും എസ്.പിയും പോലീസും സ്ഥലത്തുണ്ട്. സ്ഥിതി നിയന്ത്രണവിധേയം. രാത്രിയിൽ 15 പൊലീസുകാർ ഇവിടെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നുവെങ്കിലും അവർ ഇടപെട്ടില്ല എന്നാണ് മനസിലാകുന്നത്".
ഇതേ നായരാണ് പിന്നീട്, പ്രധാനമന്ത്രി നെഹ്റു ഇടപെട്ടിട്ടുപോലും, വിഗ്രഹം അവിടെനിന്ന് എടുത്തുമാറ്റാൻ വിസമ്മതിക്കുന്നതും ജില്ലാ മജിസ്‌ട്രേറ്റ് സ്ഥാനം ഒഴിയുന്നതും. ജനസംഘത്തിന്റെ സ്ഥാനാർഥിയായി പിന്നീട് ഇദ്ദേഹം ലോക്സഭയിൽ എത്തുകയും ചെയ്തു.
മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്ത കെ.കെ. മുഹമ്മദിന്റെ, ‘ബാബറി പള്ളിയുടെ തൂണുകളിൽ ക്ഷേത്രത്തിന്റെ കൊത്തുപണികൾ വ്യക്തമായി കാണാമായിരുന്നു’ എന്ന വീഡിയോ കണ്ടിരുന്നു. പലരും ആ വാദങ്ങൾക്ക് മറുപടിയുണ്ടോ എന്ന് ചോദിക്കുന്നുണ്ടായിരുന്നു.
കെ.കെ. മുഹമ്മദ് അയോധ്യയിൽ ഖനനം നടത്തിയ സ്വതന്ത്ര പുരാവസ്തു ഗവേഷകനല്ല. ബി.ബി. ലാലിന്റെ (ബ്രാജ് ബാസി ലാൽ ) അസിസ്റ്റന്റ് ആയിട്ടാണ് പ്രവർത്തിച്ചത്. അദ്ദേഹം തന്നെ ആ വീഡിയോയിൽ അത് പറയുന്നുണ്ട്. അങ്ങനെയെങ്കിൽ പരിശോധിക്കേണ്ടത് ആരാണ് ബി.ബി.ലാൽ എന്നും എന്താണ് അദ്ദേഹം ചെയ്തത് എന്നുമാണ്.
ബി.ബി. ലാൽ ആർക്കിയയോളജിയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഇല്ലാത്ത ആളാണ്. സംസ്‌കൃതത്തിലാണ് എം.എ. പിന്നീട് പ്രശസ്ത ആർക്കിയോളജിസ്റ്റ് മോർട്ടിമർ വീലറുടെ കീഴിൽ ട്രെയിനിയായി 1943-ലാണ് ലാൽ ആർക്കിയോളജിയിലേക്ക് വരുന്നത്. 1950-നും 52-നും ഇടയ്ക്ക് മഹാഭാരതത്തിൽ പറയുന്ന പല സ്ഥലങ്ങളിലും ബി.ബി. ലാൽ ഖനനത്തിന് നേതൃത്വം നൽകി. 1975-ൽ അതേ മാതൃകയിൽ രാമായണത്തിൽ പറയുന്ന സ്ഥലങ്ങളിലും പുരാവസ്തുഖനനത്തിന് പദ്ധതി തയാറാക്കി. അപ്പോഴേക്കും ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ (എ.എസ്.ഐ) യുടെ ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് മാറിക്കഴിഞ്ഞിരുന്നു. എന്നിട്ടും എ.എസ്.ഐയും ജിവാജി സർവകലാശാലയും യു.പി. സർക്കാരിന്റെ പുരാവസ്തു വകുപ്പുമാണ് അത് ഫണ്ട് ചെയ്തത്. 1975 മാർച്ച് 31ന് പദ്ധതി ഉദ്ഘാടനം ചെയ്തു. അയോധ്യ, ഭരദ്വാജ് ആശ്രമം, നന്ദിഗ്രാം, ചിത്രകൂട്, ശൃംഗവേരപുര എന്നിവിടങ്ങളിലായിരുന്നു ഖനനം. അതേവർഷം ഈ ഖനനത്തിന്റെ പുരോഗതിയെക്കുറിച്ച് ബി.ബി.ലാൽ ഇങ്ങനെ എഴുതി: "ഇതുവരെ നടത്തിയ ഖനനത്തിൽ, അയോധ്യ ക്രിസ്തുവിന് മുൻപ് എട്ടാം നൂറ്റാണ്ടിനുമുൻപ് നിലവിൽ ഉണ്ടായിരുന്നതായി സൂചനയില്ല".
ഇവിടെനിന്ന് നാണയങ്ങളും പാത്രങ്ങളും കണ്ടുകിട്ടിയെങ്കിലും ഒരുവിധത്തിലും ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കിട്ടിയതായി ഈ പ്രാഥമിക പ്രബന്ധത്തിൽ ലാൽ പറയുന്നില്ല. 1979-80 സമയത്ത് പ്രസിദ്ധീകരിച്ച പ്രാഥമിക റിപ്പോർട്ടിലും അതില്ല.
എന്നാൽ, 1990 ഒക്ടോബറിൽ എഴുതിയ (കാലവും രാഷ്ട്രീയവും മാറിയത് ശ്രദ്ധിക്കുമല്ലോ) ലേഖനത്തിലാണ് കെ.കെ.മുഹമ്മദ് ആ വീഡിയോയിൽ പറഞ്ഞ സിദ്ധാന്തം ബി.ബി. ലാൽ അവതരിപ്പിച്ചത്. ആർ.എസ്.എസ്. ബന്ധമുള്ള 'മന്ഥൻ' എന്ന പ്രസിദ്ധീകരണത്തിലാണ് ഈ ലേഖനം വന്നത്. ക്ഷേത്രത്തിന്റേതിനുസമാനമായ തൂണുകളുടെ അവശിഷ്ടങ്ങൾ കിട്ടി എന്നായിരുന്നു വാദം. അപ്പോഴും അതൊരു ആധികാരിക ഗവേഷണ പ്രബന്ധമായിരുന്നില്ല. വിശദമായ പ്രതിപാദ്യം ഇല്ലാതെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ ആർക്കിയോളജി എന്നല്ല, ഒരു ശാസ്ത്രശാഖയും ആധികാരികമായി അംഗീകരിക്കാറില്ല. 2008-ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിലും ഇത് ആവർത്തിച്ചു. അപ്പോഴേക്കും അവകാശവാദങ്ങൾ കുറേക്കൂടി ശക്തമായി. വിഗ്രഹത്തിന്റെ കഷണങ്ങൾ കിട്ടി എന്നൊക്കെയായി. അതിങ്ങനെ ഓരോ ലേഖനങ്ങളിലും അഭിമുഖങ്ങളിലുമായി വളർന്നു കൊണ്ടിരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ രൂപമാണ് കെ.കെ. മുഹമ്മദിന്റെ വാദങ്ങൾ.
വാദങ്ങൾ ഇങ്ങനെ ശക്തിപ്പെടാൻ കാരണമുണ്ട്. ക്ഷേത്രത്തിന്റെ തൂണുകൾ കിട്ടിയെന്നും ചുമരുകളിൽ ഹൈന്ദവവിശ്വാസത്തെ ധ്വനിപ്പിക്കുന്ന ശില്പമാതൃകകൾ കണ്ടുവെന്നും മറ്റുമുള്ള കണ്ടെത്തലുകൾ മതേതര ചരിത്രകാരരും പുരാവസ്തു ഗവേഷകരും യുക്തിഭദ്രമായി ചോദ്യം ചെയ്തിരുന്നു. 16-ാം നൂറ്റാണ്ടിൽ മാത്രമല്ല, മധ്യകാലഘട്ടത്തിലുടനീളം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പള്ളികളിലും ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും ഹൈന്ദവഭാവമുള്ള ശില്പങ്ങൾ കാണുന്നത് സാധാരണമാണ് എന്നവർ ചൂണ്ടിക്കാട്ടി. ബുദ്ധിസ്റ്റ്, ജൈന, ശൈവ ആരാധനാലയങ്ങളിലും അവ കാണാം. അവ രാമനുമായോ വിഷ്ണുവുമായോ ബന്ധപ്പെട്ടതാണെന്നതിന് ഒരു തെളിവുമില്ല. പേർഷ്യൻ ശില്പമാതൃകകൾ ഇന്ത്യയിൽ പ്രചാരം നേടുന്നത് ഇതിനെല്ലാം ശേഷമാണ് എന്നതുകൊണ്ട്, അക്കാലത്ത് സൗന്ദര്യശാസ്‌ത്രപരമായും ഇത്തരം സെമി ഹൈന്ദവ ശില്പരൂപങ്ങൾ മുസ്‍ലിം ശിൽപകലയുമായി ബന്ധപ്പെട്ടുണ്ടാകുന്നതിൽ അസാധാരണമായി ഒന്നുമില്ല.
ഉദാഹരണത്തിന്, ചുവടെ ചേർത്തിട്ടുള്ള രണ്ട് ചിത്രങ്ങൾ നോക്കുക. ഫൈസാബാദിലെ ഒരു ക്ഷേത്രത്തിലെയും മുസ്‍ലിം പുരോഹിതനായിരുന്ന മൂസ ആഷിക്കാന്റെ ശവകുടീരത്തിന്റെ അടിഭാഗത്തെയും തൂണുകളാണിവ. ബാബറി മസ്ജിദിൽ നിന്ന് കിട്ടിയെന്ന് പറയുന്ന ഹൈന്ദവ തൂൺ മാതൃകകൾ ഇതുപോലെയുള്ളതാണ്.
ബി. ബി. ലാലിന്റെ വാദങ്ങൾ ചോദ്യം ചെയ്ത് രണ്ടു ലേഖനങ്ങളാണ് മുന്നിലുള്ളത്. ഒന്ന്, കുരുക്ഷേത്ര സർവകലാശാലയിലെ പുരാവസ്തുവിഭാഗം പ്രഫസറായിരുന്ന ഡോ.സൂരജ് ഭാൻ എഴുതിയത്. മറ്റൊന്ന്, ജെ.എൻ.യുവിലെ സെന്റർ ഫോർ ഹിസ്റ്ററിക്കൽ സ്റ്റഡീസിലെ പ്രഫസറായിരുന്ന ആർ. ചമ്പകലക്ഷ്മി എഴുതിയത്.
ഡോ. സൂരജ് ഭാൻ എഴുതുന്നു: "ബാബറി മസ്ജിദിന്റെ മതിൽക്കെട്ടിനുപുറത്ത് കുഴിച്ച കിടങ്ങുകളിൽ നിന്ന് ലഭിച്ച, ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടമെന്ന് അവകാശപ്പെടുന്ന, ഇഷ്ടിക തൂണുകൾക്ക് ബാബറി മസ്ജിദിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ള കൽത്തൂണുകളുമായി സ്ട്രേറ്റിഗ്രാഫിക്കൽ (ശിലാപാളീബന്ധം) സ്ഥാപിക്കപ്പെട്ടിട്ടില്ല. അവ പതിനൊന്നാം നൂറ്റാണ്ടിൽ (രാമക്ഷേത്രം നിലവിൽ വന്നുവെന്ന് അവകാശപ്പെടുന്ന കാലം) പലേടത്തായി നിലവിലുണ്ടായിരുന്ന കെട്ടിടങ്ങളുമായി ബന്ധമുണ്ടാകാം എന്നല്ലാതെ. അവ ഒരേ കെട്ടിടത്തിന്റെ തുടർച്ചയാണെന്ന് സ്ഥാപിക്കാനുള്ള തെളിവുകളല്ല ഇവ."
അയോധ്യയിൽ അധിവാസം ആരംഭിക്കുന്നത് ക്രിസ്തുവിന് മുൻപ് ഏഴാം നൂറ്റാണ്ടിലാണെന്നാണ് ബി.ബി.ലാലിന്റെ തന്നെ കണ്ടെത്തൽ. പട്ടണം എന്ന നിലയ്ക്കുള്ള വികസനം നടക്കുന്നത് ആറാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ ആണ്. പുരാവസ്തുപരമായി, നോർത്തേൻ ബ്ലോക്ക് പോളിഷ്ഡ് വെയർ ശില്പഘടനകളാണ് അന്ന് നിലവിലിരുന്നത്. വാല്മീകി രാമായണത്തിൽ പറയുന്നതിനേക്കാൾ ലളിതവും കാലക്രമത്തിൽ മുൻപുള്ളതുമാണ് ഈ ശില്പഘടനകൾ. അതിനാൽ തന്നെ വാല്മീകിയുടെ അയോധ്യ ഇപ്പോഴത്തെ അയോധ്യ തന്നെ ആവണമെന്നില്ല എന്ന് ചൂണ്ടിക്കാട്ടുന്നു ചരിത്രകാരൻ ഡോ. കെ.എൻ.പണിക്കർ.
ബി.സി. അഞ്ചാം നൂറ്റാണ്ടിനു ശേഷമുള്ള രാജാക്കന്മാരുടെ വിവരങ്ങൾ ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. ദശരഥൻ, രാമൻ എന്നീ പേരുകൾ അതിലില്ല. അതായത്, രാമായണത്തിൽ പറഞ്ഞതെല്ലാം നടന്നതാണെങ്കിൽ, അത് അഞ്ചാം നൂറ്റാണ്ടിന് മുൻപ് ആകണം. എന്നാൽ ബി.ബി. ലാലിന്റെ ഗവേഷണ ഫലം അനുസരിച്ച് അതിന് സാധ്യതയുമില്ലെന്ന് കെ.എൻ. പണിക്കർ ചൂണ്ടിക്കാട്ടുന്നു.
കെ.കെ. മുഹമ്മദ് ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് മറുവശത്ത് ഇത്രയും കാര്യങ്ങളുണ്ട്. മുഹമ്മദിന്റെ വാദങ്ങൾ ഇത്രയും ചോദ്യം ചെയ്യപ്പെടുന്നുണ്ട് എന്നിരിക്കെ, മാതൃഭൂമി ന്യൂസ് എങ്ങനെയാണ് അത് ഏകപക്ഷീയമായി സംപ്രേഷണം ചെയ്തത് എന്ന് മനസ്സിലാകുന്നില്ല.
അയോധ്യയിൽ നിയമയുദ്ധം തുടങ്ങുന്നത് ബാബറി മസ്ജിദ് നിന്ന സ്ഥലത്തെ ചൊല്ലിയായിരുന്നില്ല. 1885-ൽ രഘുബർ ദാസ് എന്ന മഹന്ത് ഫൈസബാദ് ഡെപ്യൂട്ടി കമീഷണർ മുൻപാകെ ഒരു അപേക്ഷ വയ്ക്കുന്നതോടെയാണ് അത് തുടങ്ങുന്നത്. ബാബറി മസ്ജിദിന്റെ മതിൽക്കെട്ടിന് പുറത്ത് രാം ചബൂത്ര എന്ന് വിളിക്കുന്ന പ്ലാറ്റ്ഫോമിൽ ഒരു അമ്പലം പണിയാൻ അനുവദിക്കണം എന്നായിരുന്നു അപേക്ഷ. ഈ അപേക്ഷ ഫൈസബാദ് ഡെപ്യുട്ടി കമീഷണർ മാത്രമല്ല ജില്ലാ കോടതിയും പ്രവിശ്യാ കോടതിയും തള്ളി. രാം ചബുത്ര രാമൻ ജനിച്ച സ്ഥലം അല്ല എന്ന് കണ്ടെത്തിക്കൊണ്ടല്ല ഹർജി തള്ളിയത്. മറിച്ച്, ക്രമസമാധാന പ്രശ്നങ്ങളുണ്ടാകും എന്നത് കണക്കിലെടുത്താണ്.
ബാബറി മസ്ജിദുമായി ബന്ധപ്പെട്ടുണ്ടായ മറ്റൊരു നിയമവ്യവഹാരം മുസ്‍ലിംകളിലെ ശിയ- സുന്നി വിഭാഗങ്ങൾ തമ്മിലായിരുന്നു. 1946 മാർച്ച് 23ന് പുറപ്പെടുവിച്ച വിധിയിൽ, പള്ളിയിൽ രണ്ടുകൂട്ടർക്കും പ്രാർഥന അനുവദിച്ച് ഉത്തരവായി. പിന്നെ, മൂന്നു വർഷത്തിനുശേഷമാണ് ബാബറി മസ്ജിദിന്റെ പ്രധാന മിനാരത്തിനു കീഴിൽ രാമവിഗ്രഹം കൊണ്ടുവയ്ക്കുന്നത്; 1949 ഡിസംബർ 22ന് രാത്രി. അതുമുതൽ മാത്രമാണ് ബാബറി മസ്ജിദിന്റെ അകമാണ് രാമജന്മഭൂമി എന്ന വാദമുയരുന്നത്.
ഇവിടെ ഓർക്കേണ്ട ഒരു പേര് അക്ഷയ് ബ്രഹ്മചാരിയുടേതാണ്. അക്കാലത്ത് കോൺഗ്രസ് ഫൈസബാദ് ജില്ലാ സെക്രട്ടറിയായിരുന്നു അക്ഷയ്. പള്ളി അമ്പലമാക്കി മാറ്റുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത ഏക പ്രാദേശിക നേതാവ് അദ്ദേഹമായിരുന്നു. രാമവിഗ്രഹം ബാബറി മസ്ജിദിനുള്ളിൽ കൊണ്ടുവച്ചതിനെതിരെ അന്ന് യു.പി.യിൽ മന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രിക്ക് അദ്ദേഹം അയച്ച കത്തിൽ നിന്ന്: "പള്ളിയുടെ അടുത്തുള്ള ഖബർസ്ഥാൻ മുഴുവൻ പൊളിച്ചുകളഞ്ഞു. ഒൻപതു ദിവസമായി പരിസരത്ത് അത്യുച്ചത്തിൽ രാമായണം വായന നടക്കുന്നുണ്ടായിരുന്നു. അതുപോലെ പൊതുസദ്യയും യോഗങ്ങളും മറ്റും ഉണ്ടായിരുന്നു. ഇതിന്റെ കൂടെ ബാബറി മസ്ജിദ് രാമക്ഷേത്രമാക്കി മാറ്റണം എന്ന ആവശ്യമുയർത്തി വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങളും. മഹാത്മാഗാന്ധിയെയും കോൺഗ്രസിനെയും ആക്ഷേപിക്കുന്ന പ്രസംഗങ്ങളും ഉണ്ടായി... ഉച്ചക്ക് 12 മണിയോടെ ഞാൻ ജില്ലാ മജിസ്ട്രേറ്റിനൊപ്പം (കെ.കെ.നായർ ) അവിടെ എത്തി. വിഗ്രഹം അകത്ത് വച്ചിട്ടുണ്ടായിരുന്നു. ആ നിമിഷം തന്നെ മജിസ്ട്രേറ്റിന് ആ വിഗ്രഹം അവിടെ നിന്ന് മാറ്റാനും തൽസ്ഥിതി തിരിച്ചുപിടിക്കാനും സാധിക്കുമായിരുന്നു. പക്ഷേ അദ്ദേഹം അത് ചെയ്തില്ല."
കെ. കെ. നായർ അത് ചെയ്യാതിരുന്നതിന്റെ കാരണം ചരിത്രം പിന്നീട് നമ്മളെ ബോധ്യപ്പെടുത്തി.
അവിടെ നടന്നത് അതിക്രമിച്ചുകയറലും ഒരു ആരാധനാലയത്തിന്റെ സ്റ്റാറ്റസ് മാറ്റലും ഉൾപ്പെടുന്ന ഗുരുതര കുറ്റകൃത്യമാണ് എന്നതിന് ഔദ്യോഗിക രേഖയുണ്ടായതിന്റെ കാരണം മാതാ പ്രസാദ് എന്ന സാധാരണ പോലീസുകാരൻ അയോധ്യ പോലിസ് സ്റ്റേഷനിൽ നൽകിയ മൊഴിയാണ്. അത് എഫ്.ഐ.ആറിൽ വന്നു. അത് ഇങ്ങനെയാണ്: " ഞാൻ രാവിലെ ജന്മഭൂമിയിലെത്തിയപ്പോൾ അറിയാൻ കഴിഞ്ഞത്, ഏകദേശം 50-60 പേർ ബാബറി പള്ളിക്കകത്ത് പൂട്ട് പൊട്ടിച്ചു കയറുകയും ഭഗവാന്റെ ഒരു വിഗ്രഹം അവിടെ സ്ഥാപിക്കുകയും ചെയ്തു എന്നാണ്. സീതാ റാം എന്നെല്ലാം അവർ അവിടെ പെയിന്റ് കൊണ്ട് എഴുതുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൻസ് രാജ് അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല".
ഇവിടെ മാതാ പ്രസാദ് രാമജന്മഭൂമി എന്നുപറഞ്ഞത് എന്തുകൊണ്ടാകാം എന്നത് ഒരു ചോദ്യമാണ്. ഉത്തരമുണ്ട്. രാം ചബുത്ര എന്ന പ്ലാറ്റ്ഫോമിനെ കുറിച്ച് (വിസ്തീർണം 17.21 അടി ) നേരത്തെ പറഞ്ഞല്ലോ. അതിനെ രാം ജന്മസ്ഥാൻ എന്നാണ് വിളിച്ചിരുന്നത്. അതുവരെയുണ്ടായിരുന്ന വിശ്വാസപ്രകാരം രാമൻ ജനിച്ചത് അവിടെയാണ് എന്ന് വലിയൊരു വിഭാഗം കരുതിയിരുന്നു. അവിടെ ആരാധനയും ഉണ്ടായിരുന്നു. മതിലിനു പുറമെ ഒരു റെയിൽ കൊണ്ടും അത് മസ്ജിദിൽ നിന്ന് വേർതിരിക്കപ്പെട്ടിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് അത് പണികഴിക്കപ്പെട്ടത്. അവിടെ അമ്പലം പണിയാനാണല്ലോ മഹന്ത് രഘുബർ ദാസ് ആദ്യത്തെ അപേക്ഷ നൽകുന്നത്. എന്നാൽ മസ്ജിദിനെ ബാബറി പള്ളിയെന്നു തന്നെ മാതാ പ്രസാദ് പറയുന്നതും ശ്രദ്ധിക്കുക.
ഇതുപോലെ രാമൻ ജനിച്ച കൃത്യം സ്ഥലമെന്ന് അവകാശപ്പെട്ടിരുന്ന മറ്റൊരു ക്ഷേത്രം രാം ജന്മസ്ഥാൻ മന്ദിർ ആണ്. ഇതും ബാബറി മസ്ജിദിനടുത്തുതന്നെയായിരുന്നു. അവധ് നവാബ് ആയിരുന്ന മൻസൂർ അലി പണിത ഹനുമാൻഗഡി മന്ദിർ, 200 യാർഡ് അകലെ കൗസല്യ ഭവൻ, 500 യാർഡ് അകലെ ദശരഥ ഭവൻ എന്നിങ്ങനെ രാമജന്മഭൂമി എന്നവകാശപ്പെടാൻ പല മന്ദിരങ്ങളും അയോധ്യയിലുണ്ട്. പക്ഷേ ഒന്നും വിശ്വാസപ്രകാരം തന്നെ എല്ലാവരും അംഗീകരിക്കുന്നതായിരുന്നില്ല.
1989 ഒക്ടോബർ 8ന് ന്യൂ എയ്ജിന് പ്രഫസർ ആർ.എസ്. ശർമ നൽകിയ അഭിമുഖത്തിൽ പറയുന്നപോലെ, രാമൻ ജനിച്ച ഇടമെന്ന് പൂജാരിമാർ അവകാശപ്പെടുന്ന 15-16 മന്ദിറുകളെങ്കിലും അയോധ്യയിലുണ്ട്.
രാമൻ ജനിച്ച യഥാർഥ ഇടം ബാബറി മസ്ജിദിന്റെ മധ്യ മിനാരത്തിനുകീഴെയാണ് എന്ന വാദം വി.എച്ച്.പി ഉയർത്തിക്കൊണ്ടുവരുന്നത് 1949-നു ശേഷം മാത്രമാണ്. വിശ്വാസം കൊണ്ടുതന്നെ തർക്കത്തിലുള്ള ഇക്കാര്യത്തിൽ സംഘപരിവാർ തീരുമാനത്തിലെത്തിയത് എങ്ങനെയാണ്? ലക്ഷ്യം പള്ളി ആയിരുന്നു എന്നതാണ് ഉത്തരം
ആരാണ് രാമൻ ?
ഈ ചോദ്യത്തിന് പല ഉത്തരങ്ങളുണ്ട്. ഭഗവാൻ രാമൻ എന്നത് മുതൽ ലോകമെമ്പാടും പ്രചാരത്തിലുള്ള നൂറുകണക്കിന് രാമകഥകളിലെ കഥാപാത്രമായ രാമൻ എന്നതുവരെ.
എ. കെ. രാമാനുജന്റെ 'ത്രീ ഹൻഡ്രഡ് രാമായണാസ്: ഫൈവ് എക്സാമ്പിൾസ് ആൻഡ് ത്രീ തോട്സ് ഓൺ ട്രാൻസ്ലേഷൻ' എന്ന പ്രസിദ്ധമായ പ്രബന്ധവും പ്രഫ. റൊമില ഥാപ്പറുടെ 'എ ഹിസ്റ്ററിക്കൽ പെർസ്പെക്റ്റീവ് ഓൺ ദി സ്റ്റോറി ഓഫ് രാമ' എന്ന പ്രബന്ധവുമാണ് ഏറ്റവും ആധികാരികമായി മുന്നിലുള്ളത്. മതപരമായ പശ്ചാത്തലത്തിലല്ലാതെ സാംസ്കാരിക വിവക്ഷകളിൽ മാത്രം നിലനിൽക്കുന്ന അനേകം രാമന്മാരുണ്ട്. അതായത് കഥകളായി, അല്ലെങ്കിൽ ആചാരങ്ങളുടെ ഭാഗമായി ഒക്കെ. മതപരമായ പശ്ചാത്തലത്തിൽ തന്നെ നോക്കിയാൽ അങ്ങേയറ്റം വ്യത്യസ്തരായ രാമന്മാരുമുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കൂടാതെ ഏഷ്യയിൽ എമ്പാടുമായി പല പല രാമകഥകൾ നിലനിൽക്കുന്നു. മിക്കവാറും എല്ലാ കഥകളും അവ പിന്തുടരുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ച് ആധികാരികവും. വാല്മീകിയുടെ 'രാമായണ'വും തുളസിദാസിന്റെ 'രാമചരിത മാനസ'വും മാത്രമാണ് ആധികാരികമെന്ന വാദം പണ്ടേ പൊളിഞ്ഞതാണ്.
വാല്മീകി രാമായണം തന്നെ, ഇന്ന് മനസിലാക്കപ്പെടും പോലെ ഒരു വിശുദ്ധ ഗ്രന്ഥമായിരുന്നില്ല തുടക്കത്തിൽ. ഇതിഹാസ രൂപത്തിലുള്ള ഒരു കഥ മാത്രം. ആദികാവ്യമായാണ് അത് എവിടെയും പരാമർശിക്കപ്പെട്ടിരുന്നത്. ധർമവാക്യമായിട്ടും അത് കരുതപ്പെട്ടില്ല. വിശുദ്ധ ഗ്രന്ഥങ്ങൾ മാറ്റത്തിന് വിധേയമാകാറില്ല. പക്ഷേ രാമായണത്തിന്റെ കാര്യത്തിൽ അതല്ല സ്ഥിതി. പ്രഫ. റൊമില ഥാപ്പർ എഴുതുന്നു: "ഇതിഹാസങ്ങൾ ഉണ്ടാകുന്നത് വാങ്മയങ്ങളായി പ്രചരിച്ച അനേകം നാടോടി ഗാനങ്ങളിൽ നിന്നും ഫോക് ടെയിലുകളിൽ നിന്നും മിത്തുകളിൽ നിന്നുമൊക്കെയാണ്. ഏതെങ്കിലും നാടോടിക്കവി അതിനെയെല്ലാം കോർത്തിണക്കി സാഹിത്യ രൂപം നൽകുന്നു. 'രാമകഥ' അത്തരമൊരു ആദ്യ സാഹിത്യരൂപമായി. പക്ഷേ അതിന്റെ മൗലിക രൂപത്തിൽ നിന്ന് അത് ഏറെ മാറി. ആദ്യത്തെ ഈ എപിക് പാടിക്കേട്ടത് കൂടുതലും ബലി പോലുള്ള അനുഷ്ഠാനങ്ങളിലും വിരുന്നുകളിലും രാജസദസ്സുകളിലും മറ്റുമായിരുന്നു. എന്നാൽ രാമകഥയുടെ ജനപ്രിയത അതിനെ റിലീജിയസ് ടെക്സ്റ്റ്‌കളിൽ ഉൾക്കൊള്ളിക്കുന്നതിലേക്കു നയിച്ചു. ബ്രഹ്മണരായ എഴുത്തുകാരിലൂടെ തുടക്കത്തിലും ഒടുക്കവും ഓരോ ഭാഗങ്ങൾ കൂട്ടിച്ചേർത്തു. 'ബാലകാണ്ഡ'വും 'ഉത്തരകാണ്ഡ'വും. ഇത് രണ്ടിലും ഭാർഗവ ബ്രാഹ്മണ പാരമ്പര്യത്തെ എടുത്തുകാണിക്കുന്നത് ശ്രദ്ധിക്കുക.’’
രാമനെ വിഷ്ണുവിന്റെ അവതാരമായി അവതരിപ്പിക്കാൻ തുടങ്ങുന്നത് ഈ കാലത്താണ് എന്നും പ്രഫ. ഥാപ്പർ ചൂണ്ടിക്കാട്ടുന്നു. രാവണൻ പത്തു തലയുള്ളവനായി മാറുന്നതും അങ്ങനെയാണ്.
ബി.സി.നാലാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനും ഇടയിൽ ബുദ്ധിസ്റ്റുകൾക്കിടയിൽ പ്രചാരം നേടിയ 'ദശരഥ ജാതക'യിൽ രാമന്റെ ഭാര്യയല്ല സീത, സഹോദരിയാണ്. വനവാസം കഴിഞ്ഞ് എത്തുന്ന സീത രാമനെ വിവാഹം ചെയ്ത് രാജ്ഞിയാകുന്നു. സഹോദര - സഹോദരീ വിവാഹത്തെക്കുറിച്ച് ബുദ്ധമതത്തിലുണ്ടായിരുന്ന മിത്തിക്കൽ സങ്കൽപ്പങ്ങളാകാം ഇതിനുകാരണം. ബുദ്ധമതത്തിന്റെ പ്രാമാണികത ക്ഷയിക്കുന്നത്തോടെ പാലി ഭാഷയിലുള്ള ഈ വേർഷൻ ഇരുട്ടിലാകുന്നു. ജൈന മതത്തിലെ 'പൗമാചാര്യം' എന്ന ഇതിഹാസത്തിൽ എ.ഡി.മൂന്നാം നൂറ്റാണ്ടിൽ വിമലസൂരി പ്രകൃത് ഭാഷയിൽ എഴുതിയ ഈ കൃതി ബ്രാഹ്മണിക് രാമായാണത്തിന്റെ മിറർ ഇമേജാണ്. രാവണൻ ആണ് മുഖ്യം. രാക്ഷസന്മാർ സാധാരണ മനുഷ്യർ. രാവണന് പത്തു തലയില്ല. ഒൻപതു തലകൾ ഒറിജിനൽ തലയുടെ രത്നമാലയിലെ പ്രതിഫലനമാണ്. ഹനുമാൻ കുരങ്ങനല്ല. ഒരു ഗോത്ര തലവനാണ്. കുരങ്ങന്റെ ചിഹ്നമുള്ള ഗോത്രം.
ഇനി സംസ്‌കൃതത്തിൽ വന്നിട്ടുള്ള അനേകം മഹാകാവ്യങ്ങൾ നോക്കിയാൽ (രഘുവംശം - കാളിദാസൻ, പ്രതിമ നാടകം - ഭാസൻ, ഉത്തരരാമചരിതം - ഭവഭൂതി ) എല്ലാം, സാഹിത്യ കൃതികളാണ്, വിശുദ്ധ ഗ്രന്ഥങ്ങളല്ല. മറ്റു ഭാഷകളിലോ, വേറെയും അനേകം. തമിഴിൽ കമ്പ രാമായണം, തെലുങ്കിൽ രംഗനാഥ രാമായണം, കന്നഡയിൽ പമ്പരാമായണം, മലയാളത്തിൽ എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ട്, മാറാത്തിയിൽ ഭാവർഥ രാമായണം, ബംഗാളിയിൽ കൃതിബാസ രാമായണം അങ്ങനെ…
എന്നാൽ, രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ രാമകഥ ഭൂമിശാസ്ത്രപരമായി കൂടുതൽ ദേശങ്ങളിലേക്ക് പരന്നു. രാമഭക്തിയല്ല അതിന്റെ കാരണം. പകരം, ഒരു ഉത്തമ പുരുഷസങ്കല്പവുമായി ചേർത്തുവച്ച് ഈ സംസ്കാരങ്ങൾക്ക് എല്ലാം പൊതുവായി സംവദിക്കാൻ കഴിഞ്ഞു എന്നതാണ്. അതിനാൽ രാമകഥയ്ക്ക് അവിടങ്ങളിലെല്ലാം പുതിയ വേർഷനുണ്ടായി. ഉദാഹരണത്തിന് തെക്കു കിഴക്കേ ഏഷ്യയിൽ പ്രചാരത്തിൽ വന്ന ഒരു ആഖ്യാനത്തിൽ അയോധ്യ വടക്കൻ വിയറ്റ്നാമിലെ അന്നം എന്ന സ്ഥലമാണ്. അതിനു തെക്കുള്ള ചമ്പ ലങ്കയും. ചില വേർഷനുകളിൽ സീത രാവണന്റെ മകളാണ്. മലയ രാമകഥയിൽ ആദം കഥാപാത്രമാകുന്നുണ്ട്.
ഇവിടെ ഏറ്റവും പ്രധാനമായും കാണേണ്ടത് രാമകഥ ഇത്രയും ജനപ്രീതി നേടിയത് നന്മയും തിന്മയും തമ്മിൽ ഏറ്റുമുട്ടുന്ന കഥ എന്ന നിലയ്ക്കാണ് എന്നതാണ്. നന്മ വിജയിക്കുകയും ചെയ്യുന്നു. ഒപ്പം, വൈഷ്ണവ വിഭാഗം സംസ്‌കൃത ഭാഷ പ്രചരിപ്പിക്കാൻ ഉപയോഗിച്ച കഥ എന്ന നിലയിലും ഉണ്ട്. ശാക്ത ട്രെഡിഷൻ, ശൈവ ട്രെഡിഷൻ എന്നിങ്ങനെ, ഹിന്ദുമതമെന്ന് വിശേഷിപ്പിക്കപ്പെട്ട പാരമ്പര്യത്തിന്റ പലവിധ സെക്റ്റുകളിൽ, അവരവരുടെ ഭക്തി മാർഗങ്ങളുമായി ബന്ധപ്പെട്ട രാമകഥകൾ ഉയർന്നുവന്നു. ശൈവകഥയിൽ ശിവൻ കഥ പറയുന്ന ആളായി വരുന്നു. സീത രാവണനെ തനിച്ച് തോല്പിക്കുന്നു. ഇങ്ങനെയെല്ലാം ഭേദഗതികൾ വരുന്നുണ്ട്.
പക്ഷേ രാമകഥയുടെ ഏറ്റവും രാഷ്ട്രീയമായ ആഖ്യാനം പതിനാറാം നൂറ്റാണ്ടിൽ തുളസിദാസ് ഹിന്ദിയിൽ എഴുതിയ 'രാമചരിതമാനസ്' ആണ്. രാമനെ ദൈവമാക്കുന്ന ഈ ആദ്യകൃതി ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യ മുഴുവൻ വൻ ജനപ്രീതി നേടുന്നു. അതിൽനിന്ന് രൂപപ്പെടുത്തിയെടുത്ത കഥകൾ വച്ച് രാമലീല നാടകങ്ങൾ നാടുനീളെ അരങ്ങേറുന്നു. ഏറ്റവുമൊടുവിൽ, രാമൻ എന്ന രാഷ്ട്രീയ ദൈവികബിംബത്തെ സവർക്കറുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാന സന്ദേശവാഹകനാക്കി മാറ്റാനിടയാക്കുന്ന, രാമാനന്ദ സാഗറുടെ രാമായണം ദൂരദർശൻ സീരിയൽ വരെ എത്തുന്നു. രാമചരിതമാനസത്തിന്റെ പ്രയോഗങ്ങൾ.
ഇതൊന്ന് ചുരുക്കി പറഞ്ഞതാണ്. ഇതിന്റെ സൂക്ഷ്മവിവരങ്ങൾ കുറെയുണ്ട്. രാമകഥ ഒറ്റ ഒന്നല്ല. രാമായണം ഒന്നല്ല. ഈ ബഹുലമായ രാമകഥകളിൽ നിന്ന് ഏത് രാമന്റെ ക്ഷേത്രമാണ് അയോധ്യയിൽ ജനുവരി 22ന് ഉദ്ഘാടനം ചെയ്യപ്പെടുക?
ഒന്നുകൂടി. ഒരു രാമൻ കൂടിയുണ്ട്, ഗാന്ധിജിയുടെ രാമൻ. ഒരിക്കലും ജനിക്കുകയോ മരിക്കുകയോ ചെയ്തിട്ടില്ല എന്ന് ഗാന്ധിജി പറയുന്ന രാമൻ. ജനുവരി 22ന് ഉദ്ഘാടനം ചെയ്യുന്നത് ആ രാമന്റെ ക്ഷേത്രമല്ല എന്നുറപ്പുണ്ട്.
ഉത്തർ പ്രദേശിലെ ഫൈസബാദ് ജില്ലയിൽ പെടുന്ന അയോധ്യയിൽ ഒരു ആരാധനാലയം തകർത്തതിന് തെളിവുണ്ടെങ്കിൽ അത് 1992-ൽ ഹിന്ദുത്വയുടെ കരാളഹസ്തരായ കർസേവകർ ബാബറി മസ്ജിദ് തകർത്തതിനാണ്. 1528-ൽ മുഗൾ രാജാവായ ബാബറുടെ വിശ്വസ്തനായ മിർ ബാഘി അയോധ്യയിലെ രാമക്ഷേത്രം പൊളിച്ചാണ് പള്ളി കെട്ടിയത് എന്നത് ഹിന്ദുക്കളിൽ ഒരു വിഭാഗത്തിന്റെ 'വിശ്വാസം' ആണെന്നാണ്, സുപ്രീംകോടതി പറഞ്ഞത്. ആ വിശ്വാസത്തെ മാനിച്ചാണ് ബാബറി മസ്ജിദ് പൊളിച്ച് താൽക്കാലിക രാമക്ഷേത്രമാക്കി മാറ്റിയിരുന്ന 2.77 ഏക്കർ സ്ഥലം ഹിന്ദുക്കൾക്ക് സ്ഥിരമായി രാമക്ഷേത്രം പണിയുന്നതിനായി വിട്ടുകൊടുത്ത് 2019 നവംബർ 5ന് വിധി വരുന്നത്. മറിച്ച്, 1992-ൽ ബാബറി മസ്ജിദ് തകർത്തത് ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണ് എന്നാണ് ഇതേ വിധിന്യായത്തിൽ സുപ്രിംകോടതി വിശേഷിപ്പിച്ചത്. ദൃക്സാക്ഷികളും ഭൗതിക തെളിവുകളും ഉള്ള കുറ്റകൃത്യം.
അന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ്ങും വി.എച്ച്.പിയും സുപ്രീംകോടതിക്ക് നൽകിയ ഉറപ്പ് കാറ്റിൽ പറത്തി നടത്തിയ പ്രത്യക്ഷ നിയമലംഘനം. എൽ.കെ. അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉമാ ഭാരതിയും അശോക് സിംഗാലും ഉൾപ്പെടുന്ന സംഘപരിവാർ നേതൃത്വം കർസേവകരെ ഉച്ചത്തിൽ പ്രോത്സാഹിപ്പിക്കുന്നത് കണ്ടുവെന്ന് മാധ്യമപ്രവർത്തകരുടെ മൊഴി ഉണ്ടായിരുന്നു. വെങ്കിടേശ് രാമകൃഷ്ണനും ജോൺ ബ്രിട്ടാസും ഉൾപ്പെടെ മലയാളി മാധ്യമപ്രവർത്തകർ അന്നവിടെ കണ്ടതും കേട്ടതും എത്രയോ തവണ ലോകത്തെ ഓർമപ്പെടുത്തി.
വനിതാ മാധ്യമപ്രവർത്തകരെ ലൈംഗികമായി ഉപദ്രവിക്കുക പോലും ചെയ്തിട്ടുണ്ട്. പക്ഷേ സി.ബി.ഐ കോടതി അതിൽ കണ്ടത് യാദൃച്ഛികമായ, ആസൂത്രിതമല്ലാത്ത ഒരു അപകടം മാത്രം. 32 പ്രതികളെയും വെറുതെ വിട്ട് വിധി വന്നത് 2020 സെപ്റ്റംബർ 30ന്. അലഹബാദ് ഹൈക്കോടതിയിൽ രണ്ട് അയോധ്യ നിവാസികൾ നൽകിയ അപ്പീൽ തള്ളി. തുടർന്ന് ഏതാണ്ട് എല്ലാ പ്രതീക്ഷയും അവസാനിച്ചമട്ടിൽ ആ കേസിൽ സുപ്രിംകോടതിയിൽ ആരും അപ്പീലിന് പോയില്ല.
അയോധ്യ തർക്ക കേസിലെ സുപ്രീംകോടതി വിധി വന്നപ്പോൾ ഗസാല വഹാബ് (ഓതർ, ബോൺ എ മുസ്‍ലിം) പറഞ്ഞ ഒരു കാര്യമുണ്ട്; "അയോധ്യ ഒരു ഭൂമി പ്രശ്നമല്ല. ആയിരുന്നെങ്കിൽ പകരമായി അനുവദിച്ചു കിട്ടിയ അഞ്ചേക്കർ ഭൂമി പണ്ടേ സ്വീകരിച്ച് മുസ്‍ലിംകൾ തൃപ്തിപ്പെട്ടേനെ. ഇപ്പോൾ ആ ഭൂമി ഏറ്റുവാങ്ങാൻ നിർബന്ധിതരാകുമ്പോൾ രാജ്യത്ത് രണ്ടാംകിട പൗരർ ആയി ജീവിക്കാൻ അവർ തയ്യാറെടുത്തു എന്നാണ് മനസ്സിലാക്കേണ്ടത് ".
ഇനി, പതിനാറാം നൂറ്റാണ്ടിൽ അവിടെ ഒരു ക്ഷേത്രം തകർത്തിരുന്നു എന്ന് വയ്ക്കുക. ഇരുപതാം നൂറ്റാണ്ടിൽ പള്ളി തകർത്ത് അതിന് പകരംവീട്ടുന്നത് ശരിയാണോ? മധ്യകാലത്തെ പ്രാകൃത യുക്തികളിലേക്ക് തിരിച്ചുപോവുകയാണോ ഒരു ആധുനിക ജനാധിപത്യരാഷ്ട്രം ചെയ്യേണ്ടത്? തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്ത വിധിയിൽ സുപ്രിംകോടതി ഈ ഭരണഘടനാമൂല്യ നിരാസത്തെ എടുത്തുപറയുന്നുണ്ട്. 1991-ലെ ആരാധനാലയ സംരക്ഷണ നിയമത്തെ ചൂണ്ടിക്കാട്ടി സുപ്രീംകോടതി പറയുന്നു: "കാലത്തെ തിരിച്ചുകൊണ്ടുപോകാതിരിക്കുക എന്നത് ഭരണഘടനാതത്വങ്ങളുടെ അടിത്തറയുടെ മൗലിക സ്വഭാവങ്ങളിൽ ഒന്നാണ്. മതനിരപേക്ഷത ഈ അടിത്തറയുടെ കാതലായ ഘടകമാണ്".
എന്നാൽ രാമന്റെ കാര്യം വരുമ്പോൾ ഇതൊന്നും ബാധകമല്ല എന്ന ഉള്ളടക്കത്തിലേക്ക് ആ വിധി വഴുതിപ്പോയതും ഓർക്കുക.
നമുക്ക് മുന്നോട്ടാണ് പോകേണ്ടത്. പിന്നോട്ടല്ല.
പിന്നോട്ടില്ല, പിന്നോട്ടില്ല
മുന്നോട്ടായും ചക്രങ്ങൾ.
പിന്നോട്ടില്ല, പിന്നോട്ടില്ല
മുന്നേറുന്ന ചരിത്രങ്ങൾ.
-ബാലചന്ദ്രൻ ചുള്ളിക്കാട്.