വൈകി, എങ്കിലും പുറപ്പെട്ടല്ലോ...

സംഘപരിവാറിനെ കാര്യക്ഷമമായി നേരിടാൻ കഴിയുന്ന ഒരു മുന്നണി സംവിധാനം ദേശീയതലത്തിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്. അതിലേക്കുള്ള സുപ്രധാന ചുവട് എന്ന നിലയ്ക്കുകൂടി ‘ഭാരത് ജോഡോ യാത്രയെ' കാണാമോ എന്ന് വരും ദിനങ്ങളിലറിയാം. അങ്ങനെ ഒരു ബദൽ ഉണ്ടായാൽ അതിന്റെ നെടുനായകത്വം കോൺഗ്രസിനായിരിക്കുമോ എന്ന ചോദ്യത്തിനും ഈ യാത്രക്കൊടുവിൽ ഉത്തരം കിട്ടും.

വൈകി പുറപ്പെടുന്ന യാത്രകൾ ലക്ഷ്യസ്ഥാനത്തെത്താൻ വല്ലാതെ തിടുക്കപ്പെടും. കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ റൂട്ട് മാപ്പ് പരിശോധിച്ചാൽ ആ തിടുക്കം അറിയാം. ഏറെ വൈകിയാണ് കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് ഒരു ദേശീയപരിപാടി സംഘടിപ്പിക്കുന്നത്. ഉറച്ച രാഷ്ട്രീയ മുദ്രാവാക്യങ്ങളുയർത്താതെ, കേന്ദ്രസർക്കാരിനും സംഘപരിവാറിനുമെതിരെ നേരിട്ടുള്ള ചോദ്യങ്ങളുയർത്താതെ നടത്തുന്ന യാത്ര കോൺഗ്രസിന്റെ പുതിയ രാഷ്ട്രീയതന്ത്രമായിരിക്കാം, പക്ഷേ പെട്ടന്ന് കശ്മീരിലെത്താനാണ് ഇപ്പോഴത്തെ പാത നിശ്ചയിച്ചതെന്ന് കോൺഗ്രസ് വക്താവ് തന്നെ വിശദീകരിക്കുന്നത് കേട്ടപ്പോൾ യാത്രയുടെ ലക്ഷ്യത്തെക്കുറിച്ച് നേതാക്കൾക്കുതന്നെ ആശയക്കുഴപ്പമുള്ളതായി തോന്നി.

വൈകിയാണെങ്കിലും അടിസ്ഥാനജനവിഭാഗങ്ങൾക്കിടയിലേക്കിറങ്ങിച്ചെന്ന് അവരിൽ പ്രത്യാശ ഉണർത്താനും തകർന്നുകിടക്കുന്ന പാർട്ടിക്ക് താഴേത്തട്ടിൽ ജീവൻ കൊടുക്കാനുമുള്ള കഠിനശ്രമത്തെ മതിക്കുക തന്നെ വേണം. ഭിന്നിപ്പിന്റേയും വെറുപ്പിന്റേയും സാഹചര്യം തടഞ്ഞ്​, ജനതയെ ഒന്നിപ്പിക്കാനാണ് ‘ഭാരത് ജോഡോ യാത്ര' എന്ന വിശദീകരണം സുന്ദരവും പ്രത്യാശാഭരിതവുമാവുന്നതിനുകാരണം അത് യാഥാർത്ഥ്യത്തെ അംഗീകരിക്കുന്നു എന്നതാണ്​. ‘ഭാരത് ജോഡോ യാത്ര’ ജനങ്ങൾക്ക് പ്രത്യേകിച്ച് വാഗ്ദാനങ്ങളൊന്നും നൽകുന്നില്ല എന്നതും അഭിനന്ദനാർഹമാണ്, കാരണം തൊട്ടടുത്ത ലക്ഷ്യത്തിനപ്പുറം ഒരു നീണ്ട പോരാട്ടത്തിനുള്ള പദ്ധതിയും ആർജ്ജവവും കോൺഗ്രസിന് ബാക്കിയുണ്ടെന്ന പ്രതീതി ജനിച്ചു. അതേസമയം നമ്മൾ വിലക്കയറ്റവും തൊഴിലില്ലായ്മയും നേരിടുന്നുണ്ട് എന്ന് ജനതയെ ഓർമിപ്പിക്കണമെന്നതും യാത്രയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലുണ്ട്.

ബി.ജെ.പിയിലേക്ക് പോയ കോൺഗ്രസിന്റെ എട്ട് എം.എൽ.എമാർ ഗോവൻ ബി.ജെ.പി നേതൃത്വത്തിനൊപ്പം. / Photo: BJP Goa, Fb Page

യാത്ര പിച്ചവച്ചുതുടങ്ങിയതുതന്നെ ഗോവയിലെ കൂറുമാറ്റത്തേക്കുറിച്ചുള്ള വാർത്തയിലേക്കാണ്. കൂറുമാറ്റം എന്ന് പ്രയോഗിക്കാൻ പോലുമാവില്ല. കാരണം ആകെ 11ൽ എട്ട് എംഎൽഎ മാരും കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയതോടെ കൂറുമാറ്റ നിരോധന നിയമത്തിന്റെ പ്രയോഗസാധ്യത അവിടെ ഇല്ലാതായി. പിരിഞ്ഞവർ ബി.ജെ.പിയിൽ ചേരുകയല്ല, ലയിക്കുകയാണത്രേ. തെരഞ്ഞെടുപ്പിനപ്പുറം സംഘപരിവാർ നടത്തുന്ന ജനാധിപത്യ അട്ടിമറിയുടെ ഒടുവിലെ ഉദാഹരണം. കോൺഗ്രസിന്റെ ജനപ്രതിനിധികളെ ബി.ജെ.പി വിലയ്ക്കുവാങ്ങുന്നത് മറ്റ് പല സംഗതികളും എന്നപോലെ ‘ഓപ്പറേഷൻ താമര' എന്ന പേരിൽ ഒരു ‘ന്യൂ നോർമൽ' സംഗതിയായി മാറിയതുകൊണ്ട് രാജ്യം ഞെട്ടിയില്ല. ഈ ചാട്ടം പതിവാണെങ്കിലും രാഹുലിന്റെ യാത്രയുടെ ആവേശം കെടുത്തുക എന്നതുതന്നെയാവും ഇക്കുറി ബി.ജെ.പിയുടെ ‘പർച്ചേസിന്' പിന്നിലെ മുഖ്യ ലക്ഷ്യം. കൂറുമാറില്ലെന്ന് അമ്പലത്തിലും പള്ളിയിലുമൊക്കെ കൊണ്ടുപോയി സത്യം ചെയ്യിച്ച് എം.എൽ.എ മാരാക്കിയ മുൻമുഖ്യമന്ത്രി ദിബംബർ കാമത്തും പ്രതിപക്ഷനേതാവ് മൈക്കിൾ ലോംബോയുമടക്കമുള്ള നേതാക്കളാണ് ‘ദൈവവിളിയാൽ' ബി.ജെ.പിയിൽ ലയിച്ചത്.

ഇതിനിടെ കോൺഗ്രസ് അധികാരത്തിലുള്ള രണ്ട് സംസ്ഥാനങ്ങളിലൊന്നായ ഛത്തീസ്ഗഢിന്റെ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനെ റായ്​പുരിലെ കൗസല്യാക്ഷേത്രം സന്ദർശിക്കാൻ ക്ഷണിച്ചു. കോൺഗ്രസാണ് ബി.ജെ.പിയേക്കാൾ ക്ഷേത്രസംരക്ഷകരും ഗോമാതാ സംരക്ഷകരും എന്ന് മോഹൻ ഭാഗവതിനെ ബാധ്യപ്പെടുത്തുകയായിരുന്നു കോൺഗ്രസ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ക്ഷണം സ്വീകരിച്ച മോഹൻ ഭാഗവത് കൗസല്യാ ക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ രാഹുൽഗാന്ധി കേരളത്തിൽ പൊരിവെയിലത്ത് നടക്കുകയാണ്, രാജ്യത്തിന്റെ മുറിവാറ്റാനും ജനതയെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിൽനിന്ന് രക്ഷപ്പെടുത്താനും. നിലപാട് ഉറച്ച് പറയേണ്ടതിന്റെ, രാഷ്ട്രീയം ഉറക്കെ പറയേണ്ടതിന്റെ ആവശ്യം കോൺഗ്രസിനെ ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തുന്നതാണ് ഈ സംഭവങ്ങൾ. പക്ഷേ, ‘ഹിന്ദുത്വ വാദികളെ അധികാരത്തിൽനിന്ന് പുറത്താക്കി രാജ്യാധികാരം യഥാർത്ഥ ഹിന്ദുക്കൾ കയ്യാളണം' എന്ന് ജയ്​പുർ റാലിയിൽ പറഞ്ഞതുതന്നെയാണ് ഇപ്പോഴും രാഹുലിന്റെ നിലപാടെങ്കിൽ ഒരു ബദൽ രാഷ്ട്രീയസങ്കൽപ്പത്തിലേക്ക് കോൺഗ്രസ് ഇനിയും ഏറെ ദൂരം നടക്കേണ്ടിവരും. ഗ്യാൻ വാപിയിലെ നിലപാട് ചോദിച്ചാൽ തളരുന്നതാവരുത് ‘ഭാരത് ജോഡോ യാത്രയുടെ' സ്ഥൈര്യം.

ഭൂപേഷ് ബാഗൽ, മോഹൻ ഭാഗവത്

ജനാധിപത്യത്തിന്റെ എല്ലാ സാധ്യതകളും അട്ടിമറിക്കുന്ന ഒരു സമഗ്രാധിപത്യ സർക്കാരിനേയും ആ സർക്കാരിനെ നയിക്കുന്ന ഭാരതീയ ജനതാ പാർട്ടിയേയും നേരിടാൻ ഇനിയെന്ത് വഴി എന്ന ചോദ്യത്തിന് ജനങ്ങളോട് ഉത്തരം തേടിയാണ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ഇന്ത്യക്ക് നെടുകെ നടന്നുതുടങ്ങിയത്. അങ്ങനെ നോക്കിയാൽ ജനങ്ങളിൽനിന്ന് പാഠമുൾക്കൊണ്ടുതന്നെയാണ് ഭാരത് ജോഡോ യാത്ര 150 ദിവസത്തെ പര്യടനത്തിന്റെ ആദ്യ ആഴ്ച പിന്നിട്ടിരിക്കുന്നത് എന്നുപറയാം. കാരണം, ഭാരത് ജോഡോ യാത്രക്കെതിരെ ആദ്യമുയർന്ന വിമർശനം അത് ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളെ ഒഴിവാക്കി എന്നതായിരുന്നു. താരതമ്യേന കോൺഗ്രസിന് ഏറ്റവും കരുത്തുള്ള കേരളവും കർണാടകവുമൊക്കെയാണ് ജനങ്ങളെ കേട്ട് നടക്കാൻ രാഹുൽ ഗാന്ധി തെരഞ്ഞെടുത്തത്.

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തിനെ ഒഴിവാക്കിയ യാത്ര ഉത്തർപ്രദേശിന് മാറ്റിവച്ചത് രണ്ട് ദിവസമാണ്. കടുത്ത വിമർശനങ്ങൾക്കൊടുവിൽ ഉത്തർപ്രദേശിലുടെ അഞ്ചു ദിവസം നടക്കാം എന്ന് കോൺഗ്രസ് തിരുത്തിയത് ജനങ്ങളെ കേട്ടാണ് എന്ന് കരുതുന്നതാണ് ശുഭാപ്തിവിശ്വാസികൾക്ക് നല്ലത്. ‘പടത്തലവൻ ഞാനാണ്’ എന്നുറച്ചുപറയാൻ മടിക്കുന്ന നിലപാടാണ് ഈ യാത്രയിലും രാഹുൽ ഗാന്ധി സ്വീകരിക്കുന്നത്. ആൾക്കൂട്ടത്തിൽ ഒരുവൻ എന്ന എളിമയായിരിക്കാം രാഹുൽ ഗാന്ധി ഉദ്ദേശിക്കുന്നതെങ്കിലും പട മുറുകുമ്പോൾ അപ്രത്യക്ഷനാകുന്ന പതിവ് ആവർത്തിക്കാനുള്ള പഴുതാണോ ആ എളിമ എന്ന ആശങ്കയ്ക്കും പ്രസക്തിയുണ്ട്. എന്തായാലും യാത്ര ആദ്യവാരം പിന്നിട്ടപ്പോൾ കേരളം എന്ന ശക്തികേന്ദ്രത്തിലെ ആവേശത്തള്ളിച്ചയും സി.പി.ഐ- എമ്മുമായുള്ള സംവാദവുമാണ് യാത്രയുടെ നീക്കിബാക്കി.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി. / Photo : Rahul Gandhi, Fb Page

ഇന്ത്യയിലെ മിക്കവാറും ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങൾക്ക് ‘രാഹുലിന്റെ' യാത്രയേക്കുറിച്ചുള്ള പരിഹാസങ്ങൾ മാത്രമാണ് വാർത്ത. എന്നാൽ യാത്രയുടെ സാംഗത്യത്തെ കേരളത്തിൽ ചുരുട്ടിക്കെട്ടുന്നത് കേരളത്തിൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമൊപ്പം നിൽക്കുന്നവരും എന്നാൽ കാസർകോടിനപ്പുറത്തേയ്ക്ക് നോട്ടമെത്താത്തവരുമായ മലയാളമുഖ്യധാരാ മാധ്യമങ്ങളാണ്. രാഹുൽ ഗാന്ധി ബി.ജെ.പിവിരുദ്ധ രാഷ്ട്രീയം പറയുന്നില്ല എന്ന വിമർശനം കേരളത്തിൽ ഉയരാൻ കാരണക്കാർ മറ്റാരുമല്ല. ‘ബി.ജെ.പി ഈ രാജ്യത്തിനുമേൽ ഏൽപ്പിച്ച മുറിവ് ഉണക്കുന്നതിനുവേണ്ടിയുള്ള യാത്രയാണിത്’ എന്ന് രാഹുൽ ഗാന്ധി പറഞ്ഞത് കോൺഗ്രസിനെ കൈയ്യയച്ച് സഹായിക്കുന്ന മലയാള മനോരമ പോലും തലക്കെട്ടാക്കിയില്ല. പകരം, ‘ഒരുമയുടെ കടലും' ‘ആവേശത്തിരയുമൊക്കെ ' ഒഴുക്കി.

യാത്രയുടെ സമാപനയോഗങ്ങളിലൊക്കെ രാഹുൽ ഉയർത്തുന്ന ചെറുതെങ്കിലും പ്രസക്തമായ രാഷ്ട്രീയപരാമർശങ്ങളെ ചർച്ചാവിഷയമാക്കുന്നതിന് കോൺഗ്രസ് നേതാക്കളും മെനക്കെടുന്നില്ല. ബി.ജെ.പി രാഷ്ട്രത്തിനേൽപ്പിച്ച മുറിവിനേക്കുറിച്ചുള്ള ചർച്ച തൽക്കാലം കേരളത്തിൽ നടന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് ആശ്വസിക്കാം, കേരളീയർ ആ മുറിവേൽക്കാതിരിക്കാൻ സ്വീകരിക്കുന്ന കരുതൽ ഇന്ത്യയുടെ മറ്റേതൊരു പ്രദേശത്തേക്കാളും മികച്ചതാണല്ലോ. അതുകൊണ്ട് യാത്ര നിലമ്പൂർ വിട്ടുകഴിഞ്ഞെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതാം. തട്ടുകടയ്ക്കും കട്ടൻചായക്കും പൊട്ടിച്ചിരിക്കും കെട്ടിപ്പിടിത്തത്തിനുമൊക്കെ കിട്ടിയ ഇടം യാത്രയുടെ പ്രഖ്യാപിത ലക്ഷ്യത്തിന് കൊടുക്കാൻ മാധ്യമങ്ങൾ തയ്യാറായിട്ടില്ല.

രാഹുലിന്റെ യാത്രയോട് തന്ത്രപരമായ മൗനം പാലിക്കുന്ന സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ താളത്തിനൊപ്പിച്ചാണ് മാധ്യമങ്ങളും നിലപാട് കൈക്കൊണ്ടിരിക്കുന്നത്. സിൽവർ ലൈൻ വിരുദ്ധ സമരത്തിന് പിന്തുണ തുടരുമെന്ന രാഹുലിന്റെ പ്രഖ്യാപനവും കേരളത്തിലെ റോഡുകളുടെ രൂപഘടന മെച്ചപ്പെടുത്തണമെന്ന നിർദ്ദേശവും സംസ്ഥാനത്തെ സാഹചര്യത്തിൽ തലക്കെട്ടുകളായെങ്കിലും നിർദ്ദേശങ്ങളെ ക്രിയാത്മകമായി സമീപിക്കാനും വിമർശനങ്ങളെ പ്രതിരോധിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് സി.പി.ഐ-എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്റെയും മുഹമ്മദ് റിയാസ്​ അടക്കമുള്ള മന്ത്രിമാരുടേയും പ്രതികരണങ്ങളിൽ നിന്ന് വ്യക്തമായി. കേന്ദ്രസർക്കാരിനോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമരത്തിനുപുറമേ സംസ്ഥാനങ്ങളിലെ കോൺഗ്രസിതര സർക്കാരുകളോടും കേരളത്തിലേതിനുസമാനമായ സമീപനം കോൺഗ്രസ് കൈക്കൊള്ളും എന്ന് പ്രത്യാശിക്കാം.

എം. സ്വരാജിന്റെ ‘കണ്ടൈനർ യാത്രാ' പരാമർശത്തെ പിന്തുണയ്ക്കാൻ എം. വി. ഗോവിന്ദൻ തയ്യാറാകാതിരുന്നത് രാഹുലിന്റെ യാത്രയെ സമീപിക്കേണ്ടത് രാഷ്ട്രീയമായിത്തന്നെയാണ് എന്ന് ബോധ്യം കൊണ്ടാണ്. ‘നിലാപാടില്ല, നയമില്ല; പിന്നെന്ത് ജോഡോ യാത്ര' എന്ന തലക്കെട്ടിൽ യാത്രക്കെതിരായ രാഷ്ട്രീയ വിമർശനങ്ങൾ ദേശാഭിമാനിയിൽ അക്കമിട്ടെഴുതിയ സെക്രട്ടറി പിന്നീട് പാർട്ടി നിലപാട് വ്യക്തമാക്കി. സി.പി.ഐ- എമ്മിനെതിരെ കോൺഗ്രസ് ഉയർത്തിയ വിമർശനങ്ങൾക്കുള്ള മറുപടി എന്ന വിശദീകരണത്തോടെയായിരുന്നു ലേഖനം.

സംഘപരിവാറിനെതിരായ വിശാലസഖ്യത്തിൽ അത്യന്തികമായി ഒരുമിച്ച് നിൽക്കും എന്ന് ചരിത്രത്തെ ചൂണ്ടി ഉറപ്പിക്കാവുന്ന രണ്ട് പാർട്ടികൾ പ്രാദേശിക വൈരികൾ എന്ന നിലക്ക് നടത്തുന്ന ഈ അധികാര സംവാദത്തിലേക്ക് ഭാരത് ജോഡോ യാത്രയുടെ ആദ്യ പാദം ചുരുങ്ങി എന്നത് കോൺഗ്രസിന്റെ പരിമിതിയാണ്. യാത്രയുടെ ഉത്സാഹക്കമ്മറ്റിക്കാരിൽ പ്രമുഖനായ എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശാണ് അതിന് പ്രധാന കാരണക്കാരൻ. ബി.ജെ.പിയെ നേരിടാൻ ആരംഭിച്ച യാത്ര കേരളത്തിൽ 19 ദിവസവും ഉത്തർപ്രദേശിൽ രണ്ടുദിവസവും സഞ്ചരിക്കുന്നത് പരിഹാസ്യമാണെന്ന് വിമർശനത്തിന് മറുപടിയായി ‘മുണ്ടുടുത്ത മോദി ' ഭരിക്കുന്ന സംസ്ഥാനമാണ് കേരളം എന്നും ബി.ജെ.പിയുടെ ബി ടീമാണ് സി.പി.എം എന്നും ആണ് ജയറാം രമേശ് മറുപടി പറഞ്ഞത്. കേരളത്തിന് ഉത്തർ പ്രദേശിനേക്കാൾ നീളം കൂടുതലാണെന്നും ഗുജറാത്തിലെത്താൻ 90 ദിവസം വേണ്ടതുകൊണ്ടാണ് അവിടെ യാത്ര പോകാത്തെതെന്നും വിചിത്രന്യായം പറഞ്ഞ ജയറാം രമേശ് തന്നെയാണ് ‘ചെരുപ്പിനൊപ്പിച്ച് കാല് മുറിച്ചപോലെയാണ് ‘ഭാരത് ജോഡോ യാത്രയുടെ റൂട്ട് നിശ്ചയിച്ചത് എന്നുറപ്പിക്കാൻ രാഷ്ട്രീയ നിരീക്ഷകരെ പ്രേരിപ്പിച്ചത്. ഈ ന്യായീകരണങ്ങൾക്കിടെ ഉത്തർപ്രദേശിൽ പര്യടനം നടത്തുന്ന ദിവസങ്ങളുടെ എണ്ണം രണ്ടിൽനിന്ന് അഞ്ചാക്കി കൂട്ടി.

ഭാരത് ജോഡോ യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിൽ പ്രാദേശിക നേതാക്കൾ നയിക്കുന്ന സമാന്തര യാത്രകൾ സംഘടിപ്പിക്കും എന്ന് കോൺഗ്രസ് വിശദീകരിച്ചിരുന്നു. പക്ഷേ ആ പട്ടികയിൽ അസം, ത്രിപുര, ബിഹാർ, ഒഡീഷ, സിക്കിം, പശ്ചിമബംഗാൾ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾ മാത്രമാണുള്ളത്. ഗുജറാത്തിലോ നാമമാത്ര പര്യടനം നടത്തുന്ന ഉത്തർ പ്രദേശിന്റേയും മധ്യപ്രദേശിന്റേയും രാജസ്ഥാന്റേയും വിശാലതയിലോ തൊടാത്ത ഭാരത് ജോഡോ യാത്രയുടെ സന്ദേശം എങ്ങനെ സാധാരണക്കാരിലെത്തും എന്ന് വ്യക്തമല്ല. അടുത്ത വർഷം ഗുജറാത്തിൽനിന്ന് അരുണാചൽ പ്രദേശിലേക്ക് യാത്ര സംഘടിപ്പിക്കാൻ ആലോചനയുണ്ടെന്നാണ് ജയറാം രമേശ് പറഞ്ഞത്. ഇക്കൊല്ലം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുള്ള ഗുജറാത്തിൽ അടുത്ത കൊല്ലം പദയാത്ര നടത്താൻ ആലോചിക്കുന്നതിന്റെ യുക്തി അത്ര എളുപ്പം പിടികിട്ടുന്ന ഒന്നല്ല. ഗുജറാത്ത് ഇലക്ഷൻ ഒന്നും കോൺഗ്രസിന്റെ വിശാല താൽപര്യത്തിനും വിദൂരലക്ഷ്യത്തിനും അടുത്തല്ല എന്നാണോ അനുമാനിക്കേണ്ടത്?.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മെച്ചപ്പെട്ട പ്രകടനം നടത്തിയ ഗുജറാത്തിൽ ഇക്കുറി അതെങ്കിലും സാധ്യമാകുമോ എന്ന് കണ്ടറിയണം. ബി.ജെ.പിയെ നേരിട്ടെതിർക്കാൻ കെൽപ്പുള്ളത് ഞങ്ങൾക്കാണെന്ന് ജനങ്ങളെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തുന്ന തിരക്കിലാണ് ‘ആം ആദ്മി പാർട്ടി'. രാഹുൽ ഇന്ത്യക്ക് നെടുകെ നടക്കുമ്പോഴും ട്രെന്റാവുന്നത് ഗുജറാത്തിലെ കേജ്​രിവാളിന്റെ ‘ഓട്ടോറിക്ഷാ യാത്രയും പൊലീസിനോടുള്ള വാഗ്വാദവുമാണ്​'.

ഗുജറാത്തിലെ ഓട്ടോറിക്ഷാ യാത്രയ്ക്കും പൊലീസുമായുള്ള വാഗ്വാദങ്ങൾക്കും ശേഷം ഓട്ടോ ഡ്രൈവർ വിക്രം ലാൽത്താനിയുടെ വീട്ടിൽ നിന്ന് രാത്രിഭക്ഷണം കഴിയ്ക്കുന്ന അരവിന്ദ് കേജ്​രിവാൾ. / Photo: Arvind Kejriwal, fb

വിജയിച്ച രണ്ട് യാത്രകൾ പെ​ട്ടെന്നുള്ള താരതമ്യത്തിന് നമുക്കുമുന്നിലുണ്ട്. ഒന്ന്, വിഭജനാനന്തര ഇന്ത്യയെ പിന്നീട് ഒരിക്കൽക്കൂടി വർഗീയമായി കീറി മുറിക്കുന്നതിൽ വിജയിച്ച ലാൽകൃഷ്ണ അദ്വാനിയുടെ ‘രഥയാത്ര'. രണ്ട്, തകർന്ന കോൺഗ്രസിനെ ആന്ധ്രയുടെ മണ്ണിൽ തിരിച്ചുപിടിച്ച വൈ. എസ്. രാജശേഖരറെഡ്​ഢിയുടെ ‘പദയാത്ര'. ‘ലക്ഷ്യം' നേടിയ ഈ യാത്രകൾ രണ്ടും ലക്ഷ്യത്തിലേക്കുള്ള എളുപ്പവഴി തെരഞ്ഞെടുത്ത യാത്രകളായിരുന്നില്ല. ഹിന്ദി ‘ഹൃദയ' ഭൂമിയിലൂടെ ‘നെടുകെയും കുറുകേയും' യാത്ര ചെയ്ത് അയോധ്യയിലേക്ക് നീങ്ങിയ അദ്വാനിയുടെ യാത്ര ബിഹാറിൽ ലാലുപ്രസാദ് യാദവ് തടഞ്ഞെങ്കിലും കലാപങ്ങൾക്ക് വിത്തിടാനും ജനതയെ വർഗ്ഗീയമായി വിഭജിക്കാനും ‘ഗർവ്വ് സേ കഹോ ഹം ഹിന്ദു ഹേ' എന്ന് സാധാരണക്കാരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കാനും ബാബറി മസ്ജിദ് തകർക്കാനും പിന്നീട് ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനും ആ യാത്രക്ക് കഴിഞ്ഞു.

തെലുങ്കുദേശം പാർട്ടിക്കുമുന്നിൽ മുട്ടുകുത്തിയ കോൺഗ്രസിനെ ആന്ധ്രയിൽ പിടിച്ചെണീപ്പിച്ചതും അധികാരം പിടിച്ചതും വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്രയ്ക്ക് ‘നെടുകേയും കുറുകേയും' 1500 കിലോമീറ്റർ 60 ദിവസം കൊണ്ട് നടന്നുതീർത്തിട്ടാണ്. ഇതാണ് ഇന്ത്യൻ യാഥാർത്ഥ്യം. കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് നൂലുപിടിച്ചപോലൊരു റൂട്ടിൽ സഞ്ചരിച്ചാൽ കശ്മീരിലെത്താം; പക്ഷേ ‘ലക്ഷ്യത്തിൽ' എത്താൻ അത് മതിയാവില്ല. ‘കർഷകർക്കു' വേണ്ടിയാണ് ‘രാജണ്ണ' നടന്നത്. ‘രാമനു' വേണ്ടിയാണ് അദ്വാനിയുടെ രഥം ഉരുണ്ടത്. യാത്രകളിൽ മുദ്രാവാക്യം ജനങ്ങൾക്ക് നേരിട്ട് ബോധ്യപ്പെടുന്നതാവണം. മോദി കാലത്തെ ഇന്ത്യയിൽ ഈ സമഗ്രാധിപത്യ സർക്കാരിനോട് പൊരുതി കർഷക നിയമം പിൻവലിപ്പിക്കാൻ പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും ഉത്തർപ്രദേശിൽനിന്നും മഹാരാഷ്ട്രയിൽനിന്നും ഡൽഹിയിലേക്കൊഴുകിയ മനുഷ്യപ്പറ്റങ്ങൾക്ക് കഴിഞ്ഞതും ലക്ഷ്യബോധവും മുദ്രാവാക്യവും ഉണ്ടായിരുന്നതുകൊണ്ടാണ്.

എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ നടന്ന രഥയാത്ര

ദേശീയതലത്തിൽ പതിവുപോലെ നിലവാരമില്ലാത്ത പരിഹാസങ്ങളുമായി രാഹുലിനെ നേരിടാനാണ് ബി.ജെ.പി തീരുമാനിച്ചതെങ്കിലും പെട്ടന്ന് അവർക്ക് പിൻവാങ്ങേണ്ടിവന്നു. നാൽപ്പതിനായിരത്തിനുമേൽ വിലവരുന്ന ബർബറി ടീ ഷർട്ട് ധരിച്ചാണ് രാഹുൽ യാത്രക്കിറങ്ങിയിരിക്കുന്നത് എന്ന് പരിഹസിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കോൺഗ്രസ് പ്രതിരോധിച്ചത് അമിത് ഷായുടെ അറുപതിനായിരത്തിനുമേൽ വില വരുന്ന ഷാളുകളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒന്നര ലക്ഷത്തിനടുത്ത് വിലവരുന്ന ‘മേബാക്ക്' സൺ ഗ്ലാസുകളും ‘മോണ്ട് ബ്ലാങ്ക്' പേനകളും പത്തുലക്ഷത്തിന്റെ സ്യൂട്ടും ഒക്കെ എടുത്ത് നിരത്തിയാണ്. ഒരിക്കൽ ഉപയോഗിച്ച വേഷം പിന്നീടൊരിക്കലും ധരിക്കാത്ത ആളാണ് നരേന്ദ്രമോദി എന്ന അരവിന്ദ് കെജ്​രിവാളിന്റെ വിമർശനമാണ് കോൺഗ്രസിന്റേയും ബി.ജെ.പിയുടേയും ആരോപണപ്രത്യാരോപണങ്ങളേക്കാൾ പ്രസക്തം.

ഇന്നത്തെ സാഹചര്യത്തിൽ സംഘപരിവാറിനെ കാര്യക്ഷമമായി നേരിടാൻ കഴിയുന്ന ഒരു മുന്നണി സംവിധാനം ദേശീയതലത്തിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്. അതിലേക്കുള്ള സുപ്രധാന ചുവട് എന്ന നിലയ്ക്കുകൂടി ‘ഭാരത് ജോഡോ യാത്രയെ' കാണാമോ എന്ന് വരും ദിനങ്ങളിലറിയാം. അങ്ങനെ ഒരു ബദൽ ഉണ്ടായാൽ അതിന്റെ നെടുനായകത്വം കോൺഗ്രസിനായിരിക്കുമോ എന്ന ചോദ്യത്തിനും ഈ യാത്രക്കൊടുവിൽ ഉത്തരം കിട്ടും.

സുവർണകാലത്ത് കോൺഗ്രസ് ആൾക്കൂട്ടത്തിന്റെ പാർട്ടിയായിരുന്നു, കോൺഗ്രസിന് ആൾക്കൂട്ടത്തെ തിരിച്ചുവേണം, അതോടൊപ്പം സംഘടനാശരീരവും കെട്ടിപ്പടുക്കണം. ആൾക്കൂട്ടത്തെ തിരിച്ചുകൊണ്ടുവരാൻ ഭാരത് ജോഡോ യാത്രക്ക് കഴിഞ്ഞാലും ഇനിയുള്ള കാലം അവരെ പിടിച്ചുനിർത്താൻ സംഘടന കൂടിയേ തീരൂ. പക്ഷേ ഈ യാത്ര കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ളതാണോ എന്ന സംശയം പ്രകടിപ്പിക്കുന്നവരേയും കുറ്റം പറയാനാവില്ല, അല്ല എന്ന് തെളിയിക്കേണ്ടത് കോൺഗ്രസാണ്. ലോകത്ത് ഏറ്റവും വേഗത്തിൽ ഇലക്ടറൽ ഓട്ടോക്രസിയിലേക്ക് പോകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സിദ്ദിഖ് കാപ്പന് ജാമ്യം കിട്ടിയതുപോലെ വല്ലപ്പോഴുമുള്ള കോടതിവിധികളും കോൺഗ്രസിന് പ്രത്യേകിച്ച് പങ്കാളിത്തമൊന്നുമില്ലാതിരുന്ന കർഷകസമര വിജയവും ഒക്കെയാണ് ജനാധിപത്യവിശ്വാസികളായ ഭൂരിപക്ഷം വരുന്ന ഇന്ത്യാക്കാർക്കും ആശ്വസിക്കാനുള്ളത്. രാഷ്ട്രീയം ചോർന്ന യാത്ര എന്ന ആരോപണത്തിന് രാഷ്ട്രീയമായി മറുപടി പറയേണ്ട ബാധ്യതയും കോൺഗ്രസിനുണ്ട്​. ആറു പതിറ്റാണ്ട് രാജ്യം ഭരിച്ച ഒരു സെക്യുലർ പാർട്ടി അതിന്റെ എല്ലാ ആരോഗ്യപ്രശ്നങ്ങളും നിലനിൽക്കെത്തന്നെ ജീവന്റെ തുടിപ്പ് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു എന്നത് ആശാവഹമാണ്, അഭിനന്ദനാർഹമാണ്.

Comments