ലഖിംപുർ ഖേരിയിലെ ആ രണ്ട് ദലിത് പെൺകുട്ടികളിലേക്ക്, രാഹുൽ, താങ്കൾ നടന്നെത്തുമോ?

ബി.ജെ.പിയുടെ വിദ്വേഷ- വിഭജന രാഷ്ട്രീയത്തിനെതിരെയാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെങ്കിൽ, യാത്രയുടെ ആ രാഷ്ട്രീയം ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാൻ കഴിയുന്ന ഏറ്റവും നല്ല മണ്ണാണ് കേരളം. കാരണം, ബി.ജെ.പിക്കെതിരെ കൃത്യമായ നിലപാട് സ്വീകരിച്ച ഒരു ജനതയും രാഷ്ട്രീയവുമാണ് കേരളത്തിന്റേത്. അത്തരമൊരു രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതിൽ കേരളത്തിലെ ഇടതുപക്ഷത്തിനും ഇടതുപക്ഷബോധം പങ്കിടുന്ന പൗരസമൂഹത്തിനുമുള്ള പങ്ക്, കോൺഗ്രസിനുപോലും തള്ളിക്കളയാനാകില്ല. അതുകൊണ്ടാണ്, കോൺഗ്രസാണ് കേരളത്തിലെ യഥാർഥ ഇടതുപക്ഷം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പോലും അഭിമാനിക്കുന്നത്.

എന്നാൽ, രാഹുലിന്റെ രാഷ്ട്രീയനിരക്ഷരത, ഈയൊരു രാഷ്ട്രീയ യാഥാർഥ്യം തിരിച്ചറിയുന്നതിൽനിന്ന് അദ്ദേഹത്തെ വിലക്കിനിർത്തിയിരിക്കുന്നു. അങ്ങനെ, അദ്ദേഹത്തിന് ഏറ്റെടുക്കാമായിരുന്ന വലിയൊരു രാഷ്ട്രീയദൗത്യം, കോൺഗ്രസിന്റെ ഒരു ഒഴിവുകാലവിനോദമായി മാറിയിരിക്കുന്നു, ഈ യാത്രയിലൂടെ.

ബി.ജെ.പിക്കെതിരെ ഇന്ത്യയിൽ തന്നെ ഏറ്റവും ശക്തമായ പ്രതിരോധമൊരുക്കുന്ന രണ്ട് പൊളിറ്റിക്കൽ സ്‌റ്റേറ്റുകൾ കേരളവും തമിഴ്‌നാടുമാണ്. അതുകൊണ്ടുതന്നെ, ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഭാവിരാഷ്ട്രീയ മിഷനുകളുടെ ഹോട്ട് സ്‌പോട്ടുകൾ ഈ സംസ്ഥാനങ്ങളാണ്. ആ നിലക്കായിരുന്നു രാഹുൽ കേരളത്തെ പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ, ഇടതുപക്ഷത്തിനെതിരായ ഒരു കേരളയാത്ര എന്ന നിലയ്ക്കാണ് രാഹുലിന്റെ നടപ്പിനെ കെ. സുധാകരന്റെയും വി.ഡി. സതീശന്റെയും ഹ്രസ്വദൃഷ്ടികൾ കാണുന്നത്.

ബി.ജെ.പിക്കെതിരെ ഒരു വിശാല പ്രതിപക്ഷ സഖ്യത്തിനുവേണ്ടിയുള്ള ചർച്ചകൾ നടക്കുന്ന സന്ദർഭം കൂടിയാണിത്. ഫെഡറൽ രാഷ്ട്രീയത്തിന്റെ അന്തഃസ്സത്ത ഉൾക്കൊണ്ട്, വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികളെ കൂടി ഉൾപ്പെടുത്തിയുള്ള പ്രതിപക്ഷസഖ്യത്തിനുവേണ്ടിയുള്ള നീക്കത്തിൽ സി.പി.എമ്മും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രധാന പങ്കാളിയാണ്. ബി.ജെ.പിക്കെതിരെ രൂപപ്പെടുമെന്ന് ജനാധിപത്യവാദികൾ പ്രതീക്ഷിക്കുന്ന ഈ വിശാലമുന്നണിയിൽ തീർച്ചയായും ഉണ്ടാകുന്ന പാർട്ടികളാണ് കോൺഗ്രസും സി.പി.എമ്മും. അതിന് ഒരുതരത്തിലുമുള്ള പ്രത്യയശാസ്ത്രസംഘർഷവും തടസമാകില്ലെന്ന് തമിഴ്‌നാടും പശ്ചിമബംഗാളുമൊക്കെ തെളിയിച്ചിട്ടുമുണ്ട്. കാരണം, കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും അടിയന്തരമായ രാഷ്ട്രീയലക്ഷ്യം ഒന്നാണ്, അത് ബി.ജെ.പിയെ തടയുക എന്നതുതന്നെയാണ്. ആ നിലയ്ക്ക്, രാഹുലിന് ഏറ്റവും സുഗമമായി നടക്കാനുള്ള വഴിയാകേണ്ടിയിരുന്നു കേരളം. എന്നാൽ, കക്ഷിരാഷ്ട്രീയവിദ്വേഷത്തിന്റെ മുള്ളുകളിലൂടെ മുടന്തിയാണ് രാഹുലിന്റെ നടപ്പ്.

പൗരസമൂഹവുമായി രാഹുൽ ഈ യാത്രയിൽ സംസാരിക്കുന്നുണ്ട്. വിഴിഞ്ഞത്തെ തുറമുഖ നിർമാണം മൂലം വഴിയാധാരമാകുന്ന മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ അദ്ദേഹം കണ്ടു. എന്നിട്ട് എന്തു സംഭവിച്ചു? പാർട്ടി എന്ത് നിലപാട് സ്വീകരിക്കണം എന്ന തീരുമാനം സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്ക് കൈമാറി. നിലപാടെടുക്കാൻ പോകുന്നത് ആരാണ്? കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പരിസ്ഥിതി വിഷയങ്ങളൊന്നും പരിഗണിക്കാതെ, മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന് പുല്ലുവില നൽകി, ദുരൂഹമായ നിരവധി എക്‌സ്‌ക്ലൂസീവ് ഫേവറുകളോടെ, അദാനിക്ക് തീരം തീറെഴുതിയ ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് രാഹുൽഗാന്ധി കാത്തിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അതിജീവനസമരം കൂടാതെ, തുറമുഖ നിർമാണം ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും അദാനിയുടെ സാമ്പത്തിക കൊള്ളയെക്കുറിച്ചുമെല്ലാം വസ്തുനിഷ്ഠമായ എത്രയോ ഡാറ്റകൾ വന്നുകഴിഞ്ഞു. ഇവയൊന്നും, വിഴിഞ്ഞത്തുവന്ന രാഹുലിന്റെ ശ്രദ്ധയിലേ ഉണ്ടായിരുന്നില്ല. ഇടതും വലതുമിരുന്ന് ന്യായമോതുന്ന ഉമ്മൻചാണ്ടിയോടും കെ. സുധാകരനോടും ഇങ്ങനെയൊരു തുറമുഖം കേരളത്തിന് ആവശ്യമുണ്ടായിരുന്നോ എന്ന് ചോദിക്കാനുള്ള ആർജവം ആ നാവിനുണ്ടായില്ല. സ്വന്തം കൈകളാൽ വാഴിച്ച കേരളത്തിലെ പുതുതലമുറ കോൺഗ്രസ് നേതൃത്വത്തോട്, കേരളത്തിന്റെ വികസനത്തെക്കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാട് എന്താണ് എന്നുചോദിച്ചുകൊണ്ടുവേണമായിരുന്നു രാഹുൽ, വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ കാണേണ്ടിയിരുന്നത്.
ഈ യാത്ര വിഷയങ്ങളെ സമീപിക്കുന്നതിന്റെ അരാഷ്ട്രീയത വിഴിഞ്ഞത്തുമാത്രമല്ല പ്രകടമാകുന്നത്. 'ഞങ്ങൾക്ക് മോദിയും പിണറായിയും രാഹുലും ഒരേപോലെയാണ്' എന്ന് പൂർണകുംഭം ചൊരിയുന്ന സന്യാസിമാരെ മാത്രമല്ല, രാഹുൽ കാണുന്നത്. വിദ്യാർഥികളും യുവാക്കളും തൊഴിലാളികളുമെല്ലാം അടങ്ങുന്ന വിവിധ വിഭാഗങ്ങളുമായും രാഹുൽ ആശയവിനിമയം നടത്തുന്നുണ്ട്. അത് ഒരു പതിവ് 'രാഹുൽ ടോക് ഷോ' എന്നതിലപ്പുറത്തേക്ക് വികസിക്കുന്നില്ലെന്നുമാത്രം. തനിക്കുമുന്നിലെത്തുന്ന മനുഷ്യരുടെ യഥാർഥ പ്രശ്‌നങ്ങൾ വിശകലനം ചെയ്യാനോ അതിനുവേണ്ടിയുള്ള ഒരു പരിപാടിയെക്കുറിച്ച് ചർച്ച ചെയ്യാനോ ഉള്ള ശേഷി രാഹുലോ, അദ്ദേഹത്തിനൊപ്പം ഓടുന്ന വേണുഗോപാലന്മാരോ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. വർഗീയതക്കെതിരായ ജനാധിപത്യശക്തികളുടെ സംഘാടനത്തെക്കുറിച്ചും ജനപക്ഷ വികസനത്തെക്കുറിച്ചുമെല്ലാം ഗൗരവകരമായ സംവാദം നടന്നുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് കേരളം എന്ന കാര്യം ഈ യാത്രയുടെ ഉള്ളടക്കമേ ആകുന്നില്ല.

ഒരുപക്ഷെ, ഇന്ന് ഇന്ത്യയിൽ ഏറ്റവും വലിയ രാഷ്ട്രീയ സാധ്യതകളുള്ള ഒരു നേതൃത്വമാവേണ്ടിയിരുന്ന ആളാണ് രാഹുൽ. കാരണം, സകല ഭൂതകാലമുരടിപ്പുകളിൽനിന്നും മുക്തമാക്കി കോൺഗ്രസിനെപ്പോലൊരു ദേശീയപാർട്ടിയെ രാജ്യം ആവശ്യപ്പെടുന്ന ശരിയായ ജനാധിപത്യത്തിന്റെ മാർഗത്തിലേക്ക് തിരിച്ചുവിടാൻ വിപുലമായ പിന്തുണ അദ്ദേഹത്തിന് കിട്ടുമായിരുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ മാത്രമല്ല, വർഗീയതക്കും സ്വേച്ഛാധികാരത്തിനും എതിരായ സിവിൽ സൊസൈറ്റിയുടെ ശക്തമായ പിന്തുണ കൂടി അവകാശപ്പെടാൻ കഴിയുമായിരുന്ന ഒരു ലീഡർഷിപ്പിനെ ധൂർത്തടിച്ചുകൊണ്ടിരിക്കുന്ന ഒരു കുടുംബക്കാരൻ മാത്രമായി ചുരുങ്ങുകയാണ് അദ്ദേഹം ചെയ്തത്.
തെരഞ്ഞെടുപ്പുകാലത്തെ അദ്ദേഹത്തിന്റെ സാന്നിധ്യം നോക്കിയാലറിയാം, ബി.ജെ.പിയോട് നേരിട്ട് ഏറ്റുമുട്ടുന്ന സന്ദർഭങ്ങളിൽ, ഹിന്ദുത്വരാഷ്ട്രീയത്തെ വികൃതമായി അനുകരിക്കുന്ന, ബി.ജെ.പിയേക്കാൾ വലിയ പൂണൂൽധാരിയായാണ് അദ്ദേഹം പ്രത്യക്ഷപ്പെടാറ്.
ഈയിടെ തെലങ്കാന മുഖ്യന്ത്രി കെ. ചന്ദ്രശേഖർ റാവു, ജയപ്രകാശ് നാരായണന്റെ സമ്പൂർണ വിപ്ലവം എന്ന ആഹ്വാനത്തെ അനുസ്മരിച്ച്, ബി.ജെ.പി മുക്ത ഭാരതം എന്നൊരു മുദ്രവാക്യം മുന്നോട്ടുവച്ചു. ഇത്തരമൊരു മുദ്രാവാക്യം ഉരിയാടാൻ പോലും ശേഷിയില്ലാത്ത ഒരു ലീഡർഷിപ്പിന് എങ്ങനെയാണ്, ബി.ജെ.പിയെപ്പോലെ, ഏറ്റവും പ്രൊഫഷനലായി അധികാരരാഷ്ട്രീയത്തെ മാനേജുചെയ്യുന്ന ഒരു പാർട്ടിയെ നേരിടാനാകുക?

തന്നെക്കുറിച്ചുതന്നെയും രാജ്യത്തെക്കുറിച്ചും മനസ്സിലാക്കാനാകുമെന്നും രണ്ടു മൂന്ന് മാസത്തിനുള്ളിൽ താൻ കുറച്ചുകൂടി വിവേകിയായിത്തീരുമെന്നും, യാത്രക്കുമുമ്പ് രാഹുൽ ഗാന്ധി ഒരു വെളിപാടുസ്വരത്തിൽ പറഞ്ഞിരുന്നു. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടികളെപ്പോലെ, തൂക്കുകയർ മുറുകിക്കൊണ്ടിരിക്കുന്ന അനവധി മനുഷ്യരുടെ കൂടി മുന്നിലൂടെയാണ് താൻ നടന്നുപോകുന്നത് എന്ന് രാഹുൽ തിരിച്ചറിയേണ്ടതുണ്ട്. അല്ലാത്തിടത്തോളം, ഈ വിനോദസഞ്ചാരത്തെ മാധ്യമങ്ങൾ ചെയ്യുന്നതുപോലെ, നമുക്കും രസകരമായി കണ്ടുകൊണ്ടിരിക്കാം എന്നുമാത്രം.

Comments